റോഹിങ്ക്യന്‍ മുസ്‌ലിംകള്‍; കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ഒരു ജനത

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍; കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ഒരു ജനത

ഒരു വര്‍ഷം മുമ്പ് പങ്കുവെച്ച ആശങ്കകളാണ് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നത്. മ്യാന്മറിന്റെ (പഴയ ബര്‍മ) ജീവിതപരിസരങ്ങളെ കലുഷിതമാക്കി ‘വംശവെറിയുടെ ‘ബുദ്ധഭാവം’ പുറത്തെടുത്ത വിറാതു എന്ന ബുദ്ധഭിക്ഷുവിനെ കുറിച്ച് എഴുതിയപ്പോള്‍ (രിസാല, ആഗസ്റ്റ് 2013 ) താക്കീതുനല്‍കിയത് ഇങ്ങനെ: ”വെള്ളം ചേര്‍ക്കാത്ത മതവൈരവും കല്ലുവെച്ച നുണകളില്‍ ചാലിച്ച കിംവദന്തികളുമാണ് വിറാതു എന്ന ബുദ്ധഭീകരന്റെ കൈയിലെ ആയുധങ്ങള്‍. സോഷ്യല്‍ നെറ്റുവര്‍ക്കിലൂടെയും ഡിവിഡിയിലൂടെയും അതിദ്രുതം ഇദ്ദേഹത്തിന്റെ വിഷലിപ്ത പ്രഭാഷണങ്ങളും ആഹ്വാനങ്ങളും ബുദ്ധമതാനുയായികളിലേക്ക് ലോകമെമ്പാടും പ്രസരിപ്പിക്കപ്പെടുകയാണ്. ‘969’ എന്ന കാമ്പയിനിലൂടെയാണ് ഈ സന്ന്യാസി അനുയായികളെ മുസ്‌ലിംകള്‍ക്കെതിരെ ഇളക്കിവിടുന്നത്. 9 ഇയാളുടെ സവിഷേശതകളെയും 6 അധ്യാപനങ്ങളുടെ പ്രത്യേകതകളെയും 9 ബുദ്ധവിഭാഗങ്ങളെയുമാണത്രെ പ്രതീകവത്കരിക്കുന്നത്. 2500ലേറെ സന്ന്യാസിമാര്‍ വിറാതുവിന്റെ മഠത്തില്‍ അനുയായികളായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രവുമായുള്ള അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞു എന്ന് ഈ സന്ന്യാസി തെളിച്ചുപറയുന്നുണ്ട്; നരേന്ദ്രമോഡിയെയും തൊഗാഡിയയെും തോല്‍പ്പിക്കുന്ന പച്ചക്കള്ളങ്ങള്‍ നിരത്തിക്കൊണ്ട്. തൊണ്ണൂറ്റി അഞ്ചു ശതമാനം വരുന്ന ബുദ്ധമതവിശ്വാസികളുടെ മുന്നില്‍ മുസ്‌ലിംകളെ അപരന്മാരായും കൊടിയ ശത്രുക്കളായും അവതരിപ്പിച്ചാണ് വംശീയവും വര്‍ഗീയവുമായ ധ്രുവീകരണത്തിന് ഈ മനുഷ്യന്‍ ആക്കം കൂട്ടുന്നത്. അതിന് ഇല്ലാത്ത കഥകളാണ് പ്രചരിപ്പിക്കുന്നത്. ‘നാം എല്ലാ പട്ടണങ്ങളിലും ബലാല്‍സംഗം ചെയ്യപ്പെടുകയാണ്. എല്ലാ പട്ടണങ്ങളിലും വളഞ്ഞുവെച്ചു മര്‍ദിക്കപ്പെടുകയാണ്. എല്ലാ പട്ടണങ്ങളിലും ക്രൂരരും കാടന്മാരുമായ മുസ്‌ലിം ഭൂരിപക്ഷമുണ്ട്’. ബുദ്ധസ്ത്രീകളെ കൂട്ടമായി ഇസ്‌ലാമിലേക്ക് മതം മാറ്റുകയാണെന്നും മതം മാറാന്‍ സമ്മതിക്കാത്തവരെ കൂട്ടമായി കൊല്ലുകയാണെന്നും വിറാതു ആരോപിക്കുന്നു. ഹലാല്‍ ഇറച്ചിക്കു വേണ്ടി മൃഗങ്ങളെ അറുക്കുന്നത് കൊണ്ട് മുസ്‌ലിംകള്‍ ചോര ഇഷ്ടപ്പെടുന്നവരാണെന്നും ലോകസമാധാനത്തെ തകര്‍ക്കും വിധം അത് രൂക്ഷമാവാന്‍ പോവുകയാണെന്നും പറയുമ്പോള്‍ അനുയായികളുടെ രോഷം തിളക്കുകയാണ്. ‘ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു; നിങ്ങളുടെ രക്തം തിളച്ചുമറയട്ടെ’ ഒരു മതപുരോഹിതന്റെ ഇത്തരം ആക്രോശങ്ങള്‍ സാധാരണക്കാരായ അനുയായികളെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അറബ് ഇസ്‌ലാമിക ലോകത്തുനിന്ന് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബാധം പണവും ആയുധവും സാങ്കേതിക വിദ്യയും ലഭിക്കുന്നുണ്ടെന്നും അദൃശ്യമായ കരങ്ങളാണ് ബര്‍മീസ് മുസ്‌ലിംകളുടെ പിന്നില്‍ നിന്ന് ചരടുവലിക്കുന്നതെന്നും പറഞ്ഞ് മറ്റേത് ഇസ്‌ലാമിക്‌ഫോബിയ ഗ്രൂപ്പുകളെയും പോലെ മുസ്‌ലിംകളെ കുറിച്ച് ഭീതിയും വെറുപ്പും ജനിപ്പിക്കാന്‍ ഈ മനുഷ്യന്‍ പരമാവധി ചെയ്യുന്നുണ്ട്’.

വിറാതു വിതച്ചത് മ്യാന്മറിലെ അര്‍ധസൈനിക സര്‍ക്കാറും ബുദ്ധമത തീവ്രവാദികളും കൊയ്യുന്നതിന്റെ ആരവങ്ങളാണ് ഇന്ന് ആഗോളതലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. വിയറ്റ്‌നാം യുദ്ധത്തിനു ശേഷം ലോകത്തിന്റെ മൊത്തം ശ്രദ്ധയും ഉത്ക്കണ്ഠയും പൂര്‍വദേശത്തേക്ക് ആദ്യമായി ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് മനഃസാക്ഷിയുള്ള ഒരാള്‍ക്കും നിശ്ശബ്ദരായിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ്. ആയിരക്കണക്കിനു റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മലാക്കന്‍ അന്തമാന്‍ കടലിന്റെ ആഴങ്ങളില്‍ കരക്കടുക്കാനാവാതെ മുങ്ങിമരിക്കുകയാണെന്ന വാര്‍ത്തയായിരുന്നു ലോകസമൂഹത്തെ ആദ്യം തേടിയെത്തിയത്. ആഴ്ചകളോളമായി നടുക്കടലില്‍ ഒഴുകിനടക്കുന്ന കപ്പലില്‍ തിന്നാനോ കുടിക്കാനോ ഒന്നുമില്ലാതെ നൂറുകണക്കിനു മനുഷ്യര്‍ മരിച്ചുവീഴുകയാണെന്നും സ്ഥിതി തുടരുകയാണെങ്കില്‍ കൂട്ടമരണമായിരിക്കും കാണേണ്ടിവരുകയെന്നുമായിരുന്നു ഏതാനും മാധ്യമപ്രവര്‍ത്തകര്‍ കൈമാറിയ സന്ദേശം. നെഞ്ചുരുക്കുന്ന കുറെ ചിത്രങ്ങളും വൈറലായി. എന്നാല്‍, അതിനിടയില്‍ പൊട്ടിവീണ മറ്റൊരു വാര്‍ത്ത ലോകത്തെ കൂടുതല്‍ നടുക്കി. മലേഷ്യയുടെ പടിഞ്ഞാറന്‍ കാടുകളില്‍ കണ്ടെത്തിയ 139 കുഴിമാടങ്ങള്‍ റോഹിങ്ക്യ മുസ്‌ലിംകളെ കൊന്നു കൂഴിച്ചുമൂടിയതാണെന്നും സ്വസ്ഥമായ ജീവിതം സ്വപ്നം കണ്ട് പിറന്ന നാട് വിട്ട് കടലിലേക്ക് എടുത്തുചാടിയ പാവങ്ങള്‍ മനുഷ്യക്കടത്തുകാരുടെ ക്രൂരതക്ക് ഇരയായതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ആര്‍ക്കും കേട്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല. അതുവരെ മൗനം പൂണ്ട വന്‍ ശക്തികള്‍ പോലും എന്തെങ്കിലും ചെയ്‌തേ പറ്റു എന്ന് മ്യാന്മര്‍ ഭരണകൂടത്തോട് ആഞ്ജാപിക്കാന്‍ നിര്‍ബന്ധിതരായി. തങ്ങളുടെ മനുഷ്യത്വഹീനമായ നടപടികള്‍ ലോകത്തിന്റെ രോഷം ക്ഷണിച്ചു വരുത്തുന്നുവെന്ന് മനസ്സിലാക്കിയ ബുദ്ധസന്ന്യാസിമാര്‍ കടലില്‍ മരണത്തോട് മല്ലിടുന്ന റോഹിങ്ക്യകള്‍ ബര്‍മക്കാരല്ല എന്ന് പറഞ്ഞ് തടിയൂരാനാണ് ആദ്യം ശ്രമിച്ചത്. മാത്രമല്ല, തങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്ന ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ബുദ്ധസന്ന്യാസിമാര്‍ പ്രതിഷേധപ്രകടനങ്ങള്‍ പോലും സംഘടിപ്പിക്കാന്‍ മെനക്കെട്ടു.പക്ഷേ, തൊണ്ണൂറുകളില്‍ ബോസ്‌നിയയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശവിച്‌ഛേദനത്തിനു ശേഷം നടക്കുന്ന ഈ കുട്ടക്കുരുതിയുടെ ഉത്തരവാദിത്ത്വത്തില്‍നിന്നും തങ്ങള്‍ക്ക് പൂര്‍ണമായും രക്ഷപ്പെടാനാവില്ലെന്ന് തായ്‌ലാന്‍ഡിന്റെ തലസ്ഥാന നഗരിയില്‍ വിളിച്ചുകൂട്ടിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ എല്ലാ രാജങ്ങളും മ്യാന്മറിനു മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അവര്‍ക്ക് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല.

അറബ്ഇസ്‌ലാമിക ലോകത്തു കേന്ദ്രീകരിച്ച ആഗോളശ്രദ്ധ മറ്റൊരു മുസ്‌ലിം പ്രശ്‌നത്തില്‍ ദിശമാറി ഒഴുകി എന്നതാണ് പുതിയ സംഭവവികാസങ്ങളുടെ പ്രത്യേകത. റോഹിങ്ക്യപ്രശ്‌നം മ്യാന്മര്‍ ഭരണകൂടം എത്ര തമസ്‌കരിക്കാന്‍ ശ്രമിച്ചാലും മറ നീക്കി പുറത്തുവരുമെന്ന് അഭയാര്‍ഥികളെ കൊണ്ടുള്ള തട്ടിക്കളി തെളിയിച്ചു.

2012നു ശേഷം അരാകന്‍ (രാഖൈന്‍) പ്രവിശ്യയില്‍നിന്ന് പുറന്തള്ളപ്പെട്ടുകൊണ്ടിരുന്ന മുസ്‌ലിംകളുടെ ദയാര്‍ഹമായ ചിത്രം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും നിഷ്ഠൂരമായ ഭരണകൂട ഭീകരതയിലേക്കാണ് ടോര്‍ച്ചടിച്ചുകാണിച്ചത്. ഇസ്‌ലാം ആവിര്‍ഭവിച്ച കാലത്തുതന്നെ ബര്‍മയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മുസ്‌ലിംകള്‍ കുടിയേറിപ്പാര്‍ത്തിരുന്നു. കച്ചവടക്കാരായിരുന്നു അവര്‍. റോഹിങ്ക്യന്‍ ഭാഷയാണ് അവര്‍ സംസാരിച്ചിരുന്നത്. ബര്‍മക്കാരില്‍നിന്ന് വ്യത്യസ്തമായ ശരീരപ്രകൃതിയും തൊലിയുടെ നിറവും ഇവര്‍ അന്യവത്കരിക്കപ്പെടാനും അകറ്റിനിര്‍ത്തപ്പെടാനും കാരണമായത് അടുത്ത കാലത്താണ്. 19ാം നൂറ്റാണ്ടില്‍ അവിഭക്ത ഇന്ത്യയും ബര്‍മയുമെല്ലാം ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്ക് കീഴിലായിരുന്നപ്പോഴായിരുന്നു തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കടുംജോലി ചെയ്യിക്കാന്‍ എത്തിയ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അരാകന്‍ മണ്ണില്‍ ആഴത്തില്‍ വേരൂന്നുന്നത്. ഇന്ത്യയോടൊപ്പം ബര്‍മക്കു സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ സ്വസ്ഥമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. ഇവരെ പൂര്‍ണപൗരന്മാരായി അംഗീകരിക്കാന്‍ ഭരണഘടന സന്നദ്ധമായിരുന്നു. എന്നാല്‍ ഈ ജനതയുടെ കഷ്ടകാലം തുടങ്ങുന്നത് പട്ടാളഭരണം മാറി ജനാധിപത്യം പുലരാന്‍ തുടങ്ങിയപ്പോഴാണ്. 1982ലെ പൗരത്വനിയമം റോഹിങ്ക്യകളെ മൂന്നാംകിട പൗരന്മാരാക്കി മാറ്റി. വോട്ടവകാശമടക്കമുള്ള ജനാധിപത്യ അവകാശങ്ങള്‍ എടുത്തുകളഞ്ഞുവെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രിത നീക്കങ്ങള്‍ അണിയറയില്‍ തയാറാക്കി. ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് മുമ്പ്, 1832നു മുമ്പ് താമസക്കാരായവരുടെ പിന്‍ഗാമികള്‍ക്കേ പൗരത്വം നല്‍കൂ എന്ന് പുതിയനിയമം വ്യവസ്ഥ ചെയ്തത് റോഹിങ്ക്യകളെ പൗരത്വപദവിയില്‍നിന്ന് തട്ടിക്കളയാനായിരുന്നു. തങ്ങളുടെ പൂര്‍വീകര്‍ 1832നു മുമ്പേ കുടിയേറിപ്പാര്‍ത്തവരാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഈ പാവങ്ങള്‍ക്കായിരുന്നു. മാത്രമല്ല, അവര്‍ക്കു പോലും ‘അസോസിയേറ്റഡ് പൗരത്വത്തിനു മാത്രമേ അര്‍ഹതയുണ്ടാവുകയുള്ളു. മറ്റു നിബന്ധനകള്‍ കൂടി കാണുക: ഏതെങ്കിലുമൊരു ദേശീയ ഭാഷ അറിഞ്ഞിരിക്കണം. സല്‍സ്വഭാവി ആയിരിക്കണം. ഏതവസരത്തിലും പൗരത്വം റദ്ദാക്കപ്പെടാം. മുസ്‌ലിംകളെ രാജ്യത്തുനിന്ന് കൂട്ടമായി പുറത്താക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. കൂട്ടക്കൊലയായിരുന്നു ഇതിനു കണ്ടുപിടിച്ച മാര്‍ഗം. വംശഹത്യാ പരമ്പരകള്‍ അരങ്ങേറിയിട്ടും ലോകശ്രദ്ധ ആ ഭാഗത്തേക്കു പതിഞ്ഞില്ല. എന്നല്ല, പട്ടാളഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് ജൈത്രയാത്ര നടത്തുന്ന മ്യാന്മറിനെ കുറിച്ച് മനോജ്ഞ ചിത്രങ്ങളാണ് വന്‍ശക്തികള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ആ രാജ്യം സന്ദര്‍ശിച്ചത് തന്നെ പുതിയ അരുണോദയം ദര്‍ശിക്കാനാണ്. അകം പുകയുകയാണെന്നും പതിമൂന്ന് ലക്ഷം വരുന്ന റോഹിങ്ക്യ മുസ്‌ലിംകള്‍ അടിമകളെ പോലെ ജീവിതപ്പെരുവഴിയില്‍ മൂട്ടിട്ടിഴയുകയാണെന്നുമുള്ള ഞെട്ടിക്കുന്ന സത്യം കണ്ടില്ലെന്ന് നടിച്ചു.

നാസി ജര്‍മനിയില്‍ യഹൂദവര്‍ഗം അനുഭവിച്ച അതേ അന്യവത്കരണവും ജീവിതദുരിതങ്ങളുമാണ് ഇന്ന് റോഹിങ്ക്യകള്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. ഭരണകൂടം ആവിഷ്‌കരിച്ച ‘റഖൈന്‍ ആക്ഷന്‍ പ്ലാന്‍’ വംശവിച്‌ഛേദനത്തിന്റെ മറ്റൊരു പേരാണ്. പൗരത്വം തെളിയിക്കാനാവാത്ത കൂടുംബങ്ങളെ നഗരപ്രാന്തത്തില്‍ പ്രത്യേക ടെന്റുകെട്ടി അതില്‍ കൊണ്ടിട്ടിരിക്കയാണ്. ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനു സമാനമാണത്. 140,000പേരാണത്രെ ഇവിടെ കഴിയുന്നത്. അവര്‍ക്ക് പുറത്തിറങ്ങാനോ ജോലി തേടാനോ ഇറങ്ങിനടക്കാനോ പ്രാര്‍ഥന നടത്താനോ എന്തിനു പ്രസവിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല. അധികാരികളുടെ ദയാദാക്ഷിണ്യത്തിലാണ് ഇവര്‍ കഴിയുന്നത്. ഈ നരകജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കള്ളബോട്ടുകള്‍ വഴി ആഴക്കടലിലേക്ക് കൂട്ടപലായനം നടത്തുന്നത്. നടുക്കടലില്‍ കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ മരണവായില്‍ കഴിയുമ്പോഴും ബുദ്ധസന്ന്യാസിമാരുടെ ക്രൗര്യത്തില്‍നിന്ന് രക്ഷപ്പെടാനായല്ലോ എന്ന ആശ്വാസത്തിലാണ് ഈ പാവങ്ങള്‍. എന്നാല്‍, ഇതുവരെ അഭയം നല്‍കിയ രാജ്യങ്ങള്‍ കവാടങ്ങള്‍ കൊട്ടിയടച്ചപ്പോഴാണ് ഇവരെ കൊണ്ട് യാത്രതിരിച്ച പഴയ കപ്പലുകള്‍ ഉപേക്ഷിച്ച് കപ്പിത്താനും ജീവനക്കാരും ജീവനും കൊണ്ടോടിയത.് തങ്ങളുടെ രാജ്യത്തിനു ഇനി ശരണാര്‍ഥികളെ സ്വീകരിക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞു മലേഷ്യയും ഇന്തോനേഷ്യയും തായ്‌ലന്‍ഡും കപ്പലുകളെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയായിരുന്നു. തായ്‌ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര അഭയാര്‍ഥികള്‍ക്കായുള്ള സംഘടനയുടെ വക്താവ് ഇതുകണ്ട് ലോകത്തോട് ഒരു കാര്യം വിളിച്ചുപറഞ്ഞു: മനുഷ്യരെ തട്ടിക്കളിക്കുന്ന ഒരു കളിയിലാണ് നാം ഏര്‍പ്പെട്ടിരിക്കുന്നത്. എത്രയും വേഗം തീരത്തേക്ക് കൊണ്ടുവന്നില്ലെങ്കില്‍ ഒരു കപ്പല്‍നിറയെ ശവങ്ങളാണ് ഏറ്റുവാങ്ങേണ്ടിവരുക. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ ഈ കപ്പലുകളിലെത്തി നിജസ്ഥിതി പുറത്തുവിട്ടപ്പോള്‍ കേട്ടവര്‍ ഞെട്ടി. പതിനെട്ടാം നൂറ്റാണ്ടിലെ അടിമക്കച്ചവടകാലത്ത് കേട്ടിരുന്നതിന് സമാനമായ ക്രൂരതകളുടെ കരളുലക്കുന്ന ചിത്രങ്ങള്‍! കുടിവെള്ളം തീര്‍ന്നപ്പോള്‍ സ്വന്തം മൂത്രം കുപ്പിയിലാക്കി ദാഹശമനം നടത്തുന്ന കാഴ്ച.

എണ്ണപ്പണം എന്തു ചെയ്യണമെന്നറിയാതെ അറബ് ഭരണകര്‍ത്താക്കളും ഗള്‍ഫ് ശൈഖുമാരും സുഖലോലുപതയുടെ അനന്തവിഹായുസ്സുകള്‍ തേടി പാരീസിലും ന്യൂയോര്‍ക്കിലും തെണ്ടിത്തിരിയുമ്പോഴാണ് അവരുടെ ആദര്‍ശസഹോദരങ്ങള്‍ ആഴക്കടലില്‍ കുടിനീര് കിട്ടാതെ ദാഹിച്ചു മരിച്ചുവീഴുന്നതെന്ന വിരോധാ ഭാസത്തിന്റെ അശ്ലീലകരമായ മാനങ്ങളെ കുറിച്ച് ആരും ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെട്ടു കാണുന്നില്ല. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) അജീര്‍ണം മാറ്റാന്‍ എപ്പോഴെങ്കിലുമൊരു ഉച്ചകോടി ചേരുമ്പോള്‍ പ്രമേയം പാസ്സാക്കുന്നതിലുപരി 15ലക്ഷം വരുന്ന അരാകന്‍ മുസ്‌ലിംകള്‍ക്കു വേണ്ടി അറബ് ഇസ്‌ലാമിക ലോകം ഇതുവരെ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. വിയറ്റ്‌നാം യുദ്ധാനന്തരം കമ്യുണിസ്റ്റ് ഭരണകൂടത്തില്‍നിന്ന് ഒരു കോടിയോളം മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ വന്‍ പദ്ധതി ആവിഷ്‌കരിച്ചുനടപ്പാക്കിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്തുകൊണ്ട് ഈ തൊഴില്‍ പടയെ സമ്പന്ന അറബ് രാജ്യങ്ങള്‍ക്ക് ഫലപ്രദമായി വിനിയോഗിച്ചുകൂടാ. ആ വഴിക്കുള്ള ചിന്ത പോലും ഉയരുന്നില്ല. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ജന്മനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബര്‍മക്കാര്‍ ജീവിക്കുന്നത് സഊദി അറേബ്യയിലാണ്. അഞ്ചുലക്ഷത്തിലധികം റോഹിങ്ക്യകള്‍ മക്കയിലും സമീപപ്രദേശങ്ങളിലുമുണ്ട് എന്നാണ് സ ഊദി ഗസറ്റ് പറയുന്നത്. ഇസ്‌ലാമിക പ്രബോധന രംഗത്താണ് ഇവര്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. ഖുര്‍ആന്‍ മനഃപാഠമാക്കിയ അനറബികളില്‍ എഴുപത് ശതമാനവും ബര്‍മക്കാരാണത്രെ. ഹറമിലെ ഇമാമുമാരില്‍ റോഹിങ്ക്യ മുസ്‌ലിംകളുമുണ്ട് എന്ന് പലരും അറിഞ്ഞുകാണില്ല. നിതാഖാത്ത് തൊഴില്‍നിയമം കര്‍ക്കശമായി നടപ്പാക്കിയപ്പോള്‍ ബര്‍മക്കാരെ ഒഴിവാക്കിയത് തിരിച്ചുപോകാന്‍ സുരക്ഷിതമായ ഒരിടമില്ലാത്തവര്‍ എന്ന പരിഗണന വെച്ചാണ്.
ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യാന്‍ മനുഷ്യകുലം ഫലപ്രദമായ ഒരു ബലതന്ത്രം കണ്ടുപിടിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ വാദിച്ചത് ‘ഇസ്‌ലാം ആധുനിക ചരിത്രത്തില്‍’ (Islam Modern History) എഴുതിയ ചരിത്രകാരനായ ഡബ്ലൂ.സി സ്മിത് (Wilfred Cartwell Smith) ആണ്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരും ക്രൈസ്തവലോകത്ത് യഹൂദന്മാരും ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യാനികളും അഭിമുഖീകരിച്ച വെല്ലുവിളികളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് സ്മിത് ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്:’t is no easy or pleasant matter to be in a minortiy anywhere-even though tolerance can be vary vastly, all the way from liberaltiy to zero  എവിടെയായാലും ന്യൂനപക്ഷമാവുക എന്നത് അത്ര സുഖകരമായ ഏര്‍പ്പാടോ എളുപ്പമുള്ള കാര്യമോ അല്ല. സഹിഷ്ണുത ഉദാരത തൊട്ട് പൂജ്യം വേരെ വ്യത്യസ്തതരത്തിലാവാം. ഭൂരിപക്ഷവും ബുദ്ധമതാനുയായികളായിട്ടും ബര്‍മയില്‍ സഹിഷ്ണുത സീറോവില്‍ എത്തിയിരിക്കുന്നു. മറ്റൊരു ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയിലും തഥൈവ. ഇന്ത്യയിലെ ജൈനമതക്കാര്‍ (ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ സമുദായം) പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ബഹിസ്ഫുരണമാണ് ഗോവധ നിരോധത്തിന്റെ മറവില്‍ പ്രസാരണം ചെയ്യുന്ന ന്യൂനപക്ഷ വിരോധം.

ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും നിശ്ശബ്ദരാകാന്‍ അവകാശമില്ലെന്നിരിക്കെ, മ്യാന്മാറിന്റെ മനുഷ്യാവകാശജനാധിപത്യ മുഖമായി ലോകത്തിനു മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്ന, നോബല്‍ സമ്മാനജേതാവും പ്രതിപക്ഷ നേതാവുമായ ആങ് സാന്‍ സൂകി അനുവര്‍ത്തിക്കുന്ന മൗനം എല്ലാവരെയും ഒരു പോലെ ഞെട്ടിക്കുന്നു. താന്‍ റോഹിങ്ക്യകള്‍ക്കു വേണ്ടി ഉരിയാടിയാല്‍ അവര്‍ക്കത് ദോഷമേ ചെയ്യൂ എന്ന് വാദിക്കുന്ന ഈ മഹതി ബുദ്ധമതാനുയായികളും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ്. റോഹിങ്ക്യകള്‍ക്ക് വേണ്ടി വാദിച്ചാല്‍ അടുത്ത നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷബുദ്ധമതാനുയായികളുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടായേക്കാമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടാവണം. അധികാരത്തിനു മുന്നില്‍ മനുഷ്യത്വം മറക്കുന്ന ഇത്തരം ‘സമാധാനകാംക്ഷി’കളാണ് നമ്മുടെ കാലഘട്ടത്തിന്റെ തലയിലെഴുത്ത്.

ശാഹിദ്‌

You must be logged in to post a comment Login