വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

വിഷം തിന്നുന്ന കേരളം:സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ത്?

മാഗി വില്‍ക്കുന്ന നൂഡില്‍സില്‍ വളരെ കൂടിയ തോതില്‍ എം എസ് ജിയും കാരീയവും ഉണ്ടെന്ന കണ്ടെത്തലും അതുവഴി അതിന്റെ നിരോധനവും കേരളീയരിലും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നു. പതിനാറോളം സംസ്ഥാനങ്ങള്‍ മാഗിയുടെ നൂഡില്‍സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ചു. മധ്യവര്‍ഗക്കാരാണല്ലോ ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. സ്‌കൂള്‍ തുറക്കാന്‍ നില്‍ക്കുന്ന സമയത്താണ് ഈ നിരോധനം എന്നതു ശ്രദ്ധേയമാണ്. ഒട്ടുമിക്ക വീട്ടമ്മമാര്‍ക്കും കുട്ടികളെ തൃപ്തിപ്പെടുത്താനും അവര്‍ക്കു ഭക്ഷണം നല്‍കാനുമുള്ള എളുപ്പവഴിയാണ് മാഗി- 2 മിനുട്ട് നൂഡില്‍സ് എന്നതാണ് പ്രശ്‌നം.’കുഞ്ഞിനു തീറ്റ നല്‍കുന്ന പക്ഷി’യാണ് നെസ്‌ലെയുടെ ചിഹ്നം. ഒരമ്മ കുട്ടിക്കു നല്‍കുന്നതായിരിക്കണമല്ലോ ഏറ്റവും ഉത്തമവും സുരക്ഷിതവുമായ ഭക്ഷണം. നൂഡില്‍സിനു പുറമേ നെസ്‌ലെയുടെ തന്നെ പാലുല്‍പന്നങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയിരിക്കുന്നു. മാഗി തന്നെ വില്‍ക്കുന്ന മറ്റു പല ഉല്‍പന്നങ്ങളിലും (നെസ്‌ലെ ബിസ്‌കറ്റുകള്‍)ഇതുണ്ടാകാമെന്നും ഭയം വ്യാപകമായിരിക്കുന്നു. നെസ്‌ലെക്കപ്പുറം നൂറുകണക്കിനു കമ്പനികള്‍ നിര്‍മിച്ചു വില്‍ക്കുന്ന ആയിരക്കണക്കിന് ‘അതിവേഗ ഭക്ഷണങ്ങള്‍’ ഉണ്ടല്ലോ. അവയുടെ അവസ്ഥ മറ്റൊന്നാകുമെന്നെങ്ങനെ ഉറപ്പിക്കാനാവും? തല്‍ക്കാലം മാഗിക്കെതിരെ നടപടിയെടുക്കുക വഴി ബാക്കിയെല്ലാവരും തങ്ങളുടെ ഭക്ഷണം വിഷരഹിതമാക്കുമോ? അത്യന്തം മാരകമായ ശാരീരിക മാനസിക അസ്വസ്ഥതകള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്ന രാസവസ്തുക്കളാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ‘എല്ലാ ഉല്‍പ്പന്നങ്ങളും പരിശോധിക്കുന്നതൊന്നും ശരിയാകില്ല. അങ്ങനെ വന്നാല്‍ അത് ‘ഇന്‍സ്‌പെക്ടര്‍ രാജ്’ ആണെന്ന ആക്ഷേപം വരും.’ എന്നു പറഞ്ഞത് അഖിലേന്ത്യാ തലത്തില്‍ ഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പാക്കാനുള്ള അതോറിറ്റിയുടെ സി ഇ ഒ ആയ വൈ എസ് മല്ലിക് ആണ്. അതു മാത്രമല്ല, ‘2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ 26ാം വകുപ്പനുസരിച്ച് ഭക്ഷണം സുരക്ഷിതമാണെന്നുറപ്പാക്കാനുള്ള ബാധ്യത പ്രധാനമായും ഉല്‍പാദകനു തന്നെയാണ്’ എന്നും ഇദ്ദേഹം പറയുന്നു. 120ല്‍ പരം കോടി ജനങ്ങളുടെ പണം ചിലവാക്കിയാണ് സര്‍ക്കാര്‍ ഇവരെ നിയോഗിച്ചിരിക്കുന്നത്. ഈ ജനതക്ക് അവരുടെ കുട്ടികള്‍ക്കെങ്കിലും കിട്ടുന്നത്(കമ്പോളത്തിലെത്തുന്നത്) സുരക്ഷിതമാണെന്ന് സാക്ഷ്യപത്രം നല്‍കലാണിവരുടെ ജോലി. അതു ചെയ്യാനൊന്നും തങ്ങള്‍ക്കു പറ്റില്ലെന്നല്ലേ ഈ പറയുന്നതിന്റെ അര്‍ത്ഥം. തന്നെയുമല്ല, അങ്ങനെ ചെയ്താല്‍ അത് ‘ഇന്‍സ്‌പെക്ടര്‍ രാജ്’ ആയി ആക്ഷേപിക്കപ്പെടുമെന്നത്രേ ഇവരുടെ ഭയം. ആരാണിവരെ ഇങ്ങനെ ആക്ഷേപിക്കുക? ഈ രാജ്യത്തെ സര്‍വ്വതും (പ്രകൃതി വിഭവങ്ങള്‍ മുതല്‍ ജനങ്ങളുടെ ആരോഗ്യവും ചിന്താശേഷിയും വരെ) സ്വകാര്യ കമ്പോളത്തിനും മൂലധനത്തിനും ഇഷ്ടം പോലെ കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്നു വാദിക്കുന്ന ഉദാരവല്‍ക്കരണ വാദികളല്ലേ ആക്ഷേപം ഉന്നയിക്കുക? അവരെയാണോ ഈ സര്‍ക്കാര്‍ സ്ഥാപനം ഭയക്കുന്നത്? ഇവര്‍ക്കാരോടാണ് ഉത്തരവാദിത്തം?

ഇതിവരെ മാത്രം കുറ്റപ്പെടുത്താനാകില്ല. മേല്‍ പറഞ്ഞ ചിന്താഗതിക്കാരല്ലേ നാടു ഭരിക്കുന്നത്? വിദേശ മൂലധനം വന്നാല്‍, അവര്‍ക്ക് എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കിയാല്‍ നാട് സ്വര്‍ഗമാവും എന്നാണല്ലോ നമ്മെ ഭരിക്കുന്ന നേതാക്കളൊക്കെ പറയുന്നത്. ഇന്നും എന്‍ഡോസള്‍ഫാന്‍ ശരീരത്തിനു കുഴപ്പമില്ലായെന്നും അതു നിരോധിക്കേണ്ടതില്ലെന്നും ശക്തിയായി വാദിക്കുന്ന നേതാക്കളും വിദഗ്ധരും സര്‍ക്കാറുകളുമുള്ള ഒരു നാടല്ലേ നമ്മുടേത്? തല്‍ക്കാലം ഒന്നു പിന്‍വാങ്ങിയെങ്കിലും അധികം താമസിയാതെ മാഗിയുടെ ഉല്‍പന്നങ്ങള്‍ നമ്മുടെ കമ്പോളങ്ങളും അടുക്കളയും നിറയുമെന്നുറപ്പ്. മാഗിക്കപ്പുറം ഈ പ്രശ്‌നം പോകാതിരിക്കാന്‍ വേണ്ടതൊക്കെ ചെയ്തു കഴിഞ്ഞു. മാഗിയുടെ നൂഡില്‍സിലല്ല, അതില്‍ രുചി ചേര്‍ക്കാന്‍ വച്ചിരിക്കുന്ന മസാലക്കൂട്ടിലാണ് പ്രശ്‌നം എന്നുവരെ എത്തിയിട്ടുണ്ട്. ആ മസാലക്കൂട്ടില്‍ ചേര്‍ത്തിരിക്കുന്ന ഉള്ളിയും തക്കാളിയും വഴി മണ്ണില്‍ നിന്നും കയറിയിരിക്കുന്ന കറുത്തീയവും എം എസ് ജിയുമാണ് പ്രശ്‌നം എന്നുകൂടി പറഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ മണ്ണാണ് പ്രശ്‌നം. അതിനു പാവം ബഹുരാഷ്ട്ര കമ്പനി എന്തുചെയ്യും? മുമ്പ് പ്ലാച്ചിമട സമരം കത്തിനിന്ന കാലത്ത് നാം കണ്ടതാണ്, കൊക്കക്കോളയടക്കം ശീതള പാനീയങ്ങളിലും കുപ്പിവെള്ളത്തിലും ഉയര്‍ന്ന തോതില്‍ കീടനാശിനിയുണ്ടെന്ന്. പേരിന് അന്ന് സര്‍ക്കാര്‍ അത് നിരോധിച്ചു (കോടതി അത് റദ്ദാക്കുകയും ചെയ്തു). പിന്നെയെന്തുണ്ടായി? എല്ലാവരും എല്ലാം മറന്നു. സച്ചിനും ഐശ്വര്യാറായിക്കും അമിതാഭ് ബച്ചനും പ്രീതിസിന്റക്കും മാധുരീ ദീക്ഷിത്തിനും കോടതി നോട്ടീസയച്ചിരിക്കുന്നു. തല്‍ക്കാലം ഒരു പൊതു ചര്‍ച്ചയാക്കാന്‍ ഇതു സഹായകമായേക്കും എന്നു മാത്രം മെച്ചം. നിയമപരമായി ഇവരെ ശിക്ഷിക്കാനൊന്നും കഴിയില്ല. കാരണം സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിച്ച് ശുദ്ധമാണെന്ന് നോട്ടീസു നല്‍കിയ ഉല്‍പന്നങ്ങളാണ് തങ്ങള്‍ പരസ്യം നല്‍കിയതെന്ന് അവര്‍ പറഞ്ഞാല്‍ പിന്നെ കോടതി എന്തു ചെയ്യും? പരസ്യത്തിലെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിന് മോഡലിനെ ഉത്തരവാദിയാക്കാമോ എന്ന നിയമ പ്രശ്‌നം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ… ഇവിടെ ഒരു ധാര്‍മികതയുടെ പ്രശ്‌നമില്ലേ? ക്രിക്കറ്റ്- സിനിമാതാരങ്ങളില്‍ ജനങ്ങള്‍ക്ക്, കുട്ടികള്‍ക്ക് ആകര്‍ഷണമുണ്ടാകുന്നത് കേവലം നിയമപരമായ ഒന്നല്ലല്ലോ. ആ വിശ്വാസത്തിനാണിവിടെ ക്ഷതമേറ്റിരിക്കുന്നത് എന്ന ധാര്‍മികതയെങ്കിലും നാം തിരിച്ചറിയേണ്ടതല്ലേ?

എത്രയേറെ സാധ്യതകളും പ്രലോഭനങ്ങളുമുണ്ടായിട്ടും ഒരു പരസ്യത്തില്‍ പോലും വരില്ലെന്ന് ഉറപ്പു നല്‍കുന്ന കമല്‍ഹാസനും രജനീകാന്തും ഇവര്‍ക്കൊന്നും മാതൃകയാകാത്തതെന്തുകൊണ്ട് എന്നും ചോദിക്കുന്നില്ല.

ഈ ആഘാതത്തിന്റെ തുടര്‍ച്ചയായി കേരളീയര്‍ കഴിക്കുന്ന മുഴുവന്‍ പച്ചക്കറികളും പഴങ്ങളും വിഷമയമാണെന്ന ‘തിരിച്ചറിവ്’ നമ്മുടെ സമൂഹത്തിന് ‘വീണ്ടും’ ഉണ്ടായിരിക്കുന്നു. നാം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ഇവിടെ ജീവിക്കുന്നതെന്ന സത്യം ഇപ്പോഴൊന്നുമല്ലല്ലോ നാമറിയുന്നത്. മഞ്ജുവാര്യരുടെ സിനിമ ‘ഹൗ ഓള്‍ഡ് ആര്‍യൂ’ സൃഷ്ടിച്ച ഒരു തരംഗം കുറച്ചുകാലം നിലനിന്നതൊഴിച്ചാല്‍ കുറച്ചുകാലമായി നാമെല്ലാം മറന്നു കിടക്കുകയായിരുന്നു. ഈ കീടനാശിനി ഭക്ഷിച്ച് നമ്മുടെ ആരോഗ്യ നിലവാരം എത്രമാത്രം താഴേക്കുപോയി എന്ന സത്യം കുറെ വര്‍ഷങ്ങളായി ഇവിടെ പലരും വിളിച്ചു പറയുന്നുണ്ട്. മീതൈല്‍ ക്ലോറൈഡ്, ഓര്‍ഗനോ ക്ലോറിന്‍ എന്ന കീടനാശിനികള്‍ അര്‍ബുദമുണ്ടാക്കും, ഡൈക്ലോറോ ഫെനോള്‍ എന്ന രാസകീടനാശിനി പ്രമേഹത്തിനു കാരണമാകും, കളനാശിനികളും കീടനാശിനികളും പാര്‍ക്കിന്‍സന്‍സ് രോഗത്തിനു കാരണമാകും, അട്രസിന്‍ എന്ന കീടനാശിനി ഗര്‍ഭഛിദ്രത്തിനും കുട്ടികളുണ്ടാകാതിരിക്കാനും കാരണമാകും… ഇതൊക്കെ എത്ര കാലമായി നമുക്കറിയാം. അതിവേഗത്തില്‍ അര്‍ബുദവും പ്രമേഹവും അനപത്യതയും വളരുന്ന സംസ്ഥാനമായി കേരളം മാറിയതിന് മറ്റൊരു കാരണവും നാം തേടേണ്ടതില്ല. പഞ്ചായത്ത് തോറും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ സിറ്റികളും വന്നാലും ഈയവസ്ഥ മാറാന്‍ പോകുന്നില്ലെന്നും നമുക്കറിയാം.

ഇതെല്ലാം പുച്ഛിച്ച് തള്ളിയിരുന്ന കേരള സര്‍ക്കാര്‍ പെട്ടെന്ന് അത്യുത്സാഹം കാട്ടുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു വരുന്ന പച്ചക്കറികളും പഴങ്ങളും കര്‍ശന പരിശോധനക്കു ശേഷം മാത്രമേ നാട്ടിലേക്ക് കടത്തിവിടൂ. ഇവ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കും നാട്ടിലെ വില്‍പ്പനക്കാര്‍ക്കും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. പച്ചക്കറികള്‍ എവിടെ നിന്ന് എടുക്കുന്നുവെന്നും എവിടെയാണ് വില്‍ക്കുന്നതെന്നും ഓരോ ലോറിയിലും രേഖയുണ്ടാകണം… ഇതൊക്കെ നല്ലത്. പക്ഷേ ഇനിയാണ് പ്രധാന തമാശ… തമിഴ്‌നാട്ടിലെ തോട്ടങ്ങളില്‍ ചെന്ന് പരിശോധിക്കും എന്നതാണ് അതിലൊന്ന്. ഇതിനെന്തധികാരം കേരള സര്‍ക്കാറിനെന്നാരും ചോദിക്കരുത്. തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാരെ ബോധവല്‍ക്കരിക്കും. (ഇതിനായി സിനിമാ താരങ്ങളെ പ്രയോജനപ്പെടുത്തുകയാവും നല്ലത്!)

എന്താണ് തമിഴ്‌നാട്ടിലെ അവസ്ഥ? പഴം പച്ചക്കറി ഉല്‍പാദനം അവരുടെ പ്രധാന തൊഴിലും വരുമാനവുമാണ്. പതിനൊന്ന് ലക്ഷത്തിലധികം ഹെക്ടര്‍ ഭൂമിയില്‍ നടത്തുന്ന കൃഷിയില്‍ നിന്നും ഇരുനൂറ് ലക്ഷം ടണ്ണോളം പച്ചക്കറിയും പഴങ്ങളും ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍ കേരളീയരാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ അത്തരമൊരു ഭീതി ഉണ്ടെന്നു കണ്ടാല്‍ അവരില്‍ ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികം. അതുകൊണ്ട് അവര്‍ സ്വയം എന്തെങ്കിലും മാറ്റം വരുത്തിയാല്‍ നല്ലത്. അതിനപ്പുറം ഒന്നും ചെയ്യാന്‍ കേരള സര്‍ക്കാറിനാകില്ല.

ഇപ്പോള്‍ സര്‍ക്കാര്‍ എടുത്ത നടപടികളൊന്നും കാര്യമായ ഫലം ദീര്‍ഘകാലത്തേക്കുണ്ടാക്കുമെന്ന് കരുതാനാകില്ല. തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി ഒരു ട്രക്കും കേരളത്തിലേക്കു വരാതിരുന്നാല്‍ നാമെന്തു ചെയ്യും? നമുക്ക് ദൈനംദിന ജീവിതം തന്നെ ദുരിതമാകും. ഓണവും വിഷുവും പെരുന്നാളും കല്യാണവും ആഘോഷവുമൊന്നും നടത്താനാകില്ല. എത്ര ദിവസം ഇങ്ങനെ പിടിച്ചു നില്‍ക്കാനാകും? (ഇതേ ചോദ്യം തമിഴ്‌നാട്ടുകാര്‍ക്കുമുണ്ട്. പക്ഷേ പെട്ടെന്ന് മാറ്റാന്‍ കഴിയുന്നതല്ല, പച്ചക്കറിയിലെ കീടനാശിനി എന്ന പ്രശ്‌നം. ഇപ്പോള്‍ തീരുമാനമെടുത്താല്‍ തന്നെ അടുത്ത ആറു മാസത്തിനകം എന്തെങ്കിലും മാറ്റമുണ്ടാക്കാനാവില്ല. അത്രയും കാലം നാം ഇതു തുടരേണ്ടിവരും…(അപ്പോഴേക്കും എല്ലാവരും ഇതു മറക്കുകയും ചെയ്യും. നമുക്ക് സരിതയോ ബാര്‍കോഴയോ ഒക്കെ വീണു കിട്ടും രാത്രി ചര്‍ച്ചക്ക്).

തമിഴ്‌നാട് സര്‍ക്കാറിന്റെ 895 കൃഷി കേന്ദ്രങ്ങളിലൂടെയും 9700 സ്വകാര്യ വ്യാപാരികളുടെയും കീടനാശിനികള്‍ ഇഷ്ടം പോലെ വിറ്റ് കൊണ്ടിരിക്കുന്നു. കേരളത്തിന്റെ പരാതികള്‍ കേട്ട അന്നാട്ടിലെ ആരോഗ്യ മന്ത്രി വിവിധ ജില്ലകളില്‍ നിന്നുള്ള പഴം-പച്ചക്കറി സാമ്പിളുകള്‍ പരിശോധിക്കുകയും അവയിലൊന്നിലും കാര്യമായ കുഴപ്പമില്ലെന്ന് ‘കണ്ടെത്തുക’യും ചെയ്തിരിക്കുന്നു. നമ്മുടെ അതിര്‍ത്തിയിലെത്തുന്ന ലോറിക്കാരുടെ കൈയില്‍ മന്ത്രി നല്‍കിയ സാക്ഷ്യപത്രമുണ്ടെങ്കില്‍ അതു തടയാനാകുമോ? (അധികം കളിച്ചാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെന്ന പോലെ ചില ഭീഷണികള്‍ ഉയരും. പിന്നെ നമ്മുടെ നേതാക്കള്‍ മിണ്ടില്ല!) ചെക്‌പോസ്റ്റില്‍ വെച്ച് ഇവ പരിശോധിക്കാനൊന്നും കഴിയില്ല. ഒരാഴ്ചക്കാല പരിശോധനയെങ്കിലും വേണം. പരിശോധനക്കെടുക്കുന്ന സാമ്പിള്‍ പ്രത്യേകം തയാറാക്കിയതായാലും മതി. (തമിഴ് കര്‍ഷര്‍ സ്വന്തം ഉപയോഗത്തിനായി തോട്ടങ്ങളുടെ ഒരറ്റത്ത് വിഷം ചേര്‍ക്കാത്ത പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്നുണ്ടത്രെ. അതുകൊടുത്താല്‍ പിന്നൊരു പ്രശ്‌നവുമില്ല). ഇതിനെല്ലാം പുറമേ ഏത് തെറ്റും ശരിയാക്കാന്‍ കഴിയുന്ന കോഴയെന്ന സാര്‍വലൗകികസംവിധാനവുമുണ്ടല്ലോ.

തമിഴ്‌നാട്ടിലെ തോട്ടങ്ങളെ വര്‍ഗീകരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ കേരളസര്‍ക്കാറിനാകുമോ? കമ്പോളത്തിലെത്തിയ പഴവും പച്ചക്കറികളും വിഷലിപ്തമാണെന്നു കണ്ടാല്‍ ലോറിക്കാര്‍ക്കെതിരെ നടപടിയെടുക്കുമോ? അതു വിറ്റ മൊത്തക്കച്ചവടക്കാരനെതിരെയാകുമോ നടപടി? കര്‍ഷകരെ എങ്ങനെ കണ്ടെത്താനാകും? അവരെ കച്ചവടക്കാര്‍ സംരക്ഷിക്കില്ലേ? ഇങ്ങനെ നിരവധി കടമ്പകളും അസാധ്യതകളുമുള്ള ഒരു നടപടി പ്രഖ്യാപിച്ച് കേരളീയരായ മധ്യവര്‍ഗക്കാരെ വിഡ്ഢികളാക്കാന്‍ കഴിയുമെന്നുറപ്പുള്ളവരാണല്ലോ നമ്മുടെ നേതാക്കളും ഭരണകര്‍ത്താക്കളും.

ജനങ്ങള്‍ ജാഗ്രതയുള്ളവരാണെങ്കില്‍ ഇതിനെപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കാനാവുന്നതല്ലേ? എല്ലാക്കാലത്തും അന്യസംസ്ഥാനക്കാര്‍ മണ്ണില്‍ പണിയെടുത്ത് നമുക്ക് ഭക്ഷണം തരുമെന്ന ‘അന്ധവിശ്വാസം’ നമുക്കുണ്ടായതെങ്ങനെയാണ്? പണം കൊടുത്താല്‍ എന്തും വാങ്ങാന്‍ കിട്ടുമെന്ന ഉറപ്പ് നമുക്കെങ്ങനെയുണ്ടായി?

തമിഴ്‌നാട്ടിലെ കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ മിനക്കെടുന്നതിനു പകരം സ്വന്തം നാട്ടിലെ നേതാക്കളെയും ഉദ്യോഗസ്ഥരെയും മാഫിയകളെയും ധഒരു പരിധി വരെപ ജനങ്ങളെയും ബോധവല്‍ക്കരിക്കാനല്ലേ കേരള സര്‍ക്കാറിന്ന് നിയമപരമായും ധാര്‍മികമായും അധികാരമുള്ളത്? അതു ചെയ്യാര്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ടോ? ടെറസ്സില്‍ പച്ചക്കറി തുടങ്ങിയ കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം ഒരു സര്‍ക്കാര്‍ ഭരണ യന്ത്രത്തിലൂടെ, നിയമങ്ങളിലൂടെ ചെയ്യേണ്ട എന്തെങ്കിലും നാം ചെയ്യാറുണ്ടോ?
ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ മണ്ണു വേണമെന്നാര്‍ക്കാണറിയാത്തത്. പ്രധാനമായും മേല്‍മണ്ണു വേണം. ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായ ഭൂമിയാണ് കേരളത്തിലേതെന്നതിനാലാണല്ലോ കേരളം സസ്യശ്യാമളകോമളമായിരിക്കുന്നത്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി സ്വര്‍ഗഭൂമിയെ മരുഭൂമിയാക്കി മാറ്റിയ മറ്റൊരുജനതയും ഭരണകൂടവും ലോകത്തുണ്ടാകുമോ? മണ്ണും ഭൂമിയും വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കുമാത്രമാക്കിയ നമ്മള്‍ക്ക്, ഭൂമിയെന്നാല്‍ റോഡും കെട്ടിടങ്ങളും ഗോള്‍ഫ് മൈതാനവും വിമാനത്താവളങ്ങളും നിര്‍മിച്ച് ‘വികസനം’ കൊണ്ടുവരാനുള്ള ഉപാധിയല്ലേ! കേരളത്തിലെ തട്ടിപ്പു മാഫിയകളില്‍ പ്രധാനപ്പെട്ടവ ഭൂമാഫിയകളല്ലേ? പാറ്റൂരും കളമശ്ശേരിയിലമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നവയെങ്കില്‍ ഇതുപോലെ നൂറുകണക്കിനു തട്ടിപ്പുകള്‍ നാമറിഞ്ഞും അറിയാതെയും നടക്കുന്നില്ലേ?

വനം, പാരിസ്ഥിതിക ദുര്‍ബല പ്രദേശം, നദികള്‍, തടാകങ്ങള്‍, നെല്‍വയല്‍, തണ്ണീര്‍തടം, തീരദേശം തുടങ്ങിയവ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ലംഘിക്കുന്നതല്ലേ വികസനം? പാറമടകളും കുന്നിടിക്കലും പാടം നികത്തലും മണല്‍വാരലും ഏറ്റവും ലാഭകരമായ ‘തൊഴിലുകള്‍’ ആയല്ലോ. ഇവയിലെല്ലാം നടക്കുന്ന നിയമലംഘനങ്ങള്‍ പത്തിലൊന്നെങ്കിലും തടയാന്‍ സ്വന്തം നാട്ടില്‍ നിലവിലുള്ള നിയമം പാലിക്കാന്‍ കഴിയാത്തവരാണ് തമിഴ്‌നാട്ടുകാരെ ഉപദേശങ്ങളിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത്.

ഇനി കീടനാശിനി പ്രയോഗത്തിലേക്കുവരാം. പതിറ്റാണ്ടുകളായി ദുരിതമനുഭവിച്ച കാസര്‍ക്കോട് ജനതയുടെ രോദനത്തിന്റെ ഫലമായല്ലേ എന്‍ഡോസള്‍ഫാന്‍ തത്വത്തിലെങ്കിലും നിരോധിക്കാന്‍ നാം തയാറായത്? എന്നിട്ടോ? മറ്റൊരു പേരിലാണെങ്കിലും എന്‍ഡോസള്‍ഫാനടക്കം ഏതു കീടനാശിനിയും കേരളത്തിലെ എല്ലായിടത്തും ഇപ്പോള്‍ ലഭ്യമാകുന്നില്ലേ? മരുന്നു കിട്ടാന്‍ ഡോക്ടറുടെ കുറിപ്പടി വേണമെന്നാണ് നിയമം. എന്നാല്‍ കീടനാശിനി കിട്ടാന്‍ ഇതൊന്നും വേണ്ടെന്ന അവസ്ഥ കേരളത്തിലുള്ളതു തടയാന്‍ നമ്മുടെ സര്‍ക്കാര്‍ എന്തു ചെയ്യുന്നു? കീടനാശിനിയില്ലാതെ കൃഷി സാധ്യമല്ലെന്ന് ‘ഉറച്ചു വിശ്വസിക്കുന്ന’ കര്‍ഷക ഉദ്യോഗസ്ഥരും സര്‍വകലാശാലകളുമുള്ള ഒരു നാട്ടില്‍ സര്‍ക്കാറിന്ന് എന്തു ചെയ്യാനാകും?

ഇടതു സര്‍ക്കാറിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരനൊഴിച്ചാല്‍ മറ്റൊരു നേതാവിനും ഈ വിഷയത്തില്‍ ഒരു താല്‍പര്യവും സത്യസന്ധമായില്ലെന്നു തീര്‍ച്ച. അദ്ദേഹത്തിന്റെ കാലത്താണല്ലോ അടുത്ത പത്തു വര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ കീടനാശിനി വിമുക്ത(ജൈവ) സംസ്ഥാനമാക്കുമെന്ന നയം കേരള നിയമസഭ ഐക്യകണ്‌ഠേന അംഗീകരിച്ചത്. അതേ വ്യക്തികള്‍ തന്നെ മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ ഒരു നിര്‍ദേശം(പത്തു വര്‍ഷത്തിനകം പശ്ചിമഘട്ട പ്രദേശം രാസകീടനാശിനി വിമുക്തമാക്കണം) കണ്ട് ഹാലിളകി ഗാഡ്ഗിലിനെ നാടുകടത്തണമെന്നാവശ്യപ്പെട്ടത്. ഇടതുപക്ഷക്കാരാണ് ഈ നയം നടപ്പിലായാല്‍ കര്‍ഷകര്‍ വന്‍ നാശത്തിലേക്കെത്തും എന്ന് അലറി വിളിച്ചത്. കീടനാശിനി പ്രയോഗിച്ചില്ലെങ്കില്‍ സ്വന്തം കര്‍ഷകര്‍ നശിക്കുമെന്നു പറഞ്ഞവര്‍ക്ക് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ അതുപേക്ഷിക്കണമെന്നു പറയുന്നതിന് എത്രമാത്രം ധാര്‍മിക ശേഷിയുണ്ടാകും? ഏലത്തിനും ചായക്കും കാപ്പിക്കും കുരുമുളകിനും തെങ്ങിനും മറ്റും കീടനാശിനി അടിക്കാമെങ്കില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും അതുപാടില്ലെന്നത്, ‘വേശ്യയുടെ ചാരിത്ര്യപ്രസംഗം’ എന്ന പ്രയോഗത്തിനു പോലും നിരക്കാത്തതല്ലേ? കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളിലും(വ്യാപാരാവശ്യത്തിന്) കൂടിയ തോതില്‍ കീടനാശിനിയുണ്ടെന്നത് ഒരു രഹസ്യമൊന്നുമല്ല.

മുത്തങ്ങയില്‍ ആദിവാസികള്‍ സമരം നടത്തിയ കാലത്ത് അവര്‍ മുന്നോട്ടു വെച്ച നിര്‍ദേശമുണ്ടായിരുന്നു; മുത്തങ്ങയിലെ യൂക്കാലി തോട്ടങ്ങള്‍(പേരില്‍ വനമാണ് ബിര്‍ശക്കുവേണ്ടി വനം വെട്ടി തോട്ടമാക്കിയത്) വിട്ടു തന്നാല്‍ അവിടെ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്ത് കോഴിക്കോട് ജില്ലക്കും ഒരു പരിധിവരെ കേരളത്തിനും വേണ്ട പഴങ്ങളും പച്ചക്കറികളും നല്‍കാമെന്ന്. അന്നതാരും കേട്ടില്ല. ഹാരിസണിന്റെ കൈയേറ്റ ഭൂമിയില്‍ കയറി അവിടെ പച്ചക്കറി കൃഷിചെയ്ത് കോന്നി മാര്‍ക്കറ്റിലെത്തിച്ച് മാതൃക സൃഷ്ടിച്ച ചെങ്ങറ സമരക്കാരെയും നാം കണ്ടില്ല.
കേരളത്തിന്റെ അതിര്‍ത്തിയായ ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍- പട്ടവട പ്രദേശത്തെ കര്‍ഷകര്‍ ഏറെ കഷ്ടപ്പെട്ട് ഉല്‍പാദിപ്പിക്കുന്ന കീടനാശിനി രഹിതമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും എന്തു സംഭവിക്കുന്നുവെന്നെങ്കിലും സര്‍ക്കാര്‍ ഒന്നന്വേഷിക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടി കോര്‍പ്പിനെ വിശ്വസിച്ച് കൃഷി നടത്താന്‍ തുടങ്ങിയവരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. ഇവരുണ്ടാക്കുന്ന കാബേജ്, കാരട്ട്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട് മാത്രം എടുത്താല്‍ പതിനായിരക്കണക്കിനു ടണ്‍ വരും. 711 ഹെക്ടറില്‍ 1414 കര്‍ഷകകരാണിവിടെ പച്ചക്കറിക്കൃഷി നടത്തുന്നത്. കാരറ്റും തക്കാളിയുമൊക്കെ എടുക്കാനാളില്ലാതെ നശിച്ചുപോകുന്നു. ഉരുളക്കിഴങ്ങിനു മാത്രമാണ് കുറച്ചെങ്കിലും സംഭരണ സംവിധാനമുള്ളത്. പുറംനാടുകളില്‍ നിന്നുള്ള വമ്പന്മാരായ നേതാക്കളും ഉദ്യോഗസ്ഥരും വക്കീലന്മാരും ഡോക്ടര്‍മാരുമൊക്കെ നിയമവിധേയമായും അല്ലാതെയും ഈ പ്രദേശത്ത് ആയിരക്കണക്കിനേക്കര്‍ ഭൂമി വാങ്ങി ഗ്രാന്റിസ് തുടങ്ങിയ പാഴ്മരങ്ങള്‍ വച്ചു പിടിപ്പിച്ചിരിക്കുകയാണ്. ഗ്രാന്റിസ് നട്ട് ഏഴു വര്‍ഷം കഴിയുമ്പോള്‍ വെട്ടി വിറ്റാല്‍ ഭൂമി വാങ്ങാന്‍ മുടക്കിയ പണം തിരിച്ചുകിട്ടുമെന്നതാണ് ഇവരുടെ ഫോര്‍മുല. പക്ഷേ ഇതിലൂടെ ഫലഭൂയിഷ്ടവും ജലസമൃദ്ധവുമായ ഈ ഭൂമി ഊഷരമാകുമെന്നത് ഇവര്‍ക്കൊരു പ്രശ്‌നമല്ല. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ ഈ ഗ്രാന്റിസ് വെട്ടി ആ ഭൂമിയില്‍ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്താല്‍ ആറു മാസത്തേക്ക് കേരളത്തിനാവശ്യമായ പച്ചക്കറി മുഴുവന്‍ തന്നെ ഇവിടെ ഉല്‍പാദിപ്പിക്കാനാവും. ഇന്ന് ഈ നാട്ടിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി നശിക്കാതെ ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കാന്‍ പോലും സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല. ഇതിനു ന്യായമായ വിലകിട്ടാതെ വരുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാപാരികള്‍ തന്നെ ഇതു വാങ്ങിക്കൊണ്ടുപോകുന്നു. വിഷമില്ലാത്ത പച്ചക്കറി വട്ടവടക്കാരും കാന്തലൂര്‍ക്കാരും ഉല്‍പാദിപ്പിച്ച് കുറഞ്ഞ വിലക്ക് തമിഴ്‌നാട്ടുകാര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷം കലര്‍ന്ന പച്ചക്കറികള്‍ കൂടിയ വിലക്ക് വാങ്ങി മലയാളികള്‍ ഭക്ഷിക്കുന്നു. ഈ വിരോധാഭാസമെങ്കിലും പരിഹരിക്കാന്‍ കേരള സര്‍ക്കാറിനു കഴിയുമോ? അതിനു കഴിയാത്തവര്‍ മുമ്പു പറഞ്ഞ ‘കര്‍ശനമായ’ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുകൊണ്ടോ തമിഴ് കര്‍ഷകരെ ഉപദേശിക്കുന്നതുകൊണ്ടോ എന്തു ഫലം?

നഗരവാസികളും റസിഡന്റ്‌സ് അസോസിയേഷനുകളും അയല്‍ക്കൂട്ടങ്ങളും തങ്ങളാലാകും വിധം പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനെ തീര്‍ച്ചയായും അനുഭാവത്തോടെ പിന്തുണക്കുന്നു. പക്ഷേ അതുകൊണ്ടൊന്നും കേരളം നേരിടുന്ന ഭീകരമായ പ്രതിസന്ധി മറികടക്കാനാവില്ല. കേരളത്തിലെ ഭരണകൂടം ക്രിയാത്മകമായി ഇടപെടുകതന്നെ വേണം. പക്ഷേ അതിനൊന്നും ശേഷിയുള്ള രാഷ്ട്രീയ കക്ഷികളോ നേതാക്കളോ ഇക്കേരളത്തില്‍ ഇല്ലായെന്നതാണ് നമ്മുടെ ജനാധിപത്യം നേരിടുന്ന ദുരന്തം. ഒരു തരം വെട്ടിപ്പുകാരെയും മാഫിയകളെയും സ്ഥാപിത താല്‍പര്യക്കാരെയും വെറുപ്പിക്കാതെ അവരുടെ തെറ്റുകളുടെ പങ്കുപറ്റിക്കൊണ്ട്, അവരെയെല്ലാം സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കേരളത്തെ രക്ഷിക്കാനാവില്ല. ഒരു പക്ഷേ അവരെല്ലാം നിരവധി ‘വികസനങ്ങള്‍’ കൊണ്ടുവന്നേക്കാം. പക്ഷേ അനുഭവിക്കാന്‍ ആരോഗ്യമില്ലാത്ത ഒരു സമൂഹമാണുണ്ടാവുക എന്നു മാത്രം!

സി ആര്‍ നീലകണ്ഠന്‍

You must be logged in to post a comment Login