അപ്പോള്‍ അതാണ് വേണ്ടത് 'നോ' പറയാനുള്ള ധൈര്യം

അപ്പോള്‍ അതാണ് വേണ്ടത് 'നോ' പറയാനുള്ള ധൈര്യം

പുറത്ത് വെട്ടം വീണു…….. തള്ളക്കോഴി കുഞ്ഞുങ്ങളോടു പറഞ്ഞു: ‘ഇനി നമുക്ക് മുറ്റത്തേക്കിറങ്ങാം. പുറം ലോകം കാണാം…….. മുറ്റത്തേറെ അത്ഭുതങ്ങളുണ്ട്. രസകരമായ പരിസരം അതൊക്കെ ആസ്വദിക്കാം..പക്ഷേ…… അപകടം പതിയിരിപ്പുണ്ട്. കുഞ്ഞുങ്ങള്‍ക്ക് തള്ളക്കോഴിയുടെ പ്രസംഗം തീരെ ഇഷ്ടമായില്ല. അവരുടെ ശ്രദ്ധ പുറത്തു നിന്നും കൂട്ടിലേക്കു വീഴുന്ന വെളിച്ചത്തിലേക്കായിരുന്നു. അവരാ അത്ഭുത ലോകം കാണാന്‍ കലപില കൂട്ടികൊണ്ടിരുന്നു. അമ്മക്കോഴി പറഞ്ഞു:’പാഠം ഒന്ന് പരുന്ത്’. ബലിഷ്ടമായ കരങ്ങളും കൂര്‍ത്ത നഖങ്ങളും മൂര്‍ച്ചയുള്ള കൊക്കും അതിവേഗത്തില്‍ താഴാനും ഉയരാനും കഴിയുന്ന ശക്തമായ ചിറകുകളും, എത്ര ദൂരത്ത് നിന്നും കാണാനാവുന്ന ചുവന്ന കണ്ണുകളും…….ആലോചിക്കുമ്പോള്‍ തന്നെ ഭയമാകുന്നു. ഹൃദയം കൊത്തിപ്പിളര്‍ത്തുന്ന ചുണ്ടുകള്‍…….രക്ഷാമാര്‍ഗങ്ങളെ കുറിച്ച് അമ്മക്കോഴി വിശദീകരിച്ചു. ഞാന്‍ കിര്‍…….ര്‍…..ര്‍ എന്ന് ശബ്ദമുണ്ടാക്കി ചിറകിട്ടടിക്കുമ്പോള്‍ എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഓടി ഒളിക്കണം ഇലകള്‍ക്കിടയിലോ ചെടികള്‍ക്കിടയിലോ ഒളിച്ച് രക്ഷപ്പെടണം എന്റെ ചുറ്റുമുള്ളവര്‍ എന്റെ ചിറകിനടിയിലേക്ക് ഓടിവരണം” എല്ലാവരും സമ്മതം മൂളി. അവരിലൊരാള്‍ മനസ്സില്‍ മൂളി: ഈ അമ്മ എല്ലാം അതിശയം കലര്‍ത്തിപ്പറഞ്ഞ് പേടിപ്പിക്കുകയാ….എന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ഞാനോടി രക്ഷപ്പെടും. അവന്‍ ആത്മഗതം ചെയ്തു. അവരെല്ലാം മുറ്റത്തേക്കിറങ്ങി…എന്തെല്ലാം കാഴ്ചകള്‍. അതിശയകരം……ചിക്കിപെറുക്കി അവര്‍ ചുറ്റി നടന്നു. കൂട്ടത്തിലെ കുഞ്ഞന്‍ പൂവന്‍ ഒരു പൂമ്പാറ്റയെ കണ്ടു..എന്തൊരു ഭംഗി. മനോഹരമായ ചിറകുകള്‍, തെന്നി തെന്നി പറക്കുന്ന പൂമ്പാറ്റയുടെ പിറകെ കൂടി അവന്‍…അമ്മക്കോഴിയും സഹോദരങ്ങളും ഇതൊന്നുമറിയാതെ അല്പം ദൂരെയായിരുന്നു. പെട്ടെന്ന് ഒരു നിഴലനക്കം. ആകാശത്ത് ഒരു ഭീകരന്‍ പരുന്ത് പ്രത്യക്ഷപ്പെട്ടു. തള്ളക്കോഴി ആര്‍ത്ത് വിളിച്ച് ബഹളം കൂട്ടി… എല്ലാവരും ഓടിയൊളിച്ചു. കുഞ്ഞന്‍ പൂവന്‍ ഇതൊന്നുമറിഞ്ഞില്ല. കഴുത്തില്‍ നഖം വീണപ്പോഴാണ് അവന്‍ ഞെട്ടിപ്പോയത്..അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. ഉറക്കെ കരയാനല്ലാതെ എന്തുചെയ്യാനാവും. കീയോം…..കീയോം. അവന്റെ കരച്ചില്‍ നേര്‍ത്ത് ഇല്ലാതായി, ബഹളമമര്‍ന്നപ്പോള്‍ അമ്മക്കോഴി കുഞ്ഞുങ്ങളെ വിളിച്ചുകൂട്ടി. അവരെണ്ണം നോക്കിയപ്പോള്‍ സങ്കടപ്പെട്ടു. തങ്ങളുടെ കൂട്ടത്തിലെ ഏക കുഞ്ഞന്‍ പൂവനെ അവര്‍ക്ക് നഷ്ടമായിരിക്കുന്നു.

ഒരു പത്രവാര്‍ത്ത
‘എന്നെ കൊല്ലൂ എനിക്കിനി ജീവിക്കണ്ട………. ഈ ഭൂമിയിലെ ഏറ്റവും വലിയ ചെകുത്താന്‍ ഞാനാണ്.’ ഒരു പത്തൊമ്പതുകാരന്റെ വിലാപം ” എനിക്ക് മാപ്പ് തരാന്‍ ദൈവത്തിന് പോലുമാവില്ല. പെറ്റ തള്ളയെ കൊന്നവനാണ് ഞാന്‍” തേങ്ങിക്കരയുന്ന ഇവനെ സുമേഷ് എന്ന് വിളിക്കാം. അവന്റെ അച്ചന്‍ നേരത്തെ മരിച്ചു. അമ്മ കൂലിത്തൊഴില്‍ ചെയ്തു മകനെ വളര്‍ത്തി. മകന്‍ പഠിച്ച് മിടുക്കനാവുന്നത് സ്വപ്‌നം കണ്ടു. ഏക മകനെ അതിരറ്റു സ്‌നേഹിച്ചു. അവന്‍ ആവശ്യപ്പെട്ടതെന്തും നല്‍കി. അവന്‍ പറയുന്നു. നാട്ടിലെ ക്ലബ്ബില്‍ അവനും അംഗമാണ്. ക്ലബ്ബ് സംഘടിപ്പിക്കുന്ന ടൂറില്‍ അവനും വിനോദ യാത്രക്ക് പോവണം. ഏറെ പാട്‌പ്പെട്ട് അമ്മ അവന് പണം സംഘടിപ്പിച്ച് നല്‍കി. യാത്ര പുറപ്പെട്ടു. ഊട്ടിയില്‍ വെച്ച് സംഘാംഗങ്ങള്‍ ആഘോഷിച്ചു. മടിച്ചു മടിച്ച് അവനും ആദ്യമായി മദ്യം നുണഞ്ഞു. സംഘം ബാംഗ്ലൂരിലെത്തി. മടിയേതുമില്ലാതെ അവന്‍ ആഘോഷിച്ചു. യാത്ര അവന് പുതിയ സൗഹൃദവും അനുഭവവും പകര്‍ന്നു. വൈകുന്നേരങ്ങളില്‍ പുഴക്കടവില്‍ അവനും സജീവമായി. മദ്യം മണപ്പിച്ചവന്‍ വീട്ടിലെത്താന്‍ തുടങ്ങി. അമ്മ കരഞ്ഞു. അത് പതിവായി. ഈയിടെ അവന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു തുടങ്ങി. അമ്മയെ ഭീഷണിപ്പെടുത്താനും തുടങ്ങി.ഇപ്പോള്‍ ക്ലാസില്‍ പോവലും എപ്പോഴെങ്കിലുമായി. കരഞ്ഞു കരഞ്ഞു അമ്മ തകര്‍ന്നു. ഒരു ദിവസം അവന്‍ വന്നത് സുഹൃത്തിനോടൊപ്പം.. അവന് പണം വേണം. തരില്ലെന്ന് അമ്മ വാശി പിടിച്ചു. ‘കുടിച്ച് നശിക്കാന്‍ ഞാന്‍ കാശ് തരില്ല’- അമ്മ ഉറപ്പിച്ച് പറഞ്ഞു. അവനും സുഹൃത്തും ഇറങ്ങിപ്പോയി. വൈകുന്നേരം അവന്‍ കയറി വന്നത് മദ്യം മണപ്പിച്ചായിരുന്നു. വീണ്ടും അവന്‍ പണം ആവശ്യപ്പെട്ടു. സുഹൃത്തിന്റെ മുന്നില്‍ അവഹേളിച്ചതിന് അമ്മയെ അവന്‍ തെറി വിളിച്ചു. അലമാര ബലമായി തുറന്നവന്‍ പണമെടുത്തു. അമ്മ അവനെ തടഞ്ഞു. അവന്‍ അമ്മയെ പിടിച്ചു തള്ളി. മോനേ…….എന്റെ മോനേ… മദ്യപിക്കാന്‍ ഞാനിനി നിന്നെ വിടില്ല. ആ അമ്മയുടെ നിസ്സഹായത കാല് പിടിക്കലും അപേക്ഷയുമായി, വീട്ടിലെ മടവാള് എവിടെ നിന്ന് കിട്ടിയെന്നറിയില്ല. അവനാ അമ്മയുടെ തലയോട്ടി വെട്ടിപ്പിളര്‍ത്തി……ചോരയില്‍ പിടഞ്ഞ് മോനേ….. എന്ന് വിളിച്ച് ആ ശബ്ദം നിശ്ചലമായി. ഇപ്പോഴവന്റെ ചിന്തയില്‍ ആയിരം കടന്നലുകള്‍ മൂളുന്നു. ആ അഭിശപ്ത സമയത്തെ അവന്‍ പഴിക്കുന്നു. അപ്പോള്‍ ഞാനല്ലായിരുന്നു എന്നെ നിയന്ത്രിച്ചിരുന്നത്. മദ്യം എന്ന ചെകുത്താനായിരുന്നു. മദ്യം എന്നെയും ചെകുത്താനാക്കി….. എന്റെ അമ്മ……..

ഒരു അധ്യാപകന്റെ അനുഭവം
ഓടിക്കിതച്ചവന്‍ സാറിന്റെ മുന്നില്‍ വന്നു പൊട്ടിക്കരഞ്ഞു. സര്‍,….എന്നെ സഹായിക്കണം. പേടിച്ചരണ്ട മുഖവുമായി അവന്‍ കഥ പറഞ്ഞു. അവന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. ഒരിക്കല്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയില്‍….. അവന്‍ ഒരു ബൈക്കിന് കൈ കാണിച്ചു. ബൈക്ക് നിന്നു. അയാള്‍ അവനെ വീട്ടിലെത്താന്‍ സഹായിച്ചു. പിറ്റെ ദിവസവും സ്‌കൂള്‍ വിട്ടപ്പോള്‍ ബൈക്ക് യാത്രികന്‍ അവനെ കാത്ത് നിന്നിരുന്നു. പിന്നീട് അത് പതിവായി. അയാളുമായുള്ള അവന്റെ സൗഹൃദം ദൃഢമായി. ഇപ്പോള്‍ അവന്‍ അയാള്‍ക്ക് വേണ്ടി സ്‌കൂള്‍ കട്ട് ചെയ്യാനും തുടങ്ങി. അവന്റെ കയ്യില്‍ വില കൂടിയ മൊബൈല്‍ ഫോണുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവനിപ്പോള്‍ സ്‌കൂള്‍ മുറ്റത്ത് വന്നിറങ്ങുന്നതും വലിയ കാറുകളിലാണ്. അവനൊരു സമ്പന്നനായി മാറി. അവന് വേണ്ടതെല്ലാം ശ്ലീലവും അശ്ലീലവും കലര്‍ത്തി അവര്‍ നല്‍കി. അവര്‍ അവനെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു.

സര്‍ എനിക്ക് പേടിയാവുന്നു, ഞാനിനി എന്താണ് ചെയ്യേണ്ടത്. നമുക്ക് പോലിസീല്‍ പരാതിപ്പെടാം അധ്യാപകന്‍ പറഞ്ഞു. അയ്യോ വേണ്ട സാര്‍,.. അവര്‍ എന്നെ കൊല്ലും…. അവന്‍ പറഞ്ഞു തുടങ്ങി. ”അവര്‍ വല്യ ആള്‍ക്കാരാണ്. എന്തിനും മടിക്കാത്തവര്‍. അവരുടെ രഹസ്യങ്ങള്‍ അറിയുന്നവരെ അവര്‍ പുറത്ത് വിടൂല, പുറത്ത് പറഞ്ഞാല്‍ അവര്‍ സാറിനേയും അക്രമിക്കും. എന്നെ പോലെ വേറെയും നാലഞ്ച് കുട്ടികള്‍ ഉണ്ട്. ഞങ്ങളാണ് സാധനങ്ങള്‍ പല സ്ഥലത്തും എത്തിക്കുന്നത്. ആദ്യം എനിക്കതിന്റെ അപകടങ്ങള്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് പേടിയാവുന്നു. ഞാന്‍ വരുന്നില്ലാന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി കൊണ്ടുപോയി. ബ്രൗണ്‍ഷുഗര്‍, പെത്തടിന്‍, എന്നിവയാണ് വിതരണം ചെയ്യുന്നത്. ഞങ്ങളെ അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഞങ്ങളുടെ കൂടെയുള്ള പലരും അതിന്റെ അടിമകളാണ്. കഴിഞ്ഞ ദിവസം എന്നെ നിര്‍ബന്ധപൂര്‍വ്വം സിറിഞ്ച് ചെയ്യിച്ചു. എനിക്ക് എങ്ങിനെയെങ്കിലും രക്ഷപ്പെടണം സര്‍….” നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട.് ഉപ്പ നേരത്തെ മരിച്ചു. ഉമ്മയെ മറ്റൊരാള്‍ വിവാഹം ചെയ്തു. ഞാന്‍ വല്യുമ്മയുടെ കൂടെയാണ് താമസം. അവന്‍ വിക്കി വിക്കി പറഞ്ഞ് നിര്‍ത്തി … അധ്യാപക സുഹൃത്ത് നിന്ന് വിയര്‍ത്തു. ഇപ്പോള്‍ അവന്‍ സ്‌കൂളില്‍ വരാറില്ലെത്രെ……

പോലീസ് പറഞ്ഞ കഥ
സ്‌കൂളിലെ പത്താം ക്ലാസുകാരനെ പോലീസ് അറസ്റ്റുചെയ്തു. പോലീസ് പറയുന്നതിങ്ങനെ: സ്‌കൂളിന് സമീപത്തെ മൊബൈല്‍ ഷോപ്പുടമയുമായി അവന്‍ പരിചയപ്പെട്ടു. സ്ഥിരമായി ഷോപ്പില്‍ വന്നു തുടങ്ങി. അവരില്‍ നിന്നവന് വലിയ ഓഫറുകള്‍ കിട്ടി. ഇടക്കിടെ അവന്റെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ മാറി മാറി വന്നു. അവന്‍ അവര്‍ക്ക് വേണ്ടി ചെയ്യേണ്ടതിത്രമാത്രം. അവന്റെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക. അതിന്റെ ഭവിഷത്ത് അവനറിയില്ലായിരുന്നു. അവര്‍ ആ വിദ്യാര്‍ത്ഥിനികളെ പല രീതിയില്‍ ഉപയോഗിച്ചു. ഒടുവില്‍ അവരിലൊരുവള്‍ ആത്മഹത്യ ചെയ്തു, മറ്റൊരുവളെ കാണാതായി. നീലചിത്ര നിര്‍മ്മാണവും പെണ്‍വാണിഭവും അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടു. ഇന്നവന്‍ ജൂവനൈല്‍ ഹോമില്‍ ശിക്ഷയേറ്റു വാങ്ങുന്നു. അവന്റെ പഠനം, കുടുംബം, സുഹൃത്തുക്കള്‍, എല്ലാം നഷ്ടപ്പെട്ടു.

ഒരു കൗണ്‍സിലിംഗ് സെന്ററില്‍ നിന്ന് കേട്ട കഥ
എസ് എസ് എല്‍സി പരീക്ഷയില്‍ അവന് കൂടുതലും ഡി ഗ്രേഡ്. മനോവിഷമത്താലവന്‍ ആത്മഹത്യക്ക് ശ്രമിച്ചു തല നാരിഴക്ക് രക്ഷപ്പെട്ടു. ഗള്‍ഫിലുള്ള പിതാവ് പെട്ടെന്ന് നാട്ടില്‍ വന്നു. ചികിത്സക്കായി കൗണ്‍സിലറെ സമീപിച്ചു. പഠനത്തില്‍ അവന്‍ മിടുക്കനായിരുന്നു. സ്‌കൂളിലും നാട്ടിലും ഏറെ പ്രശംസിക്കപ്പെട്ടു. അവന് അബദ്ധം പിണഞ്ഞത് അയല്‍വാസിയായ ഒരു യുവാവുമായുളള സൗഹൃദത്തില്‍ നിന്നായിരുന്നു. വലിയവരുമായുള്ള ബന്ധം അവനെ വലിയ തെറ്റുകളിലേക്ക് നയിച്ചു. രാത്രി കാലങ്ങളിലും അവന്‍ അവരോടൊപ്പം ചിലവഴിച്ചു. നിയന്ത്രിക്കാന്‍ ഉപ്പ നാട്ടിലില്ലാത്തത് അവന് സൗകര്യമായി . വല്യുപ്പയെ അവന്‍ ഭംഗിയായി അവഗണിച്ചു. ഉമ്മയെ അതിലേറെ സമര്‍ത്ഥമായി അവന്‍ വഞ്ചിച്ചു. പഠനം ഉഴപ്പി. പരീക്ഷ അവന് പരീക്ഷണമായി. ഒടുവില്‍ അവന് ആത്മഹത്യയെ കുറിച്ചാലോചിക്കേണ്ടി വന്നു.

വളരെ വേഗതയിലാണിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ അബദ്ധത്തിലേക്ക് വഴുതി വീഴുന്നത്. ചുറ്റും ചൂഷണം ചെയ്യാന്‍ വ്യത്യസ്ത തരം ശത്രുക്കള്‍ ചതിവലയുമായി കാത്തിരിക്കുന്നു. താന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ ഈ വര്‍ഷം അഞ്ച് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനികള്‍ അബോര്‍ഷന്‍ നടത്തിയെന്ന് ഇടുക്കിയിലെ ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മുസ്‌ലിം പെണ്‍കുട്ടികളാണ് അവര്‍ അഞ്ച്‌പേരും എന്നാണെങ്കില്‍ ‘ഇന്ത്യാടുഡേ’യുടെ 2008ലെ സര്‍വ്വേയിലുള്ളതില്‍ അതിശയോക്തിയില്ല എന്ന് മനസ്സിലാക്കേണ്ടി വരുന്നു. കാമ്പസ് വിദ്യാര്‍ത്ഥിനികളില്‍ 45% പേര്‍ വിവാഹപൂര്‍വ്വ ലൈംഗികത ആസ്വദിച്ചവരായിരുന്നു എന്നായിരുന്നു സര്‍വ്വേഫലം. പ്രണയം, സൗഹൃദം, വിനോദയാത്രകള്‍ ഇവ പലപ്പോഴും അപകടച്ചേരുവകളനവധി ഉള്‍ച്ചേര്‍ന്ന് കിടക്കുന്നതാണ്. ഒരിക്കല്‍ വീണുപോയാല്‍ തിരിച്ചു നടക്കുക ഏറെ പ്രയാസകരമാണ്. മദ്യം, ലഹരി, അശ്ലീലം, മൊബൈല്‍, ഇന്റര്‍നെറ്റ്, ചീത്തകൂട്ടുകെട്ട് ഇതിനെതിരെ ശക്തമായ വിരോധമനസ്സ് രൂപപ്പെടുത്തുകയാണ് പ്രതിവിധി, നോ; എന്ന് പറയാന്‍ ശക്തി സംഭരിക്കുക. നല്ല സൗഹൃദങ്ങളിലൂടെ നല്ലതിന് കരുത്ത് പകരുക.

M Abdul Majeed

You must be logged in to post a comment Login