ചെവിയടച്ചു കിടക്കുന്നവരോട്

ചെവിയടച്ചു കിടക്കുന്നവരോട്

പി കെ പാറക്കടവിന്റെ ഒരു കൊച്ചുകഥ എവിടെയോ വായിച്ചതോര്‍ക്കുന്നു. എല്ലാവര്‍ക്കും ചെവിയില്‍ നിന്ന് വേര് മുളച്ചിരിക്കുകയാണ്. അതിനാല്‍ ആര് കേള്‍ക്കാനാണ് പാടുന്നതെന്ന് പരിഭവിച്ച് കിളികള്‍ പറന്നുപോകുന്നതാണ് കഥ. മൊബൈല്‍ ഫോണിലെ പാട്ടാണ് കാലം.
ചെവിയില്‍ സദാസമയം ഇയര്‍ഫോണ്‍ തിരുകി പാട്ടില്‍ മുഴുകി കഴിയുന്ന പുതുതലമുറയാണ് എവിടെയും കാഴ്ച.
മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത ആയിരക്കണക്കിന് പാട്ടുകളും സിനിമകളും പിന്നെ നാട്ടിലെങ്ങും പാട്ടാക്കിയ എഫ് എം റേഡിയോക്കാരിലൂടെ വേറെയും. യുവതലമുറക്ക് മറ്റൊന്നിനും ചെവികൊടുക്കാന്‍ നേരമില്ലെന്നായിരിക്കുന്നു.
വീട്ടില്‍, യാത്രകളില്‍, ഓഫീസുകളില്‍, ക്യൂവില്‍, വിശ്രമസ്ഥലങ്ങളില്‍… എവിടെ നോക്കിയാലും മൗനമായിരിക്കുന്ന ചെറുപ്പക്കാര്‍. കണ്ണുകള്‍ സ്‌ക്രീനിലേക്ക് മാത്രമായി തുറന്നോ അല്ലാതെയോ ആവാം. പക്ഷേ അടഞ്ഞ കാതുകള്‍ സജീവമാണ്. കര്‍ണപുടങ്ങളില്‍ ശബ്ദഘോഷം.
മറ്റുള്ളവര്‍ ഒന്നും അറിയുന്നില്ല; മറ്റുള്ളവരെ ഇവരും. ബസ്സില്‍ ടിക്കറ്റെടുക്കാന്‍ അവരെ തോണ്ടി വിളിക്കണം. പാട്ടുകേട്ടുകൊണ്ടുതന്നെ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങളുമേറെ.
സാങ്കേതികവിദ്യയുടെ കളികള്‍ രസകരവും സൗകര്യപ്രദവും തന്നെ; എത്ര ചെറിയ വിഷയമായാലും. കാര്യങ്ങള്‍ സ്വകാര്യമായി കാതില്‍ കേള്‍പ്പിക്കുന്നത് നല്ലതെന്നു പറയാം. മറ്റൊരാള്‍ക്കും ശല്യമുണ്ടാവില്ലല്ലോ. പക്ഷേ പരിസരബന്ധങ്ങളൊക്കെ വിട്ട് ഭാവനയില്‍ കാണുന്ന ഏതോ ലോകത്തേക്ക് പാട്ടിന്റെ ചിറകേറിപ്പോകുന്നത് നല്ലതാണോ?
ഫോണിനും പാട്ടിനുമൊന്നും ജാതിമതഭേദമറിയില്ല. പക്ഷേ, പാടുന്നവരും കേള്‍ക്കുന്നവരും അങ്ങനെയാണോ? മുസ്‌ലിമിനെ സങ്കടപ്പെടുത്തുന്ന ചില കാഴ്ചകള്‍ വീടുകളിലുണ്ട്. ഉറങ്ങുന്നവരുടെ ചെവിയിലെ ഇയര്‍ഫോണ്‍. പാട്ടുകേട്ട് രസിച്ചുറങ്ങുന്നവര്‍.
ആഭാസകരമല്ലാത്ത പാട്ടുകളേ ഇന്നു കുറവ്. വാദ്യോപകരണങ്ങളാകുന്ന പൈശാചികകോപ്പുകളുപയോഗിക്കാത്തത് അതിലേറെ കുറവ്. പിശാചിനെ ചെവിയില്‍ സ്വീകരിച്ചിരുത്തി ഉറങ്ങുന്ന ഉറക്കം എവിടെയെത്തുമെന്ന് ഓര്‍ക്കുന്നുണ്ടോ?
ഉറക്കത്തെ വിശ്രമമാക്കിത്തന്നിരിക്കുകയാണ് അല്ലാഹു. സൂറതുസബഇല്‍ ഇങ്ങനെ പറയുന്നുണ്ട്. കഠിനാധ്വാനം കഴിഞ്ഞ് ഒന്നുറങ്ങിയാല്‍ ക്ഷീണമകന്നു. ഉറക്കം എത്ര വലിയ അനുഗ്രഹം!
സത്യവിശ്വാസി എങ്ങനെയാണ് ഉറങ്ങേണ്ടത്? ഉണരേണ്ടത്? ഒക്കെയും നിര്‍ദേശങ്ങളുണ്ട്.
കിടത്തം ഖിബ്‌ലക്കു തിരിഞ്ഞു വലതുവശം ചെരിഞ്ഞ് തല വടക്കോട്ടും കാല്‍ തെക്കോട്ടുമാക്കി വേണം. അതുവയ്യെങ്കില്‍ കാലടിയും മുഖവും ഖിബ്‌ലയിലേക്ക് തിരിച്ച് കിഴക്കുപടിഞ്ഞാറ് നീണ്ടുമലര്‍ന്ന് കിടക്കാം. കിടക്കും നേരം ഓതാനും ചെല്ലാനും നിര്‍ദേശിച്ച സൂറത്തുകളും ദിക്‌റുകളുമുണ്ട്. ജീവിതവും മരണവും ഉയര്‍ച്ചയും ഉണര്‍ച്ചയുമൊക്കെ റബ്ബിന് സമര്‍പ്പിക്കുന്ന മഹാ വചനങ്ങള്‍ ഖുര്‍ആനിലെ മഹാപ്രതിഫലമുള്ള സൂറത്തുകള്‍.
അതൊക്കെ ചൊല്ലിപ്പറഞ്ഞ് റബ്ബിനെ ഓര്‍ത്തുകിടക്കേണ്ട മുസ്‌ലിമിന്റെ ചെവിയില്‍ പൈശാചിക സ്വരങ്ങള്‍ വരാമോ? ഉറങ്ങും മുമ്പുള്ള അല്‍പനേരം പോലും ഗാനമാസ്വദിക്കാതെ വയ്യെന്നോ?
നാളെ കിടക്കേണ്ടി വരുന്ന ഖബ്ര്‍ എന്ന കിടപ്പറയെക്കുറിച്ച് ഒരല്‍പം ചിന്ത വന്നാല്‍ മതി; പാട്ടും കൂത്തുമൊന്നും വേണ്ടിവരില്ല.
ജനിച്ചപ്പോള്‍ അല്ലാഹുവിന്റെ നാമം കേള്‍ക്കണമെന്നു നിഷ്‌കര്‍ഷിച്ച മതമാണ് നമ്മുടേത്. മരിക്കുമ്പോള്‍ പറയുന്നതും അതാവണം. അരുതാത്തതു കേട്ടുകേട്ട് ഉറക്കത്തിലേക്ക് വീഴുന്നവന് മനസ്സില്‍ പോലും അല്ലാഹു എന്ന് വരില്ല.
ഉണര്‍ച്ച പ്രതീക്ഷിച്ചാണ് ഉറക്കം. പക്ഷേ, ഉണരുമെന്ന് എന്തുറപ്പ്? അനാരോഗ്യമൊന്നും പ്രത്യക്ഷത്തില്‍ ഇല്ലാതിരുന്നവര്‍ ഉറക്കത്തില്‍ മരണപ്പെടുന്നതേറെ. അല്ലാഹു അതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
”അല്ലാഹു ആത്മാക്കളെ അവയുടെ മരണവേളയില്‍ പിടിച്ചെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് മരണം വിധിച്ചവയെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത അവധി വരെ വിട്ടയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ജനതക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.”(സൂറത്തുസ്സുമര്‍:42).
ആത്മാവ് തിരിച്ചുകിട്ടി അടുത്ത പ്രഭാതം കാണുമോ എന്നറിയുന്നത് അല്ലാഹു മാത്രം. അതു ചിന്തിക്കാതെയാണ് കിടത്തം. ആത്മാവിനെ യാത്രയാക്കുന്നത് അരുതാത്തതിന്റെ അകമ്പടിയിലായാല്‍ അനന്തരമെന്താകും!
കണ്ണും ചെവിയുമൊക്കെ മനസ്സിലേക്കുള്ള വഴിയാണ്. മനസ്സിനെ മലീമസമാക്കുന്നതില്‍ കണ്ണിനും കാതിനും പങ്കുണ്ട്. നല്ലതു കാണുകയും കേള്‍ക്കുകയും ചെയ്‌തെങ്കിലേ മനസ്സുനന്നാകൂ. കാഴ്ചയും കേള്‍വിയും പിശാചിനു സമര്‍പ്പിച്ചാല്‍ മനസ്സില്‍ പിശാച് കൂടുകെട്ടും. പ്രവൃത്തികളൊക്കെ പിന്നെ പിശാചിന്റെ പ്രേരണ പ്രകാരമാകും. നാശം കാതുവഴി വരുന്നതങ്ങനെയാണ്.
‘തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെക്കുറിച്ചെല്ലാം (പരലോകത്ത്)ചോദ്യം ചെയ്യുമെന്ന്’ ഖുര്‍ആന്‍ പറയുന്നുണ്ട്.
നല്ലതിനുപയോഗിച്ചാല്‍ മൊബൈലും നേട്ടമാകും. ഇഹത്തിലും പരത്തിലും മറിച്ചായാല്‍ റബ്ബിന്റെ ശിക്ഷ തടയാന്‍ ഒരു സാങ്കേതികവിദ്യക്കുമാവില്ല.
സ്വാദിഖ് അന്‍വരി