വിത്തുഗുണം പത്തുഗുണം

വിത്തുഗുണം പത്തുഗുണം

നടന്നുനടന്ന് ചെരിപ്പുതേഞ്ഞു എന്ന് പറയാറില്ലേ? അതിക്കാലത്തു പറയാന്‍ വയ്യാത്തതിനാല്‍ ഇങ്ങനെ തിരുത്താം: പെട്രോള്‍ തീര്‍ന്നു!
ഒരു ഫലവുമില്ല.
വിഷയം ഒരു രക്ഷിതാവിന്റെ അലച്ചിലാണ് കാര്യം. മകനൊരു പെണ്ണുവേണം.
പെണ്ണിനാണോ പഞ്ഞം?
ഇയാള്‍ക്കു പക്ഷേ കുറച്ചു നിബന്ധനയൊക്കെയുണ്ട്. അതാണ് പ്രശ്‌നം.
പണ്ടവും പണവും കുറച്ചേറെ വേണമെന്നൊന്നുമല്ല. അതാണെങ്കില്‍ കല്യാണം എന്നേ നടന്നിരിക്കും. സംഗതി വേറെ ചിലതാണ്.
ഉമ്മയുടെയും ഉപ്പയുടെയും ഇഷ്ടത്തിന് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഇക്കാലത്തെ ഒരപൂര്‍വ ജീവിയാണ് മകന്‍. നല്ലവളാണെന്ന് ഉപ്പാക്കും ഉമ്മാക്കും ബോധ്യപ്പെട്ടിട്ടു മതി തന്റെ കാണല്‍ എന്നു പറഞ്ഞു മാറിനില്‍ക്കുകയാണ് അവന്‍.
ഈ സ്വാതന്ത്ര്യം കൊണ്ടുതന്നെയാണ് ഭാവി മരുമകള്‍ക്ക് അവര്‍ ചില നിബന്ധനകള്‍ നിശ്ചയിച്ചതും.
തഹജ്ജുദും ളുഹായും ഉറപ്പുതന്നില്ലെങ്കിലും അഞ്ചുനേരം ഫര്‍ള് നിസ്‌കരിക്കണം. ഖുര്‍ആന്‍ പാരായണം പോലുള്ള മുസ്‌ലിം സമ്പ്രദായങ്ങള്‍ ഉള്ളവളാകണം. സ്‌നേഹമുള്ള ജാതിയാകണം. ഭര്‍ത്താവിന്റെ ഉപ്പയും ഉമ്മയും ഇനി സ്വന്തം മാതാപിതാക്കളെപ്പോലെത്തന്നെയാണെന്ന ചിന്തയും പരിഗണനയും വേണം. കുടുംബങ്ങളെ അകറ്റുന്നവളാകരുത്.
മകന് സന്തോഷവും സൈ്വര്യവും നല്‍കണം. കുത്തിത്തിരിപ്പുണ്ടാക്കി ഭര്‍ത്താവിനെയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് മാറരുത്. കാരണം മകന്‍ ഞങ്ങള്‍ക്ക് ഒന്നേയുള്ളൂ.
ഇത്രയുമാണ് നിബന്ധനകള്‍.
മര്‍അതുസ്വാലിഹ-നല്ലപെണ്ണ് എന്ന് നബി(സ്വ) വിശേഷിപ്പിച്ചവള്‍ക്കുള്ള ലക്ഷണങ്ങളുടെ ആശയങ്ങളില്‍ ചിലതൊക്കെയേ ഇതായിട്ടുള്ളൂ. പക്ഷേ അവളെവിടെ?
സ്ത്രീകളില്‍ മര്‍അത്തുസ്വാലിഹ ചിറകില്‍ വെളുപ്പുള്ള കാക്കയെപ്പോലെ അപൂര്‍വമാണെന്ന് ഒരു മഹദ് മൊഴിയുണ്ട്. ഈ മകനും ഉപ്പായും അപൂര്‍വ ജനുസ്സാണെന്നു സമ്മതിക്കാം. അതു പറഞ്ഞു കുറ്റപ്പെടുത്താന്‍ കുടുംബത്തില്‍ തന്നെ ഏറെ പേരുണ്ടാവാം. ഇതൊക്കെ നോക്കിയാണോ പെണ്ണുകെട്ടുന്നത് എന്ന് ചോദിച്ച് ചുണ്ട് വക്രിപ്പിക്കാം. കാലത്തിനനുസരിച്ച് മാറാന്‍ കഴിയാത്തവര്‍ എന്നു പറഞ്ഞ് പരിഹസിക്കാം.
പക്ഷേ ഒന്നു ചിന്തിച്ചാല്‍ സമ്മതിക്കേണ്ടിവരും. ഇതൊക്കെത്തന്നെയല്ലേ ഒരു മുസ്‌ലിം രക്ഷിതാവ് മകന് ഇണയെ തെരയുമ്പോള്‍ ചെയ്യേണ്ടത്?
മുസ്‌ലിം യുവാക്കളും പിതാക്കളും ഇങ്ങനെയാകുമ്പോഴല്ലേ പെണ്‍മക്കള്‍ നല്ലവരാകാനും പെണ്ണാകാനും ശ്രമിക്കൂ. സൗന്ദര്യവും സമ്പത്തും മാത്രം മാനദണ്ഡമാക്കിയതുകൊണ്ടല്ലേ പെണ്‍കുട്ടികള്‍ ദീനിയായി ഉയരാത്തത്?
കുറ്റവാളികള്‍ പെണ്‍ഭാഗം മാത്രമല്ല, ആണ്‍ഭാഗം കൂടിയാണ്. ഇനിയിതാ ഒരു പഴയ രക്ഷിതാവ് മകന് പെണ്ണുകണ്ടെത്തിയ കഥ. കഥ കേട്ടതുതന്നെയാകും. കഥാ ശേഷം കൂടി കേള്‍ക്കണം. ഖലീഫാ ഉമര്‍(റ) ആണ് പിതാവ്. പ്രജാക്ഷേമമന്വേഷിക്കാന്‍ രാത്രി സഞ്ചാരം പതിവ്.
അതിനിടയിലാണ് കൊച്ചുകൂരയില്‍ നിന്ന് ഉമ്മയുടെ സംസാരം. മകളോട് പറയുകയാണ്- കറന്നെടുത്ത, വില്പനക്കുള്ള പാലില്‍ വെള്ളം ചേര്‍ക്കാന്‍.
മകള്‍ വിസമ്മതിക്കുന്നു.
എന്തിന് മടിക്കണം. ഭരിക്കുന്ന ഉമറോ മറ്റാരെങ്കിലുമോ അറിയില്ലെന്ന് ഉമ്മ.
എന്നാല്‍ അല്ലാഹു കാണുമെന്ന് മകള്‍.
ഉമര്‍(റ) ആ വീട് അടയാളപ്പെടുത്തി. പിറ്റേന്ന് മകന്‍ ആസ്വിമിനെ വിളിച്ചു. വധുവിനെ കണ്ടെത്തിയ കാര്യം പറഞ്ഞു. ആ കല്യാണം നടന്നു.
സ്വത്തായി എന്തുണ്ടവര്‍ക്ക്, പടച്ചവനെപ്പേടിയല്ലാതെ അതു മതിയായിരുന്നു ഉമറിനും മകനും.
ഇനി കഥാ ശേഷം :
ആ ദമ്പതികള്‍ക്കു പിറന്ന ഉമ്മു ആസ്വിമെന്ന മകള്‍ ആ മകള്‍ക്കു ജനിച്ച മകനാരെന്നറിയുമോ?
ഉമറുബ്‌നുല്‍അബ്ദില്‍ അസീസ്!
മാതാമഹന്‍ ഉമറുബ്‌നുല്‍ ഖത്വാബിനെപ്പോലെ നീതിക്കു പേരു കേട്ട ഭരണാധികാരി.
ആടുകളും ചെന്നായ്ക്കളും ഒരിടത്തു മേയും വിധം നീതിയും ശാന്തിയും ഭൂമിയില്‍ നടപ്പാക്കിയ സാക്ഷാല്‍ ഉമര്‍ രണ്ടാമന്‍.
അതുതന്നെ വിത്തുഗുണം പത്തുഗുണം.
വിള നന്നാവാന്‍ നല്ല വിത്തും നല്ല കൃഷിയിടവും വേണം. സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാണെന്ന് പറയുന്നുണ്ട് ഖുര്‍ആന്‍(2:223)..
അര്‍ത്ഥവത്തായ ഈ ഉപമ നല്‍കുന്ന സന്ദേശം വലുതാണ്. നല്ലതു വിളയാത്ത കൃഷി ഭൂമിയുള്ളയാള്‍ നല്ല വിളവ് പ്രതീക്ഷിക്കേണ്ടതുമില്ല.
അല്ലാത്തവര്‍ക്ക് ചില തീരുമാനങ്ങളൊക്കെയാവാം. അനുസരണയുള്ള ആണ്‍മക്കളുടെ പിതാവാകാന്‍ ഭാഗ്യം കിട്ടിയവര്‍ക്ക് മരുമക്കള്‍ക്ക് ചില നിബന്ധനകള്‍ വെക്കാം.
തെരഞ്ഞുനോക്കാം; ചിറകില്‍ വെളുപ്പില്ലെങ്കിലും നേരിയ നിറം മാറ്റമെങ്കിലുമുള്ള കാക്കയെ കണ്ടെത്തിയെങ്കിലോ.

സ്വാദിഖ് അന്‍വരി