ചെറിയ വലിയ കാര്യങ്ങള്‍

ചെറിയ വലിയ കാര്യങ്ങള്‍

വീട്ടിലും വീടനുബന്ധ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും എത്രയുണ്ട്?കുറച്ചൊന്നുമല്ല എന്നാവും പറയാന്‍ തോന്നുക.
അടിച്ചുതുടച്ച് വെടിപ്പാക്കി സൂക്ഷിക്കുന്നുണ്ട് വീടകവും പുറവും. പാത്രങ്ങളോ തിളങ്ങും. അലക്കിയും തേച്ചും സുന്ദരമാക്കും വസ്ത്രങ്ങള്‍. ഭക്ഷണമോ, നന്നായി പാകം ചെയ്യാനറിയാം.
ഇത്രയൊക്കെയല്ലേ വീട്ടുകാരി ശ്രദ്ധിക്കേണ്ട വീട്ടുകാര്യം?
എന്നാല്‍, പോരാ. അതിശ്രദ്ധ വേണ്ട പലതും ഇനിയുമുണ്ട്. കാര്യം നിസ്സാരമായിതോന്നാം. പക്ഷേ, തിരുനബി(സ്വ) ഗൗരവത്തില്‍ തന്നെ പഠിപ്പിച്ച വീട്ടുകാര്യങ്ങളാണവ. പാലിച്ചാല്‍ നേട്ടം രണ്ടാണ്. നബി(സ്വ)യെ അനുസരിച്ചതിനാലുള്ള പാരത്രിക നേട്ടം; ശാരീരികവും സാമ്പത്തികവുമായി ഇഹലോക നേട്ടവും.
വീട്ടുകാരന്‍ ഏറെ നേരവും വീട്ടിലില്ലാത്തവനാണല്ലോ. അതിനാല്‍ വീട്ടുകാരി തന്നെ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍.
വാതില്‍ തുറന്നിടാറുണ്ടോ എപ്പോഴും? എങ്കില്‍ അതൊഴിവാക്കുക. ആരാണ് എപ്പോഴാണ് അകത്തുകയറിക്കൂടുക എന്നറിയില്ല. രാത്രി മാത്രമല്ല, പകലും സുരക്ഷിതമല്ല ഇപ്പോള്‍. അതിനാല്‍ വാതില്‍ക്കല്‍ ദൃഷ്ടിയില്ലാത്ത നേരം വാതില്‍ അടച്ചിടണം.
അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. വാതിലടക്കുമ്പോള്‍ ബിസ്മി ചൊല്ലുക. കാരണം അകത്തുപ്രവേശിക്കുന്നത് മനുഷ്യനും മറ്റു ക്ഷുദ്രജീവികളും മാത്രമല്ല, പിശാചുമുണ്ട് കൂട്ടത്തില്‍. ബിസ്മി ചൊല്ലി അടച്ച വാതില്‍ അവനെ പ്രതിരോധിക്കും. നബിവചനമാണ് തെളിവ്.
പാത്രങ്ങള്‍ തുറന്നിടാതിരിക്കുക. ഭക്ഷണ പാനീയങ്ങളോ വെള്ളമോ ഉള്ള പാത്രം തുറന്നിടുന്നതിന് മതപരമായും ശാസ്ത്രീയമായും വിലക്കുണ്ട്. പാത്രം മൂടിവെക്കാന്‍ നബി(സ്വ) കല്‍പ്പിച്ചിട്ടുണ്ട്. അടക്കാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ വിറകുകൊള്ളിയെങ്കിലും മുകളില്‍ വെക്കാന്‍ നബി(സ്വ)പറഞ്ഞതില്‍ നിന്നു വിഷയത്തിന്റെ ഗൗരവം ഗ്രഹിക്കാം.
മറ്റൊന്ന്, തീ അണയ്ക്കാന്‍ മറക്കാറുണ്ടോ, മടിക്കാറുണ്ടോ?
അടുപ്പും വിറകും മെഴുകുതിരിയുമൊക്കെ ഉപയോഗം കുറവായതിനാല്‍ അതുവഴി സാധ്യത കുറഞ്ഞെങ്കിലും മറ്റുവഴികളിലൂടെ തീപ്പിടുത്തം ഏറിയിട്ടുണ്ടല്ലോ. അതിനുള്ള വഴികളും അടക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഗ്യാസ് പൂട്ടാന്‍ മറന്നും മടിച്ചും എത്രയാണ് അഗ്നിബാധകള്‍. വൈദ്യുതിയുടെ അശ്രദ്ധമായ കൈകാര്യത്തിലൂടെയും തീപ്പിടുത്തങ്ങള്‍ ഏറെ. എല്ലാം ശ്രദ്ധ വേണ്ടതാണ്.
മദീനയില്‍ ഒരിക്കല്‍ ഒരു വീട് വീട്ടുകാര്‍ സഹിതം അഗ്നിക്കിരയായി. സംഭവം നബി(സ്വ) അറിഞ്ഞപ്പോള്‍ പറഞ്ഞു: തീ നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ ഉറങ്ങുമ്പോള്‍ തീ കെടുത്തുക.
തീ ഉപകാരപ്രദമല്ലേ എന്നു ചോദിക്കാം. ശത്രുവിനെക്കൊണ്ടും ചില ഉപകാരങ്ങളൊക്കെയുണ്ടാവും. അതില്‍പ്പെടും അഗ്നിയും. ശത്രുവാണെന്ന ബോധത്തോടെ സൂക്ഷിച്ചും ശ്രദ്ധിച്ചും കൈകാര്യം ചെയ്യണം തീയെ. മനുഷ്യന്‍ അശ്രദ്ധനാകുന്ന സമയം നോക്കുകയാണ് തീ. എല്ലാം ചുട്ടെരിക്കാന്‍.
തീ കൊണ്ടു പടക്കപ്പെട്ട ഇബ്‌ലീസ് ഉണ്ടാക്കിയ അനര്‍ത്ഥങ്ങളും അറിയാമല്ലോ.
വേറൊന്ന്, വൈകുന്നേരമായാല്‍ കൊച്ചുകുട്ടികളെ പുറത്തിറക്കരുത്. ഇശാ മഗ്‌രിബിനിടയില്‍ ഉമ്മമാര്‍ പലരും കൈക്കുഞ്ഞുമായി പുറത്തിറങ്ങാറുണ്ട്. കൈയില്‍ ചോറ്റുപാത്രവുമുണ്ടാകും. അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ ചോറൂട്ടുന്ന ശീലമൊക്കെ പോയെങ്കിലും പുറത്തിറക്കം തുടരുന്നുണ്ട്.
ഒരു നബിവചനം കാണുക: ‘രാത്രിയുടെ ഇരുളായാല്‍ അല്ലെങ്കില്‍ വൈകുന്നേരമായാല്‍ നിങ്ങള്‍ കുഞ്ഞുങ്ങളെ തടഞ്ഞുവെക്കുക. ആ സമയത്ത് പിശാചുക്കള്‍ വ്യാപിക്കും. രാത്രി കുറച്ചായാല്‍ അവരെ വിട്ടോളൂ.'(മുസ്‌ലിം)
കാര്യമില്ലാതെ കുഞ്ഞ് കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യാറില്ലേ? കാരണം പിശാചിന്റെ ഉപദ്രവമാകാം. അതിനു തുള്ളി മരുന്നും സിറപ്പും മതിയാകില്ല. നൂലും മന്ത്രവുമൊക്കെയേ ഫലിക്കൂ.
വളര്‍ത്തുമൃഗങ്ങളെയും ഈ സമയത്ത് പുറത്തുവിടരുത് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. കോഴിക്കൂടും ആട്ടിന്‍ കൂടുമൊക്കെ മഗ്‌രിബിന്നു മുമ്പേ അടച്ചേക്കൂ.
കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ഷോകേസില്‍ കളിപ്പാവകളുണ്ടോ? എങ്കില്‍ അതവര്‍ക്ക് കളിക്കാന്‍ കൊടുത്തോളൂ. ജീവികളുടെ പ്രതിമകള്‍ കൊണ്ട് ഷോകേസ് നിറക്കുന്നവരുണ്ട്. കുട്ടികളെ തൊടാന്‍ പോലും സമ്മതിക്കില്ലതാനും. സന്താന പരിപാലനത്തിനും മറ്റും കളിയിലൂടെ പരിശീലനം കൊടുക്കാന്‍ ഇസ്‌ലാം അനുവദിച്ച ഇളവ് ഈ പ്രതിമാ പ്രദര്‍ശനത്തിന് ലഭിക്കില്ല. ജീവികളുടെ രൂപവും നായയുടെ സാന്നിധ്യവുമുള്ള വീട്ടില്‍ റഹ്മത്തിന്റെ മലക്കുകള്‍ പ്രവേശിക്കുകയില്ല എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിരിപ്പൊന്ന് തട്ടിക്കുടഞ്ഞ് വൃത്തിയാക്കുക. നബി(സ്വ) നിര്‍ദേശിച്ചതാണതും. കാരണവും അവിടുന്ന് പറഞ്ഞു. നിങ്ങള്‍ എഴുന്നേറ്റ് പോന്ന ശേഷം അതില്‍ എന്തുണ്ടായെന്ന് അറിയില്ല എന്ന്. അതുകൊണ്ട് തുണിയുടെ ഉള്‍ഭാഗം കൊണ്ട് വിരിപ്പൊന്ന് തട്ടാന്‍ പറഞ്ഞു നബി(സ്വ). ഉറുമ്പു മുതല്‍ പാമ്പുവരെയുള്ള ക്ഷുദ്രജീവികള്‍ വിരിപ്പില്‍ കയറാം. ശ്രദ്ധിക്കാതെയും തട്ടിക്കുടയാതെയും കിടന്നാല്‍ ആരോഗ്യത്തിനും ചിലപ്പോള്‍ ജീവനുതന്നെയും ഹാനി. മറിച്ചായാല്‍ തടി കാക്കാമെന്നുമാത്രമല്ല, നബി(സ്വ)യെ അനുസരിച്ചതിന്റെ കൂലിയും കിട്ടും.
ഉറുമ്പിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി ഓര്‍മവരുന്നു. അടുക്കളയിലും മുറ്റത്തുമൊക്കെ ഉറുമ്പുശല്യം വീട്ടുകാരികള്‍ക്ക് സൈ്വര്യക്കേടാവാറുണ്ടല്ലോ? അപ്പോള്‍ എന്താണ് ചെയ്യാറുള്ളത്, ഒന്നാകെ കൊന്നുകളയലോ?
എങ്കില്‍ അതുചെയ്യരുത്. കൊല്ലാതെ തുരത്താനുള്ള മാര്‍ഗം സ്വീകരിക്കുക. അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്ന സമൂഹം എന്നാണ് അല്ലാഹു അവയെക്കുറിച്ച് പറഞ്ഞത്. അവയെ ഇല്ലാതാക്കാന്‍ നമുക്കധികാരമില്ല.
വീട്ടുകാരി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ പലതുണ്ട്. നബി(സ്വ)യുടെ നിര്‍ദേശം മാനിച്ചെന്ന നിയ്യത്തുണ്ടായാല്‍ സകലതിനും കൂലിയുണ്ട്.
സ്വാദിഖ് അന്‍വരി