എളുപ്പത്തില്‍ തൊഴിലിന് ഡാറ്റ എന്‍ട്രി പഠിക്കാം

എളുപ്പത്തില്‍ തൊഴിലിന് ഡാറ്റ എന്‍ട്രി പഠിക്കാം

പുതിയ കാലത്ത് തൊഴില്‍ കിട്ടുകയെന്നത് അത്ര എളുപ്പമല്ല എന്നത് എല്ലാവര്‍ക്കുമറിയാം. ഏത് തൊഴില്‍മേഖലയിലേക്ക് കടക്കണമെങ്കിലും അതിന് വേണ്ട കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. കോഴ്‌സ് മികച്ച മാര്‍ക്കോടെ ജയിച്ചാലും പോരാ, ആ രംഗത്ത് പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കിലേ നല്ല ജോലി കൈയില്‍വരൂ. എവിടെയെങ്കിലും ഒന്ന് കയറിക്കൂടാന്‍ പറ്റിയാലല്ലേ പ്രവൃത്തിപരിചയമുണ്ടാകൂ. ബി.ടെക്കും എം.ടെക്കും കഴിഞ്ഞ് തേരാപ്പാര നടക്കുന്നവര്‍ എത്രയോയുണ്ട് നമ്മുടെ നാട്ടില്‍. ഇഷ്ടമുള്ള ജോലി തന്നെ കിട്ടിയാലേ ചെയ്യൂ എന്ന് വാശിയുള്ളവരാണ് ഇങ്ങനെ തൊഴില്‍രഹിതരായി അലയുന്നവരില്‍ ഏറെയും.

പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ പോലും തൊഴിലില്ലാതെ നരകിക്കുന്ന നമ്മുടെ നാട്ടില്‍ പത്ത് പാസായവനും പ്ലസ്ടു തോറ്റവനുമൊക്കെ എന്ത് ജോലി കിട്ടാന്‍? പണിയെടുക്കാനുള്ള മനസുണ്ടെങ്കില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ക്ക് പോലും കൊള്ളാവുന്ന ജോലി കിട്ടുമെന്നതാണ് സത്യം. കൂലിപ്പണിയല്ല ഓഫീസ് ജോലി തന്നെ ഇവര്‍ക്ക് സ്വന്തമാക്കാനാവും. അക്കൂട്ടത്തില്‍ പെട്ടൊരു ജോലിയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടേത്.

എന്താണീ ഡാറ്റ എന്‍ട്രി
പേര് സൂചിപ്പിക്കുന്നത് പോലെ കമ്പ്യൂട്ടറൈസ്ഡ് ഡാറ്റ ബേസിലേക്കോ സ്‌പ്രെഡ് ഷീറ്റിലേക്കോ ഡാറ്റ എന്റര്‍ ചെയ്യുന്നതിനെയാണ് ഡാറ്റ എന്‍ട്രി എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ജോലി നിര്‍വഹിക്കുന്നവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നാണ് പേര്. കൈ കൊണ്ടെഴുതപ്പെട്ട പല തരത്തിലുളള വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഫയല്‍ രൂപത്തിലേക്ക് മാറ്റി പിന്നീടുപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ശേഖരിച്ചുവെക്കുകയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ചുമതല. വിവരങ്ങള്‍ പല തരത്തിലുള്ളതാകാം. ചിലപ്പോഴത് കണക്കുകളാകാം, അല്ലെങ്കില്‍ ടെലിഫോണ്‍ നമ്പറുകള്‍, അല്ലെങ്കില്‍ കത്തുകളോ ലേഖനങ്ങളോ ആകാം. എന്ത് തരത്തിലുള്ള വിവരങ്ങളായാലും അത് ശ്രദ്ധയോടെ വായിച്ചു മനസിലാക്കി തെറ്റുകൂടാതെ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്തുകയറ്റുകയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ജോലി. ടൈപ്പിസ്റ്റ്, ഡാറ്റ എന്‍ട്രി കീയര്‍, ഇന്‍ഫര്‍മേഷന്‍ പ്രൊസസ് വര്‍ക്കര്‍ എന്നീ പേരുകളിലും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ അറിയപ്പെടുന്നു.

തുടക്കക്കാര്‍ക്ക് പറ്റിയ ജോലി
പത്താം ക്ലാസോ പ്ലസ്ടുവോ പൂര്‍ത്തിയാക്കിയശേഷം ഉടനൊരു ജോലി വേണമെന്നുളളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണ് ഡാറ്റ എന്‍ട്രി. നാട്ടിന്‍പുറത്തുള്ള ഡി.ടി.പി. സെന്ററുകള്‍ തൊട്ട് മഹാനഗരങ്ങളിലെ സോഫ്റ്റ്‌വേര്‍ കമ്പനികളില്‍ വരെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ജോലി സാധ്യതയുണ്ട്. ഈ രംഗത്തേക്ക് പ്രവേശിക്കാന്‍ വലിയൊരു ബുദ്ധിസാമര്‍ഥ്യമോ വിദ്യാഭ്യാസയോഗ്യതയോ ഒന്നും ആവശ്യമില്ല. മറ്റ് കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കോ വീട്ടമ്മമാര്‍ക്കോ പാര്‍ട്‌ടൈം ആയി പോലും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ജോലി ചെയ്യാവുന്നതാണ്. ചില സ്ഥാപനങ്ങള്‍ മൈക്രോസോഫ്റ്റ് ഓഫീസ് പോലുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളില്‍ പ്രാവീണ്യമുള്ളവരെയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി റിക്രൂട്ട് ചെയ്യുക. എന്നാല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍ പ്രവൃത്തിപരിചയമില്ലാത്തവരെപ്പോലും ട്രെയിനി ഡാറ്റ എന്‍ട്രി ഓപ്പറ്റേറര്‍മാരായി നിയമിക്കാറുണ്ട്. തുടക്കക്കാര്‍ക്ക് പോലും തെറ്റില്ലാത്ത ശമ്പളം കിട്ടുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതേ ജോലിയില്‍ തന്നെ തുടരേണ്ട കാര്യമില്ല. പ്രവൃത്തിപരിചയമാകുമ്പോള്‍ ഡാറ്റ എന്‍ട്രിയുടെയും ഡാറ്റ പ്രൊസസിങിന്റെയും ഉയര്‍ന്ന മേഖലകളിലേക്ക് ഇവര്‍ക്ക് മാറാനുള്ള അവസരം ലഭിക്കും.

കൈയില്‍ വേണ്ടതെന്തെല്ലാം
പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴിലായതിനാല്‍ കമ്പ്യൂട്ടറിലുള്ള അടിസ്ഥാന പ്രവൃത്തിപരിചയവും കമ്പ്യൂട്ടറിലെ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള സന്നദ്ധയുമുള്ളവര്‍ക്കേ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരാകാന്‍ സാധിക്കൂ. തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ്, കീബോര്‍ഡ് വേഗം, മുന്നിലെത്തുന്ന വിവരങ്ങള്‍ പെട്ടെന്ന് വായിച്ചു മനസിലാക്കാനുളള ശേഷി എന്നിവയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യം. മൈക്രോസോഫ്റ്റ് പ്രോഗ്രാമുകളായ വേര്‍ഡ്, എക്‌സെല്‍, പവര്‍പോയിന്റ് എന്നിവയിലുളള അടിസ്ഥാന അറിവും നേടിയിരിക്കണം. ഇംഗ്ലീഷ് സ്‌പെല്ലിങ്, ഗ്രാമര്‍, പങ്‌ച്വേഷന്‍ എന്നിവയിലൊക്കെ ധാരാണയുള്ളയാള്‍ക്ക് നല്ല ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി പെട്ടെന്ന് പേരെടുക്കാം. ഇംഗ്ലീഷ് അറിയാത്തവരും വിഷമിക്കേണ്ട കാര്യമില്ല. മലയാളമടക്കമുള്ള പ്രാദേശികഭാഷകളിലും ധാരാളം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ ഒഴിവുണ്ട്. അറബി,ഹിന്ദി തുടങ്ങിയ ഭാഷകള്‍ ടൈപ്പ് ചെയ്യാനറിയാവുന്ന ഓപ്പറേറ്റര്‍മാരെ പറയുന്ന തുക ശമ്പളം നല്‍കി കൊണ്ടുപോകാന്‍ ഡി.ടി.പി. സെന്ററുകള്‍ എപ്പോഴും തയ്യാറാണ്.

ഒറ്റയ്‌ക്കോ ഒരു ടീമിന്റെ ഭാഗമായോ ചെയ്യേണ്ട ജോലിയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടേത്. ഏല്‍പ്പിച്ച പ്രോജക്ടുകള്‍ തീര്‍ക്കാനായി ചിലപ്പോള്‍ ഓഫീസ് സമയം കഴിഞ്ഞോ രാത്രി വൈകിയോ ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവരും. കിട്ടുന്ന മാറ്ററുകള്‍ വേഗത്തില്‍ ടൈപ്പ് ചെയ്ത് തീര്‍ത്താല്‍ പോരാ, ടൈപ്പ് ചെയ്യുന്ന മാറ്ററില്‍ തെറ്റ് തീരെ കുറവാണ് എന്ന് ഉറപ്പുവരുത്തേണ്ടതും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ കടമയാണ്. ടൈപ്പിങിന് പുറമെ ഓഫീസിലെ അടിസ്ഥാന സേവന ഉപകരണങ്ങളായ സ്‌കാനറുകള്‍, കോപ്പിയറുകള്‍, പ്രിന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള അറിവും ഇവര്‍ക്ക് വേണം.

എന്ത് പഠിക്കണം?
പ്രത്യേകിച്ചൊരു കോഴ്‌സോ യോഗ്യതയോ വേണമെന്നില്ല ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാകാന്‍. അതുകൊണ്ടുതന്നെ ഇതിന് വേണ്ടി മാത്രമായി ഒരു സ്ഥാപനവും കോഴ്‌സുകള്‍ നടത്തുന്നുമില്ല. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടു യോഗ്യതയുള്ള ആര്‍ക്കും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാകാം. ടൈപ്പിങ് വേഗമാണ് അത്യാവശ്യം വേണ്ട യോഗ്യത. അതിനായി ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചേര്‍ന്ന് അല്പകാലം ടൈപ്പിങ് പഠിക്കാം. വീട്ടില്‍ കമ്പ്യൂട്ടറുള്ളവര്‍ അതില്‍ ടൈപ്പിങ് പരിശീലിച്ചാലും മതി.
ചില സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍, സ്വകാര്യ ഐ.ടിഐകളും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്. ടൈപ്പിങിനൊപ്പം എം.എസ്., ഓഫീസ്, ഓപ്പറേറ്റിങ് സിസ്റ്റം, നെറ്റ്‌വര്‍ക്കിങിന്റെയും ഹാര്‍ഡ്‌വേറിന്റെയും അടിസ്ഥാന കാര്യങ്ങള്‍, പേജ്‌മേക്കര്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയും ഈ കോഴ്‌സില്‍ പഠിപ്പിക്കുന്നുണ്ട്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ചില ഐ.ടി.ഐകളിലും പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.എ.) കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി പെട്ടെന്ന് ജോലി കിട്ടുന്നുണ്ട്. ചില സ്വകാര്യ ഐ.ടി.ഐകളില്‍ ആറുമാസത്തെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നു. സര്‍ക്കാര്‍ വകുപ്പുകളിലേക്കും പൊതുമേഖലാസ്ഥാപനങ്ങളിലേക്കും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകളില്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ സി.ഒ.പി.ഒ. യോഗ്യത നിഷ്‌കര്‍ഷിക്കാറുണ്ട്. ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി നല്ല സ്ഥാപനങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ പ്ലസ്ടുവിന് ശേഷം ഏതെങ്കിലും ഐ.ടി.ഐകളില്‍ ചേര്‍ന്ന് ഇത്തരത്തിലുളള കോഴ്‌സ് ചെയ്യുന്നതാണ് നല്ലത്. സര്‍ക്കാര്‍ വകുപ്പുകളില്‍ മിക്കതിലേക്കും ഇപ്പോഴും ടൈപ്പിങ് തസ്തികയിലേക്ക് തന്നെയാണ് അപേക്ഷ ക്ഷണിക്കുന്നത്. അപൂര്‍വം ചില വകുപ്പുകളില്‍ മാത്രമേ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുള്ളൂ. ടൈപ്പിസ്റ്റായി ജോലിക്ക് ചേരുന്നവരും ചെയ്യേണ്ടി വരുക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടേത് തന്നെയാണ്. എന്നിരുന്നാലും ടൈപ്പിങ് ലോവര്‍ പരീക്ഷ പാസായവര്‍ക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകൂ. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും ടൈപ്പ്‌റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ടൈപ്പിങില്‍ പ്രായോഗിക പരിശീലനം നടത്തി ഇതുസംബന്ധിച്ച യോഗ്യതാപരീക്ഷ പാസാകണം.

എല്ലാവര്‍ക്കും തൊഴിലുറപ്പ്
ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ സഹായമില്ലാതെ ഒരു സ്ഥാപനത്തിനും മുന്നോട്ടുപോകാനാകില്ല എന്ന അവസ്ഥയാണിപ്പോള്‍. ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റ് തൊട്ട് വന്‍കിട കോര്‍പ്പറേറ്റ് ഓഫീസുകളില്‍ വരെ ഡാറ്റ എന്‍ട്രി ഓപ്പറ്റേറുടെ സേവനം അത്യാവശ്യമാണ്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ഹ്യുമന്‍ റിസോഴ്‌സസ്, ഹെല്‍ത്ത്‌കെയര്‍… ഈ മേഖലകളിലൊക്കെയായി ആയിരക്കണക്കിന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ജോലി ചെയ്യുന്നു. ഇന്‍ഷുറന്‍സ് രംഗത്തെ പഴയ രേഖകളെല്ലാം കമ്പ്യൂട്ടറിലേക്ക് കയറ്റുന്നതിനുള്ള വന്‍പദ്ധതികള്‍ കമ്പനികള്‍ നടത്തിവരികയാണ്. പഴയകാലത്തെ ബാങ്കിടപാടുകളും ഇതുപോലെ ഡിജിറ്റലൈസ് ചെയ്യാനായി പൊതുമേഖലാബാങ്കുകള്‍ നടപടിയാരംഭിച്ചുകഴിഞ്ഞു. ഇവയുടെയെല്ലാം കരാറുകള്‍ വന്‍ തുകയ്ക്ക് വലിയ കമ്പനികളാണ് ഏറ്റെടുത്തിട്ടുള്ളത്. നൂറുകണക്കിന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെക്കൊണ്ട് രാവും പകലും ജോലി ചെയ്യിച്ചാണ് കമ്പനികള്‍ ഈ ലക്ഷ്യം സാധിക്കുന്നത്. അതുകൊണ്ട് തന്നെ പരിചയസമ്പന്നരായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ എത്രവേണമെങ്കിലും റിക്രൂട്ട് ചെയ്യാന്‍ ഈ കമ്പനികളൊക്കെ തയ്യാറുമാണ്. വിദേശത്തുനിന്നുള്ള ഡാറ്റ എന്‍ട്രി കരാറുകളും ഈ കമ്പനികള്‍ക്ക് ലഭിക്കുന്നു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങള്‍ക്കൊപ്പം നമ്മുടെ കൊച്ചിയിലും ഇതുപോലുള്ള വലിയ ഡാറ്റ എന്‍ട്രി കരാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ വാനി ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റര്‍നാഷനല്‍ ഡാറ്റ എന്‍ട്രി സര്‍വീസസ്, ബാംഗ്ലൂരിലെ സ്‌റ്റൈലസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റര്‍കോം ഇന്ത്യ, ഹൈദരാബാദിലെ റണ്‍എവേര്‍ സോഫറ്റ്‌വേര്‍ പ്രൈവറ്റ് ലിമിറ്റഡ്, പോളാരിസ് സോഫ്റ്റ്‌വേര്‍ ലാബ്‌സ് എന്നിവയാണ് വര്‍ഷാവര്‍ഷം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ജോലിക്കെടുക്കുന്ന വമ്പന്‍ കമ്പനികള്‍.

തുടക്കാര്‍ക്ക് ഏഴായിരം മുതല്‍ പന്ത്രണ്ടായിരം വരെയാണ് ഈ കമ്പനികള്‍ നല്‍കുന്ന ശമ്പളം. പരിചയസമ്പന്നത കൂടുന്നതനുസരിച്ച് ശമ്പളവും കൂടും.

വീട്ടിലിരുന്ന ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തുകൊടുക്കാന്‍ സൗകര്യം തരുന്ന കമ്പനികളുമുണ്ട്.’വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന് പത്രങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്ക് പിന്നില്‍ ഇത്തരം ഡാറ്റ എന്‍ട്രി സ്ഥാപനങ്ങളാണ്. ഇങ്ങനെ കരാര്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡാറ്റ എന്‍ട്രി കരാര്‍ നല്‍കാമെന്ന് പറഞ്ഞ് വന്‍തുക രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി മുങ്ങുന്ന ചില കമ്പനികളെക്കുറിച്ച് പത്രവാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് ഏതെങ്കിലും കമ്പനിയുമായി കരാര്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണം.

റസല്‍