വേഗത്തില്‍ തൊഴിലിന് വിഷ്വല്‍ എഡിറ്റിങ്

വേഗത്തില്‍ തൊഴിലിന് വിഷ്വല്‍ എഡിറ്റിങ്

ലോകം മുഴുവന്‍ ഡിജിറ്റല്‍ വഴിയിലേക്ക് നീങ്ങിയിട്ട് നാളുകളേറെയായി. കാസറ്റില്‍ നിന്ന് സി.ഡിയിലേക്കും സിഡിയില്‍ നിന്ന് പെന്‍ഡ്രൈവിലേക്കും വളര്‍ന്നുകഴിഞ്ഞു ഡിജിറ്റല്‍ സാങ്കേതികവിദ്യ. എല്ലാം വിഷ്വലുകളായി മാറുന്ന പുതുകാലത്ത് ഈ വിഷ്വലുകളെല്ലാം വെട്ടിച്ചേര്‍ത്ത് കൂട്ടിയിണക്കി കാണാന്‍ കൊള്ളാവുന്നതാക്കുക എന്ന ധര്‍മമാണ് വിഷ്വല്‍ എഡിറ്റര്‍ക്ക് ചെയ്യാനുള്ളത്. മതപ്രഭാഷണപരമ്പരകള്‍ പോലും വൃത്തിയായി ഷൂട്ടിങും എഡിറ്റിങും നടത്തി യൂട്യൂബിലൂടെ ലോകമെങ്ങും എത്തിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ വിഷ്വല്‍ എഡിറ്റിങ് എന്ന സാങ്കേതികവിദ്യ അറിയുന്നവരുടെ തൊഴില്‍ സാധ്യതകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. വേഗത്തിലൊരു തൊഴില്‍ നേടണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ കണ്ണും പൂട്ടി വിഷ്വല്‍ എഡിറ്റിങ് കോഴ്‌സിന് ചേരാം. വലിയ വിദ്യാഭ്യാസയോഗ്യതയൊന്നും ഇല്ലാത്തവര്‍ക്ക് പോലും എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന കോഴ്‌സാണിത് എന്ന പ്രത്യേകതയുമുണ്ട്.

എന്താണീ വീഡിയോ എഡിറ്റിങ്?
വിഷ്വല്‍ എഡിറ്റിങ് കോഴ്‌സിന്റെ സാധ്യതകള്‍ വിശദീകരിക്കും മുമ്പേ എന്താണ് വിഷ്വല്‍ എഡിറ്റിങ് എന്ന് മനസിലാക്കാം. നമ്മള്‍ കാണുന്ന എല്ലാ വീഡിയോകളുടെയും പിന്നില്‍ ഒരു എഡിറ്ററുടെ കരവിരുതുണ്ട്. വിവിധ ഘട്ടങ്ങളിലെടുത്ത വിഷ്വല്‍ ടേപ്പുകള്‍ മുഴുവന്‍ കണ്ടശേഷം അതില്‍ നിന്ന് ആവശ്യമില്ലാത്ത ഭാഗങ്ങളെല്ലാം വെട്ടിമാറ്റി അതിനൊരു ദൃശ്യഭാഷ സമ്മാനിച്ചുകൊണ്ട് ഒറ്റ ടേപ്പാക്കി മാറ്റുക എന്നതാണ് വിഷ്വല്‍ എഡിറ്ററുടെ ജോലി. ഒരു വീഡിയോയുടെ ഷൂട്ടിങിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ് എഡിറ്റിങ്. ദൃശ്യങ്ങള്‍ മാത്രം എഡിറ്റ് ചെയ്യുന്നതില്‍ തീരുന്നില്ല എഡിറ്ററുടെ ഉത്തരവാദിത്തം. ആ ദൃശ്യങ്ങള്‍ക്ക് പറ്റിയ ശബ്ദങ്ങളോ സംഭാഷണങ്ങളോ കണ്ടെത്തി അതിന്റെ ട്രാക്ക് വിഷ്വലുകള്‍ക്കൊപ്പം ചേര്‍ക്കേണ്ടതും എഡിറ്റര്‍ തന്നെ. വാര്‍ത്താചാനലുകളില്‍ കാണുന്ന ന്യൂസ് ക്ലിപ്പിങ്ങുകള്‍ തൊട്ട് ഡോക്യുമെന്ററികളും സിനിമകളും വരെ ഇങ്ങനെ എഡിറ്റിങ് പ്രക്രിയയിലൂടെ കടന്നുവന്നവയാണ്. ഒരു വീഡിയോ മോശമായി എന്നതിനര്‍ഥം അതിന്റെ എഡിറ്റിങില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ട് എന്നതാണ്. സംവിധായകന്‍ എടുത്തുകൂട്ടിയ ഫൂട്ടേജ് കാണികള്‍ക്ക് ആസ്വാദ്യകരമായി വെട്ടിയൊതുക്കി പാകപ്പെടുത്തുന്നതില്‍ എഡിറ്റര്‍ പരാജയപ്പെടുന്നിടത്താണ് വീഡിയോ മോശമാകുന്നത്. അതുകൊണ്ട് ഒരു വീഡിയോയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സംവിധായകനോളം ഉത്തരവാദിത്തം എഡിറ്റര്‍ക്കുമുണ്ടെന്ന് മനസിലാക്കണം.

എഡിറ്റിങില്‍ രണ്ടുവഴികള്‍
വിഷ്വല്‍ എഡിറ്റിങില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ട്. ടേപ്പില്‍ നിന്ന് ടേപ്പിലേക്കുളള ലീനിയര്‍ എഡിറ്റിങും ഡിജിറ്റല്‍ വീഡിയോ എഡിറ്റിങ് അഥവാ നോണ്‍-ലീനിയര്‍ എഡിറ്റിങും.
ഷൂട്ട് ചെയ്ത ടേപ്പുകള്‍ മറ്റൊരു ടേപ്പിലേക്ക് പകര്‍ത്തിയശേഷമേ ലീനിയര്‍ രീതിയിലുളള എഡിറ്റിങ് സാധ്യമാകൂ. അങ്ങനെ പകര്‍പ്പെടുക്കുമ്പോള്‍ വീഡിയോയുടെ ദൃശ്യമികവിനെ അതു ദോഷകരമായി ബാധിക്കും. നോണ്‍-ലീനിയര്‍ എഡിറ്റിങ് രീതിയിലാകട്ടെ ദൃശ്യങ്ങളും ശബ്ദങ്ങളുമെല്ലാം കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലാണ് ശേഖരിക്കപ്പെടുന്നത്. ഇങ്ങനെ ശേഖരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പെടുക്കാതെ മാസ്റ്റര്‍ കോപ്പിയില്‍ തന്നെയാണ് എഡിറ്റിങ് നടക്കുന്നത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങളുടെ ഗുണമേന്മയില്‍ ഒരു കുറവും സംഭവിക്കുന്നില്ല. ലീനിയര്‍ എഡിറ്റിങിനേക്കാള്‍ ചെലവും സമയവും കുറച്ച് മതി നോണ്‍-ലീനിയര്‍ എഡിറ്റിങിന്.
വി.എച്ച്.എസ് കാസറ്റുകളുടെയും ടേപ്പുകളുടെയും കാലം കഴിഞ്ഞതോടെ ലീനിയര്‍ എഡിറ്റിങിന്റെ പ്രസക്തി കുറഞ്ഞുവരുകയാണ്. ഇന്നിപ്പോള്‍ തൊണ്ണൂറുശതമാനം എഡിറ്റിങും നോണ്‍-ലീനിയര്‍ രീതിയില്‍ തന്നെയാണ് നടക്കുന്നത്.

കൈയില്‍ വേണ്ടത്
കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും സ്വയം പ്രചോദിപ്പിക്കാനുള്ള കഴിവുമാണ് വിഷ്വല്‍ എഡിറ്റര്‍ക്ക് പ്രാഥമികമായി വേണ്ടത്. പിന്നെ വേണ്ടത് സര്‍ഗാത്മകതയും കലാപരമായ താത്പര്യവുമാണ്. വിശദാംശങ്ങള്‍ ഒന്നും വിട്ടുപോകാതെയുളള നിരീക്ഷണപാടവവും ഒരു ടീമായി പ്രവര്‍ത്തിക്കാനുള്ള മനസും ഇവര്‍ക്ക് അത്യാവശ്യം. നല്ല ക്ഷമയുള്ളവര്‍ക്കേ നല്ല എഡിറ്ററാകാന്‍ സാധിക്കൂ എന്ന് ഈ രംഗത്തെ മുതിര്‍ന്ന തലമുറക്കാന്‍ ഓര്‍മിപ്പിക്കുന്നു. അഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ചിത്രം എഡിറ്റ് ചെയ്യാന്‍ ചുരുങ്ങിയത് രണ്ടുദിവസമെങ്കിലും പണിയെടുക്കേണ്ടിവരും. കണ്ട വിഷ്വലുകള്‍ തന്നെ വീണ്ടും വീണ്ടും കണ്ട് അതില്‍ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് തൊട്ടടുത്തുളള മറ്റൊരു വിഷ്വലുമായി ബന്ധിപ്പിച്ച് വേണം ഓരോ സീനുകളും സൃഷ്ടിക്കാന്‍. അതിനാണ് നല്ല ക്ഷമ വേണമെന്ന് പറയുന്നത്. ഡിജിറ്റല്‍ കാമറകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം ഒരു എഡിറ്റര്‍.

എവിടെ പഠിക്കണം?
വിഷ്വല്‍ എഡിറ്റിങില്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും പല സ്ഥാപനങ്ങളും നടത്തുന്നുണ്ട്. പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.), കൊല്‍ക്കത്തയിലെ സത്യജിത്‌റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ആര്‍.എഫ്.ടി.ഐ.), ചെന്നൈ അഡയാറില്‍ പ്രവര്‍ത്തിക്കുന്ന എം.ജി.ആര്‍. ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ അന്നപൂര്‍ണ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ഫിലിം പ്ലസ് മീഡിയ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിലിം എഡിറ്റിങ് കോഴ്‌സുകള്‍ ഗുണമേന്മയ്ക്ക് പേരു കേട്ടതാണ്. ദേശീയതലത്തില്‍ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിലെ പ്രവേശനം.

പൂനെയിലെ റിലയന്‍സ് എയിംസ് വി.എഫ്.എക്‌സ്. അക്കാദമി, മുംബൈയിലെ ഡിജിറ്റല്‍ അക്കാദമി ഫിലിം സ്‌കൂള്‍, ചെന്നൈയിലെ എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടി.വി. അക്കാദമി എന്നിവിടങ്ങളിലും മികച്ച രീതിയില്‍ വിഷ്വല്‍ എഡിറ്റിങ് കോഴ്‌സുകള്‍ നടക്കുന്നുണ്ട്. സ്വകാര്യസ്ഥാപനങ്ങളായതിനാല്‍ ഇവിടെയെല്ലാം വന്‍തുക ഫീസായി കൊടുക്കേണ്ടിവരും എന്നുമാത്രം.

കേരളത്തില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ വീഡിയോ എഡിറ്റിങില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് ഇതില്‍ പ്രധാനം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. ഒരു ബാച്ചില്‍ 15 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് പരീക്ഷാഫീസ് ഉള്‍പ്പെടെ 24,050 രൂപയാണ് ഫീസ്. പട്ടികജാതി/വര്‍ഗ/ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയുടെ മെറിറ്റടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ മീഡിയ അക്കാദമി വെബ്‌സൈറ്റായ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മൂന്നുമാസം ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്. വീഡിയോ എഡിറ്റിങ്, എഫക്ട്‌സ് എഡിറ്റിങ്, ടൈറ്റിലിങ്, കളര്‍ ഗ്രേഡിങ്, എഫ്.സി.പി. എക്‌സ് എന്നീ വിഷയങ്ങളാണ് കോഴ്‌സില്‍ പഠിപ്പിക്കുക. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ ഫ്രാഞ്ചൈസികളില്‍ ഈ കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ സംരംഭമായ സി-ഡിറ്റ് നോണ്‍ലീനിയര്‍ എഡിറ്റിങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 20,00 രൂപയാണ് ഫീസ്. തൃശൂരിലെ ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ മീഡിയ സ്‌കൂള്‍, പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡോണ്‍ബോസ്‌കോ ഇമേജ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും വിഷ്വല്‍ എഡിറ്റിങ് കോഴ്‌സ് നടക്കുന്നുണ്ട്.

എന്ത് പഠിക്കണം
വിഷ്വല്‍ എഡിറ്റിങിന്റെ മേഖലയിലേക്ക് പ്രവേശിക്കാന്‍ കോളേജ് ഡിഗ്രിയോ ഡിപ്ലോമയോ ഒന്നും ആവശ്യമില്ല. പത്ത് തോറ്റവര്‍ പോലും വിഷ്വല്‍ എഡിറ്റര്‍മാരായി വിലസുന്നുണ്ട്. പക്ഷേ വിഷ്വല്‍ ആര്‍ട്‌സ്/ഫൈന്‍ ആര്‍ട്‌സ്/മള്‍ട്ടിമീഡിയ/ഐ.ടി./മീഡിയ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് വിഷ്വല്‍ എഡിറ്ററായി മികച്ച അവസരങ്ങള്‍ തുറന്നുകിട്ടും. എഡിറ്റിങ് എന്ന സാങ്കേതികശാഖയുടെ മൊത്തത്തിലുള്ള പരിചയപ്പെടുത്തലും എഡിറ്റിങ് എങ്ങനെ വീഡിയോ നിര്‍മാണത്തിന്റെ മറ്റു ഘട്ടങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു എന്ന് പഠിപ്പിക്കലുമാണ് വിഷ്വല്‍ എഡിറ്റിങ് കോഴ്‌സില്‍ നടക്കുന്നത്. വീഡിയോ നിര്‍മാണത്തിന്റെ എല്ലാ നടപടികളും കണ്ടും പരിശീലിച്ചും പഠിക്കാന്‍ വിഷ്വല്‍ എഡിറ്റിങ് ക്ലാസില്‍ അവസരമുണ്ടാകും. ലീനിയര്‍, നോണ്‍-ലീനിയര്‍ എന്നീ രണ്ടു തരം എഡിറ്റിങ് സങ്കേതങ്ങളെക്കുറിച്ചുള്ള മികച്ച ധാരണയും എഡിറ്റിങ് കോഴ്‌സിലൂടെ ലഭിക്കും.

പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മേഖലയാണ് വിഷ്വല്‍ എഡിറ്റിങ്. കൊച്ചുകുട്ടികള്‍ക്ക് പോലും കൈകാര്യം ചെയ്യാനാവുന്നത്ര എളുപ്പമായ വിന്‍ഡോസ് മൂവി മേക്കര്‍ സോഫ്റ്റ്‌വേര്‍ തൊട്ട് ഫൈനല്‍ കട്ട് പ്രോ, യുലീഡ് മീഡിയ സ്റ്റുഡിയോ, എവിഡ്‌സ് മീഡിയ കമ്പോസര്‍, എക്‌സ്പ്രസ് പ്രോ, അഡോബി പ്രീമിയര്‍ എന്നീ പ്രൊഫഷനലുകള്‍ക്ക് മാത്രം വഴങ്ങുന്ന സോഫ്റ്റ്‌വേറുകള്‍ വരെ വീഡിയോ എഡിറ്റര്‍ക്ക് പഠിച്ചെടുക്കേണ്ടതുണ്ട്. സാധാരണ കമ്പ്യൂട്ടറുകളിലൊന്നും ഈ സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിക്കുകയുമില്ല. ഇത്തരം സോഫ്റ്റ്‌വേറുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ടാക്കാനും വിഷ്വല്‍ എഡിറ്റിങ് കോഴ്‌സുകള്‍ സഹായകരമാകും.

എഡിറ്റിങില്‍ മികച്ച രീതിയിലുള്ള ഒരു കരിയര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വിഷയത്തില്‍ ഏതെങ്കിലുമൊരു കോഴ്‌സ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കോഴ്‌സിലൂടെ അടിസ്ഥാനഅറിവുകള്‍ ലഭ്യമായാല്‍ പിന്നെ എഡിറ്റ് സ്റ്റുഡിയോകളില്‍ പരിശീലനത്തിന് ചേര്‍ന്ന് പ്രായോഗികമായ കാര്യങ്ങള്‍ മനസിലാക്കാം.

റസല്‍