സിവില്‍ സര്‍വീസിലേക്ക് ഇതാണ് സമയം

സിവില്‍ സര്‍വീസിലേക്ക് ഇതാണ് സമയം

രാജ്യത്തെ ഏറ്റവും ഗ്ലാമര്‍ ഏറിയ പദവിയായി എല്ലാവരും കാണുന്നത് സിവില്‍ സര്‍വീസിനെ തന്നെ. സ്വകാര്യമേഖലയില്‍ ലക്ഷങ്ങള്‍ പ്രതിമാസശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവുകള്‍ക്ക് പോലും സിവില്‍ സര്‍വീസുകാര്‍ക്ക് കിട്ടുന്ന സാമൂഹ്യ അംഗീകാരമോ പരിഗണനയോ ലഭിക്കില്ല. ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനം ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം ഇതാണ്. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി പാസകേണ്ടതുണ്ട്. ആഗസ്ത് 7നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ. പ്രിലിമിനറി ജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും തുടര്‍ന്ന് അഭിമുഖവും ഉണ്ടാവും. പ്രിലിമിനറി പരീക്ഷയ്ക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ കേന്ദ്രങ്ങള്‍. 24 സിവില്‍ സര്‍വീസ് വിഭാഗങ്ങളിലായി 1079 ഒഴിവാണുള്ളത്.

പ്രായം: 2016 ആഗസ്ത് ഒന്നിന് 21-32. 1984 ആഗസ്ത് രണ്ടിനും 1995 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും വിമുക്ത ഭടര്‍ക്ക് 5 വര്‍ഷവും വികലാംഗര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്ക് അപേക്ഷിക്കുമ്പോഴേക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. 2016 ഡിസംബര്‍ മാസത്തില്‍ മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കും.

ഗവണ്‍മന്റ് അംഗീകൃത പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ബിരുദങ്ങള്‍ നേടിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിക്കാം. എം ബി.ബി.എസ്. ഫൈനല്‍ പരീക്ഷ ജയിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാം. ഇവര്‍ ഇന്റര്‍വ്യു സമയത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതുള്‍പ്പെടെയുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് നിബന്ധനകളുണ്ട്. ജനറല്‍ വിഭാഗക്കാരെ ആറു തവണ മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ (പ്രിലിമിനറി ഉള്‍പ്പെടെ) എഴുതാനനുവദിക്കൂ. ഒ.ബി.സി.ക്കാര്‍ക്ക് ഒമ്പത് തവണ പരീക്ഷ എഴുതാം. എസ്.സി., എസ്.ടിക്കാര്‍ക്ക് എത്ര തവണ പരീക്ഷ എഴുതുന്നതിനും തടസ്സമില്ല. ജനറല്‍ വിഭാഗക്കാരായ വികലാംഗര്‍ക്ക് ഒമ്പത് തവണ പരീക്ഷ എഴുതാം.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, വികലാംഗര്‍, എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കാഷ് ആയും എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും ഫീസടയ്ക്കാം.

www.upsconline.nic.in എന്നവെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ യു.പി.എസ്.സി. വെബ്‌സൈറ്റില്‍ ലഭിക്കും.

സിവില്‍ സര്‍വീസസ് പരീക്ഷക്ക് പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുള്ളത് . ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനുശേഷം മെയിന്‍ പരീക്ഷക്ക് യോഗ്യത നേടിയവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. 2016 ഡിസംബറിലായിരിക്കും മെയിന്‍ പരീക്ഷ.

മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ് പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം. പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് അന്തിമ പട്ടിക തയ്യാറാക്കുന്നതിന് പരിഗണിക്കില്ല. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറാണ് പ്രിലിമിനറി പരീക്ഷക്കുണ്ടാവുക. രണ്ട് മണിക്കൂര്‍ വിതമായിരിക്കും ദൈര്‍ഘ്യം. രണ്ട് പേപ്പറും ഒബ്ജക്ടീവ് രീതിയിലായിരിക്കും.

രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷക്ക് ഡിസ്‌ക്രിപ്റ്റീവ് രീതിയിലുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. എഴുത്തുപരീക്ഷക്ക് ഇംഗ്‌ളീഷും നാല് നിര്‍ബന്ധിത ജനറല്‍ സര്‍വീസ് പേപ്പറുകളും രണ്ട് ഐച്ഛികവിഷയങ്ങളുമടക്കം ഏഴു പേപ്പറുണ്ടാവും. വിശദമായ സിലബസ് വെബ് സൈറ്റില്‍ ലഭിക്കും. എഴുത്ത് പരീക്ഷയില്‍ നിര്‍ദിഷ്ട കട്ട് ഓഫ് മാര്‍ക്ക് ലഭിക്കുന്നവരെ അഭിമുഖത്തിന് പരിഗണിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി: മെയ് 27.

കോഴ്‌സുകള്‍, പ്രവേശനം

എന്‍.ഐ.ടികളില്‍ എം.എസ്‌സി.:അപേക്ഷിക്കേണ്ടത് ഇപ്പോള്‍
വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലെയും കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിലെയും (CFTI) വിവിധ എം.എസ്‌സി. പ്രോഗ്രാമുകളിലെയും എം.എസ്‌സി. (ടെക്‌നോളജി) പ്രോഗ്രാമുകളിലെയും പ്രവേശനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്രീകൃത കൗണ്‍സലിങ് പ്രക്രിയ വഴിയായിരിക്കും പ്രവേശനം (CCM-N). കോഴിക്കോട് ഉള്‍പ്പെടെ പതിനഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലെയും രണ്ട് CFTIയിലെയും പ്രവേശനമാണ് ഈ സംവിധാനത്തിന്റെ പരിധിയില്‍ വരുന്നത്. 1100ല്‍പ്പരം സീറ്റുകളാണ് ഈ പ്രക്രിയവഴി നികത്തുന്നത്.

മാത്തമറ്റിക്‌സ്, ഫിസിക്, കെമിസ്ട്രി എന്നീ എം.എസ്‌സി പ്രോഗ്രാമുകളാണ് കോഴിക്കോട് എന്‍.ഐ.ടിയിലുള്ളത്. ഓരോന്നിലും 20 വീതം സീറ്റുണ്ട്. ഫിസിക്‌സ് പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്‌സ് മെയിനും മാത്തമാറ്റിക്‌സ് ഒരു സബ്‌സിഡിയറിയായും പഠിച്ചു നേടിയ ബാച്ചിലര്‍ ബിരുദമോ, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ മെയിന്‍ വിഷയങ്ങളായി പഠിച്ചുള്ള, ബാച്ചിലര്‍ ബിരുദമോ ഉണ്ടായിരിക്കണം. കെമിസ്ട്രി എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷാര്‍ഥിക്ക് കെമിസ്ട്രി മുഖ്യ വിഷയമായും മാത്തമാറ്റിക്‌സ് ഒരു സബ്‌സിഡിയറി വിഷയമായും പഠിച്ചു നേടിയ ബാച്ചിലര്‍ ബിരുദമോ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (മെയിന്‍) പഠിച്ചുള്ള ബിരുദമോ വേണം. എം.എസ്‌സി. മാത്തമാറ്റിക്‌സ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നിവയിലൊന്നിലെ ബാച്ചിലര്‍ ബിരുദമോ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച മെയിന്‍ ബിരുദമോ വേണം.

ഓരോ വിഭാഗത്തിലെയും സീറ്റുകളുടെ എണ്ണം, ഫീസ് ഘടന എന്നിവ എന്ന സൈറ്റില്‍ ലഭിക്കും.
2016ലെ JAM (ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എസ്‌സി.) സ്‌കോര്‍, കുറഞ്ഞ വിദ്യാഭാസ യോഗ്യത, പ്രത്യേക വിദ്യാഭ്യാസ യോഗ്യത എന്നിവ പരിഗണിച്ചായിരിക്കും പ്രവേശനം. JAM 2016ല്‍ യോഗ്യത നേടിയവര്‍ക്കായിരിക്കും മുന്‍ഗണന. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, 60 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 6.5 ഇഏജഅയാണ്. എസ്.സി/എസ്ടി/വികലാംഗ വിഭാഗക്കാര്‍ക്ക് 55% അല്ലെങ്കില്‍ 6.0 ഇഏജഅ മതിയാകും.

വിവിധ NITകളിലും CFTIകളിലും ലഭ്യമായ വിവിധ കോഴ്‌സുകളിലേക്ക് പരിഗണിക്കപ്പെടാന്‍ ഒരൊറ്റ അപേക്ഷയേ നല്‍കേണ്ടതുള്ളൂ. ഒരു JAM നമ്പര്‍ ഉപയോഗിച്ച് ഒരു അപേക്ഷയേ നല്‍കാന്‍ കഴിയൂ. ഓരോ രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ ഫീസായി 2000 രൂപ അടയ്‌ക്കേണ്ടതുണ്ട്. രജിസ്‌ട്രേഷന് മെയ് 31 വരെ സമയമുണ്ട്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 13ന് പ്രഖ്യാപിക്കും.

കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.സി.എ. അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ സെല്‍ഫ് ഫിനാന്‍സിങ് സെന്ററുകളില്‍ നടത്തുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ങഇഅ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് സര്‍വകലാശാലാ ക്യാമ്പസ് (30 സീറ്റ്), ഡോ. ജോണ്‍ മത്തായി സെന്റര്‍, അറനാട്ടുകര (തൃശ്ശൂര്‍30), കുറ്റിപ്പുറം (30), മഞ്ചേരി (30), മണ്ണാര്‍ക്കാട് (30), മുട്ടില്‍ (വയനാട് 30), പാലക്കാട് (30), പുതുക്കാട് (30), പുല്ലുറ്റ് (30), തളിക്കുളം (തൃശ്ശൂര്‍30), തിരൂര്‍ (30), വടകര (30) എന്നിവിടങ്ങളിലാണ് കോഴ്‌സുകള്‍ ലഭ്യമായിട്ടുള്ളത്.

അപേക്ഷാര്‍ഥി, കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി എന്നിവയിലൊന്ന് മുഖ്യവിഷയമായോ സബ്‌സിഡിയറിയായോ പഠിച്ച്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ CGPA 10+2+3 രീതിയില്‍ പഠിച്ച്, ബാച്ചിലര്‍ ബിരുദം നേടിയിരിക്കണം. വികലാംഗവിഭാഗക്കാര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവു ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മതി. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 300 രൂപ. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് 100 രൂപയും. ഇത് ഓണ്‍ലൈന്‍ ആയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അടയ്ക്കാം. അപേക്ഷ www.cuonline.ac.in എന്ന വെബ്‌സൈറ്റ് വഴി മെയ് 16 വരെ നല്‍കാം. അപേക്ഷ നല്‍കിയ ശേഷം അതിന്റെ പ്രിന്റ്ഔട്ട് എടുക്കണം. പ്രിന്റൗട്ടും ഇ-ചലാനും ‘‘Chief Co-ordinator, CCSIT centre, Calicut Universtiy Campus, Universtiy of Calicut, Calicut Universtiy (PO)-  673635 എന്ന വിലാസത്തില്‍ മെയ് 17നകം ലഭിക്കണം. എസ്.സി./എസ്.ടി. വിഭാഗക്കാര്‍, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇതിനോടൊപ്പം വയ്ക്കണം.

ജൂണ്‍ 12ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ, കോഴിക്കോട് സര്‍വകലാശാല കാമ്പസ്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കോഴ്‌സ് പ്രവേശനം. പരീക്ഷയ്ക്ക് ഒരു മാര്‍ക്ക് വീതമുള്ള 100 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടായിരിക്കും. കമ്പ്യൂട്ടര്‍ സയന്‍സ് (30 ശതമാനം), മാത്തമാറ്റിക്‌സ് (30), സ്റ്റാറ്റിസ്റ്റിക്‌സ് (10), ഫിസിക്‌സ് (10), കെമിസ്ട്രി (10), റീസണിംഗ് (10) എന്നീ വിഷയങ്ങളില്‍ നിന്നുമായിരിക്കും ചോദ്യങ്ങള്‍. പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക്പട്ടിക സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം ഇപ്പോള്‍
തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ (പെണ്‍കുട്ടികള്‍ക്കു മാത്രം) എന്നിവിടങ്ങളില്‍ അത്‌ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, തായ്‌കോന്‍ഡോ, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി എന്നീ കായിക ഇനങ്ങളിലാണു സെലക്ഷന്‍ നടക്കുന്നത്. അപേക്ഷാഫോറവും മറ്റ് വിശദാംശങ്ങളും www.vhscap.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ മേയ് 18നു മുന്‍പ് സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ നേരിട്ടു സമര്‍പ്പിക്കണം. 23 മുതല്‍ 25 വരെ ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും 27, 28 തീയതികളില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും സെലക്ഷന്‍ നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഉയര്‍ന്ന സ്‌പോര്‍ട്‌സ് യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടക്കുന്ന ദിവസം രാവിലെ ഏഴിന് എത്തണം.

ഇഗ്‌നോയില്‍ എം.സി.എ.

ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷം ജൂലായില്‍ ആരംഭിക്കുന്ന മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം.സി.എ.) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനവരി മുതല്‍ ജൂണ്‍ വരെയും ജൂലായ് മുതല്‍ ഡിസംബര്‍ വരെയുമുള്ള രണ്ട് സെമസ്റ്ററുകളിലായാണ് കോഴ്‌സ്. ജൂണിലും ഡിസംബറിലുമായാണ് പരീക്ഷ നടക്കുക. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തിനുള്ളിലും പരമാവധി ആറു വര്‍ഷത്തിനു്‌ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കണം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പക്ഷേ പ്ലസ്ടുവിന് കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇഗ്‌നോ നടത്തുന്ന ബി.സി.എസ്.-012 കോഴ്‌സ് എം.സി.എയ്‌ക്കൊപ്പം പാസാകണം. ഏത് പ്രായക്കാര്‍ക്കും അപേക്ഷിക്കാം എന്നതാണ് ഇഗ്‌നോ എം.സി.എ. കോഴ്‌സിന്റെ ആകര്‍ഷണം. 54,000 രൂപയാണ് കോഴ്‌സ് ഫീസ്. ഓരോ സെമസ്റ്ററിലും 9000 രൂപ വീതം അടച്ചാല്‍ മതി. പ്ലസ്ടുവിന് കണക്ക് പഠിക്കാത്തവര്‍ ചെയ്യേണ്ട ബി.സി.എസ്.-012 കോഴ്‌സിന് 1,200 രൂപ വേറെയും ഫീസ് ആയി അടയ്ക്കണം.www.ignou.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇഗ്‌നോ വെബ്‌സൈറ്റില്‍ കാണുന്ന വിലാസത്തിലേക്ക് അയയ്ക്കണം. വിശദവിവരങ്ങള്‍ക്കായി ഇഗ്‌നോ വെബ്‌സൈറ്റ് കാണുക.