മുസ്‌ലിം വ്യക്തിനിയമത്തിന്റെ വികാസപരിണാമങ്ങളിലൂടെ

മുസ്‌ലിം വ്യക്തിനിയമത്തിന്റെ വികാസപരിണാമങ്ങളിലൂടെ

മാസങ്ങള്‍ മുമ്പ് കോഴിക്കോട്ടെ വനിത അഭിഭാഷക സംഘടനയായ ‘പുനര്‍ജനി’ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഹൈകോടതി ജഡ്ജി കമാല്‍ പാഷ നടത്തിയ പ്രഭാഷണം കുറെ നാളത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. നമ്മുടെ രാജ്യത്തെ നിലവിലെ മുസ്‌ലിം വ്യക്തി നിയമം ഒരു പാര്‍സി രൂപപ്പെടുത്തിയതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞ വിവരക്കേടുകളിലൊന്ന്. ‘മുല്ലാസ് പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ (Mulla’s Principles of Muhammedan Law) എന്ന നിയമപുസ്തകമായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. ബോംബെ ഹൈക്കോടതി ജഡ്ജിയും പ്രിവി കൗണ്‍സിലില്‍ ജുഡീഷ്യല്‍ കമ്മിറ്റി അംഗവുമായ സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ല (18681934 ) ആണ് ഇന്ത്യയില്‍ പ്രയോഗത്തിലുണ്ടായിരുന്ന മുസ്‌ലിം നിയമങ്ങളെ പുസ്തകരൂപത്തില്‍ 1905ല്‍ ക്രോഡീകരിച്ച് പുറത്തിറക്കുന്നത്. അതിനര്‍ഥം പാര്‍സി സമുദായാംഗമായ മുല്ലയാണ് മുസ്‌ലിം നിയമത്തിന്റെ ഉപജ്ഞാതാവ് എന്ന് ഒരുന്നത ന്യായാധിപന്‍ ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ സഹതപിക്കാനേ നിര്‍വാഹമുള്ളൂ. ഖുര്‍ആനും സുന്നത്തും ഇജ്മാഉം ആധാരമാക്കി സുല്‍ത്താന്മാരുടെ ഭരണകാലത്ത് തന്നെ തുടങ്ങുകയും മുഗള്‍ ചക്രവര്‍ത്തിമാരുടെ കീഴില്‍ വികാസം പ്രാപിക്കുകയും ചെയ്ത നീതിന്യായ സമ്പ്രദായത്തിന്റെ വികാസപരിണാമങ്ങള്‍ യഥോചിതം ഉള്‍ക്കൊള്ളാതെയാണ് കമാല്‍ പാഷയെ പോലുള്ളവര്‍ നിരീക്ഷണങ്ങള്‍ നടത്തുന്നത്. 1937ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) അപ്ലിക്കേഷന്‍ ആക്ട് തൊട്ടാണ് ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ധരിച്ചുവശായവരും ജഡ്ജിമാരുടെയും അഭിഭാഷകരുടെയും കൂട്ടത്തിലുണ്ട്. രണ്ടാം ശരീഅത്ത് വിവാദത്തിനു തുടക്കം കുറിച്ച് കൊണ്ട് മുത്ത്വലാഖ്, ബഹുഭാര്യത്വം, ഏകീകൃത സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കെ നമ്മുടെ നിയമസംവിധാനത്തെ കുറിച്ച് എല്ലാവര്‍ക്കും പൊതുധാരണ അനിവാര്യമായി വന്നിരിക്കുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും ഇസ്‌ലാമിക നിയമത്തിന്റെ ഇന്ത്യയിലെ വികാസപരിണാമങ്ങളെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഉപഖണ്ഡത്തില്‍ ആദ്യമായി ഇസ്‌ലാം എത്തുന്നത് കേരളക്കരയിലാണെന്നാണ് ചരിത്രം. പ്രവാചകന്റെ കാലത്തിനു മുമ്പ് തന്നെ അറബ് ലോകത്തിനു മലബാര്‍ തീരവുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തു തന്നെ സത്യവിശ്വാസത്തിന്റെ പായക്കപ്പല്‍ മുസ്‌രിസ് തീരങ്ങളില്‍ നങ്കൂരമിട്ടതായി ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ മാലിക് ബ്‌നുദീനാറും കൂട്ടാളികളുമാണ് മലബാര്‍ തീരങ്ങളില്‍ മുസ്‌ലിം നാഗരികതക്ക് ബീജാവാപം നല്‍കുന്നത്. അവരുടെ മതപരമായ കാര്യങ്ങളില്‍ ഇവിടുത്തെ ഹിന്ദു രാജാക്കന്മാര്‍ ഇടപെട്ടില്ല എന്നു മാത്രമല്ല, പള്ളി പണിയാനും സുരക്ഷിതത്വം ഉറപ്പാക്കാനും വിവാഹത്തിനു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും വേണ്ടതൊക്കെ ചെയ്തു. ക്രിസ്താബ്ദം 1000ല്‍ മുഹമ്മദ് ബ്‌നു ഖാസിമിന്റെ നേതൃത്വത്തിലുള്ള അറബ് സേന ബലൂചിസ്താന്‍ വഴി സിന്ധില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവരുടെ സ്വാധീനം വളരെക്കാലം നീണ്ടുനിന്നില്ല. ഗസ്‌നിയിലെ മുഹമ്മദ് 17തവണ സൈന്യവുമായി ഇന്ത്യയിലെത്തുകയും പല പ്രദേശങ്ങളും പിടിച്ചടക്കിയെങ്കിലും രാഷ്ട്രീയ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. മുഹമ്മദ് ഗോറിയുടെ വരവാണ് 1200ഓടെ ഡല്‍ഹി കേന്ദ്രമായി മുസ്‌ലിം ഭരണത്തിനു നാന്ദി കുറിക്കാന്‍ അന്തരീക്ഷമൊരുക്കുന്നത്. കുത്തുബുദ്ദീന്‍ ഐബക്കും ഇല്‍തുമിഷും ബാല്‍ബനും റസിയ സുല്‍ത്താനയുമൊക്കെയാണ് സുല്‍ത്താന്‍ ഭരണത്തിന് (സല്‍തനത്ത്)അടിത്തറ പാകിയത്. സുല്‍ത്താന്‍ ഭരണത്തില്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കാന്‍ ഉലമാക്കള്‍ ആവശ്യപ്പെട്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഭരണാധികാരിയാവട്ടെ, ശരീഅത്തിന്റെ പ്രയോഗവത്കരണത്തിനു പ്രത്യേക നീതിന്യായവ്യവസ്ഥക്ക് അസ്തിവാരമിടാന്‍ ശ്രമിച്ചു. സുല്‍ത്താനു തൊട്ടുതാഴെയായിരുന്നു രാജ്യത്തിന്റെ മുഖ്യഖാളി (ഖാളിഖുളാത്ത്) യുടെ സ്ഥാനം. ഖുര്‍ആനും സുന്നത്തും ഇജ്മാഉം ആസ്പദമാക്കി ഇവര്‍ സിവില്‍, ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പ് കല്‍പിച്ചു. അവര്‍ക്കുകീഴില്‍ ജഡ്ജിയായും പോലീസായും നിയമിക്കപ്പെട്ട ‘മുഹ്തസിബുമാര്‍’ പ്രജകള്‍ നിയമം അനുസരിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരുന്നു. പ്രാദേശികഭരണ സംവിധാനമാണ് താഴേതട്ടില്‍ നിയമം നടപ്പാക്കിയത്. വിവിധ മതസമുദായങ്ങളുടെ വേദനിയമമനുസരിച്ചാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍, ക്രിമിനല്‍ ശിക്ഷ എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരുന്നു. സുല്‍ത്താന്‍മാരുടെ കൂട്ടത്തില്‍ ഇസ്‌ലാമിക ശരീഅത്ത് അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച ഭരണാധികാരിയാണത്രെ ഫിറോസ്ഷാ തുഗ്ലക്. ശരീഅത്തിനു നിരക്കാത്ത നികുതികള്‍ മുഴുവന്‍ ഒഴിവാക്കാന്‍ ഫിറോസ്ഷാ ഉത്തരവിട്ടതായി പ്രഫ. കെ.എ നിസാമി വിശദീകരിക്കുന്നുണ്ട്.

ഭരണം അസ്തമിക്കുമ്പോഴും തുടിച്ചുനിന്ന മുസ്‌ലിം നിയമം
ബ്രിട്ടീഷ് കാലഘട്ടത്തില്‍നിന്ന് സ്വതന്ത്ര ഇന്ത്യ അനന്തരമെടുത്ത ‘ആംഗ്ലോമുഹമ്മന്‍ ലോ’ ആണ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനം. എന്നാല്‍, അതാവട്ടെ, മുഗള്‍ ഭരണാധികാരികളില്‍നിന്നും കൈപറ്റുകയും ബ്രിട്ടീഷ് നീതിന്യായവ്യവസ്ഥയിലൂടെ വികാസിച്ച് ലബ്ധപ്രതിഷ്ഠ നേടിയതുമാണ്. മുഗള്‍കാലഘട്ടത്തില്‍ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും വ്യക്തിനിയമങ്ങളായിരുന്നു ബന്ധപ്പെട്ട സമുദായത്തിന് ബാധകമായിരുന്നത്. ഖാളിമാരായിരുന്നു നിയമം കൈകാര്യം ചെയ്തത്. മതം നിയമവ്യവസ്ഥയില്‍ വലിയ പങ്ക്‌വഹിച്ചിരുന്നു. പ്രാദേശികതലത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നാട്ടാചാരനിയമങ്ങളും പരമ്പരാഗത കീഴ്‌വഴക്കങ്ങളും സഹായകമായി വര്‍ത്തിച്ചു. കക്ഷികള്‍ ഹിന്ദുക്കളാണെങ്കില്‍ ബ്രാഹ്മണ ജഡ്ജിമാരാണ് തീര്‍പ്പ് കല്‍പിച്ചിരുന്നത്. മുസ്‌ലിംകളാണ് കക്ഷികളെങ്കില്‍ ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ ഖാളിമാര്‍ വിധി പറഞ്ഞു; ചിലപ്പോള്‍ പ്രദേശത്ത് നിലവിലുണ്ടായിരുന്ന നാട്ടാചാരനിയമങ്ങളെയും ഖാളിമാര്‍ ആശ്രയിക്കുമായിരുന്നു. ക്രിമിനല്‍ കേസുകളിലും ശരീഅത്ത് നിയമമാണ് പ്രയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍, മുസ്‌ലിമിതര വിഭാഗങ്ങളെ ശരീഅത്തിന്റെ ക്രിമിനല്‍ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിരുന്നു. നീതിന്യായ വ്യവസ്ഥയില്‍ ബ്രിട്ടീഷ് ഇടപെടലുകള്‍ക്ക് തുടക്കം കുറിക്കുന്നത് 1753ലെ ജോര്‍ജ് രണ്ടാമന്റെ ചാര്‍ട്ടറോട് കൂടിയാണ്. 1772ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങളുടെമേല്‍ ഭരണം തുടങ്ങിയതോടെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശരീഅത്തായിരിക്കും ആസ്പദമാക്കുക എന്ന് വൈസ്രോയി ‘വാറണ്‍ഹേസ്റ്റിംഗ് പദ്ധതി’യില്‍ സ്പഷ്ടമായി പറയുന്നുണ്ട്: അനന്തരാവകാശം, പിന്തുടര്‍ച്ച, വിവാഹം, ജാതി, മറ്റു പ്രയോഗങ്ങളുടെയും സ്ഥാപനങ്ങളുടെയും വിഷയത്തില്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഖുര്‍ആനും ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ധര്‍മശാസ്ത്രവുമായിരിക്കും ബാധകമാവുക. നിയമം വ്യാഖ്യാനിക്കുന്നതിനും നീതിനിര്‍വഹണത്തില്‍ സഹായിക്കുന്നതിനും മൗലവിമാര്‍ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. കക്ഷികളുടെ വ്യക്തിനിയമങ്ങള്‍ വ്യത്യസ്തമാണെങ്കില്‍ എതിര്‍കക്ഷിയൂടെ (റലളലിറമി)േ നിയമമായിരിക്കും ബാധകമാവുക. ഏത് മദ്ഹബ് (അല്ലെങ്കില്‍ അവാന്തരവിഭാഗത്തിന്റെ നിയമം)അനുസരിച്ചാണ് വിധി കല്‍പിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ജഡ്ജിക്കായിരുന്നു. സുന്നിനിയമം, ശിയാ നിയമം എന്നീ പ്രയോഗങ്ങള്‍ കൊണ്ട് വിവക്ഷിച്ചത് ഹനഫി, ഇത്‌നാ അശരീ പോലുള്ള മദ്ഹബീ വിഭാഗങ്ങളെയാണ്. ഹിന്ദു ഇസ്‌ലാം മതം ആശ്ലേഷിക്കുകയാണെങ്കില്‍ ഇസ്‌ലാമിക നിയമമനുസരിച്ചായിരിക്കും കേസ് തീര്‍പ്പാക്കുക. ഇനി ഒരാള്‍ മതം മാറുകയോ മദ്ഹബ് മാറുകയോ ചെയ്താല്‍, മരിക്കുന്ന സമയത്ത് ഏത് വിഭാഗത്തിലാണോ അവരുടെ നിയമമനുസരിച്ചായിരിക്കും പിന്തുടര്‍ച്ചാവകാശം തീര്‍പ്പാക്കുക. ഉദാഹരണത്തിനു ഒരു മുസ്‌ലിം ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറിയാണ് മരിക്കുന്നതെങ്കില്‍ 1925ലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമായിരിക്കും തീര്‍പ്പാക്കുക.

1726ല്‍ മദ്രാസ്, ബോംബെ, കല്‍ക്കത്ത എന്നീ നഗരങ്ങളില്‍ ‘മേയേര്‍സ് കോര്‍ട്ടുകള്‍ ‘സ്ഥാപിച്ചത് ബ്രിട്ടീഷ് രാജ്ഞിയുടെ നീതിന്യായവ്യവസ്ഥ ഇവിടെ പ്രയോഗത്തില്‍കൊണ്ടുവരാനായിരുന്നു. അതുവരെ നിലനിന്ന മുസ്‌ലിം നീതിന്യായവ്യവസ്ഥക്ക് ബദല്‍ ഏര്‍പ്പെടുത്താനായിരുന്നു ഈ നടപടി. ഇരുകക്ഷികളുടെയും സമ്മതപ്രകാരം മാത്രമേ ഈ കോടതികളില്‍ വിചാരണ ചെയ്യപ്പെടാവൂ എന്ന് വ്യവസ്ഥ വെച്ചു. അപ്പോഴും, ഈ കോടതികളില്‍ കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ ശരീഅത്ത് നിയമമാണ് നടപ്പാക്കിയിരുന്നത്. 1765വരെ തങ്ങള്‍ക്ക് ഫാക്ടറികളുള്ള മൂന്ന് നഗരങ്ങളില്‍ മാത്രമേ നിയമം കൈയിലെടുക്കാന്‍ കമ്പനിക്ക് അധികാരമുണ്ടായിരുന്നുള്ളൂ. 1765ല്‍ പ്രസിഡന്‍സി ടൗണുകള്‍ക്കും ബംഗാളിനും പുറത്ത് ‘ദീവാനി’ (കരം പിരിക്കാനും സിവില്‍ അധികാരവും ) ഡല്‍ഹിയിലെ പാവ ഭരണാധികാരിയായ മുഗിള ചക്രവര്‍ത്തിയില്‍നിന്ന് സൈന്യാധിപന്‍ റോബര്‍ട്ട് ക്ലൈവ് നേടിയെടുത്തുകഴിഞ്ഞിരുന്നു. അതോടൊപ്പം തന്നെ കുറുക്കുവഴിയിലൂടെ ‘നിസാമത്ത്’ ( ക്രിമിനല്‍ ഭരണം ) പിടിച്ചക്കി. 1600ലെ ഒരു ചാര്‍ട്ടര്‍ പ്രകാരം ഇന്ത്യയുമായി കച്ചവടം നടത്താന്‍ പുറപ്പെട്ട ബ്രിട്ടീഷ് കമ്പനി രണ്ടര പതിറ്റാണ്ട് കൊണ്ട് മുഗള്‍ ചക്രവര്‍ത്തിമാരില്‍നിന്ന് രാഷ്ട്രീയാധികാരം യുദ്ധം ചെയ്തും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും പിടിച്ചെടുത്തപ്പോള്‍ കരം പിരിക്കാനും ശത്രുക്കളെ അടിച്ചമര്‍ത്താനും മാത്രമല്ല, നിയമം കൈയാളാനും കെല്‍പ് നേടി. അപ്പോഴും സിവില്‍, ക്രിമിനല്‍ നീതിവ്യവസ്ഥയുടെ ആധാരശില മുഗളരുടേത് തന്നെയായിരുന്നു. ജഡ്ജിമാരില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. പ്രസിഡന്‍സി ആസ്ഥാനങ്ങളില്‍, രാജ്ഞിയുടെ കോടതിയില്‍ പോലും ശരീഅത്തിനു തന്നെയായിരുന്നു പ്രാമുഖ്യം. ശരീഅത്ത് നിയമം വ്യാഖ്യാനിക്കാന്‍ പണ്ഡിതന്മാരെ നിയമിച്ചിരുന്നു കോടതിക്കകത്ത്. ബ്രിട്ടീഷ് പൗരന്മാരുടെ കാര്യം വരുമ്പോള്‍ മാത്രമേ ജഡ്ജിമാര്‍ പക്ഷപാതപരമായും നിയമത്തിനു പുറത്തും പ്രവര്‍ത്തിച്ചിരുന്നുള്ളൂ.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ (ശിപായി ലഹളയെന്ന് ബ്രിട്ടീഷ് ഭാഷ്യം ) പരിസമാപ്തിയോടെ സ്ഥിതിഗതികളാകെ മാറി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അസ്തമിച്ചു. രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിലേക്ക് ഇന്ത്യയെ മാറ്റി. അപ്പോഴേക്കും വിവിധ പദവികളിലുള്ള ആധുനിക കോടതികള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. നിയമം നടപ്പാക്കാന്‍ ശക്തമായ ഭരണകൂടം നിലവില്‍വന്നു. രണ്ടുതരം നിയമങ്ങള്‍ അതോടെ ലബ്ധപ്രതിഷ്ഠ നേടി. മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങളും (ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും) ഏകരൂപമായ സിവില്‍, ക്രിമിനല്‍ നിയമങ്ങളും. അതിനിടയില്‍ മതപരിഷ്‌കരണത്തിനു കമ്പനി മുന്‍കൈ എടുത്ത് ചില നിയമനിര്‍മാണങ്ങള്‍ കൊണ്ടുവന്നത് സാമൂഹിക മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. ഉദാഹരണത്തിനു, ഭര്‍ത്താവിന്റെ ചിതയില്‍ ചാടിമരിക്കുന്ന സതി സമ്പ്രായവും ശൈശവ വിവാഹവും നിരോധിക്കാന്‍ നിയമം നടപ്പാക്കി. ക്രിസ്താനിറ്റിയിലേക്ക് മതംമാറ്റം പ്രോല്‍സാഹിപ്പിക്കുന്നതിനു Caste Disabilities Removal Act 1850 പ്രയോഗത്തില്‍വരുത്തി.

ബ്രിട്ടീഷ് മേലാളന്മാര്‍ കണ്ണ് തുറന്നപ്പോള്‍
ശിപായി ലഹള ബ്രിട്ടീഷ് മേലാളന്മാരുടെ കണ്ണ് പല വിധേനയും തുറപ്പിച്ചു. മതവികാരം തൊട്ടുകളിക്കുന്നത് തീക്കളിയാണെന്ന് അനുഭവത്തിലൂടെ പാഠം പഠിച്ചു. അതുകൊണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍നിന്ന് അധികാരം ഏറ്റെടുത്ത ഉടന്‍ രാജ്ഞി പ്രഖ്യാപിച്ചു; ‘മതവിശ്വാസത്തില്‍ ഇടപെടുന്നതില്‍നിന്നും രാജകുലം പൂര്‍ണമായും മാറിനില്‍ക്കും. നിയമത്തിന്റെ കാര്യത്തില്‍ നല്‍കിയ ഉറപ്പ് ഇതാണ്: പൊതുവായി നിയമം ഉണ്ടാക്കുന്നതിനും നടപ്പില്‍വരുന്നതിനും പഴയ അവകാശങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും ഇന്ത്യയിലെ നാട്ടാചാരങ്ങള്‍ക്കും മതിയായ പ്രാമുഖ്യം നല്‍കുന്നതാണ് . അതായത്, മുമ്പുണ്ടായിരുന്ന വ്യക്തിനിയമങ്ങളും നാട്ടുനടപ്പുകളും ഒരുനിലക്കും എടുത്തുമാറ്റില്ലെന്ന്. വ്യക്തിനിയമങ്ങള്‍ അല്ലാത്തത് ക്രോഡീകരിക്കും. അങ്ങനെയാണ് ഇന്ത്യന്‍ ശിക്ഷാനിയമവും( Indian Penal Code 1860) കരാര്‍ നിയമവും (Contract Act 1872) തെളിവുനിയമവും ( Evidence Act 1872) പ്രാബല്യത്തില്‍ വരുന്നത്. ഇക്കാലത്തിനിടയില്‍ ഹിന്ദു, മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ക്രമേണ വളരുന്നുണ്ടായിരുന്നു. നാട്ടാചാരങ്ങളും മാമൂലുകളും കയറിക്കൂടി ഇസ്‌ലാമിക നിയമത്തില്‍ മായം ചേര്‍ക്കപ്പെടുമോ എന്ന ആശങ്ക പലപ്പോഴായി ഉയര്‍ന്നുവന്നിരുന്നു. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ ഹിന്ദു ദായക്രമമായ മരുമക്കത്തായം കയറിക്കൂടിയത് ഉദാഹരണം. പ്രഗല്‍ഭ അഭിഭാഷകനായ മുഹമ്മദലി ജിന്ന, ഈ നിയമ അധിനിവേശത്തില്‍ അത്ഭുതം കൂറിയിട്ടുണ്ടത്രെ.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരായി എത്തിയ വെള്ളക്കാരായ ജഡ്ജിമാര്‍ സാമാന്യേന ബ്രിട്ടീഷ് നിയമവ്യവസ്ഥയെ ആശ്രയിച്ചപ്പോള്‍ ‘ഷൗേെശരല, ലൂൗശ്യേ മിറ ഴീീറ രീിരെശലിരല’ എന്ന പൊതുതത്വം മുറുകെ പിടിച്ചു കേസുകളില്‍ തീര്‍പ്പ് കല്‍പിച്ചു. അപ്പോഴും കുടുംബകേസുകളില്‍ അതത് മതസമൂഹങ്ങളുടെ വ്യക്തിനിയമങ്ങളെ തന്നെയാണ് ആശ്രയിച്ചത്. ഈ വിഷയത്തില്‍ ജഡ്ജിമാരെ സഹായിക്കുന്നതിന് 1790ല്‍ വാറണ്‍ ഹേസ്റ്റിംഗ്‌സ് തുടങ്ങിവെച്ച മുസ്‌ലിം ലോഓഫീസര്‍മാരുടെ സേവനം തുടര്‍ന്നു. രേഖകളുടെ താഴെ തദ്വിഷയകമായ നിയമ വ്യാഖ്യാനം (ഫത്‌വ ) എഴുതുകയാണ് ഓഫീസറുടെ മുഖ്യജോലി. അതനുസരിച്ച് ജഡ്ജിമാര്‍ വിധികല്‍പിക്കും. ശരീഅത്തിനും സ്വാഭാവിക നീതിക്കും അനുസൃതമാണോ എന്ന് മാത്രമേ ന്യായാധിപന്‍ പരിശോധിച്ചിരുന്നുള്ളൂ. ജീവപര്യന്തം, വധശിക്ഷ എന്നീ ശിക്ഷകള്‍ അപ്പലറ്റ് കോടതി തീര്‍പ്പ് ശരിവെക്കേണ്ടതുണ്ടായിരുന്നു. ഇനി, ലോ ഓഫിസര്‍ നല്‍കിയ ‘ഫത്‌വ’ സ്വാഭാവിക നീതിക്കോ ശരീഅത്തിനോ എതിരാണെന്ന് തോന്നിയാല്‍ മേല്‍ക്കോടതിയിലേക്ക് തീര്‍പ്പ് വിടുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ബോംബെ പ്രസിഡന്‍സിയിലൊഴികെ, ക്രിമിനല്‍ നിയമനടത്തിപ്പിലും ഹിന്ദുക്കള്‍ക്ക് പോലും ശരീഅത്താണ് ബാധകമാക്കിയിരുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. ക്രിമിനല്‍ നിയമത്തില്‍നിന്ന് ശരീഅത്ത് വ്യവസ്ഥകള്‍ മെല്ലെ മെല്ലെയാണ് എടുത്തുകളഞ്ഞത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കളില്‍നിന്ന് ‘ചോരപ്പണം’ (ബ്ലഡ്മണി) വാങ്ങി ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള ശരീഅത്ത് വ്യവസ്ഥ 1791ലേ എടുത്തുകളഞ്ഞിരുന്നു. മോഷണത്തിനു കൈവെട്ടുന്നതും പെരുവഴിയിലെ കൊള്ളക്ക് കാല് വെട്ടുന്നതും 1791ല്‍ ഒഴിവാക്കി. പകരം യഥാക്രമം ഏഴ്, പതിനാല് വര്‍ഷത്തെ തടവ് കൊണ്ടുവന്നതും 1791തൊട്ടാണ്. ഇസ്‌ലാമിക ക്രിമിനല്‍നിയമത്തിനു കീഴില്‍ വിചാരണ ചെയ്യപ്പെടുന്നതില്‍നിന്ന് ഒഴിവാക്കാന്‍ മുസ്‌ലിമിതര വിഭാഗങ്ങള്‍ക്ക് 1832 മുതല്‍ വ്യവസ്ഥ കൊണ്ടുവന്നു. അതോടെയാണ് ഇന്ത്യയിലെ ക്രിമിനല്‍ നിയമവ്യവസ്ഥയില്‍നിന്ന് ശരീഅത്ത് അപ്രത്യക്ഷമായിത്തുടങ്ങിയത്. 1837ലാണ് മെക്കോളോ പ്രഭു (ഘീൃറ ങമരമൗഹമ്യ) ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ കരട് സമര്‍പ്പിക്കുന്നത്. 1860ല്‍ ശിക്ഷാനിയമം പ്രാബല്യത്തില്‍ വന്നതോടെ, ഇസ്‌ലാമിക ശിക്ഷാവിധി ഇന്ത്യയില്‍നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായി. 1882ലാണ് ഉപഭൂഖണ്ഡത്തിലാകമാനം ബാധകമായ ക്രിമിനല്‍ നടപടി ചട്ടം (ഘമം ീള ഇൃശാശിമഹ ജൃീരലറൗൃല ഇീറല 1882) പ്രാബല്യത്തില്‍ വരുന്നത്. തുടര്‍ന്നുള്ള നാല് പതിറ്റാണ്ടുകളിലായി സുപ്രധാനമായ അഞ്ചു പൊതുനിയമങ്ങള്‍ നിലവില്‍വന്നു. അപ്പോഴും വ്യക്തിനിയമത്തെ സ്പര്‍ശിച്ചില്ല. കുടുംബ കാര്യങ്ങളില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, പാര്‍സി നിയമങ്ങള്‍ക്കനുസരിച്ച് കേസ് തീര്‍പ്പാക്കാനും വേദഗ്രന്ഥങ്ങളെ ഉദ്ധരിച്ച് വിധിന്യായം തയാറാക്കാനും ജഡ്ജിമാര്‍ കണിശത പാലിച്ചു. ശരീഅത്ത് നിയമം മനസ്സിലാക്കാന്‍ ന്യായാധിപന്മാര്‍ മുല്ലയുടെ പുസ്തകമല്ല, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലേക്കും ഹദീസ് സമാഹാരങ്ങളിലേക്കും കര്‍മശാസ്ത്രപണ്ഡിതരുടെ മതവിധിയിലേക്കുമാണ് തിരിഞ്ഞുനോക്കിയത്. ആ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്നാണ് ഇനി നോക്കാനുള്ളത്. 1930കളില്‍ ശരീഅത്ത് നടപ്പാക്കല്‍ നിയമം പാസ്സാക്കാനുള്ള സാഹചര്യമെന്തായിരുന്നുവെന്നും എന്താണ് ആ നിയമത്തിന്റെ ഉള്ളടക്കമെന്നും അറിയേണ്ടതുണ്ട്. അടുത്ത ലക്കത്തിലാവാം.
(തുടരും)
ശാഹിദ്‌