അമേരിക്കയെ പടച്ചോന്‍ കാത്തുരക്ഷിക്കട്ടെ

അമേരിക്കയെ പടച്ചോന്‍ കാത്തുരക്ഷിക്കട്ടെ

ഒരു രാജ്യത്തിന്റെ ചിന്തയില്‍ വരുന്ന മാറ്റങ്ങള്‍ മാധ്യമങ്ങള്‍ക്കോ സാമൂഹികശാസ്ത്രജ്ഞര്‍ക്കോ രാഷ്ട്രമീമാംസകര്‍ക്കോ സൂക്ഷ്മാര്‍ഥത്തില്‍ പലപ്പോഴും വായിച്ചെടുക്കാന്‍ സാധിക്കണമെന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പ്രതിനിധി ഡോണാള്‍ഡ് ട്രംപും തമ്മിലുള്ള പോരാട്ടം മാന്യതയുടെയും സഭ്യതയുടെയും സകല സീമകളും ലംഘിച്ച് ജുഗുപ്‌സാവഹമായ തലത്തിലേക്ക് തരം താഴ്ന്നപ്പോഴും ലോകം പ്രതീക്ഷിച്ചത് യു.എസ് പൗരന്മാര്‍ വിവേകപൂര്‍വം സമ്മതിദാനാവകാശം രേഖപ്പെടുത്തി ആഗോളസമൂഹത്തിന്റെ ഉത്ക്കണ്ഠകള്‍ക്ക് മറുപടി നല്‍കുമെന്നാണ്. സകല അഭിപ്രായസര്‍വേകളിലും ഹിലരിക്കു തന്നെയായിരുന്നു മുന്‍കൈ. പടിഞ്ഞാറന്‍ ലോകത്തെ മുന്‍നിര മാധ്യമങ്ങളെല്ലാം പ്രത്യേക മുഖപ്രസംഗങ്ങളിലൂടെ, ട്രംപിനെ തറപറ്റിക്കണമെന്ന് രാജ്യവാസികളോട് ആഹ്വാനം ചെയ്യുകയുണ്ടായി. പൊതുവെ വലതുപക്ഷ റിപ്പബ്ലിക്കന്‍സിന്റെ പക്ഷത്ത് നില്‍ക്കാറുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള പത്രങ്ങള്‍ പോലും ട്രംപ് അപകടകാരിയാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍, എല്ലാ പ്രാര്‍ഥനകളെയും അസ്ഥാനത്താക്കി ട്രംപ് വിജയക്കൊടി പാറിപ്പറപ്പിച്ചപ്പോള്‍ ലോകത്തിനു ദുഃഖഭാരത്താല്‍ (ലജ്ജിച്ചും ) ശിരസ്സ് കുനിക്കേണ്ടിവന്നു. എന്നല്ല, വലിയൊരു വിഭാഗം അമേരിക്കന്‍ പൗരന്മാര്‍ക്ക് ‘ഞങ്ങളുടെ പ്രസിഡന്റ് അല്ല’ ട്രംപ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് തെരുവിലില്‍ ഇറങ്ങേണ്ടിയും വന്നു. അവര്‍ ഇതുവരെ തിരിച്ചുകയറിയിട്ടില്ല. ‘”Never Felt So Ashamed To Be American അമേരിക്കക്കാരനായതില്‍ ഇതുവരെ ഇങ്ങനെ ലജ്ജിക്കേണ്ടി വന്നിട്ടില്ല എന്നെഴുതിയ പ്ലക്കാര്‍ഡുമായി സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ന്യൂയോര്‍ക്കിലും ഷിക്കാഗോവിലും കാലിഫോര്‍ണിയയിലും ഫ്‌ളോറിഡയിലുമൊക്കെ ഉറങ്ങാതെ രോഷപ്രകടനം നടത്തിയപ്പോള്‍ , വാസ്തവത്തില്‍ ലോകത്തിന്റെ ആശങ്കയാണ് പ്രക്ഷോഭകരിലൂടെ ലോകം ശ്രവിച്ചത്. 25ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ആവശ്യപ്പെടുന്നത് പോപ്പുലര്‍ വോട്ടില്‍ ഹിലരിവളരെ മുന്നിലാണെന്ന് കൊണ്ട്, ഡിസംബര്‍ 19നു ഇലക്ട്രല്‍ കോളജ് ചേരുമ്പോള്‍, ഹിലരിക്കനുകൂലമായി വോട്ട് ചെയ്യാന്‍ മാനസിക തയാറെടുപ്പ് നടത്തണമെന്നാണ്. യു.എസ് ചരിത്രത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത വിയോജിപ്പിന്റെ ശബ്ദമാണ് ട്രംപിനെതിരെ നാടാകെ ഉയരുന്നത്. വരുംദിവസങ്ങളില്‍ ട്രംപ് കൈക്കൊള്ളാന്‍ പോവുന്ന നയനിലപാടുകളെ അനുകൂലിക്കാത്തവര്‍ അടങ്ങിയിരിക്കാന്‍ പോകുന്നില്ല എന്ന സന്ദേശമാണ് ഈ പ്രക്ഷോഭങ്ങളിലൂടെ കൈമാറാന്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധത്തിന്റെ കലയെ കുറിച്ച് (‘The Art of Protest’) ആഴത്തില്‍ അപഗ്രഥിച്ച് ഗ്രന്ഥമെഴുതിയ വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ടി.വി റീഡ് അഭിപ്രായപ്പെടുന്നു. ജനം എന്തുകൊണ്ട് ഇമ്മട്ടില്‍ നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെട്ടു എന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളൂ. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കാന്‍ ഒരുതരത്തിലും യോഗ്യനല്ലാത്ത ഒരു വഷളനാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഒരേ സ്വരത്തില്‍ എല്ലാവിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്. അമേരിക്കയെയും അമേരിക്കന്‍ ജനതയെയും കുറിച്ച് ജനം വെച്ചുപുലര്‍ത്തിയ പ്രതീക്ഷകളെ, ഇപ്പോഴും കൊണ്ടുനടക്കുന്ന പ്രത്യാശകളെ തട്ടിത്തെറിപ്പിച്ചിരിക്കയാണ് ഈ എഴുപതുകാരന്‍. ‘ദി ഗാര്‍ഡിയന്റെ ‘ സീനിയര്‍ കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമായ ജോനാര്‍ഥന്‍ ഫ്രീഡ്‌ലന്‍ഡ് അമേരിക്ക ചെന്നുപെട്ട പ്രതിസന്ധിയെ കുറിച്ച് കുറിക്കുന്നത് ഇങ്ങനെ: ‘അമേരിക്കയിന്ന് ലോകത്തിനു പ്രതീക്ഷ പകരുന്ന ഉറവയല്ല, ഭീതിയുടെ സ്രോതസ്സായി പരിണമിച്ചിരിക്കുന്നു. പ്രഥമ വനിതാ പ്രസിഡന്റെിനെ ആവേശപൂര്‍വം വരവേല്‍ക്കുന്നതിനു പകരം അജ്ഞതയിലും വംശവെറിയിലും സ്ത്രീവിരുദ്ധതയിലും അഭിരമിക്കുന്ന ഒരാള്‍ക്ക് പരമോന്നത അധികാര പീഠം അവര്‍ കനിഞ്ഞുനല്‍കിയിരിക്കുന്നു. അദ്ദേഹത്തെ നന്നായി അറിയാവുന്ന ആരും അപകടകാരിയായ ഒരു സാമൂഹിക വിരുദ്ധനായി മാത്രമേ വിലയിരുത്തൂ’.

‘വൈറ്റ് സൂപ്പര്‍മാസിസ്റ്റു’കള്‍ നടത്തിയ വിജയക്കൊയ്ത്ത്
ഇന്നീ കാണുന്ന അമേരിക്ക കെട്ടിപ്പടുത്തത് യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും കുടിയേറിയ ഭിന്ന വംശീയ ജനവിഭാഗങ്ങളാണ്. ബഹുസ്വരതയാണ് അന്നാട്ടിന്റെ അന്തഃസ്ഥലികളെ ജീവസ്സുറ്റതാക്കിയതും നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയതും. കുടിയേറ്റത്തെ ഇരുകരവും കാട്ടി സ്വീകരിച്ച പഴയ അമേരിക്ക ആരോടും വംശമോ മതമോ ചോദിച്ചിരുന്നില്ല. ലോകം മുഴുവന്‍ വലത്തോട്ടേക്ക് ചാഞ്ഞപ്പോഴും യു.എസ് ജനതയില്‍ നമ്മള്‍ പ്രതീക്ഷ അര്‍പ്പിച്ചത് മാനുഷികവിഭവങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ ഐക്യനാടുകള്‍ പക്ഷപാതമില്ലാതെ പെരുമാറുമെന്ന വിശ്വാസമായിരുന്നു. അറുപതുകളിലും എഴുപതുകളിലും ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ പുതിയ മേച്ചില്‍പുറം തേടി ഏഴാം കടലിന്നക്കരയിലേക്ക് പറന്നുപോയത് പുതിയൊരു ലോകം കെട്ടിപ്പടുക്കാനുള്ള അദമ്യമായ മോഹം നെഞ്ചിലേറ്റിയാണ്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അമേരിക്ക ഇപ്പോള്‍ തിരിഞ്ഞുനടക്കുകയാണെന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കുടിയേറ്റവിരുദ്ധ വികാരമാണ് അവിടെ വിജയം കണ്ടിരിക്കുന്നത്. തന്റെ കൈയിലേക്ക് അധികാരമെത്തിയാല്‍ കുടിയേറ്റം നിയന്ത്രിക്കുമെന്നും മുസ്‌ലിംകളെ രാജ്യത്തേക്ക് കടത്തിവിടില്ലെന്നും അയല്‍രാജ്യമായ മെക്‌സിക്കോവിനെ അകറ്റിനിര്‍ത്താന്‍ വന്‍മതില്‍ കെട്ടുമെന്നുമൊക്ക പരസ്യമായി പ്രസംഗിച്ചുനടന്ന ട്രംപിനെ ഇമ്മട്ടില്‍ വിജയിപ്പിച്ചെടുത്തിരിക്കുന്നത് വെള്ളക്കാരാണ്. മതമൗലികവാദികളും പിന്തിരിപ്പന്മാരുമായ ഇവാഞ്ചലിസ്റ്റുകളുമാണ്. വംശവെറി മൂത്തപ്പോള്‍, കറുത്ത വര്‍ഗക്കാര്‍ക്കും മുസ്‌ലിംകള്‍ക്കും ഹിസ്പാനികള്‍ക്കും എതിരായ വികാരം അലടിച്ചു. ‘വൈറ്റ് സൂപ്പര്‍മാസിസ്റ്റ് ‘എന്ന് വിളിക്കപ്പെടുന്ന പഴയ വംശവെറിയന്മാര്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഹിലരിയുടെ പതനത്തില്‍ കലാശിച്ചത്. വര്‍ണവംശ വൈജാത്യങ്ങളെ തള്ളിക്കളഞ്ഞ ‘ഗ്രൈറ്റ് സൊസൈറ്റി’ക്കു പകരം അധികാരം വെള്ളക്കാരന്റെ കൈകളില്‍ കുമിഞ്ഞുകൂടുന്ന ദുരന്താവസ്ഥയിലേക്കാണ് അന്നാട് തിരിച്ചുനടക്കാന്‍ പോകുന്നത്. റൊണാള്‍ഡ് റീഗന്‍ സമ്മാനിച്ച ദുരന്താനുഭവങ്ങള്‍ ഏറ്റുവാങ്ങാന്‍ ലോകം കാത്തിരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ്. വ്യവസായ മേഖലയിലെ വെള്ളക്കാരായ തൊഴിലാളികളില്‍ ഭൂരിഭാഗവും ട്രംപ് എന്ന കോമാളിയെ പിന്തുണച്ചത് , വ്യവസ്ഥിതിക്കെതിരായ വിധിയെഴുത്താകുമെന്ന പ്രതീക്ഷയിലാവണം. ന്യൂയോര്‍ക്ക് മുന്‍മേയര്‍ റുഡി ഗില്യാനി ചൂണ്ടിക്കാട്ടിയ ഒരു രാഷ്ട്രീയ യാഥ്യാര്‍ഥ്യമുണ്ട്: റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് എതിരെ അമേരിക്കന്‍ ജനതയുടെ കലാപമാണ് തെരഞ്ഞെടുപ്പിലൂടെ അരങ്ങേറിയതെന്ന്. എട്ട് വര്‍ഷത്തെ ഡെമോക്രാറ്റിക് ഭരണത്തില്‍നിന്ന് മാറ്റം ആഗ്രഹിച്ച ജനത, കണ്ണടച്ച് ട്രംപിന് വോട്ടുചെയ്യുകയായിരുന്നു. ട്രംപിന്റെ എതിര്‍പക്ഷത്ത് ഹിലരി എന്ന സ്ത്രീയായതും ഡെമോക്രാറ്റുകളുടെ പരാജയം എളുപ്പമാക്കി. ഹിലരിക്കു പകരം ഒരു പുരുഷനായിരുന്നു സ്ഥനാര്‍ഥിയെങ്കില്‍ വിജയിച്ചേനെ എന്ന് പലരും നിരീക്ഷിക്കുന്നുണ്ടിപ്പോള്‍. സ്ത്രീവര്‍ഗത്തെ കുറിച്ചുള്ള അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാട് അറുപിന്തിരപ്പനും യാഥാസ്ഥിതികവുമാണെന്ന് വിലയിരുത്തുന്നതാവും സത്യസന്ധത. ഡേറ്റിങ്ങിന്നും നൈറ്റ് പാര്‍ട്ടിക്കും കൈപിടിച്ചുനടക്കാനുള്ള സുന്ദര രൂപങ്ങള്‍ക്കുമപ്പുറം സ്ത്രീയുടെ കഴിവിലോ നേതൃപാടവത്തിലോ ആ ജനത വിശ്വസിക്കുന്നില്ല എന്ന് ചുരുക്കം.

ട്രംപിന്റെ വിജയം ആഹ്ലാദം കൊള്ളിക്കുന്നത് ആരെയൊക്കെ എന്ന് അടയാളപ്പെടുത്തിയാല്‍ തന്നെ ആ മനുഷ്യന്‍ പ്രതിനിധാനം ചെയ്യുന്നത് എന്തിനൊക്കെയാണെന്ന് സാമാന്യബുദ്ധി പറഞ്ഞുതരും. ഫ്രാന്‍സിലെ തീവ്രലതുപക്ഷ രാഷ്ട്രീയനേതാവായ മറിന്‍ ലീപെന്‍ (ങമൃശില ഘല ജലി) പറയുന്നത് ട്രംപിന്റെ വിജയം ലോകത്തുടനീളം ആഞ്ഞടിക്കാന്‍ പോകുന്ന മഹത്തായ പ്രക്ഷോഭങ്ങളുടെ തുടക്കമാണെന്നാണ്. ആഗോളീകരണത്തിനും കുടിയേറ്റത്തിനുമെതിരെ കുരച്ചുചാടുന്ന രാഷ്ട്രീയ ദുഷ്ടവിചാരമാണ് ലീപെന്‍ മുന്നോട്ടുവെക്കുന്നതെന്ന് നാം കണ്ടതാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരണമെന്ന് ശക്തമായി വാദിച്ച് വിജയം കൊയ്ത ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി നേതാവ് നൈജല്‍ ഫറാഷ് ട്രംപിനുവേണ്ടി കാമ്പയിനു ഇറങ്ങിയപ്പോള്‍ തന്നെ അതിലടങ്ങിയ സന്ദേശം എത്ര വിപദ്കരമാണെന്ന് പലരും തൊട്ടുകാണിച്ചിരുന്നു. ട്രംപിന്റെ വിജയത്തിനു പിന്നില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ഫറാഷ് അവകാശപ്പെടുന്നു. ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കയാണെന്നും ‘ക്ലിന്റെൈണറ്റുകളുടെയും ബുഷൈറ്റുകളുടെയും’ പതനത്തിനു പിന്നില്‍ ബ്രിട്ടനില്‍ നിന്ന് നാന്ദികുറിച്ച കൊടുങ്കാറ്റ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വീരസ്യം കൊള്ളുന്നുണ്ട്. തെരഞ്ഞെടുപ്പ് ആഗതമായ നെതര്‍ലാന്‍ഡിലും ഫ്രാന്‍സിലും ജര്‍മനിയിലുമൊക്കെ ട്രംപിന്റെ വിജയം പ്രതിദ്ധ്വനിക്കുമെന്ന് തന്നെയാണ് എല്ലാവരും ഭയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിന്‍ പുട്ടിനായിരിക്കും. തൊണ്ണൂറുകള്‍ തൊട്ട് ഏക ധ്രുവലോകത്ത് വിരാജിക്കുന്ന അമേരിക്കയെ നശിപ്പിക്കാന്‍ പറ്റിയ സാഹചര്യം ഒരുക്കുന്നതില്‍ ഡോണാള്‍ഡ് ട്രംപ് തന്നെ സഹായിക്കുമെന്ന് പുട്ടിന്‍ കണക്കുകൂട്ടുന്നുണ്ടാവണം. ഒബാമയിലൂടെ കഴിഞ്ഞ എട്ടുകൊല്ലം നടപ്പാക്കിയ നയപരിപാടികളോട് പുട്ടിന്‍ യോജിച്ചിരുന്നില്ല. സാറിസ്റ്റ് ചക്രവര്‍ത്തിമാരുടെ ജീര്‍ണപാരമ്പര്യം മുഴുവന്‍ ആവാഹിച്ചു നടക്കുന്ന പുട്ടിനെ സംബന്ധിച്ചിടത്തോളം ചക്കിക്കൊത്ത ചങ്കരനാണ് ഡോണാള്‍ഡ് ട്രംപ്.

അറബ് ഇസ്‌ലാമിക ലോകം എങ്ങനെ പ്രതികരിക്കും?
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവുമധികം ദുഃഖിക്കുന്നത് മുസ്‌ലിംകളാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തുടക്കം തൊട്ട് ഡോണാള്‍ഡ് ട്രംപ് മുസ്‌ലിം വിരുദ്ധ ആക്രോശങ്ങള്‍ കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കലാപകലുഷിതമായ സിറിയ, ഇറാഖ്, ലിബിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് നിലക്കാത്ത അഭയാര്‍ഥി പ്രവാഹം ഉണ്ടായപ്പോള്‍ കവാടം കൊട്ടിയടക്കാന്‍ ആഹ്ലാനം ചെയ്തവരുടെ മുന്‍പന്തിയില്‍ ട്രംപുണ്ടായിരുന്നു. അമേരിക്കയിലേക്ക് ഇത്തരം അഭയാര്‍ഥികളെ പ്രവേശിപ്പിക്കില്ലെന്നും രാജ്യത്ത് താമസിക്കുന്ന മുസ്‌ലിം കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിരീക്ഷണം നടത്തുമെന്നും ഈ മനുഷ്യന്‍ പുലമ്പിയപ്പോള്‍ പല രാഷ്ട്രത്തലവന്മാരും ബുദ്ധിജീവികളും ഈ മനുഷ്യനെ വൈറ്റ് ഹൗസിലിരുത്താന്‍ പറ്റില്ലെന്ന് വിളിച്ചുപറഞ്ഞു. എന്നിട്ടും ട്രംപ് മാറ്റിപ്പറഞ്ഞില്ല എന്ന് മാത്രമല്ല, കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകളുമായി പിരിമുറുക്കം കൂട്ടിക്കൊണ്ടേയിരുന്നു.

അറബ് ഇസ്‌ലാമിക ലോകം അതുകൊണ്ട് തന്നെ, ട്രംപിന്റെ അധികാരാരോഹണത്തെ ശ്വാസമടക്കിപ്പിടിച്ചാണ് നോക്കിക്കാണുന്നത്. പശ്ചിമേഷ്യയില്‍ മുഖം കുത്തിനില്‍ക്കുന്ന തന്റെ മുന്‍ഗാമികളില്‍നിന്ന് മാറിച്ചിന്തിക്കാനും അതുവഴി പശ്ചിമേഷ്യയെ അതിന്റെ പാട്ടിനു വിടാനും ട്രംപ് സന്നദ്ധമായേക്കാം എന്ന് കരുതുന്നവരുണ്ട്. എന്നാല്‍, കഴിഞ്ഞ അര നൂറ്റാണ്ടുകാലം പടിഞ്ഞാറന്‍ ലോകം മിഡില്‍ ഈസ്റ്റിനോട് സ്വീകരിച്ച സമീപനം സൂക്ഷ്മമായി പരിശോധിച്ചാല്‍ അത്തരമൊരു പിന്മാറ്റത്തിന്റെ സാധ്യത അങ്ങ് ചക്രവാളത്തില്‍ പോലും കാണാന്‍ സാധിക്കില്ല. ഇസ്രായേല്‍ താല്‍പര്യം മുന്‍നിര്‍ത്തി, അറബ് ലോകത്ത് അന്തഃഛിദ്രത വളര്‍ത്താനും ബശ്ശാറൂല്‍ അസദിനെ പോലുള്ള സ്വേച്ഛാധിപതികളെ റഷ്യയുടെ കൃപാശിസ്സുകളോടെ നിലനിര്‍ത്താനുമായിരിക്കാം ട്രംപ് സമയം പാഴാക്കുക. ജറൂസലം ആസ്ഥാനമാക്കിയുള്ള ഇസ്രയേല്‍ തന്‍േറയും സ്വപ്‌നമാണെന്ന് പ്രഖ്യാപിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ച ഈ മനുഷ്യന്‍ ബെഞ്ചമിന്‍ നെതന്യാഹു എന്ന സയണിസ്റ്റ് തീവ്രവാദിയുടെ ഉറ്റ ചങ്ങാതിയായി മാറാനും ‘ഗ്രൈറ്റര്‍ ഇസ്രയേല്‍’ എന്ന ജൂതസ്വപ്‌നം സാക്ഷാത്കരിക്കുന്നതിനു പാലം പണിയാനും ശ്രമിക്കുമെന്ന് തന്നെയാണ് ഭയപ്പെടേണ്ടത്. ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ അതീവ ആഹ്ലാദത്തിലാണ്. വൈറ്റ്ഹൗസ് തെല്‍അവീവ്ന്യൂഡല്‍ഹി അച്ചുതണ്ട് എക്കാലവും ആര്‍.എസ്.എസിന്റെയും യു.എസ് നവയാഥാസ്ഥിതികരുടെയും സയണിസ്റ്റുകളുടെയും സ്വപ്‌ന അജണ്ടയാണ്. അതിന്റെ സാക്ഷാത്കാര വഴിയില്‍ ട്രംപിനെക്കാള്‍ അനുയോജ്യനായ ഒരാള്‍ ഇനി വരാനില്ല എന്ന നിഗമനം, ഉത്ക്കണ്ഠകള്‍ ഉയര്‍ത്തുന്നുണ്ട്. ഒബാമ മുസ്‌ലിം ലോകത്തിനു കാര്യമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ചിലത് ആഗ്രഹിച്ചിരുന്നു. പക്ഷേ, അമേരിക്കന്‍ വ്യവസ്ഥിതി അദ്ദേഹത്തിന്റെ കൈകാലുകള്‍ വരിഞ്ഞുമുറുക്കി കെട്ടിയത് കൊണ്ട് ക്രിയാത്കമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആ അവസ്ഥ മാറി, അറബ്‌ലോകത്തെ ഛിന്നഭിന്നമാക്കുന്ന ക്രൂരമായ നടപടികള്‍ ഡോണാള്‍ഡ് ട്രംപില്‍നിന്ന് ഭയക്കുന്നവരുണ്ട്. അമേരിക്കയെയും ലോകത്തെ തന്നെയും രക്ഷിക്കാന്‍ പടച്ചുതമ്പുരാനേ ഇനി കഴിയൂ എന്ന നിസ്സഹായത പങ്കുവെക്കാനേ നമുക്കും സാധിക്കുകയുള്ളൂ.

ശാഹിദ്‌