ഹലബാ ട്വിറ്ററില്‍ കുറിച്ചു:ഞങ്ങളൊരുമിച്ച് മരണം കാത്തിരിക്കുന്നു

ഹലബാ ട്വിറ്ററില്‍ കുറിച്ചു:ഞങ്ങളൊരുമിച്ച് മരണം കാത്തിരിക്കുന്നു

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊല സിറിയയിലെ അലപ്പോയില്‍ അരങ്ങേറിയപ്പോള്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ നമുക്ക് സാധിച്ചില്ല എന്നത് ജേര്‍ണലിസത്തിന്റെ തോല്‍വിയായി സമ്മതിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. കുറെ മാസങ്ങളായി സിറിയയിലെ ഏറ്റവും വലിയ നഗരവും ഒരുവേള മുസ്‌ലിം നാഗരികതയുടെ കളിത്തൊട്ടിലുമായ അലപ്പോയില്‍ കൂട്ടക്കുരുതി നടക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തെ സിറിയന്‍ യുദ്ധത്തിനു ഒരു വഴിത്തിരിവായി ഒടുവില്‍ അലപ്പോ ബശ്ശാറുല്‍ അസദിന്റെ കൈകളിലേക്ക് ചെന്ന് പെടുകയും ചെയ്തു. പ്രതിപക്ഷ നിരയുടെ പരാജയവും ഏകപക്ഷീയമായ കീഴടങ്ങലും അറബ് വസന്തം വിരിച്ച പ്രതീക്ഷയില്‍ 2011തൊട്ട് അറബ് ലോകത്തിന്റെയും മറ്റും പിന്തണയോട് തുടക്കം കുറിച്ച അസദ് വിരുദ്ധ പോരാട്ടത്തിന്റെ തോല്‍വി പ്രഖ്യാപനവുമായിരുന്നു അത്. സിറിയന്‍ പട്ടാളവുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഡിസംബര്‍ 14നു പുലര്‍ച്ചെ തൊട്ട് തങ്ങള്‍ ഒഴിഞ്ഞുപോകാമെന്ന് പോരാളികളും അവരെ അനുകൂലിക്കുന്ന സിവിലിയന്‍ സമൂഹവും ഉറപ്പുനല്‍കിയിരിക്കയാണത്രെ. ഇത് സമാധാന സന്ധിയല്ല, മറിച്ച് നഗ്‌നമായ കീഴടങ്ങലാണെന്നാണ് അസദ് വിരുദ്ധ കേന്ദ്രങ്ങള്‍ പോലും സമ്മതിക്കുന്നത്. ഇതൊന്നും മുസ്‌ലിം ലോകത്തെ അലോസരപ്പെടുത്താതിരിക്കുന്നത് അലപ്പോയില്‍ നടമാടിയ ക്രൂരതയുടെ യഥാര്‍ഥമുഖം അറിയാന്‍ സാധിക്കാത്തത് കൊണ്ടാണെന്നാണ് ശാഹിദിന്റെ പ്രിയപ്പെട്ട പശ്ചിമേഷ്യന്‍ കോളമിസ്റ്റ് റംസി ബറൂദ് പരിതപിക്കുന്നത് . വാര്‍ത്താവിനിമയ സമ്പ്രദായം ഇത്രയൊന്നും പുരോഗമിക്കാതിരുന്ന അറുപതുകളില്‍ വിയറ്റ്‌നാം കാടുകളില്‍ അമേരിക്ക പൂര്‍ത്തിയാക്കിയ മനുഷ്യക്കുരുതിയുടെ ഞെട്ടിപ്പിക്കുന്ന ചിത്രം ലോകത്തിന് കൈമാറിയത് സീമര്‍ ഹര്‍ഷിനെ പോലുള്ള മാധ്യമപ്രവര്‍ത്തകരായിരുന്നു. ഇറാഖില്‍ യു.എസ് പട്ടാളം നടത്തിയ കൈരാതങ്ങളുടെ രക്തം മരവിപ്പിക്കുന്ന ക്രൂരത ലോകത്തിനു മുന്നില്‍ വരച്ചുകാട്ടിയത് താരീഖ് അയ്യൂബാണ്. എന്നാല്‍, സിറിയയില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ന് നമുക്ക് അറിയാന്‍ സാധിക്കാതെ പോയത് ബശ്ശാറുല്‍ അസദിന്റെ മണ്ണില്‍നിന്ന് സത്യം പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടത്‌കൊണ്ടാണ്. കിരാതവാഴ്ചക്കിടയില്‍ ചവിട്ടുമെതിക്കപ്പെട്ടത് മനുഷ്യത്വവും സത്യവും നീതിയുമായിരുന്നു. ദി ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ പ്രതിനിധി വിശ്വപ്രശസ്തനായ റോബര്‍ട്ട് ഫിസ്‌കില്‍ നിന്ന് നമുക്ക് കിട്ടുന്ന വിവരങ്ങള്‍ പോലും സത്യസന്ധമാണെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കാത്തതാണത്രെ. സിറിയയിലെ, വിശിഷ്യാ അലപ്പോയിലെ യുദ്ധമുഖത്തുനിന്നുള്ള തനത് ചിത്രം കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ മനുഷ്യത്വമുള്ള ആര്‍ക്കും സമാധാനപരമായി ഉറങ്ങാന്‍ കഴിയില്ലെന്നുറപ്പ്. അത്രക്കും കിരാതമായ ആക്രമണങ്ങളാണ് ബശ്ശാറുല്‍ അസദും സാറിസ്റ്റ് റഷ്യയുടെ മേലാളന്‍ പുട്ടിനും ചേര്‍ന്ന് അലപ്പോയിലെ നിരപരാധരായ സിവിലിയന്‍ സമൂഹത്തിനു മേല്‍ നടപ്പാക്കിയത്. അലപ്പോ മുഴുവന്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്ന്, ബശ്ശാറുല്‍ അസദ് വിജയാഹ്ലാദം കൊണ്ടാടുമ്പോഴും അറബ് ഇസ്‌ലാമിക ലോകത്ത് അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലയുടെയും നശീകരണത്തിന്റെയും യഥാര്‍ഥ ചിത്രം ലഭ്യമായിട്ടില്ല. ഏകാധിപതികളോടും നിഷ്ഠൂരന്മാരോടുമാണ് എല്ലാവര്‍ക്കും കൂറ്.

അസദ് വിരുദ്ധ ശക്തികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ അലപ്പോ, വിവിധ മിലിഷ്യകളെ നിഷ്പ്രഭമാക്കി സിറിയന്‍ റഷ്യന്‍ പട്ടാളം പിടിച്ചടക്കിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അത് എങ്ങനെ സാധിച്ചുവെന്ന വലിയൊരു ചോദ്യം രാഷ്ട്രീയനിരീക്ഷകരെ സ്തബ്ധരാക്കി. പോരാട്ടം അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോള്‍ സിറിയന്‍ ജനത, സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ‘അന്ത്യനിമിഷം’ കാത്തുകഴിയുകയായിരുന്നു. എവിടെ പ്രാണരക്ഷാര്‍ഥം ഒളിച്ചിരുന്നാലും റഷ്യന്‍ ബോംബറുകളില്‍നിന്ന് രക്ഷപ്പെടാനാവാത്ത അവസ്ഥ. വിജയപ്രഖ്യാപനത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിലാണ് തങ്ങളെന്ന് സിറിയന്‍ സൈന്യാധിപന്‍ വീരസ്യം പറയുമ്പോള്‍ തെരുവുകളിലും കെട്ടിടങ്ങള്‍ക്കകത്തും ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ പോലും മരിച്ചുകിടക്കുന്നുണ്ടായിരുന്നു. ആ കുരുന്നുകളുടെ മയ്യിത്ത് മറമാടാന്‍ ആരും മുന്നോട്ട് വരാതിരുന്നത് ചലിക്കുന്നതെന്തിനെയും വെടിവെച്ചിടാന്‍ പീരങ്കികളും പോര്‍വിമാനങ്ങളും തയാറായി നില്‍ക്കുന്നത് കൊണ്ടായിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ സിവിലിയന്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കേണ്ടത് അന്താരാഷ്ട്ര മാനുഷ്യാവകാശനിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും താല്‍പര്യമാണെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ അസദോ പുടിനോ അത് ചെവിക്കൊള്ളില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അസദിന്റെ സൈന്യം നടത്തുന്ന ക്രൂരതകള്‍ക്ക് സിറിയന്‍, റഷ്യന്‍ ഗവണ്‍മെന്റായിരിക്കും ഉത്തരവാദിയെന്ന് യു.എന്‍ മനുഷ്യാവകാശ ഉപദേശഷ്ടാവ് ജാന്‍ ഈഗ്‌ലാന്‍ഡ് ഓര്‍മപ്പെടുത്തിയ നിമിഷത്തില്‍ ബശ്ശാറും പുട്ടിനും കളിയാക്കി ചിരിക്കുന്നുണ്ടാവണം. കാരണം, അലപ്പോ എന്ന ചരിത്രനഗരത്തെ ധൂമപടലങ്ങളാക്കി മാറ്റി, വിമതസ്വരത്തെ എന്നെന്നേക്കുമായി വിപാടനം ചെയ്യുകയായിരുന്നു ഇവരുടെ ആത്യന്തിക ലക്ഷ്യം. ഈ നീക്കത്തില്‍ ഇറാന്റെയും ഇറാഖിന്റെയും ലബനാനിലെ ഹിസ്ബുല്ലയുടെയും പൂര്‍ണ പിന്തുണ ഇവര്‍ക്കുണ്ട്. മറുഭാഗത്താവട്ടെ, സഊദിയും ഖത്തറും തുര്‍ക്കിയുമെല്ലാം ഏതാണ്ട് പോരാട്ടം നിര്‍ത്തി പിന്മാറിയ മട്ടിലായിരുന്നു. അസദിനെതിരെ അഞ്ചുകൊല്ലം മുമ്പ് സുന്നിലോകത്തെ പോര്‍ക്കളത്തിലിറക്കിയ അമേരിക്കയാവട്ടെ, ഈ കൊടും ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിര്‍ന്നിമേഷരായി, ഞങ്ങള്‍ ഒന്നും അറിയില്ല എന്ന ഭാവത്തില്‍ നിന്നു. 2015ല്‍ റഷ്യ അത്യാധുനിക ആയുധങ്ങളുമായി സിറിയയിലേക്ക് കടന്നുവരുന്നത് വരെ മേല്‍ക്കൈ അസദ് വിരുദ്ധ ഗ്രൂപ്പുകള്‍ക്കായിരുന്നു. റഷ്യ അതിന്‍െ സാറിസ്റ്റ് ക്രൂരതകളുമായി ആക്രമണത്തിനുപുറപ്പെട്ടതോടെ ചിത്രം മാറിമറിഞ്ഞു. സുന്നികളുടെ മുഖ്യകേന്ദ്രങ്ങളിലൊന്നായ അലപ്പോയുടെ കിഴക്ക് ഭാഗം മുഴുവനും അസദ് വിരുദ്ധ പോരാളികളുടെ നിയന്ത്രണത്തിലായിരുന്നു 2012 വരെ. ആ മേഖലയിലുള്ള ജീവജാലങ്ങളെ മുഴുവന്‍ തകര്‍ത്തെറിഞ്ഞുകൊണ്ടെങ്കിലും ആധിപത്യം ഉറപ്പിക്കുക എന്ന അലവി ഷിയാക്കളുടെ നികൃഷ്ട പദ്ധതിയാണ് ഇപ്പോള്‍ വിജയം കണ്ടത്. അതിനു നിരപരാധികളായ സിവിയന്‍മാര്‍, നല്‍കേണ്ടിവരുന്ന വില സിറിയയുടെ ചരിത്രത്തെ രക്തപങ്കിലവും കബന്ധനിബിഢവുമാക്കി. ഞങ്ങള്‍ ‘അന്ത്യദിനം ‘കാത്തിരിക്കയാണെന്നാണ് പട്ടാളത്താല്‍ വളഞ്ഞുവെക്കപ്പെട്ട അലപ്പോയിലെ സ്‌കൂള്‍ അധ്യാപകനായ അബ്ദുല്‍ കാഫി അല്‍ഹംദ് ട്വീറ്ററിലൂടെ ലോകത്തോട് പറഞ്ഞത്. ഈ സന്ദിഗ്ധ ഘട്ടത്തിലും ലോകശക്തികള്‍ അനങ്ങിയില്ല. തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷ അസ്തമിച്ച ഒരു ഡോക്ടര്‍ (മുഹമ്മദ് അബു റജബ് ) ട്വിറ്ററിലൂടെ ലോകസമൂഹത്തോട് അന്തിമാഭ്യര്‍ഥന നടത്തി: അലപ്പോ തകര്‍ത്തു ചാമ്പലാക്കിയിരിക്കുന്നു. ലോകത്തോടുള്ള അവസാനത്തെ വേദനയുടെ വിളിയാണിത്. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും വൃദ്ധന്മാരുടെയും ജീവന്‍ രക്ഷിക്കുക. ആരും ഇവിടെ ബാക്കിയില്ല. ഇനി ഞങ്ങളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണമെന്നില്ല. ഇത് അവസാനത്തെ വിളിയാണ്. ലോകത്തിലെ സ്വതന്ത്ര മനുഷ്യരോടുള്ള അന്തിമ അഭ്യര്‍ഥന. അലപ്പോ നഗരത്തെ ഒന്ന് നിങ്ങള്‍ രക്ഷിക്കൂ”. പിടിച്ചുനില്‍ക്കാനുള്ള അവസാനത്തെ പുല്‍ക്കൊടിയും കൈമോശം വന്നു എന്ന് കണ്ടപ്പോള്‍ ഒരു ലക്ഷത്തോളം സിവിലയന്മാര്‍ സുരക്ഷിത താവളം തേടി അസദിന്റെ വിജയപ്രഖ്യാപനത്തിനു മുമ്പ് തന്നെ അഷ്ടദിക്കുകളിലേക്കായി പലായനം ചെയ്തിരുന്നു. 2,200 വിമതന്മാര്‍ കീഴടങ്ങിയെന്ന വാര്‍ത്ത റഷ്യന്‍ സൈനിക കേന്ദ്രങ്ങളാണ് വിളിച്ചുപറഞ്ഞത്. ആക്രമണകാരികളായ സിറിയന്‍, റഷ്യന്‍ പട്ടാളത്തിന്റെ കണ്ണില്‍പെട്ടാല്‍ ജീവന്‍ ബാക്കിയില്ല എന്നുറപ്പുള്ള സിവിലയന്മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ‘എസ്.ഒ.എസ് ‘ (സേവ് ഔര്‍ സോള്‍ ഞങ്ങളുടെ പ്രാണന്‍ രക്ഷിക്കൂ ) വിളി സിറിയയുടെ ചരിത്രത്തില്‍നിന്ന് പെട്ടെന്നൊന്നും മാഞ്ഞു പോവില്ല. മരണത്തെ മുഖാമുഖം കണ്ട കുടുംബങ്ങള്‍ ലോകത്തിനു അയച്ച ട്വിറ്റര്‍ സന്ദേശം ഇതാണ്: Witing death together’ഞങ്ങള്‍ മരണത്തെ ഒരുമിച്ചു കാത്തിരിക്കയാണെന്ന്. കൃത്യം എത്ര പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടി എന്ന കണക്ക് പുറത്തുവരാനിരിക്കുന്നേയുള്ളൂ. തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണയാണത്രെ വിമതര്‍ക്ക് ഒഴിഞ്ഞുപോകാന്‍ അവസരമൊരുക്കിക്കൊടുത്ത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് ലക്ഷ്യമിട്ട് പോരാളികളും സിവിലിയന്മാരും ഇന്ന് തന്നെ (ഡിസംബര്‍ 14) പലായനം തുടങ്ങുമെന്ന് ടര്‍ക്കിഷ് വിദേശകാര്യ മന്ത്രി വെളിപ്പെടുത്തുമ്പോള്‍ സുന്നിവിഭാഗത്തിന്റെ ഏറ്റവും വലിയ നഗരം കീഴടക്കിയ ബശ്ശാറുല്‍ അസദ് വരുംദിവസങ്ങളില്‍ നടപ്പാക്കാന്‍ പോകുന്ന ക്രൂരതയെ കുറിച്ചുള്ള ഉത്ക്കണ്ഠയാണ് മുസ്‌ലിം ലോകത്തെ അസ്വസ്ഥമാക്കുന്നത്. അലപ്പോക്ക് ശേഷം ഇദ്‌ലിബില്‍ സുരക്ഷിതരാണെന്ന് ആര്‍ക്കാണ് ഉറപ്പ് നല്‍കാനാവുക.

മറക്കാന്‍ കഴിയുമോ ഈ ചരിത്രം
ഉസ്മാനിയ്യ ഖിലാഫത്തിന്റെ പ്രതാപ ഐശ്വര്യങ്ങള്‍ നിറഞ്ഞൊഴുകിയ മൂന്നാമത്തെ മഹാനഗരമായിരുന്നു ഹലബ. അതെ, ഇന്ന് ചുടളക്കളമായി മാറിയ അലപ്പോ. കോണ്‍സ്റ്റാന്റിനോപ്പിളും കെയ്‌റോയും കഴിഞ്ഞാല്‍ ഖിലാഫത്തിലെ ഏറ്റവും വലിയ നഗരം. 2011ല്‍ അസദ് വിരുദ്ധ പോരാട്ടം തുടങ്ങുമ്പോള്‍ 25ലക്ഷം മനുഷ്യര്‍ ജീവിക്കുന്ന, വാണിജ്യ കുതൂഹലങ്ങളാല്‍ ശബ്ദമുഖരിതമായ മനുഷ്യകേന്ദ്രമാണിത്. റോമന്‍ കാലഘട്ടത്തില്‍ പോലും വിവിധ രാജ്യങ്ങളില്‍നിന്നുള്ള കച്ചവടക്കാരുടെ സംഗമസ്ഥാനമായിരുന്നു യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ ഈ ജനപദം. നാലായിരം സംവല്‍സരങ്ങള്‍ക്ക് മുമ്പ് തന്നെ വലിയൊരു വാണിജ്യസമൂഹം ഇവിടെ ജീവിച്ചിരുന്നുവെന്നും യുദ്ധങ്ങളും കീഴടക്കലുകളും ഭൂമുകുലുക്കങ്ങളുമൊക്കെ പലതവണ സംഭവിച്ചിട്ടും നഗരം കാലത്തെ അതിജീവിച്ചുവെന്നതും അദ്ഭുതാവഹമാണ്. സമ്പന്നതക്ക് എന്നും പുകള്‍പെറ്റ പട്ടണമാണിത്. ഒരു ഭാഗത്ത് മധ്യധരണ്യാഴിയും മറുവശത്ത് യൂഫ്രട്ടീസ് ടൈഗ്രീസ് നാഗരികതയും പഴയ കച്ചവട പട്ടുപാതയിലെ ലക്ഷ്യസ്ഥാനമായി അലപ്പോയെ മാറ്റി. യൂറോപ്പും ഏഷ്യയും പല കാലഘട്ടങ്ങളിലും സന്ധിച്ചത് ഈ നഗരപ്രാന്തത്തിലാണ്. 16ാം നൂറ്റാണ്ടില്‍ യൂറോപ്യന്മാര്‍ ഇവിടെ കുടില്‍കെട്ടി ജീവിച്ചത് പട്ടുപാതയിയിലൂടെ കടന്നുവന്ന സുഗന്ധവ്യഞ്ജനങ്ങളും മുന്തിയ പട്ടുകളും ശേഖരിക്കാനാണ്. ഷെയ്ക്‌സ്പിയറുടെ ഒഥല്ലോയില്‍ ദുരുഹതമുറ്റിനില്‍ക്കുന്ന ഈ വാണിജ്യ കേന്ദ്രത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബഹുസ്വരതയുടെ വിളനിലമാണീ മണ്ണ്. അറബ് വംശത്തിന്റെ അടിത്തറയില്‍ കുര്‍ദുകളും ഇറാനികളും തുര്‍ക്കുമാനികളും അര്‍മീനിയക്കാരും മറ്റു ഭാഷാവംശീയ ന്യൂനപക്ഷങ്ങളും ഒരുമിച്ചുജീവിക്കുന്ന അലപ്പോ ബഹുമതസംഗമഭൂമികൂടിയാണ്. ചര്‍ച്ചുകളും മസ്ജിദുകളും ജൂത ദേവാലയങ്ങളും തോളുരുമ്മി നില്‍ക്കുന്ന കാഴ്ച ചരിത്രകാരന്മാരെ സ്തബ്ധരാക്കിയിട്ടുണ്ട്. രണ്ടാം ഖലീഫ ഉമറിന്റെ(റ) കാലത്ത് ഇസ്‌ലാമിന്റെ കരവലയത്തില്‍ എത്തിപ്പെട്ട ലെവാന്റ് (ഇന്നത്തെ സിറിയയും ജോര്‍ദാനും ഫലസ്തീനുമടങ്ങുന്ന ഭൂപ്രദേശം ) ഉമവിയ്യ ഖിലാഫത്തിനു കീഴില്‍ വൈജ്ഞാനികമായി ഉത്തുംഗതയിലെത്തി എന്ന് മാത്രമല്ല, ശാസ്ത്ര, സാങ്കേതികരംഗത്ത് മനുഷ്യകുലത്തിനു ഒട്ടനവധി മഹാരഥന്മാരെ സംഭാവന ചെയ്യുകയുമുണ്ടായി. നൂറുകണക്കിനു ഗ്രന്ഥശാലകളും മദ്രസകളും മസ്ജിദുകളും കൊണ്ട് ജ്ഞാനസുരഭിലമായിരുന്നു അലപ്പോയും പ്രാന്തപ്രദേശങ്ങളും.

പോയ കാലത്തിന്റെ ധന്യതയും ധൈഷണിക ധവളിമയും തുടിച്ചുനില്‍ക്കുന്ന എണ്ണമറ്റ ചരിത്രസ്മാരകങ്ങള്‍ ബോംബറുകള്‍ സൃഷ്ടിച്ച ഭൂകമ്പങ്ങളില്‍ തകര്‍ന്നടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് . അലപ്പോയുടെ ഹൃദയഭാഗത്ത് കുന്നിന്‍ മുകളിലുള്ള ടര്‍ക്കിഷ്അറബ് വാസ്തുശില്‍പചാതുരി വഴിഞ്ഞൊഴുകുന്ന ഗ്രാന്‍ഡ് മസ്ജിദും ഖുസ്‌റുവി മോസ്‌കും കോട്ടയും ചരിത്രത്തില്‍ വിലയം പ്രാപിച്ചുകഴിഞ്ഞു. അലക്‌സോ കോഡെക്‌സ് എന്നപേരിലറിയപ്പെടുന്ന ഹിബ്രുബൈബിളിന്റെ അപൂര്‍വ കോപ്പിസൂക്ഷിച്ചിരുന്നത് ഇവിടെ ഒരു യഹൂദ ദേവാലയത്തിലായിരുന്നു. ക്രൈസ്തവ സന്ന്യാസി സിമോണ്‍ 37വര്‍ഷം ധ്യാനനിരതനായ മണ്ണില്‍ ബൈസന്റയിന്‍ ഭരണകൂടം അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച സെന്റ് സിമോണ്‍ ചര്‍ച്ച് ക്രൈസ്തവരുടെ തീര്‍ഥാടന കേന്ദ്രമാണ്. ചരിത്രകാരനായ എഡ്വേഡ് ഗിബ്ബണ്‍ വിലമതിക്കാനാവാത്ത ചരിത്രസ്മാരകമായി എണ്ണിയ ഒന്നാണിത്. കുരിശുയുദ്ധത്തിന്റെ പടനിലങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു അലപ്പോയിലേത്. ഫ്രഞ്ച് കുരിശുയുദ്ധക്കാര്‍ (ഇവര്‍ വംശീയമായി ജര്‍മനിയില്‍നിന്നുള്ളവരാണ്) 1119ല്‍ അലപ്പോയില്‍ എത്തിയപ്പോള്‍ അന്നാട്ടുകാരും കുര്‍ദുകളും അറബികളും ഒത്തൊരുമിച്ച് പടക്കളത്തില്‍ ഇറങ്ങി. ജയം മുസ്‌ലിം പക്ഷത്തായിരുന്നുവെന്ന് മാത്രമല്ല, എതിരാളികളുടെ ശൗര്യവും വീര്യവും ക്രിസ്ത്യന്‍ പടയാളികളെ എന്നെത്തേക്കും ചകിതരാക്കി. അലപ്പോ പ്രതാപൈശ്വര്യങ്ങളുടെ ഉത്തുംഗതയില്‍ നില്‍ക്കുമ്പോഴാണ് 1400ല്‍ തൈമൂറിന്റെ നേതൃത്വത്തിലുള്ള താര്‍ത്താരികള്‍ ‘വെട്ടുകിളികളെ പോലെ’ വന്നുവീഴുന്നതും എല്ലാം തകര്‍ത്തെറിഞ്ഞ് നഗരത്തെ ചാമ്പലാക്കുന്നതും. നഗരകവാടത്തില്‍, തലയോട്ടികള്‍ കുന്നുകൂട്ടിയതിന്റെ ഭീകരചിത്രം ദൃക്‌സാക്ഷികള്‍ കൈമാറുന്നുണ്ട്.

സിറിയയുടെ ഭാവി
സിറിയയിലേത് പോലെ പരാജയപ്പെട്ട ജനകീയ പോരാട്ടം അറബ് വസന്തത്തിനു ശേഷം ഉണ്ടായിട്ടില്ല. ഒരു വര്‍ഷം മുമ്പ് വരെ അസദ് കുടുംബഭരണം അസ്തമിച്ചുവെന്ന് പലരും വിധി എഴുതിയതാണ്. റഷ്യയുടെ കടന്നുവരവാണ് എല്ലാ പ്രതീക്ഷകളും അട്ടിമറിച്ചത്. ഒബാമ ഭരണകൂടമാവട്ടെ, അവസരത്തിനൊത്തു ഉയര്‍ന്നില്ല എന്ന് മാത്രമല്ല, കൊടിയ വഞ്ചനയാണ് കാട്ടിയത്. ആദ്യഘട്ടത്തില്‍ പ്രക്ഷോഭകര്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കാമെന്ന് വാഗ്ദത്തം ചെയ്തവര്‍ പിന്നീട് ഒന്നും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അസദ്‌വിരുദ്ധചേരിയിലെ ഭിന്നതകളും അവരുടെ കരുത്ത് ചോര്‍ത്തിക്കളയുന്നതില്‍ വലിയ പങ്ക്‌വഹിച്ചിട്ടുണ്ട്. നുസ്‌റ ഫ്രന്റ് എന്ന പേരില്‍ അറിയപ്പെട്ട പ്രതിരോധ ഗ്രൂപ്പ് ഫത്ഹുശാം എന്ന പേരിലേക്ക് മാറിയത് തന്നെ പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് കേട്ടിരുന്നു. അതേ സമയം, അല്‍ ഖാഇദ പോലുള്ള തീവ്രവാദ ചിന്താഗതിക്കാരുമായി ചേര്‍ന്നുകൊണ്ടുള്ള പോരാട്ടത്തിന്റെ പരിമിതികള്‍ തുടക്കം മുതല്‍ ‘ഭീകരവാദ’പട്ടം ചാര്‍ത്തിക്കൊടുക്കാന്‍ ഏകാധിപതിയായ ബശ്ശാറിനു അവസരമുണ്ടാക്കിക്കൊടുത്തു. സഊദി അറേബ്യയും ഖത്തറുമൊക്കെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കടുത്ത ആശയക്കുഴപ്പത്തിലകപ്പെട്ടത് പ്രതിരോധം ദുര്‍ബലമാക്കി. റഷ്യ പുറത്തെടുത്ത നിഷ്ഠൂരത സാറിസ്റ്റ് കാലഘട്ടത്തിലേക്ക് ഓര്‍മകളെ തിരിച്ചുവിളിക്കുന്നതായിരുന്നു. അലപ്പോ നഗരത്തില്‍ ബശ്ശാറും പുടിനും ചേര്‍ന്ന് നടത്തിയ കൂട്ടക്കൂരുതിയുടെ കഥ പുറത്തുവരാനിരിക്കുന്നു. ട്രംപിന്റെ യുഗം പുടിന്റേതു കൂടിയാകുമ്പോള്‍ പ്രതിഷേധത്തിന്റെ ചെറുശബ്ദത്തിനു പോലും പ്രസക്തിയുണ്ടാവില്ല എന്നതാണ് ഈ മാനവിക ദുരന്തത്തിന്റെ സഹതാപാര്‍ഹമായ വശം.

ശാഹിദ്‌