അപഹാസ്യമായി പുനര്‍ജനിക്കുന്ന ‘ഐക്യസംഘങ്ങള്‍’

അപഹാസ്യമായി പുനര്‍ജനിക്കുന്ന ‘ഐക്യസംഘങ്ങള്‍’

ചരിത്രം ആദ്യം ദുരന്തമായും പിന്നീട് അപഹാസ്യമായും ആവര്‍ത്തിക്കപ്പെടുമെന്ന് പ്രവചിച്ചത് കാറല്‍ മാര്‍ക്‌സാണ്. 2016 വിടപറയാനൊരുങ്ങിയപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 20നു സായാഹ്‌നത്തില്‍, കോഴിക്കോട് കടപ്പുറത്ത് ചരിത്രം ദുരന്തമായും അപഹാസ്യമായും ഒന്നിച്ച് പുനര്‍ജനിച്ചത് കണ്ട് ആരും ഞെട്ടിയില്ല. കാരണം, മുജാഹിദ് ഗ്രൂപ്പുകളുടെ ലയനം (അങ്ങനെ പറയാന്‍ പാടില്ലത്രെ. ഐക്യം എന്ന് പറഞ്ഞില്ലെങ്കില്‍ നാവരിയും എന്നുവരെ പത്രക്കാര്‍ക്കുനേരെ ഭീഷണി മുഴക്കിയതായി ശ്രുതി ) എന്ന ‘ചരിത്രനാടകം’ അരങ്ങ് തകര്‍ത്തപ്പോള്‍, മാധ്യമങ്ങളൊന്നും അതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ അന്വേഷിക്കാനോ നേതാക്കളുടെ അജണ്ട നിവര്‍ത്തിപ്പരിശോധിക്കാനോ തയാറാവാതിരുന്നത് ഇക്കാണുന്നതിലൊന്നും ഒരു കഴമ്പുമില്ല എന്ന നിഗമനത്തിലാവണം. ഇസ്‌ലാമിന്റെ 1450 വര്‍ഷത്തെ ചരിത്രത്തിലെ ‘അത്യപൂര്‍വമായ മഹാസംഭവം ‘ എന്ന് ചില സലഫി നേതാക്കള്‍ അറബിക്കടലിനെ സാക്ഷിനിര്‍ത്തി വീരസ്യം എഴുന്നെള്ളിച്ച (നാട്ടിലാകെ തങ്ങളുടെ അധീനതയിലുള്ള പള്ളികള്‍ക്ക് മുന്നില്‍ ‘സലഫി മസ്ജിദ്’ എന്ന ബോര്‍ഡ് വെച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ സലഫി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കിടുകിടാ വിറക്കുമത്രെ) തൊലിക്കട്ടിയുടെ മുന്നില്‍ നവോവാകം ചൊല്ലുക! ഈ കടലോര സംഗമത്തിന്റെ അന്തര്‍ധാര യഥോചിതം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത മാധ്യമങ്ങള്‍ ‘ജനസാഗരത്തെ സാക്ഷി’ നിര്‍ത്തി എഴുതിപ്പിടിപ്പിച്ച മുജാഹിദ് മഹാത്മ്യങ്ങള്‍ അവിടെ അരങ്ങേറിയ പിത്തലാട്ടങ്ങളുടെ യഥാര്‍ഥ കാരണം തിരിച്ചറിഞ്ഞവരെ കുടുകുടാ ചിരിപ്പിക്കുന്നുണ്ടാവണം.

പതിനാലു വര്‍ഷത്തിനു ശേഷം എണ്ണമറ്റ മുജാഹിദ് ഗ്രൂപ്പുകളില്‍നിന്ന് രണ്ടു കൂട്ടരെ പരസ്പരം വാരിപ്പുണരാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? ടി.പി അബ്ദുല്ലക്കോയ മദനിയും ഹൂസൈന്‍ മടവൂരും അവകാശപ്പെടും പോലെ ‘ആദര്‍ശ പ്രതിദ്ധത’യാണോ? കാലഘട്ടത്തിന്റെ കുളമ്പടി ശബ്ദം കേട്ട്, ഇസ്‌ലാഹി പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാണോ എല്ലാം മറന്ന് ഒരു മെയ്യാവാന്‍ ഇവര്‍ തീരുമാനിച്ചത്? അങ്ങനെയെങ്കില്‍ എന്തേയ് കുഞ്ഞിമുഹമ്മദ് പറപ്പൂരിന്റെയും മുജാഹിദ് ബാലുശ്ശേരിയുടെയുമൊക്കെ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന ജിന്ന് ബാധിച്ചവര്‍ തൊട്ട് ദമ്മാജിലേക്ക് ടിക്കറ്റ് എടുത്തുനില്‍ക്കുന്നവര്‍ വരെയുള്ളവരെ ഒപ്പം കൂട്ടി യഥാര്‍ഥ സംഘടനാ ഐക്യം സാക്ഷാത്കരിച്ചില്ല? യുവാക്കളെയും വിദ്യാര്‍ഥികളെയും ആത്യന്തികവാദത്തിലേക്കും ഭീകരവാദത്തിലേക്കും ആട്ടിത്തെളിക്കുന്നതില്‍ മദനി, മടവൂര്‍ വിഭാഗങ്ങളോട് മല്‍സരിച്ചു ജയിച്ചുനില്‍ക്കുന്നത് ഇവരായിരുന്നില്ലേ? ഒന്നര പതിറ്റാണ്ട് തമ്മില്‍ തല്ലി, തെരുവില്‍ പോര്‍വിളി നടത്തിയവര്‍ക്ക് ഐക്യ ഉള്‍വിളി ഉണ്ടായതിന്റെ കാരണങ്ങള്‍ കോഴിക്കോട് ഡിസംബര്‍ അഞ്ചിനു പത്രസമ്മേളനം നടത്തി വിശദീകരിച്ചപ്പോള്‍ തന്നെ മാധ്യമക്കാര്‍ തൊട്ട് കാണിച്ചിരുന്നു. പ്രസ്ഥാനത്തിലെ മനസ്സുമരവിച്ച യുവാക്കള്‍ അരാഷ്ട്രീയവാദത്തിലേക്കും അപടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാകുന്നതിന്ന് ഒരു തടയണ തീര്‍ക്കാം എന്ന ശുഭപ്രതീക്ഷയാണത്രെ ഐക്യത്തെ കുറിച്ച് ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. അപ്പോഴും ഒരു വിഭാഗം ചെറുപ്പക്കാര്‍ പ്രസ്ഥാനത്തിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട്, ആത്യന്തികവാദത്തിലേക്ക് തിരിയുകയും ആട് മേക്കാനും ജിഹാദ് നടത്താനും അകലങ്ങളിലേക്ക് പുറപ്പെട്ടുകഴിഞ്ഞുവെന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നേതാക്കള്‍ സത്യസന്ധത കാട്ടിയില്ല. സംഘടന ചിന്നിച്ചിതറിയപ്പോള്‍ സുന്നികള്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും പുതിയ കര്‍മ മേഖലകള്‍ കീഴടക്കിയെന്ന് പരോക്ഷമായെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ സമ്മതിച്ചു. നിര്‍ബന്ധിതരായപ്പോള്‍ പ്രയോഗിച്ച വാക്കുകള്‍ കാണുക: ‘മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരിച്ചുവരവിനു കാരണമായി. ആള്‍ദൈവങ്ങളും ആത്മീയ കേന്ദ്രങ്ങളും അനുദിനം വര്‍ധിച്ചുവരുകയാണ്.’ കേട്ടാല്‍ തോന്നും, 2002നു മുമ്പ് വഹാബികളെ പേടിച്ച് ആത്മീയ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുകയായിരുന്നുവെന്ന്. ആള്‍ദൈവങ്ങള്‍ എന്ന നികൃഷ്ടപ്രയോഗത്തിലൂടെ കാലഘട്ടത്തെ ധന്യമാക്കിയ മഹത്തുക്കളെ ഇകഴ്ത്തിക്കാട്ടിയ വ്യതിചലനക്കാര്‍ ഒടുവില്‍ തെരുവില്‍ ജനം കൈകാര്യം ചെയ്തിട്ടും ഒന്നും പഠിച്ചില്ല എന്ന് ആര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയാത്തത്? ഇവര്‍ പതിച്ച പതനത്തിന്റെ ആഴം എത്രത്തോളമെന്ന് ഐക്യകാഹളം മുഴക്കുമ്പോഴും ഇവര്‍ക്ക് സമ്മതിക്കേണ്ടിവന്നത് മീഡിയയെ സ്തബ്ധരാക്കി. 2002ല്‍ സംഘടനയെ പിളര്‍പ്പിലേക്ക് നയിച്ച പല വിഷയങ്ങളിലും ഇപ്പോഴും ഭിന്നിപ്പ് അതേപടി തുടരുന്നതായി തലകുലുക്കി സമ്മതിക്കേണ്ടിവന്നു ഇവര്‍ക്ക്. അതുകൊണ്ട്തന്നെ, ജിന്ന്, സിഹ്‌റ് (മാരണം ) വിഷയങ്ങളില്‍ പണ്ഡിതസഭ പിന്നീട് അന്തിമതീരുമാനമെടുക്കുമത്രെ. നോക്കണം , മുഹമ്മദ് അബ്ദുവിന്റെയും റഷീദ് റിളയുടെയും ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും വക്കം മൗലവിയുടെയും മക്തിതങ്ങളുടെയും പിന്മുറക്കാര്‍ എത്തിച്ചേര്‍ന്ന ധൈഷണിക വരള്‍ച്ചയുടെ കാഠിന്യം. അത്തരമൊരു ബുദ്ധിപരമായ ദരിദ്രാവസ്ഥയില്‍ ഇപ്പോള്‍ മുഴക്കുന്ന ഐക്യകാഹളത്തിന്റെ പിന്നിലെ രഹസ്യങ്ങള്‍ ചികയുമ്പോഴാണ് സലഫികള്‍ ഇത്രക്കും കപടന്മാരും മുഖംമൂടിധാരികളുമാണോ എന്ന് നാം ചോദിച്ചുപോകുന്നത്. ബഗ്ദാദിയോട് നന്ദിപറയട്ടെ.

1920കളില്‍ കൊടുങ്ങല്ലൂരില്‍ കെ.എം മൗലവിയുടെ കാര്‍മികത്വത്തില്‍ അന്നാട്ടിലെ ഏതാനും സമ്പന്നരുടെ തമ്മിലടി അവസാനിപ്പിക്കാന്‍ തട്ടിക്കൂട്ടിയ ‘ഐക്യസംഘം’ എന്ന ഒരേര്‍പ്പാടിന്റെ പാരമ്പര്യം പേറുന്നവരാണല്ലൊ കേരളത്തിലെ മുജാഹിദുകള്‍. തമ്മിലടി തീര്‍ക്കാന്‍ മാധ്യസ്ഥം വഹിച്ചവര്‍ തൊണ്ണൂറ് വര്‍ഷം മുമ്പ് ജംഇയ്യത്തുല്‍ ഉലമയായി രൂപാന്തരപ്പെട്ടപ്പോള്‍, അതിനെ ‘നവോത്ഥാന പ്രസ്ഥാനമായും. പരിഷ്‌കരണ സംരംഭമായും’ ഉയര്‍ത്തിക്കാട്ടിയത് ഇവിടുത്തെ മുസ്‌ലിംവിരുദ്ധ മാധ്യമങ്ങളും ഇസ്‌ലാമിനെ കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാത്ത ഭൗതികവാദികളുമായിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനമെന്നും സലഫി ആശയധാരയെന്നും ഓമനപ്പേരിട്ട് ഇവിടെ പ്രചരിപ്പിക്കപ്പെട്ട മുഹമ്മദ് അബ്ദുല്‍ വഹാബിന്റെ നജ്ദിയന്‍ ആശയങ്ങളില്‍ പതിയിരിക്കുന്ന അപകടാവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞ തൊണ്ണൂറ് വര്‍ഷം നിതാന്ത ജാഗ്രതയിലുണ്ടായിരുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിതസഭയും അതിനു കീഴില്‍ കിളിര്‍ത്തുവളര്‍ന്ന സുന്നി യുവജന സംഘം, സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിയ പോഷക ഘടകങ്ങളുമാണ്. സുന്നികളെ എതിര്‍ക്കാനും അവരെ യാഥാസ്ഥിതികരായും പഴഞ്ചന്മാരായും മുദ്രകുത്താനും ‘ശിര്‍ക്കിന്റെ’ വക്താക്കളായി തരം താഴ്ത്താനും പുരോഗമനം നടിക്കുന്ന സകല പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്നത് ചരിത്രത്തില്‍ മായാതെ കിടപ്പുണ്ട്. എന്നാല്‍, 2001നു ശേഷം ലോകത്താകമാനം പടര്‍ന്നുപിടിച്ച മുസ്‌ലിം തീവ്രവാദം അതുവരെയുള്ള പ്രത്യയശാസ്ത്രപരമായ എല്ലാ ബലാബലങ്ങളെയും അട്ടിമറിച്ചുകൊണ്ട് സത്യം അനാവൃതമാക്കുന്ന ചരിത്രമുഹൂര്‍ത്തമായി മാറിയിടത്തു നിന്നാണ് മുജാഹിദുകള്‍ അകപ്പെട്ട പ്രതിസന്ധിയുടെ വേര് തേടേണ്ടത്. ഉസാമാ ബിന്‍ ലാദന്റെ അല്‍ഖാഇദയാവട്ടെ, മുല്ല ഉമറിന്റെ താലിബാനിസമാവട്ടെ എല്ലാറ്റിന്റെയും പിന്നില്‍ രാസത്വരകമായി വര്‍ത്തിച്ചത് വഹാബി സലഫലിസമാണെന്ന് ലോകത്തിനു തിരിച്ചറിവുണ്ടായി. ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടീഷ്, റഷ്യന്‍ ശക്തികളുടെ സഹായത്തോടെ ഉരുവം കൊടുത്ത മുഹമ്മദ് അബ്ദുല്‍ വഹാബിന്റെ ചിന്താധാരയും ആലു സുഊദിന്റെ രാഷ്ട്രീയാധികാരവും പ്യൂരിറ്റന്‍ ഇസ്‌ലാമിന്റെ കാല്‍പനിക ലഹരി പ്രസരിപ്പിച്ചപ്പോള്‍ ചിത്തഭ്രമം പിടിപെട്ട ഒരു കൂട്ടരാണ് നരമേധങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും തുനിഞ്ഞിറങ്ങുന്നതെന്ന് ലോകം ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞു. 1979ല്‍ വിശുദ്ധ കഅ്ബ ഉള്‍ക്കൊള്ളുന്ന മസ്ജിദുല്‍ ഹറാം ആക്രമിച്ച് അതിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കാന്‍ സായുധ കലാപത്തിനിറങ്ങിയ ജുഹൈമാന്റെ പുതിയ അവതാരങ്ങളാണ് നമ്മുടെ കാലഘട്ടത്തിലെ ഭീകരവാദികളെന്ന് കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നില്ല. സലഫിസമാണ് എല്ലാതരം തീവ്രവാദ ചിന്തയുടെയും ഉറവിടമെന്ന ചരിത്രകാരന്മാരുടെയും സാമൂഹിക ശാസ്ത്രജ്ഞരുടെയും ഓര്‍മപ്പെടുത്തലുകളെ എക്കാലവും തള്ളിപ്പറഞ്ഞ കേരളത്തിലെ മുജാഹിദ് വിഭാഗങ്ങള്‍ ഒരു ഘട്ടത്തില്‍ തങ്ങളുടെ വിചാരധാരയുടെ അടിവേര് ഈജിപ്ഷ്യന്‍ നവോഥാന വാദങ്ങളിലാണെന്നും സുഊദി സലഫിസ്റ്റുകളോട് മനഃപ്പറ്റില്ലെന്നും പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ വ്യാപക ശ്രമം നടത്തുകയുണ്ടായി. എന്നാല്‍, 2011ല്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന ലേബലില്‍ അബൂബക്കര്‍ അല്‍ബഗ്ദാദി എന്ന തീവ്രവാദി ഇറാഖിലും സിറിയയിലും ഖിലാഫത്ത് സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതോടെ, സലഫികളുടെ അതുവരെ കാണാത്ത കിരാതമായ മുഖം ലോകത്തിനു മുന്നില്‍ അനാവൃതമായി. ഏതാനും അറബ് ഭരണാധികാരികളുടെയും അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെയും കൃപാശിസ്സുകളോടെ കൂട്ടക്കൊലകളും കിരാതവാഴ്ചയും തുടര്‍ന്നപ്പോള്‍, തങ്ങളുടെ ആശയവാദങ്ങള്‍ അംഗീകരിക്കാത്തവരെ ‘ഖവാരിജുകളായി’ മുദ്രകുത്തി യുദ്ധം ചെയ്യുന്ന വഹാബി ശൈലി കണ്ട് ലോകം ഞെട്ടി.

കേരളവും അതിന്റെ കൂട്ടത്തില്‍ ഞെട്ടിത്തരിച്ചത് തൃക്കരിപ്പൂരില്‍നിന്നും പാലക്കാട്ടുനിന്നുമായി 21 യുവതീയുവാക്കള്‍ അപ്രത്യക്ഷമായതോടെയാണ്. ഇവരെ തീവ്രവാദ ചിന്തകള്‍ പിടികൂടിയിരിക്കയാണെന്നും സിറിയയിലേക്കോ അഫ്ഗാനിലേക്കോ ആണ് പുറപ്പെട്ടിരിക്കുന്നതെന്നും കേട്ടപ്പോള്‍ നടുങ്ങിപ്പോയത് ഐ.എസിന്റെ ഭൂപടത്തില്‍ കേരളവും തുന്നിച്ചേര്‍ക്കപ്പെട്ടുവെന്ന കിടിലന്‍ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ വന്നപ്പോഴാണ്. കാസര്‍കോഡ് ജില്ലയിലെ പടന്ന എന്ന ഗ്രാമം അന്താരാഷ്ട്രതലത്തില്‍ പോലും ഐ.എസ് താവളമായി അറിയപ്പെട്ടു. അതോടെ, എല്ലാവര്‍ക്കും അറിയാനുണ്ടായിരുന്നത് വിനാശകരമായ ഏത് ചിന്താഗതികളാണ് ഇക്കൂട്ടരെ വഴി പിഴപ്പിച്ചതെന്നാണ്. കൂടുതല്‍ അന്വേഷിച്ചുപോകേണ്ടിവന്നില്ല. സ്ഥലത്തെ ഇസ്‌ലാഹി മസ്ജിദും പീസ് സ്‌കൂളുമാണ് ‘റാഡിക്കലൈസേഷന്റെ’പ്രഭവകേന്ദ്രമെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് തന്നെ കണ്ടെത്തി. അന്വേഷണം അല്‍പം നീണ്ടപ്പോള്‍ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ സലഫി സുവിശേഷകനും കേരളത്തിന്റെ സാക്കിര്‍ നായിക്കുമായി അറിയപ്പെടുന്ന ‘നിച്ച് ഓഫ് ട്രൂത്ത്’ സാരഥി എം.എം അക്ബറിലേക്ക് നീങ്ങി. അവിടെനിന്നുള്ള അന്വേഷണം സാക്കിര്‍ നായിക്കിന്റെ മുംബൈ ആസ്ഥാനത്തേക്കും പറന്നു. ഏതോ അറബ് രാജ്യത്ത് തയാറാക്കിയ തീവ്രസലഫിസം വിളമ്പുന്ന അറബിക് പുസ്തകങ്ങളാണ് കൊച്ചിയിലെ പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയതോടെ മുജാഹിദുകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. കേസുകളും റെയ്ഡുകളും അന്വേഷണങ്ങളും സംഘടനയെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തുമെന്ന സ്ഥിതിവിശേഷത്തിലെത്തിച്ചു. അപ്പോഴേക്കും കേരളത്തിന്റെ ഐ.എസ് ബന്ധം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. പ്രശസ്തമായ ‘ദി ഗാര്‍ഡിയന്‍’ പത്രത്തില്‍ അവരുടെ ദക്ഷിണേഷ്യന്‍ റിപ്പോര്‍ട്ടര്‍ മീഖാഈല്‍ സാഫി ഇസ്‌ലാമിക ഭീകരവാദ ഭൂപടത്തിലേക്ക് കേരളത്തെ കൂടി ചേര്‍ത്തുവെച്ച അവതരിപ്പിച്ച വിശകലനം (” ഒീം കശെ െൃലരൃൗശലേൃ െളീൗിറ ളലൃശേഹല ഴൃീൗിറ ശി ഗലൃമഹമ, കിറശമ’ െീtuൃശേെ ഴലാ”) ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മൊത്തത്തില്‍ തീരാകളങ്കമുണ്ടാക്കുന്നതായിരുന്നു. കാസര്‍കോട്, പടന്നയില്‍നിന്ന് തിരോഭവിച്ച യുവതീയുവാക്കള്‍ ഏതോ ഭീകരവാദിത്താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവാം എന്ന നിഗമനത്തില്‍ ഗാര്‍ഡിയന്‍ പ്രതിനിധി അത്ഭുതു കൂറുന്നത്, സംഘര്‍ഷകലുഷിതമായ കശ്മീരില്‍നിന്നുള്ളവരല്ല, മറിച്ച് ഇന്ത്യയുടെ ‘ടൂറിസ്റ്റ് ജെം’ ആയ കേരളത്തില്‍നിന്നുള്ള വിദ്യാസമ്പന്നരാണ് ആസുരതകളിലേക്ക് ആകൃഷ്ടരായത് എന്ന വിരോധാഭാസത്തിലാണ്. സലഫിസമാണ് എല്ലാറ്റിന്റെയും അടിസ്ഥാന കാരണമെന്ന് രണ്ടുമാസത്തോളം കേരളത്തില്‍ കറങ്ങി പഠന മനനങ്ങള്‍ നടത്തിയ ആസ്‌ട്രേലിയയില്‍നിന്നുള്ള ഈ യുവമാധ്യമപ്രവര്‍ത്തകന്‍ തറപ്പിച്ചു പറയുന്നത് വിശ്വസനീയമായ സ്രോതസ്സുകളില്‍നിന്ന് ശേഖരിച്ച തെളിവുകള്‍ മുന്നില്‍വെച്ചാണ്. പടന്ന ദുരന്തം വീഴ്ത്തിയ കരിനിഴല്‍ വിട്ടുമാറുന്നതിനു മുമ്പ് കണ്ണുര്‍ കനകമലയില്‍നിന്ന് എട്ടുപേര്‍ പിടിക്കപ്പെട്ടതും മാധ്യമങ്ങള്‍ അതിനു നല്‍കിയ അമിത കവറേജും മുസ്‌ലിംകളെ ഞെട്ടിച്ചു. ദേശീയ മാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പ്രസ്തുത വാര്‍ത്ത (ഉദാഹരണത്തിനു ‘ദി ഹിന്ദുവില്‍’ സ്റ്റാന്‍ലി ജോണിയുടെ മുഴുപേജ് അവലോകനലൂടെ ‘ഏീശിഴ ീ്‌ലൃ ീേ വേല റമൃസ ശെറല’, ഒക്‌ടോബര്‍ 22, 2016 ) കേരളത്തെ ഭീകരവാദ ഭൂപടത്തില്‍ ആധികാരികമായി കണ്ണിചേര്‍ക്കപ്പെട്ടു. സംസ്ഥാനത്ത് ‘അന്‍സാറുല്‍ ഖലീഫ’ എന്ന പേരില്‍ ഐ.എസിനു 30 അംഗ ഘടകമുണ്ടെന്നും കനകമലയില്‍നിന്ന് അറസ്റ്റിലായ മന്‍സീദ് എന്ന ഉമര്‍ അല്‍ ഹിന്ദാണ് നേതൃത്വം നല്‍കുന്നതെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ ) വൃത്തങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോള്‍ മുഖത്തോട് മുഖം നോക്കി അമ്പരപ്പ് പങ്കുവെക്കുകയായിരുന്നു സലഫീനേതൃത്വം. അതിനിടയില്‍ അതിവൈകാരികമായി , സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ പോകുന്ന തരത്തില്‍ പ്രബോധക വേഷത്തില്‍ ഗിരിഭാഷണം നടത്തിയ ശംസുദ്ദീന്‍ പാലത്തിനെതിരെ തീവ്രവാദകുറ്റം ചുമത്തി യു.എ.പി.എ കരിനിയമം ചാര്‍ത്തിയപ്പോള്‍ മുജാഹിദുകള്‍ക്ക് മനസ്സിലായി പിടിച്ചുനില്‍ക്കാന്‍ വല്ല പുല്‍ക്കൊടിയും കയറിപ്പിടിച്ചാലേ രക്ഷയുള്ളൂവെന്ന്. മുജാഹിദ് ഐക്യം എന്ന ഹിക്മത് പീലിവിടരുന്നത് ഇവിടെയാണ്.

ഐക്യത്തിനായുള്ള ഉള്‍വിളി
ഡിസംബര്‍ 20നു അറബിക്കടലിനെ സാക്ഷി നിര്‍ത്തി സാക്ഷാത്കരിച്ച മുജാഹിദ് ഐക്യം എന്ന പൊറാട്ടുനാടകത്തിനു പിന്നിലെ ഏറ്റവും രസാവഹമായ വശം ആരുടെയൊക്കെ പേരിലാണോ സംഘടന പിളര്‍പ്പ് ഏറ്റുവാങ്ങിയത് അവരെ രക്ഷിക്കാന്‍ വേണ്ടി തമ്മില്‍തല്ലി പിരിഞ്ഞവര്‍ക്ക് ഒന്നിക്കേണ്ടിവന്നു എന്നതാണ്. പ്രസ്ഥാനത്തിന്റെ യുവസാരഥ്യം ആരുടെ കൈകളിലേക്ക് പോകണം എന്ന ചോദ്യം 21ാം നൂറ്റാണ്ടിന്റെ പുലരിയില്‍ കെ.എന്‍.എമ്മിന്‍െ മുതിര്‍ന്ന നേതാക്കളുടെ മസ്തിഷ്‌കത്തിലെ കടന്നല്‍ക്കൂടിനു കല്ലെറിഞ്ഞപ്പോഴാണ് സലഫികള്‍ രണ്ടായി പിളരുന്നത്. സുഊദിയില്‍നിന്നുള്ള ഫണ്ട് ആരുടെ കൈകളിലൂടെയാണ് കടന്നുപോകേണ്ടതെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള പ്രയാസത്തിലാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും രണ്ട് തരം ഇസ്‌ലാഹി സെന്ററുകള്‍ രൂപപ്പെട്ടത്. ഹുസൈന്‍ മടവൂരാണോ അതോ എം. എം അക്ബറോ? മക്കളുടെ അല്ലെങ്കില്‍ മരുമക്കളുടെ ഭാവി മനസ്സില്‍ കണക്കുകൂട്ടിയപ്പോള്‍ ‘തൗഹീദിന്റെ ‘ പടനായകന്മാര്‍ക്ക് പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നതില്‍ അശേഷം മനസ്താപമുണ്ടായില്ല. എത്രയെത്ര കേസുകള്‍? തര്‍ക്കങ്ങളും വക്കാണങ്ങളും! ആരും വിട്ടുകൊടുത്തില്ല. ഇതുകണ്ട് മനം മടുത്ത അനുയായികള്‍ അഭയം തേടിയത് ഭൂതപ്രേതങ്ങളുടെ സംരക്ഷണത്തില്‍. ആ സംരക്ഷണത്തിലാണ് ഇന്നാടിനെ ‘ദാറുല്‍ ഹര്‍ബായി’ കണ്ട് ദാറുല്‍ ഇസ്‌ലാം തേടി യമനിലെ ദമ്മാജിലേക്ക് കുറെ ചെറുപ്പക്കാരെ ആട്ടിത്തെളിച്ചതും ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാന്‍ ഇടയാക്കിയതും. നരേന്ദ്രമോഡി രാജ്യം വാഴുന്ന ഹിന്ദുത്വഫാഷിസത്തിന്റെ കലികാലത്ത് കമ്യൂണിസ്റ്റായ പിണറായി വിജയനു പോലും തങ്ങളെ രക്ഷിക്കുന്നതില്‍ പരിമിതികളുണ്ട് എന്ന് കണക്കുകൂട്ടിയ കെ.എന്‍.എമ്മുകാര്‍ക്ക് ഏതെങ്കിലുമൊരു അത്താണിയില്‍ ചുമട് ഇറക്കിവെച്ച് തടി സലാമത്താക്കുകയേ പിന്നെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് സമുദായപാര്‍ട്ടിയുടെ അമരക്കാരുടെ കാല് പിടിച്ചു യു.എ.പി.എയില്‍നിന്നും എന്‍.ഐ.എയില്‍നിന്നുമൊക്കെ സലാമത്താക്കണമെന്ന് കേണപേക്ഷിക്കുന്നത്. പക്ഷേ, പണ്ഡിതവേഷ ധാരികളുടെ തമ്മിലടിയും വഴക്കും വക്കാണവും കണ്ട് മനം മടുത്ത ലീഗ് ലീഡര്‍ തങ്ങളുടെ നിസ്സഹായാവസ്ഥ ഇവരുടെ മുന്നില്‍ നിരത്തിയത് ഇന്ന് മാധ്യമചന്തയില്‍ പാട്ടാണ്. ചേളാരി സമസ്തക്കാരെ കൈവിട്ട്, മുജകളെ വാരിപ്പുണരുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന പാണക്കാട്ടെ തങ്ങന്മാര്‍ക്ക് തിരിച്ചറിവുണ്ടായത്രെ. 1934ല്‍ കുറെ സുമനസ്സുകള്‍ തുടങ്ങിവെച്ച സമുദായജിഹ്വയെ പൂട്ടിക്കാന്‍ അതിന്റെ ചെയര്‍മാനെ തന്നെ തലപ്പത്ത് പ്രതിഷ്ഠിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ചേളാരി വിഭാഗം നടത്തിയ ഹീനശ്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന ഭീതിയില്‍ ലീഗ് ലീഡര്‍ മുജാഹിദുകളുടെ മുന്നില്‍ ചില നിബന്ധനകള്‍ വെച്ചുവത്രെ: മോഡിയുടെയും പിണറായിയുടെയും ശര്‍റില്‍നിന്ന് രക്ഷിക്കാം. പരസ്പരം തല്ല് നിര്‍ത്തി ‘ആദര്‍ശത്തിലേക്ക് ‘മടങ്ങിപ്പോവണം. പഴയ വ്യക്തിവൈരാഗ്യവും പകയും കൊണ്ടു നടന്നാല്‍ എല്ലാവരുടെയും മേല്‍ യു.എ.പി.എ വന്നുവീഴുമെന്നതില്‍ സംശയം വേണ്ടാ. നാടാകെയുള്ള എല്ലാ പീസ് സ്ഥാപനങ്ങളും അസ്വസ്ഥകേന്ദ്രങ്ങളായി പൊലിസ് വളഞ്ഞുവെക്കുന്ന കാലം അനതിവിദൂരമല്ല. അതുകൊണ്ട് എല്ലാം മറന്നുവെന്ന് നടിച്ച് ഐക്യപ്പെടുക; കെട്ടിപ്പിടിച്ചു കാമറക്ക് പോസ് ചെയ്യുക. പത്രം നടത്തി തുലയുകയും വയനാട്ടില്‍ സമാന്തരസമ്മേളനം നടത്തി തന്റെ കൂടെ അനുയായികളില്ലെന്ന് നാട്ടുകാരെ കാണിക്കുകയും ചെയ്ത ഇസ്‌ലാഹി ഡോക്ടറാവട്ടെ എന്തിനും തയാറായി നില്‍പുണ്ടായിരുന്നു. ഒന്നര ദശകമായി പിരടിയില്‍ താങ്ങിവെച്ച പൊല്ലാപ്പ് താഴെവെക്കാന്‍ മറ്റൊരു ചുമല് പരതിനടക്കുന്നതിനിടയിലാണ് മുഖ്യപ്രതിയോഗി പീസില്‍ തട്ടിവീണതും എന്‍.ഐ.എയുടെ വലയില്‍ ചെന്ന് ചാടിയതും. തലമുതിര്‍ന്ന മറുപക്ഷക്കാര്‍ ചരിത്രത്തിലേക്ക് വിലയം പ്രാപിക്കുമ്പോള്‍ ആധിപത്യം തന്റെ കൈകകളിലേക്ക് എത്തിച്ചേരുമെന്ന കണക്കുക്കൂട്ടലിലായി പിന്നീടുള്ള കരുനീക്കങ്ങളെല്ലാം. ട്രൂത്തിന്റെ പേരില്‍ നായിക്കായി നടന്നവര്‍ക്കാവട്ടെ തല്‍ക്കാലത്തേക്ക് ജയിലില്‍ പോകാതെ കഴിച്ചുകൂട്ടുകയും ചെയ്യാം. ഈ ‘ഹുസൈനിയ്യഅക്ബറിയ്യ’ നാടകമാണ് കോഴിക്കോട് ബീച്ചില്‍ ഐക്യസംഘത്തിന്റെ പുതിയ അവതാരമായി പുനര്‍ജനിക്കാന്‍ നിമിത്തമാകുന്നത്. ചരിത്രം എത്ര ആഭാസമായാണ് ആവര്‍ത്തിക്കപ്പെട്ടത്. 1920കളില്‍ സംഭവിച്ചത് പോലെ, 2016ലും ഐക്യസംഘങ്ങള്‍ ജനിക്കുന്നു; അതും തമ്മില്‍ തല്ല് തീര്‍ക്കാന്‍. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ 90 വര്‍ഷത്തെ ബാലന്‍സ്ഷീറ്റില്‍ വിറ്റുവരവ് തട്ടിക്കഴിച്ചാല്‍ ബാക്കിയാവുന്നത് ഈ വൈയക്തിക ലാഭചേത കണക്ക് മാത്രം. നഊദുബില്ലാ!

കഥ പറയുന്ന പ്രമേയങ്ങള്‍
അപ്പോഴും പൊതുസമൂഹത്തെ കബളിപ്പിക്കാനും അറബ് ശൈഖുമാരുടെ പ്രീതി പിടിച്ചുപറ്റാനും സമുദായ ഐക്യം ഉയര്‍ത്തിക്കാട്ടി, നല്ല പിള്ളചമയാന്‍ ഒരുമ്പെടുകയാണ് അബൂബക്കര്‍ ബഗ്ദാദിയുടെ അനുയായികള്‍. ഐക്യ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൂടെ ഒരാവര്‍ത്തി കണ്ണോടിച്ചാല്‍ ഇത് മനസ്സിലാവും . ‘ലോകത്തിനു മുന്നില്‍ ഇസ്‌ലാമിന് ഭീകരമുഖം നല്‍കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്), അല്‍ ഖാഇദ, ബോകോ ഹറാം, ത്വാലിബാന്‍ തുടങ്ങിയ ഭീകര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സാമാജ്യത്വ സയണിസ്റ്റ് താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന്’ സമ്മേളനം വിലയിരുത്തിയത് യു.എ.പി.എ കണ്ട് മുട്ടുവിറച്ചാണെന്ന സത്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എല്ലാ ഭീകരവാദചിന്താഗതിയുടെയും പിന്നില്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്ന സലഫി ജിഹാദാണെന്ന് ലോകം മുഴുവന്‍ വിലയിരുത്തുമ്പോള്‍ ഇത്തരം പ്രമേയങ്ങള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ആരെയാണ് കിട്ടുക. ലോകചരിത്രത്തില്‍ ‘നവോഥാനം’ നെറ്റിയിലെഴുതിവെച്ച എല്ലാ പ്രസ്ഥാനങ്ങളുടെയും പിന്നില്‍ സാമ്രാജ്യത്വ, കൊളോണിയല്‍ ശക്തികളാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. ഐക്യ സമ്മേളനത്തിനു പറയാനുണ്ടായിരുന്നത് ഒരേയൊരു എം.എം അക്ബറിനെ കുറിച്ചുതന്നെയായിരുന്നു. പ്രമേയം ഇങ്ങനെ പോകുന്നു: മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നിരപരാധികളായ മതപ്രഭാഷകരെയും പണ്ഡിതന്മാരേയും അകാരണ

മായി യു.എ.പി.എ ചുമത്തി ജയിലിലടച്ച് പീഡിപ്പിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണമെന്നും നിയമാനുസൃതമായും മാതൃകാപരമായും നടന്നുവരുന്ന പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനും അതിന്റെ മാനേജിംഗ് ഡയരക്ടറായ എം.എം അക്ബറിനും എതിരെയുള്ള അന്യായമായ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. ”.ഒരു വ്യക്തിയെയും ഒരു സ്ഥാപനത്തെയും രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രമാണെങ്കില്‍ എന്തിനാണ് ഇത്രയും പണവും അധ്വാനവും ചെലവഴിച്ചു ഇങ്ങനെ ഒരു മാമാങ്കം നടത്തി സമുദായത്തെ കബളിപ്പിക്കണം?

ശാഹിദ്