കേരള പോലീസിനും ഫാഷിസത്തിന്റെ മുഖമോ?

കേരള പോലീസിനും ഫാഷിസത്തിന്റെ മുഖമോ?

ഫാഷിസത്തിന്റെ വിവിധമുഖങ്ങളെ പറ്റി പല പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചരിത്രം ഒരിക്കലും അത് പോലെ ആവര്‍ത്തിക്കില്ലെന്നതിനാല്‍ ഇത്തരം മാതൃകാപഠനങ്ങള്‍ നമ്മെ വഴി തെറ്റിക്കാറുമുണ്ട്. മുമ്പൊരു സമൂഹത്തില്‍ ഉയര്‍ന്നു വന്ന ഫാഷിസത്തിന്റെ വഴികളില്‍ നിന്നും വ്യത്യസ്തമായ പുതിയ ഒരു വഴിയിലൂടെ മറ്റു സമൂഹങ്ങളില്‍ വരുമ്പോള്‍ അത് ഫാഷിസമാണെന്നു മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാറില്ല. ജനങ്ങളില്‍ ആശയപരമായ അഭിപ്രായ ഐക്യം ഇല്ലാതാകും. അവരുടെ പ്രതിരോധം ദുര്‍ബലമാകും. ഭരണകൂടത്തിന് സ്വന്തം താല്പര്യങ്ങള്‍ എളുപ്പം നടപ്പാക്കാന്‍ കഴിയും. തന്നെയുമല്ല തീര്‍ത്തും ജനാധിപത്യവാദികളായവര്‍ പോലും ഫാഷിസത്തിന്റെ ചില ‘ഗുണങ്ങളില്‍’ ആകൃഷ്ടരാകാറുമുണ്ട്. കാര്യങ്ങള്‍ ശരിയായി നടപ്പാക്കിയതിലെ പ്രശ്‌നം മാത്രമേയുള്ളൂ എന്നവര്‍ ഉറപ്പിക്കും. ലക്ഷ്യം ശരിയായിരുന്നു എന്നവര്‍ കണ്ടെത്തും. മറ്റൊന്ന് ഫാഷിസത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ അജണ്ട തിരിച്ചറിയപ്പെടാതെ പോകും എന്നതാണ്. അതിനെ ചില വ്യക്തികളുടെ അപചയം മാത്രമായ്ക്കാണും . ചിലപ്പോള്‍ കൂടെയുള്ള ചിലര്‍ തെറ്റ് ചെയ്തതാണ്, അതിന്റെ തലവന്റെ താല്പര്യങ്ങള്‍ നന്നായിരുന്നു എന്നും വാദിച്ചേക്കാം.ഇത്തരം വഴി തെറ്റിക്കലുകളിലൂടെയാണ് ഏതു നാട്ടിലും ഫാഷിസം വളര്‍ന്നു വരുന്നത്.

ഇപ്പോള്‍ നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന നോട്ട് പിന്‍വലിക്കല്‍ തന്നെ എടുത്താല്‍ ഇക്കാര്യം വ്യക്തമാകും. 1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും നാം ഇത് കണ്ടതാണ്. അടിയന്തരാവസ്ഥയുടെ നിരവധി ഗുണങ്ങളെ പറ്റി പറഞ്ഞതിന് ശേഷം മാത്രമേ പലരും അതിന്റെ ചില ദോഷങ്ങളെ പറ്റി സംസാരിക്കാറുള്ളൂ. ഈ നടപടി മൂലം ജനങ്ങള്‍ക്കുണ്ടായ ചില ബുദ്ധിമുട്ടുകളെ പറ്റി എല്ലാവരും വാചാലരാകുന്നു. മുന്നൊരുക്കങ്ങളില്ലാതെ ചെയ്ത ഒരബദ്ധമായി അതിനെ വിമര്‍ശിക്കും. എന്നാല്‍ ഈ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെപ്പറ്റി പറയുന്നില്ല. ഇതിലൂടെ ഒരു സാമ്പത്തിക ഫാഷിസം അടിച്ചേല്‍പ്പിക്കുന്നു എന്ന് കാണുന്നില്ല. അതിലെ ജനാധിപത്യ വിരുദ്ധത തുറന്നു കാട്ടപ്പെടുന്നില്ല. ഇത്തരത്തില്‍ ഒരു നടപടി എടുക്കാന്‍ നിയമപരമായി പ്രധാനമന്ത്രിക്ക് അധികാരമുണ്ടോ? നോട്ടു പിന്‍വലിക്കല്‍ നടപടികള്‍ ആര്‍ ബി ഐ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ഇങ്ങനെയാണോ ചെയ്യേണ്ടത്? പണം പിന്‍വലിച്ചാല്‍ ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ അറിഞ്ഞില്ലെന്ന് പറയാന്‍ മാത്രം വിഡ്ഢികളാണോ നമ്മെ ഭരിക്കുന്നത്? നമ്മുടെ പണം കൊള്ളയടിച്ചത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു? ഈ നടപടി ഇല്ലായിരുന്നു എങ്കില്‍ ബാങ്കുകളുടെ അവസ്ഥ എന്താകുമായിരുന്നു? പ്രധാനമന്ത്രിയുടെ വാചകമടി ഒഴിച്ച് ഈ നടപടിക്കുള്ള ഔദ്യോഗിക ന്യായീകരണം എന്താണ്? വിവരാവകാശനിയമമനുസരിച്ചു ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു ആര്‍ ബി ഐ ഒരു മറുപടിയും നല്‍കിയില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വന്നു ഇക്കാര്യം വിശദീകരിച്ചുമില്ല. ചുരുക്കത്തില്‍ ഇത്തരമൊരു നടപടി എടുക്കുമ്പോള്‍ പോലും ഭരണഘടനയോ നിയമങ്ങളോ പാലിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയില്ലെന്നാണോ? ആ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറാനല്ലേ നിയമപരമായ മാധ്യമങ്ങള്‍ ഒഴിവാക്കിക്കൊണ്ട് രാഷ്ട്രീയ വാചകക്കസര്‍ത്ത് നടത്തുന്നത്? അതില്‍ പ്രധാനമന്ത്രിക്ക് ഒരു ബാധ്യതയുമില്ല താനും. പിന്നെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എങ്ങനെ അറിയാന്‍ കഴിയും?

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുക എന്നത് ഏതു പൗരന്റെയും അവകാശമാണ്. അത് ചെയ്യുന്നവരെല്ലാം കള്ളപ്പണക്കാരും ഭീകരവാദത്തെ പിന്തുണക്കുന്നവരും രാജ്യദ്രോഹികളുമാണെന്ന വാചകമടി എങ്ങനെ നിയമവിധേയമാകും? രാജ്യദ്രോഹികളാണെങ്കില്‍ വിചാരണ ചെയ്തു ശിക്ഷിക്കുകയല്ലേ വേണ്ടത്? നിയമപരവും യുക്തിപരവുമായ ഒരുവിധ സംവാദങ്ങള്‍ക്കും തയാറാകാതെ ദേശീയത, ദേശസ്‌നേഹം തുടങ്ങിയ വൈകാരികതകള്‍ ഉയര്‍ത്തി നിയമങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്. അതാണ് നാം കാണുന്നത്.

ഒരു സമകാലിക ഉദാഹരണം എന്ന രീതിയിലാണ് നോട്ടുനിരോധനം പറഞ്ഞത്. സമൂഹത്തിലെ ഫാഷിസ്റ്റുവല്‍ക്കരണം എന്നത് കേവലം ഒരു പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ അജണ്ട മാത്രമായി കാണുന്നിടത്ത് തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ജാതി വര്‍ണ ശ്രേണിയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തില്‍ ഫാഷിസത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. വ്യക്തികള്‍ക്കു ആശയങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതികള്‍ ഇതിന്റെ ഭാഗമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വംശീയമായ (ജാതിയും വര്‍ണവുമടക്കമുള്ള) വേര്‍തിരിവുകളും ഉച്ചനീചത്വങ്ങളും ഫാഷിസത്തിന്റെ വളര്‍ച്ചക്ക് സഹായകമായ ഘടകങ്ങളാണ്. ദേശത്തെയും ചരിത്രത്തെയും പറ്റി തങ്ങള്‍ക്കുള്ള നിര്‍വ്വചനങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമാക്കണമെന്ന വാശി എല്ലാ ഫാഷിസ്റ്റുകള്‍ക്കും ഉണ്ട്. അതിനായി എല്ലാ വിധ വഴികളും അവര്‍ ഉപയോഗിക്കും. ഈ മേല്‍ക്കയ്യ് ഉപയോഗിച്ച് സൈനികമായി തന്നെ സമൂഹത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഫാഷിസത്തിന്റെ ലക്ഷ്യം. അതിലൂടെ സാമ്പത്തികവും മറ്റുമായ ലക്ഷ്യങ്ങള്‍ നേടുന്നു.
ഇന്ത്യന്‍ ദേശീയത എന്ന സങ്കല്‍പം തന്നെ എടുക്കുക. ദേശീയഗാനത്തെ അതിനുള്ള ഉപാധിയാക്കുന്നത് നാം കണ്ടു. എന്നാല്‍ ആ ദേശീയഗാനം എഴുതിയ മഹാകവിക്ക് ഇത് സംബന്ധിച്ചുള്ള ധാരണ എന്താണെന്ന ചരിത്രസത്യം ഇവര്‍ മറച്ചു പിടിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കകത്തും പുറത്തും ജീവിക്കുന്നവര്‍ തമ്മില്‍ ശത്രുത പടര്‍ത്തുന്നതിനെ ദേശസ്‌നേഹമായി അദ്ദേഹം കരുതിയതേ ഇല്ല. രാജ്യസ്‌നേഹമെന്നത് ഏതെങ്കിലും മനുഷ്യരുമായുള്ള ശത്രുതാ പ്രഖ്യാപനമല്ല. കളിയില്‍ പാകിസ്ഥാന്‍ കളിക്കാരന്‍ നന്നായി കളിച്ചു എന്ന് പറയുന്നത് തന്നെ രാജ്യദ്രോഹമാണെന്നു പ്രചരിപ്പിക്കുന്നവരാണല്ലോ ഇന്നത്തെ ഭരണക്കാര്‍. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം രാഷ്ട്രപിതാവായ മഹാത്മജി അനിശ്ചിതകാല നിരാഹാരസമരം നടത്തിയത് വിഭജനത്തിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാന് നല്‍കാനുണ്ടായിരുന്ന പണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു എന്ന് ഓര്‍ക്കുക. ഇന്നങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ തന്നെ അയാള്‍ രാജ്യദ്രോഹക്കുറ്റത്തിന് അകത്തായിരിക്കും. അല്ലെങ്കില്‍ സംഘികള്‍ അദ്ദേഹത്തിന് പാകിസ്താനിലേക്ക് ടിക്കറ്റടിക്കും. അതിനേക്കാള്‍ വലിയ ശിക്ഷ അദ്ദേഹത്തിനവര്‍ നല്‍കി താനും. ഇത്തരത്തില്‍ ചരിത്രബോധമില്ലാത്തവിധം രാജ്യസ്‌നേഹം നിര്‍വ്വചിക്കുന്നതു പോലെ തന്നെയാണ് ആരെയും ഭീകരവാദിയും മാവോയിസ്റ്റും അത് വഴി കുറ്റവാളിയുമാക്കുന്നതും. പോലീസിന്റെ അമിതാധികാരപ്രയോഗത്തിനുള്ള ന്യായീകരണമാകുന്നു ഇത്തരം നിര്‍വ്വചനങ്ങള്‍.

നരേന്ദ്രമോഡിയും ബി ജെപിയും സംഘപരിവാറും മാത്രമേ ഇന്ത്യയില്‍ ഫാഷിസത്തിന്റെ വക്താക്കളായുള്ളു എന്ന സമീപനം തന്നെ ശരിയല്ല. സമൂഹത്തിലെ ഫാഷിസ്റ്റ് സാധ്യതകളെ ഇക്കാലത്ത് സമര്‍ത്ഥമായി ഉപയോഗിക്കുന്നത് അവരാണെന്നു മാത്രം. ഇതിനു മുമ്പും ഫാഷിസം അതിശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ട്. അടിയന്തരാവസ്ഥ അതിന്റെ ഒരു ഉച്ചസ്ഥായി ആയിരുന്നു. അന്നും ദേശസ്‌നേഹവും രാജ്യദ്രോഹവും ഹിംസാവാദക്കാരുടെ ഭീഷണിയുമെല്ലാം വിഷയങ്ങളായി ഭരണകൂടം ഉയര്‍ത്തിക്കാട്ടിയിരുന്നു. ജനങ്ങള്‍ അച്ചടക്കത്തോടെ എല്ലാം സഹിച്ചും ക്ഷമിച്ചും എല്ലാ ജനാധിപത്യ അവകാശങ്ങളും അടിയറ വച്ചും രാഷ്ട്രസേവനം ചെയ്യണമെന്ന് അന്നത്തെ പ്രധാനമന്ത്രി നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എതിരാളികളെന്നു സംശയിക്കുന്നവരെയെല്ലാം കല്‍തുറുങ്കിലടച്ചു. അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനു ഒരു വിലയുമില്ലെന്നു നീതിന്യായ കോടതിക്ക് തന്നെ പറയേണ്ടി വന്നു. അച്ചടക്കം എന്നാല്‍ ഭരണകൂടത്തിന് സമ്പൂര്‍ണമായി കീഴടങ്ങലാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഈ നടപടികളിലൂടെ നാടിനാകെ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായി അല്ലെങ്കില്‍ ഉണ്ടാകും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മര്‍ദനോപാധികള്‍ക്കു സര്‍വ്വാധികാരം കിട്ടി. ഇതാണ് സമൂഹത്തിന്റെ സൈനികവല്‍ക്കരണം.

ഇനി നമുക്ക് ഇന്നിലേക്കു വരാം. കക്ഷി ഭേദമന്യേ ഭരണകൂട സമീപനങ്ങള്‍ ഒരുപോലെയാകുന്നു. പോലീസ് സംവിധാനത്തിന്റെ രീതികള്‍ ഒരുപോലെ ആയിരിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ പരാജയമാണ്. ജനങ്ങള്‍ ആരെ തെരഞ്ഞെടുത്താലും ഭരണകൂടം ഒരു പോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പിന്നെ തെരഞ്ഞെടുപ്പുകള്‍ തന്നെ പ്രഹസനമാകുന്നു. ദേശീയതലത്തില്‍ ഫാഷിസത്തിന്റെ പ്രകടമായ രൂപം ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയും അധികം വിവരിക്കേണ്ടതില്ല. അവരുടെ ദേശം, ദേശീയത, ദേശസ്‌നേഹം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ വികലവും വിചിത്രവുമാണല്ലോ. വൈദേശിക ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ എതിര്‍പക്ഷത്ത് നിന്നവരാണിവര്‍. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവര്‍. രാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് ആരെല്ലാമാണ് തടസ്സമെന്ന് കണ്ടെത്തി പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് രീതി അവര്‍ ഇവിടെയും തുടരുന്നുണ്ട്. ആഗോളമൂലധന ഭരണകൂടങ്ങള്‍ക്ക് കൂടി സ്വീകാര്യമായ വിധത്തില്‍ രാജ്യസുരക്ഷയെയും അതിനു ഭീഷണിയാകുന്ന ഭീകരവാദത്തെയും ഇവര്‍ തന്നെ നിര്‍വ്വചിച്ചു പ്രചരിപ്പിക്കുന്നു. അത് വഴി ശത്രുക്കളെ പ്രഖ്യാപിക്കുന്നു. ഭരണകൂടത്തിനെതിരായ ആരെയും അതില്‍ ഉള്‍പ്പെടുത്തുന്നു. ഈ പട്ടികയില്‍ പെടുന്നവര്‍ക്ക് യാതൊരു ജനാധിപത്യ അവകാശങ്ങളും നല്‍കേണ്ടതില്ലെന്ന് ഭരണകൂടം തീരുമാനിക്കുന്നു. അതിനു പൊതുസമൂഹത്തിന്റെ അംഗീകാരം കിട്ടുന്നു. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബലവിഭാഗങ്ങളും ഇതിന്റെ ഇരകളാക്കപ്പെടുന്നു.

കേന്ദ്ര ഭരണകര്‍ത്താക്കള്‍ ഫാഷിസ്റ്റുകളാണെന്നും അവര്‍ക്കെതിരെ ശക്തമായി പോരാടുമെന്നും നിരന്തരം പറയുന്നവരാണല്ലോ കേരളത്തിലെ ഇടതുപക്ഷ ഭരണകര്‍ത്താക്കള്‍. പക്ഷെ കേരളത്തിലെ പോലീസിന്റെ പെരുമാറ്റങ്ങളിലും കേന്ദ്രഭരണകൂടത്തിന്റെ സമീപനം തന്നെ കാണുമ്പോള്‍ നാമെന്താണ് കരുതുക. ഈ അടുത്ത കാലത്തായി കേരളത്തില്‍ കാണുന്ന പ്രവണതകള്‍ നല്‍കുന്ന സൂചനകള്‍ എന്താണ്? പോലീസിന്റെ തലപ്പത്ത് ലോക്‌നാഥ് ബെഹ്‌റയെപ്പോലെ ഒരാള്‍ വരുന്നതിനെ തന്നെ സംശയത്തോടെ വീക്ഷിച്ചവരുണ്ട്. കേന്ദ്രഭരണക്കാര്‍ക്കു തീര്‍ത്തും സ്വീകാര്യനായിരുന്നു അദ്ദേഹം എന്നതാണ് അതിനു കാരണം. പക്ഷെ ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയകക്ഷികളാണല്ലോ നയം തീരുമാനിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരായാലും സര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുമെന്നാണ് നാം കരുതുന്നത്. പക്ഷെ അതായിരുന്നില്ല നമ്മുടെ അനുഭവം. ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ഒരു തടസ്സവുമില്ലാതെ വിലസാന്‍ ഇപ്പോഴും കഴിയുന്നു. എന്നാല്‍ കരിനിയമങ്ങള്‍ പ്രയോഗിച്ചു ജനാധിപത്യ പ്രവര്‍ത്തനങ്ങളെയും സാധാരണ മനുഷ്യരെയും സംരക്ഷിക്കുന്നതിന് പോലീസ് സഹായകമാകുന്നില്ല. സമൂഹത്തിന്റെ അധികാരശ്രേണിയില്‍ താഴെ തട്ടിലുള്ള ദളിത് ആദിവാസി ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായുണ്ട്. ഒരു തരം വരേണ്യവര്‍ഗ പക്ഷപാതവും അതിന്റെ ഭാഗമായ ക്രിമിനല്‍ പ്രവണതകളും പോലീസില്‍ വര്‍ധിക്കുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. ലോക്കപ്പ് മര്‍ദ്ദനങ്ങളും അത് മൂലമുള്ള മരണങ്ങളും വര്‍ധിക്കുന്നു. ഇതിലെ ഇരകളെല്ലാം മുമ്പ് പറഞ്ഞ വിഭാഗങ്ങളില്‍ പെട്ടവരാകുന്നു എന്നതും ആകസ്മികതയല്ല.

വണ്ടൂരില്‍, കൊച്ചിയില്‍, കൊല്ലത്ത്, പനങ്ങാട്.. നീണ്ടനിരയാണ് പോലീസ് അതിക്രമങ്ങളുടെ പട്ടിക. സര്‍ക്കാരിന് പോലീസില്‍ പിടിയില്ലാതായി എന്ന ആരോപണം ശക്തിപ്പെടുകയാണ്. നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തന്നെ എടുക്കുക. ഒരു ജനാധിപത്യസര്‍ക്കാരിനു ഒരു വിധത്തിലും യോജിക്കുന്നതല്ല അതെന്നു ഭരണകക്ഷിക്കാര്‍ തന്നെ തുറന്നു പറയുന്നു. മാവോയിസം അംഗീകരിക്കുന്നു എന്നത് ഒരു ക്രിമിനല്‍ കുറ്റമല്ലെന്ന് ബിനായക് സെന്നിന്റേതടക്കം നിരവധി കേസുകളില്‍ സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടന്ന ഇത്തരം കൊലപാതകങ്ങളെ അതിനിശിതമായി വിമര്‍ശിച്ചവരാണ് ഇടതുപക്ഷക്കാര്‍. അതുകൊണ്ട് തന്നെ ഇത് പോലീസിന്റെ സ്ഥായീഭാവമായി കരുതാനാണ് തെളിവുകള്‍ ഏറെയും. മുന്‍ ആഭ്യന്തര മന്ത്രിയും ഈ കൊലപാതകത്തെ ന്യായീകരിച്ചത് ഓര്‍ക്കുക.

കരിനിയമങ്ങള്‍ നടപ്പിലാക്കുന്നതിന് എന്നും എതിര്‍ത്തു പോന്നിട്ടുള്ളവരാണ് ഇടതുപക്ഷം. എന്നാല്‍ സമീപകാലത്തായി അവരുടെ സമീപനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നതായി കാണുന്നു. പശ്ചിമ ബംഗാളില്‍ അവര്‍ ഭരിച്ചിരുന്നപ്പോള്‍ സിംഗൂറിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു സ്വീകരിച്ച സമീപനങ്ങളാണ് അവരുടെ തകര്‍ച്ചക്ക് വഴി വച്ചത്. കേരളത്തില്‍ പുതിയ സര്‍ക്കാര്‍ വന്നത് മുതല്‍ പോലീസ് നയത്തെ പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. യു എ പി എ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കരിനിയമമാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സി പി എം നേതാവായ പി. ജയരാജനെതിരെ ഫസല്‍ വധക്കേസില്‍ യു എ പി എ ഉപയോഗിക്കുന്നതിനെ അതിശക്തമായി പാര്‍ട്ടി എതിര്‍ത്തിരുന്നു. എന്നാല്‍ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ ഈ കരിനിയമം പ്രയോഗിച്ചു തടവിലിട്ടു. മാവോയിസ്‌റ് നേതാവിനെ വീട്ടില്‍ താമസിപ്പിച്ച കുറ്റത്തിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ഇതേ നിയമം വച്ച് തടവിലിടുകയും ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയും പൗരാവകാശങ്ങളെ പറ്റിയും കേരളത്തിന് പുറത്തുള്ള വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്നവര്‍ ഇവിടെ അതെല്ലാം മറന്നമട്ടാണ്. ദേശീയഗാനത്തോടുള്ള അനാദരവിന് ശിക്ഷിക്കുക എന്നതു തന്നെ ഒരു ഇടതുപക്ഷ സര്‍ക്കാരിന് എത്രത്തോളം ചേര്‍ന്നതാണെന്നു ചിന്തിക്കേണ്ടതാണ്. പ്രസിദ്ധീകരിക്കപ്പെട്ട സ്വന്തം പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം ഫേസ്ബുക്കില്‍ എടുത്തെഴുതിയ കുറ്റത്തിന് കമാല്‍ സി ചവറ എന്ന എഴുത്തുകാരനെതിരെ കരിനിയമം ഉപയോഗിക്കാന്‍ വരെ പോലീസ് തയാറായി.അദ്ദേഹത്തെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തി പീഡിപ്പിച്ചു. മരുന്ന് കഴിക്കാന്‍ പോലും അനുവദിച്ചില്ല. ഒടുവില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സഹായത്തിനു നിന്ന നദി എന്ന പത്രപ്രവര്‍ത്തകനോട് ചെയ്തതും ഇതുപോലെ തന്നെ ക്രൂരതയാണ്. കണ്ണൂരിലെ ആറളം ഫാമില്‍ ആരോ മാവോയിസ്‌റ് ലഘുലേഖ വിതരണം ചെയ്തുവെന്നും ആ സംഘത്തില്‍ നദി ഉണ്ടായിരുന്നതായി സംശയിക്കുന്നു എന്നും ആരോപിച്ചുകൊണ്ടാണ് അദ്ദേഹത്തെ തടവിലാക്കിയത്. നദി മാവോയിസത്തിനെതിരെ വ്യക്തമായ നിലപാടെടുത്തതുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം എഴുതിയ വ്യക്തിയാണെന്ന കാര്യം പോലീസിനറിയില്ലെന്നു കരുതാം. ഇനി അങ്ങനെ അല്ലെന്നു തന്നെ വക്കുക. നോട്ടീസ് വിതരണം ചെയ്യുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമല്ലേ? ഇവിടെ അടിസ്ഥാനപരമായ രാഷ്ട്രീയ പ്രശ്‌നം ഉന്നയിക്കപ്പെടേണ്ടതില്ലേ? സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായപ്പോള്‍ അതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി എന്നത് മറ്റൊരു കാര്യം. എന്നിട്ടും നദിക്കെതിരെയുള്ള കേസ് ഒഴിവാക്കിയിട്ടില്ല എന്നും ഓര്‍ക്കുക.

സാധാരണ രാഷ്ട്രീയക്കാര്‍ പറയുന്നത് പോലെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുന്നതുകൊണ്ട് തീരുന്ന ഒരു പ്രശ്‌നമല്ലിത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ് കേരളത്തിലെ പോലീസുകാര്‍ എന്നതിനാല്‍ തന്നെ ഇവരുടെ പെരുമാറ്റം നമ്മെ അത്ഭുതപ്പെടുത്തുന്നു. ബിരുദങ്ങള്‍ നേടിയവര്‍ തന്നെ ജനാധിപത്യവിരുദ്ധമായ, വര്‍ഗീയവും ജാതീയവുമായ മുന്‍ ധാരണകളോടെ പെരുമാറുന്നു എങ്കില്‍ കുഴപ്പം വിദ്യാഭ്യാസത്തിനും അത് നല്‍കുന്ന സമൂഹത്തിനുമാണ്. ചലച്ചിത്രങ്ങളില്‍ ഇപ്പോഴും ഭീകരനെന്നാല്‍ ഒരു പ്രത്യേക രീതിയില്‍ ഉള്ളവനാണ്. സമൂഹത്തിന്റെ പൊതുബോധസൃഷ്ടിയില്‍ കലക്കുള്ള പങ്കു നമുക്കറിയാമല്ലോ. സാധാരണ തമാശകളില്‍ പോലും ഇത് കാണാം. അതിലൂടെ അംഗീകാരം ഉറപ്പിക്കുകയാണ്.

അങ്ങനെ സൃഷ്ടിക്കപ്പെട്ട പൊതുബോധത്തിനു അടിമകളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര് മന്ത്രി ആയാലും ഇങ്ങനെ മാത്രമേ ഇടപെടാന്‍ കഴിയു. ഇവിടെ ഫാഷിസം വേരുറപ്പിക്കുന്നു. ഇത് തടയാന്‍ സര്‍ക്കാരിന്റെ ബോധപൂര്‍വമായ ഇടപെടല്‍ അനിവാര്യമാണ്. കേവലം ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക വഴി അത് സാധ്യമാകില്ല. എത്ര ക്രിമിനല്‍ സ്വഭാവം കാട്ടിയാലും ഒരു പോലീസ് ഉദ്യോഗസ്ഥനും ശിക്ഷിക്കപ്പെട്ടില്ലെന്ന പ്രശ്‌നം ഗുരുതരമാണ്. ഏറിയാല്‍ ഒന്നോ രണ്ടോ മാസത്തെ സസ്‌പെന്‍ഷന്‍. പിന്നെ ആരുമറിയാതെ തിരിച്ചു കയറും. ജിഷ വധക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്നു നോക്കിയാല്‍ മതി.തെറ്റ് ചെയ്ത പൊലീസുകാരെ നിയമപരമായി വിചാരണ ചെയ്തു ശിക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല. വര്‍ഗീസ് വധക്കേസില്‍ കുറ്റം ചെയ്ത വ്യക്തി തന്നെ മാനസാന്തരം വന്നു സമ്മതിച്ചതിനാല്‍ മാത്രമാണ് പേരിനെങ്കിലും ഒരു വിചാരണയും ശിക്ഷയും ഉണ്ടായത് എന്നോര്‍ക്കുക. അല്ലാത്തപക്ഷം അതും ഒരു എറ്റുമുട്ടല്‍ കൊല മാത്രമാകുമായിരുന്നു.

ഇത്രയൊക്കെ അതിക്രമങ്ങള്‍ സംഭവിച്ചു എന്നറിഞ്ഞിട്ടും പോലീസിന്റെ ആത്മവീര്യം സംരക്ഷിക്കപ്പെടണം എന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞത്. കരുണാകരന്റെ കാലത്തെ പോലീസിന്റെ മര്‍ദ്ദനങ്ങള്‍ക്കെതിരെ നിയമസഭയില്‍ ഇദ്ദേഹം നടത്തിയ പ്രസംഗത്തിലെ വരികള്‍ മറന്നതാകാനേ വഴിയുള്ളു. മോഷണക്കേസില്‍ സംശയിക്കപ്പെടുന്നു എന്നാരോപിച്ചുകൊണ്ട് നസീര്‍ എന്ന ഒരു മനുഷ്യനെ പനങ്ങാട് സ്റ്റേഷനില്‍ പീഡിപ്പിച്ച കഥ ഞാന്‍ നേരിട്ടറിഞ്ഞതാണ്. വസ്ത്രങ്ങള്‍ അഴിച്ചു സ്വകാര്യഭാഗങ്ങളില്‍ കുരുമുളകിന്റെ സത്ത് ഒഴിക്കുന്നത് ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണെന്നു മുഖ്യമന്ത്രി പറയണം. ഇത് ചെയ്തവര്‍ക്ക് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നല്‍കുന്നതോ ശിക്ഷ? പോലീസില്‍ ക്രിമിനലുകളും വര്‍ഗീയവാദികളും വളരുന്നത് തടയാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ചരിത്രം ഇടതുപക്ഷമുഖ്യമന്ത്രിയെ അടയാളപ്പെടുത്തുക നരേന്ദ്രമോഡിയുടെ തന്നെ പട്ടികയിലായിരിക്കും.

സി ആര്‍ നീലകണ്ഠന്‍