യുവര്‍ഓണര്‍; ഹിന്ദുത്വയെ മേയാന്‍ വിട്ട്, മതത്തെ കുരുക്കുകയോ?

യുവര്‍ഓണര്‍; ഹിന്ദുത്വയെ മേയാന്‍ വിട്ട്, മതത്തെ കുരുക്കുകയോ?

‘മുസ്‌ലിംകള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്; ഈ രാജ്യം ഹിന്ദുക്കളുടേതാണ്. ശിവസേന അധികാരത്തില്‍ വന്നാല്‍ അത് അങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്യും. പ്രസ്ഥാനം അധികാരത്തിലെത്തിയാല്‍ ആദ്യമായി ചെയ്യുന്നത് ഹിന്ദുരാഷ്ട്രത്തിന്റെ സംസ്ഥാപനമാണ്. അതോടെ, എല്ലാവരും ഹിന്ദുമതത്തിലേക്ക് മാറുന്നതിനുള്ള ‘ദീക്ഷ’ എടുക്കേണ്ടിവരും’. 1991ലെ മഹരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍, ബോംബെ മേയര്‍ ഡോ. ആര്‍.വൈ. പ്രഭുവിനു വേണ്ടി വോട്ട് പിടിക്കാന്‍ ഇറങ്ങിയ ശിവസേന തലവന്‍ ബാല്‍താക്കറെയുടേതായിരുന്നു ഈ മുന്നറിയിപ്പ്. വര്‍ഗീയ ചേരിതിരിവ് രൂക്ഷതരമായ തെരഞ്ഞെടുപ്പില്‍ പ്രഭു ജയിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചു. മുസ്‌ലിംകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തി ഹിന്ദുക്കളുടെ വോട്ട് നേടാന്‍ ശ്രമിക്കുക വഴി ബാല്‍താക്കറെ 1951ലെ ജനപ്രാതിനിധ്യനിയമം 123 (3) വകുപ്പില്‍ പറയുന്ന മതത്തിന്റെ പേരിലുള്ള അഴിമതി നടത്തി എന്നായിരുന്നു പരാതിക്കാരന്റെ വാദം. ഈ കേസ് അടക്കം, അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷിയുള്‍പ്പെടെ പ്രതികളായ 12 ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുമ്പാകെ പരിഗണനക്ക് വന്നു. ജസ്റ്റീസ് വര്‍മ, എന്‍.പി.സിങ്, കെ. വെങ്കട്ടസ്വാമി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ കേട്ടത്. മതത്തിന്റെ പേര് പറഞ്ഞ് വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് തെളിഞ്ഞതിനാല്‍ ബോംബെ ഹൈകോടതി തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരായ അപ്പീലുകള്‍ തീര്‍പ്പാക്കിയപ്പോള്‍ ജസ്റ്റീസ് വര്‍മയും സഹപ്രവര്‍ത്തകരും ഇന്ത്യന്‍ ഭരണഘടനയെയും മതേതരത്വത്തെയും പൂര്‍ണമായി മറന്നുപോയി. ഹിന്ദുത്വ എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതരീതിയോ അല്ലെങ്കില്‍ ഒരു മനോഘടനയോ ആണെന്നും അതിനെ മതമൗലികവാദമായി കാണേണ്ടതില്ലെന്നും ജസ്റ്റീസ് വര്‍മ വിധിന്യായത്തില്‍ കുറിച്ചിട്ടു. കുടുസ്സായ രീതിയില്‍ ഹിന്ദുത്വത്തെ നോക്കിക്കാണരുത് എന്ന് ഓര്‍മിപ്പിച്ച ന്യായാസനം ഹിന്ദുത്വയെ വിശാലമായി മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണമെന്ന തീര്‍പ്പിലൂടെ ഹിന്ദുത്വവാദികള്‍ക്ക് ഇന്ത്യന്‍ ജനായത്ത പടനിലങ്ങളില്‍ നിറഞ്ഞാടാന്‍ അവസരം തുറന്നുകിടക്കുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ‘ഹിന്ദുത്വവിധി’ എന്ന് ഓമനപ്പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന അപകടകരമായ കുറെ കോടതി തീര്‍പ്പുകള്‍ പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. 1995 കാലഘട്ടത്തില്‍ പുറത്തുവന്ന ഒരു കൂട്ടം വിധികളിലൂടെ ഇന്ന് കണ്ണോടിക്കുമ്പോള്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ഉടന്‍ ബൊമ്മെ കേസില്‍ നീതീപീഠം പ്രദര്‍ശിപ്പിച്ച മതേതര പ്രതിബദ്ധത എത്ര പെട്ടെന്നാണ് ബാഷ്പീകരിച്ചുപോയതെന്ന് കണ്ട് നാം അമ്പരന്നുപോകാം. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മഹാരാഷ്ട്രയെ രാജ്യത്തെ പ്രഥമ ഹിന്ദു സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ജോഷി പ്രഖ്യാപിച്ചപ്പോള്‍ അത് മതത്തിന്റെ പേരിലുള്ള വോട്ട് പിടിത്തമായി കാണേണ്ടതില്ല എന്നായിരുന്നു കോടതി വിധിച്ചത്. ആദ്യ ഹിന്ദു സംസ്ഥാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നത് മതത്തിന്റെ പേരില്‍ വോട്ട് പിടിക്കലല്ല, മറിച്ച്, ആഗ്രഹപ്രകടനം മാത്രമാണെന്നായിരുന്നു സുപ്രീം കോടതിയുടെ വ്യാഖ്യാനം. രാംകാപ്‌സെ കേസില്‍ (ഞമാ ഗമുലെ ഢ െഒ.ഞ.ടശഴവ) കാപ്‌സെയെ വേദിയിലിരുത്തി സാധ്വി ഋതംബര പ്രകോപനപരവും വര്‍ഗീയവുമായ പ്രസംഗം നടത്തി എന്ന് കണ്ട് ഹൈകോടതി ഇലക്ഷന്‍ റദ്ദാക്കിയപ്പോള്‍ സുപ്രീംകോടതിയുടെ നീതീമനസ്സ് സടകുടഞ്ഞെഴുന്നേറ്റു. പൊതുയോഗത്തില്‍ ഋതംബരയുടെ വാചാടോപങ്ങളെ കാപ്‌സെ എതിര്‍ത്തിരുന്നുവെന്ന് പറഞ്ഞ് അയാളെ വീണ്ടും നിയമസാമാജികനായി അവരോധിച്ചു. ബി.ജെ.പിക്കും മറ്റു സംഘ്പരിവാര്‍ കൂട്ടങ്ങള്‍ക്കും പ്രത്യയശാസ്ത്രപരമായി അടിബലം നല്‍കാന്‍ പോന്നതായിരുന്നു ജസ്റ്റീസ് വര്‍മയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ വിധികള്‍. സംഘ്പരിവാര്‍ ആശയഗതിയെ ഉന്നതനീതി പീഠം അംഗികരിച്ചുകഴിഞ്ഞുവെന്ന് വ്യാപകമായി പ്രചരിപ്പിക്കാന്‍ ഇത് അവസരമൊരുക്കിക്കൊടുത്തു. ആര്‍.എസ്.എസ് ജിഹ്വ ഓര്‍ഗനൈസര്‍ ‘മതമൗലികവാദമായി സമീകരിക്കാതെ, ജീവിതരീതിയെന്നോ മാനസിക അവസ്ഥയെന്നോ പ്രസ്താവിക്കുക വഴി സുപ്രീംകോടതി ഹിന്ദുത്വ ആദര്‍ശത്തിനു ജഡീഷ്യറിയുടെ സീല്‍ പതിപ്പിച്ചിരിക്കുന്നു എന്നാണ് ഇതേക്കുറിച്ച് അഭിമാനം പറഞ്ഞത്.

കളഞ്ഞുകുളിച്ചത് തെറ്റ് തിരുത്താനുള്ള അവസരം
ഹിന്ദുത്വ വിധി വിപുലമായ ബെഞ്ചിനു വിട്ട് പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് നിഷ്പക്ഷമതികളും മതേതരവാദികളും രണ്ടുപതിറ്റാണ്ടായി വാദിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് 1990ലെ തെരഞ്ഞെടുപ്പില്‍ ശാന്താക്രൂസ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ഥി അഭിരാം സിങ്ങിനെതിരെ, രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബോംബെ ഹൈകോടതിയെ സമീപിച്ചത്. മതത്തിന്റെ പേരില്‍ വോട്ട് തേടിയത് കൊണ്ട് ഹര്‍ജിക്കാരന്റെ വാദം ന്യായാസനം അംഗീകരിക്കുകയായിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ മൂന്നംഗബെഞ്ച് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിനു കൈമാറി. കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ്, ഗ്രന്ഥകാരനും കലാപ്രവര്‍ത്തകനുമായ ശംസുല്‍ ഇസ്‌ലാം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ദിലീപ് മണ്ടല്‍ എന്നിവര്‍ ചീഫ് ജസ്റ്റീസിനോട് അഭ്യര്‍ഥിച്ചത് 1995 ഡിസംബര്‍ 11നു ജസ്റ്റീസ് ജെ.എസ് വര്‍മ പുറപ്പെടുവിച്ച, ഹിന്ദുത്വയെ ദേശീയതയുടെയും പൗരത്വത്തിന്റെയും അടയാളമാക്കുന്ന ‘വിവാദ വിധി’ കൂടി പുനഃപരിശോധിക്കണമെന്നാണ്.ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സാമൂഹിക പഠനത്തിന്റെയും നിയമത്തിന്റെയും സങ്കുചിതവും ആധിപത്യ മനോഭാവപരവുമായ വ്യാഖ്യാനങ്ങള്‍ രാജ്യത്തെ ഒരു വഴിത്തിരിവില്‍ എത്തിച്ചുകഴിഞ്ഞ സ്ഥിതിക്ക് രമേശ് പ്രഭു കേസിന്റെ ‘ദൂരവ്യാപക പ്രത്യാഘാതങ്ങള്‍’ ഇല്ലാതാക്കുന്നതിനു ഹിന്ദുത്വ വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ഇവരുടെ അപേക്ഷ. ജെ എസ് വര്‍മയുടെ വിവാദ വിധിയോടെ ന്യൂനപക്ഷസമുദായങ്ങളുടെയും പട്ടികജാതി, പട്ടികവിഭാഗത്തിന്റെയും ഹിന്ദുത്വജീവിതരീതികളിലേക്കുള്ള ഏകീകരണത്തിനും സാംശീകരണത്തിനുമുള്ള ആവശ്യം കൂടിവരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ നീതിപീഠം ഇവരുടെ ആവശ്യം പരിഗണിച്ചില്ല. ജനപ്രാതിനിധ്യ നിയമത്തിലെ ഒരു പ്രത്യേക വകുപ്പിന്റെ വ്യാപ്തിയെ കുറിച്ച് മാത്രമാണ് തങ്ങളിപ്പോള്‍ പരിശോധന നടത്തുന്നതെന്നും ഹിന്ദുത്വയെ കുറിച്ചുള്ള വ്യാഖ്യാനത്തിലേക്ക് കടക്കുന്നേയില്ലെന്നും പറഞ്ഞു കോടതി തടി സലാമത്താക്കുകയായിരുന്നു.
ബി.ജെ.പി രാജ്യം വാഴുന്ന ഇന്നത്തെ ചുറ്റുപാടില്‍ എന്താണ് ഹിന്ദുത്വമെന്നും ഹിന്ദുയിസമെന്നും പരിശോധിക്കുന്നതിലെ ‘ആപത്ത്’ കോടതി മുന്‍കൂട്ടി കണ്ടിട്ടുണ്ടാവണം. മതം, ജാതി, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് സംബന്ധിച്ച് ജനുവരി രണ്ടിനു സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധിയെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഹിന്ദുത്വവിധിയെ സ്പര്‍ശിക്കാന്‍ കൂട്ടാക്കാതെ മതത്തിന്റെ പേരിലുള്ള വോട്ട് പിടിത്തത്തിനു കടിഞ്ഞാണിടുന്ന ഈ വിധിക്ക് ഭിന്നമാനങ്ങളുണ്ടെന്ന് നാല് ജഡ്ജിമാരുടെ വ്യാഖ്യാനങ്ങളോട് മൂന്ന് ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതില്‍നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്.

പതിയിരിക്കുന്ന അപകടങ്ങള്‍
1951ലെ ജനപ്രാതിനിധ്യനിയമം 123(3)വകുപ്പ് മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയുമൊക്കെ പേരിലുള്ള വോട്ട് പിടിത്തം നിയമവിരുദ്ധമാക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണിത്. മതേതരത്വം ഭരണഘടനയുടെ ആധാരശിലയാണെന്നും മതം എന്നത് വ്യക്തിയും ദൈവവും തമ്മിലുള്ള ഇടപെടാണെന്നും നിരീക്ഷിക്കുന്ന കോടതി , തെരഞ്ഞെടുപ്പ് എന്ന തീര്‍ത്തും മതേതതരമായ ജനായത്ത പ്രക്രിയയില്‍ മതം, ജാതി, ഭാഷാപക്ഷപാതിത്വങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് സമര്‍ത്ഥിക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തിന്റെ ഈ മര്‍മവിഷയത്തില്‍ ന്യായാധിപന്മാര്‍ക്കിടയില്‍ ഏകാഭിപ്രായം തന്നെയാണുള്ളത്. 1961ല്‍ ഭേദഗതി ചെയ്ത പരാമൃഷ്ട നിയമവ്യവസ്ഥയില്‍ , ‘വശ െൃലഹശഴശീി'( അവന്റെ മതം ) എന്ന് പറയുന്നതില്‍ സ്ഥാനാര്‍ഥിയുടെയോ ഏജന്റിന്റെയോ മതം അല്ലാതെ, വോട്ടര്‍മാരുടെയോ എതിര്‍സ്ഥനാര്‍ഥിയുടെയോ മതം ഉള്‍പ്പെടുമോ എന്ന വ്യാഖ്യാനപരമായ പ്രശ്‌നമാണ് കോടതിക്കു മുമ്പാകെ ചര്‍ച്ചയായത്. തെരഞ്ഞെടുപ്പ് ഗോദയില്‍നിന്ന് മതജാതി ചിന്തകളെ പൂര്‍ണമായി വിപാടനം ചെയ്യണോ അതല്ല, സ്ഥനാര്‍ഥിയും അദ്ദേഹത്തിന്റെ ആളുകളും ഈ വക വിഷയങ്ങള്‍ എടുത്തിട്ട് വോട്ട് പിടിക്കുന്നത് തടയണോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ചീഫ് ജസ്റ്റീസ് താക്കൂര്‍ അടങ്ങുന്ന നാലംഗങ്ങള്‍ പറഞ്ഞത്, ഈ വക വിഷയങ്ങളേ പരാമര്‍ശിക്കപ്പെടാന്‍ പാടില്ല എന്നാണ്. ജസ്റ്റിസ് ലോകൂര്‍, തനിക്കും ജസ്റ്റീസ് നാഗേശ്വര റാവുവിനു വേണ്ടി എഴുതിയ വിധിന്യായത്തില്‍ , സ്ഥാനാര്‍ഥിയുടെ മാത്രമല്ല, വോട്ടര്‍മാരുടെയും മതവും നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് എഴുതിയത്, നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുത്താനും വളര്‍ത്താനുമുള്ള ഒരു നിയമമാണ് 1951ലെ ജനപ്രാതിനിധ്യനിയമം. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വര്‍ഗീയതയും വിഘടനവാദവും മറ്റു ശിഥിലീകരണ പ്രവണതകളും തടയേണ്ടതുണ്ടെന്ന് പാര്‍ലമെന്റ് ഗൗരവമായി ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഒന്നിലധികം ഭേദഗതികളിലൂടെ 123 (3) വകുപ്പുകള്‍ പ്രയോഗവത്കരിച്ചത് എന്നാണ്. അതുകൊണ്ട് നിയമത്തിനു ഭാഷാപരമായ വ്യാഖ്യാനം നല്‍കുന്നതിനു പകരം സന്ദര്‍ഭോചിതമായ വ്യാഖ്യാനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂറും സമാനമായ അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. സ്ഥാനാര്‍ഥിയുടെയോ അവരുടെ ഏജന്റിന്റെയോ മതമല്ല, എതിര്‍സ്ഥാനാര്‍ഥിയുടെയും വോട്ടര്‍മാരുടെയും മതമോ ജാതിയോ വംശമോ ഭാഷയോ പരാമര്‍ശിക്കാന്‍ പാടില്ല എന്ന് അദ്ദേഹവും അടിവരയിടുന്നു. സെക്കുലറിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം പ്രായോഗികതലത്തില്‍ ഇനിയും ചര്‍ച്ചചെയ്യപ്പെടാതിരിക്കില്ല. കാരണം, മതത്തെ പൂര്‍ണമായും നിരാകരിക്കുന്നതാണ് ഇന്ത്യയുടെ മതേതരത്വം എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മതേതര പ്രവര്‍ത്തനങ്ങളില്‍ മതത്തിനു ഒരു സ്ഥാനവുമില്ല. കാരണം, വ്യക്തികള്‍ക്കോ സ്‌റ്റേറ്റിനോ മതത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ഇന്ത്യ പോലെ മതനിഷ്ഠമായ ഒരു സമൂഹത്തില്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ സാമൂദായിക ജീവിതം നയിക്കാന്‍ അവകാശം പ്രദാനം ചെയ്യുന്ന ഒരു ഭരണഘടനാ ക്രമത്തില്‍ എന്തുമാത്രം ബാലിശമാണ്. ഇതേ കോടതിയാണ്, ആത്യന്തിക വര്‍ഗീയവാദികള്‍ , ഹിന്ദുരാഷ്ട്രം സ്ഥാപിച്ചുതരാമെന്ന വാഗ്ദാനം നല്‍കി ഹിന്ദു വോട്ടുകള്‍ ഏകോപിപ്പിച്ചപ്പോള്‍, അതില്‍ അപാകതയില്ലെന്നും ജനപ്രാതിനിധ്യനിയമത്തിന് ഇടപെടാനാകില്ലെന്നും തീര്‍പ്പ് എഴുതിയയെന്നും മറക്കാതിക്കുക.

ന്യൂനപക്ഷവിധിയിലെ പ്രതീക്ഷകള്‍
നിയമത്തിന്റെ അക്ഷരങ്ങളെ നീട്ടിവലിച്ചുള്ള ഈ വ്യാഖ്യാനത്തോട് യോജിക്കാന്‍ മൂന്നുജഡ്ജിമാര്‍ തയാറായില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളും മതേതര ജനാധിപത്യത്തെക്കുറിച്ചുള്ള പ്രായോഗിക കാഴ്ചപ്പാടും വിയോജനത്തിന്റെ തീര്‍പ്പിനു അവരെ നിര്‍ബന്ധിക്കുന്നതായി കാണാം. ജസ്റ്റീസ്മാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരുടെ വിയോജന വിധിയില്‍, ഇന്ത്യനവസ്ഥയില്‍ മതം, ജാതി, വംശ, ഭാഷാ ഘടകങ്ങളെ തെരഞ്ഞെടുപ്പ് ഗോദയില്‍നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല എന്ന നിലപാടിലാണ് എത്തിച്ചേര്‍ന്നത്. പൗരത്വം, സ്വത്വമൂല്യം എന്നീ വിഷയങ്ങളിലൂന്നിയുള്ള ഈ നിഗമനം ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍ തുടങ്ങിയ പ്രാന്തവത്കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും സാമൂഹികനീതി നിഷേധിക്കപ്പെടുകയും നാനാവിധ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വിഭാഗങ്ങളുടെ പരിഭവങ്ങളും രോദനങ്ങളും തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ വിഷയീഭവിക്കുമ്പോള്‍ മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ കാരണം പറഞ്ഞ്, അവ നിയമവിരുദ്ധമായി കാണുന്നതിലെ യുക്തിയെയാണ് മുന്നു ജഡ്ജിമാര്‍ ചോദ്യം ചെയ്യുന്നത്. നമ്മുടെ ഭരണഘടനയാവട്ടെ, മതത്തെയും ജാതിയെയും ഭാഷാവൈവിധ്യങ്ങളെയും അവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക സ്ഥാപനങ്ങളെയും അംഗീകരിക്കുന്ന ചുറ്റുപാടില്‍ പ്രത്യേകിച്ചും. ജസ്റ്റീസ് ചന്ദ്രചൂഢിന്റെ ഈദിശയിലുള്ള നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. മതം, ജാതി, ഭാഷ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ കൂട്ടായ്മകളെയും ഭരണഘടന അംഗീകരിക്കുന്നുണ്ട് എന്നാണദ്ദേഹം തീര്‍പ്പെഴുതുന്നത്. സാമൂഹിക മുന്നേറ്റങ്ങളാണ് അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ, ചരിത്രപരമായി അഭിമുഖീകരിച്ചുകൊണ്ടിക്കുന്ന അനീതിക്കെതിരെ സംസാരിക്കുന്നത് തടയുന്നതോടെ, ജനാധിപത്യമാര്‍ഗത്തിലൂടെ അതിനു പ്രതിവിധി കണ്ടെത്താനുള്ള പോംവഴികളാണ് കൊട്ടിയടക്കപ്പെടുന്നത്.

ജാതിയും മതവും ഭാഷയുമൊക്കെ ഇന്ത്യനവസ്ഥയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. വംശീയമായി കാലങ്ങളായി നേരിടുന്ന അധഃകൃതാവസ്ഥയെ മറികടക്കാനും സാമൂഹിക സമത്വം കൈവരിക്കാനുമുള്ള പോരാട്ടത്തെ മതത്തിന്റെ ബലത്തിലാണ് ഇവിടെ അസാധ്യമാക്കുന്നത്. മതപരമായി ഇപ്പോഴും കടുത്ത വിവേചനം ഇവിടെ നടമാടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അതൊന്നും മിണ്ടാന്‍ പാടില്ല എന്ന് ശഠിക്കുന്നത് ജനാധിപത്യ പ്രക്രിയയെ പ്രഹസനമാക്കും. അതേസമയം, ഭൂരിപക്ഷത്തിന്റെ കരുത്തില്‍, വര്‍ഗീയശക്തികളും അധികാരവര്‍ഗവും വര്‍ഗീയതയും വിഭാഗീയതയും ചൂഷണം ചെയ്തു ആധിപത്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, ഇപ്പോഴത്തെ കോടതിവിധിക്ക് അര്‍ഥപൂര്‍ണമായ തിരുത്തും പുനര്‍വ്യാഖ്യാനവും ആവശ്യമാണ്. അതല്ലെങ്കില്‍, ഹിന്ദുത്വയുടെ വായിലേക്ക് എല്ലാം എറിഞ്ഞുകൊടുക്കുന്നതിനു തുല്യമാവും മതത്തെ ആട്ടിയോടിക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന നീതിസാരം.

ശാഹിദ്