കുടുംബത്തോടൊപ്പമിരിക്കാറുണ്ടോ?

കുടുംബത്തോടൊപ്പമിരിക്കാറുണ്ടോ?

കുടുംബ ജീവിതം സന്തോഷം നിറഞ്ഞതും ആസ്വാദ്യകരവുമാക്കാന്‍ ആധുനിക വിവരസാങ്കേതികവിദ്യ സഹായകമാകുന്നുണ്ട്. അതുപോലെ തന്നെ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനും ഇത് കാരണമാകുന്നു. വീഡിയോ കോളുകളും ചാറ്റും കുറഞ്ഞ ചിലവില്‍ സാധ്യമാക്കുന്ന ആപ്പുകള്‍ വിദൂരതയിലാകുമ്പോഴും സാമീപ്യം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതു കൊണ്ട് പരസ്പര ബന്ധം കൂടുതല്‍ ആഘോഷിക്കാന്‍ സൗകര്യപ്പെടുന്നു. അതേസമയം, സുതാര്യവും സ്വതന്ത്ര്യവുമായ ഈ മാധ്യമങ്ങള്‍, പരസ്പര വിശ്വാസത്തിലധിഷ്ഠിതമായി വളര്‍ത്തിയെടുത്ത ബന്ധങ്ങളില്‍ പോലും ആകുലതയും ആശങ്കയും വളര്‍ത്തുന്നു. സംശയങ്ങളുടെ നൂല്‍പാലങ്ങള്‍ തീര്‍ക്കുന്നു. അവസാനം കലാപത്തിലും ബന്ധവിച്ഛേദനത്തിലും ചെന്നവസാനിക്കുന്നതാണ് പതിവ്. ജി പി എസ് സിസ്റ്റങ്ങള്‍ മനുഷ്യന്റെ ചലനവും സ്ഥാനവും നിര്‍ണയിച്ചുതരുമ്പോള്‍ വെബ് ക്യമറയും സി സി ടിവികളും മനുഷ്യര്‍ അറിയാതെ അവരുടെ ജീവിത സാഹചര്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കുന്നു. മൊബൈല്‍, കമ്പ്യൂട്ടര്‍ പോലെയുള്ള ഗാഡ്ജറ്റ്‌സ് മനുഷ്യന്റെ രഹസ്യജീവിതത്തില്‍ ചാരപ്പണി ചെയ്യുമ്പോള്‍ സ്വകാര്യത മരിച്ചുകൊണ്ടേയിരിക്കുന്നു.

പണിയായുധങ്ങള്‍ കൊണ്ട് കൊത്തിയും കിളച്ചും കൊട്ടയില്‍ മണ്ണ് ചുമന്ന തൊളിലാളികള്‍ വഴിമാറി. പകരം ജെ സി ബി യും ഓട്ടോമാറ്റിക് ലോഡിംഗും അണ്‍ലോഡിംഗും ചെയ്യുന്ന ട്രക്കുകളും സ്ഥാനം പിടിച്ചു. മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തിലെ സിംഹഭാഗവും കൈയേറിയപ്പോഴും കുടുംബജീവിത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പലപ്പോഴും നാം മറന്ന് പോകുകയാണ്. ദ്രുതഗതിയില്‍ വളര്‍ന്നുവന്ന ചില സാങ്കേതിക വിദ്യകള്‍ കുടുംബജീവിത്തില്‍ സന്തോഷവും സ്വര്‍ഗീയതയും നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. അവയെ യഥാവിധി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നിടത്താണ് ആധുനിക മനുഷ്യന്റെ വിജയം.

വിവാഹജീവിതമാണ് ഇന്ന് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മേഖല. വ്യത്യസ്തമായ പാരമ്പര്യത്തിലും സാഹചര്യങ്ങളിലും വളര്‍ന്നു വന്നവര്‍ വിവാഹത്തിലൂടെ ഒരുമിക്കുമ്പോള്‍ ജീവിതം വ്യത്യാസങ്ങളുടെ പൂരപ്പറമ്പായി മാറുന്നു. അതുള്‍ക്കൊണ്ട് മുന്നോട്ടുപോകുമ്പോള്‍ മാത്രമാണ് വിവാഹജീവിതം സന്തോഷപ്രദമാകുന്നത്. പ്രതീക്ഷ, അഭിരുചി, ആവശ്യങ്ങള്‍, സ്വഭാവം, പ്രകൃതം, ശൈലി എന്നിവയിലെല്ലാം ദമ്പതികള്‍ക്കിടയില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണും. പലപ്പോഴും കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഇതുള്‍ക്കൊള്ളാനും തിരിച്ചറിയാനുമുള്ള വിവേകം നഷ്ടപ്പെടുമ്പോഴാണ്.

ഓരോ മനുഷ്യനെയും അടിസ്ഥാനപരമായി വേര്‍തിരിക്കുന്ന ഇത്തരം വ്യത്യാസങ്ങളില്‍ മാറ്റം വരുത്തുക ഏറെക്കുറെ അസാധ്യമാണ്.

സ്‌ത്രൈണതയും പൗരുഷവും പാരമ്പര്യവും സാഹചര്യങ്ങളും മനസ്സിലാക്കി അംഗീകരിക്കാന്‍ സാധിക്കണം. എല്ലാ സാഹചര്യങ്ങളിലും ഈ തിരിച്ചറിവുണ്ടാകുമ്പോള്‍ ജീവിതം ആനന്ദകരമാകും.

സ്പൂണും ഫോര്‍കും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന ഭര്‍ത്താവ്, കുടുംബകാര്യങ്ങള്‍ക്കും വീട്ടുപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഭാര്യ, കൂടുതല്‍ സമയവും ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്ന ഭര്‍ത്താവ്, വാചാലനായ ഭര്‍ത്താവ്, അന്തര്‍മുഖയായ ഭാര്യ, വസ്ത്രധാരണത്തില്‍ ശ്രദ്ധ ചെലുത്തുന്ന ഭാര്യ, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഭര്‍ത്താവ് എന്നിവ ദമ്പതികള്‍ക്കിടയിലെ വ്യതാസങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങളാണ്. വ്യക്തിപരമായ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് ജീവിതം സന്തോഷകരമാകുക.

കുടുംബത്തിനു വേണ്ടി സമയം ചെലവഴിക്കുക

ഭാര്യാഭര്‍തൃജീവിതത്തില്‍ സ്‌നേഹം പ്രകടിപ്പിക്കുവാനും വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇണയെ അടുത്തറിയാനും വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നതാണ് ഇന്നത്തെ കുടുംബങ്ങളിലെ ഒരു പ്രധാന പ്രശ്‌നം. ഔദ്യോഗികഉത്തരവാദിത്വങ്ങള്‍ ഒരു ഭാഗത്ത് സമയം കവരുമ്പോള്‍ ഇന്റര്‍നെറ്റു പോലുള്ള മാധ്യമങ്ങള്‍ കുടുംബത്തിനു ലഭിക്കേണ്ട സമയം കവര്‍ന്നെടുക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക ഇടപാടുകള്‍, മതപരമായ പ്രവര്‍ത്തനങ്ങള്‍, ചികിത്സ, വീട്ടുജോലികള്‍ തുടങ്ങി എല്ലാ കുടുംബകാര്യങ്ങള്‍ക്കും അര്‍ഹിക്കുന്ന ഒരു സമയം (ക്വാളിറ്റി ടൈം) കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയണം. പരസ്പരം അറിയുവാനും അടുക്കുവാനും ഇത് ഏറെ സഹായകമാണ്.

സംശയരോഗം

വര്‍ത്തമാന കാലത്ത് ഫാമിലി കൗണ്‍സിലിംഗിന് വരുന്നവരില്‍ കാണുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലുള്ള സംശയം. വിവാഹേതര ബന്ധങ്ങള്‍ ആരോപിക്കുമ്പോള്‍ അത് ക്രൂരമായ അക്രമങ്ങളിലും വിവാഹമോചനങ്ങളിലും എത്തിച്ചേരുന്നു. ഭാര്യാഭര്‍ത്താക്കന്മാക്കിടയില്‍ സംശയമുണ്ടാകുന്നതിനുള്ള പ്രധാന കാരണം പരസ്പരം മനസിലാക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും വേണ്ടത്ര സമയം കിട്ടുന്നില്ല എന്നതാണ്. അകല്‍ച്ചയും സംശയവും ഒരേ ദിശയില്‍ വളരുന്ന രണ്ട് ദൂഷ്യങ്ങളാണ്. അകല്‍ച്ച തോന്നുന്നതോടെ ഇണയെ കുറിച്ചുള്ള സംശയവും വര്‍ധിക്കും. മതപരമായ ചിട്ടകള്‍ നഷ്ടപ്പെടാതെയുള്ള യാത്രകള്‍, ഷോപ്പിംഗ്, കുടുംബസന്ദര്‍ശനം, സിയാറത്ത് എന്നിവ ഫാമിലി ടൈം മെച്ചപ്പെടുത്തുവാനും കുടുംബങ്ങളുടെ ബന്ധം സ്‌നേഹസമ്പൂര്‍ണമാക്കുവാനും സഹായിക്കും. കൂടുതല്‍ സമയം ഒരുമിച്ച് വിനിയോഗിക്കുമ്പോള്‍ പരസ്പര വിശ്വാസം വര്‍ദ്ധിക്കുകയും അതിലൂടെ കുടുംബജീവിതത്തിന് കൂടുതല്‍ അര്‍ത്ഥം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണെങ്കില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഒന്നിച്ചിരിക്കാനും കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമുള്ള സമയം ലഭിക്കണമെങ്കില്‍ ക്രിയാത്മകമായ ആസൂത്രണം നിര്‍ബന്ധമാണ്. ഔദ്യോഗികജീവിതം കുടംബജീവിതത്തെ സാരമായി ബാധിക്കാതിരിക്കാന്‍ ഈ ആസൂത്രണം അനിവാര്യവുമാണ്.

പരസ്പരാകര്‍ഷണം

മാനസികവും ശാരീരികവുമായ ആകര്‍ഷണം ദാമ്പത്യജീവിതം ഊഷ്മളമാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. പരസ്പരം ആകര്‍ഷണം അനുഭവപ്പെടാതിരിക്കുമ്പോള്‍ ലൈംഗിക പ്രയാസങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ഉടലെടുക്കുന്നു. അതോടെ ഇണയുടെ പ്രവര്‍ത്തനങ്ങളില്‍ കുറവുകള്‍ കണ്ടെത്തി വിമര്‍ശിക്കുകയും ചെറിയ കാര്യങ്ങള്‍ക്കു പോലും കഠിനദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയിലേക്ക് എത്തിച്ചേരുന്നു.

ഓരോ വ്യക്തിക്കും ആകര്‍ഷണം തോന്നുന്നത് വ്യത്യസ്ത ഗുണങ്ങളോടാണ്. ഇണയില്‍ നിന്ന് ഇഷ്ടപ്പെടുന്ന കാര്യങ്ങളും ആകര്‍ഷണം തോന്നുന്ന ഗുണങ്ങളും ഭാര്യാഭര്‍ത്താക്കന്മാര്‍ തുറന്ന് ചര്‍ച്ച ചെയ്യണം. അങ്ങനെവരുമ്പോള്‍ വ്യക്തമായ ധാരണയിലൂടെ  മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഇണയുടെ സന്തോഷത്തിന് തയ്യാറാവുക എന്നത് ഒരു ധാര്‍മ്മിക മൂല്യമാണ്. പ്രവാചകര്‍ (സ) വരുന്ന ദിവസം ആഇഷ ബീവി (റ) മുഖത്തും മുടിയിലും കുങ്കുമും പുരട്ടി ഭംഗിയാവാറുണ്ട് എന്ന് ഹദീസില്‍ കാണാം.

സ്‌നേഹ സമ്പൂര്‍ണമായ സംസാരവും പരിഗണനയും സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുമ്പോള്‍ സൗന്ദര്യം പ്രകടമാകുന്ന വസ്ത്ര ധാരണവും സല്‍സ്വഭാവവും പുരുഷനെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

വിവാഹ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ അനുഭവപ്പെടുന്ന പരസ്പരാകര്‍ഷണം മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം കുറഞ്ഞു വരുന്നതിന്റെ ഒരു പ്രധാന കാരണം, വിവാഹബന്ധം ദൃഢമാക്കുവാന്‍ ആദ്യനാളുകളില്‍ ഇണകള്‍ പ്രകടമാക്കിയ ശാരീരികവും മാനസികവുമായ സൗന്ദര്യം ക്രമേണ നിസ്സാരവത്കരിക്കുന്നതാണ്.

ഭാര്യയും ഭര്‍ത്താവും പരസ്പരം ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ പരസ്പരസ്‌നേഹവും ലൈംഗികതാത്പര്യവും വര്‍ദ്ധിക്കുകയും അത് വഴി ബന്ധങ്ങളും മാനസിക പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ഡോ. ഷൗക്കത്തലി സഖാഫി

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍, ഐ  ഐ ടി കാണ്‍പൂര്‍

shoukath@iitk.ac.in