മാറ്റങ്ങളുടെ ഗുരുകുലം

മാറ്റങ്ങളുടെ ഗുരുകുലം

ലോകത്തില്‍ പ്രചുര പ്രചാരം നേടിയ ത്വരീഖത്തുകളില്‍ ഒന്നാമത്തേത് ഖാദിരിയ്യ ത്വരീഖത്താണ്. കേരളത്തിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇതിന്റെ വേരുകള്‍ ദൃശ്യമാണ്. മുഹ്‌യിദ്ദീന്‍ മാലയുടെ രചനയും ദക്ഷിണേന്ത്യയില്‍ വ്യാപകമായ ഖുത്തുബിയ്യത്ത് റാത്തീബും ഇതിന് തെളിവാണ്. ലോകത്തെങ്ങും ഇത്രമാത്രം പ്രചരിക്കാനുണ്ടായ കാരണം ശൈഖ് ജീലാനി (റ) പാകത നേടിയ എണ്ണമറ്റ ശിഷ്യ പരമ്പരയെ വാര്‍ത്തെടുത്തു എന്നുള്ളതാണ്. ഓരോ വര്‍ഷവും മുവ്വായിരത്തോളം ശിഷ്യന്മാര്‍ തന്റെ കോളജില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത് സര്‍വ സജ്ജരായിട്ടായിരുന്നു. ഭരണാധികാരികളും, പൗരപ്രമുഖരുമൊക്കെ ലക്ഷണമൊത്ത നേതാവിനെ കിട്ടാന്‍ ഗുരുവിന്റെ ശിഷ്യന്മാരെയാണ് തെരഞ്ഞെടുത്തത്. ശൈഖ് ഗുരു അവര്‍ക്ക് നല്‍കിയ തര്‍ബിയ്യതിന്റെ മികവാണിത്.

ഹമ്പലി ഫിഖ്ഹിലെ തന്റെ ഗുരുവും ശേഷം ആത്മീയമായി വഴി നടത്തിയവരില്‍ പ്രമുഖനുമായ ശൈഖ് അബൂ സഈദില്‍ മഖ്‌റൂമി(റ) യുടെ ബഗ്ദാദിലെ ബാബുല്‍ അസജ്ജില്‍ സ്ഥാപിച്ച കലാലയത്തിലായിരുന്നു പ്രഥമമായി ഗുരു അധ്യാപത്തിനെത്തുന്നത്. മഖ്‌റൂമിയുടെ വിയോഗത്തിനുശേഷം പൂര്‍ണ്ണ നിയന്ത്രണമേറ്റെടുത്ത ഗുരു തുടര്‍ന്നങ്ങോട്ട് ആ സ്ഥാപനത്തെ വിപ്ലവ കലാലയമാക്കി മാറ്റി. വര്‍ഷവും ആയിരങ്ങള്‍ പുതുതായി ചേര്‍ന്ന് കൊണ്ടിരുന്നു. ശിഷ്യര്‍ ലോകപ്രശസ്തരും നവോത്ഥാന നായകരുമായി. ഭരണാധികാരി നൂറുദ്ദീന്‍ സങ്കി ഗുരുവിന്റെ ശിഷ്യന്മാരെ ഖാളിമാരും മുദരിസുമാരുമാക്കി തെരഞ്ഞെടുത്തു. കുരിശുയുദ്ധനായകന്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ സഹപോരാളിയായ ഹാഫിളുര്‍റഹാവി, വിഖ്യാത ധര്‍മശാസ്ത്ര ഗ്രന്ഥമായ മുഗ്നിയുടെ രചയിതാവ് ഇബ്‌നു ഖുദാമ(റ) തുടങ്ങിയവരെല്ലാം ശിഷ്യപ്രമുഖരാണ്.

ശിഷ്യ സമ്പൂര്‍ണ്ണതയുടെ പ്രധാന ഘടകം തര്‍ബിയത്തിന്റെ – ശിക്ഷണത്തിന്റെ മികവാണ്. തര്‍ബിയത്തിന്റെ പദവി ലബ്ധമാവാന്‍ തന്നെ ഒരുപാട് ആത്മയാത്രകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനു ശേഷം വ്യക്തി മഹത്വത്തിനനുസൃതം ഉന്നത ഫലങ്ങള്‍ കൈവരുന്നു. ഇവയെല്ലാം കാലങ്ങളായുള്ള നീണ്ട ജ്ഞാന തപസ്യകളിലൂടെ മഹാന്‍ നേടിയെടുത്തിരുന്നു. അതിനുവേണ്ടി മാത്രം പതിറ്റാണ്ടുകള്‍ ഉപയോഗപ്പെടുത്തി. പട്ടിണി കിടന്നും, ഭൗതിക മോഹങ്ങള്‍ ത്യജിച്ചും ആത്മ സംസ്‌കരണം നേടിയെടുത്തു. ലോകത്തുള്ള എല്ലാ ഔലിയാക്കളും തര്‍ബിയത്ത് നടത്താനുള്ള പാകത കൈവരിച്ചവരാകണമെന്നില്ല എന്നല്ല, ഭൂരിപക്ഷവും ഇതിനുവേണ്ട മര്‍ത്തബ- പദവി കൈവരാത്തവരായിരുന്നു. ഇവര്‍ ബറകത്തിനു വേണ്ടിയുള്ള ഗുരുക്കന്മാരാണ്. പ്രത്യേക ദിക്‌റുകളോ, ദുആകളോ മരീദുകള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ഇത് ചൊല്ലാനുള്ള ഇജാസത്ത് കൊടുക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് അറിയപ്പെട്ട സമീപകാലത്ത് കഴിഞ്ഞവരിലധികവും ഇത്തരക്കാരാണ്. ഇവര്‍ ത്വരീഖത്തിന്റെ ഇമാമോ ശൈഖോ അല്ല. മുരീദിന് ആവശ്യമായ കര്‍മ്മശാസ്ത്രവും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസവും സംബന്ധിച്ചുള്ള വിവരമുള്ളവരാണ് തര്‍ബിയത്തിന്റെ ശൈഖ്. അവര്‍ മുരീദിന്റെ മാനസിക പ്രശ്‌നങ്ങളും പരിഹാരങ്ങളും ആത്മീയ ചാപല്യങ്ങളും എല്ലാം അറിയുകയും അവ പരിഹരിക്കാന്‍ കെല്‍പുള്ളവരുമായിരിക്കും. ഇവിടെ മുരീദ് സ്വയം ഇല്ലാതായി ശൈഖില്‍ ജീവിക്കുകയാണ്. ശൈഖ് പറയുന്നതാണ് പിന്നീടവന്റെ മദ്ഹബും ദീനുമെല്ലാം. അവിടെ മുരീദിന് യാതൊരു വിധ ചോദ്യങ്ങളുമില്ല. പിന്നീട് ദീര്‍ഘമായ ബോധ്യപ്പെടലിന്റെ ആഴിയില്‍ അവന്‍ മുത്തുകള്‍ ശേഖരിക്കുകയായിരിക്കും. ഇതിന് ഗുരു ആത്മീയ പൂര്‍ണ്ണത കൈവരിക്കുന്നതിനോടൊപ്പം സര്‍വ്വ വിജ്ഞാന മണ്ഡലങ്ങളിലും അവഗാഹം നേടി ഇജ്തിഹാദിന്റെ പദവിയില്‍ എത്തിയിരിക്കണം.

ഗുരു മുഹ്‌യിദ്ദീന്‍(റ) ഇത്തരത്തില്‍ പൂര്‍ത്തീകരണം നേടിയ വ്യകിത്വമായിരുന്നു. താന്‍ കണ്ടെത്തിയ ഫിഖ്ഹീ ധാര നേരത്തേ നിര്‍ണ്ണിതമായ നാലിനപ്പുറം പോയിട്ടില്ലാത്തതിനാല്‍ ഗുരുവും അവയില്‍ ചലിച്ചു. ശരീഅത്തിന്റെ സര്‍വ്വ ശാഖകളും പൂര്‍ത്തീകരിച്ചു. ശാഫിഈ മദ്ഹബിലും ഹമ്പലീ മദ്ഹബിലും ഫത്‌വ നല്‍കിയിരുന്നു. പണ്ഡിത നേതൃത്വങ്ങളെന്ന പേരില്‍ സമീപങ്ങളില്‍ വിശ്രുതരായവരെല്ലാം ഉത്തരം മുട്ടിയ പ്രശ്‌നങ്ങളിലൊക്കെ ഗുരു മറുപടി പറയുമായിരുന്നു. ശരീഅത്തിലെ മസ്അല പൂര്‍ണ്ണമായി അറിയാത്തവര്‍ക്ക് ഈ ഗുരുവഴിയിലെത്താനാവില്ല. ഇതര പണ്ഡിതരില്‍ നിന്ന് ഉത്തരം കിട്ടാതെ ഗുരുവിന്റെ സമക്ഷത്തിലേക്കൊരാള്‍ കടന്നുവന്ന് ചോദിച്ചു. ലോകത്തൊരാളും തന്നോടൊപ്പം ചെയ്യാത്ത ഒരു ആരാധന നിര്‍വഹിക്കണമെന്ന് സത്യം ചെയ്തിരിക്കുന്നു. അതിനുതകുന്ന കര്‍മ്മമേതാണ്. ഗുരു ഉടന്‍ പ്രതിവചിച്ചു: ഉടന്‍ തന്നെ മക്കയില്‍ പോയി, അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുക. തുടര്‍ന്ന് ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുക.

കാര്യപ്രാപ്തി പോയിട്ട് ഇസ്‌ലാമിലെ ബാലപാഠങ്ങള്‍ പോലും പൂര്‍ത്തീകരിക്കാത്ത പലരും ശൈഖുകളായി രംഗപ്രവേശം ചെയ്യാറുണ്ട്. സ്വഹാബാക്കളുടെ കാലശേഷം അഖീദ പിഴച്ച ഇബാഹിയാക്കളെ പോലുള്ള പലരും ഇത്തരത്തില്‍ അര്‍ഹതയില്ലാതെ വെളിപ്പെട്ടിരുന്നു. പദവി എത്തിച്ചവര്‍ തന്നെ സാധാരണക്കാരനു മുമ്പില്‍ ആന്തരികാര്‍ത്ഥ വചനങ്ങള്‍ ബോധമില്ലാതെ മൊഴിയുന്ന സാഹചര്യവും ഉണ്ടായി. ഇത്തരം കാര്യങ്ങളാല്‍ പലരും വഴിപിഴക്കുകയും, സൂഫിസത്തെ തെറ്റിദ്ധരിക്കുകയും ചെയ്തു. ഫിഖ്ഹീ പണ്ഡിതരും സൂഫിയാക്കളും എതിര്‍ ചേരികളില്‍ നിലകൊണ്ടു. ഇത്തരം പ്രതിഭാസങ്ങള്‍ക്ക് വിരുദ്ധമായി ശരിയായ അഖീദക്കു കീഴില്‍ ആത്മീയതയെ ശരീഅത്തിന് വിരുദ്ധമാകാതെ വഴി നടത്തിയത് ഗുരു ആയിരുന്നു. പിന്നീടാണ് രിഫാഈ ത്വരീഖത്തും, സുഹ്‌റവര്‍ദീ, നഖ്ശബന്ദീ ത്വരീഖത്തുകളും കടന്നുവരുന്നത്. വിഴിപിഴക്കാത്ത തരത്തില്‍ പരിപൂര്‍ണത കൈവരിച്ചവരായി തന്റെ മുരീദുകള്‍ വളര്‍ന്നുവരണമെന്ന് ഗുരു നിര്‍ബന്ധം പിടിക്കുകയും അതിനനുസരിച്ച് തര്‍ബിയത്ത് നടത്തുകയും ചെയ്തു.

മുഹ്‌യിദ്ദീന്‍ മാലയില്‍ പറയുന്നത് പോലെ ”ബലത്ത് ശരീഅത്തെന്നും കടലുള്ളോവര്‍, ഇടത്ത് ഹഖീഖത്തെന്നും കടലുള്ളോവര്‍” എന്ന നിലപാടായിരുന്നു ഗുരുവിന്റെത്.തുടക്കം എപ്പോഴും വലതുഭാഗത്ത് നിന്നായിരിക്കുമല്ലോ. അതിനാല്‍ ഒന്നാമതായി ശരീഅത്തിനെ പൂര്‍ത്തീകരിക്കുകയും മൂന്നാം ലക്ഷ്യമായ ഇടത്തെ ഹഖീഖത്തെത്തും മുമ്പ് മാലവരിയില്‍ പറയാത്ത ഇടതിനും വലതിനും മധ്യേയുള്ള ത്വരീഖത്തിനെ പുല്‍കുകയും തുടര്‍ന്ന് ഹഖീഖത്ത് നേടുന്നതുമായ ഗുരുവിന്റെ രീതിയാണ് കാലങ്ങള്‍ക്കിപ്പുറവും വിമര്‍ശനങ്ങളേല്‍ക്കാതെ ഖാദിരിയ്യാ ത്വരീഖത്തിനെ നിലനിര്‍ത്തുന്നത്.

ഇതിനു വേണ്ടി, തന്നെ ലക്ഷ്യം വച്ചുവരുന്നവരെ ഒറ്റയടിക്ക് മുരീദുകളാക്കി വിടുകയല്ല ഗുരു ചെയ്തത്. തന്റെ സ്ഥാപനത്തെ രണ്ടായി വിഭജിച്ചു. ഒന്ന് ദര്‍സ് നടത്താന്‍ മാത്രം. ശരീഅത്തിന്റെ ജ്ഞാനങ്ങളും അധ്യാപനങ്ങളും ഇവിടെ നടന്നു. തന്നെ ലക്ഷ്യം വച്ചവര്‍ക്ക് ഇവിടെയാണ് ആദ്യസ്ഥാനം. എന്നാലെ തുടര്‍ന്നുള്ള ഗഹന മാര്‍ഗങ്ങളില്‍ വഴിപിഴക്കാതെ ലക്ഷ്യം പുല്‍കാനാകൂ. രണ്ടാമത്തേത് സൂഫീ പര്‍ണശാലകളായിരുന്നു. ആത്മീയമായ ഒന്നിത്യങ്ങളിലേക്ക് ശിഷ്യന്മാരെ വഴിനടത്തിയത് ഇവിടെ വെച്ചാണ്. രണ്ടിടത്തും ഒരേ സമയം ക്ലാസുകള്‍ നടക്കുമായിരുന്നു. പൂര്‍ണ്ണത കൈവരിച്ച വലിയ്യുകളാകാന്‍ മാത്രം ശിഷ്യന്മാരിലധികവും വളര്‍ന്നത് ഈ സംവിധാനത്തിലെ നീണ്ടകാല അഭ്യസനങ്ങളിലൂടെയാണ്.

കരുണയുടെ കടലായിരുന്നു ഗുരു. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ആരെയും കയ്യൊഴിയാറില്ല. കഠിന പട്ടിണിയുടെ പരീക്ഷണത്തില്‍ വളര്‍ന്നതിനാല്‍ തന്നെ അത്തരക്കാരെ പെട്ടെന്ന് ഉള്‍ക്കൊള്ളാനും കഴിയും. ലോകത്തെ ഓരോ വസ്തുവിനെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ മള്ഹര്‍(പ്രകടനം) ആയും, അവന്റെ സുജൂദിന്റെ ദലീല്‍(തെളിവ്) ആയും കണ്ടതിനാല്‍ അവയൊന്നും വിഷമിക്കരുതെന്ന കരുണാ പ്രവാഹം ഉടലെടുത്തു. അങ്ങനെത്തന്നെ മുരീദുകളെയും വളര്‍ത്തി. പെട്ടെന്ന് വഴങ്ങാത്തവരെയും തിരിയാത്തവരെയും ആക്ഷേപിച്ച് കൈയ്യൊഴിഞ്ഞില്ല. ശൈഖ് അഹമ്മദ് ബ്‌നു മുബാറക്ക് (റ) ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്: ഗുരുവിന്റെ ശിഷ്യരില്‍ ഉബയ്യ് എന്ന് പേരുള്ള ഒരു വിദേശ വിദ്യാര്‍ത്ഥി ഉണ്ടായിരുന്നു. ഗ്രാഹ്യശക്തി ഏറെ കുറഞ്ഞതിനാല്‍ തന്നെ ഒരു കാര്യം ബോധ്യപ്പെടാന്‍ ഏറെ സമയം വേണ്ടി വന്നു. പക്ഷെ ഗുരു ഏത് ത്യാഗവും സഹിച്ച് ആ ശിഷ്യനെ പഠിപ്പിക്കുമായിരുന്നു. ഒരു ദിനം ഇബ്‌നുസ്സംഹില്‍(റ) അവിടെ വന്നപ്പോള്‍ ഗുരു ഈ കുട്ടിക്ക് വേണ്ടി കഠിനയത്‌നം നടത്തുന്നത് ശ്രദ്ധിച്ചു. സദസ് പിരിഞ്ഞതിന് ശേഷം ഗുരുവിനെ സമീപിച്ച് ചോദിച്ചു: താങ്കള്‍ ആ വിദ്യാര്‍ത്ഥിക്ക് വേണ്ടി എത്രയധികം കഷ്ടപ്പെടുന്നു? എനിക്ക് അത്ഭുതം തോന്നുന്നു. അതിന് ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: അദ്ദേഹത്തിന് വേണ്ടിയുള്ള എന്റെ ത്യാഗത്തിന് ഇനി ഒരാഴ്ച മാത്രമേ ആയുസ്സുള്ളൂ. അതിന് മുമ്പായി അദ്ദേഹം ജഗന്നിയന്താവിലേക്ക് യാത്രയാവും. ഒരാഴ്ച കഴിഞ്ഞ് ആ ശിഷ്യന്‍ മരിച്ചു. വെറും ഒരാഴ്ച യേ ആയുസ്സുള്ളു എന്നറിഞ്ഞിട്ടും ഒരാളെ അറിവില്‍ പ്രാപ്തനാക്കാന്‍ ശൈഖ് ജീലാനി(റ) ഇത്രത്തോളം പരിശ്രമങ്ങള്‍ നടത്തിയെങ്കില്‍ മറ്റ് ശിഷ്യന്മാരുടെ കാര്യത്തില്‍ എത്ര പ്രയത്‌നിച്ചിട്ടുണ്ടാകും?

തന്റെ മുരീദുകള്‍ക്ക് പഠിക്കാനുള്ള ഏറ്റവും വലിയ പുസ്തകം ഗുരുവിന്റെ ജീവിതം തന്നെയായിരുന്നു. ഓരോ നിമിഷവും ഇലാഹി തൃപ്തിയില്‍ കഴിച്ചുകൂട്ടി. ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നിലും ഏര്‍പ്പെട്ടില്ല. ശൈഖ് ഇബ്‌നു ഖുദാമ(റ) പറയുന്നു: ഹിജ്‌റ 561ല്‍ ബഗ്ദാദില്‍ എത്തിയപ്പോള്‍ അന്നത്തെ വൈജ്ഞാനിക നേതൃത്വം എല്ലാ അര്‍ത്ഥത്തിലും ഗുരു അബ്ദുല്‍ ഖാദിര്‍ ജീലാനിക്കായിരുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഹൃദയ വിശാലതയും ക്ഷമാ വൈപുല്യവും ഉണ്ടായിരുന്നു. ജ്ഞാന വിശാലതയില്‍ ഏതൊരു ശിഷ്യനും അവിടുന്ന് പര്യാപ്തനായിരുന്നു. ഭംഗിയായ സ്വഭാവ സവിശേഷതകളും മഹത്തായ ആത്മീയാവസ്ഥകളും ഗുരുവില്‍ സമ്മേളിച്ചിരുന്നു. പിന്നീട് അത്തരമൊരാളെ കണ്ടിട്ടില്ല.

പകല്‍ മുഴുവന്‍ പൂര്‍ണ്ണമായ അധ്യാപനത്തിലും തര്‍ബിയത്തിലും ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിലുമായി കഴിച്ചുകൂട്ടി. രാത്രിയായാല്‍ ഒരാളോടും അണുനേരം ബന്ധപ്പെടാതെ ധ്യാനത്തില്‍ മാത്രമായിരിക്കും. അബുല്‍ ഫത്ഹുല്‍ ഹര്‍വി(റ) പറയുന്നു: ഗുരുവിന് ഞാന്‍ 40 വര്‍ഷം സേവനം ചെയ്തു. ആ ദിവസങ്ങളിലെല്ലാം ഇശാ നിസ്‌കരിച്ച വുളൂഅ് കൊണ്ടാണ് സുബ്ഹി നിസ്‌കരിച്ചത്. ഇശാഅ് കഴിഞ്ഞാല്‍ ഏകാന്തനായി കഴിയും. പിന്നീട് പ്രഭാതം വിടര്‍ന്നാലേ മടങ്ങിപ്പോകുകയുള്ളൂ. ഗുരുവിനോട് സംവദിക്കാന്‍ ഒരിക്കല്‍ ഖലീഫ വന്നെങ്കിലും പ്രഭാതത്തിന് ശേഷം മാത്രമേ ഗുരുവിനെ സംസാരിക്കാന്‍ കിട്ടിയുള്ളൂ.

തര്‍ബിയത്തിന്റെ വഴിയിലെ മുഖ്യഘടകങ്ങളിലൊന്ന് അസാമാന്യ ശക്തിയുള്ള ഗുരുവിന്റെ വാക്കുകള്‍ തന്നെയായിരുന്നു. തീ കൊണ്ട് ഇരുമ്പിനെയെന്ന പോലെ മൂരീദുകളെ ചുട്ടുപഴുപ്പിച്ച് ഭൗതികതയില്‍ നിന്ന് വേര്‍പ്പെടുത്തി. ക്ലാസും പ്രഭാഷണങ്ങളും കേട്ട് 1000ത്തോളം പേര്‍ മുസ്‌ലിമാവുകയും പതിനായിരത്തോളം പേര്‍ തൗബ ചെയ്ത് നല്ല ജീവിതം നയിക്കുകയും ചെയ്തു. തന്റെ ഗ്രന്ഥങ്ങളില്‍ പലതും ഇത്തരത്തില്‍ നടത്തിയ ഉപദേശങ്ങളെ ക്രോഡീകരിച്ചതാണ്. അല്‍ ഫത്ഹുര്‍റബ്ബാനി വല്‍ ഫൈളുര്‍റഹ്മാനി, അല്‍ഗുന്‍യതു ലിത്വാലിബി ത്വരീഖില്‍ഹഖ്, ഫുതൂഹുല്‍ ഗ്വയ്ബ് എന്നിവ ഇതില്‍ പ്രധാനമാണ്. നൂറ്റാണ്ടുകള്‍ക്കിപ്പുറം നമ്മേ തന്നെ ഈ ഗ്രന്ഥങ്ങള്‍ മാറ്റി മറിക്കുന്നുണ്ടെങ്കില്‍ നേരിട്ട് കേട്ട മുരീദുകള്‍ എവ്വിധം പരിവര്‍ത്തന വിധേയമായിരിക്കും.

തന്റെ ശിഷ്യരെ മാറ്റി മറിച്ച വചനങ്ങളില്‍ സുപ്രധാനമായ പത്തെണ്ണം മുജാഹദ, മുഹാസബ പദവിയിലെത്തിയവര്‍ക്കായി ഗുന്‍യതില്‍ കുറിച്ചതുകാണാം. ഒന്ന്, ഒരടിമയും സ്രഷ്ടാവായ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്യരുത്. അത് സത്യമാവട്ടെ, കളവാവട്ടെ. അറിഞ്ഞതാവട്ടെ, അറിയാത്തതാവട്ടെ. കാരണം ഇത് അവനെ തീരെ സത്യം ചെയ്യാത്ത അവസ്ഥയിലേക്കെത്തിക്കും. ഇങ്ങനെ ശ്രദ്ധിക്കുന്നവര്‍ക്ക് അവന്റെ വെളിച്ചത്താലുള്ള ഒരു കവാടം തുറന്ന് നല്‍കും. ഉയര്‍ച്ചയും, ആദരവും, സ്ഥിരതയും ലഭിക്കും. രണ്ട്, ഒരു വിദ്യാര്‍ത്ഥി കാര്യത്തിനോ തമാശക്കോ കളവ് പറയരുത്. ഇത് ശ്രദ്ധിച്ച് ജീവിച്ചാല്‍ അവന്റെ ഹൃദയം അല്ലാഹു വിശാലമാക്കും, അറിവില്‍ തെളിച്ചവും ലഭിക്കും. മൂന്ന്, വാഗ്ദത്തം ചെയ്ത ഒന്നും ഒഴിവാക്കരുത്. അതവനെ കളവില്‍നിന്ന് സംരക്ഷിക്കുന്നു. നാല്, സൃഷ്ടികളില്‍ ഒന്നിനേയും ശപിക്കരുത്. ഒരുറുമ്പിനേയോ അതിനേക്കാള്‍ ചെറിയതോ ആയ ഒരു ജീവിയേയും ബുദ്ധിമുട്ടിക്കരുത്. ഇത് സ്വിദ്ദീഖീങ്ങളെയും ഗുണവാന്മാരുടെയും സ്വഭാവമാണ്. ഇത് അവനെ സദാ സംരക്ഷിക്കും. അടിമകളുടെ കാരുണ്യം ലഭിക്കുകയും അല്ലാഹു സ്ഥാനം ഉയര്‍ത്തുകയും ചെയ്യും. അഞ്ച്, ഒരാള്‍ക്കും എതിരായി പ്രാര്‍ത്ഥിക്കരുത്. അവന്‍ നിന്നെ അക്രമിച്ചാല്‍ പോലും മനസാ വാചാ കര്‍മ്മണാ പ്രതികാരം ചെയ്യരുത്. എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അവന്റെ പദവി ഉയരുകയും സൃഷ്ടികളുടെ സ്‌നേഹം കിട്ടുകയും ചെയ്യും. ആറ്, അഹ് ലുല്‍ ഖിബ്‌ലയില്‍ പെട്ട ഒരാളെ കുറിച്ചും ശിര്‍ക്ക്, കുഫ്‌റ്, നിഫാഖ് എന്നിവ കൊണ്ട് സാക്ഷ്യം വഹിക്കരുത്. അതാണ് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് ഏറ്റവും അടുത്തതും, തിരുനബിയുടെ സ്വഭാവത്തോട് യോജിച്ചതും. അല്ലാഹുവിന്റെ തൃപ്തിക്ക് കാരണമായി ഭവിക്കുന്നതും. ഏഴ്, തെറ്റിലേക്ക് നോക്കാതിരിക്കുക. ഇതര അവയവങ്ങളേയും ഇതുപോലെ സൂക്ഷിക്കുക. ഉന്നത പദവികള്‍ കരഗതമാക്കാന്‍ ശരീരത്തെ പ്രാപ്തിപ്പെടുത്തലാണത്. അവയവങ്ങളെ നന്മയിലുപയോഗിക്കല്‍ എളുപ്പമാവുകയും ചെയ്യും. എട്ട്, വലുതോ, ചെറുതോ ആയ ഒരു ആവശ്യത്തിനും സൃഷ്ടികളെ ആശ്രയിക്കരുത്. അടിമയുടെ പ്രതാപത്തിന്റെ അടയാളമാണത്. ഇത് കാരണം അല്ലാഹുവിന്റെ കല്‍പനകള്‍ നിറവേറ്റാനും നിരോധങ്ങള്‍ വെടിയാനും ശക്തി ലഭിക്കും. അല്ലാഹുവിനെ കൊണ്ട് തന്നെ ആവശ്യം തീര്‍ന്നവനാകും. ഇത് ഇഖ്‌ലാസിന് സഹായകമാവുകയും ചെയ്യും. ഒമ്പത്, മനുഷ്യരില്‍ നിന്ന് ഒന്നും ആഗ്രഹിക്കാതിരിക്കുക. അത് കാരണം സ്ഥാനമുയരും. സര്‍വ്വ ഗുണങ്ങളുടേയും സത്തയുമിതാണ്. ഒരാള്‍ ക്ഷമയുള്ളവനായാല്‍ അവന്‍ സ്വാലിഹീങ്ങളുടെ പദവി കരസ്ഥമാക്കുകയും യഥാര്‍ത്ഥ തഖ്‌വ ഉള്‍കൊണ്ടവനാകുകയും ചെയ്യും.

തര്‍ബിയത്ത് ഉദ്ദേശിച്ച ഫലം കരഗതമാക്കി മുഹ്‌യിദ്ദീന്‍ മാല പറഞ്ഞത് പോലെ ‘നരകത്തില്‍ എന്റെ മുരീദാരുമില്ലെന്ന് നരകത്തെക്കാക്കും മലക്ക് പറഞ്ഞോവര്‍’ എന്ന പദവി ഗുരു കരഗതമാക്കി. ലോകത്തെങ്ങും തനതായ ഇസ്‌ലാം സ്ഥാപിക്കുന്നതിലും, മതപരിഷ്‌കരണ വാദങ്ങളെ ചെറുക്കുന്നതിലും ഗുരു മുഖ്യ പങ്ക് വഹിച്ചു. അവരുടെ ഇടപെടല്‍ കൊണ്ടാണ് മുസ്‌ലിം ലോകത്തെയപ്പാടെ, ഭൗതികത വിഴുങ്ങാതെ പോയത്.

നൗഫല്‍ അദനി താഴെക്കോട്‌