ബഗ്ദാദ് വെറുമൊരു നഗരമല്ല

ബഗ്ദാദ് വെറുമൊരു നഗരമല്ല

ആറാം നൂറ്റാണ്ടിലെ ഒരു പരിഷ്‌കര്‍ത്താവിന് സഹസ്രാബ്ദങ്ങള്‍ക്കപ്പുറം എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ഇതിനു മറുപടിയാണ് ഗുരു മുഹ്‌യിദ്ദീന്‍(റ)വിന്റെ ജീവിതം.

കാലക്കെടുതികള്‍കൊണ്ട് കലുഷിതമായ ബഗ്ദാദിലേക്കായിരുന്നു ശൈഖ് ജീലാനിയുടെ നിയോഗം. വിജ്ഞാനത്തിന്റെ അലകടലായ ഗുരു ജീലാനി ചുരുങ്ങിയ കാലങ്ങള്‍കൊണ്ട് അവിടെ നടത്തിയത് സമ്പൂര്‍ണ വിപ്ലവമായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണമാണ് ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തില്‍ ബഗ്ദാദ് എന്നും നിറഞ്ഞുനില്‍ക്കുന്നത്. ഒരായുഷ്‌കാലംകൊണ്ട് ഗുരു നടത്തിയ പ്രബോധന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്നും വിശ്വാസി സമൂഹം ഗുരുവിനെ ഓര്‍ക്കുന്നു.

അത്ഭുതങ്ങള്‍ കാണിച്ച ഗുരു എന്നതിലുപരി അഗാധമായ പാണ്ഡിത്യം കൊണ്ട് ജനങ്ങളെ സത്യവിശ്വാസത്തിന്റെമേല്‍ അടിയുറപ്പിച്ചുനിര്‍ത്താന്‍ പരിശ്രമിച്ച പരിഷ്‌കര്‍ത്താവുമായിരുന്നു ഗുരു.

ജനനം
സദാ സമയവും പ്രപഞ്ചനാഥനില്‍ സ്വയം സമര്‍പ്പിച്ച് ആരാധനയില്‍ മുഴുകി കഴിയുമായിരുന്നു അബൂസ്വാലിഹ്(റ). ഒരുദിവസം വല്ലാതെ വിശന്ന നേരത്ത് പുഴയിലൂടെ ഒരു റുമ്മാന്‍ പഴം ഒഴുകിവരുന്നു. പശിയടക്കാനുള്ള വെമ്പലില്‍ അദ്ദേഹം അതെടുത്ത് ഭക്ഷിച്ചു. പക്ഷേ വിശപ്പടങ്ങുന്നതിന്റെ മുമ്പേ നൂറുകൂട്ടം ചിന്തകള്‍ അദ്ദേഹത്തെ കശക്കി; ഇതാരുടെ പഴമാണ് താന്‍ തിന്നത്? ഈ പഴത്തിന്റെ ഉറവിടം തേടി അബൂസ്വാലിഹ്(റ) നടന്നു. ദീര്‍ഘമായ നടത്തത്തിനൊടുവില്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന വൃക്ഷം കണ്ടു. അപരാധമാണ് ഞാന്‍ ചെയ്തത്. എന്തുവിലകൊടുത്തും ഇതിന്ന് മാപ്പ് ചോദിക്കണം. അന്വേഷിച്ചു ചെന്നപ്പോള്‍ ആ തോട്ടം പരിത്യാഗിയായ അബ്ദുല്ലാസൗമഈയുടെതായിരുന്നു. അബൂസ്വാലിഹിന്റെ നിഷ്‌കളങ്ക സംസാരത്തില്‍ തോട്ടമുടമ ആകൃഷ്ടനായി. ഇത് പൊരുത്തപ്പെടണമെങ്കില്‍ മൂന്ന് വര്‍ഷം തോട്ടത്തില്‍ ജോലി ചെയ്യണമെന്ന് ഉപാധിവെച്ചു. പരലോകമോചനത്തിന് അഖിലവും സമര്‍പ്പിക്കാന്‍ തയാറായ അബൂസ്വാലിഹ് ഈ പരീക്ഷണത്തെ അനായാസമായി അതിജീവിച്ചു. തുടര്‍ന്ന് സൗമഈ(റ) പറഞ്ഞു: ഇതുകൊണ്ട് മാത്രമായില്ല. എന്റെ കയ്യും കാലുമില്ലാത്ത മകളെ വിവാഹം ചെയ്യണം. മുറപോലെ ആ വിവാഹവും നടന്നു. മധുവിധു രാവില്‍ അബൂസ്വാലിഹ് പത്‌നിയെ കണ്ടു. പക്ഷേ ഞെട്ടിത്തരിച്ചു നിന്നുപോയി- അല്ല, ഇതല്ല എന്റെ പെണ്ണ്. ഇത് അതീവ സുന്ദരിയല്ലേ. മഹാന്‍ അതിവേഗം തോട്ടമുടമയെ കണ്ടു. ഈ അമ്പരപ്പ് കണ്ടപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചതുപോലെ സൗമഈ(റ) പറഞ്ഞു: നിന്റെ പെണ്ണ് അതുതന്നെ. തെറ്റിയിട്ടില്ല. ഞാന്‍ പറഞ്ഞത് തെറ്റിലേക്ക് നയിക്കുന്ന കാലില്ലെന്നാണ്. തിന്മകള്‍ ചെയ്യുന്ന കൈകളില്ലെന്നാണ്.

ഈ ദമ്പതികളാണ് ഗുരുവിന്റെ മാതാവും പിതാവും. മഹത്തായ തറവാടായിരുന്നു ഇരുവരുടെതും. അബൂസ്വാലിഹ്(റ)വിന്റെ പരമ്പര തിരുനബിയുടെ പൗത്രനായ ഹസന്‍(റ)വിലും ഉമ്മ ഉമ്മുല്‍ഖൈര്‍ ഫാത്വിമ(റ)യുടെ പരമ്പര ഹുസൈന്‍(റ)വിലും ചെന്നുചേരുന്നു. ഈ വിശുദ്ധ ദാമ്പത്യത്തിലാണ് ഹിജ്‌റ 470 റമളാനില്‍ ജീലാന്‍(കൈലാന്‍) എന്ന സ്ഥലത്ത് നൈഫ് ഗ്രാമത്തില്‍ മുഹ്‌യിദ്ദീന്‍ ഗുരു ഭൂജാതനാകുന്നത്.

വന്ദ്യപിതാവ് അബൂസ്വാലിഹ്(റ)വിന് പക്ഷേ തന്റെ കുഞ്ഞിനെ വേണ്ടുവോളം ലാളിക്കാനുള്ള അവസരം ലഭിച്ചില്ല. അതിന് മുമ്പേ മരണമടഞ്ഞു. പിന്നീട് മാതാവിന്റെയും പിതാമഹന്റെയും സംരക്ഷണത്തിലാണ് ഗുരു വളരുന്നത്. ചെറുപ്പം മുതലേയുണ്ടായ അത്ഭുത സംഭവങ്ങള്‍ ആ ജീവിതത്തിന്റെ യശസ്സുയര്‍ത്തുന്നതാണ്. ഇതില്‍ പ്രശസ്തമാണ് ചെറിയ കുട്ടിയായിരിക്കെ തന്നെ റമളാനിലെ പകലില്‍ അദ്ദേഹം മുലകുടിച്ചില്ല എന്നത്. നാട്ടുകാര്‍ വന്ന് റമളാന്‍ വരുന്നതും പോകുന്നതും ഉറപ്പിച്ചിരുന്നത് കുട്ടി മുലകുടിക്കുന്നുണ്ടോ ഇല്ലേ എന്ന് അന്വേഷിച്ചായിരുന്നുയിരുന്നുവെന്ന് ചരിത്രം.

വളര്‍ച്ച
മുത്ത് നബിയെ പോലെ തന്നെ അവിടുത്തെ 12ാമത്തെ പേരമകന്റെയും ബാല്യം അനാഥമായിരുന്നു. പക്ഷേ ആ കുറവ് ഒരിക്കലും ഫാത്വിമ ബീവി അറിയിച്ചില്ല. അവരുടെ ജീവിതം തന്നെ തന്റെ മകനുവേണ്ടിയായിരുന്നു. അവരുടെ പിതാവ് അബ്ദുല്ലാഹി സൗമഈയും(റ) കുട്ടിയെ പരിപാലിക്കാന്‍ മുന്നിട്ടിറങ്ങി.

മറ്റു കുട്ടികളില്‍നിന്ന് പരിപൂര്‍ണമായും വ്യത്യസ്തമായിരുന്നു വിശുദ്ധ ബാല്യവും ശൈശവവും. ചെറുപ്പം മുതലേ മലക്കുകള്‍ ഗുരുവിന് സേവകരായി വന്നു. ഗുരു ഇരിക്കുമ്പോള്‍ ഭൂമിയോട് അവര്‍ വിശാലമാകാന്‍ പറഞ്ഞു. കളിക്കാന്‍ ലക്ഷ്യമാക്കി ഇറങ്ങുമ്പോള്‍ മലക്കുകള്‍ അവരെ വഴിതിരിച്ചുവിട്ടു.

കൃഷിയായിരുന്നു ജീലാനിലെ പ്രധാന ഉപജീവനമാര്‍ഗം. ഒരു പതിവുരീതിയെന്നോണം ഗുരുവും അത് നിര്‍വഹിച്ചുപോന്നു. അവിടെ വെച്ചാണ് ആ ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. ഒരു ദിവസം പശുവന്ന് ചോദിച്ചു: ഇതിനാണോ നിങ്ങളെ പടച്ചതെന്ന്. ഇതോടെ വിജ്ഞാന തൃഷ്ണ ജ്വലിച്ചു. നാട്ടിലെ ചെറിയ മദ്‌റസയില്‍ വിദ്യ അഭ്യസിച്ചിരുന്ന ഗുരുവിന് അതൊന്നും തികയാതെ വന്നു. ഒടുവില്‍ പൊന്നുമ്മയോട് വിദ്യനേടാന്‍ വേണ്ടി ബഗ്ദാദിലേക്ക് പോകാന്‍ സമ്മതം ചോദിച്ചു. പരലോക മോക്ഷം മാത്രം മോഹിച്ച് അവര്‍ മകനെ യാത്രയാക്കാനൊരുങ്ങി. ഉപദേശ നിര്‍ദേശങ്ങളെല്ലാം നല്‍കി. ആകെയുണ്ടായിരുന്ന 80 ദിര്‍ഹം കൊടുക്കാനൊരുങ്ങിയപ്പോള്‍ ഗുരു തന്റെ സഹോദരനുള്ളത് മാറ്റിവെക്കാന്‍ പറഞ്ഞു. അങ്ങനെ ചെറിയ കച്ചവട സംഘത്തോടൊപ്പം പുറപ്പെട്ടു. വന്ദ്യമാതാവ് മകനെ ഗുണദോഷിച്ചു. നടന്നു മറയുവോളം നോക്കിനില്‍ക്കുകയും ചെയ്തു.

ബഗ്ദാദ്
ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പൈതൃക ഭൂമിയും വൈജ്ഞാനിക വിപ്ലവത്തിന്റെ പ്രഭവകേന്ദ്രവുമായിരുന്നു ബഗ്ദാദ്. വിജ്ഞാന തൃഷ്ണയായിരുന്നു ഗുരുവിനെ ഇവിടെതന്നെ കൊണ്ട് ചെന്നെത്തിച്ചത്. പതിനെട്ടാം വയസ്സിലായിരുന്നു ഈ പ്രയാണം. ആദ്യത്തെ 33 വര്‍ഷങ്ങള്‍ വിജ്ഞാനം നുകര്‍ന്നു. പിന്നീട് 40 വര്‍ഷക്കാലം അത് പകര്‍ന്നു.

സാഹസികമായിരുന്നു ബഗ്ദാദിലേക്കുള്ള യാത്ര. ഹംദാന്‍ വരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവിടെവെച്ച് കവര്‍ച്ചാ സംഘം യാത്രക്കാരെ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹ പ്രകാരം ഉമ്മ തന്ന ഉപദേശങ്ങളെ ശിരസാവഹിച്ച ഗുരുവിന് പക്ഷേ ഒന്നും ഒരു തടസ്സമായില്ല. മാത്രമല്ല. കുട്ടിയുടെ സത്യസന്ധത കണ്ട ആ സംഘം മുഴുവനായും പശ്ചാതപിച്ച് മടങ്ങി.

പ്രതീക്ഷക്കുവിപരീതമായി ഏറെ കഷ്ടമായിരുന്നു ബഗ്ദാദിലെ ചുറ്റുപാടുകള്‍. നന്മമാത്രം നിലനിന്നിരുന്ന നാട്ടിലേക്ക് അസാന്മാര്‍ഗികത കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ നിസ്‌കരിക്കുന്നുണ്ടെങ്കിലും ജീവിത വിശുദ്ധി നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഇത്രകാലം വരെയും സാത്വിക ജീവിതം നയിച്ച ഗുരുവിന് ഇതിനോടൊന്നും പൊരുത്തപ്പെടാനായില്ല. ഇമാം ഗസ്സാലി(റ) കൂടി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമൂഹിക അവസ്ഥകളായിരുന്നു ബഗ്ദാദിനെ ശോചനീയാവസ്ഥയിലേക്ക് നയിച്ചത്. ഇതില്‍നിന്നും നാടിനെ രക്ഷപ്പെടുത്താനുള്ള മഹത്തായ ലക്ഷ്യമാണ് ഗുരു ഏറ്റെടുത്തത്.

ഹിജ്‌റ 488 മുതല്‍ 521 വരെയുള്ള കാലഘട്ടം അഭ്യസനത്തിന്റെതായിരുന്നു. തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ പഠന വിഷയങ്ങളിലും ഉപവിഷയങ്ങളിലുമായി എത്രയോ പണ്ഡിതര്‍ ബാഗ്ദാദില്‍ അക്കാലത്തുണ്ടായിരുന്നു. ഇവരില്‍ നിന്നെല്ലാം വിജ്ഞാനം തേടിയുള്ള യാത്രയിലായി ഗുരു കുറച്ചുകാലം കഴിച്ചുകൂട്ടി. ഓരോ വിഷയങ്ങളിലും വ്യത്യസ്ത ഗുരുവര്യന്മാരില്‍നിന്നാണ് വിദ്യ അഭ്യസിച്ചത്. ഇവരില്‍ ഹദീസ് പണ്ഡിതന്‍ അബൂഗാലിബ് മുഹമ്മദ് ബ്‌നു ഹസനുല്‍ബാഖിലാനിയും കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ പെട്ട അബുല്‍വഫാ അലിയ്യുബ്‌നു ആഖിറും(റ) അലിയ്യുല്‍ മഖ്‌റൂമിയുമൊക്കെ ഏറെ പ്രശസ്തരാണ്. അതി കഠിനമായിരുന്നു ഈ കാലം. സാമൂഹിക സാഹചര്യങ്ങളുമായി ഒരിക്കലും തൃപ്തിപ്പെടാന്‍ ഗുരുവിന് സാധിച്ചില്ല. ഭക്ഷണത്തിന് ഒരു ഗതിയുമില്ലാതെ സ്വയം തൊഴില്‍ ചെയ്തും പച്ചിലകളും കായ്കനികളും ഭക്ഷിച്ചുമാണ് ജീവിതം കഴിച്ചുകൂട്ടിയത്. ഇതിനിടയിലും വൈജ്ഞാനിക മേഖലയിലും ആത്മീയ വിശുദ്ധിയിലും പ്രശോഭിച്ചു.

സ്വഭാവ ഗുണങ്ങള്‍കൊണ്ട് ഇതര പണ്ഡിതരില്‍നിന്ന് ഗുരു വേറിട്ടുനിന്നു. ഒരിക്കല്‍ ഗുരുവും മറ്റു രണ്ട് പണ്ഡിതരും കൂടി വലിയ ഒരു ഗുരുവര്യരെ സന്ദര്‍ശിക്കാന്‍ പോയി. അതില്‍ ഗുരുവല്ലാത്ത മറ്റു രണ്ടുപേര്‍ അദ്ദേഹത്തെ പരീക്ഷിക്കണമെന്ന ചിന്തയിലായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഗുരുവിനെ നേരില്‍ കണ്ടപ്പോള്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. പരീക്ഷിക്കാന്‍ ലക്ഷ്യം വെച്ചവരുടെ ചോദ്യവും ഉത്തരവും അദ്ദേഹം പറയുകയും ഗുരുവിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
ഹിജ്‌റ 521നായിരുന്നു ആദ്യമായി ശൈഖ് അധ്യാപകനായി നിയുക്തരാകുന്നത്. പ്രധാന ഗുരുവര്യരായ അബൂസഈദില്‍ മഖ്‌റൂമി ബാബുല്‍അസജ്ജില്‍ സ്ഥാപിച്ച സ്ഥാപനത്തിലായിരുന്നു ഇത്. ഹിജ്‌റ 528ല്‍ ഉസ്താദ് ദിവംഗതനായതോടെ ഉത്തരവാദിത്വം മുഴുവന്‍ ഗുരുവിനെ ഏല്‍പ്പിച്ചു. അധ്യാപനരംഗം പൂര്‍വാധികം ശക്തിപ്പെടുകയും ജനങ്ങള്‍ അങ്ങോട്ട് ഒഴുകുകയും ചെയ്തു. സ്ഥല പരിമിതിയുണ്ടായപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ മതപാഠശാലയും മുരീദുമാര്‍ക്കുള്ള പര്‍ണശാലയും ഉള്‍ക്കൊണ്ട വിശാലമായ സൗകര്യങ്ങളായിരുന്നു ഇതില്‍ ഒരുക്കിയിരുന്നത്. പിന്നീട് വൈജ്ഞാനിക വിപ്ലവങ്ങള്‍ നടന്നതും ലോകത്തിന്റെ നാനാ ഭാഗത്തും ഇസ്‌ലാം പ്രചരിച്ചതും ഇവിടെനിന്നും പ്രസരിച്ച വെളിച്ചത്തിലാണ്. ഇന്നും നിലനില്‍ക്കുന്ന ഖാദിരിയ്യ ത്വരീഖത്തിന്റെ ഉറവിടവും ഇത് തന്നെ. ഇസ്‌ലാമിക ചരിത്രത്തിലെ തലയെടുപ്പുള്ള പൈതൃകങ്ങളിലൊന്നായി ദീര്‍ഘകാലം ഇത് നിലനില്‍ക്കുകയും ചെയ്തിരുന്നു.

മുഹ്‌യിദ്ദീന്‍
പ്രവാചകര്‍ക്ക് ശേഷം വിശുദ്ധ ദീനിന്റെ പ്രബോധനമെന്ന ദൗത്യം ഏറ്റെടുത്തവരാണ് അദ്ധ്യാത്മിക നേതാക്കള്‍. ഇവരില്‍ പ്രമുഖരായിരുന്നു മുഹ്‌യിദ്ദീന്‍ ശൈഖ്(റ). കുതുബുല്‍അഖ്താബെന്നും ഔസുല്‍അഅ്‌ളമെന്നും സുല്‍ത്താനുല്‍ ഔലിയയെന്നുമൊക്കെ ഗുരുവിന്ന് പേരുകളുണ്ട്. ഏറ്റവും ഉന്നതമായ മുഹ്‌യിദ്ദീന്‍- ദീനിനെ ജീവിപ്പിക്കുന്നവന്‍ എന്ന നാമം ഒരായുഷ്‌കാലംകൊണ്ട് ഗുരു നടത്തിയ പ്രബോധന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു നല്‍കിയ അംഗീകാരമായിരുന്നു. ഇതേകുറിച്ച് ശൈഖ്(റ) തന്നെ പറഞ്ഞിട്ടുണ്ട്: ഒരു വെള്ളിയാഴ്ച ഞാന്‍ ബഗ്ദാദിലേക്ക് മടങ്ങിവരികയായിരുന്നു. വഴിയില്‍വെച്ച് രോഗിയായി വിവര്‍ണനായ ഒരാളെ കണ്ടു. അയാള്‍ എന്നോട് ‘എഴുന്നേല്‍ക്കാന്‍ കൈപിടിക്കണേ’ എന്ന് കെഞ്ചി. ഞാന്‍ അയാളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. അതോടെ അയാള്‍ സുന്ദരനായിത്തീര്‍ന്നു. എന്നിട്ട് അയാള്‍ പറഞ്ഞു: ഞാന്‍ ദീനാണ്. നിങ്ങള്‍ എന്നെ ജീവിപ്പിച്ചു. ശേഷം മുഹ്‌യിദ്ദീന്‍ എന്ന് വിളിക്കുകയും ചെയ്തു.

പ്രഭാഷണങ്ങള്‍, ഗ്രന്ഥങ്ങള്‍
പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ആയുധമാണ് പ്രഭാഷണ കല. ഗുരു ഈ മേഖലയില്‍ അദ്വിതീയനായിരുന്നു. തന്റെ അസാമാന്യമായ വാക്ചാതുരികൊണ്ട് പരിവര്‍ത്തിപ്പിച്ചത് ലക്ഷങ്ങളെയാണ്. സൗകര്യങ്ങളെല്ലാം പരിമിതമായ അക്കാലത്ത് തന്നെ അവിടത്തെ സദസ്സില്‍ എഴുപതിനായിരത്തിലേറെ പേര്‍ പങ്കെടുത്തിട്ടുണ്ട്. ഗുരുവിന്റെ വാക്ക് കുറിച്ചുവെക്കാനായി നാനൂറ് എഴുത്തുകാരും സദസ്സില്‍ സന്നിഹിതരായിരുന്നു. അവിടത്തെ ഓരോ വാക്കും ജനങ്ങള്‍ കാതു കൂര്‍പ്പിച്ച് കേട്ടു. ചിലര്‍ക്ക് ബോധക്ഷയം വന്നു. ആ വാക്കുകളുടെ മൂര്‍ച്ചയാല്‍ കുറ്റം ചെയ്തുപോയ ആളുകള്‍ മരണമടഞ്ഞ സംഭവങ്ങള്‍ വരെയുണ്ടായി.

അസാമാന്യമായ തൂലികാശക്തിയും ഗുരു കൈമുതലാക്കിയിരുന്നു. മതജാഗരണ പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അദ്ധ്യാത്മികമായ അന്തര്‍ജ്ഞാനത്തോടൊപ്പം കര്‍മശാസ്ത്രം, ഹദീസ്, തഫ്‌സീര്‍ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും അവരുടെ രചനകളില്‍ കടന്നുവന്നു. ഇതിനുപുറമെ ഗുരുവിന്റെതായി ധാരാളം കാവ്യങ്ങളും പ്രചാരത്തിലുണ്ട്. ഗ്രന്ഥങ്ങളില്‍ ഇരുപതെണ്ണം മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഗുരുവിന്റെ വിയോഗം കഴിഞ്ഞ് നൂറ് വര്‍ഷത്തിനുള്ളിലായി താര്‍ത്താരികള്‍ നടത്തിയ അക്രമണത്തില്‍ വിലപ്പെട് പല രചനകളും നഷ്ടപ്പെട്ടതായി സംശയിക്കപ്പെടുന്നു. അല്‍ഫത്ഹുര്‍റബ്ബാനി വല്‍ ഫൈളുര്‍റഹ്മാനി, അല്‍ഗുന്‍യതുത്വാലിബി ത്വരീഖില്‍ഹഖ്, ഫുതൂഹുല്‍ ഗൈബ് എന്നിവ രചനകളില്‍ പ്രസിദ്ധമാണ്.

വഫാത്ത്
തൊണ്ണൂറ്റൊന്ന് സംവത്സരങ്ങളാണ് ഗുരു ജീവിച്ചത്. ഹിജ്‌റ വര്‍ഷം 561 റബീഉല്‍ ആഖിര്‍ 10നായിരുന്നു വിയോഗം. കാര്യമായ അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. വഫാത്തിന് കാരണമായി ഒരു രാവും പകലും മാത്രം അസുഖബാധിതനായി. അവസാന സമയത്ത് എവിടെയാണ് വേദനയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു: എല്ലാ അവയവങ്ങളും വേദനിക്കുന്നു. എന്റെ ഹൃദയമൊഴികെ. ഹൃദയം അല്ലാഹുവോടൊപ്പമാണ്.

ഒരു നൂറ്റാണ്ടോളം നിറഞ്ഞു പ്രശോഭിച്ച പുണ്യ ജീവിതം ഒരിക്കലും ഇവിടെ തീരുന്നില്ല. ഇത് വിശുദ്ധ ജീവിതത്തിന്റെ ചെറിയൊരു ഭാഗം പോലും ഉള്‍ക്കൊള്ളുന്നില്ല. മറിച്ച് അവരെ കൂടുതല്‍ അറിയാനുള്ള പ്രേരണ മാത്രമാണ്.

ജനനം മുതല്‍ ഗുരുവില്‍നിന്നുണ്ടായ അത്ഭുത സംഭവങ്ങള്‍ അനവധിയാണ്. അല്ലാഹു സ്‌നേഹിച്ചവരെ അവന്‍ പരീക്ഷിച്ചതിനും പരിധിയില്ല. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ആ നിസ്തുല ജീവിതത്തിന് ഇനിയും വിശാലതയേറും. ധാര്‍മികമായി ശിഥിലീകരണം സംഭവിച്ചുകൊണ്ടിരുന്ന ബഗ്ദാദിലേക്കായിരുന്നു ഗുരുവിന്റെ നിയോഗം. ലോകം ഇന്ന് അതേ അവസ്ഥയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ചിലരെങ്കിലും നിസ്‌കാരവും നോമ്പുമെല്ലാം യഥാക്രമം നിര്‍വഹിക്കുമ്പോഴും നീചകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും മുസ്‌ലിം വേഷധാരികളും നാമധേയരുമാണ്. വെളിച്ചവും ഇരുളും ഒന്നു ചേരുന്ന കലികാലം. ഇവിടെ ഗുരുവഴിക്ക് തീരുകയല്ല, തുടരുകയാണ്. പഴയകാലത്ത് ഗുരുവിന്റെ സഹായം തേടിക്കൊണ്ടായിരുന്നു വിശ്വാസികള്‍ വിശ്വാസം ഊട്ടിയുറപ്പിച്ചത്. മാലയിലൂടെയും ഖുത്ബിയത്തിലൂടെയും ത്വരീഖത്തിലൂടെയുമെല്ലാം ഗുരു ജീവിച്ചപ്പോള്‍ ഇസ്‌ലാമിനും ജീവന്‍ കൈവന്നു. ഇതൊരിക്കലും നമുക്ക് നഷ്ടമായിക്കൂടാ.

സയ്യിദ് ഇയാസ് ബുഖാരി