പാക്കിസ്താന്‍ നിര്‍ദേശിക്കുന്നതിന്റെ പിന്നിലെന്ത്?

പാക്കിസ്താന്‍ നിര്‍ദേശിക്കുന്നതിന്റെ പിന്നിലെന്ത്?

ദേശീയതയും വര്‍ഗീയതയും ആധുനികതയുടെ സൃഷ്ടികളാണ്. അവയെ പൗരാണിക മധ്യകാലങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകേണ്ട കാര്യമില്ല. അതേ സമയം രണ്ടിന്റെയും വളര്‍ച്ചക്ക് ചരിത്രത്തെ ആശ്രയിക്കേണ്ടി വന്നുവെന്നത് ശരിയാണ്. സാമ്രാജ്യത്വത്തിനെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് പടിഞ്ഞാറന്‍ പ്രത്യയശാസ്ത്രമായ ദേശീയതയെ നമ്മുടെ നേതാക്കള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പാകപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ ദേശീയതക്ക് മതത്തെ അംഗീകരിച്ച് കൊണ്ടുള്ള ഒരു രൂപഭേദമുണ്ടായത്. ബ്രാഹ്മണരായ നമ്മുടെ പല ദേശീയനേതാക്കളും ദേശീയത ശക്തിപ്പെടുത്തുന്നതിന് തങ്ങളുടെ മതത്തിന്റെ സഹായം തേടി. ബാലഗംഗാധര തിലകന്റെയും അരോബിന്ദോവിന്റെയുമൊക്കെ സമീപനങ്ങളില്‍ ഈ കാഴ്ചപ്പാട് ശക്തമായിരുന്നു. ബംഗാള്‍ വിഭജനത്തിനെതിരെയുള്ള സമരങ്ങളിലും ഈ നിലപാട് മുഴച്ചു നിന്നു. അതേ സമയം മുസ്‌ലിംകള്‍ക്ക് കൂടി സ്വീകാര്യമായ ഒരു ദേശീയതക്കായി ഇവര്‍ ശ്രമിച്ചതുമില്ല. ഹിന്ദു മതത്തിന്റെ സഹായത്തോടെയല്ലാതെ ഇന്ത്യന്‍ ദേശീയതക്ക് നിലനില്പില്ലെന്ന് വാദിച്ച ഈ വിഭാഗമാണ് രാജ്യത്തെ ആദ്യത്തെ സാമുദായിക വാദികള്‍.

ഇംഗ്ലണ്ടിലെ ദേശീയത അതേ പടി ഇവിടെ പറിച്ചു നടാനാണ് മറ്റൊരു വിഭാഗം ശ്രമിച്ചത്. റാനഡേ, ഫിറോസ് ഷാ മേത്ത, ഗോഖലേ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടും. ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയത നിര്‍വചിക്കപ്പെടുമ്പോള്‍ തങ്ങള്‍ അവഗണിക്കപ്പെടുമെന്നും അതിനാല്‍ ദേശീയതയെ ഹിന്ദു മതത്തിന്നനുകൂലമായി വ്യാഖ്യാനിക്കുന്നത് ക്ഷന്തവ്യമല്ലെന്നു മുസ്‌ലിംകളും ചിന്തിച്ചു. മുസ്‌ലിംകളില്‍ ഒരു വിഭാഗം ഭൂരിപക്ഷത്തോടൊപ്പം നിന്നു കൊണ്ടുതന്നെ തങ്ങളുടെ മതപരമായ വ്യക്തിത്വം സംരക്ഷിക്കാനും ശ്രമിക്കാതിരുന്നില്ല. ബദ്‌റുദ്ദീന്‍ തയ്യബ്ജി, ജിന്നാ സാഹിബ്, മൗലാനാ ആസാദ് എന്നിവര്‍ ഈ ഗണത്തില്‍ പെടും. വേറൊരു വിഭാഗം വേറിട്ടൊരു സംഘടനയിലൂടെ തങ്ങളുടെ വ്യക്തിത്വം രക്ഷിക്കാനാണ് ശ്രമിച്ചത്. മുസ്‌ലിം ലീഗിന്റെ ജനനം അങ്ങനെയാണ് സംഭവിച്ചത്. മുസ്‌ലിം ദേശീയത കൂടി അംഗീകരിക്കുമ്പോഴേ ഇന്ത്യന്‍ ദേശീയത പൂര്‍ണമാകൂ എന്ന നിലപാടിലായിുന്നു മുസ്‌ലിം ലീഗുകാര്‍. എല്ലാവരും ഇന്ത്യയുടെ ദേശീയത ഉയര്‍ത്തിപ്പിടിച്ചെങ്കിലും പല വഴിയിലൂടെയാണ് സഞ്ചരിച്ചത്. എല്ലാവരും ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഹിന്ദു സാമുദായിക വാദികള്‍ മധ്യ കാലഘട്ടത്തെ ഇരുണ്ട യുഗമാക്കി അവതരിപ്പിച്ചു. മധ്യ കാലം ഹിന്ദു ധ്വംസനകാലമാണെന്നും വരുത്തി. സുല്‍ത്താന്‍മാരെയും മുഗളരെയും മുസ്‌ലിം മതഭ്രാന്തരാക്കി. എന്നാല്‍ മുസ്‌ലിം ദേശീയ വാദികളും മിതവാദികളായ ദേശീയ വാദികളും ഏതാണ്ട് ഒരേ സമീപനമാണ് സ്വീകരിച്ചത്. ‘മുസ്‌ലിം’ ഭരണ കാലത്ത് സൗഹാര്‍ദ്ദവും മൈത്രിയും നില നിന്നിരുന്നതായി ഇവര്‍ വിലയിരുത്തി. തികച്ചും വിരുദ്ധമായ നിലപാടുകളാണ് ഇരു വിഭാഗവും സ്വീകരിച്ചതെങ്കിലും രണ്ടു വിഭാഗവും ആശ്രയിച്ചത് കൊട്ടാര ചരിത്രങ്ങളെയാണ്. ഇതില്‍ തങ്ങള്‍ക്കാവശ്യമുള്ളത് സ്വീകരിക്കുക, ഇഷ്ടമല്ലാത്തത് തള്ളുക എന്ന നയമാണ് ഇരു കൂട്ടരും പിന്തുടര്‍ന്നത്. രേഖകളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. മുസ്‌ലിം ദേശിയ വാദികളുടേയും മിതവാദികളുടേയും വ്യാഖ്യാനങ്ങള്‍ വര്‍ത്തമാന സമൂഹത്തിന്ന് ഹാനിയൊന്നുമുണ്ടാക്കിയില്ല. എന്നാല്‍ ഹിന്ദു സാമുദായിക വ്യാഖ്യാനങ്ങള്‍ ദേശീയതക്ക് മാരകമായ വിള്ളലുണ്ടാക്കി. ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളില്‍ ആശങ്ക വളര്‍ത്തി. സാമുദായിക വാദികള്‍ ദേശീയ പ്രസ്ഥാനത്തില്‍ മേല്‍കൈ നേടിയപ്പോഴൊക്കെ മുസ്‌ലിം ആശങ്ക വര്‍ധിച്ചു. അവസാനം അത് ഭാരതത്തിന്റെ വിഭജനത്തില്‍ കലാശിച്ചു.

ചരിത്രത്തെ ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങളുടെ കഥയായി അവതരിപ്പിച്ചത് ബ്രിട്ടീഷുകാരാണല്ലോ. ഹിന്ദുക്കളെ മര്‍ദ്ദിതരും മുസ്‌ലിംകളെ മര്‍ദ്ദകരുമായിട്ടാണ് ഇവര്‍ അവതരിപ്പിച്ചത്. ഇത് സാമുദായിക വാദികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വ്യാഖ്യാനമായത് കൊണ്ട് അതിന്റെ പ്രചാരണം അവര്‍ തന്നെ ഏറ്റെടുത്തു. തങ്ങളുടെ ശത്രുക്കളെ ഏത് വിധേനയും ജനമധ്യത്തില്‍ താറടിച്ചു കാണിക്കുകയെന്ന ബ്രിട്ടീഷ് നയം സാമുദായിക വാദികളും പിന്തുടര്‍ന്നു. അങ്ങനെയാണ് ടിപ്പു സുല്‍ത്താനും അവ്‌റംഗസേബും, മുസ്‌ലിം ലീഗുമൊക്കെ വര്‍ഗീയതയുടെ പട്ടികയില്‍ വരുന്നത്. മുസ്‌ലിം ലീഗിന്റെ ബ്രിട്ടീഷ് ഭക്തിയെ വിമര്‍ശിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്രിട്ടീഷ് ബാന്ധവം മറച്ചു പിടിക്കുന്ന വിരോധാഭാസവും ഇവരുടെ സമീപനത്തില്‍ കാണാം. മുസ്‌ലിം ലീഗിനോടുള്ള സമീപനത്തില്‍ വര്‍ഗീയ വാദികളും ദേശീയ വാദികളും ഏതാണ്ട് ഒരേ തട്ടിലായിരുന്നു. ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനം തന്നെയാണ് എല്ലാവരുടെയും രക്ഷക്കെത്തിയത്.
ഇന്ത്യന്‍ ദേശീയതയെ കുറിച്ച് നേതാക്കള്‍ക്ക് വ്യക്തവും ശാസ്ത്രീയവുമായ കാഴ്ചപ്പാടെടുക്കാന്‍ കഴിയാതിരുന്നതാണ് വര്‍ഗീയത വളരാന്‍ കാരണമെന്ന് ബിപന്‍ ചന്ദ്ര പറയുന്നു. ആദ്യ കാല ദേശീയ നേതാക്കള്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്ര വ്യാഖ്യാനത്തിന്റെ പിന്‍ബലത്തില്‍ സാമുദായികതയെ ദേശീയതയയുമായി കൂട്ടിക്കെട്ടി. അതോടെ മതത്തിന്റെ പ്രാധാന്യം ഒന്നുകൂടി വര്‍ധിച്ചു. ഹിന്ദു മതത്തിന്റെ ഭാഗം തന്നെയാണ് ദേശീയത എന്ന് ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുകയും ചെയ്തു. ഈ നയമാണ് വര്‍ഗീയത വളര്‍ത്തിയത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ദേശിയ ധാരയിലേക്ക് കൊണ്ടു വരാന്‍ ചരിത്രത്തിന്റെ സഹായത്തോടെ മിതവാദികളും മഹാത്മാഗാന്ധിയും ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. സാമുദായികത ദേശീയതക്കെതിരാണെന്ന് നെഹ്‌റുവിനെപ്പോലുള്ള സോഷ്യലിസ്റ്റുകള്‍ പാടുപെട്ട് പറഞ്ഞെങ്കിലും പല ചോദ്യങ്ങള്‍ക്കും അവര്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. കാരണം സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ സാമുദായികതയെ കൂട്ടു പിടിച്ചാണ് ദേശീയത വളര്‍ത്തിയത്. മതത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് ദേശീയതയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന ഗാന്ധിയന്‍ സമീപനവും നെഹ്‌റു ഇഷ്ടപ്പെട്ടില്ല.

ദേശീയതയെ പുഷ്ടിപ്പെടുത്താന്‍ വേണ്ടി ചരിത്രത്തെ ഉപയോഗപ്പെടുത്തിയപ്പോഴും നമ്മുടെ ദേശീയ നേതാക്കള്‍ക്ക് അബദ്ധം പിണഞ്ഞു. ഇന്ത്യ ഭരിക്കാന്‍ ഇന്ത്യക്കാര്‍ പ്രാപ്തരല്ലെന്ന് ബ്രിട്ടീഷുകാര്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇതിന് ക്രിയാത്മകമായി മറുപടി പറയാതെ പൗരാണിക ഇന്ത്യയുടെ മഹിമ പറഞ്ഞ് രക്ഷപ്പെടുകയാണ് നമ്മുടെ നേതാക്കള്‍ ചെയ്തത്. മധ്യ കാലട്ടത്തെപ്പറ്റി ഒരു മഹിമയും അവര്‍ക്ക് പറയാനുണ്ടായിരുന്നുമില്ല. മുസ്‌ലിംകളെ ദേശീയ ധാരയില്‍ നിന്നകറ്റാന്‍ ഇത് പ്രധാന കാരണമായി. അതോടൊപ്പം കുറേ മിത്തുകളും ദേശീയതയില്‍ സ്ഥാനം പിടിച്ചു. സാങ്കല്പിക നായകന്‍മാരും ദൈവങ്ങളും ദേശീയതയില്‍ ചേക്കേറി. അങ്ങനെ മതേതരമായ ദേശീയത നമുക്ക് നഷ്ടമായി. പൗരാണിക കാലത്തെ സുവര്‍ണ്ണ യുഗമായി അവതരിച്ചപ്പോള്‍ അതേ ആവേശത്തില്‍ തന്നെ മധ്യ കാലത്തെ അധോഗതിയുടെ കാലമായും മുദ്ര കുത്തി. ഇവരുടെ ഭാഷയില്‍ ബ്രിട്ടീഷു ഭരണ കാലത്താണ് ഇന്ത്യയിലേക്ക് വെളിച്ചം തിരിച്ചു വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആനന്ദ മഠം എന്ന നോവല്‍ രചിക്കുന്നത്. ഇതില്‍ മുഗളന്‍മാരെ ശത്രുക്കളും ബ്രിട്ടീഷുകാരെ രക്ഷകരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മുസ്‌ലിംകളുടെ വരവാണ് എല്ലാ ജീര്‍ണതക്കും കാരണമെന്നും ചാറ്റര്‍ജി കണ്ടുപിടിക്കുന്നു. മുസ്‌ലിം ബുദ്ധിജീവികളും വെറുതെയിരുന്നില്ല. ഭിന്നിച്ചു കിടന്ന ഇന്ത്യയെ ഒന്നാക്കിയതും ജാതിവ്യവസ്ഥയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതും ഭാരതത്തിന്റെ യശസ്സുയര്‍ത്തിയതും മുസ്‌ലിം കാലട്ടമാണെന്ന് ഇവരും തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചു. പൗരാണിക കാലത്തിന്റെ സുവര്‍ണ്ണത തമിഴകത്തെ ദേശീയ പാര്‍ട്ടികളും അംഗീകരിച്ചില്ല.

പൗരാണിക ഇന്ത്യ ഇന്ത്യയുടെ മാത്രം സുവര്‍ണ യുഗമല്ല; ലോകത്തിന്റെ മുഴുവന്‍ സുവര്‍ണ യുഗമാണെന്ന് വരേ നമ്മുടെ നേതാക്കള്‍ പറഞ്ഞ് കളഞ്ഞു. ഇന്ത്യയുടെ ആത്മീയത ഉത്തുംഗമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇന്തോളജിസ്റ്റുകളുടെ പിന്തുണ കൂടി ഇതിന് ലഭിച്ചു. ഇന്ത്യയുടെ അതീന്ദ്രീയതയെ മറി കടക്കാന്‍ യൂറോപിന്റെ ഭൗതികതക്കാവില്ലെന്ന് അരോബിന്ദോ ഘോഷ് പ്രസ്താവിച്ചു. ഇന്ത്യയിലെ ജാതി വ്യവസ്ഥ പടിഞ്ഞാറന്‍ വര്‍ഗീകരണത്തേക്കാള്‍ ഉത്തമമാണ്; കാരണം പടിഞ്ഞാറിന്റേത് ഭൗതികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജാതി വ്യവസ്ഥ ആത്മീയതയുടെ ഭാഗമാണ്! പാശ്ചാത്യന്‍ എഴുത്തുകാര്‍ പലരും ഈ വാദങ്ങളെ പ്രോല്‍സാഹിപ്പിച്ചു; കാരണം ഇന്ത്യന്‍ ദേശീയതയെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ച് വിടാന്‍ ഇതാവശ്യമായിരുന്നു. ഇന്ത്യക്കാര്‍ അവരുടെ അധ്യാത്മികതയിലും പഴഞ്ചന്‍ വിശ്വാസങ്ങളിലും മുഴുകിയെങ്കിലേ തങ്ങള്‍ക്ക് സുന്ദരമായി ഭരിക്കാന്‍ കഴിയൂ എന്നും ഈ സാമ്രാജ്യത്വ പക്ഷപാതികള്‍ മനസ്സിലാക്കിയിരിക്കണം.

ഇത് പോലെയാണ് ആര്യ വംശ മേധാവിത്തത്തിന്റെ കഥയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിധാതാക്കള്‍ ആര്യന്‍മാരാണെന്ന വാദവും. ഇന്ത്യന്‍ സംസ്‌കാരം വേദ സംസ്‌കാരമാണ്; അത് കുറ്റമറ്റതാണെന്നുമൊക്കെ പ്രരിപ്പിക്കപ്പെട്ടു. സ്വന്തം സംസ്‌കാരത്തിന്റെ ഗുണ ദോഷങ്ങള്‍ വിലയിരുത്താനൊന്നും ആരും തയാറായില്ല. ഈ സാംസ്‌കാരിക ധാര്‍ഷ്ട്യം ദേശീയതയെ യഥാവിധി പ്രതിഷ്ഠിക്കാന്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല; വര്‍ഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഈ മനോഭാവമാണ് അധഃസ്ഥിതരും മുസ്‌ലിംകളും ദേശീയ ധാരയിലേക്ക് വരുന്നതിന് ഭംഗമുണ്ടാക്കിയതും.

ദേശീയ ചരിത്രകാരന്‍മാരെന്നവകാശപ്പെട്ട പലര്‍ക്കും ദേശീയതയിലായിരുന്നില്ല താല്പര്യം; ആര്യ സംസ്‌കാരത്തെ വാഴ്ത്തുന്നതിലായിരുന്നു. ഇന്ത്യന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങളൊന്നും അവര്‍ പഠന വിയേമാക്കിയില്ല. അന്ന് നടക്കുന്ന ദേശീയ സമരങ്ങളും അവര്‍ക്ക് വിഷയീഭവിച്ചില്ല. കാരണം അവരധികവും ബ്രിട്ടീഷ് ഭക്തന്‍മാരായിരുന്നു. പലരും ബ്രിട്ടീഷുദ്യോഗസ്ഥന്‍മാരും. ്രബിട്ടീഷുകാര്‍ക്ക് വിരോധമുളവാക്കുന്ന ദേശീയതയെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. അതാണ് തങ്ങളുടെ കാലത്ത് നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളൊക്കെ ഈ ചരിത്രകാരന്‍മാര്‍ കാണാതെ പോയത്. അവര്‍ക്ക് താല്പര്യം ആര്യന്‍ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിലും മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതിലുമായിരുന്നു. ഇത്തരം വിഭാഗീയതകളെ ഗവണ്‍മെന്റ് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഹിന്ദുദേശീയതയുടെ വക്താവായി രംഗത്തു വന്ന ഗോള്‍വാള്‍ക്കറും സഹയാത്രികരും മുസ്‌ലിംകളെ ഈ രാജ്യക്കാരായി തന്നെ അംഗീകരിക്കാന്‍ തയാറായില്ല.

ഈ ചരിത്രകാരന്‍മാരെയും നേതാക്കളെയും ഏങ്ങനെയാണ് യഥാര്‍ഥ ദേശീയവാദികളായി കണക്കാക്കുക? ഇന്ത്യാ വിഭജനത്തിന്റെ അടിവേരുകള്‍ ഇവരിലാണ് ചെന്നെത്തുന്നത്. സാമ്രാജ്യത്വത്തെ ചെറുക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടായില്ല. ഇവരുടെ ദേശീയത പൗരാണികതയെ വാഴ്ത്തുന്നതിലും മധ്യ കാലത്ത താറടിക്കുന്നതിലും മാത്രം ഒതുങ്ങി. ബ്രിട്ടീഷ് ഭരണത്തിന്റെ ദുഷ്ടലാക്കോ, ചൂഷണമോ ഇന്ത്യാ വിരുദ്ധ നയങ്ങളോ ഒന്നും അവര്‍ക്ക് പ്രശ്‌നമായില്ല. ‘മുസ്‌ലിം’ ഭരണത്തിനെതിരെ രംഗത്ത് വന്ന രജപുത്രന്‍മാരും മറാത്തകളും, ജാട്ടുകളുമൊക്കെയായിരുന്നു ഇവര്‍ക്ക് ദേശിയ നേതാക്കന്‍മാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി മരിച്ചവരെയൊന്നും അവര്‍ ദേശീയ നേതാക്കന്‍മാരുടെ പട്ടികയില്‍ പെടുത്തിയില്ല. ഇന്ത്യാ ചരിത്ര പഠനത്തെ വഴി തെറ്റിക്കുന്നതില്‍ ഈ തല തിരിഞ്ഞ ചരിത്രകാരന്‍മാരുടെ പങ്ക് വളരെ വലുതാണ്.

ഡോ. ഹുസൈന്‍ രണ്ടത്താണി
(ഐ പി ബി പുറത്തിറക്കുന്ന മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന എന്ന പുസ്തകത്തില്‍നിന്ന്).