വരുന്ന വേനലില്‍ കുടിവെള്ളത്തിന് നാം ആരോട് യുദ്ധം ചെയ്യും?

വരുന്ന വേനലില്‍ കുടിവെള്ളത്തിന് നാം ആരോട് യുദ്ധം ചെയ്യും?

പരിസ്ഥിതി ഇന്ന് ഒരു ആഗോള ചര്‍ച്ചാ വിഷയമാണ്. ഓരോ ദിവസവും നാം ഉണരുന്നത് അത്തരം ചര്‍ച്ചകള്‍ കേട്ടുകൊണ്ടാണ്. മനുഷ്യവര്‍ഗത്തിന്റെയും മറ്റു ജീവജാലങ്ങളുടെയും അടിസ്ഥാന നിലനില്‍പിന്നാവശ്യമായ ഒരു പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ ഈ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കപ്പുറമുള്ള പ്രായോഗിക അനുഭവജ്ഞാനത്തിലേക്ക് എന്നിട്ടും എത്തിച്ചേരുന്നില്ല എന്ന സന്ദിഗ്ദ്ധാവസ്ഥയും ഇന്ന് നിലവിലുണ്ട്. മുന്‍തലമുറകള്‍ പാരിസ്ഥിതിക അനുഭവജ്ഞാനത്തിലൂന്നി കൈകൊണ്ട ശാശ്വത ജീവിതബോധമാണ് നമ്മുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന മൂവാണ്ടന്‍ മാവുകളും പച്ച പുതച്ച വന്‍മരങ്ങള്‍ ചൂടിയ അനാഘാതമായ കുന്നുകളും അതിന്റെ കീഴിലെ വറ്റാത്ത തെളിനീര്‍ പുഴകളും. പക്ഷേ മൂവാണ്ടന്‍ മാവ് വെട്ടി നാം ഒട്ടുമാവ് നട്ടു. കുന്നിടിച്ച് തണ്ണീര്‍ തടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് വനമാക്കി. അപ്പോള്‍ പുഴ വറ്റി. ആ ഇത്തിരി വെള്ളത്തിലേക്ക് ഫാക്ടറി രാസമാലിന്യങ്ങള്‍ ചേക്കേറി. ഉള്ള വെള്ളം പോലും കുടിക്കാന്‍ പറ്റാതായി. തുടര്‍ന്ന് ജലയുദ്ധം വന്നു. എന്നാല്‍ മറ്റൊരിടത്തും ജലം ലഭ്യമല്ലാത്ത വരാന്‍ പോകുന്ന വേനലില്‍ നാം കുടിവെള്ളത്തിനായി ആരോട് യുദ്ധം ചെയ്യും?

മുബശ്ശിര്‍ മുഹമ്മദിന്റെ ‘പ്രകൃതിയുടെ പ്രവാചകന്‍’ എന്ന പുസ്തകത്തിന്റെ ഒന്നാം പതിപ്പ് വായിച്ചപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യമാണിത്. ആ ചോദ്യം ഞാന്‍ നിങ്ങളോടും ചോദിക്കുന്നു. ഒരു പക്ഷേ ഈ ചെറുപ്പക്കാരന്‍ ഈ പുസ്തകമെഴുതുമ്പോള്‍ സ്വയം തന്നെ ചോദിച്ച ചോദ്യമായത് കൊണ്ടാവാം ഇതില്‍ ഫലവത്തായി ആവിഷ്‌കരിക്കപ്പെട്ട പരിസ്ഥിതി എന്ന പ്രശ്‌നം നമ്മുടെ ഉള്ളിലും ചോദ്യങ്ങളുയര്‍ത്തുന്നത്. എന്നാല്‍ ഈ എഴുത്തകാരന്‍ നിങ്ങളോട് ചോദ്യങ്ങള്‍ മാത്രം ചോദിച്ച് പ്രശ്‌നം അവസാനിപ്പിക്കണമെന്ന് കരുതുന്നില്ല. മനുഷ്യന്റെയും ജീവിജാലങ്ങളുടെയും നമ്മുടെ പ്രകൃതിയുടെയും അതിജീവിനത്തിന്റെ പ്രശ്‌നമാകയാല്‍ ഉത്തരം കൂടി കണ്ടെത്താന്‍ ഗ്രന്ഥകാരന്‍ ആഗ്രഹിക്കുന്നു. അതിനു നമ്മെ പ്രേരിപ്പിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ ഈ പുസ്തകത്തിലുടനീളം കാണാം. ഈയൊരു ലക്ഷ്യത്തിനായി അയാള്‍ കൂട്ടുപിടിക്കുന്നത് ഇസ്‌ലാമിക സംസ്‌കൃതിയെയും പ്രവാചകനെയുമാണ്. ഒരുപക്ഷേ പാരിസ്ഥിതിക വിനാശം വരുത്തുന്ന ജനങ്ങളിലെ ഒരു സെക്ടിനെ ഇങ്ങനെ അഭിസംബോധന ചെയ്യുമ്പോള്‍ ആ ആത്മീയതയുടെ പരിരക്ഷകര്‍ പ്രകൃതിയുടെ കൂടി പരിരക്ഷകരാവുമെന്ന് ഈ ചെറുപ്പക്കാരന്‍ ആഗ്രഹിക്കുന്നുണ്ടാവാം. ആ അര്‍ത്ഥത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ബോധത്തിലേക്ക് പാരിസ്ഥിതിക വ്യവഹാരത്തിന്റെ സന്ദേശമെത്തിക്കാന്‍ ലക്ഷ്യമിടുന്ന ഒരു രചന കൂടിയാണിത്.

ഇസ്‌ലാമിക പൂര്‍വ കാലഘട്ടങ്ങളിലെ അറേബ്യ വനങ്ങളും സസ്യങ്ങളും ലക്ഷോപലക്ഷം ജീവിജാലങ്ങളും നിറഞ്ഞ പുഷ്‌കലമായ ഭൂപ്രദേശമായിരുന്നുവെന്ന് കേസരി തന്റെ സംസ്‌കാര ചരിത്ര പഠനത്തില്‍ വിവരിക്കുന്നുണ്ട്. ഭൂമി കുലുക്കത്താലും അഗ്നി പര്‍വത സ്‌ഫോടനത്താലും പ്രളയത്താലും അടിമറഞ്ഞ സസ്യജാലങ്ങളാണ് ഭൂമിക്കടിയിലെ എണ്ണ നിക്ഷേപങ്ങളായി മാറി ദേശത്തെ മരുഭൂമിയാക്കിയത്. ഇന്ന് അറേബ്യന്‍ ജനത കുടിക്കാനുള്ള ദാഹജലം വിലകൊടുത്ത് വാങ്ങുന്നത് ഭൂമിയിലെ എണ്ണ കുഴിച്ചെടുത്ത് വിറ്റിട്ടാണ്. കടല്‍ വെള്ളത്തെ ശുദ്ധജലമാക്കുന്ന പ്ലാന്റുകള്‍ അറേബ്യയിലുടനീളം കാണാം. നൂറുകണക്കിന് പുഴകളുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ കേരളം എന്ന നാല്‍പത് നദികളുള്ള ഹരിതാഭം നിറഞ്ഞ ഭൂപ്രദേശത്ത് വെള്ളം വില കുറഞ്ഞതായിത്തീരുന്നത് മണ്‍സൂണ്‍ കാലത്തെ മഴയുടെ അതിലഭ്യത കൊണ്ടുകൂടിയാണ്. ഈന്തപ്പന മരങ്ങളൊഴികെ വന്‍വൃക്ഷങ്ങള്‍ അപൂര്‍വ്വവും നദികള്‍ അലഭ്യവും മഴയേയില്ലാത്തതുമായ മരുഭൂമിയില്‍ വെള്ളം ഏറ്റവും വിലപിടിച്ചതും പച്ചപ്പുകള്‍ അമൂല്യവുമായിത്തീരുന്നതില്‍ അത്ഭുതമില്ല. മരുഭൂമിയില്‍ ഒരു മഴപെയ്താല്‍ പിറ്റേദിവസം അറേബ്യന്‍ കുടുംബങ്ങള്‍ തുറസ്സായ മണല്‍ക്കാട്ടിലേക്ക് സഞ്ചരിക്കും. അവിടെ ആ മഴയില്‍ പൊട്ടിമുളച്ച സസ്യമുകുളങ്ങള്‍ സ്വയം അറുത്തെടുത്ത് ഭക്ഷിക്കുന്ന അറബികളെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. പച്ചപ്പ് കിട്ടാക്കനിയായ അറബിക്ക് അത് വിലപിടിച്ചതാണ്. എന്നാല്‍ നമ്മളോ? പച്ചപ്പും വെള്ളവും ധൂര്‍ത്തടിക്കുകയാണ്.

നമ്മുടെ അതിലഭ്യമായ ജലത്തിന്റെ സ്രോതസ്സുകള്‍ വറ്റുകയാണ്. നാം സ്വയം പരിശീലിക്കേണ്ട പാരിസ്ഥിതിക പുനരുജ്ജീവനത്തിന്റെ പാഠങ്ങള്‍ക്ക് ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെയും പ്രവാചക ചര്യകളെയും ലേഖകന്‍ കൂട്ടുപിടിക്കുന്നത് ഈ വൈരുദ്ധ്യത്തിന്റെ അടിത്തറയില്‍ നിന്നാണ്. തീര്‍ച്ചയായും ജൈവ വൈവിധ്യങ്ങളുടെ കലവറയായ നമ്മുടെ ദേശത്തിന്റെ നേര്‍വിപരീതമായ അറേബ്യന്‍ ജീവിതത്തിന്റെ പാരിസ്ഥിതിക ജാഗ്രത പ്രവാചക വചനങ്ങളിലും കാണാം.

‘ഭൂമിയില്‍ നടക്കുന്ന ഏതുമൃഗവും പറക്കുന്ന ഏത് പറവയും നിങ്ങളെപ്പോലെ സമുദായങ്ങള്‍ തന്നെയാകുന്നു’ എന്ന മനുഷ്യേതര ജീവികളെക്കുറിച്ചുള്ള പ്രോക്തവചനങ്ങള്‍ക്കും ‘ലോകം അവസാനിക്കാറായെന്ന് അറിഞ്ഞ സമയത്താണ് ഒരാളുടെ കൈവശം ഒരു വൃക്ഷത്തൈ ഉള്ളതെങ്കില്‍ അയാള്‍ അത് നടട്ടെ’ എന്ന പ്രവാചക മൊഴികള്‍ക്കും ഒപ്പം ‘പത്തു കിണറിനു സമമാണ് ഒരു കുളം, പത്ത് കുളത്തിന് സമമാണ് ഒരു തടാകം, പത്തു തടാകത്തിന് തുല്യമാണ് ഒരു പുത്രന്‍, പത്തു പുത്രന്മാര്‍ക്ക് തുല്യമാണ് ഒരു വൃക്ഷം’ എന്ന വൃക്ഷായുര്‍വേദത്തിലെ വരികളും ചേര്‍ത്തുവയ്ക്കുമ്പോള്‍ ഈ എഴുത്തുകാരന്‍ പാരിസ്ഥിതിക വ്യവഹാരത്തിന്റെ ബഹുസ്വരതക്കാണ് അടിവരയിടുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നോവലില്‍ വൃത്തിയും വെടിപ്പും പാലിക്കാന്‍ വീടിനുപുറത്ത് കക്കൂസ് നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ അന്ന് അനിവാര്യമായും മുസ്‌ലിം സമുദായം പരിപാലിക്കേണ്ടിയിരുന്ന വലിയൊരു പാരിസ്ഥിതിക ജാഗ്രതയുടെ വിളംബരമുണ്ട്. ‘ഭൂമിയുടെ ചോരയാണ് വെള്ളം’ എന്നും, ‘മാമരങ്ങള്‍ക്ക് വികാരങ്ങളുണ്ട്’ എന്നും, ബഷീര്‍ എഴുതിയത് ഇസ്‌ലാമിക മിസ്റ്റിസിസത്തില്‍ നിന്നുള്‍ക്കൊണ്ട സൂഫീ ആത്മീയതയുടെ ചരാചര സ്‌നേഹബോധത്തില്‍ നിന്നാണ്. പക്ഷേ അതൊന്നും അതിന്റെ അത്യന്തികാര്‍ത്ഥത്തില്‍ ആ സമുദായം ഉള്‍കൊണ്ടില്ല. ബഷീറിന്റെ ആത്മകഥയായ ‘ഓര്‍മകളുടെ അറകളു’ടെ അവസാന അധ്യായത്തിന്റെ തലക്കെട്ട് ‘ഈ ഭൂഗോളം മരിക്കുന്നു’ എന്നാണ്. അറുപതുകളില്‍ ബഷീര്‍ ക്രാന്തദര്‍ശിത്വത്തോടെ പറഞ്ഞത് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തത്തെപ്പറ്റിയാണ്. സൈലന്റ് വാലി പ്രക്ഷോഭത്തിന് പിന്തുണ നല്‍കി സുഗതകുമാരിക്ക് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത ബഷീര്‍ സൈലന്റ് വാലി സംരക്ഷിക്കപ്പെട്ടപ്പോള്‍ സന്തോഷിച്ച ഭൂമിയുടെ അവകാശികളില്‍ ഒരാളാണ്. ഇപ്പോഴിതാ ഈ ചെറുപ്പക്കാരന്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ വീണ്ടെടുക്കാന്‍ പ്രകൃതിയുടെ പ്രവാചകനും എഴുതേണ്ടി വരുന്നു.

ഈ പുസ്തകം പത്ത് അധ്യായങ്ങളായിട്ടാണ് രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. പരിസ്ഥിതി, ഇസ്‌ലാമും പരിസ്ഥിതിയും, പ്രവാചകന്റെ പാരിസ്ഥിതികാധ്യാപനങ്ങള്‍, ഹരിതവത്കരണം, സഹജീവി സ്‌നേഹം, പരിസര ശുചിത്വം, ജലസംരക്ഷണം, ശബ്ദ നിയന്ത്രണം, കാര്‍ഷിക പ്രോത്സാഹനം, പ്രകൃതി സംരക്ഷണം തുടങ്ങി ശാസ്ത്രീയമായ രീതിയില്‍ തന്നെയാണ് ഇതിന്റെ ഘടന. പരിസ്ഥിതി സംരക്ഷണത്തില്‍ നാം പുലര്‍ത്തേണ്ട ജാഗ്രതകളെക്കുറിച്ച് സമഗ്രമായൊരു അവബോധം ഉണ്ടാക്കാനുള്ള സത്യസന്ധമായ ശ്രമം ഈ രചനയിലുണ്ട്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വസ്തുതാ ശേഖരണത്തിലൂടെ വിഷയത്തെ ആധികാരികമാക്കാനും, ലളിതമായ ശൈലിയിലൂടെ അതിനെ വായനാക്ഷമമാക്കാനും മുബശ്ശിറിന് കഴിയുന്നു. നിറയെ കായ്ഫലമുള്ള ഒരു വൃക്ഷം പോലെയാണ് ‘പ്രകൃതിയുടെ പ്രവാചകന്‍’ എന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. (ഐ പി ബി പ്രസിദ്ധീകരിച്ച പ്രകൃതിയുടെ പ്രവാചകന്‍- പുസ്തകത്തിന്റെ ആസ്വാദനം).

എം എ റഹ്മാന്‍