എന്താണ് മുസ്‌ലിംകളുടെ പ്രതിസന്ധി?

എന്താണ് മുസ്‌ലിംകളുടെ പ്രതിസന്ധി?

മുസ്‌ലിംകളായ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ആന്തരിക കാരണങ്ങളെ ഒറ്റവാക്കിലേക്ക് ചുരുക്കിയാല്‍ അദബില്ലായ്മ എന്ന് പറയാം. ഒരാള്‍ തന്റെ യഥാര്‍ത്ഥ സ്ഥാനം എന്തെന്ന് അറിയുന്നതാണ് അദബ്. എന്നിട്ട് അതനുസരിച്ചാണ് അയാള്‍ സമൂഹത്തിലും രാഷ്ട്രത്തിലും പ്രവര്‍ത്തിക്കേണ്ടത്. ശരിക്ക് നോക്കുമ്പോള്‍ നീതിയാണത്. സത്യത്തില്‍ ശരീരത്തിന്റെയും ആത്മാവിന്റെയും ഒതുക്കവും വണക്കവും നമുക്ക് കൈമോശം വന്നുപോയിട്ടുണ്ട്. ഇതുവെച്ച് നമ്മുടെ പ്രതിസന്ധിയുടെ കാരണങ്ങളെ മൂന്നായി ഭാഗിക്കാം.

ഒന്ന്: അറിവിന്റെ പിഴവും ചിന്താ വൈകല്യവും.
രണ്ട്: തന്‍മൂലമുണ്ടാകുന്ന അദബില്ലായ്മ.

മൂന്ന്: മേല്‍പറഞ്ഞ് രണ്ട് കാരണങ്ങളാല്‍ പൊങ്ങിവരുന്ന വ്യാജനേതൃത്വം.

അദബില്ലായ്മയെ വേണം ആദ്യം ചര്‍ച്ച ചെയ്യാന്‍. ജ്ഞാനം വേണമെങ്കില്‍ അദബുവേണം. ഖുര്‍ആന്‍ തൊടാന്‍ ശുദ്ധിവേണമെന്ന് അല്ലാഹു പറഞ്ഞത് ഓര്‍ക്കുക. യഥാര്‍ത്ഥ വിജ്ഞാനത്തിന്റെ സ്രോതസ്സായ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ ശാരീരികവും ആത്മീയവുമായ സംശുദ്ധി കൂടിയേ തീരൂ. വിനയത്തോടെ മാത്രമേ അറിവിനെ സമീപിക്കാവൂ. ഇസ്‌ലാമിന് ഇനി പരിണാമമോ വികസനമോ വേണ്ടതില്ലാത്ത വിധം പൂര്‍ണതയുണ്ട്. ആകയാല്‍ മതത്തെപ്പറ്റിയുള്ള ജ്ഞാനത്തിന് ഔന്നിത്യവുമുണ്ട്. ആര്‍ക്കും എപ്പോഴും ചെന്നെടുക്കാന്‍ പറ്റിയതല്ല അത്. തികഞ്ഞ ആധികാരികതയുള്ള അറിവാണ് ഇസ്‌ലാമിന്റേത്.

മതത്തിന് വ്യാഖ്യാനവും വിശദീകരണവും നല്‍കുന്നത് അതിന്ന് അധികാരമുള്ള കേന്ദ്രങ്ങളാകുന്നു. ഈ അധികാര ശ്രേണിയോട് ആദരവുണ്ടാകേണ്ടതുണ്ട്.

അല്ലാഹു ഉന്നതാധികാരമുള്ള ശ്രേണിയെ നിശ്ചയിച്ചിട്ടുണ്ട്. തിരുനബി(സ)യില്‍ അത് തുടങ്ങുന്നു. ബുദ്ധി, ആത്മജ്ഞാനം, സദ്‌വൃത്തി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഈ ശ്രേണി തന്നെ വിഭിന്നതലങ്ങളില്‍ നിലകൊള്ളുന്നു. അക്രമത്തിനും അനീതിക്കും കൂട്ടുനില്‍ക്കുന്ന ശ്രേണീ സംസ്ഥാപനത്തെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നീതി ഉടലെടുക്കുന്ന ഒരു ദൈവിക ക്രമത്തെക്കുറിച്ചാണ്. മനുഷ്യ സമൂഹത്തിന്റെ പ്രകൃതം കൊണ്ട് മനസ്സിലാക്കാം, അത് തുല്യമായ ഘടകങ്ങള്‍കൊണ്ട് ഉണ്ടാക്കിയതല്ല. ധാതുലോകം മുതല്‍ മേലോട്ട് ഈ അന്തരം കാണാം. മലക്കുകള്‍ക്കിടയില്‍ വരെ ഈ ഏറ്റക്കുറച്ചിലുണ്ട്. സ്വര്‍ഗനരകങ്ങളുടെ കാര്യത്തിലും വ്യത്യാസമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുന്ന ഒരു ദൈവിക ക്രമമുണ്ട്. പ്രപഞ്ചനീതിയിലധിഷ്ഠിതമായ ക്രമമാണത്. യഥാര്‍ത്ഥത്തില്‍ ആ ക്രമത്തെ അംഗീകരിക്കലും പൊരുത്തപ്പെടലുമാണ് അദബ്. ഇസ്‌ലാമിനെക്കുറിച്ചും അതിന്റെ ലോക വീക്ഷണത്തെക്കുറിച്ചും ശരിയായ ജ്ഞാനമാണ് അതിനാവശ്യം.

എന്നാല്‍ ദുരഭിമാനപൂര്‍വം ഒരു തരം ചിന്ത നമുക്കിടയില്‍ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഉത്കൃഷ്ടമായവരെ നിരാകരിക്കുകയാണ് അത് ചെയ്യുന്നത്. എല്ലാവരും തുല്യരാണെന്ന അതിവൈകാരികത സൃഷ്ടിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ വിഷയത്തില്‍ പോലും മനുഷ്യര്‍ തുല്യരല്ലെന്നിരിക്കെ ഇത്തരം സമാനവാദികളെ വികാരങ്ങളാണ് നയിക്കുന്നതെന്ന് കാണാന്‍ പ്രയാസപ്പെടേണ്ടതില്ല. ഈ അദബില്ലായ്മയുടെ പ്രധാന ലക്ഷണം ഒരുതരം നിരപ്പാക്കല്‍ പ്രക്രിയയാണ്. മഹാത്മാക്കളെ വിലകുറച്ചുകാണുന്നു. ഇസ്‌ലാമിന്റെ സമത്വഭാവനയാണ് ഈ നിരപ്പാക്കല്‍ പ്രക്രിയയുടെ അടിസ്ഥാനം എന്ന് അവര്‍ വാദിക്കാറുണ്ട്. എന്നാല്‍ ശരിക്കൊന്ന് ആലോചിക്കുന്ന പക്ഷം അവര്‍ സമൂഹത്തെ നാശത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. നിയമസാധുത കല്‍പിക്കപ്പെട്ട എല്ലാ ക്രമത്തോടുമുള്ള സംഘട്ടനമത്രെ ഇത്. ഈ സമാനവാദത്തിന്റെ കാതലായ വീക്ഷണം എല്ലാവരെയും സ്വന്തം തലത്തിലേക്ക് താഴ്ത്തിക്കെട്ടണമെന്നാണ്. തങ്ങളുടെ മുന്‍ഗാമികളെയോ മഗാന്മാരെയോ അവഗണിച്ചുതള്ളുന്നു. എന്നുമാത്രമല്ല, അവരുടെ പിഴവുകള്‍ ആഘോഷിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകം ആദരുകല്‍പിച്ചിരുന്ന മഹത്തുക്കളുടെ സ്ഥാനം അതിലൂടെ ദുര്‍ലബലപ്പെടുത്തുകയായിരുന്നു. പ്രവാചകരുടെ അടുത്ത ശിഷ്യന്മാര്‍ വരെ സമാന വാദികളുടെ ആക്രമണത്തില്‍നിന്ന് ഒഴിവായിട്ടില്ല.

ഈ വിമര്‍ശകരുടെ നിലവാരം എന്തുകൊണ്ടും മോശമാണ്. ഇസ്‌ലാമിനെ പറ്റി അവര്‍ക്കുള്ള അറിവ് വളരെ നിസ്സാരമാണ്. കഴിഞ്ഞ കാലത്തെ പണ്ഡിതന്മാരില്‍ ഏറ്റവും താഴെക്കിടയിലുള്ളവരോട് പോലും താരതമ്യമര്‍ഹിക്കാത്ത ഈ ചിന്താഗതിക്കാര്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ലോകത്ത് മുമ്പുണ്ടായ പുതിയ സമീപനങ്ങളെ ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ന് ഉന്നയിക്കപ്പെടുന്ന സര്‍വത്ര പ്രശ്‌നങ്ങള്‍ക്കും കര്‍ക്കശവും നിഷ്‌കൃഷ്ടവുമായ ഉത്തരം ഇമാം അശ്അരി, ഇമാം ഗസാലി(റ) തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും പുതിയ സമസ്യകള്‍ അവതരിപ്പിക്കുന്നവര്‍ തങ്ങളുടെ ചിന്താ കുഴപ്പവും അറിവില്ലായ്മയും അറിയാതെ സമ്മതിക്കുകയാണ് ചെയ്യുന്നത്. മതത്തെക്കുറിച്ചുള്ള വിവരമില്ലായ്മയില്‍നിന്നാണ് ഈ ചിന്താഗതിക്കാര്‍ ഊര്‍ജം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ അവര്‍ ആത്മീയാചാര്യന്മാരെയും പൂര്‍വ പണ്ഡിതരെയും ഭത്സിക്കുന്നതില്‍ വലിയ അര്‍മാദം കണ്ടെത്തുന്നു. യഥാര്‍ത്ഥത്തില്‍ പൂര്‍വകാല മുസ്‌ലിം പണ്ഡിതര്‍ ഇസ്‌ലാമിനെ വിശദീകരിച്ചതോ വ്യാഖ്യാനിച്ചതോ കണ്ടാല്‍ അതിന്റെ അടുത്തെങ്ങും നില്‍ക്കാനുള്ള യോഗ്യത ഇത്തരക്കാര്‍ക്കില്ലെന്ന് വ്യക്തമാണ്.

പുതിയ പ്രവണതകളുടെ അടിസ്ഥാന കാരണം പാശ്ചാത്യന്‍ ആശയങ്ങളില്‍ ആകൃഷ്ടരായി എന്നതാണ്. മനുഷ്യ പരിണാമം, ചരിത്രപരമായ വളര്‍ച്ച, പടിഞ്ഞാറന്‍ മതേതരത്വം എന്നിവയാണ് അതിന്റെ അടിത്തറ. ഇസ്‌ലാമിക സമൂഹങ്ങളില്‍ പടിഞ്ഞാറന്‍ മതേതര ആശയങ്ങള്‍ വാതില്‍ തുറന്നിട്ടത് അങ്ങനെയായിരുന്നു. മുസ്‌ലിം ഭൂതകാല പണ്ഡിതരെക്കാള്‍ ഇക്കൂട്ടര്‍ ആശ്രയിച്ചത് റൂസോയുടെയും സ്‌പെന്‍സറുടെയുമൊക്കെ രചനകളാണ്. സ്വന്തം കാഴ്ചപ്പാടുകള്‍കൊണ്ട് ഇസ്‌ലാമിനെ മുറിച്ചൊപ്പിച്ചു. അധ്യാത്മ മേഖലയില്‍ അവരുടെ വ്യുല്‍പത്തിയില്ലായ്മ നിമിത്തം പ്രശ്‌നങ്ങളുണ്ടായി. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലേക്കാണ് അവരുടെ ശ്രദ്ധ പോയത്. അങ്ങനെ മുസ്‌ലിം ഭരണത്തിന് ഊന്നല്‍ കൊടുത്തു. രാഷ്ട്രവാദത്തിന് പുതിയ ഉണര്‍വുണ്ടാക്കി. മുസ്‌ലിം സാമ്രാജ്യങ്ങളുടെ തകര്‍ച്ച അവരെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. വ്യക്തിയെ വൈയക്തികമായി കേന്ദ്രീകരിക്കുന്നതില്‍ സ്വാഭാവികമായി ഗൗരവം കുറഞ്ഞു.

യഥാര്‍ത്ഥത്തില്‍ പ്രശ്‌നത്തിന്റെ കാതല്‍ കിടക്കുന്നത് ഇവിടെയാണ്. വ്യക്തി നന്നാകാതെ സമൂഹമോ രാഷ്ട്രമോ നന്നാവുകയില്ല. വ്യക്തി അറിഞ്ഞിക്കേണ്ട ബുദ്ധി, സദ്ഗുണങ്ങള്‍, ആത്മാവ് തുടങ്ങിയ മേഖലകള്‍ക്ക് മതിയായ പ്രാധാന്യം വേണം. അവയെ സംബന്ധിച്ച ജ്ഞാനത്തിന് പാശ്ചാത്യ മനഃശാസ്ത്ര പരികല്‍പനകളല്ല അടിസ്ഥാനമാക്കേണ്ടത്. നമ്മെ സംബന്ധിച്ചിടത്തോളും അവ ഉപയോഗശൂന്യമാണ്. നമ്മുടെ ജ്ഞാന കേന്ദ്രം മുന്‍കാലത്തെ പണ്ഡിത പ്രതിഭകള്‍ ബോധനം ചെയ്ത വ്യാഖ്യാനിച്ച പാരമ്പര്യമത മൂല്യങ്ങളുണ്ടാകണം. ഖുര്‍ആനിക ചട്ടക്കൂടിനുള്ളില്‍ രൂപപ്പെട്ട ഒരു ജ്ഞാന മാതൃക സാധ്യമാകുന്നത് അപ്പോള്‍ മാത്രമായിരിക്കും. അതേ സമയം സമൂഹത്തിനും രാഷ്ട്രത്തിനും അമിത പ്രാധാന്യം കൊടുക്കുമ്പോള്‍ മതേതരത്വത്തിന് കടന്നുവരാന്‍ കളവൊരുക്കേണ്ടിവരും.

എന്നാല്‍ പരിഷ്‌കരണവാദികള്‍ ചിന്തകൊണ്ട് എത്രയോ പിറകിലാണ്. പരിഷ്‌കരിക്കുകയെന്ന ആകര്‍ഷണീയമായ ഒരാശയം അവര്‍ അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്യത്തിലേക്ക് വഴികാട്ടുന്നതിന് പകരം തന്നിലേക്ക് വഴികാട്ടുന്ന വഴിയാടങ്ങള്‍ പോലെയാണവര്‍. മുമ്പുള്ളവര്‍ ചെയ്യാന്‍ മടിച്ചതുപോലും ഇന്നവര്‍ ചെയ്യുന്നുണ്ട്. പറയുക. ഞാന്‍ നിങ്ങളെപോലെ ഒരു മനുഷ്യന്‍ മാത്രമാണ് എന്ന ഖുര്‍ആന്‍ സൂക്തം അവരോതുന്നു. നബി(സ) ദൈവമോ മലക്കോ അവതാരമോ അല്ലെന്നാണ്, സൂക്തത്തില്‍ മനുഷ്യനാണെന്ന് പറഞ്ഞതിന്റെ താല്‍പര്യം. ഇത് അവിശ്വാസികളെ ലക്ഷ്യം വെച്ചാണ്. അതുകൊണ്ടുതന്നെ അത് ഇന്ന് ഓതേണ്ട ആവശ്യമുണ്ടോ? ഈ മുസ്‌ലിംകള്‍ക്കിടയില്‍. എല്ലാവരും അവിശ്വാസികളായി മാറിപ്പോയോ? വിശ്വാസികള്‍ക്കറിയാം പ്രവാചകന്‍ മനുഷ്യനാണെന്ന്. അതുകൊണ്ടുതന്നെയാണവര്‍ പ്രവാചകനില്‍ വിശ്വസിച്ചതും.

വിശുദ്ധ നബി(സ) അവസാന പ്രവാചകന്‍ ആയിരുന്നു. ഒരു വിളക്കും മാനവമാതൃകയും ആണെന്ന് ഖുര്‍ആനിലുണ്ട്. മറ്റു പല ഗുണവിശേഷങ്ങളും കാണാം. മറ്റു മനുഷ്യരെക്കാള്‍ സമുന്നതനും ഉത്കൃഷ്ടനുമാണ് മുഹമ്മദ്(സ) എന്നാണ് അതിന്റെ താല്‍പര്യം. ഈ ഉന്നത ഗുണങ്ങള്‍ക്കാണ് നാം മുന്‍ഗണന കൊടുക്കേണ്ടത്.

ഇസ്‌ലാമിനെ സാമൂഹികവത്കരിക്കുന്നതിന്റെ അനന്തരഫലമാണ് നബി(സ)യെ നിരപ്പാക്കുന്ന ഈ പ്രവണത. അവരുടെ യുക്തി ഖുര്‍ആനികമല്ല. ഖുര്‍ആന്‍ അഖ്ല്‍ മുന്നോട്ടുവെക്കുമ്പോള്‍ അവര്‍ പാശ്ചാത്യരുടെ റാഷ്യോ ആണ് അടിസ്ഥാനമാക്കിയത്. ആധുനിക ചിന്ത തലക്കുപിടിച്ചവരാണവര്‍. തങ്ങള്‍ക്ക് പറ്റുന്ന സൂക്തങ്ങള്‍ ഖുര്‍ആനില്‍നിന്ന് സ്വീകരിക്കും. അല്ലാത്തവയെക്കുറിച്ച് മൗനികളാകും. വെളിപാടിനെ ഒരു പ്രകൃതി പ്രതിഭാസത്തിന്റെ താഴെക്കിടയിലേക്ക് ചുരുക്കുകയെന്നതാണതിന്റെ ഫലം. പ്രവാചക ജീവിതത്തെ കൂടുതല്‍ യുക്തി സഹമായി വ്യാഖ്യാനിക്കുകയെന്ന തോന്നലില്‍ അവര്‍ വിഷയത്തിന്റെ ആത്മാവിനെ അവഗണിക്കുകയാണ്. അവരുടെ പ്രചോദനം ഇസ്‌ലാമിക ഗ്രന്ഥങ്ങളല്ല. മറിച്ച് പടിഞ്ഞാറന്‍ സങ്കല്‍പങ്ങളാണ്. ഹ്യൂമനിസം മുന്നോട്ടുവെക്കുന്ന മനുഷ്യസങ്കല്‍പത്തോടാണ് അവര്‍ക്ക് താല്‍പര്യം. സോഷ്യലിസം ഈ അടുത്തകാലത്ത് യൂറോപ്പില്‍ വിജയിച്ചുവെന്ന് തോന്നിയപ്പോള്‍ അവര്‍ക്ക് ഇസ്‌ലാമും സോഷ്യലിസവും ഒന്നാണെന്ന് പറയാന്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. സോഷ്യലിസം, ക്യാപിറ്റലിസം എന്നീ രണ്ട് ധാരകളെ ഉള്ളൂ എന്നിങ്ങനെ ധരിച്ചുവശായിട്ടുണ്ട് അക്കൂട്ടര്‍ എന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ഇസ്‌ലാമാണ്. അത് സോഷ്യലിസമോ ക്യാപിറ്റലിസമോ അല്ല. അതു മനസ്സിലാക്കിയാല്‍ രാഷ്ട്രം സമൂഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇസ്‌ലാമിക ജ്ഞാനത്തെ അടിസ്ഥാനമാക്കുമായിരുന്നു. പക്ഷേ, അലസത മൂലം അതിന് ഇക്കൂട്ടര്‍ തയാറല്ല. പാശ്ചാത്യരെ ചിന്തിക്കാന്‍ ഏല്‍പിച്ച് അതിനനുസരിച്ച് ഇസ്‌ലാമിനെ വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുകയാണവര്‍. ഇജ്തിഹാതിന്റെ യോഗ്യതകള്‍ ഒന്നുമില്ലാതെ ഇജ്തിഹാദിന് വേണ്ടി വാദിക്കുന്നു. തസവ്വുഫിനെ നിരാകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ തസവ്വുഫ് ഇസ്‌ലാമിന്റെ ആത്മാവാണ്. അതിന്റെ സാങ്കേതിക പദാവലികള്‍ ഖുര്‍ആനില്‍നിന്ന് രൂപീകൃതമായതാണ്. തസവ്വുഫ് ആചരിക്കുന്നതോടെ ശരീഅത്ത് പ്രബലപ്പെടുന്നു. തസവ്വുഫില്‍ തെറ്റ് ആരോപിക്കുന്നവര്‍ പരോക്ഷമായി ഖുര്‍ആനിലും തിരുചര്യയിലുമാണ് അത് ആരോപിക്കുന്നത്. ചരിത്രബോധമില്ലായ്മയാണത്. ഇസ്‌ലാമിന്റെ ഭൂതകാലം പരിശോധിച്ചാലറിയാം, തസവ്വുഫ് മുസ്‌ലിം ജീവിതത്തിന് ഊടും പാവുമേകിയിരുന്നുവെന്ന്. മുസ്‌ലിംകളുടെ അധഃപതനത്തിന് തസവ്വുഫ് അല്ല കാരണം; നേരത്തെ പരാമര്‍ശിച്ച അദബില്ലായ്മയാണ്.

സയ്യിദ് മുഹമ്മദ് അന്നഖീബുല്‍അത്താസ്
വിവ. ഇ എം എ ആരിഫ് ബുഖാരി