ഭരണകൂട ഭീകരതയുടെ കാലത്തെ മുസ്‌ലിം ജീവിതങ്ങള്‍

ഭരണകൂട ഭീകരതയുടെ കാലത്തെ മുസ്‌ലിം ജീവിതങ്ങള്‍

അസ്വർ നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങുമ്പോഴാണ് പള്ളിയിലെ ഇമാം വിളിക്കുന്നത്. മുംബൈയിലെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെങ്കിലും ഹിന്ദി ഭാഷയില്‍ ‘കേട്ടാല്‍ മനസ്സിലാവും’ എന്ന അവസ്ഥയില്‍ നിന്ന് വലിയ പുരോഗതി ഒന്നും ഇത് വരെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ കോളജിന് പുറത്തുള്ള ജീവിതങ്ങളുമായി വളരെ കുറഞ്ഞ ബന്ധങ്ങളേ ഇക്കാലത്തിനിടയില്‍ ഉണ്ടാക്കുവാനായിട്ടുള്ളൂ. പള്ളിക്ക് പുറത്ത് റോഡ് സൈഡിലെ ഗുല്‍മോഹറിന് താഴെ ഇംഗ്ലീഷും ഹിന്ദിയും സമാസമം ചേര്‍ത്ത് സംസാരിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ മുന്നില്‍ ഒരു പുതിയ ബജാജ് അവഞ്ചര്‍ ബൈക്ക് വന്ന് നിര്‍ത്തിയത്. ‘ആദ്യ ഓട്ടമാണ്, ബൈക്ക് ഇപ്പോള്‍ കിട്ടിയതേയുള്ളു-‘ ഇരുപത്തഞ്ചിനടുത്ത് പ്രായം തോന്നിക്കുന്ന തൊപ്പിയും താടിയും വെച്ച യുവാവ് ഇമാമിനോടായി പറഞ്ഞു. ഞാന്‍ ഒന്ന് ഓടിച്ച് നോക്കാം എന്ന് പറഞ്ഞ് ബൈക്ക് വാങ്ങി ഇമാം സാബ് ഒരു റൗണ്ട് ഓടി തിരിച്ച് വന്ന് നല്ല വാക്കുകള്‍ പറഞ്ഞ് ബൈക്ക് അയാള്‍ക്ക് തിരിച്ചുകൊടുത്തു. ഏതോ ഒരു പ്രൈവറ്റ് കമ്പനിയില്‍ പന്ത്രണ്ടായിരം രൂപ മാസ ശമ്പളത്തിന് ജോലി ചെയ്യുകയാണയാള്‍. ഇമാമില്‍ നിന്ന് അയാളെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ എങ്ങനെയാവും എഴുപത്തയ്യായിരം രൂപ വിലവരുന്ന ആ ബൈക്കിന്റെ വാങ്ങലും എണ്ണ അടിക്കലും തുടങ്ങിയ ചിലവുകള്‍ അയാള്‍ കൈകാര്യം ചെയ്യുന്നത് എന്നാലോചിച്ചുപോയി. സ്വന്തം ജീവിതത്തില്‍ വിവാഹം, തുടര്‍ പഠനം, ജോലി തുടങ്ങിയ തീരുമാനങ്ങളുടെ സാമ്പത്തിക ശാസ്ത്രം ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ എന്റെ എല്ലാ സാമ്പത്തിക യുക്തികളെയും വെല്ലുവിളിച്ചുകൊണ്ടാണ് ആ ബൈക്ക് വിദൂരതയിലേക്ക് മറഞ്ഞത്. പോര്‍ട്ട് കോളനിയിലെ ആ ചെറിയ പള്ളിക്ക് ചുറ്റും ഇതുപോലെ ഒരുപാട് ബൈക്കുകള്‍ കറങ്ങുന്നത് മുമ്പും ശ്രദ്ധയില്‍ പെട്ടിരുന്നു. ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ഒരു ധാരണക്കും പിടിതരാതെ കുതറിമാറുന്ന ഒരുപാട് വിചിത്രതകളിലൊന്നാണ് ഈ ബൈക്കുകളും എന്നതാണ് യാഥാര്‍ത്ഥ്യം.

1984ലെ കലാപാനന്തരം മുംബൈയിലെ (അന്നത്തെ ബോംബെ) മുസ്‌ലിംകള്‍ ഗെറ്റോകളിലേക്ക് ഒതുക്കപ്പെട്ടുവെങ്കിലും ഈ പ്രദേശങ്ങളിലെ ജീവിത ക്ലേശങ്ങളില്‍ നിന്ന് രക്ഷ നേടാനായി സാവധാനം ആളുകള്‍ ഹിന്ദു പ്രദേശങ്ങളിലേക്ക് താമസം മാറ്റി തുടങ്ങിയിരുന്നു. എന്നാല്‍ 1992-93 കാലത്തെ കലാപം നഗരത്തിലെ സാമുദായിക വിടവുകള്‍ കൂടുതല്‍ ശക്തമാക്കുകയും മുസ്‌ലിംകള്‍ പഴയ സ്ഥലങ്ങളിലേക്ക് തിരിച്ച് പോവുകയോ മുമ്പ്ര പോലുള്ള പുതിയ ഗെറ്റോകള്‍ രൂപീകരിച്ച് താമസം തുടങ്ങുകയോ ചെയ്തു. ഇത്തരം മുസ്‌ലിം കേന്ദ്രങ്ങള്‍ ഗവണ്‍മെന്റ് എന്നും പ്രശ്‌നകേന്ദ്രങ്ങളായാണ് കണ്ടത്. ഇവിടങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനോ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനോ യാതൊരു ശ്രമങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. കാലക്രമത്തില്‍ സാമൂഹികമായ അതിര്‍ത്തികള്‍ക്ക് അസമത്വങ്ങളെക്കൊണ്ട് മൂര്‍ത്തീകരണം കൈവന്നു. ഇത്തരം പ്രശ്‌നകേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അവയെ നിരീക്ഷിക്കാനുമുള്ള ‘ലംബ പരമാധികാര’ കേന്ദ്രങ്ങളാണ് മുസ്‌ലിം പ്രദേശങ്ങള്‍ക്ക് മുകളിലൂടെ നിര്‍മ്മിക്കപ്പെട്ട മുംബൈയിലെ ഫ്‌ളൈ ഓവറുകള്‍ എന്ന് സരോവര്‍ സൈദി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം നിര്‍ണ്ണിതമായ സാമൂഹികാതിര്‍ത്തികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നിടത്താണ് തുടക്കത്തില്‍ പറഞ്ഞ ബൈക്കുകള്‍ക്ക് സാമൂഹിക പ്രസക്തി കൈവരുന്നത്. മുസ്‌ലിം ആഘോഷ ദിവസങ്ങളിലും അല്ലാത്ത സമയത്തും ട്രാഫിക് നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കാതെ തങ്ങളുടെ സാമുദായിക ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് കൂട്ടമായി ഈ ബൈക്കുകള്‍ ചീറിപ്പാഞ്ഞുകൊണ്ടിരിക്കും. പൊതുവെ മുസ്‌ലിംകള്‍ക്ക് പ്രവേശനമനുവദിക്കാത്ത സ്ഥലങ്ങളിലേക്ക് അവര്‍ക്ക് പ്രവേശനം നേടിത്തരുന്നത് ഈ ബൈക്കുകളാണ്. ‘ഒരു നിയമങ്ങളെയും സാംസ്‌കാരിക കേന്ദ്രങ്ങളെയും ബഹുമാനിക്കാതെ പാഞ്ഞുകൊണ്ടിരിക്കുന്ന ഈ മുസ്‌ലിം കുട്ടികളെ കണ്ടില്ലേ, ഒട്ടകങ്ങളെ മേച്ച ഹാങ്ങോവറായിരിക്കും ഈ ഓട്ടപ്പാച്ചിലിന് പിന്നില്‍’ – മുംബൈയിലെ ഒരു പൗരപ്രമുഖന്റെ പരാതി ആയിരുന്നു ഇത്. തങ്ങള്‍ നിര്‍ണ്ണയിക്കുന്ന സാമൂഹിക അതിര്‍ത്തിക്കുള്ളിലൊതുങ്ങാന്‍ തയാറാവാത്ത മുസ്‌ലിം ജീവിതങ്ങളെക്കുറിച്ചുള്ള ഇച്ചാഭംഗമായിട്ടാണ് സരോവര്‍ സൈദി ഇത്തരം അഭിപ്രായപ്രകടനങ്ങളെ കാണുന്നത്. കലാപത്തിലൂടെ അന്യമാക്കപ്പെട്ട ചുറ്റുപാടുകള്‍ കലാപാനന്തര തലമുറ പുതിയ മാര്‍ഗങ്ങളിലൂടെ തിരിച്ചെടുക്കുകയാണ് ഈ ബൈക്കുകളിലൂടെ.

കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തെ കാമ്പസുകളില്‍ പ്രതിരോധ സമരങ്ങള്‍ സജീവമാകുന്ന സമയത്താണ് മുംബൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുംബൈ കളക്റ്റീവ് എന്ന കുട്ടായ്മയുടെ കീഴില്‍ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നരിമാന്‍ പോയിന്റില്‍ സംഗമം നടത്തിയത്. മുംബൈയിലെ മഅ്ദിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജവാദ് മുസ്ത്വഫവിയോടൊപ്പമായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. ‘മുംബൈ കലാപത്തിന് ശേഷമുള്ള ഇരുപത്തിനാല് വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ജ്യോതി പുല്‍വാനി സംസാരിച്ചു. തന്റെ മാധ്യമ പ്രവര്‍ത്തന ജീവിതത്തില്‍ അനുഭവപ്പെട്ട കലാപാനന്തര മുസ്‌ലിം ജീവിതങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവരുടെ വിവരണം ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ അടങ്ങിയതായിരുന്നു. 2012ല്‍ ആസാദ് മൈതാനില്‍ നടന്ന മുസ്‌ലിം സംഗമം, മുസ്‌ലിം പെണ്‍കുട്ടിയുടെ അറസ്റ്റിലേക്ക് നയിച്ച ബാല്‍ താക്കറെയുടെ മരണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്, പട്ടണത്തിലെ മുസ്‌ലിം ബൈക്കുകള്‍ എന്നീ മൂന്ന് ചിത്രങ്ങളാണ് അവര്‍ ഈ മാറ്റത്തെ അടയാളപ്പെടുത്താനായി മുന്നോട്ട് വെച്ചത്. ബാല്‍താക്കറെയുടെ മരണാനന്തരം ഒരു രാഷ്ട്രീയക്കാരന്റെ മരണത്തില്‍ പേടിച്ച് കടകള്‍ അടക്കേണ്ടി വരുന്നു എന്നത് ദുഖകരമാണ് എന്നായിരുന്നു ആ കുട്ടി പോസ്റ്റ് ചെയ്തത്. താനൊരു മുസ്‌ലിമാണ് എന്നും താന്‍ സംസാരിക്കുന്നത് ബാല്‍താക്കറയെക്കുറിച്ചാണ് എന്നുമുള്ള രണ്ട് വസ്തുതകള്‍ ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള യാതൊരു ആശങ്കകളുമില്ലാതെ വളരെ സ്വാഭാവികമായി ആണ് ആ പെണ്‍കുട്ടി പോസ്റ്റ് ചെയ്യുന്നത്. അതുപോലെ കലാപത്തിന്റെ ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് തങ്ങളുടെ സാമുദായിക ചിഹ്നങ്ങളുമായിത്തന്നെ ബൈക്കുമായി കടന്ന് ചെല്ലുന്ന മുസ്‌ലിം യുവാക്കള്‍ സമുദായം കലാപാനന്തരം നേടിയെടുത്ത ആത്മവിശ്വാസത്തെ അടയാളപ്പെടുത്തുന്നുണ്ട്. പുല്‍വാനിയുടെ അഭിപ്രായത്തില്‍ കലാപത്തിന്റെ മുറിവുകളുടെ മറവിയാണ് ഇത്തരം ഒരു ആത്മ വിശ്വാസം നേടിയെടുക്കുന്നതിലേക്ക് മുംബൈയിലെ മുസ്‌ലിംകളെ നയിച്ചത്.

സൗത്തേഷ്യന്‍ കീഴാള ജീവിതങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍ ചേരികള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത ഇടമാണുള്ളത്. പ്രത്യേകിച്ചും ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവിയും അവിടെയുള്ള മുസ്‌ലിം ജീവിതങ്ങളും. ചേരികളുടെ പിറവിയിലേക്ക് നയിക്കുന്ന അധികാരഘനടയുടെ പുറംതള്ളലുകള്‍ കീഴാള ജീവിതങ്ങളെ നിസ്സഹായരും പരാജിതരുമാക്കി മാറ്റുന്നു എന്ന വാദത്തെ പ്രതിരോധിച്ച് കൊണ്ട് ധാരാവി നിസ്സഹായതയുടെയും പട്ടിണിയുടെയും ചിത്രമല്ല, മറിച്ച് മനുഷ്യന്റെ തിരിച്ചുവരവിന്റെയും പോരാട്ടങ്ങളുടെയും ഇടംകൂടിയാണ് എന്നാണ് സൈമണ്‍ ക്രരാര്‍ മുംബൈ സ്‌ലം ടൂറിലൂടെയും കല്പന ശര്‍മ്മ റിഡിസ്‌കവറിംഗ് ധാരാവിയിലുടെയും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. 665 മില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ചെറുകിട ഉല്പാദനകേന്ദ്രങ്ങളുടെ ഒരു ശൃംഖലയാണ് ധാരാവി എന്നും ആധുനിക വ്യവസായ സങ്കേതങ്ങളുടെ വിജയകരമായ പ്രയോഗങ്ങളുടെയും മുതല്‍മുടക്കുകളുടെയും ചിത്രങ്ങളാണ് അവിടെയുള്ളത് എന്നുമാണവര്‍ പറയാന്‍ ശ്രമിച്ചത്. നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ സ്‌ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിന് നേരിട്ട ഏറ്റവും വലിയ വിമര്‍ശനം ചിത്രം മുംബൈ ചേരികളുടെ പട്ടിണികളുടെയും ദുരിതങ്ങളുടെയും പാശ്ചാത്യ കൗതുക വിവരണങ്ങളുടെ ഭാഗമാണ് എന്നതായിരുന്നു. അര്‍ജുന്‍ അപ്പാദുരൈയുടെ നേതൃത്വത്തിലുള്ള ‘പുകാര്‍’ ചിത്രത്തിനെതിരെ പ്രാദേശികതലത്തില്‍തന്നെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചിത്രത്തില്‍ ‘സ്ലം’ എന്ന പദപ്രയോഗത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ധാരാവി എന്നത് സാമ്പത്തിക സംരംഭക കേന്ദ്രമായി കാണണം എന്നുമുള്ള വാദങ്ങളായിരുന്നു ‘പുകാര്‍’ പ്രതിഷേധങ്ങളുടെ കാതല്‍. അറുപത് വര്‍ഷം കൊണ്ട് ജീവയോഗ്യമല്ലാത്ത ഒരു പ്രദേശത്തെ നഗരത്തിന്റെ ജീവനാടിയും സ്വീഡനടക്കമുള്ള പ്രദേശങ്ങളിലേക്ക് ഉല്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്ന ഒരു മില്ല്യണ്‍ ഡോളര്‍ വിറ്റുവരവുള്ള സാമ്പത്തിക വിസ്മയമാക്കി മാറ്റുകയും ചെയ്ത ജീവിതങ്ങളെ ലോകം കാണേണ്ടതുണ്ട് എന്ന് ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ മറ്റിയാസ് എക്കനോവെയും രാഹുല്‍ ശ്രിവാസ്തവയും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം പ്രതിരോധ ശ്രമങ്ങളെ സബാള്‍ട്ടേണ്‍ അര്‍ബനിസം എന്നാണ്  എന്നാണ് അനന്യ റോയ് തന്റെ സ്‌ലം ഡോഗ് സിറ്റീസില്‍ വിളിക്കുന്നത്.

നഗരങ്ങളിലെ കീഴാള ജീവിതങ്ങളെക്കുറിച്ചുള്ള ഈ ഒരു മറുവാദത്തില്‍ ഒരുപാട് കെണികള്‍ മറഞ്ഞ് കിടപ്പുണ്ട്. ചേരികളുടെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ ആണ്ട് കിടക്കുന്നതുമാണ്. നഗരങ്ങള്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുക മാത്രമല്ല, ഗ്രാമങ്ങളിലെ സാമ്പത്തിക വ്യവസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വിലകുറഞ്ഞ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഈ തൊഴില്‍ രഹിതരായ ആളുകളെ നഗരങ്ങളിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതേ മുതലാളിത്ത വ്യവസ്ഥ തന്നെ ഒരുക്കുന്ന അവസരങ്ങളാണ് ഈ പ്രതിരോധ ആഖ്യാനങ്ങള്‍ വിജയകരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും. ഇവിടെ നഗരങ്ങളിലെ കീഴാളര്‍ വേണ്ടത്ര പ്രതിഷേധമുയര്‍ത്താത്തതാണ് അവരുടെ അവസ്ഥയില്‍ വേണ്ടത്ര മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാതിരിക്കാന്‍ കാരണമെന്ന് അമര്‍ത്യാ സെന്‍ പറയുന്നത് കാണാം. ഇവിടെയാണ് ഗായത്രി സ്പിവാക്കിന്റെ കീഴാളര്‍ക്ക് സംസാരിക്കാനാവുമോ (രമി ൗെയമഹലേൃി ുെലമസ) എന്ന ചോദ്യത്തില്‍ പ്രസക്തി കൈവരുന്നത്. ഭരണകുടത്തിന്റെയും സാമൂഹിക സാമ്പത്തിക വ്യവസ്ഥയുടെയും തുടര്‍ച്ചയായ പുറംതള്ളലുകള്‍ക്ക് വിധേയമാവുകയും വ്യത്യസ്തമായ അധികാര ഘടനകളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഈ മനുഷ്യരുടെ ജീവിതത്തിലെ സഹനം, പ്രതിരോധം എന്നിവ എങ്ങിനെയാണ് നാം മനസ്സിലാക്കുക?

വ്യത്യസ്തങ്ങളായ സാമൂഹിക അധീശത്വ അധികാര ഘടനകൾ രൂപപ്പെടുത്തുന്ന സ്ഥല, കാല നിർണ്ണയങ്ങളോട്  (spatio temporal fixation) മുസ്ലിംകൾ നിത്യ ജീവിതത്തിൽ   അറിഞ്ഞോ അറിയാതെയോ രൂപപ്പെടുത്തുന്ന മുറിച്ചു കടക്കലുകളെ മുന്നിൽ വെച്ച് പ്രതിരോധ ആഖ്യാനങ്ങളെ പുനരാലോചനക്ക് വിധേയമാക്കേണ്ടതിന്‍റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കാനാണ് ഞാൻ ഇത്രയും പറഞ്ഞ് വെച്ചത്. ദേശ രാഷ്ട്രങ്ങൾ അടിച്ചേൽപ്പിക്കുന്ന രേഖീയവും ഏകാത്മകവുമായ സ്ഥല കാല വ്യാഖ്യാനങ്ങളും അവയോട് വിമർശനാത്മകമായി സംവദിക്കുകയും സമാന്തരമായ വ്യാഖ്യാനങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന പ്രതിരോധ ശ്രമങ്ങളും രൂപപ്പെടുത്തുന്ന ദ്വന്ദ്വങ്ങൾക്കപ്പുറത്തുള്ള സ്ഥല കാല യുക്തിക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുന്നവരെ നാം എങ്ങിനെ അഭിമുഖീകരിക്കും എന്ന ചോദ്യം കൂടുതൽ ആലോചനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിതത്തെ ആസകലം മൂടുന്ന അധികാര ഘടനകളോട് മുസ്ലിംകൾ നിത്യ ജീവിതത്തിൽ എങ്ങിനെ സംവദിക്കുന്നു എന്ന് മുൻ ധാരണകൾ മാറ്റിവെച്ചുള്ള അന്യേഷണങ്ങളിലൂടെ മനസ്സിലാക്കിയാൽ മാത്രമെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താനാവൂ എന്നാണ് ഞാൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

പാക്കിസ്ഥാനി കോളമിസ്റ്റായ റസാ റൂമി തന്റെ ‘ഡല്‍ഹി ബൈഹാര്‍ട്ട്’ എന്ന പുസ്തകത്തില്‍ ഡല്‍ഹി ജമാമസ്ജിദിനടുത്ത് വെച്ച് ഒരു ഗുജറാത്തി മുസ്‌ലിമിനെ പരിചയപ്പെട്ട അനുഭവം വിവരിക്കുന്നുണ്ട്. ഫാക്ടറിറിലെ തന്റെ ജോലി നഷ്ടപ്പെട്ടതിനെതിരെ സുപ്രിം കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ടാണയാള്‍ ഡല്‍ഹിയിലെത്തിയത്. ഗുജറാത്തിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെക്കുറിച്ച് ചോദിച്ചപ്പോള്‍ എഴുത്തുകാരനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഹദീസ് വചനങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ഉദ്ധരിച്ച് ഇഹലോകത്ത് സംഭവിക്കുന്ന കഷ്ടപ്പാടുകള്‍ വിശ്വാസിക്ക് നേരിടാനുള്ള പരീക്ഷണങ്ങളാണെന്നും നീതി എന്നത് പ്രവാചകന്‍ പരലോകത്ത് വാഗ്ദാനം ചെയ്തതാണെന്നുമായിരുന്നു അബ്ദുല്‍ അശ്‌റഫ് എന്ന ആ വ്യക്തിയുടെ ഉത്തരം. ഗുജറാത്തിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്ന അയാള്‍ ഉദ്ധരിച്ച ആയത്തുകളും ഹദീസുകളും തനിക്ക് പരിചയമുള്ളവ ആയിരുന്നെങ്കിലും അയാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ച വാദം എനിക്ക് അപരിചിതമായിരുന്നു. എന്തുകൊണ്ടായിരിക്കും തന്റെ ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് ഉത്തരവാദി ആയ മോഡിയുടെ പേര്‍ അയാള്‍ പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്നത് എന്ന് റസാ റൂമി അത്ഭുതപ്പെടുന്നുണ്ട്. റസാ റൂമിയുടെ യുക്തിക്ക് പിടി കൊടുക്കാത്ത ആ മനുഷ്യനെ നമ്മള്‍ ഏത് പട്ടികയിലാണ് ഉള്‍പ്പെടുത്തുക എന്ന ചോദ്യം നമ്മെ വീണ്ടും കുഴക്കുന്നതാണ്.

രണ്ടായിരത്തി പതിനഞ്ചില്‍ നടന്ന കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിന്റെ പരിപാടിയില്‍ ഐ എസ് , ബോക്കൊ ഹറാം തുടങ്ങിയ സംഘടനകളെക്കുറിച്ചുള്ള ചോദ്യത്തിന് ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ നല്‍കിയ മറുപടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്: ‘ഇന്നത്തെ മൗറിത്താനിയയുടെ കിഴക്ക് ഭാഗത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ എണ്‍പത് വര്‍ഷങ്ങള്‍ക്കപ്പുറത്താണ് എന്റെ ജനനം. അന്ന് ഞാനൊരു ഫ്രഞ്ച് കറുത്ത വര്‍ഗ്ഗക്കാരനായിട്ടാണ് പരിഗണിക്കപ്പെട്ടത്. പിന്നീട് ഞങ്ങള്‍ ഫ്രാന്‍സിന്റെ മൗറിത്താനിയന്‍ കോളനിയുടെ ഭാഗമായി മാറി. ശേഷം സ്വതന്ത്രമായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് മൗറിത്താനിയയുടെയും. പക്ഷെ ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും ഞങ്ങളുടെ ആ ചെറിയ ഗ്രാമത്തില്‍ മാറ്റങ്ങളൊന്നും സംഭവിക്കുന്നുണ്ടായിരുന്നില്ല. മാലിയുടെ അതിര്‍ത്തിയില്‍ നിന്നും 45 കിലോമീറ്റര്‍ മാത്രം അകലെ ആയിരുന്നു ആ ഗ്രാമം. അധികം വിദൂരത്തല്ലാതെ ഞാന്‍ തീവ്രവാദികളെ കണ്ടിട്ടുണ്ട്. ഭൂമിശാസ്ത്രം എന്ന പ്രശ്‌നം മാറാന്‍ വളരെ ബുദ്ധിമുട്ടുള്ളതാണ്. ഞാന്‍ ഇപ്പോള്‍ വരുന്ന മിഡില്‍ ഈസ്റ്റിലും ഇത്തരം ഭൂമിശാസ്ത്ര ധര്‍മ്മ സങ്കടങ്ങള്‍ (റശഹലാാമ) നിലനില്‍ക്കുന്നുണ്ട് . ഇവിടെ ഭരണകൂടത്തിന്റെയോ അതിന്റെ ഭൂമിശാസ്ത്ര ധര്‍മ്മ സങ്കടങ്ങളോ അലട്ടാത്ത ഗ്രാമീണ ജീവിതങ്ങളെയാണ് ശൈഖ് പരിചയപ്പെടുന്നത്.’ അധീശത്വ/ പ്രതിരോധ ആഖ്യാനങ്ങളുടെ കാതലായ സ്‌പേഷ്യോ ടെമ്പോറല്‍ ബന്ധനങ്ങള്‍ക്ക് പുറത്തുള്ള ഇത്തരം ജീവിതങ്ങള്‍ നമ്മുടെ എല്ലാം വ്യാഖ്യാന വ്യവഹാരങ്ങള്‍ക്കുമപ്പുറത്താണ് എന്ന് തിരിച്ചറിയാന്‍ ഈ ഉദാഹരണങ്ങള്‍ മതിയാവും എന്നാണ് എന്റെ വിശ്വാസം.

സ്ഥല കാല ഏകീകരണം കൊളോണിയല്‍ ഭരണകൂടങ്ങളുടെ ഭരണ സംവിധാനങ്ങളുടെ ഉല്‍പന്നമായിട്ടാണ് രൂപപ്പെടുന്നത്. രേഖീയമായ വ്യാഖ്യാന വ്യവഹാരങ്ങളിലൂടെ രാജ്യം എന്നതൊരു ഏകാത്മക ശൂന്യ സമയമാണ് (വീാീഴലിീൗ െലാു്യേ ശോല) എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഉദ്യോഗസ്ഥ സംവിധാനവും ഭരണകൂടവും ചെയ്തത്. അതേ സമയം ഭരണീയരായ സാധാരണ ജനങ്ങള്‍ വൈജാത്യം നിറഞ്ഞ സമയ മണ്ഡലങ്ങള്‍ക്കകത്ത് തന്നെ ജീവിതം തുടര്‍ന്നു. ഇത് ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയില്‍ സ്വരച്ചേര്‍ച്ചകള്‍ക്ക് ഇടമൊരുക്കി എന്ന് പാര്‍ത്ത ചാറ്റര്‍ജി തന്റെ ‘ ദി പൊളിറ്റിക്‌സ് ഓഫ് ദ ഗവേണ്‍ഡ്’ എന്ന പുസ്തകത്തിലെ ദ നേഷന്‍ ഇന്‍ ഹെട്രോജനസ് ടൈം എന്ന് അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അധുനിക ഭരണകൂടങ്ങള്‍ തുടര്‍ച്ചയായ വര്‍ഗീകരണങ്ങളിലുടെയും പരിഷ്‌കരണങ്ങളിലൂടെയുമാണ് ഇത്തരം അസ്വാരസ്യങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. ഭരണകൂടങ്ങള്‍ മാത്രമല്ല, എല്ലാ അധികാര വ്യവസ്ഥിതികളും ഇത്തരം സ്ഥല, കാല ഏകീകരണ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. ഓര്‍മ പുതുക്കലുകളുടെ രൂപത്തിലാണ് പലപ്പോഴും പ്രതിരോധ സമര വക്താക്കള്‍ സമാന്തരമായ രേഖീയ സമയ വ്യാഖാന വ്യവഹാരങ്ങള്‍ വികസിപ്പിക്കുന്നത്. കലാപങ്ങളുടെയും ഭരണകൂട അടിച്ചമര്‍ത്തലുകളുടെയും ഓര്‍മ്മകളെ ഉണര്‍ത്തുകയും വാര്‍ഷികങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് ഇത്തരം ഒരു ശ്രമത്തിന്റെ ഭാഗമായിട്ട് വേണം കാണാന്‍. ഇങ്ങനെ രൂപപ്പെടുത്തുന്ന സ്ഥല കാല ബന്ധങ്ങള്‍ക്കപ്പുറത്ത് ജീവിക്കുന്നവരെ അധീശത്വ ആധികാരഘടനക്ക് കീഴൊതുങ്ങുന്നവരായി വ്യാഖ്യാനിക്കാനുള്ള വ്യഗ്രത വളരെ സജീവമാണ് . ഈ ഒരു പശ്ചാത്തലത്തില്‍ വേണം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോട് മനാമയില്‍ വെച്ച് ഗുജറാത്ത് കലാപത്തെക്കുറിച്ചും മോഡിയെക്കുറിച്ചുമുള്ള ചോദ്യവും അതിനെക്കുറിച്ച് അറിയില്ല എന്ന അദ്ദേഹത്തിന്റെ മറുപടിയും വായിക്കാന്‍. മോഡിയും ഭരണകൂടവും ഒരു ഭാഗത്ത് നിന്നും പ്രതിരോധ ശ്രമങ്ങള്‍ മറുഭാഗത്തു നിന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സമയ ബോധങ്ങളെ തിരസ്‌കരിക്കുന്നതിലൂടെ കാന്തപുരത്തെ എവിടെ പ്രതിഷ്ഠിക്കണം എന്ന ചോദ്യം ബാക്കിയാവുന്നിടത്താണ് മോഡി അനുകൂലി എന്ന ആക്ഷേപം ചിലര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. തൊള്ളായിരത്തി എഴുപതുകള്‍ക്ക് ശേഷമുള്ള ഫെമിനിസ്റ്റ് പഠനങ്ങളില്‍ തങ്ങളുടെ പ്രതിരോധ ഫ്രൈംവര്‍ക്കുകള്‍ക്ക് അകത്ത് ഒതുങ്ങാത്ത സ്ത്രീ ജീവിതങ്ങളെ അധീശത്വ വ്യവസ്ഥക്ക് കീഴൊതുങ്ങി ജീവിക്കുന്നവരായി വ്യാഖ്യാനിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ സബാ മഹ്മൂദ് പൊളിറ്റിക്‌സ് ഓഫ് പിയിറ്റിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നാല് ചിത്രങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. മുംബൈയിലെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ ബൈക്ക് ഓടിക്കുന്ന മുസ്‌ലിം യുവാക്കളും, ആധുനിക ഭൂമിശാസ്ത്ര ധര്‍മ്മ സങ്കടങ്ങളെക്കുറിച്ച് വ്യാകുലനല്ലാത്ത ശൈഖ് ഇബ്‌നു ബയ്യയും ഒരു ഭാഗത്തും, മോഡിയെക്കുറിച്ച് മിണ്ടാത്ത ഗുജറാത്തി മുസ്‌ലിമായ അബ്ദുല്‍ അശ്രഫും ഗുജറാത്ത് വംശീയ കലാപത്തിന്റെ സൂത്രധാരകര്‍ രാജ്യം ഭരിക്കുന്നതില്‍ ആശങ്കയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനെകുറിച്ചൊന്നും ഞങ്ങള്‍ക്കറിയില്ലെന്ന് പ്രതികരിച്ച കാന്തപ്പുരം ഉസ്താദും മറുഭാഗത്തും. ഏത് സ്ഥല കാല വ്യാഖ്യാന വ്യവസ്ഥക്കകത്ത് ഭാഷയുടെ ഏതെല്ലാം വര്‍ഗ്ഗീകരണങ്ങള്‍ ഉപയോഗിച്ചാവും ഈ നാല് ചിത്രങ്ങളുംകൂടി നമുക്ക് അടുക്കി വെക്കാനാവുക എന്ന ചോദ്യം ഭരണകൂട ഭീകരതയുടെ കാലത്ത് പ്രതിരോധ ശ്രമങ്ങളുടെ വിജയ സാധ്യതകളെക്കുറിച്ച ആശങ്കകളുയരുന്ന ഈ സമയത്ത് പുനര്‍ വിചിന്തനത്തിന് വിധേയമാക്കി ഉത്തരം കണ്ടെത്തേണ്ടതുമാണ്. ദേശ രാഷ്ട്ര ബന്ധനങ്ങള്‍ക്കപ്പുറത്ത് ഇസ്‌ലാം മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്ന സ്‌പേഷ്യോ ടെമ്പൊറാലിറ്റിയുടെ സാധ്യതകള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ രൂപപ്പെടാത്ത കാലത്തോളം നിര്‍ണിത വര്‍ഗീകരണങ്ങള്‍ക്കകത്തെ സൗകര്യങ്ങളില്‍ ആശ്വാസം കണ്ടെത്തുക മാത്രമായിരിക്കും ബാക്കിയായ വഴി.

റഫറന്‍സ്

The city and the city: Space and Semiotics of Muslim Bombay By Sarover Zaidi http://www.chapatimystery.com/archives/potpurri/the_ctiy_and_the_ctiy_space_and_semiotics_of_muslim_bombay.html
 Jyoti Punwani- – Changing Dynamics of Muslim -ShivSena Relationship https://www.youtube.com/watch?v=0g5zWr1nx7o&t=1604s
 Mumbai slum tour: why you should see Dharavi.
 Simon Crerar. The Times 13 May. http://www.thetimes.co.uk/ttot/r-avel/destinations/india/article2502033.ece
 Rediscovering Dharavi: Stories from Asia’s Largest Slum by Kalpana Sharma
 Taking the slum out of ‘slumdog by Echanove and Srivastava. The New York Times 2009 February
 Slumdog Cities: Rethinking Subaltern Urbanism by Ananya Roy
 In Other Worlds: Essays in Cultural Politics by Gaytari Chakravorty Spivak
 Delhi By Heart by Raza Rumi
 A Conversation With Shaykh Abdallah bin Bayyah. http://www.cfr.org/radicalization-and-etxremism/conversation-shaykh-abdallah-bin-bayyah/p36726
 The Politics of the Governed by Partha Chatterjee
 Politics of pitey by Saba Mahmood
മശ്കൂര്‍ ഖലീല്‍