ഫലസ്തീന്‍ നൂറു കൊല്ലത്തെ നാടകങ്ങള്‍

ഫലസ്തീന്‍ നൂറു കൊല്ലത്തെ നാടകങ്ങള്‍

2008 വിട പറയാനിരുന്ന കാലം. ന്യൂഡല്‍ഹിയില്‍നിന്ന് സുഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് ജോര്‍ദാന്‍ വഴി വിമാന യാത്രയിലാണ് ശാഹിദ്. നിയുക്ത യു.എസ് പ്രസിഡന്റ് ബറാക് ഹുസൈന്‍ ഒബാമയെ കുറിച്ചുള്ള പുസ്തകം (‘Barack Obama, The New Face of American Politics) വെട്ടം കുറഞ്ഞ വിമാനത്തിനകത്തും കഷ്ടപ്പെട്ട് വായിക്കുന്നത് അടുത്തിരിക്കുന്ന അറബ്‌വംശജന്‍ കൗതുകത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘യാ ഹബീബീ …’ ചുമലില്‍ തട്ടി അദ്ദേഹം പരിചയപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു സംസാരിക്കാന്‍ ഔല്‍സുക്യം കൂടിയത് പോലെ. വിദേശ യൂനിവേഴ്‌സിറ്റികളില്‍ അറബ് ഇസ്‌ലാമിക വിഷയത്തെ കുറിച്ച് ക്ലാസെടുക്കുന്ന പ്രശസ്തനായ വിസിറ്റിംഗ് പ്രഫസറാണ് എന്റെ സഹയാത്രികനെന്ന് മനസ്സിലാക്കിയപ്പോള്‍ കൂടുതല്‍ ചോദിച്ചറിയണമെന്നായി: ഒബാമ വൈറ്റ് ഹൗസില്‍ എത്തുന്നതോടെ ഗുണകരമായ വല്ല മാറ്റവും പ്രതീക്ഷിക്കാമോ ? മറുപടി പെട്ടെന്നായിരുന്നു. ”ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പക്ഷേ, അത് അറബ് ലോകത്തായിരിക്കില്ല. ഇസ്രായേല്‍ ഭൂമുഖത്ത് നിലനില്‍ക്കുന്ന കാലത്തോളം സയണിസ്റ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം പടിഞ്ഞാറന്‍ ശക്തികള്‍ക്ക്, ക്രിസ്ത്യാനികള്‍ക്ക്, ഈ ഭാഗത്ത് ഒരജണ്ടയും നടപ്പാക്കാനാവില്ല.” ഫലസ്തീനികള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ഒരവസരം? അല്‍പം ഗൗരവത്തോടെ അദ്ദേഹം എന്റെ മുഖത്ത് നോക്കി. ”ഫലസ്തീനികള്‍ക്ക് വേണ്ടി അമേരിക്കയും ബ്രിട്ടനും റഷ്യയും അജണ്ട മാറ്റുകയോ? നിങ്ങള്‍ക്കൊന്നും പശ്ചിമേഷ്യയുടെ രാഷ്ട്രീയം അറിയില്ല മക്കളേ. 20ാം നൂറ്റാണ്ടില്‍ നടന്ന യുദ്ധങ്ങളെല്ലാം പശ്ചിമേഷ്യയില്‍ ആര് ആധിപത്യം സ്ഥാപിക്കണം എന്ന് തീരുമാനിക്കാനായിരുന്നു. കുരിശുയുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല. നിങ്ങള്‍ അറിയുന്ന ഫലസ്തീന്‍ നേതാക്കള്‍ക്ക് പോലും അവരുടെ മണ്ണില്‍ സമാധാനം പുലര്‍ന്നുകാണാന്‍ ആഗ്രഹമുണ്ടെന്ന് കരുതുന്നുണ്ടോ? അവര്‍ പോലും കോളനിമുതലാളിമാരുടെ പേറോളിലാണ്. മതാന്ധതയും രാഷ്ട്രീയ കുടിലതയും കൊടും വഞ്ചനയും കച്ചവടവും കൂട്ടിക്കൊടുപ്പും ഒത്തുചേര്‍ന്ന ആഗോളതട്ടിപ്പാണ് ഫലസ്തീന്‍ സമസ്യ.”

എപ്പോള്‍ ഫലസ്തീന്‍ ചിന്തയിലെത്തിയാലും ആ ബുദ്ധിജീവി പറഞ്ഞവാക്കുകള്‍ ഓര്‍മയിലോടിയെത്തും. ഇപ്പോള്‍ വീണ്ടുമെത്തിയത് 2017ന്റെ പ്രഭാത വേളയില്‍ നടന്ന കൊട്ടിഘോഷിക്കപ്പെട്ട മറ്റൊരു അന്താരാഷ്ട്ര ‘നാടകം’ കണ്ടപ്പോളാണ്. ഫലസ്തീനികളുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ലോകം വീണ്ടും ഒത്തുകൂടിയിരിക്കുന്നു. അതും വന്‍ശക്തികളുടെ കാര്‍മികത്വത്തില്‍. ഫലസ്തീനികള്‍ക്ക് ഇപ്പോള്‍ പെട്ടെന്ന് എന്തു സംഭവിച്ചു എന്ന് ചോദിച്ചേക്കരുത്. ജനുവരി15,16തീയതികളില്‍ പാരീസില്‍ േചര്‍ന്ന സമ്മേളനത്തില്‍ എഴുപത് രാജ്യങ്ങളുടെ പ്രതിനിധികളാണത്രെ പങ്കെടുത്തത്. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിനു മുമ്പ് ‘ദ്വിരാഷ്ട്ര’ ഫോര്‍മുലയില്‍ പിടിച്ച് ഒരിക്കല്‍ കൂടി ശപഥമെടുക്കണമെന്ന് തോന്നിയത് ഒബാമ ഭരണ കൂടത്തിനായിരിക്കാം. എന്തായിരുന്നു രാഷ്ട്രാന്തരീയ സംഗമത്തിന്റെ ലക്ഷ്യമെന്ന് ചോദിച്ചാല്‍, വ്യക്തമായ ഉത്തരം തരാന്‍ ആര്‍ക്കുമാവില്ല. കാരണം, അതൊരു നാടകം മാത്രമായിരുന്നു.ആത്മാര്‍ഥത ഉണ്ടങ്കിലല്ലേ അജണ്ട വെച്ച് ചര്‍ച്ച ചെയ്യേണ്ടതുള്ളൂ. ഒബാമ എട്ടുവര്‍ഷം ലോകം ഭരിച്ചിട്ടും ഒരിഞ്ച് മുന്നോട്ട് നീക്കാനാവാത്ത ഒരു സമസ്യ, വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോള്‍ എടുത്തിട്ടതിന്റെ ധാര്‍മികവശം അന്വേഷിക്കുന്നത് തന്നെ പോഴത്തമായിരിക്കാം. ഫ്രാന്‍സാണ് ഇങ്ങനെയൊരു സമ്മേളനം വിളിച്ചുകൂട്ടിയത്. അന്താരാഷ്ട്രതലത്തില്‍ തങ്ങള്‍ക്ക് ഒരു ഇടമുണ്ടെന്ന് ലോകത്തെ അറിയിക്കാനുള്ള കുറുക്കുവഴി. സമ്മേളനാന്ത്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെ: പ്രശ്‌നപരിഹാരത്തിനുള്ള പ്രതിബദ്ധത പുനഃപ്രഖ്യാപനം നടത്തേണ്ടതിന്റെയും നിലവിലെ നിഷേധാത്മക പ്രവണതകള്‍ തിരിച്ചു വിടുന്നതിനു അടിയന്തര നടപടികള്‍ കൈകൊള്ളേണ്ടതിന്റെയും തുടരുന്ന ഹിംസയും കുടിയേറ്റ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. അതിനു ഫലസ്തീന്റെ പരമാധികാരം ഇസ്രായേല്‍ അംഗീകരിക്കണമത്രെ. അതുപോലെ ഇസ്രായേലിന്റെ സുരക്ഷ ഫലസ്തീനികളും . ഒപ്പം, 1967ല്‍ തുടങ്ങിയ കുടിയേറ്റം അവസാനിപ്പിച്ച് യു.എന്‍ സുരക്ഷാ സമിതിയുടെ പ്രമേയാനുസൃതം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ‘യുസ്‌ലെസ്’ എന്ന് വിശേഷിപ്പിച്ച സമ്മേളനത്തെ കുറിച്ച് ജനുവരി 20നു അമേരിക്കയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്ന ട്രംപിനു പുച്ഛമായിരുന്നു. തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് ഇസ്രയേലിന്റെ തലസ്ഥാനം മാറ്റുമെന്ന് ആവര്‍ത്തിക്കുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം കുടിയേറ്റത്തെ കുറിച്ച ഓരോ വാക്കും അര്‍ഥശൂന്യമാണ്. എന്നാല്‍, ലോകം കൂടുതലൊന്നും ചര്‍ച്ച ചെയ്യാതെ പോയത്, ബ്രിട്ടന്‍ വഞ്ചനയുടെ മുഖംമൂടി പരസ്യമായി എടുത്തുമാറ്റിയതാണ്. 69 പ്രതിനിധികള്‍ പ്രമേയം അംഗീകരിക്കാന്‍ മുന്നോട്ടുവന്നപ്പോഴും തെരേസമെയുടെ നാട് വിട്ടുനിന്നു. തങ്ങള്‍ നിരീക്ഷകര്‍ മാത്രമാണെന്നായിരുന്നു വാദം. പക്ഷേ, കഴിഞ്ഞ നൂറു വര്‍ഷമായി തുടരുന്ന രാഷ്ട്രാന്തരീയ കാപട്യത്തിന്റെയും കൊലച്ചതിയുടെയും നിലക്കാത്ത ശൃംഖലയിലെ ചെറിയൊരു അധ്യായം മാത്രമാണിതെന്ന് പലരും ഓര്‍ത്തുകാണില്ല. 2017 പിറന്നപ്പോള്‍ ആധുനിക ലോകം കണ്ട ഏറ്റവും കിരാതമായ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ദശവാര്‍ഷികത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ചരിത്രബോധമില്ലാത്തത് കൊണ്ട് അറിയാതെ പോയെന്ന് മാത്രം.

ബാള്‍ഫര്‍ പ്രഖ്യാപനം എന്ന കൊടും ചതി
ക്യത്യം നൂറു വര്‍ഷം മുമ്പ്, 1917ലാണ് ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രത്തിനു അന്താരാഷ്ട്രസമൂഹം തറക്കല്ലിട്ടത്. അതിനു അടിരേഖയായി വര്‍ത്തിച്ചതാവട്ടെ വാല്‍ഫര്‍ പ്രഖ്യാപനം എന്ന ഒരുകത്തും. ആരാണ് ബാല്‍ഫര്‍? ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ (അൃവtuൃ ഖമാല െആമഹളീൗൃ) എന്നാണ് പൂര്‍ണപേര്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1916മുതല്‍ വിദേശ കാര്യമന്ത്രിയായിരുന്നു. ബ്രിട്ടനിലെ ജൂതനേതാവ് വാള്‍ട്ടര്‍ റോത്‌ചൈല്‍ഡിനു (ണമഹലേൃ ഞീവേരെവശഹറ) 1917 നവംബര്‍ രണ്ടിനു എഴുതിയ കത്തിലാണ് യഹൂദ സമൂഹത്തിനു ഫലസ്തീനില്‍ സ്വന്തമായി രാജ്യം നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്നത്. പ്രഖ്യാപനത്തിലെ ഏറ്റവും വലിയ വിരോധാഭാസം ഫലസ്തീന്‍ അന്ന് ഉസ്മാനിയ്യ ഖിലാഫത്തിന്റെ ഭാഗമായിരുന്നുവെന്നും ബ്രിട്ടീഷുകാര്‍ക്ക് ഈ പ്രദേശത്തിന്റെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല എന്നതുമാണ്. ഫലസ്തീനില്‍ ഇപ്പോള്‍ കഴിയുന്ന യഹൂത ഇതര വിഭാഗങ്ങളുടെ മതസിവില്‍ അവകാശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധമായിരിക്കും പുതിയ രാജ്യമെന്നും മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ജൂതരുടെ രാഷ്ട്രീയപദവിക്ക് മാറ്റം വരുത്താത്തവിധമായിരിക്കും രാജ്യമനുവദിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. തന്റെ പ്രഖ്യാപനം സയണിറ്റ് ഫെഡറേഷനെ അറിയിക്കണമെന്നാണ് ബാല്‍ഫര്‍ അഭ്യര്‍ഥിക്കുന്നത്.

സയണിസ്റ്റ് സ്ഥാപകന്‍ തിയോഡര്‍ ഹെര്‍സല്‍ എന്ന പത്രപ്രവര്‍ത്തകന്‍ യഹൂദര്‍ക്ക് സ്വന്തമായി ഒരു രാജ്യം എന്ന ആശയം മുന്നോട്ടുവെക്കുമ്പോള്‍ അത് ഫലസ്തീനില്‍ ആവണമെന്ന് ഒരിക്കലും നിഷ്‌ക്കര്‍ഷിച്ചിരുന്നില്ല. യൂറോപ്പില്‍ ക്രൈസ്തവവരില്‍നിന്ന് നിരന്തരമായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പീഢനങ്ങള്‍ക്ക് അറുതി കാണുന്നതിനു, തലചായ്ക്കാന്‍ ഒരിടം എന്ന പരിഹാരമാര്‍ഗം ചര്‍ച്ചക്കു വന്നപ്പോള്‍ അമേരിക്കയായിരുന്നു പലരുടെയും മനസ്സില്‍ ഓടിവന്നത്. എന്നാല്‍, കോളനിശക്തികളുടെ കുടിലതന്ത്രമാണ് അറബികള്‍ തിങ്ങിത്താമസിക്കുന്ന ഫലസ്തീനിലേക്ക് കണ്ണ് പായിച്ചത്. 1916ലെ സൈക്‌സ് പീകോ കരാറിലൂടെ (ട്യസല െജശരീ അഴൃലലാലി)േ ( ‘ഏഷ്യ മൈനര്‍ കരാര്‍’ എന്നും വിളിക്കാറുണ്ട് ) അറബ് ഇസ്‌ലാമിക ലോകത്തെ വീതം വെച്ചെടുക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും കൂടി തീരുമാനിച്ചത് ജൂതരാഷ്ട്രത്തിന്റെ ഫലസ്തീനിലെ പിറവി എളുപ്പമാക്കി. ഉസ്മാനിയ്യ ഖിലാഫത്തിന്റെ കീഴിലുള്ള ഭൂപ്രദേശങ്ങള്‍ അടങ്ങിയ ഭൂപടത്തില്‍ ചൈനഗ്രാഫ് പെന്‍സില്‍ കൊണ്ട് കുറെ വരകള്‍ വരച്ച് നിറം ചാര്‍ത്തി ഓരോരുത്തരും തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവന്നു. അങ്ങനെ ജോര്‍ദാന്‍, ദക്ഷിണ ഇറാഖ്, ഫലസ്തീനിലെ ഹൈഫ, ആക്ര്‍ , ജോര്‍ദാന്‍ നദിക്കും മധ്യധരണ്യാഴിക്കും ഇടയിലുള്ള പ്രദേശങ്ങള്‍ എല്ലാം ബ്രിട്ടന്റെ അധീനതയിലായി. തുര്‍ക്കി, വടക്കന്‍ ഇറാഖ്, സിറിയ, ലബനാന്‍ എന്നിവയായിരുന്നു ഫ്രാന്‍സിന്റെ ഓഹരി. റഷ്യക്ക് ഇസ്തംബൂളും അര്‍മീനിയയും കിട്ടി. 1918 നവംബര്‍ 11നു ഒന്നാം ലോകയുദ്ധത്തിനു അന്തിമ വിരാമമായതോടെ പശ്ചിമേഷ്യ വിഭജിക്കാന്‍ തുടങ്ങി. അതോടെ ഫലസ്തീന്‍ മണ്ണില്‍ നിന്ന് അറബികളെ തുരത്തി ഇസ്രായേലിന്റെ സ്ഥാപനത്തിനു ഔപചാരികനടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

വംശവിച്‌ഛേദനത്തിന്റെ കഥ
ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം 1882തൊട്ട് തുടങ്ങിയതാണ്. ‘ഗര്‍ഷോ’ മുകളായി യൂറോപ്പിലും റഷ്യയിലും മറ്റും ചുറ്റിക്കറങ്ങുകയായിരുന്ന യഹൂദ സമൂഹം ‘വാഗ്ദത്ത ഭൂമി’യിലേക്ക് മടക്കയാത്ര നടത്തണമെന്ന ആശയം സയണിസത്തിന്‍േറതാണ്. എന്നാല്‍, ഫലസ്തീനിലാവണം ഭാവി ജൂതരാഷ്ട്രം എന്ന കോളനിശക്തികളുടെ ഗൂഢപദ്ധതിയുടെ ഗുട്ടന്‍സ് അതുവരെ ഉസ്മാനിയ്യ ഖിലാഫത്തിന് എതിരെ ബ്രിട്ടീഷ്‌കാരോടൊപ്പം ഉറച്ചുനിന്ന അറബ് നേതാക്കള്‍ക്ക് മനസ്സിലാവാതെ പോയി. 1922ആയപ്പോഴേക്കും ഐക്യരാഷ്ട്രസഭയുടെ മുന്‍ഗാമിയായ ലീഗ് ഓഫ് നാഷന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റ് അംഗീകരിച്ചപ്പോള്‍ ഒരുവാക്ക് പോലും ഫലസ്തീനികളോട് ചോദിച്ചില്ല. ഫലസ്തീന്‍ ചരിത്രകാരന്‍ വലീദ് ഖാലിദി , ‘വിഫോര്‍ ദേര്‍ ഡയസ്‌പോറ’ എന്ന ഗ്രന്ഥത്തില്‍ ഫലസ്തീനികളുടെമേല്‍ മറ്റൊരു ജനതയെയും അവരുടെ ക്രൂരതയെയും ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പിച്ചപ്പോള്‍, ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ അനീതിയുടെ വന്‍മരം വെച്ചുപിടിപ്പിക്കുകയായിരുന്നു എന്ന് കുറിച്ചിട്ടു. ഇന്നും ഫലസ്തീനികള്‍ അനുഭവിക്കുന്ന യാതനകള്‍, ഇസ്രായേല്‍ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റങ്ങള്‍, ലോകം കപടനാടകങ്ങളിലൂടെ അരങ്ങുതകര്‍ക്കുന്ന സമാധാനശ്രമങ്ങള്‍ എല്ലാമെല്ലാം നൂറുവര്‍ഷത്തിനു ശേഷവും വകഭേദങ്ങളോടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇസ്രയേലിന്റെ നിര്‍മിതിയോടെ, പടിഞ്ഞാറ് പകരം വീട്ടിയത് ചരിത്രത്തോടാണ്; 1114 നൂറ്റാണ്ടുകളില്‍ ഒരു ഭൂപ്രദേശത്തെ രക്തപങ്കിലമാക്കിയ കുരിശുയുദ്ധത്തിന്റെ ഓര്‍മകളോട്. 1917 ഡിസംബര്‍ 11നു ജഫ്ഫ കവാടം വഴി ജറൂസലമിലേക്ക് കടന്ന ബ്രിട്ടീഷ് ജനറല്‍ എഡ്മന്റ് അലന്‍ബെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു; കുരിശ്‌യുദ്ധം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു. ജറൂസലം പിടിച്ചടക്കിയതിനെ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡാവിഡ് ലിയോഡ് ജോര്‍ജ് വിശേഷിപ്പിച്ചത് ബ്രിട്ടീഷ് ജനതക്കുള്ള ക്രിസ്മസ് സമ്മാനം എന്നാണ്. ‘പഞ്ച് ‘മാസിക 1917 ഡിസംബര്‍ 19ന്റെ പതിപ്പില്‍ ആഹ്ലാദം പ്രകടിപ്പിച്ചത് ‘അവസാന കുരിശ് യുദ്ധം’ എന്ന ശീര്‍ഷകത്തോടെയും. ഫ്രഞ്ച് കമ്മാന്റര്‍ ഹെന്‍ട്രി ഗോരോഡ് ഡമസ്‌കസ്സില്‍ കടന്ന ഉടന്‍, കുരിശുയുദ്ധനായകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഖബറിടത്തിനടത്ത് ചെന്ന് ആക്രോശിച്ചത്രെ: കുരിശുയുദ്ധം അവസാനിച്ചിരിക്കുന്നു. എഴുന്നേല്‍ക്കൂ സലാഹുദ്ദീന്‍! ഞങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു. ചന്ദ്രക്കലയുടെമേല്‍ കുരിശു നേടിയ വിജയമാണ് എന്റെ സാന്നിധ്യം വിളിച്ചുപറയുന്നത്.’

യഥാര്‍ഥത്തില്‍ ഫലസ്തീനികളെ അവരുടെ പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ച ആ അധിനിവേശമാണ് ഇന്നും ഇസ്രയേലിന്റെ നിയമവിരുദ്ധ കുടിയേറ്റത്തിന്റെ നിദാനം. ഇന്ന് ഫലസ്തീന്‍ മണ്ണില്‍ പിറക്കുന്ന ഓരോ കുഞ്ഞിനും മുലപ്പാലിനെപോലെ പരിചയമുള്ള ഒന്നാണ് ‘നക്ബ’ (ദുരന്തം). പിറന്നുവീണ മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ലക്ഷക്കണക്കിനു ഫലസ്തീനികളുടെ രക്തം പോലും കണ്ണീരായി ചോര്‍ന്നുതീരുന്നത് ‘നഖ്ബ’ സമ്മാനിക്കുന്ന ദുരന്തങ്ങളിലൂടെയാണ്. അവിടെ ഇസ്രയേലിന്റെ കുടിയേറ്റം ആര്‍ക്കും വലിയ വിഷയമാകുന്നില്ല എന്ന് ചുരുക്കം.
ശാഹിദ്