മുത്ത്വലാഖ്: വസ്തുതയെന്ത്?

മുത്ത്വലാഖ്: വസ്തുതയെന്ത്?

Hadees

1) അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. റസൂലുല്ലാഹി(സ) പറഞ്ഞു: മതനിഷ്ഠയും സ്വഭാവവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി നിങ്ങളോട് വിവാഹ ാന്വേഷണം നടത്തിയാല്‍ അവന് നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കുക. അങ്ങനെ നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കുഴപ്പവും വിശാലമായ നാശവുമുണ്ടാകും (തുര്‍മുദി 1084).

2) മുഗീറത്തുബ്‌നു ശുഅ്ബ പ്രസ്താവിച്ചു. ഞാനൊരു സ്ത്രീയെ വിവാഹാന്വേഷണം നടത്തി. അപ്പോള്‍ റസൂല്‍(സ) എന്നോട് ചോദിച്ചു. നീ അവളെ കണ്ടുവോ? ഇല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവിടന്ന് പറഞ്ഞു. നീ അവളെ കാണുക. കാരണം, ആ കാഴ്ച നിങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുവാന്‍ കൂടുതല്‍ സഹായകമാണ്. (തുര്‍മുദി 1387, നസാഈ 3235, ഇബ്‌നു മാജ 1865, ദാരിമി 2182).

3) അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) പ്രസ്താവിച്ചു. ക്ഷതയോനിയായ സ്ത്രീയെ അവളുടെ അനുമതി വാങ്ങാതെ വിവാഹം ചെയ്തു കൊടുക്കാന്‍ പാടില്ല. അക്ഷതയോനിയായ സ്ത്രീയെ അവളുടെ സമ്മതം വാങ്ങാതെ കെട്ടിച്ചു കൊടുക്കാന്‍ പാടില്ല. അല്ലാഹുവിന്റെ തിരുദൂതരേ ആ കന്യകയുടെ സമ്മതം എങ്ങനെയാണ്? സ്വഹാബിമാര്‍ ചോദിച്ചു. അവിടന്ന് പറഞ്ഞു. അവള്‍ മൗനം കൈകൊള്ളലാണ്. (ബുഖാരി 6968, മുസ്‌ലിം 1419).

4) അബൂ മൂസാ(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുമേനി(സ) പറഞ്ഞു. രക്ഷാകര്‍ത്താവ് മുഖേനയല്ലാതെ വിവാഹമില്ല. അഹ്മദ്, തുര്‍മുദി, അബൂദാവൂദ്, ഇബ്‌നു മാജ, ദാരിമി (മിശ്കാത്ത് 3130).

5) ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: സാക്ഷികളില്ലാതെ സ്വന്തത്തെ വിവാഹം ചെയ്തു കൊടുക്കുന്ന സ്ത്രീകളാണ് വേശ്യകള്‍. (തുര്‍മുദി 1103).

6) ആയിശ(റ) പ്രസ്താവിച്ചു. നബി(സ) കല്‍പ്പിച്ചു: നിങ്ങള്‍ ഈ വിവാഹം പരസ്യപ്പെടുത്തുക. അതു പള്ളികളില്‍ വെച്ചാക്കുക, അതിന് നിങ്ങള്‍ ദഫ്ഫുകള്‍ മുട്ടുക. തുര്‍മുദി 1089, ഇബ്‌നു മാജ 1895).

7) അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു. ഒരു വിശ്വാസിയും ഒരു വിശ്വാസിനിയോട് ദേഷ്യം പിടിക്കരുത്. അവളുടെ പക്കല്‍ നിന്ന് ഒരു സ്വഭാവത്തെക്കുറിച്ച് അതൃപ്തി ഉണ്ടായാല്‍ അവളുടെ പക്കല്‍ നിന്ന് മറ്റൊരു സ്വഭാവം അവന്‍ തൃപ്തിപ്പെടാനിടവരും. (മുസ്‌ലിം 1469).

8) റസൂലുല്ലാഹി(സ) പ്രസ്താവിച്ചതായി ആയിശ(റ) ഉദ്ധരിക്കുന്നു. നിങ്ങളില്‍ ഉത്തമന്‍ തന്റെ ഭാര്യമാര്‍ക്ക് ഉത്തമനാകുന്നു. ഞാന്‍ എന്റെ ഭാര്യമാര്‍ക്ക് ഉത്തമനാകുന്നു. (തുര്‍മുദി 3595, ദാരിമി 2260).

9) ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു. നബി(സ) ഇപ്രകാരം അരുള്‍ ചെയ്തു: അനുവദനീയ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും അനിഷ്ടകരമായ കാര്യം വിവാഹമോചനമാകുന്നു. (അബൂദാവൂദ് 2178, ഇബ്‌നു മാജ 2028).

10) സൗബാന്‍(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) പ്രസ്താവിച്ചു. വല്ല സ്ത്രീയും യാതൊരു വിഷമവും കൂടാതെ തന്റെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗത്തിന്റെ പരിമളം അവള്‍ക്ക് നിഷിദ്ധമാകുന്നു. (അബൂദാവൂദ് 2266, തുര്‍മുദി 1187, ഇബ്‌നു മാജ 2055).

11) മഹ്മൂദ് ബ്‌നു ലബീദ്(റ) ഉദ്ധരിക്കുന്നു. തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയ ഒരു പുരുഷനെ സംബന്ധിച്ച് റസൂലുല്ലാഹി(സ)യോട് വിവരം അറിയിച്ചു. അപ്പോള്‍ തിരുമേനി കോപാകുലനായി എഴുന്നേറ്റു, എന്നിട്ട് അവിടന്ന് ചോദിച്ചു. ഞാന്‍ നിങ്ങളുടെ ഇടയില്‍ ജീവിച്ചു കൊണ്ടിരിക്കെ, പ്രതാപിയും മഹാനുമായ അല്ലാഹുവിന്റെ വിശുദ്ധഗ്രന്ഥം. (ത്വലാഖ് രണ്ടു തവണ എന്ന ഖുര്‍ആന്‍ വാക്യം) പരിഹസിക്കപ്പെടുകയാണോ. (നസാഈ 2401).

12) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പ്രസ്താവിച്ചു. റസൂലുല്ലാഹി(സ) തഹ്‌ലീല്‍ നടത്തുന്നവനെയും ആര്‍ക്കു വേണ്ടിയാണോ തഹ്‌ലീല്‍ നടത്തപ്പെടുന്നത് അവനെയും ശപിക്കുകയുണ്ടായി. തുര്‍മുദി 1120, നസാഈ 3416, ദാരിമി 2258).

(മുത്ത്വലാഖ് ചൊല്ലിയ ഭാര്യയെ മുന്‍ഭര്‍ത്താവിന് അനുവദനീയമാക്കുവാന്‍ വേണ്ടി മറ്റൊരാള്‍ താത്കാലിക വിവാഹം നടത്തുകയാണ് ഇവിടെ ശപിച്ചിട്ടുള്ള തഹ്‌ലീല്‍).

ലൈംഗീകാസക്തി പ്രകൃതിദത്തമാണ്. അതിനെ നിശ്ശേഷം നശിപ്പിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. അതുകൊണ്ട് തന്നെ പ്രകൃതിമതമായ ഇസ്‌ലാം അതിനെ വ്യവസ്ഥാപിതമായി നിയന്ത്രിക്കുവാനാണ് ബുദ്ധിജീവിയായ മനുഷ്യനോട് കല്‍പ്പിച്ചിട്ടുള്ളത്. അതിനു വേണ്ടിയാണ് വിവാഹം നിയമമാക്കിയിട്ടുള്ളത്. വിവാഹം മനുഷ്യനെ ശാന്തനും സദാചാരിയും ഉത്തരവാദിത്വ ബോധമുള്ളവനും സാമൂഹിക പ്രതിബദ്ധതയുമുള്ളവനുമാക്കി മാറ്റുന്നു. വിവാഹം ജീവിതത്തെ സാര്‍ത്ഥകമാക്കിത്തീര്‍ക്കുകയും സന്തത്യുല്‍പാദനത്തിലൂടെ സമൂഹത്തിന്റെ നിലനില്‍പ്പിന് സഹായിക്കുകയും ചെയ്യുന്നു. വൈവാഹിക ബന്ധത്തിലൂടെ പരസ്പരം തെരഞ്ഞെടുത്ത ഇണകള്‍ മാനസികമായും ശാരീരികമായും ഒന്നിച്ചു പുതുതലമുറക്ക് രൂപം നല്‍കുന്നു.

ഇത്യാദി ബഹുമുഖ ഗുണങ്ങള്‍ പരിഗണിച്ച് ഇസ്‌ലാം യുവതീ യുവാക്കളോട് വിവാഹം ചെയ്യാന്‍ കല്‍പ്പിക്കുന്നു. അതിനു വേണ്ട സാഹചര്യമൊരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കന്മാരോട് കല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഉദ്ധരിച്ച ഒരു ഹദീസില്‍ റസൂലുല്ലാഹി(സ) ഇപ്രകാരം പ്രസ്താവിച്ചതായി കാണാം: യുവ സമൂഹമേ, നിങ്ങളില്‍ നിന്ന് വല്ല വ്യക്തിക്കും വൈവാഹിക ചെലവിനു ശേഷി കൈവന്നാല്‍ അവന്‍ വിവാഹം ചെയ്തു കൊള്ളട്ടെ. കാരണം അതു അനാശാസ്യങ്ങളില്‍ നിന്ന് കണ്ണടപ്പിക്കുന്നതും, ഗുഹ്യസ്ഥാനത്തെ നീചവൃത്തികളില്‍ നിന്ന് കാത്തുസംരക്ഷിക്കുന്നതുമാണ്. വിവാഹവൃത്തിക്ക് വല്ലവനും സാധ്യമായില്ലെങ്കില്‍ അവന്‍ വ്രതമനുഷ്ഠിച്ചു കൊള്ളട്ടെ. കാരണം, അത് അവന്റെ ലൈംഗിക വികാരത്തിന് നിവാരണമാണ്. (ബുഖാരി 5056, മുസ്‌ലിം 1406). അബൂ സഈദ്(റ), ഇബ്‌നു അബ്ബാസ്(റ) ഇരുവരും പറയുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ”ഒരാള്‍ക്ക് ഒരു സന്താനമുണ്ടായാല്‍ അവനു നല്ലപേരും നല്ല സംസ്‌കാരവും നല്‍കട്ടെ. അങ്ങനെ അവനു പ്രായപൂര്‍ത്തി വരുകയും എന്നിട്ട് അവനു പിതാവ് വിവാഹം ചെയ്തു കൊടുക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ വല്ല പാപവും പ്രവര്‍ത്തിച്ചാല്‍ അതിന്റെ കുറ്റം അവന്റെ പിതാവിനാണ്”. (ശുഅബുല്‍ ഈമാന്‍: ബൈഹഖീ 8666).

വൈവാഹിക ബന്ധം അഭേദ്യമാണ്. അതു വേര്‍പ്പെടുത്താനുള്ളതല്ല. എന്നെന്നും നിലനില്‍ക്കാനുള്ളതാണ്. ജീവിതകാലത്തും മരണാനന്തരവും, ഇഹലോകത്തും പരലോകത്തും. അതുകൊണ്ട് തന്നെ മതനിഷ്ഠയും സംസ്‌കാരവുമുള്ള ഇണകളെ തെരഞ്ഞെടുക്കണം. അങ്ങനെയുള്ളവര്‍ വിവാഹാന്വേഷണം നടത്തിയാല്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണം. ഈ സല്‍ഗുണങ്ങള്‍ അവഗണിച്ച് ഭൗതിക മാനദണ്ഡങ്ങള്‍ വെച്ച് വൈവാഹിക ബന്ധം നടത്തിയാല്‍ ദൂരവ്യാപകമായ വിപത്തുകളുണ്ടാകും. ഇതാണ് ഒന്നാം നമ്പര്‍ ഹദീസ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
മതനിഷ്ഠയും സംസ്‌കാരവും മാനദണ്ഡമാക്കി ഇണയെ തെരഞ്ഞെടുത്താല്‍ ദമ്പതിമാര്‍ക്ക് പരസ്പരം കണ്ണിനിണങ്ങുമോ എന്നുകൂടി നോക്കണം. കണ്ണിനിണങ്ങിയെങ്കിലേ ഖല്‍ബിനിണങ്ങുകയുള്ളൂ. അതുകൊണ്ടാണ് വിവാഹത്തിനു മുമ്പ് നോക്കുവാന്‍ രണ്ടാം നമ്പര്‍ ഹദീസില്‍ കല്‍പ്പിച്ചിട്ടുള്ളത്. വിവാഹബന്ധം നിലനില്‍ക്കുന്നതിനും നിര്‍ബാധം തുടരുന്നതിനും മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീയുടെ സമ്മതത്തോടു കൂടിയായിരിക്കണം വിവാഹം നടക്കുന്നത്. പുരുഷനും രക്ഷിതാക്കള്‍ക്കും മാത്രം സമ്മതമുണ്ടായാല്‍ പോരാ. അടിച്ചേല്‍പ്പിക്കുന്ന ബന്ധങ്ങള്‍ സുഖമമായി നിലനില്‍ക്കുകയില്ല. അത് ഇടക്കിടെ ആടിയുലയുവാനും ചിലപ്പോള്‍ വിച്ഛേദിക്കപ്പെടാനും കാരണമാകും. അതുകൊണ്ടാണ് സ്ത്രീയുടെ സമ്മതം വാങ്ങണമെന്ന് മൂന്നാം നമ്പര്‍ ഹദീസില്‍ പറഞ്ഞിട്ടുള്ളത്.

യോഗ്യരായ ഇണകളെ കണ്ടെത്തി, പരസ്പരം കണ്ട് മാനസികമായ ഇണക്കം ഉറപ്പു വരുത്തി, പരസ്പര സമ്മതത്തോടെ വിവാഹബന്ധം നടത്തുമ്പോള്‍ ദമ്പതിമാര്‍ക്ക് തോന്നിയത് പോലെ അത് യഥേഷ്ടം കൈകാര്യം ചെയ്യുവാന്‍ ധൈര്യം വരാത്ത വിധം ഔപചാരികമായിരിക്കണം ചടങ്ങ്. അതിന് രക്ഷിതാക്കളും സാക്ഷികളും നേതൃത്വം നല്‍കി ഔപചാരികമാക്കണം. വളരെ ഉത്തരവാദപ്പെട്ട നിലക്കായിരിക്കണം രക്ഷിതാവ് തനിക്ക് അധികാരപ്പെട്ട സ്ത്രീയെ ഏല്‍പ്പിച്ച് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കവാചകം ഇപ്രകാരമായിരിക്കണം.

മര്യാദയനുസരിച്ചു കൂടെ നിര്‍ത്തുക, അല്ലെങ്കില്‍ നല്ല നിലക്കു പിരിച്ചയക്കുക എന്ന ഉപാധിയോടെയാണ് നിനക്ക് ഞാന്‍ വിവാഹം ചെയ്തു തരുന്നത് എന്നാണ് ഈ വാക്യത്തിന്റെ അര്‍ത്ഥം. എന്നിട്ട് യോഗ്യരും വിശ്വസ്തരുമായ രണ്ടു പുരുഷന്മാരെ സാക്ഷികളാക്കിക്കൊണ്ടാണ് വിവാഹബന്ധം സ്ഥാപിക്കേണ്ടത്. ഇക്കാര്യങ്ങളാണ് നാല്, അഞ്ച് ഹദീസുകളില്‍ പറഞ്ഞിട്ടുള്ളത്.
ഇതിനെല്ലാം പുറമെ വിവാഹബന്ധം തോന്നുന്നതു പോലെ അഴിച്ചു മാറ്റാന്‍ സാധിക്കാതിരിക്കുന്നതിന് ഇസ്‌ലാം മറ്റു ചില ഉപചാരങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പെട്ടതാണ് വിവാഹം സ്വകാര്യമാക്കാതെ പരസ്യപ്പെടുത്തുക എന്നത്. അതിനാണ് ദഫ്മുട്ടും പാട്ടും അനുവദിച്ചിട്ടുള്ളത്. ഇക്കാര്യമാണ് ആറാം നമ്പര്‍ ഹദീസില്‍ പറഞ്ഞിട്ടുള്ളത്..

അങ്ങനെ വിവാഹ ബന്ധത്തിലേര്‍പ്പെട്ടാല്‍ ദമ്പതിമാരില്‍ ഓരോരുത്തരും ബന്ധം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കാന്‍ ശ്രമിക്കണം. ഭര്‍ത്താവ് പ്രത്യേകിച്ചും വിവേകപരമായ സമീപനവും വിട്ടുവീഴ്ചയും സ്വീകരിക്കണം. അനിഷ്ടകരമായ വല്ല കാര്യവും കാണുമ്പോഴേക്ക് വിദ്വേഷത്തിന്റെ പത്തി വിടര്‍ത്തരുത്. ഇഷ്ടകരമായ പല സമീപനവും അതിനു പരിഹാരമായി തന്റെ ഭാര്യയില്‍ നിന്നുണ്ടാവുമെന്ന് അവന്‍ മനസ്സിലാക്കണം. ഇവിടെ ഏഴാം നമ്പര്‍ ഹദീസ് നമുക്ക് പുനര്‍വായന നടത്താം. ”ഒരു വിശ്വാസിയും ഒരു വിശ്വാസിനിയോട് ദേഷ്യം പിടിക്കരുത്. അവളുടെ പക്കല്‍ നിന്ന് ഒരു സ്വഭാവത്തെക്കുറിച്ച് അതൃപ്തി ഉണ്ടായാല്‍ അവളുടെ പക്കല്‍ നിന്ന് മറ്റൊരു സ്വഭാവം അവന്‍ തൃപ്തിപ്പെടാനിടവരും”.

സ്വാഭാവികമായും കൂട്ടുജീവിതത്തില്‍ സംഭവിക്കാറുള്ള അപൂര്‍വ്വങ്ങളായ അസ്വാരസ്യങ്ങള്‍ ഓരോരുത്തരും അവസരത്തിനൊത്തുയര്‍ന്ന് വിവേകപൂര്‍വ്വം സഹനസമേതം പരിഹരിക്കണം. ഭാര്യയുടെ ഭാഗത്ത് നിന്ന് വല്ല അനുസരണക്കേടും ആശങ്കിച്ചാല്‍ ഉപദേശവും അനിവാര്യമെങ്കില്‍ ഫലപ്രദമാണെന്ന് തോന്നുന്ന പക്ഷം ലളിതമായ ശിക്ഷാ നടപടികളും കൈകൊള്ളേണ്ടതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ”അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ ഉപദേശിക്കുക. കിടപ്പറകളില്‍ അവരെ വെടിയുക. അവരെ അടിക്കുകയുമാവാം. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നീട് നിങ്ങള്‍ അവര്‍ക്കെതിരെ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു” (വി.ഖു. 4: 34).

ഉപദേശവും ശിക്ഷാനടപടിയും ഫലപ്രദമല്ലാതെ വരുമ്പോള്‍ മധ്യസ്ഥന്മാരിടപെട്ട് അനുരജ്ഞനമുണ്ടാക്കണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ”ഇനി ദമ്പതിമാര്‍ തമ്മില്‍ ഭിന്നിച്ചു പോകുമെന്ന് നിങ്ങള്‍ക്കാശങ്കയുണ്ടെങ്കില്‍ അവന്റെ ബന്ധുക്കളില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ബന്ധുക്കളില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. അവരിരു വിഭാഗവും അനുരജ്ഞനമാണുദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു” (വി. ഖു. 4: 35).

എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ഒരു നിലക്കും വൈവാഹിക ബന്ധം മുമ്പോട്ടു പോവുകയില്ലെന്നും ബോധ്യപ്പെട്ടാല്‍ പിന്നെയെന്തുണ്ട് മാര്‍ഗം? അപ്പോള്‍ പിന്നെ നാലു മാര്‍ഗമാണ് അവിടെയുള്ളത്. ഒന്ന്, ഒരാള്‍ മറ്റൊരാളെ വധിച്ചു കൊണ്ട് ശല്യം തീര്‍ക്കുക. രണ്ട്, അവരിലൊരാള്‍ ആത്മഹത്യ ചെയ്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടുക. മൂന്ന്, എന്നെന്നും ഈ അസ്വാസ്ഥ്യവും ദുരിതവും പേറി ജീവിക്കുക. നാല്, മാന്യമായി വിവാഹമോചനം നടത്തി ഓരോരുത്തരും വിജയകരമായ ഭാവി ജീവിതത്തിന് തനിക്കിഷ്ടപ്പെട്ട ഇണയെ അന്വേഷിക്കുക. ഇതില്‍ ആദ്യം പറഞ്ഞ മൂന്നു മാര്‍ഗവും നിഷിദ്ധവും കടുംകൈയ്യുമാണെന്ന് ഇസ്‌ലാം പറയുന്നു. അനിവാര്യ സാഹചര്യത്തില്‍ നാലാമത്തെ എമര്‍ജന്‍സി ഡോര്‍ തുറന്ന് പുറത്തു പോകാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ അകാരണമായി സ്വേഷ്ടം തോന്നുമ്പോഴെക്കെ ഈ എമര്‍ജന്‍സി ഡോര്‍ തുറക്കാവതല്ല. കാരണം അത് അനുവദനീയമെങ്കിലും അല്ലാഹുവിന് അനിഷ്ടകരമായ കാര്യമാണ്. ”അനുവദനീയ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും അനിഷ്ടകരമായ കാര്യമാണ് വിവാഹമോചനം” എന്ന ഒമ്പതാം നമ്പര്‍ ഹദീസ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സ്ത്രീ പരമാവധി ക്ഷമിച്ചു കൊണ്ട് ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കണം. അപ്രിയങ്ങള്‍ക്കു മാപ്പ് നല്‍കണം. തൊട്ടതിനൊക്കെ ത്വലാഖ് ചോദിക്കരുത്. അങ്ങനെ വന്നാല്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും അവള്‍ക്ക് നഷ്ടപ്പെടുമെന്ന് പത്താം നമ്പര്‍ ഹദീസ് പഠിപ്പിക്കുന്നു.

ചുരുക്കത്തില്‍ വിവാഹം സ്വാപാധികം അനുവദനീയമാണ് എന്നതു പോലെ വിവാഹ മോചനവും ചില ഉപാധികളോടെ അനുവദനീയമാണ്. വിവാഹ മോചനം തീരെ പാടില്ല എന്നു പറയുന്നത് പുരുഷനോടും സ്ത്രീയോടും കാണിക്കുന്ന അനീതിയാണ്. ഒരു നിലക്കും പുരുഷന് തന്റെ ഭാര്യയെ ഇഷ്ടപ്പെടാന്‍ സാധിക്കാതെ വരുകയും അനുരജ്ഞന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അവള്‍ നിത്യവേശ്യയായിത്തീരുമ്പോള്‍ അവളെ മോചനം നടത്താന്‍ പാടില്ല എന്നു പറയുന്നത് പുരുഷനോട് കാണിക്കുന്ന അനീതിയാണ്. അപ്രകാരം തന്നെ സ്ത്രീക്ക് തന്റെ ഭര്‍ത്താവിനെ ഒരു നിലക്കും ഇഷ്ടപ്പെടാന്‍ സാധിക്കാതെ വരുകയും അനുരജ്ഞന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്താല്‍, അല്ലെങ്കില്‍ അവന്‍ മുഴുകുടിയനും അക്രമിയുമായി മാറുമ്പോള്‍, അതുമല്ലെങ്കില്‍ അവന്‍ ഭാര്യയെ വിട്ട് പരസ്ത്രീ ബന്ധം പുലര്‍ത്തുമ്പോള്‍ പുരുഷനോട് ത്വലാഖ് ആവശ്യപ്പെടാന്‍ പാടില്ലെന്ന് പറയുന്നത് സ്ത്രീയോട് കാണിക്കുന്ന കടുത്ത അനീതിയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അപരിഹാര്യമായ അതൃപ്തി സ്ത്രീയില്‍ നിന്ന് ഉണ്ടായാലും പുരുഷനില്‍ നിന്നുണ്ടായാലും രണ്ടു പേരില്‍ നിന്ന് ഒന്നിച്ചുണ്ടായാലും മോചന വിലക്ക് ഇരുവരോടും ചെയ്യുന്ന അനീതിയാണ്. കാരണം ആ ബന്ധം പിന്നീട് സുഗമമായി മുന്നോട്ടു പോവുകയില്ല. അത് ദുരിതപൂര്‍ണ്ണമാകും, ദുരന്തത്തില്‍ കലാശിക്കും.
വിവാഹമോചനം അനുവദിച്ചാല്‍ ആ അനുവാദം ദുരുപയോഗപ്പെടുത്തുമെന്നതാണ് മറ്റൊരു വാദമുള്ളത്. അങ്ങനെയാണെങ്കില്‍ വിവാഹവും നിരോധിക്കേണ്ടി വരും. നിരവധി പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരോട് മറ്റുള്ളവര്‍ അറിഞ്ഞോ അറിയാതെയോ അനീതി കാണിക്കുകയും അവരെ പീഡന മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇസ്‌ലാം വിവാഹത്തിന് കര്‍ക്കശമായ ചില ഉപാധികള്‍ വെച്ചിട്ടുള്ളത്. അപ്രകാരം തന്നെ വിവാഹ മോചനത്തിലും ദുര്‍വിനിയോഗം പരമാവധി തടയുന്നതിന് നിയമ കാര്‍ക്കശ്യങ്ങള്‍ വെച്ചിട്ടുണ്ട്.

എന്നാല്‍ വിവാഹമോചനം എത്ര തവണയാവാം? അത് ഒന്നോ രണ്ടോ മൂന്നോ തവണയാകാം. എന്നാല്‍ ഇവിടെ ഇസ്‌ലാം വിവാഹ മോചനത്തിന്റെ എണ്ണം ലിബറലാക്കുകയല്ല ചെയ്തത്. മറിച്ച്, നിലവിലുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അത് പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ ആഗമ കാലത്ത് പുരുഷന്‍ യഥേഷ്ടം തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലുകയും ഇദ്ദ കഴിയും മുമ്പേ അവളെ മടക്കിയെടുക്കുകയും വീണ്ടും ത്വലാഖ് ചൊല്ലുകയും വീണ്ടും മടക്കിയെടുക്കുകയും ചെയ്യുമായിരുന്നു. ആയിരം തവണ ത്വലാഖ് ചൊല്ലിയാലും സ്ത്രീയെ മടക്കിയെടുക്കാനുള്ള അവകാശം പുരുഷനുണ്ടായിരുന്നു. ഇതായിരുന്നു ജാഹിലിയ്യാ കാലത്ത് (ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാന കാലത്ത്) നിലവിലുണ്ടായിരുന്ന അവസ്ഥ. അങ്ങനെയിരിക്കെ ഒരു സ്ത്രീ ആഇശ(റ)യുടെ സമീപം വന്നു. തന്റെ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുവാനായി തന്നെ ത്വലാഖ് ചൊല്ലുകയും മടക്കിയെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പരാതിപ്പെട്ടു. ആഇശ(റ) സംഗതി റസൂലുല്ലാഹി(സ)യോട് പറഞ്ഞു. അപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ ഈ വാക്യം (2: 229) അവതീര്‍ണ്ണമായി. ”മടക്കിയെടുക്കാവുന്ന വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാണ്. പിന്നീട് ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുക, അല്ലെങ്കില്‍ നല്ലനിലക്ക് പിരിച്ചു വിടുക. ഇതാണ് വേണ്ടത്”. (തഫ്‌സീര്‍ റാസി 6/92).

പ്രസ്തുത ആയത്തിന്റെ വ്യാഖ്യാനത്തില്‍ അല്ലാമാ ഇബ്‌നു കസീര്‍ പറയുന്നു. ഇസ്‌ലാമിന്റെ ആരംഭകാലത്ത് നിലവിലുണ്ടായിരുന്ന ഒരു സമ്പ്രദായത്തെ ഉയര്‍ത്തിക്കളയുന്നതാണ് ഈ ആയത്ത്. ഒരാള്‍ തന്റെ ഭാര്യയെ നൂറു തവണ ത്വലാഖ് ചൊല്ലിയാലും ഇദ്ദാകാലത്ത് അവളെ മടക്കിയെടുക്കാനുള്ള അവകാശം അവനുണ്ട് എന്നതായിരുന്നു ആ സമ്പ്രദായം. ഇതില്‍ ഭാര്യമാര്‍ക്ക് വലിയ ഉപദ്രവമുണ്ടായപ്പോള്‍ അല്ലാഹു ത്വലാഖിനെ മൂന്നായി പരിമിതപ്പെടുത്തുകയും മടക്കിയെടുക്കാവുന്ന മോചനം ഒന്നോ രണ്ടോ ആക്കുകയും മൂന്നോടു കൂടി സമ്പൂര്‍ണ്ണമായ വേര്‍പ്പാട് പ്രഖ്യാപിക്കുകയും ചെയ്തു. (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 1/271).

എന്നാല്‍ മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലാമോ? അത് അനുവദനീയമാണെന്നതാണ് നമ്മുടെ മദ്ഹബ്, സുന്നത്തിനു വിരുദ്ധമാണെങ്കിലും. എന്നാല്‍ തെറ്റാണെന്നു പറഞ്ഞ മദ്ഹബുകാരുമുണ്ട്. രണ്ടായാലും മൂന്നും സംഭവിക്കുമെന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. ഇതിനു വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തെളിവായി വര്‍ത്തിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ (65: 1) ”ഓ പ്രവാചകരെ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദകാലത്തിന് കണക്കാക്കി വിവാഹമോചനം നടത്തുക” എന്നു പറഞ്ഞ ശേഷം ”അല്ലാഹുവിന്റെ നിയമ പിരിമിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം അവന്‍ ആത്മദ്രോഹം ചെയ്തവനാണ്” എന്നു പറഞ്ഞിട്ടുണ്ട്. അതിനു ശേഷം തൊട്ടടുത്ത ആയത്തില്‍ (65: 2) ”അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന് ഒരു രക്ഷാമാര്‍ഗം ഉണ്ടാക്കിക്കൊടുക്കും” എന്നു കൂടി പറഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ ”മടക്കിയെടുക്കാവുന്ന വിവാഹ മോചനം രണ്ടു തവണയാകുന്നു. പിന്നീട് ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുക അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചു വിടുക ഇതാണ് വേണ്ടത്” എന്നു വിശുദ്ധ ഖുര്‍ആന്‍ (2: 229) പറഞ്ഞ ശേഷം ”അവ അല്ലാഹുവിന്റെ നിയമ പരിധികളാണ്. അതിനാല്‍ അവ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികളെ ആര് ലംഘിക്കുന്നുവോ അവര്‍ തന്നെയാണ് അക്രമികള്‍” എന്നു കൂടി പറഞ്ഞിട്ടുണ്ട്. ഇതിന് പ്രമുഖ സ്വഹാബിമാരില്‍ പലരും നല്‍കിയ വ്യാഖ്യാനം ഇദ്ദയുടെ കണക്കിനല്ലാതെ ത്വലാഖ് ചൊല്ലുകയോ ത്വലാഖ് എണ്ണങ്ങള്‍ തമ്മില്‍ വിട്ടുപിരിക്കാതിരിക്കുകയോ ചെയ്തവന്‍ ആത്മദ്രോഹിയാണ്. അവന്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ പേരില്‍ ഖേദിക്കേണ്ടി വന്നാല്‍ ഒരു രക്ഷാമാര്‍ഗവും അല്ലാഹു അവന് നിശ്ചയിച്ചിട്ടില്ല. നേരെ മറിച്ച് ഇദ്ദക്ക് അനുകൂലമായി ത്വലാഖ് ചൊല്ലുകയും മൂന്നു ത്വലാഖുകള്‍ മൂന്നു സമയങ്ങളിലായി വിട്ടുപിരിക്കുകയും ചെയ്തവന്‍ അവന്‍ ശരിയായ സുന്നത്തിന്റെ മാര്‍ഗത്തിലാണുള്ളത്. അവനു ത്വലാഖില്‍ ഖേദം വന്നാല്‍ രക്ഷാമാര്‍ഗ്ഗം അല്ലാഹു നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അത് മടക്കിയെടുക്കുക എന്നുള്ളതാണ്. ഇതില്‍ നിന്ന് മൂന്നു ത്വലാഖുകള്‍ മൂന്നു തവണകളിലായി ചൊല്ലുന്നതാണ് ഉത്തമമെങ്കിലും മൂന്നും ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നും പിന്നീട് മടക്കിയെടുക്കാന്‍ പറ്റാത്ത വിധം പൂര്‍ണ്ണമായ വേര്‍പ്പാട് ഉണ്ടാകുമെന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

ഉമൈറുല്‍ അജ്‌ലാനി(റ) എന്ന സ്വഹാബി തന്റെ ഭാര്യയെ നബി(സ)യുടെ തിരുസവിധത്തില്‍ വെച്ച് മൂന്നു ത്വലാഖ് ചെയ്ത സംഭവം ബുഖാരി (5308) മുസ്‌ലിം (2245) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഒരേ സമയം മൂന്നു ത്വലാഖ് ചൊല്ലല്‍ അനുവദനീയമായിരുന്നില്ലെങ്കില്‍ നബി(സ) അതു നിരോധിക്കുമായിരുന്നു. മാത്രമല്ല മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലുന്ന സമ്പ്രദായം സ്വഹാബിമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നു കൂടി ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.

അബൂദാവൂദ് ഉദ്ധരിച്ചിട്ടുള്ള മറ്റൊരു ഹദീസില്‍ മഹാനായ മുജാഹിദ് പറയുന്നു. ഞാന്‍ ഇബ്‌നു അബ്ബാസിന്റെയരികില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്ന് അയാള്‍ തന്റെ ഭാര്യയെ മുത്ത്വലാഖ് ചൊല്ലി എന്നു പറഞ്ഞു. അപ്പോള്‍ ഇബ്‌നു അബ്ബാസ് മൗനം അവലംബിച്ചു. അദ്ദേഹം അവളെ അയാള്‍ക്ക് തിരിച്ചു നല്‍കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. പിന്നീട് അദ്ദേഹം പറഞ്ഞു. നിങ്ങളില്‍ ഒരാള്‍ പോയി വിഡ്ഢിത്തം ചെയ്യുന്നു. എന്നിട്ട് വന്ന് ‘ഇബ്‌നു അബ്ബാസ്’! എന്നു വിളിക്കുന്നു. തീര്‍ച്ചയായും അല്ലാഹു തആലാ പറഞ്ഞിട്ടുള്ളത് അല്ലാഹുവെ സൂക്ഷിക്കുന്നവന് അവന്‍ രക്ഷാമാര്‍ഗം നിശ്ചയിച്ചു കൊടുക്കുമെന്നാണ് (അതായത് ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയവന് മടക്കിയെടുക്കാനുള്ള പഴുത് നല്‍കും എന്നാണ്). നീ അല്ലാഹുവെ സൂക്ഷിച്ചിട്ടില്ല. അതുകൊണ്ട് നിനക്ക് ഞാന്‍ പോംവഴി കാണുന്നില്ല. നിന്റെ റബ്ബിന്റെ കല്‍പ്പനക്ക് നീ വിരുദ്ധം പ്രവര്‍ത്തിച്ചു. നിന്റെ ഭാര്യ നിന്നില്‍ നിന്ന് പൂര്‍ണ്ണമായി വേര്‍പ്പെടുകയും ചെയ്തു.

റുകാനത്തുബ്‌നു അബ്ദി യസീദ് എന്ന സ്വഹാബി തന്റെ ഭാര്യ സുഹൈമത്തിനെ ‘അല്‍ബത്ത’ ത്വലാഖ് ചൊല്ലി (വിച്ഛേദിക്കുക, വേര്‍പ്പെടുത്തുക എന്നാണ് അല്‍ബത്ത എന്നതിന്റെ അര്‍ത്ഥം. ഇത് ത്വലാഖിന്റെ പദമാണ്) ഈ വിവരം അദ്ദേഹം നബി(സ)യെ അറിയിച്ചു. അല്ലാഹുവാണ് സത്യം ഞാനൊരു ത്വലാഖ് മാത്രമാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ റസൂലുല്ലാഹി(സ) ചോദിച്ചു. ”അല്ലാഹുവില്‍ സത്യം, നീ ഒരു ത്വലാഖ് മാത്രമാണോ ഉദ്ദേശിച്ചത്”?. അപ്പോള്‍ റുകാന ഞാന്‍ ഒന്നു മാത്രമാണ് ഉദ്ദേശിച്ചത് എന്ന് സത്യം ചെയ്തു പറഞ്ഞു. അപ്പോള്‍ റസൂലുല്ലാഹി(സ) അവളെ അദ്ദേഹത്തിനു തിരിച്ചു നല്‍കി. (അബൂദാവൂദ് 2206, തുര്‍മുദി 1177, ഇബ്‌നു മാജ 2051, ദാരിമി 227). അപ്പോള്‍ റുകാനത്ത് മൂന്നും ഉദ്ദേശിച്ചിരുന്നെങ്കില്‍ മുന്നൂം പോകുമെന്ന് വ്യക്തമായി. അങ്ങനെയല്ലെങ്കില്‍ അദ്ദേഹത്തെ വീണ്ടും സത്യം ചെയ്യിക്കേണ്ട ആവശ്യമില്ലല്ലോ. ഈ ആശയത്തിലുള്ള ഹദീസുകള്‍ വേറെയുമുണ്ട്. അപ്പോള്‍ ഒരു തവണയായോ പല തവണയായോ ഒരു സ്ത്രീയെ മൂന്നു ത്വലാഖ് ചൊല്ലി എന്ന് സ്ഥിരപ്പെട്ടാല്‍ പിന്നീട് അവള്‍ അവന് അനുവദനീയമല്ല. നീ മുത്ത്വലാഖ് ഉടയവളാണ് അല്ലെങ്കില്‍ ‘അല്‍ബത്ത’ ത്വലാഖ് ഉടയവളാണ് എന്ന് ഭാര്യയോട് പറയുന്നത് ഈ ഇനത്തില്‍ പെട്ടതാണ്. ഇതു പണ്ഡിതന്മാരുടെ ഏകോപനമുള്ള കാര്യമാണ്. എന്നാല്‍ മൂന്നു ത്വലാഖ് ചൊല്ലിയാല്‍ ഒരു ത്വലാഖേ സംഭവിക്കൂ എന്നത് ഹമ്പലീ മദ്ഹബുകാരനായ ഇബ്‌നു തൈമിയ്യയുടെ മാത്രം അഭിപ്രായമായാണ് അറിയപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ തന്നെ മദ്ഹബിലെ നേതാക്കന്മാര്‍ അദ്ദേഹത്തെ ഖണ്ഡിച്ചിട്ടുമുണ്ട്. (സ്വാവീ 1/96).
യു.എ.ഇ. പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവും യു.എ.ഇ. ചീഫ് ജസ്റ്റിസുമായിരുന്ന ശൈഖ് അഹ്മദ് ഇബ്‌നു അബ്ദില്‍ അസീസ് ആലു മുബാറക് എഴുതുന്നത് കാണുക. ഒരേ അവസരം മൂന്നു ത്വലാഖ് ചൊല്ലിയാല്‍ ഒന്നേ പോകൂ എന്ന അഭിപ്രായം അബദ്ധമാണെന്ന് പണ്ഡിതന്മാര്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായം മുബ്തദിഉകളായ ശിയാ വിഭാഗം കൊണ്ടു വന്നിട്ടുള്ള നൂതനാശയമാണ്. ഈ ആശയം ആദ്യമായി ഇളക്കിവിട്ടത് മൊറോക്കോവില്‍ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബൂ ജഅ്ഫര്‍ ത്വുലൈത്തിലീ എന്ന ഒരാളാണ്. ഹിജ്‌റ 459 ല്‍ ദിവംഗതനായ ഇദ്ദേഹം മാലിക്കീ മദ്ഹബുകാരനാണെന്ന് അവകാശപ്പെടുകയുണ്ടായി. പക്ഷേ, അദ്ദേഹം ശിയാ വിഭാഗത്തില്‍ പെട്ടയാളാണ്. ഈ ബിദ്അത്ത് പിന്നീട് എട്ടാം നൂറ്റാണ്ടില്‍ പുനര്‍ജീവിപ്പിച്ചത് ഇബ്‌നു തൈമിയ്യയാണ്. അദ്ദേഹത്തെ തന്റെ സമകാലീന പണ്ഡിതന്മാരെല്ലാം നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. (ലുസൂമുത്ത്വലാഖി സ്സലാസി ഫീ കലിമതിന്‍ വാഹിദതിന്‍: ശൈഖ് അഹ്മദ് ഇബ്‌നു അബ്ദില്‍ അസീസ് ആലു മുബാറക് പേജ്: 21).

ശൈഖ് അഹ്മദ് തുടരുന്നു: മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിന്ന് താഴെ പറയുന്ന വസ്തുത വ്യക്തമാകുന്നതാണ്: മുത്ത്വലാഖ് ഒരു ത്വലാഖേ ആകൂ എന്ന വാദം ബിദ്അത്തുകാരും ശിയാ വിഭാഗവും മാത്രമേ ഉന്നയിച്ചിട്ടുള്ളൂ. ഈ വിഷയത്തില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ ഫത്‌വ ഹമ്പലീ മദ്ഹബിലെ പണ്ഡിത നേതാക്കന്മാര്‍ തന്നെ അംഗീകരിച്ചിട്ടില്ല. മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബ് പോലും അത് കൊണ്ട് ഒരു തവണ മാത്രമാണ് ഫത്‌വാ കൊടുത്തിട്ടുള്ളത്. ആ ഫത്‌വായില്‍ നിന്ന് അദ്ദേഹം മടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുത മതി ഇബ്‌നു തൈമിയ്യയുടെ അഭിപ്രായം ദുര്‍ബലമാണെന്നതിന് തെളിവായിട്ട്. ഒരു തവണ മൂന്നു ത്വലാഖ് ചൊല്ലിയാല്‍ മൂന്നും സംഭവിക്കും എന്ന അഭിപ്രായക്കാരാണ് നാല് മദ്ഹബിന്റെ ഇമാമുകളും മറ്റു മഹാന്മാരായ പണ്ഡിതന്മാരും. ഉമറുബ്‌നുല്‍ ഖത്താബ്(റ)ന്റെ കാലത്ത് സ്വഹാബത്തിന്റെ ഏകോപനം ഇവ്വിഷയത്തില്‍ സംഘടിതമാവുകയും ചെയ്തിട്ടുണ്ട്. ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍ എന്നിവരിലേക്ക് ഇതിനു വിരുദ്ധമായി ആരോപിക്കപ്പെടുന്ന അഭിപ്രായത്തില്‍ നിന്ന് അവര്‍ രാജിയായിട്ടുണ്ട്. ഇബ്‌നു അബ്ബാസ് ഒരു തവണ മൂന്നും ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്ന് ഫത്‌വാ കൊടുത്തിട്ടുണ്ട്. അതു സംബന്ധമായി ചോദിച്ചയാളോട് നിന്റെ ഭാര്യ നിന്നില്‍ നിന്ന് പൂര്‍ണ്ണമായി വേര്‍പ്പെട്ടുവെന്നും നീ അല്ലാഹുവിന്റെ കല്‍പ്പനക്ക് വിരുദ്ധം ചെയ്തുവെന്നും അദ്ദേഹം പറയുകയുണ്ടായി (അതേ പുസ്തകം, പേജ് 51-52).

എന്നാല്‍ മുത്ത്വലാഖ് പ്രശ്‌നം ഇടക്കിടെ പൊക്കി കൊണ്ടുവരുന്നത് മൂന്നു വിഭാഗമാണ്. ഒന്ന്, ഇബ്‌നു തൈമിയ്യായുടെ ചുവടു പിടിച്ച് മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ഒരേ സമയം മൂന്നു ത്വലാഖ് ചൊല്ലിയാല്‍ ഒന്നേ പോകൂ എന്ന വാദക്കാരായ സലഫി/ മൗദൂദി ബിദ്അത്തു പാര്‍ട്ടികള്‍. രണ്ട്, ഇസ്‌ലാമിക ശരീഅത്ത് പ്രാകൃതവും സ്ത്രീ വിരുദ്ധവുമാണെന്ന് കുപ്രചാരണം നടത്തുന്ന ഓറിയന്റലിസ്റ്റുകളുടെ വലയില്‍ കുടുങ്ങിയ പരിഷ്‌ക്കരണ വാദികളായ മോഡേണിസ്റ്റുകള്‍. മൂന്ന്, ഏകസിവില്‍ കോഡ് വാദികളായ മുസ്‌ലിം വിരുദ്ധ വര്‍ഗ്ഗീയ വാദികള്‍. ഇവര്‍ പലപ്പോഴും ശരീഅത്ത് പരിഷ്‌കരണത്തിന്റെ ആവശ്യകത മുസ്‌ലിം സമുദായത്തില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒന്നും രണ്ടും വിഭാഗത്തിലെ ചിലരെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അത്തരം വാടകക്കെടുത്ത തൂലികാകാരന്മാര്‍ക്കും കോളമിസ്റ്റുകള്‍ക്കും ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് ശരിയായ വിവരമില്ലെന്നതും മുസ്‌ലിം സമുദായത്തില്‍ പറയത്തക്ക സ്വാധീനമില്ലെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. അതുകൊണ്ട് തന്നെ അവരെ മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികളായോ അവരുടെ ശബ്ദം സമുദായത്തിന്റെ ശബ്ദമായോ പരിഗണിക്കാവതല്ല.

കോടമ്പുഴ ബാവ മുസ്‌ലിയാര്‍