മറീന ബീച്ചില്‍ വിരിഞ്ഞ ‘അറബ് വസന്തം’ നല്‍കുന്ന മുന്നറിയിപ്പ്

മറീന ബീച്ചില്‍ വിരിഞ്ഞ ‘അറബ് വസന്തം’ നല്‍കുന്ന മുന്നറിയിപ്പ്

ഇന്ത്യ ബ്രിട്ടീഷ് കോളനി ശക്തിയില്‍ നിന്ന് മോചിതമാവുമെന്ന് ഉറപ്പായ സമയത്ത് ഭാവി ഭരണസംവിധാനത്തെ കുറിച്ച് വിവിധ തലങ്ങളില്‍ തലങ്ങും വിലങ്ങും കൂടിയാലോചനകള്‍ നടക്കവെ, ബാബാ സാഹെബ് അംബേദ്ക്കര്‍ ഒരു കാര്യം വെട്ടിത്തുറന്നു പറഞ്ഞു: പാര്‍ലമെന്ററി ജനാധിപത്യത്തെ സൂക്ഷിക്കുക; അത് കാഴ്ചയില്‍ തോന്നുന്നത് പോലെ ഏറ്റവും നല്ല ഉല്‍പന്നമല്ല’. …..പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിര്‍വാഹകസമിതിയുടെ(എക്‌സിക്യൂട്ടീവ്) പ്രവര്‍ത്തനത്തിനു വിഘ്‌നമുണ്ടാക്കാന്‍ നിയമസഭക്കു കഴിയും. നിര്‍വാഹസമിതി ആവശ്യപ്പെടുന്ന നിയമങ്ങള്‍ നിര്‍മിക്കാന്‍ നിയമസഭ വിസമ്മതിച്ചെന്നുവരാം. നിയമസഭ നിര്‍വാഹകസമിതിയുടെ പ്രവര്‍ത്തനത്തിനു വിഘ്‌നമുണ്ടാക്കിയില്ലെങ്കില്‍ തന്നെ, നീതിപീഠം തടസ്സമുണ്ടാക്കിയെന്നുവരാം. നിയമങ്ങള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കാന്‍ നീതിപീഠത്തിനു കഴിയും. …..പൊതുവായ ശൈലിയില്‍ ഇങ്ങനെ പറയാം പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരായ അസംതൃപ്തിക്കു കാരണം, അതു ബഹുജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന സ്വാതന്ത്ര്യത്തിനും സ്വത്തിനും സുഖാര്‍ജനയത്‌നത്തിനുമുള്ള അവകാശം ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ്.”

ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം വിജയപ്രദമാണോ? കഴിഞ്ഞ എഴുപത് വര്‍ഷത്തെ നമ്മുടെ അനുഭവം എന്താണ് പഠിപ്പിക്കുന്നത്?. ജനാധിപത്യം പരാജയത്തിലേക്കാണോ നടന്നടുക്കുന്നതെന്ന് തോന്നിത്തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ പ്രകടമല്ലേ? കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സും സുപ്രീംകോടതിയുടെ വിധിയും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഒരു സംസ്ഥാനത്തെ ഭൂരിഭാഗം പൗരന്മാര്‍ പരസ്യമായി പറയുമ്പോള്‍ അവരുടെ വൈകാരികത്തള്ളിച്ചയില്‍ സ്വയം അലിഞ്ഞുചേര്‍ന്ന്, അവര്‍ ആഗ്രഹിക്കുന്ന നിയമങ്ങള്‍ രായ്ക്കുരാമാനം ചുട്ടെടുക്കുന്ന അവസ്ഥാവിശേഷത്തെ കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. ആര് ആരെയാണ് ഇവിടെ തോല്‍പിക്കുന്നത്? ഈ വക ചോദ്യങ്ങള്‍ക്ക് നാം സ്വയം ഉത്തരം അന്വേഷിച്ചുപോവേണ്ടിവന്ന ഒരാഴ്ചയാണ് ജനുവരി 15നു ശേഷം നമ്മുടെ കണ്‍മുന്നിലൂടെ തമിഴ്‌നാട്ടില്‍ കടന്നുപോയത്. ജെല്ലിക്കെട്ട് എന്ന മൃഗയാവിനോദം നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ നിയമം കാറ്റില്‍ പറത്തപ്പെട്ടുവെന്ന് മാത്രമല്ല, ഇവ്വിഷയകമായി പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പിനെ മറി കടക്കാനും ജനങ്ങളുടെ വികാരത്തോടൊപ്പം നില്‍ക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ച അമിതാവേശം ജനാധിപത്യം ഇത്രക്കും വൈകാരികമായ ഉറഞ്ഞുതുള്ളലാണോ എന്ന ചോദ്യം ഉയര്‍ത്തിവിട്ടു. കാളയുടെ പൂഞ്ഞയില്‍ തൂങ്ങിക്കിടന്ന് ആ മൃഗത്തെ കീഴടക്കാനുള്ള അല്ലെങ്കില്‍ അതിനെ പിടിച്ചുവീഴ്ത്താനുള്ള ഭ്രാന്തമായ ആവേശത്തിനുമുന്നില്‍ നിയമവും നിയമകോടതിയും ഒന്നുമല്ല എന്ന് വിളിച്ചുപറഞ്ഞ ഒരാഴ്ചത്തെ ജെല്ലിക്കെട്ട് പ്രക്ഷോഭം ആളിപ്പടര്‍ന്ന് ഒടുവില്‍ കെട്ടടങ്ങിയപ്പോള്‍ ചില മൗലികസമസ്യകളുടെ പൊരുള്‍ തേടേണ്ടിവന്നു രാജ്യത്തിന്.

വിനോദത്തിന്റെ പേരില്‍ ക്രൂരത പാടുണ്ടോ?
ക്രൂരത മനുഷ്യരോടായാലും മറ്റേത് ജീവജാലങ്ങളോടായാലും പാപമാണെന്ന് എല്ലാ ധര്‍മസംഹിതകളും പഠിപ്പിക്കുന്നുണ്ട്. വിനോദത്തിനു വേണ്ടി മേത്തരം ഇനം കാളകളെ പരിപോഷിപ്പിച്ചെടുക്കുകയും ജനമധ്യത്തില്‍ കൊണ്ടുവന്ന് അവയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് പ്രഥമ ദൃഷ്ട്യാ തന്നെ തെറ്റാണ്. ആ മൃഗത്തെ വേദനിപ്പിച്ചും ദേഷ്യം പിടിപ്പിച്ചും പോരാട്ടവീര്യം കുത്തിെച്ചലുത്തി മനുഷ്യരോട് മല്ലടിപ്പിക്കുന്ന വിനോദം എന്തുപേരിട്ട് വിളിച്ചാലും ക്രൂരത തന്നെയാണ്. ആറേഴ് സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ആചാരമാണിതെന്നും ഇത് കാര്‍ഷിക സംസ്‌കൃതിയുടെ അഭിഭാജ്യ ഘടകമാണെന്നും തമിഴ്‌സംസകൃതിയുടെ അന്തര്‍ധാരകളെ് ഉള്‍വഹിക്കുന്നുണ്ടെന്നും ഇതില്‍ പീഢനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നുമൊക്കെയാണ് ജെല്ലിക്കെട്ട് ഭ്രാന്തന്മാരും അവരെ അനുകൂലിക്കുന്ന വിവിധ തുറകളിലുള്ള നേതാക്കള്‍ അടക്കമുള്ളവരും വാദിക്കുന്നത്. ‘മാറ്റു പൊങ്കല്‍’ എന്ന ഉല്‍സവ സീസണില്‍ ജെല്ലിക്കെട്ട് ഇല്ലെങ്കില്‍ എല്ലാം തീര്‍ന്നു എന്ന പഴഞ്ചന്‍ വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു. ‘തായ് പിറന്താള്‍ വഴി പിറക്കും’ ( തായ് പിറന്നാള്‍ അവസരം ഉണ്ടാവും ) എന്നാണത്രെ തമിഴ് ചൊല്ല്. ജനുവരി 15ഓട് കൂടിയാണ് തായ് പിറക്കുന്നത്. ജനുവരി 16നാണ് വിദ്യാര്‍ഥികള്‍ ചെന്നൈയിലെ പ്രശസ്തമായ മറീനാ ബീച്ചിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയത്. പതിനെട്ടായതോടെ, കടല്‍ത്തീരം യുവതീയുവാക്കളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. നഗരത്തിലെ ഉയര്‍ന്ന പ്രഫഷനല്‍ കോളജുകളില്‍നിന്നുള്ള , സമ്പന്നരായ കുട്ടികളാണ് അതില്‍ ഭൂരിഭാഗവും. രാപ്പകല്‍ ഭേദമില്ലാതെ അവര്‍ പാട്ട് പാടിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ലോകശ്രദ്ധ പിടിച്ചുപറ്റി. തീര്‍ത്തും സമാധാപരമായ സംഗമം. സമൂഹ മാധ്യമങ്ങളിലൂടെ കൈമാറിയ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30000 ചെറുപ്പക്കാരെങ്കിലും അവിടെ ഒത്തുകൂടി. എന്നല്ല, തങ്ങളുടേത് ‘അറബ് വസന്തത്തി’നു സമാനമായ പോരാട്ടമാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. ഹുസ്‌നി മുബാറക് എന്ന സ്വേച്ഛാധിപതിക്കെതിരെ, ഈജിപ്ഷ്യന്‍ ജനത, കൈറോവിലെ തഹ്‌രീക് സ്‌ക്വയറില്‍ തമ്പടിച്ച് വിരിയിച്ച മുല്ലപ്പൂ വിപ്ലവം വിരിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ ട്വീറ്റ് ചെയ്തു. മറീനബീച്ച് അങ്ങനെ ഒരുവേള ‘മോചന ചത്വരമായി ‘ മാറുമ്പോഴും രാജ്യം അമ്പരന്നുനില്‍ക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ മധുര ജില്ലയിലും സമീപ പ്രദേശങ്ങളിലും മാത്രം നിലനില്‍ക്കുന്ന ജെല്ലിക്കെട്ട് എന്ന ആചാരവിനോദത്തിനുവേണ്ടി ഇത്തരമൊരു പ്രക്ഷോഭമോ? നരേന്ദ്രമോദി നവംബര്‍ എട്ടിനു നടപ്പാക്കിയ ‘നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ജനജീവിതം അട്ടിമറിക്കപ്പെട്ടപ്പോള്‍ ശാന്തരായി, ഒരക്ഷരം ഉരിയാടാതെ, എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ക്യൂനിന്ന യുവാക്കള്‍ക്ക് എവിടുന്ന് കിട്ടി ഈ പ്രതികരണശേഷി? അതുമാത്രമല്ല, ജെല്ലിക്കെട്ട് ഇവര്‍ വാദിക്കും പോലെ നിരുപദ്രപകരമായ ഒരു വിനോദമാണോ?.

മൃഗസ്‌നേഹികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നീതിന്യായ കോടതികള്‍ക്കും ചിന്തിക്കുന്ന ഭരണകൂടത്തിനും ജെല്ലിക്കെട്ട് പോലുള്ള വിനോദങ്ങള്‍ നിരോധിക്കാന്‍ എത്രയോ കാരണങ്ങള്‍ പറയാനുണ്ടാവും. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഭരണകൂടത്തിന്റെ ഒത്താശയോടെ അത്തരം മൃഗയാവിനോദങ്ങള്‍ നിര്‍ബാധം അരങ്ങേറിയിട്ടുണ്ടാവാം. എന്നല്‍, പരിഷ്‌കൃത സമൂഹത്തില്‍ അത് തുടര്‍ന്നുപോകുന്നത് പ്രബുദ്ധതയുടെ നിരാസമാണ്. അതുള്‍ക്കൊണ്ടാണ് 1960ല്‍ തന്നെ മൃഗപീഢനനിരോധന നിയമം കൊണ്ടുവന്നത്. മൃഗക്ഷേമ ബോര്‍ഡും  മൃഗങ്ങളോട് മാന്യമായി പെരുമാറാന്‍ നിര്‍ദേശിക്കുന്ന സംഘടനയും  ജെല്ലിക്കെട്ടില്‍ അടങ്ങിയ മൃഗങ്ങള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ പീഢനങ്ങളെ കുറിച്ച് ജനങ്ങളെയും സര്‍ക്കാരിനെയും ബോധവാന്മാരാക്കാന്‍ ശ്രമിച്ചതും നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും. 2014മേയ് ഏഴിനാണ് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടും കര്‍ണാടകയിലെ കാളവണ്ടി മല്‍സരവും ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നിരോധിക്കുന്നത്. 2009ല്‍ ജയലളിത സര്‍ക്കാര്‍ കൊണ്ടുവന്ന റെഗുലേഷന്‍ ഓഫ് ജെല്ലിക്കെട്ട് ആക്ട് റദ്ദാക്കിക്കൊണ്ടായിരുന്നു നടപടി. കൊടുംചൂടില്‍ കൊണ്ടുനിര്‍ത്തി, കാളകളെ സര്‍വവിധ ക്രൂരതകള്‍ക്കും വേദനകള്‍ക്കും ഇരയാക്കുന്നത് അനുവദിക്കാനാവില്ലെന്നും റോമന്‍ ഗ്ലാഡിയേറ്ററുകളെ നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും കോടതി ഓര്‍മപ്പെടുത്തി. ഇനി വല്ലവര്‍ക്കും കാളപ്പോര് നടത്തിയേ പറ്റൂ എന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അതിലേര്‍പ്പെടാവുന്നതേയുള്ളൂവെന്നും കോടതി നിരീക്ഷിക്കുന്നു. പരിശീലനവും പ്രദര്‍ശനവും നിരോധിക്കപ്പെട്ട മൃഗങ്ങളുടെ പട്ടികയില്‍ കാളകളെയും ഉള്‍പ്പെടുത്തി 2011ല്‍ കേന്ദ്ര പരിസ്ഥിതിവകുപ്പ് ഇറക്കിയ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ളതായിരുന്നു കോടതിയുടെ തീര്‍പ്പ്. ഇത് മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ രായ്ക്കുരാമാനം വീണ്ടും നിയമനിര്‍മാണം കൊണ്ടുവന്നത്. ഇതിന്റെ സാധുത ചോദ്യം ചെയ്ത് ‘പെറ്റ’ നല്‍കിയ അപ്പീലിന്മേല്‍ വിധിപറയാന്‍ പോകുമ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിചിത്രമായ ഒരാവശ്യം ഉന്നയിച്ചു; ഒരാഴ്ചത്തേക്ക് വിധി പറയുന്നത് മാറ്റിവെക്കണമെന്ന്. അതായത്, ഈ വര്‍ഷത്തെ പൊങ്കലും ജെല്ലിക്കെട്ടും കഴിയുന്നത് വരെ തീര്‍പ്പ് ഉണ്ടാവരുതെന്ന്. ജെല്ലിക്കെട്ട് മതപരമായ ഒരാചാരമാണെന്ന് വരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. പരമോന്നത നീതിപീഠം അതിനു വഴങ്ങി എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

പൊട്ടിയൊഴുകിയ പ്രതിഷേധം ആര്‍ക്കെതിരെ?
2005ഓടെ നിര്‍ത്തിവെച്ച ജെല്ലിക്കെട്ടിനു പെട്ടെന്ന് വര്‍ധിത പിന്തുണ ലഭിച്ചതെങ്ങനെയെന്നും യുവാക്കളെ മറീന ബീച്ചിലേക്ക് ആട്ടിത്തെളിയിച്ച ചേതോവികാരമെന്താണെന്നും പഠനവിധേയമാക്കേണ്ടതുണ്ട്. വെറും കാളപ്പോരിനു വേണ്ടിയുള്ള പോരാട്ടമാണ് മറീനബീച്ചിലും സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും അരങ്ങേറിയതെന്ന നിഗമനത്തിലെത്താന്‍ പ്രയാസമുണ്ട്. രാഷ്ട്രീയനേതാക്കളെ അകറ്റിനിറുത്തി, വിവിധ ഗ്രൂപ്പുകള്‍ ജാതിമത, കക്ഷിപക്ഷ ഭേദങ്ങള്‍ മറന്ന് എന്തിനു നാല്ദിവസം സമരമുഖം തീഷ്ണമാക്കി എന്ന ചോദ്യത്തിനു ഇതുവരെ കുറെ വ്യാഖ്യാനങ്ങള്‍ അല്ലാതെ, തെളിച്ചമുള്ള ഉത്തരമൊന്നും കിട്ടിയിട്ടില്ല. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ലീന മണിമേഖലൈ, മറീന ബീച്ച് സന്ദര്‍ശിക്കുകയും സമരത്തിന്റെ ഭാഗമാവുകയും ചെയ്ത ശേഷം ഇങ്ങനെ എഴുതി: എനിക്കാകെ മനസ്സിലാകുന്നത്, ജനങ്ങളുടെ മനസ്സില്‍ അടിഞ്ഞുകൂടിയ രോഷത്തിന്റെ പ്രതിഫലനമാണ് ജെല്ലിക്കെട്ട് എന്നാണ്. യുവാക്കള്‍ പറയച്ചെണ്ടകളുമായി മോദിയുടെ ശവം കൊണ്ടുപോകുന്നു. നോട്ട് അസാധുവാക്കല്‍ ഒടുവില്‍ ഒരു ദുര്‍ഭൂതമാക്കിയിരിക്കുന്നു. പനീര്‍ശെല്‍വത്തിന്റെയും ശശികലയുടെയും ചാക്കുരൂപങ്ങളെ തൂക്കിലേറ്റുന്നു. അവ ചെരിപ്പടി ഏറ്റുവാങ്ങുന്നു. ഭരണാധികാരികളെ തെറിവിളിക്കുന്നത് താഴ്ന്നവരുടേതെന്ന് പുച്ഛിക്കപ്പെട്ട ഭാഷയിലാണ്’. അപ്പോള്‍ ഈ പ്രക്ഷോഭം കേവലം മൂരിപ്പോരിനു വേണ്ടി മാത്രമുള്ളതല്ല. സംസ്ഥാനകേന്ദ്രഭരണകൂടങ്ങള്‍ക്കെതിരായ രോഷപ്രകടനം യുവത കുറെ കാലമായി കൊണ്ടുനടക്കുന്ന അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമായി വേണം കാണാന്‍. തമിഴ് നാടിനോടുള്ള മോദിസര്‍ക്കാരിന്റെ അവഗണനയോടും സംസ്ഥാനത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ ഫലപ്രദമായി കേന്ദ്രത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത പനീര്‍ശെല്‍വം സര്‍ക്കാരിന്റെ ശേഷിക്കുറവിനോടുമുള്ള രോഷമാണ് മറീന ബീച്ചില്‍ അണ പൊട്ടിയൊഴുകിയത്. തമിഴ്‌സംസ്‌കാരത്തിന്റെ അന്തഃസ്ഥലികളെ തൊട്ട് നോവിക്കുന്ന ന്യായാസനങ്ങളെ പോലും പ്രക്ഷോഭകള്‍ വെറുതെ വിട്ടില്ല. രാഷ്ട്രീയ നേതാക്കളെ പ്രക്ഷോഭമുഖത്ത് അടുപ്പിക്കാതെയും സാംസ്‌കാരിക, എന്‍.ജി.ഒ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയും യുവാക്കള്‍ മുന്നോട്ട് കൊണ്ടുപോയ സമരത്തിന്റെ സവിശേഷമുഖം മാധ്യമങ്ങളെ കാണാതെപോവുകയോ അര്‍ഹിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. മോഡിയെയോ കേന്ദ്രസര്‍ക്കാരിനെയോ വിമര്‍ശിക്കുന്ന ഭാഗങ്ങളെല്ലാം മാധ്യമങ്ങള്‍ തമസ്‌കരിച്ചതായി പരാതിയുണ്ട്. അതോടൊപ്പം, തന്നെ ഇത്രയും പേര്‍ക്ക് കൃത്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്തതിനു പിന്നില്‍ ഏത് ശക്തികളുടെ കരങ്ങളാണ് പ്രവര്‍ത്തിച്ചത്. ഒരുഘട്ടത്തില്‍ കൊക്കകോലക്കും പെപ്‌സിക്കും എതിരെയും ഇവര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സാമ്രാജ്യത്വവിരുദ്ധത കൈമുതലാക്കിയ ഒരു വിഭാഗവും സമരക്കാരിലുണ്ടെന്ന് ഇത് സമര്‍ഥിക്കുന്നു.

ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളോട് തമിഴ്മക്കള്‍ കൊണ്ടുനടക്കുന്ന ആശങ്കകളും ഭീതിയും അവസരം തരപ്പെട്ടപ്പോള്‍ കൈമാറി എന്ന അനുമാനമാണ് സമരത്തിന്റെ അന്തര്‍ധാരയെ കൂടുതല്‍ ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട് . തമിഴ് ഉപദേശീയതക്കാണ് എക്കാലവും ദേശീയതയെക്കാള്‍ സംസ്ഥാനത്തെ അന്നാട്ടിലെ ജനങ്ങള്‍ പ്രാമുഖ്യം കൊടുത്തിരുന്നത്. ഉത്തരേന്ത്യയിലെ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അതിനേക്കാള്‍ പ്രാധാന്യം അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണെന്നും തുറന്നുപറയാന്‍ മാത്രം ഹിന്ദുത്വ ദേശീയതക്ക് വിരുദ്ധമായ നിലപാട് ഇവര്‍ മുറുകെ പിടിക്കുന്നുണ്ട്. മുമ്പ് ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ് ‘ദേശവിരുദ്ധ’ വികാരം ഫലപ്രദമായി അവതരിപ്പിച്ചത്. തമിഴ്‌സ്വത്വം മുറുകെ പിടിച്ചുകൊണ്ടുള്ള വേരുകളിലേക്കുള്ള തിരിച്ചുപോക്കാണ് മറീന ബീച്ചില്‍ നാം കണ്ടത്. മുസ്‌ലിംഹിന്ദു വിഭാഗീയതയുടെ രാഷ്ട്രീയത്തിനു അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നൂറുകണക്കിനു ചെറുപ്പക്കാര്‍ ബീച്ചില്‍ നമസ്‌കരിക്കാന്‍ എഴുന്നേറ്റ് നിന്നപ്പോള്‍ കണ്ടുനിന്ന ഹൈന്ദവ യുവതീയുവാക്കള്‍ മുദ്രാവാക്യം വിളി നിറുത്തി മൗനം കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ജെല്ലിക്കെട്ടിന് എതിരായ പ്രക്ഷോഭം രാഷ്ട്രീയനേതൃത്വത്തിനും നീതിന്യായവ്യവസ്ഥക്കും ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പൗരന്മാരുടെ വികാരവിചാരങ്ങള്‍ മാനിക്കാതെയുള്ള തീരുമാനം ഭരണകൂടമോ ന്യായാസനങ്ങളോ അടിച്ചേല്‍പിച്ചാല്‍ അത് സ്വീകരിച്ചുകൊള്ളണമെന്ന വാദം ജനം അംഗീകരിക്കില്ല എന്നതാണ് ഒന്നാമത്തേത്. ജനാധിപത്യത്തില്‍ പ്രതിഫലിക്കേണ്ടത് ജനങ്ങളുടെ ഹിതമാണ്. ജനഹിതം ചവിട്ടിമെതിച്ചുകൊണ്ട്, നിയമത്തിന്റെ ബലിഷ്ഠമായ കരങ്ങള്‍ കൊണ്ട് നാട് ഭരിക്കാം എന്ന് കരുതുന്നത് മണ്ടത്തമാണെന്ന് തമിഴര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.നിരന്തരമായ സംവാദത്തിലൂടെയും അവബോധത്തിടെയും നവീനമായ കാഴ്ചപ്പാട് വളര്‍ത്തികൊണ്ടുവന്നാല്‍ മാത്രമേ , പരിഷ്‌രണ പ്രക്രിയക്ക് സ്ഥായിയായ നിലനില്‍പുള്ളൂ. ജനാധിപത്യത്തിന്റെ ഈ പരിമിതി ഉള്‍ക്കൊള്ളാതെ, ജനങ്ങളെ ഭരിക്കാന്‍ പുറപ്പെട്ടാല്‍ ഏത് സമയവും രോഷത്തിന്റെ ലാവ് പൊട്ടിയൊലിക്കുമെന്നും ഭരണകൂടങ്ങള്‍ക്ക് തടുത്തുനിര്‍ത്താന്‍ കഴിയാത്ത പ്രവാഹമായി അതുമാറുമെന്നും രണ്ടാമതായി പഠിപ്പിക്കുന്നു. രാഷ്ട്രീയവ്യവസ്ഥിതിക്കെതിരെയാണ് ജെല്ലിക്കെട്ടിന്റെ മറവില്‍ തമിഴ് മക്കള്‍ മറീനബീച്ചില്‍ തഹ്‌രീര്‍ സ്‌ക്വയര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതെങ്കില്‍ പുതുതലമുറ എല്ലാം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് എല്ലാവരും മനസ്സിലാക്കട്ടെ.

ശാഹിദ്‌