സമരങ്ങള്‍ ഞങ്ങള്‍ക്ക് കാര്‍ണിവലുകളല്ല

സമരങ്ങള്‍ ഞങ്ങള്‍ക്ക് കാര്‍ണിവലുകളല്ല

കേരളത്തിലെ മുസ്‌ലിം സംഘടനകളെ മലബാര്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് പൊതുവേ മനസ്സിലാക്കാറുള്ളത്. സംഘടനകളുടെ നേതൃനിരയിലും തെക്ക് ഭാഗത്തുനിനുളളവര്‍ കുറവാണ്. ചരിത്രപരമായി തന്നെ അങ്ങനെയായിരുന്നോ കാര്യങ്ങള്‍?

തെക്കന്‍ കേരളത്തെ അപേക്ഷിച്ച് ജനസംഖ്യാപരമായി തന്നെ മുസ്‌ലിംകള്‍ കൂടുതല്‍ ഉള്ള പ്രദേശമാണ് മലബാര്‍. അത്തരമൊരു സാഹചര്യം സ്വാഭാവികമായും കൂടുതല്‍ വിഭവങ്ങളും പശ്ചാത്തല സൗകര്യങ്ങളും ആവശ്യപ്പെടും. കേരളത്തില്‍ പ്രബലമായ ഒട്ടുമിക്ക മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തുടക്കം മലബാറില്‍ നിന്നാകുന്നതിന്റെ സാമൂഹിക പശ്ചാത്തലമിതാണ്. പണ്ഡിതന്മാരുടെ സാന്നിധ്യത്തിന്റെ കാര്യത്തിലും ഇസ്‌ലാമിക പൈതൃകത്തിന്റെ പൊലിമയുടെ കാര്യത്തിലും ചരിത്രപരമായിത്തന്നെ സവിശേഷമായ ചില കരുതലുകള്‍ മലബാറില്‍ നിന്നുണ്ടായിട്ടുണ്ട്. മതപഠനത്തിന് സാമുദായികമായി ലഭിച്ച വര്‍ധിച്ച പിന്തുണ വിപുലമായ മതപഠന സംവിധാനങ്ങളും അതുവഴി കരുത്തുറ്റ മതപണ്ഡിതന്മാരെയും വാര്‍ത്തെടുത്തു. സമീപകാല ചരിത്രം നോക്കുകയാണെങ്കില്‍, തെക്കന്‍ കേരളം രാജഭരണത്തിന് കീഴിലും മലബാര്‍ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന് കീഴിലും ഉള്ള പ്രദേശങ്ങള്‍ ആയിരുന്നു. ഇത് സാമൂഹികവും സാമുദായികവുമായ ഒട്ടനവധി മാറ്റങ്ങള്‍ ഈ രണ്ടു പ്രദേശങ്ങള്‍ക്കിടയിലും കൊണ്ടുവന്നിട്ടുണ്ട്. അവയുടെ അലയൊലികള്‍ ഈ പ്രദേശങ്ങളിലും അവയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ഇടപാടുകളില്‍ ഇപ്പോഴും അള്ളിപ്പിടിച്ചിരിപ്പുണ്ട്. ഇങ്ങനെയൊക്കെയുള്ള സാമൂഹിക-രാഷ്ട്രീയ-സാമുദായിക പശ്ചാത്തലങ്ങളില്‍ നിന്ന് വേണം തെക്കന്‍ കേരളത്തെയും മലബാറിനെയും കുറിച്ചുള്ള ചോദ്യത്തെ നാം മനസ്സിലാക്കാന്‍. പക്ഷെ, മറ്റു സമുദായങ്ങളെയും സാമുദായിക സംഘടനകളെയും അപേക്ഷിച്ച് ഈ വ്യത്യാസങ്ങളെ വലിയ തോതില്‍ മറികടക്കാന്‍ കഴിഞ്ഞ ഒരു സമുദായം മുസ്‌ലിംകളുടേതാണ്, പ്രത്യേകിച്ചും മുസ്‌ലിം മത സംഘടനകളാണ് എന്നാണ് എന്റെ തോന്നല്‍. ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണത്തോടാണ് നാം അതിനു കടപ്പെട്ടിരിക്കുന്നത്. അറബിയുടെയും അനറബിയുടെയും മതമായിരുന്നല്ലോ ഇസ്‌ലാം. പ്രാദേശികമോ വംശീയമോ മറ്റോ ആയ വ്യത്യാസങ്ങളുടെ പേരിലുള്ള പ്രത്യേക പരിഗണനകളെയോ മാറ്റി നിറുത്തലുകളെയോ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലല്ലോ. ഇസ്‌ലാമില്‍ ബഹുമാനത്തിന്റെയും പരിഗണനയുടെയും മാനദണ്ഡം അറിവും ഭയഭക്തിയുമാണ്. എവിടുത്തുകാരാണ് എന്ന് നോക്കിയല്ല അതുള്ളവരെ സമുദായം ആദരിച്ചത്. മലബാറില്‍ നിന്നുള്ള നല്ല ശ്രമങ്ങളെ തെക്കന്‍ കേരളം എന്നും പിന്തുണച്ചിട്ടുണ്ട്. തിരിച്ചും അതങ്ങനെ തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ എവിടെയുമുള്ള കഴിവുറ്റവരെ ഉള്‍കൊള്ളാനും വളര്‍ത്താനും ഈ പ്രദേശങ്ങളിലുള്ളവര്‍ക്കോ പരസ്പരമോ ഒരു മടിയുമുണ്ടായിരുന്നില്ല. ഉന്നതശീര്‍ഷരായ പണ്ഡിതന്മാര്‍ തന്നെയാണല്ലോ, ചെറുപ്പക്കാരനായിട്ട് പോലും കഴിവും യോഗ്യതയും തിരിച്ചറിഞ്ഞ് പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെ(നമ:) ദക്ഷിണ കേരളത്തിലെ ഓച്ചിറയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്ന് മലബാറിലെ സുന്നി ദഅ്‌വാ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള ഒത്താശകള്‍ ചെയ്തു കൊടുക്കുകയും സമസ്തയുടെ നേതൃ നിരയിലേക്ക് കൊണ്ടുവരികയും ചെയ്തത്. പാങ്ങില്‍ അഹ്മ്മദ് കുട്ടി മുസ്‌ലിയാരെ പോലുള്ളവരെ തിരുവിതാംകൂറിലെ മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിക്കാന്‍ മുന്‍കൈ എടുത്തത് ആ പ്രദേശത്തുകാരായിരുന്നല്ലോ. ഇങ്ങനെ മതപണ്ഡിതന്മാരുടെയും സൂഫീ മഹത്തുക്കളുടെയും ആദാനപ്രദാനങ്ങള്‍ ഈ പ്രദേശത്തുകാര്‍ക്കിടയില്‍ എന്നും ഉണ്ടായിട്ടുണ്ട്.

മതപ്രഭാഷണ രംഗത്ത് തെക്കന്‍ കേരളത്തിലെ പ്രസംഗകരുടെ ഭാഷാശൈലികള്‍ മലബാറുകാര്‍ക്ക് പൊതുവെയും പണ്ഡിതന്മാര്‍ക്ക് പ്രത്യേകിച്ചും പണ്ട് മുതലേ താത്പര്യമുള്ളതാണ്. അവരില്‍ നിന്ന് ഇസ്‌ലാമിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നവരെ സ്വീകരിക്കാനും വളര്‍ത്താനും ഇവിടുത്തെ മതകീയ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താനും മലബാറുകാരിലെ പണ്ഡിതന്മാര്‍ താത്പര്യം കാണിച്ചിട്ടുണ്ട്. പ്രഭാഷണത്തില്‍ കഴിവുള്ളവരെ സാധാരണക്കാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പ്രഭാഷണ സദസ്സുകളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. തഴവ ഉസ്താദും വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുമൊക്കെ ഏവരാലും അംഗീകരിക്കപ്പെട്ട പ്രഭാഷകരായിരുന്നല്ലോ?

ഇതൊക്കെ സൂചിപ്പിക്കുന്നത്, മതത്തിന്റെ കാര്യത്തില്‍ ദേശ, ഭാഷ, വര്‍ഗ, വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ള അയിത്തമോ അസ്പൃശ്യതയോ തുടങ്ങി ഒന്നിനും പ്രസക്തിയില്ല എന്നാണല്ലോ. കറുത്തവര്‍ക്ക് ഇത്ര, വെളുത്തവര്‍ക്ക് ഇത്ര, പാശ്ചാത്യര്‍ക്കും പൗരസ്ത്യര്‍ക്കും ഇത്ര എന്ന രീതിയില്‍ അല്ലല്ലോ ഇസ്‌ലാം അതിന്റെ വിഭവ ശേഷി വിതരണം ചെയ്തിരിക്കുന്നത്. അതിന്റെ മാനദണ്ഡം നേരത്തെ പറഞ്ഞത് പോലെ അറിവും ഭയഭക്തിയുമാണ്. എന്നാല്‍ എല്ലാ നാടുകള്‍ക്കും അതിന്റേതായ ചില മൗലികതകള്‍ ഉണ്ടാകും. മക്കയിലേയും മദീനയിലേയും ജനങ്ങള്‍ തമ്മില്‍ പ്രകൃതിപരമായിത്തന്നെ എത്ര വലിയ അന്തരമുണ്ട്. അബൂജഹ്ല്‍, ഉത്ബ … തുടങ്ങി നാം എണ്ണുന്ന മക്കയിലെ വില്ലന്മാര്‍ക്ക് സമാനമായി മദീനയില്‍ നിന്നാരാണുള്ളത്? അത്തരം ബാഹ്യമായ സ്വഭാവവ്യത്യാസങ്ങള്‍ ഏത് നാടുകള്‍ തമ്മിലുമുണ്ടാകും. തൊഴില്‍, ഭൂപ്രകൃതി, വംശാവലി, ജനസംഖ്യയിലെ ഭൂരിപക്ഷത്തിന്റെ സംസ്‌കൃതി എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കുമത്.

എന്താണ് തെക്കന്‍ ഭാഗത്തെ ഇസ്‌ലാമികാന്തരീക്ഷത്തിന്റെ ഒരു പൊതു ചിത്രം?
മലബാറില്‍ ഇസ്‌ലാം എത്തിയ കാലത്തുതന്നെ ദക്ഷിണ കേരളത്തിലും ഇസ്‌ലാം എത്തിയിട്ടുണ്ട്. മാലിക് ബിന്‍ ദീനാറും സംഘവും പണിത ആദ്യ പള്ളികളില്‍ ഒന്ന് കൊല്ലം ജോനകപ്പുറം പഴയ പള്ളിയായിരുന്നു എന്നാണ് ചരിത്രം. ഇബ്‌നു ബത്തൂതയുടെ യാത്രാ വിവരണങ്ങളിലും ദക്ഷിണ കേരളത്തിലെ വിശിഷ്യാ കൊല്ലത്തു നിലനിന്നിരുന്ന സജീവമായ ഇസ്‌ലാമിക പൈതൃകത്തെ കുറിച്ച് പറയുന്നുണ്ട്. ദക്ഷിണ കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും പാരമ്പര്യ ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ പിന്തുടരുന്നവരാണ്. മലബാറില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സംഘടനകളെക്കാളേറെ മഹല്ലുജമാഅത്തുകള്‍ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കുന്നവരാണ് ഇവിടെയുള്ളവര്‍. മഹല്ലുപരിപാലകരുടെയും നേതൃത്വം കൊടുക്കുന്ന പണ്ഡിതരുടെയും സമീപനവും നിലപാടുകളും നേര്‍വഴിക്കാണെങ്കില്‍ ഈ സംവിധാനത്തിന് ഇന്ന് പ്രാധാന്യമുണ്ട്. എന്നാല്‍ നേതൃത്വം നല്‍കുന്നവരുടെ വിശ്വാസവൈകല്യങ്ങളും, അധികാര രാഷ്ടീയ, ഇലക്ഷന്‍ സംവിധാനത്തിലേക്ക് മഹല്ല് പരിപാലനം വഴിമാറിയതും ഈ മേഖലയില്‍ തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കുകയും മഹല്ല് സംവിധാനത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്ന സ്ഥിതിയും ചിലയിടങ്ങളില്‍ ഉണ്ട്. സമസ്തയുടെ നേതാക്കള്‍ മുന്‍കൈ എടുത്ത് രൂപവത്കരിച്ച സംഘടനയാണല്ലോ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയെപ്പോലെ പ്രവര്‍ത്തിക്കുന്നതിനു പകരം ചില മഹല്ലുകളുടെ കോര്‍ഡിനേറ്റിംഗ് ഹെഡ് ഓഫീസ് മാത്രമായി ആ സംഘടനയുടെ പ്രവര്‍ത്തനം ചുരുങ്ങിപ്പോയത് ഖേദകരമായ ഒരു വസ്തുതയാണ്. സുന്നത്ത് ജമാഅത്തിന്റെ നയനിലപാടുകളില്‍ കണിശമായ ആദര്‍ശ ദാര്‍ഢ്യത പാലിച്ചുകൊണ്ട്, പ്രവര്‍ത്തനമേഖലയില്‍ വൈവിധ്യവത്കരണം നടത്തിയാല്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ഒരു കൂട്ടായ്മയാണ് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ. അതുചെയ്യാതെ മാറിനില്‍ക്കുന്നത് കൊണ്ട് പ്രസ്തുത സംഘടനക്ക് അര്‍ഹതപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും അവരുടെ തന്നെ ആദര്‍ശ ശത്രുക്കള്‍ പങ്കിട്ടെടുക്കുന്ന സ്ഥിതിയാണ് പലയിടങ്ങളിലും.

സുന്നികളുടെ പ്രാസ്ഥാനിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പല മുന്നേറ്റങ്ങള്‍ക്കും സാക്ഷിയാകാന്‍ തെക്കന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സുന്നി സംഘടനാ ചരിത്രത്തിലെ നിര്‍ണ്ണായകമായ 1989ലെ എസ് വൈ എസ് സമ്മേളനം നടന്നത് മലബാറില്‍ അല്ലല്ലോ, എറണാകുളത്താണ്. സുല്‍ത്താനുല്‍ഉലമ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സുന്നീ മുന്നേറ്റത്തെ തുടര്‍ന്ന് എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ പ്രവര്‍ത്തനവും ഖാദിസിയ്യ പോലെയുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യവും ആദര്‍ശ പ്രതിബദ്ധതയുള്ള ശക്തമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

വ്യക്തിപരമായ ഒരു ചോദ്യത്തിലേക്ക് വരാം, നിങ്ങളുടെ കുടുംബത്തില്‍ നിന്ന് എസ് എസ് എഫ് നേതൃനിരയിലേക്ക് എത്തുന്ന രണ്ടാമത്തെ ആളാണ് താങ്കള്‍. നിങ്ങളുടെ കുടുബം എസ് എസ് എഫുകാരായി മാറിയതിന്റെ പശ്ചാത്തലം എന്താണ്?
അഹ്‌ലുസ്സുന്നയുടെ ആശയ ആദര്‍ശങ്ങളോട് പ്രതിബദ്ധതയുള്ള ഒരു വിദ്യാര്‍ഥി സ്വാഭാവികമായും എത്തിച്ചേരുന്ന വഴി ഇതൊക്കെയാണല്ലോ. ഇക്കാര്യത്തില്‍ എന്റെ ഉസ്താദ് കൂടിയായ ബാപ്പ മര്‍ഹൂം അബ്ദുല്‍ ജലീല്‍ മുസ്‌ലിയാര്‍ തുറന്നു തന്ന വഴികള്‍ പ്രധാനമാണ്. നിലപാടുകളുടെ കാര്യത്തില്‍ അങ്ങേയറ്റത്തെ സൂക്ഷ്മത അദ്ദേഹം പുലര്‍ത്തിയിരുന്നു. ഇല്‍മിനെയും ഇളമുള്ളവരെയും ബഹുമാനിക്കുക എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. അതിനു തടസ്സം നില്‍ക്കുന്ന സൗകര്യങ്ങള്‍ ഉപേക്ഷിക്കുക എന്നതായിരുന്നു നയം. അതുകൊണ്ടുതന്നെ എസ് എസ് എഫുകാരായി പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹം വര്‍ധിച്ച പ്രോത്സാഹനം നല്‍കി. തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്ന പണ്ഡിതന്മാരുമായി ബാപ്പ പുലര്‍ത്തിപ്പോന്ന ബന്ധം ഞങ്ങളുടെയൊക്കെ പിന്നീടുള്ള പരിണാമങ്ങളില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇക്കാക്ക മുഹമ്മദ് കുഞ്ഞ് സഖാഫിയായിരുന്നു ഇക്കാര്യത്തില്‍ ഞങ്ങള്‍ മൂന്ന് അനുജന്മാരുടെയും വഴികാട്ടി. ഇക്കാക്ക ഒരു പ്രവര്‍ത്തകനായതിനൊപ്പം ഞങ്ങള്‍ മൂന്ന് അനുജന്മാരെയും അതേവഴിയില്‍ കൈപിടിച്ചു വളര്‍ത്തി. ഇക്ക സംഘടനാ രംഗത്തു സജീവമായത് കാരണം ഒമ്പത് കൊല്ലത്തോളം ഖതീബായി സേവനം ചെയ്ത പള്ളിയില്‍ നിന്ന് ബാപ്പാക്ക് വിരമിക്കേണ്ടി വന്നു. പക്ഷെ അതൊന്നും അദ്ദേഹമോ ഞങ്ങളുടെ കുടുംബമോ കാര്യമാക്കിയെടുത്തില്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും വന്ന ഘട്ടങ്ങളില്‍ ഉമ്മ നല്‍കിയ കരുത്തും പ്രാര്‍ത്ഥനയും വലുതായിരുന്നു.

വീട്ടിലെ ഈ അനുകൂല സാഹചര്യങ്ങള്‍ക്ക് പുറമെ മറ്റെന്തൊക്കെയായിരുന്നു സഹായിച്ച ഘടകങ്ങള്‍?
കൊണ്ടോട്ടി ബുഖാരി ദഅ്‌വാ കോളജിലെ പഠനമാണ് എടുത്തു പറയേണ്ട ഒരു ഘടകം. മറ്റൊന്ന് ഫറോക് ഖാദിസിയയില്‍ നടന്ന എസ് എസ് എഫ് സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുത്തതാണ്. എസ് എസ് എഫിനെ കുറിച്ചും അതിന്റെ ദൗത്യത്തെ കുറിച്ചും സ്വാധീനത്തെ കുറിച്ചും സര്‍വ്വോപരി എന്തുകൊണ്ട് ഒരാള്‍ ഇക്കാലത്ത് എസ് എസ് എഫുകാരനായിരിക്കണം എന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ അനുഭവങ്ങള്‍ എന്നെ ആഴത്തില്‍ ബോധ്യപ്പെടുത്തി.

മുസ്‌ലിം ജമാഅത്തിന്റെ രൂപീകരണത്തിന് ശേഷം പുതിയ സംഘടനാ ക്രമീകരണത്തിന്റെ ഭാഗമായി എസ് എസ് എഫിനെ പൂര്‍ണ്ണമായും ഒരു വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ പുനഃസംവിധാനിക്കുകയാണല്ലോ. എന്തൊക്കെയാണ് ഈ വഴിക്കുള്ള നീക്കങ്ങള്‍?
പേര് സൂചിപ്പിക്കുന്നത് പോലെ കേരള മുസ്‌ലിം ജമാഅത്ത് വിപുലമായ ഒരു കൂട്ടായ്മയാണ്. ഒരു ബഹുജന കൂട്ടായ്മ. നമ്മുടെ പ്രാസ്ഥാനിക മുഖമാണത്. എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങി പ്രസ്ഥാനത്തിന് കീഴിലുള്ള മുഴുവന്‍ സംഘടനകളും സ്ഥാപനങ്ങളും മുസ്‌ലിം ജമാഅത്തില്‍ ഒത്തുചേരുന്നു. മുസ്‌ലിം ജമാഅത്തിന്റെ രൂപീകരണത്തോടെ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും കുറേക്കൂടി വ്യവസ്ഥാപിതമായ വിഭജനം നടക്കുന്നു എന്ന വ്യത്യാസമേ ഉള്ളൂ. പ്രസ്ഥാനത്തിനു വിദ്യാര്‍ത്ഥി മേഖലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എസ് എസ് എഫിലൂടെ നിര്‍വഹിക്കുന്നു. എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണ പൂര്‍വ്വോപരി ലഭ്യമാക്കുന്നു. എസ് എസ് എഫിന്റെ പ്രാദേശിക യൂണിറ്റുകള്‍ ചെയ്തുവന്നിരുന്ന സേവന പൊതുപ്രവര്‍ത്തനങ്ങള്‍ അത് മുഖ്യമായി നിര്‍വ്വഹിക്കേണ്ട സംഘടനകള്‍ ഏറ്റെടുക്കുക വഴി എസ് എസ് എഫിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരം ലഭിക്കുന്നു. കാമ്പസുകളിലേക്കു കൂടുതല്‍ ശ്രദ്ധിക്കാനാവുന്നു. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് വളരെ കഠിനാധ്വാനത്തോടെ എസ് എസ് എഫ് നിര്‍വഹിച്ചു പോരുന്ന വിദ്യാഭ്യാസ സഹായ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനം മുഴുവന്‍ പങ്കുചേരുക വഴി സുഗമമായി കൂടുതല്‍ ആളുകള്‍ക്ക് ആശ്വാസം എത്തിക്കാനാകും എന്നാണു കരുതുന്നത്. സങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അവരുടെ വിദ്യാഭ്യാസ മേഖലകളിലും തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടല്ലോ.

എല്ലാ വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്കിടയിലും ഒരേ തരത്തിലുള്ള പ്രവര്‍ത്തനം മതിയാവില്ല. അതിനാല്‍ എസ് എസ് എഫിന്റെ പദ്ധതികളിലും സമീപനങ്ങളിലും കൂടുതല്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരണം. സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങള്‍, ഹയര്‍ സെക്കന്‍ഡറി, ആര്‍ട്‌സ്, സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍, ദര്‍സ്, ശരീഅത്ത്, ദഅ്‌വാ വിദ്യാര്‍ത്ഥികള്‍, കേരളത്തിന് അകത്തുള്ളവര്‍, പുറത്തുള്ളവര്‍, കേരളത്തിലേക്ക് പഠിക്കാനെത്തുന്നവര്‍, കേരളത്തില്‍ നിന്ന് പഠിക്കാന്‍ പുറത്തേക്കു പോകുന്നവര്‍, ഇവരില്‍ തന്നെയുള്ള വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും…. എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുമായി എസ് എസ് എഫ് സംവദിക്കുന്നുണ്ട്. ഈ സംവാദങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഈ പുനഃസംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

പൂര്‍ണ്ണമായും വിദ്യാര്‍ത്ഥി സംഘടനയാകുന്നതിന്റെ സാധ്യതകള്‍ എന്തെല്ലാമാണ്? നേരിട്ടേക്കാവുന്ന പരിമിതികള്‍ എന്തൊക്കെ ആയിരിക്കും?
എസ് എസ് എഫ് പൂര്‍ണ്ണമായും ഒരു വിദ്യാര്‍ത്ഥി സംഘടനയാവുന്നതോടെ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന വ്യത്യസ്ത മേഖലകളെ, അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ, വെല്ലുവിളികളെ കൂടുതല്‍ വിശദമായി ഉള്‍കൊള്ളാനും പ്രവര്‍ത്തനങ്ങള്‍ ആ വഴിക്കു ചിട്ടപ്പെടുത്താനും കഴിയും. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ്കാമ്പസുകളുമായി മാത്രം പരിമിതപ്പെട്ടതല്ല. വിദ്യാര്‍ത്ഥി സമൂഹത്തിന് പൊതുസമൂഹത്തോട് ചേര്‍ന്നുനിന്ന് നിര്‍വഹിക്കേണ്ട സേവന പ്രവര്‍ത്തനങ്ങളുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളുണ്ട്. സമൂഹത്തോട് സമകാലിക സംഭവങ്ങളില്‍ വിദ്യാര്‍ത്ഥി പക്ഷത്ത് നിന്നുള്ള പ്രതികരണങ്ങള്‍ അറിയിക്കേണ്ടതുണ്ട്. സമൂഹം പൊതുവായ സമുദ്ധാരണത്തിന് വേണ്ടി നിര്‍വ്വഹിക്കുന്ന നവജാഗരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി പക്ഷത്ത് നിന്നുകൊണ്ടുള്ള പങ്കാളിത്തങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ വിശദമായി മനസ്സിലാക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്നത് സാമ്പ്രദായികമായ ഒരു കാമ്പസ് നാലുകെട്ടിന്റെ ഉള്ളില്‍ മാത്രം പരിമിതപ്പെടുന്നതല്ല. ഈ സമീപനം ഉള്‍ക്കൊണ്ടുകൊണ്ടാണ് എസ് എസ് എഫ് എക്കാലത്തും അതിന്റെ പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളത്. ആത്മീയവും ആദര്‍ശപരവുമായ കാര്യങ്ങള്‍ മുന്നില്‍ വെക്കുന്നു എന്ന കാരണത്താല്‍ തന്നെ നമുക്ക് മറ്റുവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ അജണ്ടകള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനുമുണ്ട്. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുന്നു എന്നത് ഒരു പരിമിതപ്പെടലല്ല. മറിച്ച് വിദ്യാര്‍ത്ഥി പരിസരങ്ങളെ കൂടുതല്‍ ഉള്‍കൊണ്ടുകൊണ്ടുള്ള ഒരു വിസ്തൃതി തേടലാണ്. ഇത് ഒരേസമയം സാധ്യതകളും വെല്ലുവിളികളും നിറഞ്ഞതാണ്.

വിദ്യാര്‍ത്ഥി സംഘടനകളുടെ വിസിബിലിറ്റിയും പ്രാധാന്യവും കൂടി വരുന്നതായാണ് സമീപകാലത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്?
അത് എക്കാലത്തും അങ്ങനെ തന്നെ ആയിരുന്നല്ലോ. ഏതൊരു സമൂഹത്തിലെയും വിദ്യാര്‍ത്ഥി മൂവ്‌മെന്റുകള്‍ക്കു വളരെയേറെ പ്രാധാന്യമുണ്ട്. സമീപകാലത്തായി പല ജനാധിപത്യവേദികളും നിഷ്പ്രഭമായി നില്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥിപക്ഷം സക്രിയമായി കൂടുതല്‍ മുന്നോട്ടുവന്നു എന്നത് ശരിയാണ്. പക്ഷെ, ഈ മൂവ്‌മെന്റുകള്‍ക്കെല്ലാം പിന്നീട് എന്ത് സംഭവിക്കുന്നു എന്നത് കൂടി പരിശോധിക്കപ്പെടണം. പല വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്കും തുടര്‍ച്ചകള്‍ ഉണ്ടാകുന്നില്ല എന്നതാണ് ശരി. തുടര്‍ച്ചകള്‍ ഇല്ല എന്നത് മാത്രമല്ല, പ്രവര്‍ത്തനങ്ങള്‍ക്ക് സുസ്ഥിരതപോലും ഇല്ല. ഇതിനു പ്രധാന കാരണം ആശയപരവും ആദര്‍ശാത്മകവുമായ വ്യക്തതയില്ലായ്മയാണ്. വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ ആള്‍ക്കൂട്ടങ്ങളും ബഹളങ്ങളുമായി ചുരുങ്ങുന്നു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഒരുതരം കാര്‍ണിവല്‍ പോലെ ആയിത്തീരുന്നു. സമരം നടക്കുമ്പോള്‍ മാത്രമാണ് അതിനു ശ്രദ്ധ ലഭിക്കുന്നത്. അതവസാനിക്കുന്നതോടെ സമരവും അതിന്റെ ആവശ്യങ്ങളും എല്ലാവരും മറക്കുന്നു. കേരളത്തിലെ യുവജന വിദ്യാര്‍ത്ഥി സംഘടനകളെ നോക്കൂ. ഓരോ വിഷയങ്ങളോടും പ്രതികരിക്കുന്ന മനോഹരമായ മുദ്രാവാക്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. മികച്ച പോസ്റ്ററുകള്‍ ആണ് ഓരോ സമരത്തിനു വേണ്ടിയും ഇറക്കുന്നത്. ആകര്‍ഷകമായ മറ്റു പ്രചാരണ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. എന്നിട്ടോ? എന്താണ് ഇവയുടെയൊക്കെ ബാക്കിപത്രം? ഇത്തരം ദൃശ്യപരതക്കപ്പുറം പുതിയ കാലത്തെ സമരങ്ങള്‍ വല്ലതും ബാക്കി വെക്കുന്നുണ്ടോ? സമരം നടത്തി പിറ്റെ ദിവസം ഏറ്റവും പ്രചാരമുള്ള പത്രത്തില്‍ ഓരോ ഫോട്ടോ വന്നാല്‍ സംഘാടകര്‍ക്ക് സംതൃപ്തിയായി. അതാണ് പലരുടെയും ലക്ഷ്യവും. അതിന്റെയൊക്കെ അപ്പുറത്തേക്കു പോകാന്‍ കഴിയുന്ന മൂവ്‌മെന്റുകള്‍ കുറവാണ്. കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം ഒരു സാമൂഹിക വിഷയത്തെ, രാഷ്ട്രീയ സന്ദിഗ്ധതയെ അഭിമുഖീകരിക്കാന്‍ പുതിയ തലമുറയെ േ്രപരിപ്പിക്കുക എന്നതിലാണ് എസ് എസ് എഫിന്റെ ശ്രദ്ധ. പുതിയ ഡിസൈനിങ് ഉപയോഗിച്ചുള്ള പോസ്റ്റര്‍ അടിക്കാനോ, പുതിയ രീതിയിലുള്ള ഒരു സമരം നടത്താനോ ഉള്ള കാരണമായല്ല ഞങ്ങള്‍ സാമൂഹിക വിഷയങ്ങളെ സമീപിക്കുന്നതും ഏറ്റെടുക്കുന്നതും. പ്രവര്‍ത്തകരെ ഓരോ വിഷയത്തിലും ബോധവത്കരിക്കുക എന്നതിലാണ് പ്രധാന ഊന്നല്‍. അത് നടന്നുകഴിഞ്ഞാല്‍ പിന്നീടുള്ള കാര്യങ്ങളെല്ലാം എളുപ്പമാണ്.

മാതൃസംഘടനയുടെ അജണ്ട പോലും ചില വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിക്കുന്ന സാഹചര്യം ചിലയിടങ്ങളിലെങ്കിലും ഉണ്ട്?
അത്തരം സാഹചര്യങ്ങളെ ഗുണപരമായും അല്ലാതെയും കാണാം. പക്ഷെ, മിക്കപ്പോഴും നെഗറ്റീവായ സമീപനങ്ങളില്‍ നിന്നാണ് നിങ്ങള്‍ ചോദിച്ചതുപോലെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് എന്നതാണ് അനുഭവം. എസ് എസ് എഫിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രവര്‍ത്തന ശൈലിയുടെ ആധാരം അദബാണ്. അദബുള്ള ഒരു കൂട്ടായ്മ എന്ന നിലക്ക് അറിയപ്പെടാനാണ് മറ്റെന്തിനെക്കാളും ഞങ്ങള്‍ക്ക് താല്പര്യം. എസ് എസ് എഫിന്റെ മാതൃസംഘടന ആധികാരിക പണ്ഡിതസഭയായ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയാണ്. അതിലെ പണ്ഡിതന്മാരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുക, അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കുക എന്നതാണ് സംഘടനയുടെ ശൈലി. എസ് എസ് എഫിന്റെ രൂപീകരണം നടക്കുന്നതിനും മുമ്പേ വിദ്യാര്‍ഥി ജീവിതം അവസാനിച്ച വ്യക്തികളാണ് സമസ്തയില്‍ ഉള്ളത്. എന്നിട്ടുപോലും പുതിയ കാലത്തെ വിദ്യാര്‍ഥികളുടെ, വിദ്യാര്‍ഥി സംഘടനകളുടെ ആവലാതികള്‍ മനസ്സിലാക്കുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും അമാന്തം സംഭവിച്ചു എന്ന് കരുതാവുന്ന ഒരു ഉദാഹരണം പോലും നമ്മുടെ മുന്നില്‍ ഇല്ല. ഒരു പക്ഷെ, ഇപ്പോള്‍ കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ നല്‍കാന്‍ അവര്‍ക്കു പലപ്പോഴും കഴിഞ്ഞിട്ടുമുണ്ട്. എസ് എസ് എഫ് അനുഭവിക്കുന്ന വലിയൊരു തണല്‍ ഈ പണ്ഡിതന്‍മാരുടെ മേല്‍നോട്ടമാണ്. ആ പണ്ഡിതന്മാരെയും അവരുടെ അറിവിനെയും ഏതെങ്കിലും തരത്തില്‍ ഇകഴ്ത്തുന്ന ഒന്നും എസ് എസ് എഫില്‍ നിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. കാരണം ഈ ലോകത്തെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു സംഘടനാ സംവിധാനം മാത്രമല്ലിത്. ഇതിന്റെ അന്തിമ ലക്ഷ്യം വിശ്വാസം സുരക്ഷിതമാക്കി മരിക്കാന്‍ സാധിക്കും വിധം ഓരോ വിദ്യാര്‍ഥിയെയും പ്രാപ്തനാക്കുക എന്നതാണ്.

സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് എസ് എസ് എഫിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ?
സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രസ്ഥാനം പൊതുവായി ഇടപെടുന്ന മേഖലകളില്‍ എസ് എസ് എഫ് തങ്ങളുടേതായ ഭാഗധേയം അറിയിക്കുകയും എസ് എസ് എഫ് നേരിട്ട് ഇടപെടേണ്ട കാര്യങ്ങളില്‍ പ്രസ്ഥാനത്തിന്റെ പൊതുവായ അംഗീകാരത്തോടെയും ആശീര്‍വാദത്തോടെയും നിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യാറുണ്ട്. വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ഏതൊരു പ്രശ്‌നവും എസ് എസ് എഫിന്റെ കൂടി പ്രശ്‌നമാണ്. പിന്നെ, ഒരു മുസ്‌ലിം വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ മറ്റൊരു പ്രധാന കാര്യം കൂടി എസ് എസ് എഫിനുണ്ട്. അത് മുസ്‌ലിം വിദ്യാര്‍ഥികളെ സവിശേഷമായി ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക എന്നതാണ്. മുസ്‌ലിം വിദ്യാര്‍ഥിയുടെ ആത്മീയവും ധൈഷണികവുമായ വിജയം ആണ് എസ് എസ് എഫിന്റെ പ്രവര്‍ത്തന ലക്ഷ്യം. ആ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാനുള്ള ഏതു വിഷയവും ഏതു തരത്തിലുള്ള ഇടപെടലുകളും ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്.

മതത്തിന്റെ ആശയധാരയില്‍ ഊന്നിക്കൊണ്ടുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ സ്വീകാര്യത കാമ്പസുകളില്‍ എങ്ങനെയായിരിക്കും?
യഥാര്‍ഥത്തില്‍ എസ് എസ് എഫിന്റെ ശക്തി അതൊരു മതസംഘടനയാണ് എന്നതാണ്. പ്രത്യേകിച്ചും ഒരു സുന്നി വിദ്യാര്‍ഥി സംഘടനയാണ് എന്നതാണ്. ഞങ്ങളെ പലരും ശ്രദ്ധിക്കാനും ശ്രവിക്കാനും പരിഗണിക്കാനും ഉള്ള കാരണവും അതാണ്. കാമ്പസുകളില്‍ എസ് എസ് എഫ് നേടിയെടുത്ത വ്യക്തമായ ഒരിടവും ശക്തമായ സ്വാധീനവും ഉണ്ടായത് ഈ സംഘടനയുടെ മതകീയധാരയില്‍ നിന്നാണ്. മത സംഘടന എന്ന നിലയില്‍ എവിടെ നിന്നെങ്കിലും അവഗണന അനുഭവിക്കേണ്ട സാഹചര്യം എസ് എസ് എഫിന് ഉണ്ടായിട്ടില്ല. മറിച്ച്, മറ്റുപല വിദ്യാര്‍ഥി സംഘടനകള്‍ക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത കാമ്പസുകളില്‍ പോലും എസ് എസ് എഫിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്നതാണ് ശരി. കഴിഞ്ഞ 44 വര്‍ഷത്തെ എസ് എസ് എഫിന്റെ പ്രവര്‍ത്തന മികവാണത്. ഞങ്ങളുടെ ശബ്ദം ശ്രദ്ധിക്കാന്‍ ആളുകള്‍ തയാറാകുന്നത് മുദ്രാവാക്യത്തിന്റെ താളാത്മകത കൊണ്ടോ ചുവരിലെ കയ്യെഴുത്തിന്റെ വടിവ് കൊണ്ടോ പോസ്റ്ററിന്റെ ചാരുത കൊണ്ടോ അല്ല. മറിച്ച്, ഞങ്ങളുടെ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുക്കുന്ന വിഷയങ്ങളോട് കാണിക്കുന്ന ആത്മാര്‍ഥത കാരണമാണ്. ഗുണകാംക്ഷയല്ലാതെ മറ്റൊന്നും ഞങ്ങളുടെ ലക്ഷ്യത്തില്‍ ഇല്ല തന്നെ.

എസ് എസ് എഫ് ഏറ്റെടുക്കുന്ന പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താരതമ്യേന കുറവാണ് എന്നൊരു വിമര്‍ശം ഉണ്ട്?
എസ് എസ് എഫ് ഏറ്റെടുക്കുന്ന പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ പരമാണോ അല്ലേ എന്നത് വിദ്യാഭ്യാസപരം എന്നതു കൊണ്ട് നിങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. കാമ്പസ,് അക്കാഡമിക്, കരിക്കുലം എന്നിങ്ങനെ പരിമിതമായ സര്‍ക്കിളില്‍ വിദ്യാഭ്യാസത്തെ വീക്ഷിക്കുമ്പോഴാണ് എസ് എസ് എഫ് ഇടപെട്ട പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ മേഖലക്കപ്പുറത്തേക്ക് പോകുന്നുവെന്ന് പറയേണ്ടി വരുന്നത്. എന്നാല്‍ സമൂഹത്തില്‍ ഉണര്‍ന്നിരിക്കുന്ന ഒരു വിദ്യാര്‍ഥി അവന്റെ പൗരബോധത്തില്‍ നിന്ന് രൂപപ്പെടുന്ന പ്രതികരണങ്ങളെയും ഇടപെടലുകളെയും അടയാളപ്പെടുത്തുമ്പോള്‍ എസ് എസ് എഫ് ഇന്ന് ഇടപെടുന്ന മേഖലകള്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അകക്കാമ്പിനകത്തുള്ളത് തന്നെയാണ്. സമൂഹത്തിന്റെ അരക്ഷിതാവസ്ഥകളോട് പ്രതികരണശേഷിയും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു വിദ്യാര്‍ഥിക്കു പറയാനുള്ളതെതൊക്കെ ഈ പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ അജണ്ടയില്‍ ഉള്‍ക്കൊള്ളുന്നതാണ്. കാമ്പസ്, കരിക്കുലം എന്നതില്‍ മാത്രം പരിമിതപ്പെടുന്നതാണ് വിദ്യാഭ്യാസ പ്രശ്‌നം എന്ന് വരുമ്പോള്‍ എസ് എസ് എഫ് അതില്‍ ഒതുങ്ങി നല്‍ക്കുന്നില്ല എന്നത് ശരിയായിരിക്കും. സാമൂഹിക പരിസരങ്ങളിലെ വിദ്യാഭ്യാസ ഘടകങ്ങളെ മുഴുവനും കൃത്യമായി വീക്ഷിച്ചുകൊണ്ടാണ് എസ് എസ് എഫ് ഇടപെട്ട് കൊണ്ടിരിക്കുന്നത്. പെരിങ്ങോം ആണവ നിലയത്തിനെതിരെയുള്ള സമരവും പാലപ്പറ്റ പള്ളിക്കു വേണ്ടിയുള്ള സമരവും അന്യംനില്‍ക്കുന്ന ഒരു വിദ്യാര്‍ഥിത്വത്തെയല്ല എസ് എസ് എഫ് പ്രതിനിധീകരിക്കുന്നത്.

എസ് എസ് എഫിന്റെ രൂപീകരണത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായ മാറ്റങ്ങളെ സംഘടന എങ്ങനെയൊക്കെയാണ് സ്വാംശീകരിച്ചതും അഭിമുഖീകരിച്ചതും?
കാമ്പസുകള്‍ അരക്ഷിതമായ ഇടങ്ങളാണെന്നോ, പുതിയ തലമുറയിലെ വിദ്യാര്‍ഥികളെല്ലാം അപകടകാരികളാണ് എന്നോ ഉള്ള നിലപാടല്ല എസ് എസ് എഫിന്റേത്. വിദ്യാര്‍ഥികള്‍ക്കിടയില്‍, പ്രത്യേകിച്ചും മുസ്‌ലിം വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ഈയിടെ ഉണ്ടായിരിക്കുന്ന പ്രധാനപ്പെട്ട ഒരു മാറ്റം അവര്‍ പഠനത്തിലും മതകീയമായ കാര്യങ്ങളിലും കുറേക്കൂടി ഉത്തരവാദിത്വ ബോധം കാണിക്കുന്നു എന്നതാണ്. വളരെ പോസിറ്റീവ് ആയ ഒരു മാറ്റമാണിത്. എസ് എസ് എഫ് പോലുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തനത്തെ ഇത് കൂടുതല്‍ എളുപ്പമുള്ളതാക്കി മാറ്റിയിട്ടുണ്ട്. പുതിയ തലമുറ കുറേക്കൂടി സക്രിയമാണ്. അത് നമുക്ക് ആവേശം തരുന്നതുമാണ്. ഉദാഹരണത്തിന് നിസ്‌കാരത്തിന്റെ കാര്യത്തിലൊക്കെ വിദ്യാര്‍ഥികള്‍ക്ക് മുമ്പത്തേക്കാള്‍ ശ്രദ്ധയൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷെ, കാമ്പസുകളില്‍ വന്ന മാറ്റങ്ങള്‍ പലതും നമുക്ക് അനുഗുണവുമാണ്. മുമ്പൊക്കെ എസ് എസ് എഫിനു കാമ്പസുകളില്‍ പ്രധാനമായും നേരിടാനുണ്ടായിരുന്നത് സലഫി/ മൗദൂദി സംഘടനകളുടെ വിദ്യാര്‍ഥി വിഭാഗങ്ങളെ ആയിരുന്നു. ഇന്ന് അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികള്‍ മടിക്കുന്നു എന്ന് മാത്രമല്ല, അവയെ സൂക്ഷ്മതയോടെ വിമര്‍ശിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ കുറേക്കൂടി ജാഗ്രത്താണ്. സാമൂഹിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഈ പ്രവണത കുറേക്കൂടി ശക്തമാണ്. സലഫി/ മൗദൂദി സംഘടനകളുടെ ബൗദ്ധിക നാട്യങ്ങള്‍ പൊള്ളത്തരമാണ് എന്ന് വിദ്യാര്‍ഥികള്‍ മനസ്സിലാക്കിത്തുടങ്ങി.

ഒരു ദഅ്‌വാ കോളേജിലെ വിദ്യാര്‍ഥിയായിരുന്നല്ലോ താങ്കള്‍. ആ നിലയില്‍ ആ മേഖലയെ കുറിച്ചുള്ള സമൂഹത്തിന്റെ പ്രതീക്ഷകള്‍ പൂവണിയുകയാണോ?
ദഅ്‌വാ കോളേജില്‍ നിന്നുള്ള ആദ്യ തലമുറ വിദ്യാര്‍ത്ഥി എന്ന നിലയില്‍ സമൂഹത്തിന്റെ വ്യത്യസ്ത ദിക്കുകളിലുളള വിദ്യാര്‍ത്ഥികളെ വിചാരപരമായും പ്രവര്‍ത്തനപരമായും കൂടുതല്‍ ഏകോപിപ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. ദഅ്‌വാ കോളജിലെ പഠനം മത ഭൗതിക വിദ്യാഭ്യാസം എന്ന ബൈനറിയെ മറികടക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. സെക്കുലര്‍ വിദ്യാഭ്യാസം എന്ന് നാം പറയുന്ന വിഷയങ്ങളില്‍ മികച്ചതും വ്യത്യസ്തവുമായ സമീപനങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിച്ചത് മതപഠനമാണ്. അതുപോലെ, സെക്കുലര്‍ വിഷയങ്ങള്‍ മതപഠനത്തെ കൂടുതല്‍ ആഴവും പരപ്പുമുള്ള മേഖലകളിലേക്കു കൊണ്ട്‌പോകാനും സഹായിച്ചിട്ടുണ്ട്. പക്ഷെ, അടിസ്ഥാനപരമായി ഒരു മതവിദ്യാര്‍ഥി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. കാരണം അത് തരുന്ന ഉത്തരവാദിത്വങ്ങള്‍ നമ്മെ കുറെക്കൂടി സൂക്ഷ്മതയുള്ളവരാക്കി മാറ്റും. എസ് എസ് എഫിന്റെ ലക്ഷ്യം വ്യത്യസ്ത മേഖലകില്‍ ഉള്ള മത വിദ്യാര്‍ഥികളെയും ഭൗതിക വിദ്യാര്‍ഥികളെയും ഒരേ വേദിയില്‍ കൊണ്ടുവരിക എന്നതല്ല, മറിച്ച്, ഓരോ വിദ്യാര്‍ഥിയെയും ഈ രണ്ടു മേഖലകളിലൂടെയും കൊണ്ട്‌പോവുക എന്നതാണ്.

ദഅ്‌വാ കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനത്തെ കുറിച്ച്?
ദഅ്‌വാ വിദ്യാര്‍ത്ഥികള്‍ പ്രസ്ഥാനത്തിനും സമൂഹത്തിനും പൊതുവായി കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരും അവസരം ലഭിക്കുന്നവരുമാണ്. എന്നാല്‍ അക്കാഡമിക് മേഖലയില്‍ ശ്രദ്ധയൂന്നാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഘടനയുടെ സാമ്പ്രദായികമായ ഘടനയിലൂടെ കടന്ന് വരാനും സേവനം ചെയ്യാനും ചില പരിമിതകളുണ്ടാവും. ഇത് മനസ്സിലാക്കി അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രാസ്ഥാനിക രംഗത്ത് കൂടുതല്‍ സേവനം ചെയ്യാനുള്ള സാഹചര്യങ്ങള്‍ പുതിയ സംഘടനാ സംവിധാനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന ഒരു പ്രഭാഷകനാണ് താങ്കള്‍. താങ്കള്‍ എസ് എസ് എഫ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അതെ ദിവസം തന്നെയാണ് താങ്കളുടെ ഒരു പ്രഭാഷണത്തെ പരിഹസിച്ചുകൊണ്ട് പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്ത് തോന്നുന്നു?
എന്ത് തോന്നാന്‍? ഇസ്‌ലാം എന്ന മതത്തെ കുറിച്ചോ, അതിന്റെ ആന്തരിക ഘടനയെ കുറിച്ചോ അതിന്റെ ലോക വീക്ഷണത്തെ കുറിച്ചോ ധാരണയുള്ളവരുടെ വിമര്‍ശനങ്ങളെ മാത്രമേ നാം മുഖവിലക്കെടുക്കേണ്ടതുള്ളൂ. അല്ലാത്തതിനോട് പ്രതികരിക്കുന്നത് തന്നെ സമയം കളയുന്ന ഏര്‍പ്പാടാണ്. പിന്നെ ഇസ്‌ലാമിനെ ട്രോളാനുള്ള ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് മുസ്‌ലിം പ്രഭാഷകരില്‍ പലരെയും ട്രോളുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ഉപരിപ്ലവതയെ ഒന്ന് കൂടി വ്യക്തമായി മനസ്സിലാക്കാന്‍ സഹായിച്ചു എന്നതില്‍ കവിഞ്ഞ് അത്തരം വിമര്‍ശനങ്ങള്‍ നാം ആരെയെങ്കിലും ബാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല.

(മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍
അഹ്മദാബാദിലെ ഗവേഷകനാണ് അഹ്മദ് ജുനൈദ്)