വിശപ്പുമാറിയ മലയോര ഗ്രാമങ്ങളുടെ വര്‍ത്തമാനം

വിശപ്പുമാറിയ മലയോര ഗ്രാമങ്ങളുടെ വര്‍ത്തമാനം

കാളികാവ് പൂച്ചപ്പൊയിലിലെ ജനാര്‍ദനന്‍ കൂലിവേല ചെയ്തു ജീവിക്കുന്നതിനിടയിലാണ് കാന്‍സറിന്റെ പിടിയിലാകുന്നത്. രോഗംമൂലം കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയ മായിരുന്നു ജനാര്‍ദനന്‍. ജനാര്‍ദനന്റെ സഹോദരിയും ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. നേരത്തെ തന്നെ വികലാംഗയായിരുന്നു സഹോദരി വിശാലാക്ഷി. പുറമെ ജനാര്‍ദനനു തൊട്ടുപിന്നാലെ സഹോദരിക്കും അര്‍ബുദം വന്നു. ജനാര്‍ദനന്റെ ഭാര്യ കാര്‍ത്ത്യായനി കൂലിപ്പണിക്കു പോയായിരുന്നു പിന്നീട് ജീവിതം തള്ളിയത്. തുടരെയെത്തിയ ദുരന്തങ്ങള്‍ അവിടെയും നിന്നില്ല. കാര്‍ത്ത്യായനി ഒരപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതമേറ്റു. പുറത്തിറങ്ങാനാവാതെ മൂന്നുപേരും വീട്ടില്‍കഴിയുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ബാലസുബ്രഹ്മണ്യന് കരയാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. തങ്ങള്‍ക്കൊന്നും ലഭിച്ചില്ലെങ്കിലും കുട്ടിക്ക് ഒരുനേരത്തെ ഭക്ഷണത്തിനുള്ള അരി ലഭിച്ചെങ്കില്‍ എന്നു പ്രാര്‍ഥിച്ചു കഴിയുകയായിരുന്നു കുടുംബം. അവിടേക്ക് റേഷന്‍ പദ്ധതിയുമായി കാളികാവ് ബദ്‌രിയ്യയുടെ പ്രവര്‍ത്തകര്‍ കടന്നു ചെന്നു. ഇന്ന് ഈ കുടുംബത്തിന് ഭക്ഷണത്തിന് ആരുടെ മുന്നിലും യാചിക്കേണ്ട സ്ഥിതിയില്ല.

മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന കാളികാവിലാണ് ദാറുല്‍ ഇസ്‌ലാം അല്‍ബദ്‌രിയ്യ പ്രവര്‍ത്തിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളുടെ ദൈന്യതയും കഷ്ടപ്പാടും കണ്ടറിഞ്ഞ ബദ്‌രിയ്യയുടെ പ്രവര്‍ത്തകര്‍ ഒരു മാറ്റത്തെക്കുറിച്ചുള്ള ആലോചനയില്‍ നിന്നാണ് റേഷന്‍ പദ്ധതി തുടങ്ങുന്നത്. സാങ്കേതിക ജ്ഞാനവും ഭൗതിക വിദ്യാഭ്യാസവും വളരെ കുറഞ്ഞ മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്, പരമ്പരാഗത തൊഴിലുകളും കൂലിപ്പണിയും ചെയ്ത് കഴിഞ്ഞു കൂടുന്നവര്‍. വന്‍കിട മുതലാളിമാരുടെ ചില റബര്‍ എസ്റ്റേറ്റുകളിലെ തോട്ടം തൊഴിലാളികളാണ് വലിയൊരു ശതമാനം. സീസണുകളില്‍ മാത്രമാണ് ജോലിയുണ്ടാവുക. മറ്റുകാലങ്ങളില്‍ മുഴുപ്പട്ടിണിയുടെയും അരപ്പട്ടിണിയുടെയും കാഴ്ചകള്‍.

ഇവരുടെ പട്ടിണി മാറ്റാനാണ് ബദ്‌രിയ്യ റേഷന്‍ പദ്ധതി തുടങ്ങുന്നത്. നിലവില്‍ നാലായിരത്തിലധികം പേര്‍ക്കാണ് റേഷന്‍ നല്‍കുന്നത്. രണ്ടുഘട്ടങ്ങളിലായാണ് അരി വിതരണം. ജൂണ്‍ മുതലുള്ള നാല് മാസം ഒരു ഘട്ടമായും ഒക്ടോബര്‍ മുതലുള്ള നാല് മാസം രണ്ടാം ഘട്ടമായും. കാളികാവ്. ചോക്കാട്, കരുവാരകുണ്ട്, തുവ്വൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ദരിദ്രരാണ് ഗുണഭോക്താക്കള്‍. ഒരുമാസത്തില്‍ 11 ടണ്‍ അരിയാണ് ഇതിന് ആവശ്യമായി വരുന്നത്. ഒരു വ്യക്തിക്ക് ഒരുമാസം ആറ് കിലോ അരി നല്‍കുന്നു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് മാസത്തില്‍ മുപ്പത് കിലോ അരി ലഭിക്കും.

കാളികാവ് ദാറുല്‍ ഇസ്‌ലാം അല്‍ബദ്‌രിയ്യയുടെ ജനറല്‍ സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയുടെ സ്വന്തം ഗ്രാമത്തിലെ അനുഭവങ്ങളാണ് റേഷന്‍ പദ്ധതിയെന്ന ആശയത്തിന് ജീവന്‍ നല്‍കിയത്. മാളിയേക്കല്‍ എന്ന ഗ്രാമം നേരത്തെ സൂചിപ്പിച്ച ചോക്കാട് പഞ്ചായത്തിലുള്‍പ്പെട്ട മലയോര പ്രദേശമാണ്. മഴക്കാലമായാല്‍ ഭൂരിഭാഗം പേര്‍ക്കും പണിയുണ്ടാവില്ല. പഞ്ഞമാസം കനത്ത വറുതിയുടെ കാലമാണ് സാധാരണക്കാര്‍ക്ക്. ഈ കാലമായാല്‍ ഈ പ്രദേശങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള വട്ടിപ്പലിശക്കാരെത്തും. ഗ്രാമങ്ങളുടെ ഓരോ ഇടവഴികളിലും ഇരുചക്രവാഹനങ്ങളിലൂടെയെത്തി അവര്‍ പാവങ്ങള്‍ക്ക് കൊടുംപലിശക്ക് പണം നല്‍കും. ഈ മാഫിയയുടെ പിടുത്തത്തിലായിരുന്നു ആ ഗ്രാമവും. അരിയും അത്യാവശ്യ സാധനങ്ങളും ഗ്രാമത്തിലെ കടകളില്‍ നിന്നും കടംപറഞ്ഞാണ് കുടുംബങ്ങള്‍ വാങ്ങുക. പഞ്ഞമാസം കഴിഞ്ഞേ കടംവീട്ടൂ എന്നതു കൊണ്ട് ഈ കാലങ്ങളില്‍ വില കൂട്ടിയാണ് കച്ചവടക്കാര്‍ സാധനസാമഗ്രികള്‍ വില്‍ക്കുക. മഴക്കാലത്ത് രോഗങ്ങളും കൂടുതലാകും. രോഗം വന്ന കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നൂറു രൂപക്കായി നാടുമുഴുവന്‍ യാചിച്ചു നടക്കുന്ന കുടുംബ നാഥന്‍. ഇതിന് ഒരു പരിഹാരമായി മഴക്കാലത്ത് നാട്ടില്‍ ഒരു റേഷന്‍ പദ്ധതി തുടങ്ങാന്‍ പദ്ധതിയിട്ടു. പക്ഷേ, അതിന് എങ്ങനെ പണം കണ്ടെത്തും? പല പണക്കാരെയും കണ്ട് വിഷയങ്ങള്‍ അവതരിപ്പിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. എങ്കിലും ഈ ആഗ്രഹം സുലൈമാന്‍ സഖാഫി വിട്ടിരുന്നില്ല. കാളികാവില്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ബദ്‌രിയ്യ എന്ന സ്ഥാപനം വരികയും വ്യത്യസ്തമായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്തപ്പോള്‍ റേഷന്‍ എന്ന ആശയത്തെ പിന്തുണക്കാന്‍ നിരവധി സമ്പന്നരെത്തി.

ഇതൊരു ഗ്രാമത്തിന്റെ മാത്രം അനുഭവമല്ല . നാലു പഞ്ചായത്തുകള്‍ കൃത്യമായി പഠനവിധേയമാക്കിയപ്പോള്‍ നിരവധി സത്യങ്ങള്‍ ബോധ്യപ്പെട്ടു. പട്ടിണി കടന്നുവരുന്ന നിരവധി മാര്‍ഗങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മൈസൂര്‍ക്കല്ല്യാണങ്ങള്‍. മൈസൂര്‍ വിവാഹത്തിന് ഇരകളായി അന്യസംസ്ഥാനത്ത് കഷ്ടപ്പെടുന്നവരുടെ കാഴ്ചകള്‍ മാത്രമേ നമ്മള്‍ കണ്ടിരുന്നുള്ളൂ. അത്ര തന്നെ ദയനീയമായിരുന്നു മൈസൂര്‍കല്ല്യാണത്തിന്റെ ഇരകളായി മലയോര ഗ്രാമങ്ങളില്‍ കഴിഞ്ഞിരുന്ന വിധവകളുടെ ജീവിതവും. പട്ടിണിയും പ്രാരാബ്ധവും കാരണം, കെട്ടിച്ചയക്കേണ്ട പ്രായത്തില്‍ അതിനു സാധിക്കാത്ത നിരവധി പെണ്‍കുട്ടികള്‍. അവരെ തേടിയായിരുന്നു മൈസൂരില്‍ നിന്നും ഇതരസംസ്ഥാനങ്ങളിലെ മറ്റിടങ്ങളില്‍ നിന്നും ചൂഷകരായ മണവാളന്മാര്‍ വന്നിരുന്നത്. വിവാഹം കഴിഞ്ഞാല്‍ ഇടക്കിടെ സന്ദര്‍ശകരായി വരുന്ന ഇവര്‍ ഒന്നോ രണ്ടോ കുട്ടികളെയും ഈ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടാവും. പിന്നീട് ഇവര്‍ മുങ്ങും. മുങ്ങുന്നത് ഈ പെണ്‍കുട്ടിയുടെ എല്ലാ സമ്പാദ്യവുമായിട്ടാവും. നാട്ടുകാരും കുടുംബക്കാരും എല്ലാം കനിഞ്ഞു നല്‍കിയ നാണയത്തുട്ടുകള്‍ മുഴുവന്‍ കൊത്തിവലിച്ചു പോകുമ്പോള്‍ ഈ വിധവകള്‍ക്ക് പിന്നീടുള്ളത് വേദനയുള്ള ഒറ്റപ്പെടല്‍ മാത്രമാണ്. ജോലിചെയ്‌തോ പുറത്തിറങ്ങിയോ ശീലമില്ലാത്ത ഈ പെണ്‍ജീവിതങ്ങള്‍ ആരാരും അറിയാതെ കുട്ടികളെയും കൊണ്ട് ഒറ്റക്കു കഴിയും. പട്ടിണി മാത്രമാകും ഇവര്‍ക്ക് കൂട്ട്. നാലു പഞ്ചായത്തില്‍ കണക്കെടുത്തപ്പോള്‍ ആയിരത്തോളം സ്ത്രീകളെയാണ് ഈ അനുഭവമുള്ളവരായി കണ്ടെത്തിയത്.
ഇത്തരം സാഹചര്യങ്ങളില്‍ കഴിയുന്ന കുടുംബങ്ങളില്‍ നിന്ന് ധാര്‍മികത കൂടൊഴിഞ്ഞ് പോവാനും തുടങ്ങി. പട്ടിണി മതനിഷേധത്തിലേക്ക് വഴിതുറക്കുമെന്നാണല്ലോ തിരുമൊഴി. കാണാതാവുകയും ഒളിച്ചോടിപ്പോകുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം ഈ മേഖലയില്‍ കൂടുതലായിരുന്നു. ആണ്‍കുട്ടികള്‍ക്ക് നേരായ വിദ്യാഭ്യാസം നല്‍കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ അവര്‍ മയക്കുമരുന്ന് ശൃംഖലയുടെ അടിമകളായും ക്രിമിനല്‍ സംഘങ്ങളില്‍പ്പെട്ടും വഴിതെറ്റിപ്പോയിരുന്നു.

വയറിന്റെ വിശപ്പുമാറ്റിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാകും എന്ന ചിന്ത വിപുലമായ റേഷന്‍ പദ്ധതിയെ യാഥാര്‍ഥ്യമാക്കി. കഴിഞ്ഞ എട്ടു വര്‍ഷമായി തുടരുന്നതാണ് ബദ്‌രിയ്യയുടെ ഈ പുണ്യം. കേരളത്തിലെ ഒരു മുസ്‌ലിം സ്ഥാപനം നടത്തുന്ന വേറിട്ട റിലീഫ് പ്രവര്‍ത്തനമാണ് ബദ് രിയ്യ റേഷന്‍ പദ്ധതി. എട്ടു വര്‍ഷത്തിനിടെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ നിരവധി മനുഷ്യരുണ്ട്. ജാതി മത വ്യത്യാസങ്ങള്‍ക്കതീതമാണ് ബദ്‌രിയ്യയുടെ കാഴ്ചപ്പാട്. ഇതിന്റെ ഗുണഭോക്താക്കള്‍ പങ്കുവെക്കുന്ന അനുഭവങ്ങള്‍ ഈ പദ്ധതി എത്രമാത്രം ഈ പ്രദേശത്ത് അനിവാര്യമാണെന്ന് നമുക്കു പറഞ്ഞു തരും.

മഞ്ഞപ്പെട്ടിയിലെ മധ്യവയസ്‌കയായ ഒരു യുവതി. വീട്ടില്‍ വാര്‍ധക്യത്തിലെത്തിയ അവരുടെ ഉമ്മയും ഉപ്പയും മാത്രമാണുള്ളത്. വീട്ടിലെ അടുപ്പില്‍ തീപുകയണമെങ്കില്‍ അവര്‍ പുറത്തിറങ്ങി ജോലിക്കുപോകുക തന്നെ വേണം. ജോലിക്കു പോയാല്‍ വീട്ടില്‍ അനങ്ങാന്‍ പോലുമാവാത്ത മാതാപിതാക്കളെ എന്തുചെയ്യുമെന്നറിയാതെ ഇവര്‍ കുഴങ്ങും. ബദ്‌രിയ്യ റേഷനിലൂടെ കിട്ടുന്ന അരികൊണ്ടു മാത്രമാണ് ഇവരുടെ ജീവിതം കഴിഞ്ഞു പോകുന്നത്.

സമൂഹത്തിലാരും തിരിഞ്ഞുനോക്കാനാളില്ലാത്തതിനാല്‍ മാനസിക രോഗം ബാധിച്ച ഒരു കുടുംബത്തിലെ സ്ത്രീ മരിച്ചത് മലപ്പുറം ജില്ലയിലായിരുന്നു. സമാനമായ അനുഭവം തന്നെയായിരുന്നു കല്ലാമൂലയിലെ ഒരു കുടുംബത്തെയും കാത്തിരുന്നത്. പക്ഷേ ബദ്‌രിയ്യ ആ വീട്ടിലെത്തി. അവിടെ ഒരു കുടുംബത്തിലെ മുഴുവനാളുകളും മാനസിക ദൗര്‍ബല്യമുള്ളവരായിരുന്നു. ആര്‍ക്കും ജോലിക്കു പോകാനാവില്ല. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് ആരുടെയും ശ്രദ്ധയില്ലാതെ ജീവിച്ചിരുന്ന അവരെ ബദ്‌രിയ്യ ഏറ്റെടുത്തു. വിശപ്പില്ലാതെ ജീവിക്കാന്‍ ഇന്നവര്‍ക്ക് കഴിയുന്നത് ബദ്‌രിയ്യയില്‍ നിന്ന് ലഭിക്കുന്ന സഹായം കൊണ്ടാണ്.

തണ്ടുകോട്ടിലെ ഒരു ചെറ്റക്കൂരയില്‍ കഴിയുകയാണ് ഒരു മതബിരുദ ധാരി. പാരമ്പര്യമായി വന്ന മാനസിക ദൗര്‍ബല്യം കാരണം ജോലിക്കൊന്നും പോകാന്‍ കഴിയില്ല. നാലുമക്കള്‍. കെട്ടിച്ചയക്കാനായ രണ്ടുപെണ്‍കുട്ടികള്‍. പള്ളികള്‍ക്കു മുമ്പില്‍ തുണിവിരിച്ചു കിട്ടുന്ന നാണയങ്ങള്‍ കൂട്ടി വെച്ചാണ് അദ്ദേഹം അരി വാങ്ങിയിരുന്നത്. ഇദ്ദേഹവും ഇന്ന് ബദ്‌രിയ്യ റേഷന്‍പദ്ധതിയുടെ ഭാഗമാണ്. നീലാഞ്ചേരിയിലെ ഒരു സഹോദരിക്ക് എട്ട് പെണ്‍കുട്ടികളാണ് . ഇവരെ എങ്ങനെ വളര്‍ത്തി വലുതാക്കും എന്ന് യാതൊരു നിശ്ചയവുമില്ലാത്ത ആ ഉമ്മയുടെ നെഞ്ചിലെ തീണയച്ചത് ബദ്‌രിയ്യയാണ്.

പുറ്റമണ്ണയിലെ ഗംഗാധരന്റെ കുടുംബത്തിന്റെ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചാണ് ബദ്‌രിയ്യയുടെ സാരഥികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. രോഗവും ദാരിദ്ര്യവും തളര്‍ത്തിയ ആ കുടുംബത്തിന്റെ പ്രയാസങ്ങള്‍ നേരിട്ട് കണ്ടനുഭവിച്ച ബദ്‌രിയ്യയുടെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെയും റേഷന്‍ പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മൂലം ഒരാഴ്ച ബദ്‌രിയ്യയുടെ റേഷന്‍ വിതരണം മാറ്റിവെക്കേണ്ടിവന്നു. അന്നാണ് ബദ്‌രിയ്യയില്‍ നിന്ന് അരി കിട്ടിയില്ലെങ്കില്‍ ആയിരക്കണക്കിനു പേരുടെ ജീവിതം എന്താകുമെന്ന് ശരിക്കും ബോധ്യപ്പെട്ടത്. പട്ടിണിയിലായ നിരവധി സ്ത്രീകളാണ് അക്കാലയളവില്‍ ബദ്‌രിയ്യയിലേക്ക് നിറഞ്ഞ കണ്ണുകളുമായി വന്നത്.

ഓരോ യൂണിറ്റിലെയും എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരാണ് റേഷന് അര്‍ഹരായവരെ കണ്ടെത്തുന്നത്. അതിനു പുറമെയാണ് കുഗ്രാമങ്ങളെയും ഊരുകളെയും അന്വേഷിച്ച് ബദ്‌രിയ്യയുടെ പ്രവര്‍ത്തകര്‍ ചെല്ലുന്നത്. അര്‍ഹരായവര്‍ക്ക് ബദ്‌രിയ്യ പ്രത്യേക കാര്‍ഡ് നല്‍കുന്നു . രണ്ടാഴ്ചയില്‍ ഒരിക്കല്‍ വെള്ളിയാഴ്ചയാണ് ബദ്‌രിയ്യാ കാമ്പസില്‍ അരി വിതരണം നടക്കുക. വൈകുന്നേരം മൂന്നരയാകുമ്പോഴേക്കും ആയിരക്കണക്കിനു പേര്‍ ബദ്‌രിയ്യയിലെത്തും. അരി വിതരണം കാണാനും അനുഭവിക്കാനും നിരവധി പേര്‍ ചടങ്ങിനെത്താറുണ്ട്. പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുന്ന ഈ അതിഥികള്‍ സംരംഭത്തിലേക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കും. ഓരോ മാസവും കൃത്യമായി ഈ സംരംഭത്തിന് നേര്‍ച്ചകള്‍ നല്‍കുന്നവരുമുണ്ട്.

റിയാദിലുള്ള ഉണ്ണി എന്ന സുഹൃത്ത് ഒരിക്കല്‍ ബദ്‌രിയ്യയിലേക്ക് വിളിച്ചു. ഗള്‍ഫിലെ സമ്പാദ്യത്തിന്റെ ഒരു വിഹിതം റേഷന്‍ പദ്ധതിക്ക് വാഗ്ദാനം ചെയ്യാനായിരുന്നു അത്, തന്റെ കുടുംബത്തില്‍പ്പെട്ട ഒരാള്‍ക്ക് ബദ്‌രിയ്യ റേഷന്‍ നല്‍കുന്നു. താന്‍ പോലും അക്കാര്യം മറന്നപ്പോള്‍ മറ്റൊരു മതവിഭാഗത്തിന്റെ സ്ഥാപനമായിട്ടും ബദ്‌രിയ്യ ചെയ്യുന്ന സേവനത്തിന് പ്രത്യുപകാരമായാണ് റേഷന്‍ പദ്ധതിക്ക് പണം നല്‍കുന്നത് എന്നാണ് ഉണ്ണി പറഞ്ഞത്. സുകുമാരന്‍ എന്ന കച്ചവടക്കാരന്‍ തന്റെ ഏതു പ്രധാന കച്ചവടം നടന്നാലും അതിലെ വിഹിതം ബദ്‌രിയ്യ റേഷന്‍ പദ്ധതിക്ക് നല്‍കുന്നുണ്ട്.

റേഷന്‍ പദ്ധതിയില്‍ വിജയം കാണുമ്പോള്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ബദ്‌രിയ്യ. വിപുലമായ രൂപത്തില്‍ ഈ പദ്ധതിയെ വികസിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ബദ്‌രിയ്യാ റേഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജാബിര്‍ സഖാഫി മപ്പാട്ടുകര പറയുന്നു. അരിയോടൊപ്പം ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും നല്‍കാനുള്ള ആലോചനയുണ്ട്. ഓരോ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ പാവങ്ങളായ ആയിരം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ബദ്‌രിയ്യ സൗജന്യമായി നല്‍കാറുണ്ട്. ദാരിദ്ര്യം മൂലം മതമൂല്യങ്ങളില്‍ നിന്ന് അകന്നുപോകുന്ന വിദ്യാര്‍ഥികളെ പ്രത്യേകമായെടുത്ത് അവരെ ബദ്‌രിയ്യയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്നുണ്ട്. നാലു പഞ്ചായത്തുകളില്‍ നിന്നു മാത്രമായി നൂറിലധികം മതപണ്ഡിതരാണ് ഇപ്പോള്‍ ബദ്‌രിയ്യ കാമ്പസില്‍ വളരുന്നത്.

റേഷന്‍ പദ്ധതിയോളം പ്രധാന്യമര്‍ഹിക്കുന്ന ബദ്‌രിയ്യയുടെ മറ്റൊരു പദ്ധതിയാണ് ചിത്രശലഭങ്ങള്‍. അനാഥരും അശരണരുമായ ചെറിയ പെണ്‍കുട്ടികളുടെ പഠന ജീവിതച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുക്കുന്ന പദ്ധതിയാണിത്. കാളികാവിനടുത്ത ഒരു വീട്ടില്‍ ഒരു യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. ബദ് രിയ്യയുടെ സാരഥികള്‍ ആ വീട്ടിലെത്തി. മരിച്ച വ്യക്തിയുടെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളെയുമെടുത്ത് വീട്ടിലെ സ്ത്രീകള്‍ കരയുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഈ കുട്ടികളെ ആരേറ്റെടുക്കും എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്നാണ് ചിത്രശലഭങ്ങള്‍ പിറക്കുന്നത്. നൂറിലധികം പെണ്‍കുട്ടികളാണ് ഈ പദ്ധതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓരോ മാസവും ഇവര്‍ക്ക് നിശ്ചിത തുക വീടുകളിലെത്തുന്നു. അഞ്ചു വയസ്സു തികയുന്ന കുട്ടികളുടെ പഠനച്ചെലവ് മുഴുവന്‍ ബദ്‌രിയ്യ ഏറ്റെടുക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനു ശേഷം പെണ്‍കുട്ടിയുടെ വിവാഹം വരെ നടത്തിക്കൊടുക്കാനുള്ള ബൃഹദ് പദ്ധതിയാണ് ചിത്രശലഭങ്ങള്‍.

ബദ്‌രിയ്യയുടെ സേവനദൗത്യങ്ങള്‍ ഈ മലയോര പഞ്ചായത്തുകളിലുണ്ടാക്കിയ മാറ്റങ്ങള്‍ എല്ലാവരും സമ്മതിക്കുന്നു. വിശപ്പില്ലാത്ത ഗ്രാമങ്ങള്‍ പതുക്കെ പതുക്കെ നവോഥാനത്തിലേക്കുള്ള കാല്‍വെപ്പിലാണ്. ഭയവും ആശങ്കയും വിട്ടുമാറിയ സ്ത്രീമനസ്സുകള്‍ ക്രിയാത്മകമായ ആലോചനകളിലാണ്. രോഗികളും വൃദ്ധരും സാന്ത്വനം ലഭിച്ച ആശ്വാസത്തിലാണ്. അരക്ഷിതാവസ്ഥ മാറിയ കുരുന്നുകള്‍ കിടന്നുറങ്ങുന്നത് നല്ല പുലരികളെ കിനാവു കണ്ടുതന്നെയാണ്.

സുഹൈല്‍ സിദ്ദീഖി