സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌റ്റൈപ്പന്‍ഡോടെ പഠനം

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌റ്റൈപ്പന്‍ഡോടെ പഠനം

സയന്‍സ്, സാമൂഹിക ശാസ്ത്രം എന്നിവയെ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെടുത്തി ബിരുദതലം മുതല്‍ ഗവേഷണതലംവരെയുള്ള കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേസ്പൂര്‍ കാമ്പസുകളിലായി നടത്തുന്ന കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാല്‍ സ്‌റ്റൈപ്പന്‍ഡോടെ പഠിക്കാം. സ്റ്റാറ്റിസ്റ്റിക്‌സിലും മാത്തമാറ്റിക്‌സിലുമായി പ്ലസ്ടുക്കാര്‍ മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്കുവരെ അപേക്ഷിക്കാവുന്നതാണു കോഴ്‌സുകള്‍. മേയ് 14നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

ബിസ്റ്റാറ്റ് (ഓണേഴ്‌സ്, മൂന്നു വര്‍ഷം): മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായിരിക്കണം. കൊല്‍ക്കത്ത കാമ്പസില്‍ നടത്തുന്ന കോഴ്‌സിന് 3000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

ബിമാത്ത് (ഓണേഴ്‌സ്, മൂന്നു വര്‍ഷം): മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായിരിക്കണം. കൊല്‍ക്കത്ത കാമ്പസില്‍ നടത്തുന്ന കോഴ്‌സിന് 3000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

എംസ്റ്റാറ്റ് (രണ്ടു വര്‍ഷം): സ്റ്റാറ്റിസ്റ്റിക്‌സില്‍ മൂന്നു വര്‍ഷത്തെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിസ്റ്റാറ്റ്, ബിമാത്ത് പരീക്ഷകള്‍ പാസായിരിക്കണം അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്റ്റാറ്റിസ്റ്റീഷന്‍സ് ഡിപ്ലോമ/സീനിയര്‍ ഡിപ്ലോമ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ് നേടിയിരിക്കണം. ഡല്‍ഹിയിലും ചെന്നൈയിലും നടത്തുന്ന കോഴ്‌സിന് 5000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

എംമാത്ത് (രണ്ടു വര്‍ഷം): മാത്തമാറ്റിക്‌സ് പാഠ്യവിഷയമായുള്ള ബിരുദം, അല്ലെങ്കില്‍ ബിഇ/ബിടെക്, അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിമാത്ത്, ബിസ്റ്റാറ്റ്. ബംഗളൂരുവില്‍ നടത്തുന്ന കോഴ്‌സിന് സ്‌റ്റൈപ്പന്‍ഡ് 5000 രൂപ.

എംഎസ് ഇന്‍ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്(രണ്ടു വര്‍ഷം): ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിസ്റ്റാറ്റ് അല്ലെങ്കില്‍ ബിടെക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും നടത്തുന്ന കോഴ്‌സിന് 5000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്.

എംഎസ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (രണ്ടു വര്‍ഷം): 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബാംഗളൂരില്‍ നടത്തുന്ന കോഴ്‌സിന് 5000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

കംപ്യൂട്ടര്‍ സയന്‍സ്, ക്വാളിറ്റി, റിലയബിലിറ്റി, ഓപറേഷന്‍ റിസര്‍ച്ച് എന്നിവയില്‍ എംടെക് (രണ്ടു വര്‍ഷം): മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലകട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിടെക്കുകാര്‍ക്കും അപേക്ഷിക്കാം. കൊല്‍ക്കത്ത കാമ്പസില്‍ നടത്തുന്ന കോഴ്‌സിനു പ്രതിമാസം 8000 രൂപയുടെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

എംടെക് ഇന്‍ ക്വാളിറ്റി, റിലയബിലിറ്റി ആന്‍ഡ് ഓപ്പറേഷന്‍സ് റിസര്‍ച്ച്: സ്റ്റാറ്റിസ്റ്റിക്‌സ് പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ പഠിച്ച് മാത്തമാറ്റിക്‌സിലോ എംഎസ്‌സി ഉള്ളവര്‍ക്കും ബിടെക്കുകാര്‍ക്കും അപേക്ഷിക്കാം. കൊല്‍ക്കത്ത കാമ്പസില്‍ നടത്തുന്ന കോഴ്‌സിനു പ്രതിമാസം 8000 രൂപയുടെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്: സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ക്വാളിറ്റി റിലയബിലിറ്റി ഓപ്പറേഷന്‍സ് റിസര്‍ച്ച്, ബയോളജിക്കല്‍ ആന്ത്രപ്പോളജി, ഫിസിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇക്കോളജി, സോഷ്യോളജി, ജിയോളജി, ഹ്യൂമന്‍ ജനറ്റിക്‌സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയിലാണ് ജെ.ആര്‍.എഫ്. 25000 രൂപ പ്രതിമാസം ഫെലോഷിപ്പ് ലഭിക്കും.

ഓണ്‍ലൈനായി ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ ഫീസ് 700 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 350 രൂപ.

സിലബസും സാമ്പിള്‍ ചോദ്യപേപ്പറും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.isical.ac.in/admission  എന്ന വെബ്‌സൈറ്റ് കാണുക.

എയിംസ് എം.ബി.ബി.എസ്: പ്രവേശന പരീക്ഷ മേയില്‍
രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം.ബി.ബി.എസ്. പ്രവേശന പരീക്ഷ മേയ് 28നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 23 വരെ രജിസ്‌ട്രേഷന്‍ നടത്താം. പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷിഠിതമാണു പ്രവേശന പരീക്ഷ. ആഗസ്റ്റ് ഒന്നിനു ക്ലാസ് ആരംഭിക്കും.

ന്യൂഡല്‍ഹിയിലെ എയിംസിനു പുറമെ എയിംസ് പദവിയുള്ള ആറു സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്. അഡ്മിഷനും ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഋഷികേശ്, ജോധ്പൂര്‍, ഭോപ്പാല്‍, റായ്പൂര്‍, ഭുവനേശ്വര്‍, പട്‌ന എന്നിവിടങ്ങളിലാണ് എയിംസ് പദവിയുള്ള സ്ഥാപനങ്ങള്‍.

ന്യൂഡല്‍ഹി എയിംസില്‍ 107 സീറ്റുകളും എയിംസ് പദവിയുള്ള സ്ഥാപനങ്ങളില്‍ 100 വീതം സീറ്റുകളുമാണുള്ളത്. എല്ലായിടത്തേക്കുമായി ഒറ്റ അപേക്ഷ മതി. മുന്‍ഗണനാക്രമം അപേക്ഷ നല്‍കുമ്പോള്‍ രേഖപ്പെടുത്തണം.

മെരിറ്റിന്റെയും മുന്‍ഗണനാക്രമത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷയുടെ ഫലം ജൂണ്‍ 14നു പ്രസിദ്ധപ്പെടുത്തും. ഇതിനുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ മേയ് ഒന്നു മുതല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയ്ക്ക് ആകെ 200 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. (ഫിസിക്‌സ് 60, കെമിസ്ട്രി 60,ബയോളജി 60, പൊതുവിജ്ഞാനം 10, അഭിരുചി 10). തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. 50 ശതമാനം മാര്‍ക്ക് നേടുന്നവര്‍ യോഗ്യതാ പരീക്ഷ കടന്നു കൂടും. രാവിലെ ഒമ്പത് മുതല്‍ 12.30 വരെയും മൂന്നു മുതല്‍ 6.30 വരെയും രണ്ടു സെഷനുകളായാണു പ്രവേശന പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.

പ്ലസ്ടു സിലബസ് അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. പ്രത്യേക സിലബസ് എയിംസ് പുറത്തിറക്കിയിട്ടില്ല

1,000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 800 രൂപ. അപേക്ഷാ ഫീസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈനായി ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലോ അടയ്ക്കാം.

അപേക്ഷകര്‍ അഡ്മിഷന്‍ വര്‍ഷം ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായിരിക്കണം. അതായത് 2001 ജനുവരി രണ്ടിനോ അതിനു ശേഷമോ ജനിച്ചവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 50 ശതമാനം മതി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിദേശ ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം. അവര്‍ പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ പാലിച്ചിരിക്കണമെന്നു മാത്രം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ മനസിലാക്കുക. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പേരും എടുത്ത തീയതിയും രേഖപ്പെടുത്തിയ ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യണം. ജെ.പി.ജി. ഫോര്‍മാറ്റിലുള്ള ഫോട്ടോ 100 കെ.ബിയില്‍ കൂടിയതാകരുത്. കറുത്ത മഷിയില്‍ 2ത1 വലിപ്പത്തിലുള്ള പേപ്പറില്‍ രേഖപ്പെടുത്തി സ്‌കാന്‍ ചെയ്‌തെടുത്തതായിരിക്കണം ഒപ്പ്. ഇത് 100 കെബിയില്‍ കവിയരുത്. ഫോട്ടോയും ഒപ്പും വിരലടയാളവും തയാറാക്കി വച്ച ശേഷമായിരിക്കണം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍.
1350 രൂപ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ തുടക്കത്തില്‍ 1628 രൂപ ചേരുമ്പോള്‍ അടയ്ക്കണം.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും ലഭിക്കുന്ന വെബ്‌സൈറ്റുകള്‍:ww.aiimsexams.org, www.aiims.edu, www. aiims.ac.in, www.mo hfw.nic.in.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കേരളാ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങിന്റെ (സി-ആപ്റ്റ്) തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ ആന്‍ഡ് ഡി.റ്റി.പി ഓപ്പറേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മൊബൈല്‍ഫോണ്‍ സര്‍വീസിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യമായിരിക്കും. സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മാനേജിങ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 695 024 എന്ന വിലാസത്തില്‍ നേരിട്ട് എത്തണം. ഫോണ്‍: 0471-2474720, 2467728.

കലാവിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് ലളിതകലാ അക്കാദമി അപേക്ഷ ക്ഷണിച്ചു. ചിത്രകല, ശില്‍പ്പകല, ഗ്രാഫിക്‌സ് വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ., ബി.എഫ്.എ., ബി.വി.എ. കോഴ്‌സ് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. എം.എഫ്.എ., എം.വി.എയ്ക്ക് 6,000 രൂപ വീതം ആറുപേര്‍ക്കും, ബി.എഫ്.എ., ബി.വി.എയ്ക്ക് 5,000 വീതം അഞ്ച് വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 2016 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പ്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോകള്‍ അപേക്ഷയോടൊപ്പം നല്‍കണം. സൃഷ്ടി അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പിറകില്‍ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം. അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അധ്യാപകനില്‍നിന്ന് വാങ്ങിയ പ്രത്യേക അഭിപ്രായമുണ്ടാവണം.

സ്‌കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും www.lalithkala.org എന്ന വെബ് സൈറ്റിലും ലഭിക്കും. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച് വിലാസമെഴുതിയ കവര്‍ സഹിതം ‘സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20’ എന്ന വിലാസത്തില്‍ എഴുതുക. അപേക്ഷ ഫെബ്രുവരി 15നുള്ളില്‍ ലഭിക്കണം.
റസല്‍