സമാധാനമായിരുന്നു ആ സാന്നിധ്യം

സമാധാനമായിരുന്നു ആ സാന്നിധ്യം

സയ്യിദ് യൂസുഫുല്‍ ജീലാനിയുമായി മൂന്നരപതിറ്റാണ്ടിലധികം നീണ്ടുനിന്ന വ്യക്തിബന്ധമുണ്ടെനിക്ക്. തൊള്ളായിരത്തി എണ്‍പതുകളില്‍ തലക്കടത്തൂരില്‍ മുദരിസായി സേവനമനുഷ്ഠിക്കുമ്പോഴാണ് തങ്ങളുമായി ആദ്യം പരിചയപ്പെടുന്നത്. ഒരു പ്രോഗ്രാമില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. പിന്നീടങ്ങോട്ട് ആ ബന്ധം സുദൃഢമാവുകയും വൈയക്തിക, കുടുംബ, പ്രാസ്ഥാനിക മേഖലകളിലേക്ക് പ്രസരിക്കുകയും ചെയ്തു.

അഹ്‌ലുബൈത്തിലെ ഒരു കണ്ണിയെന്നതിലുപരി തികഞ്ഞ പണ്ഡിതനും മികച്ച സംഘാടകനും കൂടിയായിരുന്നു തങ്ങള്‍. ഞങ്ങളില്‍ പലരും വരുന്നതിന് മുമ്പേ തങ്ങള്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. തൊള്ളായിരത്തി എണ്‍പത്തിയൊമ്പതില്‍ സംഭവിച്ച അനിവാര്യ പുനഃസംഘാടനത്തിന് മുമ്പേ പ്രാസ്ഥാനിക നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് തങ്ങളവര്‍കള്‍. അന്ന് മലപ്പുറം ജില്ലാ എസ്.വൈ.എസ് പ്രസിഡന്റായിരുന്നു തങ്ങള്‍. എം.പി മുസ്ഥഫല്‍ ഫൈസി സെക്രട്ടറിയും ഞാന്‍ വൈസ് പ്രസിഡന്റും.

സമസ്തയിലുണ്ടായ അഭിപ്രായ ഭിന്നത പലരീതിയിലും ഭീതിതമായിരുന്നു. സമസ്തയുടെ പോഷകഘടകമായ സുന്നീ യുവജന സംഘമാണ് വലിയ പ്രതിസന്ധികളിലകപ്പെട്ടത്. ഒരു സാഹചര്യത്തില്‍ മലപ്പുറം ജില്ല എസ്.വൈ.എസ് കമ്മിറ്റിയെ പിരിച്ച് വിടുകവരെ ചെയ്തു.

മലപ്പുറം ജില്ലയിലെ അനാഥമായി കിടന്ന എസ്.വൈ.എസിനെ പിന്നീട് പുനരുജ്ജീവിപ്പിച്ചത് തങ്ങള്‍ തന്നെയായിരുന്നുവെന്ന് തീര്‍ത്ത് പറയാനാകും. ചില പ്രലോഭനങ്ങള്‍ക്ക് വിധേയപ്പെട്ട് ആരൊക്കെയോ ചരടുവലികള്‍ നടത്തിയപ്പോള്‍ കോഴിക്കോട്-മലപ്പുറം ചേരിതിരിവ് തന്നെയുണ്ടായി അന്ന്. ഈയൊരു ഘട്ടത്തില്‍ തങ്ങള്‍ നടത്തിയ ധീരമായ ഇടപെടലിനെ ആവേശത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്. എസ്.വൈ.എസ് മലപ്പുറം ജില്ലാ ജനറല്‍ ബോഡി വിളിച്ച് കൂട്ടാന്‍ വേണ്ടി തങ്ങള്‍ ഉത്തരവാദപ്പെട്ടവരോട് മുസ്‌ലിയാരോട് ആവശ്യപ്പെടുകയായിരുന്നു. തദ്ഫലമെന്നോണം ജനറല്‍ ബോഡി നടന്നു. പുതിയ നേതൃത്വം നിലവില്‍ വരികയും ചെയ്തു.

തങ്ങളും കെ.എം.എ റഹീം സാഹിബുമടങ്ങുന്ന സാരഥികളെയാണ് മലപ്പുറം ജില്ലക്ക് ലഭിച്ചത്. നിശ്ചലമായിരുന്ന മലപ്പുറം ജില്ലയിലെ സുന്നീ യുവജന സംഘത്തെ കര്‍മ്മരംഗത്ത് സജീവമാക്കുന്നതിന് അവര്‍ അഹോരാത്രം പരിശ്രമിച്ചു. സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ താജുല്‍ഉലമയും സുല്‍ത്വാനുല്‍ഉലമയും ചേരിതിരിവിനെ അതിജയിച്ചത് പോലെ, മലപ്പുറം ജില്ലയുടെ സാഹചര്യത്തില്‍ തങ്ങളായിരുന്നു അതിജീവനത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഉരുക്ക് മനുഷ്യനായിരുന്നു സയ്യിദവര്‍കള്‍.

എണ്‍പത്തൊമ്പതിന് ശേഷമുണ്ടായ മുറിവുകളുണക്കാന്‍ സുല്‍ത്വാനുല്‍ഉലമക്കും താജുല്‍ഉലമക്കുമൊപ്പം നിലകൊള്ളാന്‍ തങ്ങള്‍ ധൈര്യം കാട്ടി. പ്രസ്ഥാനത്തിന് ശക്തിയും ധൈര്യവും പകരുന്ന പ്രവര്‍ത്തനങ്ങളും പിന്തുണയുമാണ് പിന്നീടെപ്പോഴും തങ്ങളില്‍ നിന്ന് പ്രകടമായത്. ആദര്‍ശ വിരോധികള്‍ പടച്ചുവിട്ട വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ തന്റെ ആത്മീയ ഗുരുവായിരുന്ന സി.എം വലിയുല്ലാഹി വെളിപ്പെടുത്തിയ ഹഖിന്റെ വിഭാഗത്തോടൊപ്പം സധീരം നിലകൊള്ളുകയായിരുന്നു. തങ്ങളെ സംഘടനാ ചാനലിലേക്ക് തിരിച്ച് വിടുന്നതില്‍ സി.എം വലിയുല്ലാഹിക്ക് വലിയ പങ്കുണ്ട്. ദീര്‍ഘകാലം സി.എം വലിയുല്ലാഹിയോടൊപ്പം സന്തതസഹചാരിയായി സഹവസിച്ചതിനാല്‍ സി.എം വലിയുല്ലാഹിയുടെ മനസ്സ് തങ്ങള്‍ക്ക് അറിയാമായിരുന്നു.

എണ്‍പത്തൊമ്പതിലെ ചേരിതിരിവിന്റെ അഗ്നിജ്വാല പടര്‍ന്നു കത്തുമ്പോഴാണ് എറണാംകുളം സമ്മേളനം പ്രഖ്യാപിച്ചത്. രാഷ്ട്രീയപരമായ ലാഭം മുന്നില്‍ കണ്ട് പല കുപ്രചരണങ്ങളും നടന്നു. സമ്മേളനം നടത്തുന്നില്ലെന്ന് സമസ്തയുടെ പേരില്‍ തന്നെ ചിലര്‍ പറഞ്ഞ് നടന്നു. ഈ ഘട്ടത്തിലാണ് സി.എം വലിയുല്ലാഹിയുടെ ഇടപെടലുകള്‍ വഴിത്തിരിവായത്. കാന്തപുരം ഉസ്താദിനെയും അവേലത്ത് തങ്ങളെയും കോഴിക്കോട് കുറ്റിച്ചിറയിലേക്ക് വിളിച്ച് സമ്മേളനത്തിന് പോയിക്കൊള്ളാന്‍ സി.എം വലിയുല്ലാഹി ആഹ്വാനം ചെയ്തു. ഈ രംഗങ്ങളെല്ലാം തങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

എണ്‍പത്തൊമ്പതു മുതല്‍ തൊണ്ണൂറ്റി നാല് വരെയുള്ള കാലയളവിലാണ് തങ്ങളോടൊപ്പം എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ക്കെല്ലാം ധൈര്യവും പ്രചോദനവുമാണ് തങ്ങള്‍ പകര്‍ന്നത്. അക്കാലത്ത് പ്രാസ്ഥാനികമായ ഏത് വിഷയവും ഏത് ഘട്ടത്തിലും തങ്ങളോട് ചര്‍ച്ച ചെയ്യാനും പ്രതിവിധി നിശ്ചയിക്കാനും തങ്ങള്‍ അവസരമൊരുക്കി. വൈലത്തൂരിലെത്തിയാല്‍ഏറെ സന്ദര്‍ശകരുള്ളപ്പോഴും തങ്ങള്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുമായിരുന്നു. ഇത് ദീനീ കാര്യമാണല്ലോ. ഈ സമയത്തെല്ലാം നൂറുകണക്കിനാളുകള്‍ തങ്ങളെ പ്രതീക്ഷിച്ച് റൂമിന് പുറത്ത് നില്‍ക്കുന്നുണ്ടാകും. റൂമില്‍ മറ്റ് ആളുകളാണ് ഉള്ളതെങ്കില്‍ അവരോട് തല്‍ക്കാലം പുറത്ത് പോകാന്‍ പറഞ്ഞ് ഞങ്ങളുമായി സംസാരിക്കും. സംസാരം ചിലപ്പോള്‍ നീണ്ട് പോകും. പുറത്ത് ആളുകള്‍ നില്‍ക്കുന്നില്ലേ എന്ന രീതിയില്‍ തങ്ങളോട് കാര്യം ബോധിപ്പിച്ചാല്‍ തങ്ങള്‍ ഉച്ചത്തില്‍ പറയും:”നിങ്ങള്‍ ദീനിന്റെ കാര്യത്തിനാണ് വന്നിരിക്കുന്നത്. അവര്‍ സ്വന്തം കാര്യത്തിനാണ് വന്നിട്ടുള്ളത്. അവര്‍ക്ക് നേരം വൈകുന്നുണ്ടെങ്കില്‍ അവര്‍ പോയിക്കോട്ടെ. യൂസുഫുല്‍ ജീലാനി വിളിച്ചിട്ട് വന്നവരല്ല അവരൊന്നും”.

സംഘടനാപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് തങ്ങള്‍ സമയം കണ്ടത്. വലിയ മുദരിസായിട്ടൊന്നും കാര്യമില്ല: സംഘടനയില്‍ പ്രവര്‍ത്തിക്കണമെന്നാണ് തങ്ങള്‍ പറയാറുള്ളത്. മക്കളോട് ഇത് പറയുകയും ചെയ്തിട്ടുണ്ട്.

കാന്തപുരം ഉസ്താദിനെ ചേകന്നൂര്‍ കേസില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഉസ്താദിനോട് തങ്ങള്‍ പറഞ്ഞു: ”നിങ്ങള്‍ ധൈര്യമായി പോയിക്കൊള്ളൂ… നിങ്ങള്‍ ഇസ്സത്തോടെ ഇറങ്ങിവരുമെന്ന്”

കൃത്യതയും ചിട്ടയുമാര്‍ന്ന ജീവിതമായിരുന്നു അവിടുത്തേത്. ജീവിതത്തിലുടനീളം ഈ വിശേഷണങ്ങള്‍ നല്ല രീതിയില്‍ പ്രതിഫലിച്ചു. പരിപാടികള്‍ക്ക് ക്ഷണിച്ചാല്‍ കൃത്യമായി പോവുകയും സമയബന്ധിതമായി ഇടപെട്ട് പിരിഞ്ഞ് പോരുകയം ചെയ്യും. കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. പ്രാസ്ഥാനികമായി വരുന്ന സമ്മേളനങ്ങളുടെയും യോഗങ്ങളുടെയും ചുമതല തങ്ങളെ ഏല്‍പ്പിക്കുന്നതിന്റെ രഹസ്യമതായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.

ആലുവാ അബൂബക്കര്‍ മുസ്‌ലിയാരും സി.എം വലിയുല്ലാഹിയും കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരും തങ്ങളുടെ പ്രധാന ആത്മീയ ഗുരുക്കന്‍മാരായിരുന്നു. തങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലുമെല്ലാം സി.എം വലിയുല്ലാഹിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞു. സി.എം വലിയുല്ലാഹി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് എല്ലാ വെള്ളിയാഴ്ചകളിലും മര്‍കസ് ട്രഷററായിരുന്ന കൊടുവള്ളി അധികാരിയുടെ വീട്ടില്‍ പോയിരുന്നത്. മരണം വരെ കൃത്യതയോടെ തങ്ങളത് നിര്‍വ്വഹിച്ചു. നൂറ്കണക്കിനാളുകള്‍ തങ്ങളെ പ്രതീക്ഷിച്ച് കൊടുവള്ളിയില്‍ എത്തിയിരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനാണ് സി.എം വലിയുല്ലാഹി കൊടുവള്ളിയില്‍ വന്നിരിക്കാന്‍ കല്‍പ്പിച്ചത്. സി.എം വലിയുല്ലാഹിയുടെ വഫാത്തിനോടടുത്ത ഘട്ടത്തിലാണ് തങ്ങളെ ഈ ദൗത്യം ഏല്‍പ്പിച്ചത്.

സംഘടനാ ബന്ധത്തിന് പുറമെ വ്യക്തിപരമായ പല കാര്യങ്ങള്‍ക്കും തങ്ങളില്‍ നിന്ന് നിര്‍ദ്ദേശം തേടുമായിരുന്നു. എന്റെ സുഖത്തിലും ദുഃഖത്തിലും തങ്ങള്‍ പങ്കാളിയായി കൂടെ നിന്നു. മാതാപിതാക്കളുടെ വിയോഗ ഘട്ടത്തിലും വിശിഷ്യാ സുലൈമാന്‍ ഉസ്താദിന്റെ മകനും എന്റെ മരുമകനുമായിരുന്നു അബ്ദുറഹ്മാന്‍ അഹ്‌സനി വിടപറഞ്ഞ ഘട്ടത്തിലുമെല്ലാം ആശ്വാസത്തിന്റെ വാക്കുകളുമായി എന്നെ സാന്ത്വനപ്പെടുത്തിയതാണ് തങ്ങള്‍.

തങ്ങളെയും നമ്മെയും അല്ലാഹു അവന്റെ സ്വര്‍ഗീയാരമത്തില്‍ ഒരുമിപ്പിക്കട്ടെ. തങ്ങള്‍ കാണിച്ച് തന്ന പാതയിലൂടെ സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നമുക്ക് നാഥന്‍ ഉതവി നല്‍കട്ടേ.

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍
കേട്ടെഴുത്ത്;
കെ.എം.എ റഊഫ് ബദവി