നാസികളില്‍നിന്ന് സംഘികളിലേക്കുള്ള ദൂരം

നാസികളില്‍നിന്ന് സംഘികളിലേക്കുള്ള ദൂരം

ജര്‍മനിയില്‍നിന്ന് ഇന്ത്യയിലേക്ക് എത്ര ദൂരമുണ്ട്? അല്ലെങ്കില്‍ ഹിറ്റ്‌ലറില്‍നിന്ന് മോഡിയിലേക്ക്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മെ എത്തിക്കുക ‘ഫാഷിസം’ എന്ന വിനാശകാരിയായ സിദ്ധാന്തത്തിലേക്കാണ്. രണ്ട് ജനതകള്‍ അല്ലെങ്കില്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള വിടവുകളും വേര്‍തിരിവുകളും വിപുലീകരിക്കുകയാണ് ഫാഷിസത്തിന്റെ ലക്ഷ്യം. അറുപത് ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ, രണ്ടാം ലോക മഹായുദ്ധത്തിന് തന്നെ കാരണമായ ലോകം കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരനായ ഭരണാധികാരിയായ ഹിറ്റ് ലര്‍ ഒരു ഫാഷിസ്റ്റ് എങ്ങനെ രൂപപ്പെടുന്നു എന്നുള്ളതിന് വ്യക്തമായ ഉത്തരമാണ്. വെറുപ്പിന്റെ കനലൂതി ആര്യവംശത്തിന്റെ ലോകാധിപത്യം എന്ന ലക്ഷ്യവുമായി ഓരോ നിമിഷവും അതിനായി പോരാടുന്നവനാണ് ഒരു ഫാഷിസ്റ്റ്. നിങ്ങള്‍ക്കു ജീവിക്കുവാനുള്ള ഏറ്റവും ക്രൂരമായ പ്രാകൃതമായ വഴി നിങ്ങളുടെ ശത്രുവിനെ കൊല്ലുക എന്നതാണ് എന്ന് കണ്ടെത്തിയ മൂഢ വിശ്വാസമാണത്. വെറുക്കുക, കൊല്ലുക എന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്. ഇതുതന്നെയാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകളും പറയുന്നത്. അതിനായി അവര്‍ ജനങ്ങളെ മതവും ദേശീയതയും പറഞ്ഞ് കൂടെ നിര്‍ത്തുന്നു. അവര്‍ക്ക് പൊരുതാനുള്ള വെറും ഒരായുധമാക്കിമാറ്റുന്നു. അങ്ങനെ അവര്‍ തങ്ങള്‍ ചെയ്യുന്നതെല്ലാം രാജ്യത്തിന്റെ നന്മക്കാണെന്ന് വിശ്വസിക്കുകയും ആരുടെയൊക്കെയോ ആജ്ഞകള്‍ക്കനുസരിച്ച് ചലിക്കുന്ന വെറും യന്ത്രങ്ങളായി മാറുകയും ചെയ്യുന്നു. ജനങ്ങളുടെ മനുഷ്യത്വത്തെ നശിപ്പിച്ച് മറ്റുള്ളവരുടെ വികാരങ്ങള്‍ കാണാന്‍ കഴിയാത്ത ജീവികളാക്കി മാറ്റുന്നു. ഇതിനായി അവര്‍ മനസ്സിന് മാനുഷികതയുടെ കാറ്റും വെളിച്ചവും കയറാത്ത തരം കവചങ്ങള്‍ തീര്‍ക്കുന്നു. ഇതിലൂടെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ രണ്ടു കാര്യങ്ങള്‍ നേടുന്നു. ജനതയുടെ പിന്തുണയും ശത്രുവിനെതിരെ ആയുധവും.
1935ല്‍ മുസ്സോളിനി എത്യോപിയ ആക്രമിച്ചപ്പോള്‍ ലോകത്തിനുമുന്നില്‍ വെളിപ്പെട്ട ഫാഷിസ്റ്റ് മുഖം ഏറെയൊന്നും മാറിയിട്ടില്ല. ഇത് തെളിയിക്കുന്നത് ഫാഷിസം പിറന്നിടത്തുനിന്ന് വളര്‍ന്നിട്ടില്ല എന്നല്ല, മറിച്ച് അത് പൂര്‍ണ വളര്‍ച്ചയെത്തിയിട്ടാണ് പിറന്നുവീണത് എന്നാണ്. പിന്നീട് ഹിറ്റ്‌ലര്‍ വന്നു. ക്രൂരതയില്‍ ഹിറ്റ്‌ലറിന്റെ വെറും ശിഷ്യനായെ മുസ്സോളിനി വരൂ. ഫാഷിസത്തിലേക്ക് ഹിറ്റ്‌ലറിന്റെയും മുസ്സോളിനിയുടെയും പാത പിന്തുടര്‍ന്ന് ഇപ്പോള്‍ സംഘ് പരിവാറും വന്നു.

ഹിറ്റ്‌ലറാകുമ്പോഴും താന്‍ ഹിറ്റ്‌ലറാണെന്ന് പറയാതിരുന്നവരാണ് ചരിത്രത്തിലേറെ ഫാഷിസ്റ്റുകളും. എന്നാല്‍ ഹിറ്റ്‌ലര്‍ തന്നെയാണ് പാഠപുസ്തകം എന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച ധീരന്മാര്‍ ഇന്ത്യയിലെ സംഘ്പരിവാര്‍ മാത്രമാണ്.

ജര്‍മനി അതിന്റെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സെമിറ്റിക് ജൂതവംശത്തെ ഉഛാടനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ടയില്‍ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. അടിവേരോളം ഭിന്നതകളുള്ള മതങ്ങളെയും സംസ്‌കാരങ്ങളെയും ഒരു ഐക്യപൂര്‍ണിമയില്‍ ഒന്നിപ്പിക്കുക എന്നത് എത്രകണ്ട് അസാധ്യമാണെന്ന് ജര്‍മനി നമുക്ക് കാണിച്ചുതരുന്നു. അത് ഹിന്ദുസ്ഥാനിലേക്ക് നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ് എന്ന് ഗോള്‍വാള്‍ക്കര്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് ഹിറ്റ്‌ലര്‍ എക്കാലവും ഒരാവേശവും പ്രചോദനവുമായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.

ശത്രുവിനെ അടച്ചാക്ഷേപിച്ചാണ് ഫാാഷിസ്റ്റുകള്‍ അവരുടെ കര്‍മ പരിപാടികള്‍ നടപ്പിലാക്കുക. രാജ്യത്തിലെ മുഴുവന്‍ പ്രതിസന്ധിക്കും കാരണം ക്രിസ്ത്യാനിയും മുസ്‌ലിമുമാണെന്ന് പറയുന്നതിന് പിന്നിലെ യുക്തിയും ഇതുതന്നെ.

ശത്രു എപ്പോഴും ജൂതനാണെന്നു പറയുക, എപ്പോഴും അനാര്യനാണെന്ന് പറയുക, എപ്പോഴും കറുത്തവനാണ്, എപ്പോഴും തൊഴിലാളിയാണ്, എപ്പോഴും ക്രിസ്ത്യാനിയാണ്, എപ്പോഴും മുസ്‌ലിമാണ്, എപ്പോഴും സിഖുകാരനാണ് എന്ന് പറയുക. ഇതൊരു തന്ത്രമാണ്; തങ്ങളുടെ അനുഭാവികളെ ശത്രുക്കള്‍ക്കെതിരെ തിരിക്കാനുള്ള, പാപങ്ങള്‍ ശത്രുവിനുമേല്‍ ആരോപിക്കുവാനുള്ള തന്ത്രം.

ശത്രു എത്രതന്നെ ദുര്‍ബലനായാലും അത് പുറത്ത് പറയരുത് എന്നതായിരുന്നു ഹിറ്റ്‌ലറുടെ പ്രോപ്പഗന്‍ഡ. ഇതാ, നമുക്കുനേരെ ആയുധങ്ങളേന്തി ശക്തരും, കാട്ടാളരുമായ ശത്രുക്കള്‍ വരുന്നു എന്നാണ് അവര്‍ പറയുക. എങ്കിലേ ജനതയെ തന്റെ ശത്രുവിനെതിരെ ഒരു പക്ഷേ, തന്റെ മാത്രം ശത്രുവിനെതിരെ അണിനിരത്താന്‍ കഴിയൂ.

ദളിതരെയും മറ്റും കൂടെ നിര്‍ത്തുവാനായി അവര്‍ കപടയുക്തികള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ സമൂഹത്തില്‍ ഉന്നതരാണെന്നും അവരുടെ ശത്രുക്കളാണ് അതിനെ ഇല്ലാതാക്കുന്നതെന്നും പറയുന്നു.തങ്ങളുടെ കൂടെ നിന്നാല്‍ മന്ത്രിയാക്കാം, രാജ്യത്തിന്റെ തലവനാക്കാം എന്നെല്ലാം പറഞ്ഞ് കൂടെ നിര്‍ത്തുന്നു. നക്കിയും കൊല്ലാം, ഞെക്കിയും കൊല്ലാം എന്നത് നന്നായി അറിയാവുന്ന ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ അവരുടെ ഉപയോഗം കഴിഞ്ഞാല്‍ വിഡ്ഢികളാക്കി വലിച്ചെറിയുന്നു.

സ്വന്തം സമുദായത്തോട് തങ്ങള്‍ക്ക് സമൂഹത്തില്‍ വിലയില്ലാത്തതിന്റെ കാരണം തങ്ങളുടെ ശത്രുവാണെന്നാണ് ഇവരുടെ പ്രധാനപ്പെട്ട ആക്ഷേപങ്ങളിലൊന്ന്. നമ്മുടെ സമുദായത്തിന്റെ ഉന്നതിക്കായി ഉയര്‍ച്ചക്കായി ശത്രുവിനെ നശിപ്പിക്കണമെന്ന് അവര്‍ സമുദായ രക്ഷകരാണെന്ന് വരുത്തിത്തീര്‍ക്കുന്നു. തങ്ങളുടെ രക്ഷകനുവേണ്ടി എന്തും ചെയ്യുന്ന ആയുധമാക്കി അവരെ മാറ്റുന്നു. ഇങ്ങനെയാണ് സംഘികള്‍ ഭാരതീയരെ തമ്മിലടിപ്പിക്കുന്നത്. ആര്യന്മാര്‍ക്ക് താഴ്ന്നവരെ (അങ്ങനെ മുദ്രകുത്തപ്പെട്ടവരെ) എന്തുവേണമെങ്കിലും ചെയ്യാമെന്ന അവസ്ഥയാണ് ഭാരതത്തിലിപ്പോള്‍. സംഘികളുടെ ആധിപത്യത്തിനുശേഷമാണ് ഇങ്ങനെയൊരവസ്ഥ വന്നത്.

ജനങ്ങളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു തന്ത്രമാണ് വികസനം. കപടവികസനക്കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് അവര്‍ ജനങ്ങളെ കൂടെ നിര്‍ത്തുന്നു. ഒരു കരിങ്കട്ട കാണിച്ച് ഇത് സ്വര്‍ണക്കട്ടയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളായിപ്പോയിരിക്കുന്നു നമ്മള്‍. ചോദ്യം ചെയ്യാനുള്ള ധൈര്യമില്ലാത്തതാണ് പ്രശ്‌നം. നമ്മെ ഭരിക്കുന്നത് ഭയമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മതേതര രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലേതിനെക്കാള്‍ വലിയ ഫാഷിസ്റ്റ് പ്രസ്ഥാനം ഇന്ന് ലോകത്ത് വേറെയെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്.

ഏത് മതമൗലികവാദിയുടെ രാഷ്ട്രമാണ് ഇന്ത്യ? എന്ന ചോദ്യം ഉടലെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. അതിന് ഇന്ത്യ ഹിന്ദുവിന്റെയോ മുസ് ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ അല്ല, മറിച്ച് ഓരോ സാധാരണക്കാരന്റെയുമാണ് എന്ന് മറുപടി പറയുന്നവനാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യ വാദി, അതിലുപരി മനുഷ്യന് എന്ന് നാം വിളിച്ചുപറയേണ്ടതുണ്ട്.

മര്‍വ ഹനീഫ