ട്രംപിനു മുന്നില്‍ തോറ്റുകൊടുക്കാത്ത ലോകം

ട്രംപിനു മുന്നില്‍ തോറ്റുകൊടുക്കാത്ത ലോകം

2003 ല്‍ ഇറാഖ് അധിനിവേശം നടത്തിയത് മുതല്‍ യു.എസ് പട്ടാളത്തിനു സേവ ചെയ്യുകയായിരുന്നു ബാഗ്ദാദ് സ്വദേശിയായ അലി അല്‍ സഈദി. യു.എസ് സൈന്യത്തിലും യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റിലും പരിഭാഷകനായി ഏഴുവര്‍ഷം ജോലി ചെയ്തു. യജമാനന്മാരുടെ പ്രീതി നേടാനായപ്പോള്‍ പ്രത്യേക വിസ്തരപ്പെടുത്തി അമേരിക്കയിലേക്ക് ചേക്കേറി. അങ്ങനെ നോര്‍ത്ത് കരോലിനയിലെ 82ാം നമ്പര്‍ എയര്‍ബോണ്‍ ഡിവിഷനില്‍ സര്‍ജന്റായി ജോലി നോക്കുമ്പോഴാണ് പ്രായമായ മാതാപിതാക്കളെ തന്റെ കൂടെ താമസിപ്പിക്കണമെന്ന ആഗ്രഹമുദിക്കുന്നത്. ദൗര്‍ഭാഗ്യമെന്നേ പറയേണ്ടൂ, ആ സ്വപ്‌നവഴിയില്‍ വൈതരണികള്‍ വന്നുവീണു. ഇക്കഴിഞ്ഞ ഡിസംബറില്‍ പിതാവ് മരിച്ചു. മകനു ജനിച്ച കുഞ്ഞിനെ കാണാന്‍ മാതാവ് ഹാമിദിയ്യ അല്‍ സഈദി കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി. അഞ്ചുവര്‍ഷമായി ആ സ്ത്രീ മകനെ കാണാഞ്ഞിട്ട്. ന്യൂയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ മാതാവിനെ തേടി ജനുവരി 21ശനിയാഴ്ച ചെന്ന അലി സഈദിനെ വരവേറ്റത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു: ഉമ്മ പോലിസ് തടങ്കലിലായിരിക്കുന്നു. വെള്ളിയാഴ്ച അവര്‍ ദോഹയില്‍നിന്ന് വിമാനം കയറുമ്പോള്‍ യു.എസ് തലസ്ഥാന നഗരിയില്‍ ഒരപൂര്‍വ സംഭവം അരങ്ങേറുന്നുണ്ടായിരുന്നു. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് വെള്ളിയാഴ്ച വൈകീട്ട് 4.42നു പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അപൂര്‍വമായൊരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പവെച്ചു. ഇറാന്‍, ഇറാഖ്, സിറിയ,യമന്‍, ലിബിയ, സോമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരോ അഭയാര്‍ഥികളോ അമേരിക്കയിലേക്ക് വരേണ്ടതില്ല എന്ന ദയാവായ്പില്ലാത്ത ഒരുത്തരവ് . ഉത്തരവ് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ യു.എസ് വിമാനത്താവത്തില്‍ വന്നിറങ്ങിയ ഹാമിദിയ്യ എന്ന 65കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടങ്കലിലിട്ടു. അലി സഈദിക്ക് ആദ്യം ഉമ്മയുമായി ബന്ധപ്പെടാന്‍ പോലും സാധിച്ചില്ല. തന്നെപോലെ ഉറ്റവരെയും ഉടയവരെയും കാത്തുകഴിയുന്നവരുടെ കൂട്ടത്തില്‍ അയാള്‍ കണ്ണീരോടെ ഇരുന്നപ്പോള്‍ ഒരുഫെഡറല്‍ ഏജന്റ് വിളിച്ചുപറഞ്ഞു; നിന്റെ മാതാവിനെ ഒമ്പത് മണിയുടെ ജര്‍മനിയിലേക്കുള്ള വിമാനത്തില്‍ കയറ്റി അയക്കുകയാണെന്ന്. ഫോണിന്റെ മറുതലക്കലില്‍നിന്നുള്ള കരച്ചില്‍ അലി സഈദിയുടെ ഹൃദയം തകര്‍ത്തു. അഞ്ചുവര്‍ഷം കാത്തിരുന്നത് ഈ കരച്ചില്‍ കേള്‍ക്കാനാണോ എന്ന ചിന്ത അലിയെയും കരയിച്ചു. വിധിയോര്‍ത്ത് കണ്ണീര്‍പൊഴിക്കെ, മുപ്പത്തിമൂന്ന് മണിക്കൂറിനു ശേഷം ആ വൃദ്ധയെ പോലിസ് മകന്റെ അടുത്തേക്ക് കൊണ്ടുവന്നു. അതിനിടയില്‍ വൃദ്ധയുടെ കൈകളില്‍ വിലങ്ങുവെക്കുക പോലുമുണ്ടായത്രെ. വീല്‍ചെയര്‍ നല്‍കാനുള്ള മനസ്സ് പോലും കാണിച്ചില്ലെന്ന് അലി സഈദി മാധ്യമപ്രവര്‍ത്തരോട് പറയുമ്പോള്‍ , ഈ ക്രൂരതകള്‍ ഏറ്റുവാങ്ങാന്‍ വേണ്ടിയാണോ ഇറാഖിലും അമേരിക്കയിലും യു.എസ് പട്ടാളത്തിനു വേണ്ടി താന്‍ എല്ലുമുറിയെ പണിയെടുത്തതെന്ന് ചോദിച്ചുപോയി അയാള്‍.

ഭൂകമ്പം സൃഷ്ടിച്ച ട്രംപ് ഉത്തരവ്
മനുഷ്യത്വം തൊട്ടുതീണ്ടാത്ത, മതഭ്രാന്തനും ചിത്തരോഗിയുമായ ഒരു ഭരണാധികാരിയുടെ കൈയൊപ്പ് പതിഞ്ഞ ഒരുത്തരവ് ഇതുപോലെ എത്രയോ മനുഷ്യരുടെ സ്വപ്‌നങ്ങള്‍ കരിച്ചുകളഞ്ഞു.ട്രംപിന്റെ കിരാത നടപടിക്കു ഇരകളാക്കപ്പെട്ട എണ്ണമറ്റ സ്ത്രീപുരുഷന്മാരുടെ കഥ ‘ന്യൂയോര്‍ക്ക് ടൈംസ്’ ഫീച്ചറൈസ് ചെയ്തപ്പോള്‍ അമേരിക്ക എന്ന സ്വപ്‌നഭൂമിയില്‍ ഭാവി കിനാവ് കണ്ട കുറെ വിശ്വാസികള്‍ക്ക് നേരിടേണ്ടിവന്ന ദുരിതമറിഞ്ഞ് ലോകം ഞെട്ടിത്തരിച്ചു. ‘ഭീകരവാദികളെ’ അമേരിക്കയില്‍നിന്ന് തുരത്താന്‍ എന്ന പേരില്‍ ജനുവരി 27നു ഡോണാള്‍ഡ് ട്രംപ് പെന്റഗണ്‍ ആസ്ഥാനത്ത് ചെന്ന് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിവാദപരവും നാഗരിക സമൂഹത്തിനു നാണക്കേണ്ടുണ്ടാക്കുന്നതുമായ ഒരു നീക്കമായി മാറിയത് മതത്തിന്റെ പേരില്‍ അമേരിക്കയിലേക്ക് പോകുന്നവരെ വേര്‍തിരിച്ചു പ്രവേശനം നിഷേധിക്കുന്നതിനാലാണ്.'”PROTECTING THE NATION FROM FOREIGN TERRORIST ENTRY INTO THE UNITED STATES’ എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ അമേരിക്കയിലേക്ക് ഭീകരവാദികള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. ഇറാന്‍, ഇറാഖ്, സിറിയ,യമന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും സുഡാന്‍, ലിബിയ, സോമാലിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള പൗരന്മാരെ മൂന്ന് മാസത്തേക്ക് തടയുന്നതാണ് ഉത്തരവ്. അഭയാര്‍ഥികളെ സ്വീകരിക്കുന്ന പദ്ധതി 120 ദിവസത്തേക്ക് മാറ്റിവെച്ച ഉത്തരവില്‍, സിറിയയില്‍നിന്നുള്ളവരാണെങ്കില്‍ അനിശ്ചിതമായിരിക്കും നിരോധമെന്നും പറയുന്നു. 2017ല്‍ രാജ്യം സ്വീകരിക്കുന്ന മൊത്തം അഭയാര്‍ഥികളുടെ എണ്ണം അന്‍പതിനായിരം ആയിരിക്കുമെന്നും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. മുന്‍വര്‍ഷം 117,000പേരെ സ്വീകരിച്ച സ്ഥാനത്താണിത്. മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ നിരോധം ഇവിടങ്ങളില്‍നിന്നുള്ള മുസ്‌ലിമിതിര വിഭാഗങ്ങള്‍ക്ക് ബാധകമല്ലെന്നും അവരെ ഇരുകരവും കൂട്ടി സ്വീകരിക്കുമെന്നും ട്രംപ് പറയുമ്പോള്‍ ഈ നിരോധം കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാവുന്നു. അപ്പോഴും താന്‍ മുസ്‌ലിംകള്‍ക്ക് എതിരല്ലെന്നും ഭീകരവാദികള്‍ക്കെതിരയാണ് തന്റെ നടപടിയെന്നും പറഞ്ഞ് ലോകത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണീ വഷളന്‍. എന്നാല്‍ തന്റെ മുഖമാണ് വികൃതമാവുന്നതെന്നും എതിര്‍പ്പുകള്‍ ലാവയായി തിളച്ചുമറിയുകയാണെന്നും മനഃസാക്ഷി കൈമുതലായ മനുഷ്യര്‍ ഇപ്പോഴും തന്റെ നാട്ടിലുമുണ്ടെന്ന് ട്രംപിനു അംഗീകരിക്കേണ്ടിവന്നു. ഉത്തരവിറങ്ങിയ നിമിഷം മുതല്‍ അമേരിക്ക തിളച്ചുമറിയുകയാണ്. കുടിയേറ്റക്കാരെ തടയുന്ന വിമാനത്താവളങ്ങളില്‍ പ്രതിഷേധജ്വാലകള്‍ ഉയരുന്നു എന്ന് മാത്രമല്ല, ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും പരസ്യമായി ഉത്തരവിനെതിരെ രംഗത്തുവരേണ്ടിവന്നു.

മുസ്‌ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ ഡോണാള്‍ഡ് ട്രംപ് ആക്രോശിച്ചപ്പോള്‍ നാമെല്ലാം വിചാരിച്ചത് അനുയായികളെ പിരി കയറ്റുന്നതിനുള്ള വാചാടോപത്തില്‍ ഒതുങ്ങുമത് എന്നായിരുന്നു. എന്നാല്‍, അധികാരത്തിലേറി ഒരാഴ്ചക്കിടയില്‍ തന്നെ, ലോകത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോയത്, യു.എസ് പ്രസിഡന്റാവാന്‍ ഒരു നിലക്കും യോഗ്യനല്ലാത്ത ഒരാളാണിദ്ദേഹമെന്ന ബറാക് ഒബാമയുടെ കാഴ്ചപ്പാടിനെ സാധുകരിച്ചു.ഹിറ്റ്‌ലര്‍ ജൂതസമൂഹത്തിന് എതിരെയാണ് വിദ്വേഷവും നിഷ്ഠൂരതകളും പുറത്തെടുത്തതെങ്കില്‍ ട്രംപ് മുസ്‌ലിം വിരോധം ആളിക്കത്തിക്കാനാണ് വിവാദ ഉത്തരവിറക്കിയത്. തീവ്രവലതുപക്ഷ ചിന്താഗതിക്കാരാണ് എല്ലാറ്റിനും പിന്നില്‍. വെള്ളിയാഴ്ച പെന്റഗണ്‍ ആസ്ഥാനത്ത് ചെന്ന് പറഞ്ഞു: ‘നമുക്ക് അവരെ ( മുസ്‌ലിംകളെ ) വേണ്ടാ. അങ്ങകലെ നമ്മുടെ സ്ത്രീകളും പുരുഷന്മാരും ആര്‍ക്കെതിരെയാണോ പോരാടുന്നത് അവരെ നമുക്ക് ഇവിടെയും ആവശ്യമില്ല. നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും നമ്മുടെ ജനങ്ങളെ അഗാധമായി സ്േനഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്ക് ആവശ്യമുള്ളൂ”. ക്രിസ്ത്യാനികളെ മാത്രം മതി എന്ന് ചുരുക്കം. ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കിനു നല്‍കിയ അഭിമുഖത്തില്‍ കല്ല് വെച്ച നുണകള്‍ അവതിരപ്പിച്ചത് ഇങ്ങനെ: പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ക്രിസ്ത്യാനികളോട് ഭീകരമായാണ് പെരുമാറുന്നത്. സിറിയയില്‍ നിങ്ങള്‍ ക്രിസ്ത്യാനികളാണെങ്കില്‍ അമേരിക്കയില്‍ ചെന്നെത്തുക അസാധ്യമാണ്. ഇങ്ങോട്ടേക്ക് വരുന്നത് മുഴുവന്‍ മുസ്‌ലിംകളും’. ഇങ്ങനെ പച്ചയായ വര്‍ഗീയത വിളമ്പിയ ആളാണ് ഇപ്പോള്‍, വിമര്‍ശം പെരുത്തപ്പോള്‍ തന്റെ ഉത്തരവില്‍ മതപരമായി ഒന്നുമില്ലെന്ന് പറഞ്ഞ് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷേ, സ്വന്തം പാര്‍ട്ടിയില്‍നിന്നും ഭരണകൂടത്തില്‍നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത എതിര്‍പ്പ് ട്രംപിന്റെ സമനില തെറ്റിച്ചിരിക്കയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സാരഥികളും സെനറ്റര്‍മാരുമായ ജോണ്‍ മെക്കയിനും ലിന്‍ഡ്‌സെ ഗ്രഹാമും സംയുക്ത പ്രസ്താവനയില്‍ നല്‍കിയ മുന്നറിയിപ്പ് ട്രംപിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ”ഭീകരതക്കെതിരായ പോരാട്ടത്തില്‍ പ്രസിഡന്റിന്റെ ഉത്തരവ് സ്വയം ഏല്‍പിക്കുന്ന മുറിവായി മാറുകയാണെന്ന് ഭയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക് സ്‌റേറ്റ് ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ പ്രധാന പങ്കാളികള്‍ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ നിരാകരിക്കുന്ന ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളാണ്. ഉദ്ദേശിക്കട്ടെ, ഇല്ലാതിരിക്കട്ടെ, പ്രസിഡന്റിന്റെ ഈ ഉത്തരവ് മുസ്‌ലിംകള്‍ നമ്മുടെ രാജ്യത്തേക്ക് വരേണ്ടതില്ല എന്ന സൂചനയാണ് നല്‍കുന്നത്. അതുകൊണ്ടാണ്, നമ്മുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനെക്കാള്‍, ഈ ഉത്തരവ് ഭീകരവാദികളെ റിക്രൂട്ട് ചെയ്യുന്നതിന് സഹായിക്കുമെന്ന് നാം ഭയപ്പെടുന്നത്”.

സാലി യെറ്റ്‌സിന്റെ പോരാട്ടം
ട്രംപിന്റെ ഉത്തരവിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധവും എതിര്‍പ്പും ഉയരുന്നത് അമേരിക്കയിലും യൂറോപ്പിലുമാണെന്നതാണ് ദുരന്തവാര്‍ത്തകള്‍ക്കിടയിലും ആശ്വാസം നല്‍കുന്ന വശം. ഉത്തരവ് അനുസരിക്കേണ്ടതില്ലെന്ന് കാണിച്ച് ആക്ടിംഗ് അറ്റോണി ജനറല്‍ സാലി യെറ്റ്‌സ് നീതിന്യായ വകുപ്പിലെ അഭിഭാഷകര്‍ക്ക് നല്‍കിയ ‘മെമ്മോ’ ഇന്ന് ലോകമാസകലം ചര്‍ച്ചയായിരിക്കുന്നു. അവര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും എക്കാലവും സ്മരിക്കപ്പെടുന്നതായി അവരുടെ കാല്‍വെപ്പ്. ട്രംപിന്റെ ഉത്തവ് നിയമപരമാണെന്ന് ബോധ്യപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്ന യെറ്റ്‌സ് നിയമ ഉദ്യോഗസ്ഥര്‍ അവര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടവരാണെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. യെറ്റ്‌സിന്റെ ധീരമായ നടപടി മനുഷ്യാവകാശപ്രവര്‍ത്തകരെയും അഭയാര്‍ഥികളോട് അനുതാപത്തോടെ പെരുമാറണമെന്ന് വാദിക്കുന്നവരെയും മാത്രമല്ല, നൈതികത കാത്തുസൂക്ഷിക്കുന്ന ഒരു മൂല്യവ്യവസ്ഥ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ആവേശം കൊള്ളിക്കുകയാണ്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്റെ സാരഥിയായ ലീ ഗെലന്റ് അഭിപ്രായപ്പെട്ടത് മുസ്‌ലിംകളെ നിരോധിച്ചതില്‍ തെറ്റുണ്ട് എന്ന ശക്തമായ സന്ദേശം കൈമാറുന്ന ഈ സംഭവവികാസം ചരിത്രപരവും സ്വാഗതാര്‍ഹവുമാണ് എന്നാണ്. സാലി യെറ്റ്‌സിനെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു എന്നാണ് സി.ഐ.എ മുന്‍ ഉദ്യോഗസ്ഥന്‍ ഇവാന്‍ മക്മുല്ലിന്‍ പറഞ്ഞത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍നിന്ന് വരുന്ന 56കാരിയായ യെറ്റ്‌സ് രാജ്യത്തെ പ്രശസ്തയായ അഭിഭാഷകയാണ്.

ട്രംപിന്റെ വിവാദ ഉത്തരവോടെ അമേരിക്ക ഭരണഘടനാ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. നിയമവിധേയമായി എത്തുന്ന യാത്രക്കാരെ തടയാന്‍ പാടില്ലെന്ന് നാല് ജഡ്ജിമാര്‍ ഉത്തരവിറക്കിയിട്ടും ‘മുസ്‌ലിം നിരോധം’ തുടരുന്നുണ്ട് എന്ന് സമര്‍ഥിക്കുന്ന തരത്തിലാണ് യു.എസ് വിമാനത്താവളങ്ങളിലെ പെരുമാറ്റം. അഭിഭാഷകരുടെ സഹായം പോലും തേടാനാവാതെ, എത്രയോപേര്‍ കടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍, ട്രംപിന്റെ നടപടിയില്‍ അമര്‍ഷം പൂണ്ട ജനത രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തെരുവിലിറങ്ങുകയും വിമാനത്താവളങ്ങള്‍ വളയുകയും ചെയ്യുന്നു. പ്രതിഷേധക്കാരോടൊപ്പം കോര്‍പ്പറേറ്റ് മേധാവികളും നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം അണിനിരക്കുന്നതില്‍നിന്ന് തന്നെ ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നതാണ് ട്രംപിന്റെ നടപടിയെന്ന് തെളിയുന്നു. ഗൂഗ്ള്‍ സി.ഇ.ഒ , ഇന്ത്യന്‍ വംശജനായ സുന്ദര്‍പിച്ചൈ പ്രതിഷേധിക്കാന്‍ ഇറങ്ങിയ തന്റെ സഹജീവനക്കാരെ ഓര്‍മപ്പെടുത്തിയത് കേട്ടില്ലേ: ‘നമ്മുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചില മൂല്യങ്ങളുണ്ട്. നമ്മുടെ അടിത്തറയായി വര്‍ത്തിക്കുന്ന ആ മുല്യങ്ങള്‍ ഒഴിവാക്കി ഒരു ഒത്തുതീര്‍പ്പിലും എത്താനാവില്ല. കഴിഞ്ഞ മുന്നുവര്‍ഷമായി നാം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഒന്നാണ് ഇപ്പോള്‍ നടപ്പായത്. ” മതവിവേചനം എന്ന കൊടിയ അപരാധം എല്ലാതരം വിവേചനങ്ങളെയും തള്ളിക്കളയുന്ന ഒരു ഭരണഘടനയുടെ അന്തഃസത്തത്തെ നിഷ്പ്രഭമാക്കുന്നുവെന്ന വിധിയെഴുത്ത് 45ാമത് പ്രസിഡന്റിനെ അമേരിക്ക എന്ന ആശയത്തിന്റെ തന്നെ ഘാതകനാക്കി മാറ്റുന്നു. ഉത്തരവിനെതിരായ പ്രതിഷേധം ബ്രിട്ടനിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടരുമ്പോള്‍ ട്രംപിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യചിഹ്‌നമാണ് ഉയരുന്നത്. ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ ഇതുപോലെ ലോകം വെറുക്കപ്പെട്ട ഒരു നേതാവിനെ ചരിത്രത്തില്‍ കാണാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് മാധ്യമങ്ങള്‍. പടിഞ്ഞാറന്‍ സമൂഹത്തോട് ആദരവ് തോന്നിയ ദിനങ്ങളാണ് കടന്നുപോവുന്നത്. ഒരുഭാഗത്ത് സ്വന്തം പ്രസിഡന്റിന്റെ അപകടകരമായ നീക്കത്തെ കുറിച്ച് ഉത്ക്കണ്ഠ രേഖപ്പെടുത്തുന്ന ജനം മറുഭാഗത്ത് വ്രണിതഹൃദയരായ മുസ്‌ലിംകളെ സാന്ത്വനപ്പെടുത്താന്‍ ആവുന്നതൊക്കെ ചെയ്യുന്നു. ചര്‍ച്ചുകളും സിനഗോഗുകളും മുസ്‌ലിം കളുടെ മുന്നില്‍ തുറന്നുവെച്ച് അഭയം നല്‍കാന്‍ മതപുരോഹിതര്‍ കാണിച്ച ഹൃദയവിശാലത, ചരിത്രത്തിന്റെ കുഞ്ഞേടുകളില്‍നിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. കാനഡ എന്ന അയല്‍രാജ്യം മുസ്‌ലിംകളെ സ്വാഗതം ചെയ്തതും വൈവിധ്യമാണ് നമ്മുടെ കരുത്തെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരസ്യമായി പ്രഖ്യാപിച്ചതും ട്രംപ് വാഴുന്ന കെട്ട കാലത്ത് കേള്‍ക്കാന്‍ കഴിഞ്ഞ ഇമ്പമാര്‍ന്ന മൊഴികളാണ്. രാജ്യങ്ങള്‍ തമ്മില്‍ മതില്‍ തീര്‍ക്കേണ്ട സമയമല്ലിത് എന്നും ബെര്‍ലിന്‍ മതില്‍ സമീപകാലത്താണ് പൊളിച്ചുമാറ്റിയതെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് ഓര്‍മപ്പെടുത്തേണ്ടിവന്ന സാഹചര്യം അവിവേകിയായ ഒരു ഭരണാധികാരിയുടെ സൃഷ്ടിയാണ്.

ട്രംപിന്റെ വിവാദതീരുമാനങ്ങളോട് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് കൂടി പരാമര്‍ശിക്കാതെ വയ്യ. യു.എസ് പൗരന്മാരുടെ ഹൃദയമിടിപ്പ് സസൂക്ഷ്മം അളന്നുതൂക്കി വിലയിരുത്താറുള്ള പ്രശസ്തമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ കരളുറപ്പുള്ള നിലപാടുമായി ട്രംപിനെ പിച്ചിച്ചീന്തുന്നുണ്ട്. വിവാദ ഉത്തരവിന്റെ പിറ്റേന്നാള്‍, ഡോണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം നിരോധം ഭീരുത്വവും അപകടകാരിയും എന്ന് വിശേഷിപ്പിച്ച് ശീര്‍ഷകമിട്ട് എഴുതിയ മുഖപ്രസംഗത്തിലുടനീളം മുസ്‌ലിംകളോട് കാണിക്കുന്ന വിവേചനത്തിലാണ് അമര്‍ഷം പൂണ്ടത്. വിവാദ ഉത്തരവില്‍ എവിടെയും മതം പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും മുസ്‌ലിംകളെ ലക്ഷ്യമിടുന്നതാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇരച്ചിറങ്ങിയ ഇസ്‌ലാമോഫോബിയയും സീനോഫോബിയയും തുളുമ്പുന്നതാണ് ഉത്തരവിന്റെ ഭാഷയെന്നും പത്രം കടുത്ത അമര്‍ഷത്തോടെ എഴുതി. എന്തുകൊണ്ട് ട്രംപിന്റെ ഉത്തരവ് വിപദ്കരമാവുന്നുവെന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ്: ഭീകരവാദികളെ ലക്ഷ്യംവെക്കുന്നത് എന്നതിനെക്കാള്‍, വിവാദ ഉത്തരവ് അമേരിക്ക ഇസ്‌ലാമുമായി യുദ്ധത്തിലാണെന്ന ധാരണ പരത്താനാണ് പ്രയോജനപ്പെടുക.

അര്‍ഥശൂന്യമായ വാദങ്ങള്‍
അമേരിക്കക്കാരെ ഭീകരവാദികളില്‍നിന്ന് രക്ഷിക്കാനെന്ന പേരില്‍, ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരുടെമേല്‍ പതിച്ച നിരോധം ഡോണാള്‍ഡ് ട്രംപിന്റെ ബുദ്ധിശൂന്യവും യുക്തിക്ക് നിരക്കാത്തതുമായ നീക്കമായി വിലയിരുത്തപ്പെടുന്നത്, യു.എസ് പ്രസിഡന്റിന്റെ പ്രഖ്യാപിത യുദ്ധം ചില ഉമ്മാക്കി കാണിച്ചാണ് എന്നതിനാലാണ്. സലഫി ഭീകരവാദവുമായി മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. സെപ്റ്റംബര്‍ 11 ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നതെങ്കില്‍ 19 അല്‍ ഖാഇദക്കാരില്‍ 15പേരുടെയും ജന്മനാടായ സുഊദി അറേബ്യക്കുമേലാണ് ആദ്യം അത് പതിയേണ്ടത്. ഈജിപ്ത്, യു.എ.ഇ, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അക്കുട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഇറാഖും ഇറാനും സിറിയയും യമനും ഇന്നേവരെ ഭീകരവാദികളെ അയച്ച് അമേരിക്കയുടെ സ്വസ്ഥത കെടുത്തിയിട്ടില്ല. ഇന്നാടുകളുടെ സ്വസ്ഥതയും പുരോഗനവും കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി തകര്‍ത്തുകളഞ്ഞത് അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശ ശക്തികളാണ്. സദ്ദാം ഹുസൈന്റെ കാലത്ത് മേഖലയിലെ ഏറ്റവും വിദ്യാസമ്പന്നരും പുരോഗമനകാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരും ജീവിച്ച ഇറാഖ് ഇന്ന് നരകമാക്കിമാറ്റിയത് യു.എസ് പട്ടാളമാണ്. ആഭ്യന്തരഅന്തഃഛിദ്രതയില്‍ എല്ലാ തകര്‍ന്നടിഞ്ഞ ബഗ്ദാദും യൂഫ്രട്ടീസ് ടൈഗ്രീസ് നദിക്കരകളും സാമ്രാജ്യത്വത്തിന്റെ പടനിലങ്ങളായി മാറ്റിയെടുത്തത് ബുഷ്മാരുടെ അമേരിക്കയാണ്. ബശ്ശാറുല്‍ അസദ് എന്ന ഏകാധിപതിയുടെ ബലിഷ്ഠ കരങ്ങളില്‍പ്പെട്ട് ശ്വാസംമുട്ടുമ്പോഴും സിറിയയുടെ സാമൂഹിക ജീവിതം അതിന്റെ താളമേളങ്ങള്‍ നിലനിര്‍ത്തിയത് സഹസ്രാബ്ദങ്ങളായി പൈതൃകമായി കാത്തുസൂക്ഷിച്ച നാഗരിക തിരുശേഷിപ്പുകള്‍ കൊണ്ടാണ്. അവ മുഴുവനും തച്ചുതകര്‍ക്കാന്‍ കൂട്ടുനിന്നതും ഭീകരവാദികളുടെ സംഘങ്ങളെ ആളും അര്‍ഥവും ആയുധങ്ങളും നല്‍കി നശിപ്പിച്ചതും പൗരസമൂഹത്തെ പെരുവഴിയില്‍ വലിച്ചെറിഞ്ഞതും യാങ്കികളാണ്. അതേ ആസുര ശക്തികളാണ് ഇന്ന് സിറിയന്‍ ജനതയുടെമേല്‍ അനന്തമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഭയം തേടി തങ്ങളുടെ പടിവാതില്‍ക്കല്‍ വന്നുനില്‍ക്കരുത് എന്ന ശാസനയോടെ. മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന അന്തഃഛിദത മൂര്‍ച്ഛിപ്പിക്കുക എന്ന സൃഗാലബുദ്ധിയാവണം ഇറാന്‍, ഇറാഖ്,സിറിയ, യമന്‍ തുടങ്ങി ശിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളെ തെരഞ്ഞെടുക്കാന്‍ ട്രംപ് എന്ന ദുഷ്ടലാക്കിനു പ്രചോദനമായത്. ട്രംപിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നാടുകളെ ഒഴിവാക്കപ്പെട്ടത് പരക്കെ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ കുഷ്ഠരോഗികളെ പോലെ മാറ്റിനിറുത്താന്‍ ട്രംപിനെ പോലൊരു അധമന്‍ ഉത്തരവിറക്കിയപ്പോള്‍ അറബ് ഇസ്‌ലാമിക ലോകത്തെ , ഒരു ഭരണാധികാരിയും ഒരക്ഷരം ഉരിയാടിയില്ല എന്നത് മറ്റൊരു നാണക്കേടാണ്. ഈ വിലക്കിന്റെ പിറ്റേന്നാള്‍ സുഊദി മാധ്യമങ്ങള്‍ക്ക് പറയാനുള്ളത്, സല്‍മാന്‍ രാജാവും ഡോണാള്‍ഡ് ട്രംപും ഭീകരവാദ ഭീഷണി തടയുന്നതിനു നടത്താന്‍ പോകുന്ന ചര്‍ച്ചകളെ കുറിച്ചാണ്. ഇത്തരം അന്തസ്സാരശൂന്യമായ ചര്‍ച്ചാപ്രഹസനങ്ങള്‍ മുസ്‌ലിം ലോകത്തെ ശത്രുക്കളുടെ കൈകളിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്നതാണെന്ന് കൂടി പറയാതെ വയ്യ.

ശാഹിദ്‌