എടുത്തും കൊടുത്തുമാണ് പ്രകൃതി നിലനില്‍ക്കുന്നത്‌

എടുത്തും കൊടുത്തുമാണ് പ്രകൃതി നിലനില്‍ക്കുന്നത്‌

പ്രകൃതി എന്നതിന്റെ അര്‍ത്ഥ വ്യാപ്തി എത്രയാണ്?എന്താണ് പരിസ്ഥിതി?
കോടിക്കണക്കിന് നക്ഷത്ര വലയങ്ങളുള്‍ക്കൊള്ളുന്നതാണ് പ്രപഞ്ചം. അതിലൊരു നക്ഷത്രം മാത്രമാണല്ലോ സൂര്യന്‍. സൂര്യവലയമായ ക്ഷീരപഥത്തിലെ ആദ്യ രണ്ട് ഗ്രഹങ്ങളിലും ഊര്‍ജം ധാരാളമുണ്ട്. പക്ഷേ ജീവനില്ല. എന്നാല്‍ മൂന്നാമത്തെ അച്ചുതണ്ടില്‍ സൂര്യനെ വലയം ചെയ്യുന്ന ഭൂമി സഞ്ചരിക്കുന്ന വഴിയാണ് ജീവന്റെ വഴി. ജീവന്‍ ജനിക്കാനും ഉണരാനും വികസിക്കാനുമുള്ള സഞ്ചാര പഥമാണ് അത്. ആ പഥത്തില്‍ മറ്റേത് ഗ്രഹം സഞ്ചരിച്ചിരുന്നെങ്കിലും അതില്‍ ജീവനുണ്ടാകുമായിരുന്നു. ഭൂമിക്കുചുറ്റും ഓസോണ്‍ പാളിയെന്ന സംരക്ഷണ മണ്ഡലത്തിന് കീഴില്‍ ജീവാന്തരീക്ഷം നിലനില്‍ക്കുന്നു. മറ്റൊരു ഗ്രഹത്തിനും ജീവാന്തരീക്ഷമില്ല. ജീവാന്തരീക്ഷമുള്ളത് കൊണ്ട് ഇവിടെ ജീവവായുവുമുണ്ട്. ഈ ജീവവായുവാണ് മനുഷ്യനടക്കം സര്‍വ ജന്തുജാലങ്ങളും ശ്വസിക്കുന്നത്. അതിനാല്‍ ജീവനുള്ള ജീവികള്‍ ജീവിക്കുന്ന ഇടമാണ് ഭൂമി എന്ന് പറയാം. വായുവാണ് ജീവന്റെ കേന്ദ്രം. ഒരേ ജീവവായുവാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവകേന്ദ്രമെന്നതിനാല്‍ നാം ജീവന്‍പരമായി ഒന്നാണ്.

അതറിയുമ്പോള്‍ നാം ഏകമായ ജീവനായ ഭൂമിയെ അറിയുന്നു. ഭൂമി ജീവനാണ്. ജീവനാണ് പ്രകൃതി. മറ്റു ഗ്രഹങ്ങളിലൊന്നും ജീവനില്ല. എന്നതിനാല്‍ അവിടമൊന്നും പ്രകൃതിയുമില്ല.

ജീവാന്തരീക്ഷം ഭൂമിയില്‍ മാത്രമേയുള്ളൂ എന്നതിനാല്‍ പ്രകൃതിയും പരിസ്ഥിതിയും ഭൂമിയില്‍ മാത്രമേയുള്ളുവെന്നും പറഞ്ഞല്ലോ. ഭൂമിയിലെ ജീവല്‍ പ്രക്രിയയെ അപഗ്രഥിക്കാമോ?
ഭൂമി ജീവന്റെ ബീജമാണ്. ജീവവായു ജീവകേന്ദ്രവും, ജലം ജീവന്റെ തന്തുവുമാണ്. ജലം മണ്ണില്‍ ചേരുമ്പോള്‍ മണ്ണ് ജീവനാകുന്നു. വിത്ത് മുളക്കുന്നു. അപ്പോള്‍ ജീവവായു, ജീവജലം, അവ ചേരുന്നത് വഴി ജീവനാകുന്ന മണ്ണ് എന്നിവയുടെ സംയോജനമാണ് ഭൂമിയിലെ ജീവല്‍ പ്രക്രിയയെ നിലനിര്‍ത്തുന്നത്. മഴ പെയ്യുന്ന ഏകയിടം ഭൂമിയാണ്. പെയ്യുന്ന ജലം ജീവാന്തരീക്ഷത്തില്‍ ഈര്‍പ്പമായി, ആവിയായി ജലത്തിന്റെ നാനാ രൂപങ്ങളിലുമായി ഭൂമിയെ ജീവല്‍സമ്പന്നമാക്കുന്നു.
ജീവനെക്കുറിച്ച് പറയുമ്പോള്‍ ജീവന്‍ നമ്മുടെയുള്ളില്‍ നിരന്തരം കുടികൊള്ളുന്ന ഒന്നല്ല. മറിച്ച് അനുനിമിഷവും അത് വന്നുചേര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മളിവിടെ സംസാരിക്കുമ്പോഴും നമ്മുടെ ജീവന്‍ ഈ ജീവാന്തരീക്ഷത്തില്‍നിന്ന് ഓരോ സമയവും വന്നുചേര്‍ന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളിപ്പോള്‍ എന്റെ വായും മൂക്കും മൂടിക്കെട്ടി ജീവവായുവുമായുള്ള സമ്പര്‍ക്കം തടസ്സപ്പെടുത്തിയാല്‍ ജീവാന്തരീക്ഷത്തില്‍നിന്നും എന്നിലേക്ക് ജീവന്‍ വന്നുചേരാതാവുകയും പെടുന്നനെ ഞാന്‍ മരണപ്പെടുകയും ചെയ്യും. ഇതുതന്നെയാണ് എല്ലാ ജീവജാലങ്ങള്‍ക്കും സംഭവിക്കുക. ഇതാണ് നമ്മള്‍ ജീവന്‍പരമായി ഒന്നാണ് എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം. പ്രകൃതിയുടെ നിലനില്‍പ്പിന്റെയാധാരം തന്നെ സസ്യലോകവും മനുഷ്യനടങ്ങുന്ന ജന്തു പ്രാണി ലോകവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെയാണ്. ജീവനായ മണ്ണില്‍ മുളക്കുന്ന സസ്യലോകം വഴി നാമടങ്ങുന്ന ജന്തുലോകത്തിന് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണം ലഭിക്കുന്നു. അതുപോലെ സസ്യലോകത്തിനുവേണ്ടിയുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡ് നമ്മുടെ നിശ്വാസം വഴി നമ്മളും കൊടുക്കുന്നു. ഇങ്ങനെ എടുത്തും കൊടുത്തും മാത്രമാണ് പ്രകൃതിയുടെ നിലനില്‍പ്പ്.

ഇക്കഴിഞ്ഞ 2016ല്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച സന്ദേശവാക്യം ഇങ്ങനെയായിരുന്നു: ‘Seven billion dreams,one planet,use with care’ ഇതില്‍ പ്രപഞ്ചം മുഴുവന്‍ 700 കോടി വരുന്ന മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന ഒരു സ്വാര്‍ത്ഥതയില്ലേ?
അത് വളരെ പാര്‍ശ്വലായിട്ടുള്ള ഒരു വാക്യമായിത്തോന്നുന്നു. യഥാര്‍ത്ഥത്തില്‍ മറ്റു ജീവജാലങ്ങളിലേക്ക് ചേര്‍ത്ത് നോക്കുമ്പോള്‍ മനുഷ്യനെന്ന ജീവിയുടെ എണ്ണം കേവലം ഒരു ശതമാനം പോലും വരില്ല. പക്ഷേ മറ്റിതര ജീവികളുടെയെല്ലാം കഥകള്‍ പറയാന്‍ മനുഷ്യന്‍ മാത്രമേയുള്ളൂ. മനുഷ്യര്‍ ഭൂമിയില്‍ യുദ്ധങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കുമ്പോള്‍ കോടിക്കണക്കിന് ഇതര ജന്തുക്കള്‍ നശിപ്പിക്കപ്പെടുന്നു. പ്രാണികളും കീടങ്ങളും നാശത്തിനിരയാകുന്നു. അവകളെല്ലാം ഭൂമിയില്‍ മനുഷ്യനെക്കാള്‍ ആദികാലം മുതലേ ജന്മാവകാശമുള്ളവരാണ്. അവകളുടെയെല്ലാം ജീവനെ നശിപ്പിക്കുന്ന ഒരു ജീവിയായി വരുമ്പോള്‍ മനുഷ്യന്‍ ഒരിക്കലും വിവേകമുള്ള ജീവിയല്ല. അവന്‍ ഒരു സംഹാര ജീവിയോ ക്ഷുദ്ര ജീവിയോ ആണെന്ന് വേണം പറയാന്‍.

മനുഷ്യരെയും മറ്റിതര ജീവജാലങ്ങളെയും ഒരേ ത്രാസില്‍ അളക്കണമെന്നാണോ മനുഷ്യന്റെ അത്രതന്നെ സ്ഥാനം എല്ലാ ജീവികള്‍ക്കും കല്‍പിച്ചു നല്‍കണമെന്നാണോ പറഞ്ഞുവരുന്നത്?
അതൊരു കാഴ്ചപ്പാടാണ്. പ്രകൃതി ജീവനാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ നാം മറ്റുള്ള ജീവജാലങ്ങളുടെ ജീവനുകളെ നമ്മോടൊപ്പമോ നമ്മില്‍ തന്നെയോ കാണുമ്പോള്‍ മാത്രമേ പരിസ്ഥിതി ബോധം നമുക്കുണ്ട് എന്ന് പറയാനൊക്കൂ. യഥാര്‍ത്ഥത്തില്‍ പ്രകൃതിയിലെ ഏറ്റവും വിനാശകാരിയായ ജീവി മനുഷ്യനാണ്.

മനുഷ്യനെയും പ്രകൃതിയെയും ലാഭേഛയോടെ ഏതറ്റം വരെയും ചൂഷണം ചെയ്യുക എന്നതാണ് മുതലാളിത്തം മുന്നോട്ടുവെക്കുന്ന വികസന സങ്കല്‍പം. യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെ വിവക്ഷയെന്താണ്?
വികസനം എന്ന് പറഞ്ഞാല്‍ ബോധത്തിന്റെ വികസനമാണ്. ഇവിടെ ഭൂമിയില്‍ ജീവിതങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉറുമ്പിന്റെ ജീവിതം, ആനയുടെ ജീവിതം, മനുഷ്യന്റെ ജീവിതം അങ്ങനെയങ്ങനെ… അതില്‍ മനുഷ്യന്റെ ജീവിതത്തിലൂടെ മാത്രമാണ് ഭൂമിയാകുന്ന ജീവന് നഷ്ടം സംഭവിക്കുന്നത്. ഭൂമിയാകുന്ന ജീവന് നഷ്ട കഷ്ടങ്ങള്‍ ഏതൊരു ജീവിയുടെയും ചെയ്തികള്‍ മുഖേന വന്നാലും അത് ഭൂമിയിലെ ജീവന്റെ വികാസത്തിന് വിരുദ്ധമായിരിക്കുന്ന ശക്തിയാണ്. മനുഷ്യനെ അവന്റെ കഥയും ചരിത്രവുമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍നിന്നെല്ലാം തടഞ്ഞ് മറ്റ് ജീവികളെപ്പോലെ ഒരിടത്ത് ഒതുക്കിനിര്‍ത്തിയാല്‍ ഈ ഭൂമി സ്വര്‍ഗതുല്യമായേനെ. പക്ഷേ ബൂദ്ധിയും ചിന്താ ശേഷിയും ഉള്ള മനുഷ്യന്‍ അതിനൊരുങ്ങുകയില്ല എന്നതാണ് സത്യം. ഇനി ബുദ്ധിയുപയോഗിച്ച് അവന്‍ വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാലും അത് അനിയന്ത്രിതമാകുന്നു എന്നതാണ് പ്രശ്‌നം. ആവശ്യമുള്ളതിലപ്പുറം വികസനം എന്ന പേരില്‍ അവന്‍ ഭൂമിയെ നശിപ്പിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്.

പരിസ്ഥിതി പ്രവര്‍ത്തനം എന്നോ പ്രകൃതി സംരക്ഷണം എന്നോ പറയുന്നതിന്റെ അര്‍ത്ഥം പരിസ്ഥിതി ദിനത്തില്‍ ചെടി നടലാണോ?
നീര്‍ത്തടങ്ങള്‍ നശിപ്പിച്ച്, മലകള്‍ നിരപ്പാക്കി നദികള്‍ കൊന്നുകളഞ്ഞ് ഒരു വെളുപ്പാന്‍ കാലത്ത് നാല് ചെടിനടുക വഴി നാം പ്രകൃതി സംരക്ഷകരാവുന്നില്ല. മനുഷ്യര്‍ നട്ടിട്ടു മാത്രമല്ല കാര്യമായും ഭൂമിയില്‍ സസ്യങ്ങളുണ്ടാകുന്നത്. പക്ഷിലോകം നമ്മെക്കാള്‍ മനോഹരമായി ആ കാര്യം നിര്‍വഹിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിന് വേണ്ടി നാം ചെയ്യേണ്ടത് ജീവന്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ്. പരിസ്ഥിതി സംഹാരിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കുക. നാം എല്ലാ ജീവജാലങ്ങളും ഒരേ ജീവവായു ശ്വസിക്കുന്ന ഒരേ വിലയുള്ള ജീവനുകളാണ് എന്ന അവബോധം ഉള്‍ക്കൊള്ളുക. അപ്പോള്‍ മനുഷ്യ ജീവന്‍ സംരക്ഷിക്കേണ്ടുന്ന പോലെത്തന്നെ അനിവാര്യമായ കാര്യമാണ് ഓരോ ജീവികളെയും ഓരോ ജീവാണുക്കളെയും സംരക്ഷിക്കല്‍ എന്ന ഉന്നതമായ പ്രകൃതി ബോധത്തിലേക്ക് നാം എത്തും.

മനുഷ്യന്‍ ചെയ്തുകൂട്ടിയ അതിക്രമ പ്രവര്‍ത്തനങ്ങളാല്‍ കടലിലും ഭൂമിയിലും നാശം വെളിപ്പെട്ടിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.
നന്മ വെളിച്ചവും തിന്മ അന്ധകാരവുമാണ്. ഭൂമിയില്‍ നന്മ നിറക്കാനാണ് ദൈവം മനുഷ്യനെ അയച്ചിട്ടുള്ളത്. പക്ഷേ ഭൂമിയില്‍ തിന്മ ചെയ്തുകൊണ്ടിരിക്കുന്ന ഏക ജീവി മനുഷ്യനാണ്. ഇവിടമാകെ നന്മമയമാക്കുക എന്നതായിരിക്കണം ദൈവത്തിന്റെ ആത്യന്തിക ആഗ്രഹം. നമ്മുടെ കര്‍മങ്ങള്‍ക്കനുസൃതമായാണ് നമ്മിലേക്ക് കാര്യങ്ങള്‍ വന്നുചേരുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. മനുഷ്യന്‍ കുന്നിടിച്ച് നിരപ്പാക്കുകയും വയലുകള്‍ മണ്ണിട്ട് നികത്തുകയും പര്‍വതങ്ങളും പാറക്കെട്ടുകളും തുരന്ന് ക്വാറികളും ടണലുകളുമുണ്ടാക്കുകയും ചെയ്യുക വഴി അവന്‍ ഭൂകമ്പങ്ങളും ഉരുള്‍പ്പൊട്ടലുകളും സുനാമിയും വിളിച്ചുവരുത്തുന്നു.

നമ്മുടെ ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ നമ്മുടെ അത്യാഗ്രഹത്തിനുള്ളതില്ല എന്ന താങ്കളുടെ വാട്‌സാപ്പ് സ്റ്റാറ്റസ് പ്രസക്തമാണ്.
അതിരുവിടുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ലോകത്തെ ഇത്രമേല്‍ സംഘര്‍ഷഭരിതമാക്കി മാറ്റിയത്. ഉദാഹരണത്തിന് ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളും ഏറ്റവും കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്തുന്നത് ദേശരക്ഷക്ക് എന്ന പേരില്‍ നാശം വിതക്കാന്‍ മാത്രം കൊള്ളുന്ന യുദ്ധോപകരണങ്ങള്‍ സ്വരുക്കൂട്ടാനാണ്. യുദ്ധോപകരണങ്ങള്‍ക്ക് വേണ്ടി പ്രതിവര്‍ഷം മുപ്പത് ശതമാനം മുതല്‍ അറുപത് ശതമാനം വരെ ബജറ്റ് വകയിരുത്തുന്ന രാജ്യങ്ങളുണ്ട്. ഇന്ത്യയും ഇക്കാര്യത്തില്‍ മുന്‍നിരയിലുണ്ട്. ഇതിന്റെ നിര്‍മാണത്തിനെല്ലാം കൂറ്റന്‍ ഫാക്ടറികള്‍ വേറെയും. ഇപ്പോള്‍ ലോകത്ത് ഏറ്റവും ഊര്‍ജിതമായ ഗവേഷണങ്ങള്‍ നടക്കുന്നതും പുതിയ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ശേഷിയുള്ള യുദ്ധോപകരണങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ്. പ്രതിരോധം, ദേശരക്ഷ എന്നിങ്ങനെയുള്ള കള്ളപ്പേരില്‍ വെറും വിനാശകാരികളായ ഈ ആയുധങ്ങള്‍ സൃഷ്ടിക്കുന്നതിന് ലോകം ചെലവഴിക്കുന്ന തുകയുടെ ഒരു ശതമാനം മാത്രം മതിയാകുമായിരുന്നു ഈ ഭൂമിയില്‍ ജീവന്‍ ശാന്തമായി നിലനിര്‍ത്താന്‍.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായി നേതൃത്വം നല്‍കുകയും വിനാശ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തയാളാണല്ലോ താങ്കള്‍. അതേക്കുറിച്ച്?
കേരളത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരുന്ന സമയത്താണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമെല്ലാം വരുന്നത്. കേരളത്തിലെ പൊതു മണ്ഡലത്തില്‍ ഈ ചര്‍ച്ച ചൂടുപിടിച്ച സമയത്തും പശ്ചിമഘട്ട മലനിരകളിലെ പാറകള്‍ പൊട്ടിക്കുന്നത് താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെക്കാനൊരു നീക്കം പോലും ഭരണകൂടം മുന്നോട്ടുവെച്ചില്ല. കേരളത്തിലെ എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും ക്വാറികളുണ്ട്. ഇവിടെ നിന്നും ലാഭത്തിനുവേണ്ടി പാറവെട്ടി കയറ്റുമതി ചെയ്യുന്നത് നിര്‍ത്തണം. പാറ ആവശ്യമാണെന്നറിയാം. അതിന് ഒരു പഞ്ചായത്തിലെ ആവശ്യത്തിന് അതിനകത്തുനിന്ന് മാത്രം എടുക്കാന്‍ ശ്രദ്ധിക്കണം.

കടല്‍ഭിത്തി നിര്‍മിക്കാനാണ് കൂടുതല്‍ പാറ പശ്ചിമഘട്ടത്തില്‍നിന്നും മറ്റും വെട്ടുന്നത്. കടലില്‍ കല്ലിടുന്നത് ഒരു ഊതി വീര്‍പ്പിച്ച അത്യാവശ്യമാണ്. പ്രകൃതി കൊള്ളക്കാരായ ഭരണാധികാരികള്‍ ജനങ്ങള്‍ക്കിടയില്‍ കടലാക്രമണഭീതി പരത്തി കടല്‍ഭിത്തി അനിവാര്യമാണെന്ന് സ്ഥാപിക്കുകയാണ്. കടല്‍ ആദികാലം മുതലേ കരയില്‍ വന്നടിക്കുന്നില്ലേ. കടല്‍കരയില്‍ ചെന്ന് തന്നെ വീടുകള്‍ വേക്കേണ്ട കാര്യമില്ലല്ലോ. തീരദേശ വാസികളില്‍ കടലാക്രമണ ഭീതിയുള്ളവരെ പുനരധിവസിപ്പിക്കുകയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്. കടല്‍ഭിത്തി നിര്‍മിച്ച് കടലും മലകളും നശിപ്പിക്കുകയല്ല. അത് അതിക്രമമാണ്.

Mass action for waste free Kozhikkode (MAP) പദ്ധതിയില്‍ കോഴിക്കോട് മുന്‍ കലക്ടര്‍ പി ബി സലീമിന്റെ വലംകയ്യായി നിന്നയാളായിരുന്നല്ലോ താങ്കള്‍. ആ പദ്ധതിയുടെ പുരോഗതി എങ്ങനെയാണ്?
നാമിപ്പോള്‍ ജീവിക്കുന്നത് പ്ലാസ്റ്റിക് യുഗത്തിലാണ്. ശിലായുഗവും ഇരുമ്പ് യുഗവുമെല്ലാം കഴിഞ്ഞ് മനുഷ്യന്‍ പ്ലാസ്റ്റിക് യുഗത്തിലെത്തി നില്‍ക്കുന്നു. നമ്മുടെ ചുറ്റുപാടുകളില്‍ ഒന്നു കണ്ണോടിച്ചാല്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് കാണാന്‍ പറ്റുക. അതിനാല്‍ തന്നെ സമ്പൂര്‍ണ പ്ലാസ്റ്റിക് നിര്‍മാണം തികച്ചും അസാധ്യമാണ് ഇക്കാലത്ത്. മറിച്ച് അതെങ്ങനെ ഉപയോഗിക്കണമെന്നും ഉപയോഗിച്ച് കഴിഞ്ഞാലെന്ത് ചെയ്യണമെന്നുമുള്ള കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

തീ കണ്ട് പിടിക്കുന്നതിന് മുമ്പ് തീയെക്കുറിച്ച് അതിന്റെ അപകടങ്ങളെക്കുറിച്ച് നമുക്കറിയുമായിരുന്നില്ല. പക്ഷേ പിന്നീട് തീ ചരിത്രത്തിലൂടെ മനുഷ്യരാശിയോടൊപ്പം തന്നെ വന്നു. ഒരുപാടപകടങ്ങളുണ്ടാക്കാന്‍ ശേഷിയുണ്ടെങ്കിലും നമ്മളെല്ലാം വളരെ സൂക്ഷിച്ച് ദൈനംദിനം തീ ഉപയോഗിക്കുന്നില്ലേ. ഒരു വീട്ടിലും തീ ഉപയോഗം ശ്രദ്ധിക്കണമെന്ന് പഠന ക്ലാസ് നടത്തുന്നൊന്നുമില്ലല്ലോ. അതുപോലെ പ്ലാസ്റ്റിക് ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത ഒന്നാണ്. അത് ലോകാവസാനം വരെ തുടരുകയും ചെയ്യും. എന്നാല്‍ തീ നമ്മള്‍ സൂക്ഷിച്ചുപയോഗിക്കും പോലെ പ്ലാസ്റ്റിക്കും സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക എന്നതാണ് നമുക്ക് ചെയ്യാനാവുക.

സര്‍ MAPന്റെ പദ്ധതികളെക്കുറിച്ചും അഥിന്റെ പുരോഗതിയെക്കുറിച്ചും?
ഒരു പദ്ധതി ഒരു സുപ്രഭാതത്തില്‍ തുടങ്ങി അന്ന് തന്നെ അത് വിജയിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ബാലിശമാണ്. മാപ് വളരെ ക്രിയാത്മകമായ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായിരുന്നു. പി ബി സലീം കലക്ടറായിരിക്കെയാണ് ലോകത്തിന് തന്നെ സര്‍വകാലത്തേക്കും മാതൃകയായേക്കാവുന്ന ഈ പദ്ധതി അവതരിപ്പിക്കുന്നത്. മാപ്പിന്റെ ആവശ്യാര്‍ത്ഥമാണ് ഞാന്‍ അദ്ദേഹവുമായി ബന്ധത്തിലാകുന്നത്. ഇപ്പോഴും വെസ്റ്റ് ബംഗാളില്‍ കലക്ടറായിരിക്കെത്തന്നെ നമുക്ക് വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
മാലിന്യങ്ങളെ മൊത്തത്തില്‍ കൈകാര്യം ചെയ്യേണ്ടുന്ന വിധം മാപ്പ് അവതരിപ്പിച്ചു. മണ്ണില്‍ ലയിക്കുന്ന ജൈവ മാലിന്യങ്ങള്‍ പ്രത്യേകം മാറ്റിവെക്കണം. ലയിക്കാത്ത പ്ലാസ്റ്റിക് വേറെ വെക്കണം. ഇരുമ്പ് കമ്പി, പട്ട വേറെ. ഗ്ലാസ്, കുപ്പി, ട്യൂബ്, ബള്‍ബ് വേറെ വെക്കണം. അതില്‍ ഗ്ലാസ്-കുപ്പി ഉത്പനങ്ങള്‍ പുനര്‍ നിര്‍മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഗ്ലാസ് നമ്മള്‍ പറമ്പിലിട്ടാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും ഒരു മാറ്റവും കാണില്ല. ഇരുമ്പും പ്ലാസ്റ്റിക്കും ഇപ്രകാരം തന്നെ ചെയ്യണം. മാലിന്യങ്ങള്‍ തരംതിരിച്ച് കൈകാര്യം ചെയ്യുക എന്നതാണ് മാപ്പ് മുന്നോട്ട് വെക്കുന്നത്. അത് കുട്ടികളില്‍ നിന്നും തുടങ്ങുക എന്നതായിരുന്നു. വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കുട്ടികള്‍ സ്‌കൂളുകളിലേക്ക് കൊണ്ടുവരികയും സ്‌കൂളുകളില്‍നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ച് റീസൈക്കിള്‍ ആവശ്യത്തിന് കൊണ്ടുപോകുകയും ചെയ്യുക എന്ന രീതിയില്‍ ഇത് ഇപ്പോഴും ജില്ലയിലെ സ്‌കൂളുകളില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

ഗുരുവായൂരപ്പന്‍ കോളേജില്‍ എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായിരുന്ന താങ്കള്‍ 2002ല്‍ റിട്ടയേഡ് ആയ ശേഷം മുഴുസമയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് എന്നറിയാം. ഒരു ആക്ടിവിസ്‌റ്റെന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്? പുസ്തകങ്ങള്‍, സമരങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍?
പുസ്തകങ്ങളൊന്നും ഇതുവരെ എഴുതിയിട്ടില്ല. സമയം അതിനനുവദിക്കുന്നില്ല. എല്ലാ വര്‍ഷങ്ങളിലും ആഗസ്റ്റ് ആറാം തിയ്യതി അഥവാ ഹിരോഷിമയില്‍ അമേരിക്ക ലോകത്താദ്യമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ആ തിയ്യതി മുതല്‍ ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയില്‍ ബോംബിട്ട തിയ്യതി വരെ നാല് ദിവസം നമ്മള്‍ മൗനവ്രതം നടത്തിവരുന്നു. ജേക്കബ് വടക്കാഞ്ചേരിയുടെ ജനാരോഗ്യ പ്രസ്ഥാനത്തിന് കീഴില്‍ കേരളത്തിലങ്ങിങ്ങോളം ഈ തിയ്യതികളില്‍ നൂറുക്കണക്കിനാളുകള്‍ ക്യാമ്പ് ചെയ്ത് എട്ടുവര്‍ഷമായി ഈ മൗനവ്രതം തുടര്‍ന്നുവരുന്നുണ്ട്.
വേങ്ങേരി നിറവിന്റെയും ഗ്രീന്‍ വേള്‍ഡിന്റെയുമെല്ലാം കീഴില്‍ നടന്നുവരുന്ന ജൈവ കൃഷി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനിടയായിട്ടുണ്ട്. അതുപോലെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി ഇവിടെയുള്ള പരിസ്ഥിതി സംഘടനകളുടെ സംഘം ചേര്‍ന്നുള്ള ഐക്യ മുന്നേറ്റത്തിന് വേണ്ടി രൂപീകരിച്ച സംഘടനയാണ്. ഈ സംഘടനക്ക് കീഴില്‍ എല്ലാ വര്‍ഷവും ജൂലൈ രണ്ടാം ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതി പഠന മഴയാത്ര നടത്തിവരുന്നു. വയനാട് ചുരത്തിന് മേലെ ലക്കിടി മുതല്‍ താഴെ അടിവാരം വരെ പതിനഞ്ച് കിലോമീറ്റര്‍ നടന്നുകൊണ്ടുള്ള യാത്ര 2006ല്‍ ആണാദ്യം തുടങ്ങിയത്. അന്ന് 600 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വനം മന്ത്രി ബിനോയ് വിശ്വം നേതൃത്വം നല്‍കി. ഇക്കഴിഞ്ഞ 2016ല്‍ ആ യാത്രയില്‍ 13600ഓളം വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. പ്രതിവര്‍ഷം നടക്കുന്ന ലോകത്തിലെ പ്രകൃതി സംബന്ധിയായ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ സംഘം ചേരലാണിത്.

മറ്റൊരു പ്രധാന സംഘടനയാണ് ഗ്രീന്‍ കമ്യൂണിറ്റി. അതിന്റെ കീഴില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ 630 സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് SAVE (Students army of Vadakara Environment)േ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ കീഴില്‍ ഇരുപതിന പദ്ധതികള്‍ നടത്തുന്നു. പക്ഷികള്‍ക്ക് കുടിനീര്‍, സ്‌കൂളുകളിലും വീടുകളിലുമെല്ലാം പക്ഷികള്‍ക്ക് ദാഹജലം സൗകര്യപ്പെടുത്തുന്ന പദ്ധതി അതിലൊന്നാണ്.
മറ്റൊരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് മൂവ്‌മെന്റ്(ഏഇഋങ). ഒരു കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണിത്. ഒരാള്‍ അയാള്‍ ഒരു തൈ നടുന്ന ഫോട്ടോ എടുത്ത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ ഈ കൂട്ടായ്മയില്‍ അംഗമാവുന്നു. തുടര്‍ന്ന് ഓരോ മാസവും ആ തൈ വളരുന്നതിന്റെ ഫോട്ടോ അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്. അങ്ങനെ ഒരു വര്‍ഷം താന്‍ നട്ട തൈയുടെ പുരോഗതി സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഓരോ മാസവും അപ്‌ലോഡ് ചെയ്യുന്നവര്‍ക്കിടയില്‍ നറുക്കെടുപ്പ് നടത്തി മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ബൈക്ക് എന്നീ സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കുന്നു. ഇതൊരു പ്രോത്സാഹന സംഘടനയാണ്.

താങ്കളുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതോ അതില്‍ വളരെ സ്വാധീനിച്ചതോ ആയ വല്ല വ്യക്തികളോ പുസ്തകങ്ങളോ ഉണ്ടായിട്ടുണ്ടോ? അമേരിക്കയില്‍ ഒരു ഹരിത വിപ്ലവം തന്നെ തീര്‍ത്ത റേച്ചല്‍ കഴ്‌സന്റെ സൈലന്റ് സ്പ്രിംഗ് പോലെയുള്ള വല്ലതും?

നേരത്തെ പറഞ്ഞ ഗ്രീന്‍ കമ്യൂണിറ്റിക്ക് കീഴില്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് റേച്ചല്‍ കഴ്‌സന്റെ സൈലന്റ് സ്പ്രിംഗിന്റെ അമ്പതാം വാര്‍ഷികം ഞങ്ങള്‍ ആഘോഷിച്ചിരുന്നു. കേരളത്തിലെ പതിനാല് ജില്ലകളിലും പുസ്തക പരിചയ ക്ലാസുകളും സെമിനാറുകളും നടത്തി. തീര്‍ച്ചയായും ആ പുസ്തകം വളരെ നല്ല സ്വാധീനം തന്നെയാണ്. എന്നാല്‍ ഈ മേഖലയില്‍ പ്രത്യേകിച്ച് സ്വാധീനിച്ച ഒരു വ്യക്തിയുണ്ടെന്ന് തോന്നുന്നില്ല. എല്ലാം വന്നുചേരുകയായിരുന്നുവെന്ന് വിശ്വസിക്കുന്നു.
ടി ശോഭീന്ദ്രന്‍/

റമളാന്‍ അബൂബക്കര്‍