ഇ. അഹമ്മദിന്റെ മരണം ഉയര്‍ത്തുന്ന ചിന്തകള്‍

ഇ. അഹമ്മദിന്റെ മരണം ഉയര്‍ത്തുന്ന ചിന്തകള്‍

കേരളത്തിലെ മുസ്‌ലിംകളില്‍ സ്വത്വബോധവും സംഘബോധവും അങ്കുരിച്ച് തുടങ്ങിയത് എന്ന് മുതല്‍ക്കാണ് എന്ന അന്വേഷണം കൃത്യമായ ഒരു അനുമാനത്തില്‍ എത്തിച്ചേരാന്‍ നമ്മുടെ കൈവശമുള്ള ചരിത്രരേഖകളൊന്നും മതിയാവണമെന്നില്ല. മുസ്‌ലിംകള്‍ അടക്കമുള്ള കേരളീയ പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സൂക്ഷ്മമായ അവബോധം സൃഷ്ടിക്കപ്പെടുന്നത് െൈശഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ (1583 ) പ്രകാശിതമായതോടെയാണ് എന്നതാണ് നാളിതുവരെയുള്ള കണക്കുകൂട്ടല്‍. 1498ല്‍ പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍) കോഴിക്കോടിനടുത്ത് പന്തലായിനിയില്‍ കപ്പലിറങ്ങിയതില്‍പിന്നെ മലബാറിന്റെ സാമൂഹിക, സാമ്പത്തിക, വാണിജ്യ മേഖലകളിലുണ്ടായ ദുരന്തങ്ങളെ കുറിച്ചാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ആധികാരികമായി പ്രതിപാദിക്കുന്നത്. കേരളത്തിലെ മുസ്‌ലിംകള്‍ ‘രാഷ്ട്രീയപരമായി’ ചിന്തിക്കാന്‍ തുടങ്ങിയത് ഈ സംഭവവികാസങ്ങളോടെയാണെന്ന് ചരിത്രകാരനായ സ്റ്റീഫന്‍ ഫെഡറിക് ഡെയ്ല്‍ ‘ദി മാപ്പിളാസ് ഓഫ് മലബാര്‍’ എന്ന കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്: ”പറങ്കികളുടെ കൊള്ളയും കൊള്ളിവെപ്പും ക്രമാതീതമായി വര്‍ധിച്ചു. ഇത് മുസല്‍മാനെ സ്വന്തം സ്വത്വത്തെ കുറിച്ച് ബോധവാനാക്കുവാനും മലയാളി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് സ്വന്തം ശക്തി സംഭരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുവാനും കാരണമാക്കി. പറങ്കികളുടെ സുഗന്ധദ്രവ്യങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍ മുസല്‍മാന് എതിരായുള്ള കുരിശുയുദ്ധങ്ങളായാണ് അവര്‍ നടത്തിയിരുന്നത് . ഇതിനോടുള്ള പ്രതികരണം ആയിരുന്നു മുസല്‍മാന്റെ ഈ മനഃസ്ഥിതി”.
1921ലെ ഖിലാഫത്ത് യുദ്ധങ്ങള്‍ വരെയുള്ള മലബാര്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം കോളനിശക്തികള്‍ക്കെതിരായ അതിജീവനത്തിന്റെ സമരമുറയുടെ ആകെത്തുകയാണെന്ന് വേണമെങ്കില്‍ പറയാം. 1906ലാണ് സര്‍വേന്ത്യ മുസ്‌ലിം ലീഗ് രൂപവത്കരിക്കപ്പെടുന്നതെങ്കിലും 1916ലാണ് മലബാര്‍ പ്രസിഡന്‍സിയില്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങുന്നത്. എന്നാല്‍, മലബാറില്‍ ലീഗിന് ഒരു ജില്ല കമ്മിറ്റി നിലവില്‍ വരുന്നത് 1937ല്‍ മാത്രമാണ്. തലശ്ശേരിയില്‍ ചേര്‍ന്ന പ്രഥമ കമ്മിറ്റിയില്‍ വെച്ച് പ്രഡിഡന്റായി തെരഞ്ഞെടുത്തത് സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ ആലി രാജയെയാണെന്നറിയുമ്പോള്‍ കൗതുകം തോന്നാം. സത്താര്‍ സേട്ട് ആയിരുന്നു ജനറല്‍ സെക്രട്ടറി. സി.പി മമ്മുക്കേയി (പരേതനായ സി.കെ.പി ചെറിയ മമ്മുക്കേയിയുടെ അമ്മാവന്‍) ആയിരുന്നു ഖജാഞ്ചി. മുസ്‌ലിം ലീഗിന്റെ മലബാറിലെ ഈറ്റില്ലം കണ്ണൂരാണെന്ന് പറയുന്നതാവും സത്യസന്ധത. ആദ്യകാല നേതാക്കളെല്ലാം കണ്ണൂരില്‍നിന്നുള്ളവരോ കണ്ണുരില്‍ വന്ന് പാര്‍പ്പുറപ്പിച്ചവരോ ആണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സീതി സാഹിബിന്റെ സാന്നിധ്യമാണ് മുസ്‌ലിം രാഷ്ട്രീയത്തിന്റെ അരുണോദയത്തിനു തലശ്ശേരിയെ പ്രാപ്തമാക്കിയത്. ഉപ്പിസാഹിബ്, പോക്കര്‍ സാഹിബ്, കുഞ്ഞിമായന്‍ ഹാജി, സി.കെ.പി ചെറിയ മമ്മുക്കേയി തുടങ്ങിയ നേതാക്കളുടെ തണലില്‍ ലീഗ് സമുദായ കൂട്ടായ്മയായി വളര്‍ന്നുപന്തലിക്കാന്‍ തുടങ്ങിയപ്പോഴാണ് ‘ചന്ദ്രിക’ ഒരു ദ്വൈവാരികയായി തലശ്ശേരിയില്‍നിന്ന് പ്രസാധനം ആരംഭിക്കുന്നത്.

കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഇതഃപര്യന്ത രാഷ്ട്രീയം സ്പര്‍ശിച്ചുപോകുമ്പോള്‍ സ്വാഭാവികമായും കണ്ണൂരിന്റെ പച്ചപ്പ് നിറഞ്ഞ പോയ്‌പോയ നല്ലൊരു കാലഘട്ടത്തെ കുറിച്ച് സ്മരിക്കപ്പെടുക സ്വാഭാവികം. കഴിഞ്ഞാഴ്ച മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ഒരു വലിയ പാരമ്പര്യത്തിന്റെ ഇങ്ങേതലക്കലെ ബലമുള്ള കണ്ണിയാണ് അറ്റുപോയത്. അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ ലീഗ് പ്രസിഡന്റ് മണ്‍മറഞ്ഞു എന്നതിനപ്പുറം, ആ പാര്‍ട്ടിയെ ഉത്തര മലബാറുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ ഒരു പാശമാണ് അറുത്തുമാറ്റപ്പെട്ടത്. മലപ്പുറത്ത് മുസ്‌ലിം ലീഗ് വേരാഴ്ത്തുന്നതിനു മുമ്പ് കണ്ണൂരില്‍ പാര്‍ട്ടിക്ക് സ്വാധീനവും ശക്തിയും ജനപിന്തുണയും നേടിക്കൊടുത്ത ഒരു കൂട്ടം നേതാക്കളുണ്ടായിരുന്നു. അക്കൂട്ടത്തിലെ ഒടുവിലത്തെ അംഗമാണ് ചരിത്രത്തില്‍ വിലയം പ്രാപിച്ചത്. തൊട്ട് മുമ്പ്, കാസര്‍ക്കോട് ഹമീദലി ശംനാട് ഇഹലോകവാസം വെടിഞ്ഞതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. മുസ്‌ലിം ലീഗ് കേവലം മലപ്പുറം പാര്‍ട്ടിയായി ഇന്ന് ചുരുട്ടിക്കെട്ടപ്പെട്ടത് മറ്റു ജില്ലകളില്‍ അനുയായികള്‍ ഇല്ലാത്തത് കൊണ്ടായിരുന്നില്ല. അതിന്റെ നയനിലപാടുകളെ സ്വാധീനക്കാന്‍ ശേഷിയുള്ള നേതാക്കളുടെ അഭാവം മൂലമാണ്. വ്യക്തിപ്രഭാവമോ നേതൃപാടവമോ കൈമുതലായ ഒരു നേതാവിനെയും കോഴിക്കോട്, കണ്ണൂര്‍ മേഖലയില്‍ ഇപ്പോള്‍ മഷിയിട്ട് പരതിയാലും കാണാന്‍ സാധ്യമല്ല. കണ്ണൂരില്‍ കേയിസാഹിബ്, ഒ.കെ മുഹമ്മദ് കുഞ്ഞി, മഹമൂദ് ഹാജി തുടങ്ങിയ ഘടാഘടിയന്മാര്‍ നേതൃത്വം അലങ്കരിച്ച സ്ഥാനത്ത് ഏതെല്ലാം ‘വമ്പന്മാരാണ്’ കയറിയിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ കണ്ണ് നിറയും. കോഴിക്കോട്ടേയും അവസ്ഥ മറ്റൊന്നല്ല. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പി.എം അബൂബക്കര്‍, സെയ്തുമ്മര്‍ ബാഫഖിതങ്ങള്‍ തുടങ്ങിയ മഹാരഥന്മാരുടെ നേതൃസാന്നിധ്യത്താല്‍ വളര്‍ന്നുപന്തലിച്ച ഒരു പാര്‍ട്ടിയുടെ അമരത്ത് ഇന്ന് കാണുന്നത് ആരൊക്കെയാണ്? വ്യക്തിപ്രഭാവവും ആത്മീയ ഗരിമയുമുള്ള നേതാക്കളുടെ അഭാവം നയനിലപാടുകളെ സ്വാധീനിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കി. ആ അവസ്ഥക്ക് സമീപകാലം വരെ ഒരപവാദം ഇ. അഹമ്മദ് സാഹിബ് മാത്രമായിരുന്നു. ഏറ്റവും തലമുതിര്‍ന്ന,പരിചയസമ്പന്നനായ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയില്‍ ഒരാള്‍ക്കും അദ്ദേഹത്തെ ഗൗനിക്കാതിരിക്കാന്‍ സാധിക്കില്ലായിരുന്നു. അങ്ങനെ ലീഗിന്റെ രാഷ്ട്രീയം നിര്‍ണയിക്കുന്നതിലും തീരുമാനങ്ങളെ സ്വാധീനിക്കുന്നതിലും നിസ്സാരമല്ലാത്ത പങ്കുവഹിച്ച ഇ.അഹമ്മദിന്റെ വിയോഗം പാര്‍ട്ടിയെ ഇനി ഏത് ദിശയിലുടെയാണ് ചലിപ്പിക്കുന്നതെന്ന് രാഷ്ട്രീയകേരളം സാകൂതം ഉറ്റുനോക്കുന്നുണ്ട്. ഒരുവേള, മമ്മുക്കേയി ആയിരുന്നു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങളെയും സ്ഥാനാര്‍ഥി നിര്‍ണയത്തെയുമൊക്കെ സ്വാധീനിച്ചിരുന്നത്. ‘കിരീടം വെക്കാത്ത’ രാഷ്ട്രീയ സുല്‍ത്താന്‍ ആയിരുന്നു അദ്ദേഹം. എം.എല്‍.എയാകാനോ മന്ത്രിയാവാനോ ആഗ്രഹിക്കാത്തത് കൊണ്ട് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങളും പാണക്കാട് പൂക്കോയ തങ്ങളും തിരുമാനമെടുക്കുമ്പോള്‍ കേയിസാഹിബുമായി കൂടിയാലോചന നടത്തിയേ അന്തിമരൂപത്തില്‍ എത്തിയിരുന്നുള്ളൂ. 1975കാലത്ത് പാര്‍ട്ടി രണ്ടായി പിളരാന്‍ മുഖ്യകാരണം ഇത്തരത്തിലുള്ള കൂടിയാലോചനകളുടെ ഉറവിടം വറ്റിയത് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും വ്യക്തികള്‍ തമ്മിലുള്ള മാനസിക അകല്‍ച്ചയും കേരള രാഷ്ട്രീയത്തിന്റെ സവിശേഷമായ ബലാബല സമവാക്യവും പിളര്‍പ്പിനു രാസത്വരകമായി വര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് നേര്.

അഹമ്മദ് സാഹിബിന്റെ അഭാവം, കോണ്‍ഗ്രസുമായുള്ള മുസ്‌ലിം ലീഗിന്റെ ഊഷ്മളബന്ധത്തിനു കോട്ടം തട്ടിക്കുമോ എന്നാണ് രാഷ്ട്രീയകേരളത്തിനു അറിയാനുള്ളത്. കാരണം, അഹമ്മദിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മമായി വ്യവഛേദിച്ച് നോക്കിയാല്‍ ലീഗ് അംശത്തിനു സമാസമമായി കോണ്‍ഗ്രസ് അംശവും കണ്ടെത്താനാവും. മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസുമായി എക്കാലവും കൂട്ടിക്കെട്ടുന്നതിലും ഐക്യമുന്നണിയില്‍ പാര്‍ട്ടിയെ സദാ ഉറപ്പിച്ചുനിര്‍ത്തുന്നതിലും അഹമ്മദ് വഹിച്ച പങ്ക് ലീഗ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. ഒരുവേള, ഇടതുമുന്നണിയുമായി കൈകോര്‍ക്കാന്‍ ലീഗിന്റെ അണിയറയില്‍ കൂടിയാലോചനകള്‍ പുരോഗമിച്ചപ്പോള്‍ അവിടെ തടസ്സമായത് അഹമ്മദിന്റെ ഇടപെടലുകളായിരുന്നു. ലീഗ് അഖിലേന്ത്യാ പ്രസിഡന്റിനു പാണക്കാട് തങ്ങന്മാരുടെ മേലുള്ള വ്യക്തിപരമായ സ്വാധീനം ഇത്തരം ഘട്ടങ്ങളില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെ അട്ടിമറിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നത് അങ്ങാടിപ്പാട്ടാണ്. ഇബ്രാഹീം സുലൈമാന്‍ സേട്ട് അടിസ്ഥാനപരമായി കോണ്‍ഗ്രസിന്റെ നയനിലപാടുകളിലും സമീപനങ്ങളിലും അതൃപ്തനാവുകയും പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തപ്പോള്‍ അഹമ്മദിന്റെ രാഷ്ട്രീയവുമായി മുഖാമുഖം ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ നയിച്ചു. ബാബരിമസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ സേട്ട് സാഹിബും സംസ്ഥാന നേതൃത്വവും തമ്മില്‍ അകലുകയും ആ അകല്‍ച്ച സേട്ടുവിനെ പാര്‍ട്ടിക്ക് പുറത്തേക്ക് നയിക്കുകയും ചെയ്തപ്പോള്‍ അതില്‍ അഹമ്മദ് സാഹിബ് ചെറുതല്ലാത്ത പങ്ക്‌വഹിച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് സുലൈമാന്‍ സേട്ടിനെ നീക്കം ചെയ്യുന്നതിനായി വിളിച്ചുകൂട്ടിയ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ചിലര്‍ ചേര്‍ന്നു അവതരിപ്പിച്ച 64പേജ് വരുന്ന കുറ്റപത്രത്തില്‍ ഒന്നാമത്തെ ഇനം അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പി.വി നരസിംഹറാവുവിനോട് പ്രധാനമന്ത്രിപദം രാജിവെക്കാന്‍ സുലൈമാന്‍ സേട്ട് ആവശ്യപ്പെട്ടു എന്നതാണ്. റാവുവിനോട് രാജിക്കു ആവശ്യപ്പെടുന്നത് കടുത്ത അനീതിയായാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്. പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നിസ എന്ന പെണ്‍കുട്ടി പോലിസിന്റെ വെടിയേറ്റ് മരിച്ചപ്പോള്‍ ജുഡീഷല്‍ അന്വേഷണത്തിനു ആവശ്യപ്പെട്ടു എന്നതായിരുന്നു മറ്റൊരു ചാര്‍ജ്. ചുരുക്കത്തില്‍, എണ്‍പതുകള്‍ക്ക് ശേഷമുള്ള സവിശേഷ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ പൂര്‍ണമായും കോണ്‍ഗ്രസില്‍നിന്ന് അകന്നുകഴിഞ്ഞ ചുറ്റുപാടിലും കേരളത്തില്‍ കോണ്‍ഗ്രസ്ലീഗ് സഖ്യത്തെ ദൃഢീകരിച്ചുനിറുത്തുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് നിറവേറ്റുന്നതില്‍ ഇ.അഹമ്മദ് വിജയിച്ചതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശിരോലിഖിതം മാറ്റിയെഴുതുന്നത്. കേരള രാഷ്ട്രീയത്തില്‍നിന്നും ‘ലീഡറുടെ’ സൃഗാലബുദ്ധി അഹമ്മദിനെ നാട്കടത്തിയപ്പോള്‍ നാല് കാലില്‍ തന്നെ വീണു എന്നതിലാണ് അഹമ്മദിന്റെ മിടുക്ക് തെരയേണ്ടത്. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ സഹമന്ത്രിയായി അവരോധിതനായതും വിവിധ രാഷ്ട്രാന്തരീയ സംഘങ്ങളില്‍ ഭാഗഭാഗിത്തം ഉറപ്പിക്കാനായതും ലീഗിന്റെ പാര്‍ലമെന്ററി ചരിത്രത്തെ തിരുത്തിക്കുറിച്ചു. ലീഗ് സ്ഥാപക നേതാവ് ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ് തൊട്ട് മറ്റൊരു നേതാവിനും കൈയെത്തിപ്പിക്കാന്‍ പറ്റാത്ത അധികാരപദവികള്‍ അഹമ്മദ് സ്വായത്തമാക്കിയത് ലീഗിന്റെ കരുത്ത് കാണിച്ചുകൊണ്ടായിരുന്നില്ല, പ്രത്യുത, സ്വതസിദ്ധമായ പ്രവര്‍ത്തശൈലിയിലൂടെയായിരുന്നു. ഈ ദിശയില്‍ അഹമ്മദ് സാഹിബ് തന്റെ മുന്‍ഗാമികളെക്കാള്‍ വിജയിച്ചു. പക്ഷേ, ഇസ്മാഈല്‍ സാഹിബോ സുലൈമാന്‍ സേട്ടുവോ ജി.എം ബനാത്ത്‌വാലയോ നേടിയെടുത്ത ‘ദേശീയ മുസ്‌ലിം പരിവേഷം’ എടുത്തയണിയുന്നതില്‍ താല്‍പര്യം കാണിച്ചതുമില്ല. താടിയും തലപ്പാവുമായി ഉത്തരേന്ത്യന്‍ തെരുവുകളിലൂടെ അലഞ്ഞുതിരിയുന്ന ‘പരമ്പരാഗത ‘ മുസ്‌ലിം നേതൃത്വത്തെ കുറിച്ച് അഹമ്മദിന് അശ്ശേഷം മതിപ്പുണ്ടായിരുന്നില്ല. വിവിധ മതസാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി തോളോട് തോളുരുമ്മി പ്രവര്‍ത്തിക്കേണ്ടവരല്ല എന്നൊരു സിദ്ധാന്തം അദ്ദേഹം കൊണ്ടുനടന്നതിന്റെ ഫലമായി മുസ്‌ലിം ഇന്ത്യക്ക് അഹമ്മദ് എന്തു സംഭാവന നല്‍കി എന്ന ചോദ്യത്തിനു ഉത്തരം പലതുമാവാം. അത്തരമൊരു പരിവേഷം കൊണ്ടുനടക്കുന്നത് അധികാരരാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ അയോഗ്യതയായി ഗണിക്കപ്പെട്ടേക്കുമെന്ന് ഭയപ്പെട്ടുവോ എന്ന് സംശയിച്ചുപോകാം. അതേസമയം, കലുഷിതമായ ദേശീയ, രാഷ്ട്രാന്തരീയ അവസ്ഥയില്‍ മുസ്‌ലിംകളുടെ പ്രതിനിധി എന്ന പ്ലസ് പോയന്റ് അറബ് ഇസ്‌ലാമിക ഭരണകര്‍ത്താക്കളുടെയും മറ്റും മുമ്പില്‍ നന്നായി മാര്‍ക്കറ്റ് ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു.

അറക്കല്‍ രാജസ്വരൂപത്തിന്റെ നഷ്ടപ്രതാപ സ്മരണകള്‍ അയവിറക്കുന്ന കണ്ണുര്‍ സിറ്റിയില്‍നിന്ന് തുടങ്ങി യു.എന്‍ ആസ്ഥാനം വരെ എത്തിയ ഇ. അഹമ്മദിന്റെ പൊളിറ്റിക്കല്‍ കരിയര്‍ മുസ്‌ലിം ലീഗ് പോലൊരു സാമുദായിക രാഷ്ട്രീയപ്രസ്ഥാനത്തിനും ഇന്ത്യനവസ്ഥയില്‍ ചിന്തിക്കാന്‍ പോലുമാവാത്തതാണ്. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് തിരിച്ചറിഞ്ഞ ലീഗിലെ അപൂര്‍വം നേതാക്കളില്‍ ഒരാളാണ് ഇ. അഹമ്മദ്. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതാന്ത്യം തന്റെ പാര്‍ട്ടിയുടെ പരിമിതികളും കാലഘട്ടത്തിന്റെ വിഹ്വലതകളും തുറന്നുകാട്ടപ്പെട്ടു. ചരിത്ര, രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഈ ട്രാജഡിയില്‍ ഒരു പാട് പാഠങ്ങളുള്‍ക്കൊള്ളാനുണ്ട്. ഒന്നാമതായി, ഫാഷിസം സൃഷ്ടിക്കുന്ന മനുഷ്യത്വനിരാസപരമായ രാഷ്ട്രീയസാമൂഹികാന്തരീക്ഷത്തില്‍ ഉത്തരവാദപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ പോലും നിരായുധരാക്കപ്പെടുന്ന ഭീകരാവസ്ഥ. ജനുവരി 31 ചൊവ്വാഴ്ച രാവിലെ 12മണിക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ , അതും പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യവെ, കുഴഞ്ഞുവീണ് അഹമ്മദ് സാഹിബ് തല്‍ക്ഷണം മരിച്ചിട്ടും വാര്‍ത്ത തമസ്‌ക്കരിക്കുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്ത കിരാതമായ നടപടി മയ്യിത്തിനെ അങ്ങേയറ്റം ആദരിക്കുകയും എത്രയും വേഗം അത് മറമാടണമെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ ശാസനകളെ അനുസരിക്കാന്‍ ബാധ്യസ്ഥരായ വിശ്വാസികളുടെ മതവികാരത്തെ ചവിട്ടിയരക്കുന്നതായിപ്പോയി. പിറ്റേദിവസത്തെ പൊതുബജറ്റ് നിശ്ചയിച്ച പ്രകാരം നടക്കണം എന്ന ശാഠ്യമാണ് കാല്‍നൂറ്റാണ്ടുകാലം പാര്‍ലമെന്റില്‍ നിറഞ്ഞുനില്‍ക്കുകയും രാജ്യത്തിനു വേണ്ടി നിര്‍ണായക ഘട്ടങ്ങളില്‍ വിദേശങ്ങളില്‍നിന്ന് ശബ്ദമുയര്‍ത്തുകയും ചെയ്ത ഒരു നേതാവിനോട് ഇമ്മട്ടിലൊരു ക്രൂരത പുറത്തെടുക്കാന്‍ ഉദ്യുക്തരാക്കിയത്. ഇപ്പോള്‍ മരണശയ്യയിലും ഫാഷിസത്തെ കണ്ട് ഒച്ചവെക്കുന്നവര്‍, ആവശ്യമുള്ള സമയത്ത് അത് ചെയ്തില്ല എന്ന് വളരെ വ്യക്തമാണ്. അഹമ്മദ് സാഹിബ് മരിച്ചു എന്നറിഞ്ഞിട്ടും മയ്യിത്ത് വിട്ടുകിട്ടുന്നതിനു വേണ്ടത്ര ശുഷ്‌ക്കാന്തി കാട്ടിയില്ല എന്ന അപരാധം ബാക്കിനില്‍ക്കുന്നുണ്ട്. അഹമ്മദ് സാഹിബ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരു ലീഗ് നേതാവിനും ഈ ദുര്‍ഗതി വന്നുപെടില്ലായിരുന്നു. ഹൃദയമിടിപ്പ് നിലച്ച ശരീരത്തെയാണ് തങ്ങളുടെ മുന്നില്‍ വെച്ച്, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്, ലോകത്തെ തെറ്റിദ്ധരിപ്പിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയതെന്ന് ഉറപ്പാണ്. എല്ലാറ്റിനും ദൃക്‌സാക്ഷിയായ കോണ്‍ഗ്രസ് നേതാവ് ആന്‍ോ ആന്റണി എം.പി പറയുന്നത് ഇനി ശ്രദ്ധിക്കുക: ”ഒരു ഫാഷിസ്റ്റ് ഭരണവ്യവസ്ഥയില്‍ നമ്മുടെ സുരക്ഷിതത്വവും സമാധാനവും ചോദ്യം ചെയ്യാതിരിക്കുന്നതിനു പകരം ഭരണകൂടം അനുവദിച്ചുതരുന്ന ഔദാര്യമാണെന്ന ബോധ്യം ഉണ്ടായി. അത്തരം വ്യവസ്ഥിതിക്കുള്ളില്‍ നാമൊന്നും പൗരന്മാരല്ല. അടിമകളും ഇരകളും മാത്രമാണെന്നും തിരിച്ചറിഞ്ഞു. അഹമ്മദ് സാഹിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊട്ടു പിറകെ തന്നെ എ.കെ ആന്റണി ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ എം.പിമാരും ആശുപത്രിയിലെത്തി. രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യസിന്ധ്യയും ആശുപത്രിയിലെത്തിയിരുന്നു.

അനിവാര്യമായത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്ന വിവരം ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു. പാണക്കാട് തങ്ങളെ വിവരം അറിയിക്കുന്നതിനും ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിനുമുള്ള ഒരുക്കങ്ങളെ പറ്റി ചര്‍ച്ചകള്‍ തുടങ്ങി. പിറ്റേദിവസം സര്‍ക്കാര്‍ ബജറ്റ് അവതരണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രതിഷേധിക്കുകയോ തടയാന്‍ ശ്രമിക്കുകയോ വേണ്ടെന്നും പുതിയ കീഴ്‌വഴക്കമുണ്ടാക്കി അവര്‍ ബജറ്റ് അവതരിപ്പിക്കട്ടെ എന്നുമാണ് ഇ.ടി മുഹമ്മദ് ബഷീറും വഹാബുമടങ്ങുന്ന എം.പിമാര്‍ പറഞ്ഞത്. ജനാധിപത്യമൂല്യങ്ങളോടോ പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളോടോ ഉള്ള പ്രതിബദ്ധത ഇപ്പോഴത്തെ സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് ഉത്തമമായ ബോധ്യം കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിലെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തില്‍നിന്നും ഞങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു.”

തങ്ങളുടെ നേതാവ് അന്ത്യശ്വാസം വലിച്ചു എന്ന് ഉത്തമബോധ്യമുണ്ടായിരുന്നിട്ടും മോഡി സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു ലീഗ് നേതാക്കള്‍ക്ക്. ഫാഷിസ്റ്റ് കാലത്തെ ഈ നിസ്സഹായാവസ്ഥയെ എങ്ങനെ നേരിടണമെന്നുള്ള ഏത് പരിചിന്തനവും കൂട്ടായ ചെറുത്തുനില്‍പിന്റെ അനിവാര്യതയാണ് ഓര്‍മിപ്പിക്കുന്നത്. രോഗിയായ സോണിയ ഗാന്ധിക്ക് പാതിരാവില്‍, കൊടുംതണുപ്പില്‍ ആശുപത്രി അങ്കണത്തില്‍വന്നു ശബ്ദിക്കേണ്ടിവന്നു അഹമ്മദിന്റെ മക്കള്‍ക്ക് ബാപ്പയുടെ മയ്യിത്ത് കാണാന്‍. ഗുണ്ടകളെ ഉപയോഗിച്ചു മയ്യിത്ത് കാണിച്ചുകൊടുക്കാതിരിക്കാന്‍ നടത്തിയ ഹീനശ്രമം ഞെട്ടിപ്പിക്കുന്നതാണ്. പാര്‍ലമെന്റിലും കോടതികളിലും ഇതിനകം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ ആര്‍.എസ്.എസ് ആശുപത്രി പോലുള്ള സാമൂഹിക സ്ഥാപനങ്ങളെ വരെ കീഴടക്കിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ നമുക്ക് കഴിയുന്നില്ലെങ്കിലും അംഗീകരിച്ചേ പറ്റൂ.

ശാഹിദ്‌