പ്രവേശന പരീക്ഷയ്ക്ക് 27നകം ഓണ്‍ലൈനായി അപേക്ഷിക്കണം

പ്രവേശന പരീക്ഷയ്ക്ക് 27നകം ഓണ്‍ലൈനായി അപേക്ഷിക്കണം

കേരള എഞ്ചിനിയറിങ്/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് 2017ലെ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 27നകം ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 28നു മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കണം. അപേക്ഷാ സമര്‍പ്പണത്തിനായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുണ്ട്. കേരളീയ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ അതു തെളിയിക്കുന്നതിനായി അപേക്ഷകനോ, മാതാപിതാക്കളില്‍ ആരെങ്കിലുമോ കേരളത്തില്‍ ജനിച്ചതാണെന്ന് തെളിയിക്കുന്ന താഴെപ്പറയുന്ന രേഖകളില്‍ ഒന്ന് ഹാജരാക്കിയാല്‍ മതിയാകും.

അപേക്ഷകന്റെ ജനന സര്‍ട്ടിഫിക്കറ്റ്/ജനന സ്ഥലം രേഖപ്പെടുത്തിയ എസ്.എസ്.എല്‍.സി./പാസ്‌പോര്‍ട്ട് ഇവയിലൊന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ അപേക്ഷകന്റെമാതാവിന്റെയോ/പിതാവിന്റെയോ ജനനസര്‍ട്ടിഫിക്കറ്റ്/ജനന സ്ഥലം രേഖപ്പെടുത്തിയ എസ്എസ്എല്‍സി/പാസ്‌പോര്‍ട്ട് ഇവയിലൊന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, അപേക്ഷകനും രക്ഷാകര്‍ത്താവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയും. അല്ലെങ്കില്‍ അപേക്ഷകനോ, മാതാപിതാക്കളോ കേരളത്തില്‍ ജനിച്ചതാണെന്നു കാണിക്കുന്ന നിശ്ചിത മാതൃകയിലുള്ള വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്.

പ്രോസ്‌പെക്ടസ് അനക്‌സര്‍ പത്ത് എയില്‍ കൊടുത്തിട്ടുള്ള സമുദായങ്ങളില്‍ ഉള്‍പ്പെടുന്ന വാര്‍ഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപ കവിയാത്തവരും പ്രവേശനം നേടിയശേഷം ലഭ്യമായേക്കാവുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസിളവുകള്‍ ആവശ്യമുള്ളവരും (ജനറല്‍ കാറ്റഗറി ഉള്‍പ്പെടെ) മാത്രം വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും.
പട്ടിക ജാതി/പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സമര്‍പ്പിക്കുമ്പോള്‍ ആദ്യം അപേക്ഷയുടെ പ്രധാന പേജ്, രണ്ടാമതായി തഹസില്‍ദാരില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, മൂന്നാമതായി എസ്.എസ്.എല്‍.സി., അതിനുശേഷം മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്ന ക്രമത്തില്‍ അപേക്ഷ ക്രമീകരിച്ച് അയക്കണം.

സയന്‍സ് വിഷയങ്ങളില്‍ യു.ജി.സി. നെറ്റ് പരീക്ഷ
കെമിക്കല്‍ സയന്‍സസ്, ഏര്‍ത്ത്, അത്‌മോസ്ഫിയറിക്, ഓഷ്യന്‍, പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും ലക്ചര്‍ഷിപ്പിനുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് സി.എസ്.ഐ.ആര്‍-യു.ജി.സി അപേക്ഷ ക്ഷണിച്ചു. 2017 ജൂണ്‍ 18 -നാണ് പരീക്ഷ. ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം.

ലക്ചര്‍ഷിപ്പിനു മാത്രമായോ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോട് (ജെ.ആര്‍.എഫ്.) കൂടിയ ലക്ചര്‍ഷിപ്പിനോ അപേക്ഷിക്കാം. ഏതിനാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയില്‍ നിര്‍ദിഷ്ടകോളത്തില്‍ വ്യക്തമാക്കണം.

പ്രായം: (ജെ.ആര്‍.എഫിന് അപേക്ഷിക്കാന്‍) 01.01.2017ന് 28 വയസില്‍ കൂടരുത്. വനിതകള്‍, എസ്.സി., എസ്.ടി., ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), വികലാംഗ വിഭാഗക്കാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷം ഇളവനുവദിക്കും. ലക്ചര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.

യോഗ്യത: അതത് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള എം.എസ്.സി/ബി.എസ്.-എം.എസ്./നാലു വര്‍ഷത്തെ ബി.എസ്./ബി.ഇ./ബി.ടെക്./ബി. ഫാര്‍മ/എം.ബി.ബി.എസ്. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 1991 സപ്തംബര്‍ 19 ന് മുമ്പ് എം.എസ്.സി പൂര്‍ത്തിയാക്കിയ പി.എച്ച്.ഡിക്കാര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ റിസല്‍ട്ട് അവേറ്റിങ് (ആര്‍.എ.) ഗ്രൂപ്പിലാണ് പരിഗണിക്കപ്പെടുക. ഇത്തരക്കാര്‍ പഠിക്കുന്ന സ്ഥാപനത്തിലെ/വകുപ്പിലെ മേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രം അപേക്ഷയ്‌ക്കൊപ്പം അയക്കണം.

2017 ജൂണ്‍ 18-നാണ് പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒറ്റപേപ്പറാണ് പരീക്ഷയ്ക്കുണ്ടാവുക. ഇതിന് മൂന്ന് പാര്‍ട്ടുണ്ടാകും. പാര്‍ട്ട് എ എല്ലാ വിഷയങ്ങള്‍ക്കും പൊതുവായുള്ളതായിരിക്കും. ഇതില്‍ ലോജിക്കല്‍ റീസണിങ്, ഗ്രാഫിക്കല്‍ അനാലിസിസ്, അനലിറ്റിക്കല്‍ ആന്‍ഡ് ന്യുമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് കംപാറിസന്‍, സീരീസ് ഫോര്‍മേഷന്‍, പസില്‍സ് എന്നിവയില്‍ നിന്നുളള ചോദ്യങ്ങളാണുണ്ടാകുക. പാര്‍ട്ട് ബി യില്‍ വിഷയവുമായി ബന്ധപ്പെട്ട ജനറല്‍ ചോദ്യങ്ങളും പാര്‍ട്ട് സി യില്‍ ശാസ്ത്രവിഷയങ്ങളിലുള്ള അറിവ് പരിശോധിക്കുന്ന അനലിറ്റിക്കല്‍ ചോദ്യങ്ങളുമായിരിക്കും. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെ നീളുന്ന രണ്ട് സെഷനുകളായിട്ടായിരിക്കും പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

അപേക്ഷാഫീസ്: ജനറല്‍ വിഭാഗക്കാര്‍ക്ക് 1000 രൂപ, ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 500 രൂപ, എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 250 രൂപ. നെഫ്റ്റ് സൗകര്യമുപയോഗിച്ച് ഇന്ത്യന്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളില്‍ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ടവിധം: www.csirhrdg.res.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിവേണം അപേക്ഷിക്കാന്‍. വെബ്‌സൈറ്റില്‍ ലഭിക്കുന്ന ബാങ്ക്ചലാന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ചതിനുശേഷം ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എ4 പേപ്പറില്‍ എടുത്ത് നിര്‍ദിഷ്ടസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥിയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ പതിച്ച് കുറുകെ സ്വയം സാക്ഷ്യപ്പെടുത്തി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് തപാലില്‍ അയയ്ക്കണം. പ്രിന്റൗട്ടിനൊപ്പം ഫീസടച്ചതിന്റെ ചലാന്‍ കോപ്പിയും അയക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പവും ഓഫ്‌ലൈന്‍ അപേക്ഷയ്‌ക്കൊപ്പവും എസ്.സി.,എസ്.ടി.,ഒ.ബി.സി.,വികലാംഗ വിഭാഗക്കാര്‍ വിഭാഗക്കാര്‍ അതത് വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അവസാനവര്‍ഷപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ വിഭാഗക്കാര്‍ വകുപ്പ്/സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും അയക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 8.
അപേക്ഷയുടെ പ്രിന്റ്ഔട്ട് തപാലില്‍ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 14.

കുസാറ്റ് പ്രവേശനം:അപേക്ഷ ഇപ്പോള്‍
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന ബി.ടെക് അടക്കമുള്ള എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല നടത്തുന്ന പ്രവേശനപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാകും പ്രവേശനം.

സര്‍വകലാശാലയുടെ എല്ലാ പോസ്റ്റ് ഗ്രാജ്വേറ്റ്, അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകളിലെയും പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ്. എം.എസ്‌സി. എന്‍വയണ്‍മെന്റല്‍ ടെക്‌നോളജി, എം.എ ട്രാന്‍സ്ലേഷന്‍ ഇന്‍ ജര്‍മന്‍, റഷ്യന്‍, എം.എ ഹിന്ദി ലാങ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ത്രീ ഇയര്‍ എല്‍എല്‍.ബി (റെഗുലര്‍), എല്‍എല്‍.എം, എം.എസ്‌സി. ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, എം.എഫ്.എസ്‌സി. സീഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ്, എം.എസ്‌സി. മെറ്റീരിയോളജി, എം.എസ്‌സി. ഹൈട്രോ കെമിസ്ട്രി, എം.എസ്‌സി. മറൈന്‍ ബയോളജി, എം.എസ്‌സി. മറൈന്‍ ജിയോളജി, എം.എസ്‌സി. മറൈന്‍ ജിയോഫിസിക്‌സ്, എം.എസ്‌സി. ഓഷ്യനോഗ്രഫി, എം.എസ്‌സി. കെമിസ്ട്രി, എം.എസ്‌സി. ബയോടെക്‌നോളജി, എം.എസ്‌സി. മാത്തമാറ്റിക്‌സ്, എം.എസ്‌സി. ഫിസിക്‌സ്, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ അപൈ്‌ളഡ് എക്കണോമിക്‌സ്, എം.സി.എ, എം.എസ്‌സി. ഇലക്ട്രോണിക് സയന്‍സ്, എം.എസ്‌സി. ഇന്‍സ്ട്രുമെന്‍േറഷന്‍, എം.എസ്‌സി. ബയോപോളിമര്‍ സയന്‍സ്, എം.ബി.എ, എം.വോക് ഇന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, എം.വോക് ഇന്‍ മൊബൈല്‍ ഫോണ്‍ ആപ്‌ളിക്കേഷന്‍ ഡെവലപ്‌മെന്റ് എന്നിവയിലേക്കും എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്കും ഓണ്‍ലൈനായി ഫെബ്രുവരി 28വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനിലൂടെ മാര്‍ച്ച് എട്ടുവരെ ഫീസ് നല്‍കാം.

എന്നാല്‍, എം.ബി.എക്ക് മാത്രം സിമാറ്റ് (എ.ഐ.സി.ടി.ഇ), കെമാറ്റ് (കേരള), ക്യാറ്റ് (ഐ.ഐ.എം) എന്നീ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ, എം.ടെക് എന്നീ കോഴ്‌സുകളിലേക്ക് ഏപ്രില്‍ 21വരെ അപേക്ഷിക്കാം. എം.ഫില്‍, പിഎച്ച്.ഡി ഡിപ്‌ളോമ കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശനത്തിനായി നടത്തുന്ന ഡാറ്റ് പരീക്ഷയുടെ അപേക്ഷഫോറം മാര്‍ച്ച് 15വരെ അതത് ഡിപ്പാര്‍ട്‌മെന്റുകളില്‍ ലഭിക്കും.

ഓണ്‍ലൈന്‍ പൊതു പ്രവേശനപരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 15മുതല്‍ 30വരെ ഡൗണ്‍ലോഡ് ചെയ്യാം. വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കും ബി.ടെക് ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പ്രവേശനത്തിനും ഏപ്രില്‍ 29നാകും പരീക്ഷ. ബി.ടെക് കോഴ്‌സുകള്‍ എം.എസ്‌സി. പഞ്ചവത്സര കോഴ്‌സ്, പഞ്ചവത്സര ബി.ബി.എഎല്‍എല്‍.ബി (ഓണേഴ്‌സ്), ബി.കോം, എല്‍എല്‍.ബി ഓണേഴ്‌സ്, എം.എ ഹിന്ദി, എം.എ ഇക്കണോമിക്‌സ്, എം.സി.എ ലാറ്ററല്‍ എന്‍ട്രി, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് എല്‍എല്‍.എം (ഐ.പി/പി.എച്ച്.ഡി, എല്‍എല്‍.എം (ഐ.പി.ആര്‍,പിഎച്ച്.ഡി) പ്രവേശനപരീക്ഷ ഏപ്രില്‍ 30നുമായിരിക്കും. എം.ടെക്, എം.ഫില്‍, പിഎച്ച്.ഡി, ഡിപ്‌ളോമകള്‍ എന്നിവക്കായിവകുപ്പുകള്‍ നടത്തുന്ന ‘ഡാറ്റ്’ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക് www.cusat.nic.in എന്ന വെബ്‌സൈറ്റ് കാണുക.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള അവസാനതീയതി: ഫെബ്രുവരി 28.

കിറ്റ്‌സില്‍ എം.ബി.എ. ട്രാവല്‍ ആന്‍ഡ് ടൂറിസം
സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സില്‍) എം.ബി.എ. (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം. കേരള സര്‍വകലാശാല, എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള കോഴ്‌സിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ അമ്പത് ശതമാനം മാര്‍ക്കോടു കൂടിയ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, സിസ്റ്റം എന്നീ വിഷയങ്ങളില്‍ സ്‌പെഷലൈസേഷനും ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും നല്‍കുന്ന കോഴ്‌സില്‍ പ്ലേസ്‌മെന്റ് സൗകര്യവും ഉണ്ടാവും. എസ്.സി./എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സശേേലെറൗ.ീൃഴ ഫോണ്‍: 0471-2329539, 9446529467.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷ ജൂണ്‍ 17 മുതല്‍
ലോവര്‍ ഡിവിഷന്‍ (എല്‍.ഡി.) ക്‌ളര്‍ക്ക് തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷ ഏഴ് ഘട്ടമായി നടക്കും. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ഒ.എം.ആര്‍ മാതൃകയിലാണ് പരീക്ഷ. ജൂണ്‍ 17ന് ആരംഭിച്ച് ആഗസ്റ്റ് 26ന് അവസാനിക്കും.ആകെ 17.94 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലാണ്, 2.29 ലക്ഷം. കുറവ് വയനാട്ടില്‍ 58113. എറണാകുളത്ത് 1.99 ലക്ഷവും മലപ്പുറത്ത് 1.69 ലക്ഷവും കൊല്ലത്ത് 1.13 ലക്ഷവും തൃശൂരില്‍ 1.61 ലക്ഷവും കണ്ണൂരില്‍ 1.24 ലക്ഷവും കോഴിക്കോട്ട് 1.66 ലക്ഷവും പാലക്കാട്ട് 1.48 ലക്ഷവും കോട്ടയത്ത് 1.14 ലക്ഷവും അപേക്ഷകരുണ്ട്. മറ്റ് ജില്ലകളില്‍ ഒരു ലക്ഷത്തിന് താഴെയാണ് അപേക്ഷകര്‍.

പരീക്ഷ തീയതി ഇപ്രകാരം: തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍-ജൂണ്‍ 17, കൊല്ലം, തൃശൂര്‍, കാസര്‍കോട്- ജൂലൈ ഒന്ന്, എറണാകുളം, കണ്ണൂര്‍- ജൂലൈ 15, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്-ജൂലൈ 29, പത്തനംതിട്ട, പാലക്കാട്-ആഗസ്റ്റ് 19, കോട്ടയം, വയനാട് -ആഗസ്റ്റ് 26
ബൈ ട്രാന്‍സ്ഫര്‍ (തസ്തിക മാറ്റം)-14 ജില്ലകളിലെയും പരീക്ഷ ആഗസ്റ്റ് അഞ്ച്.

റസല്‍