വയനാടന്‍ കാപ്പി അവേലത്തേക്ക് ചുരമിറങ്ങിത്തുടങ്ങിയത്

വയനാടന്‍ കാപ്പി അവേലത്തേക്ക് ചുരമിറങ്ങിത്തുടങ്ങിയത്

ഏകദേശം ഒരറുപത് കൊല്ലങ്ങള്‍ക്ക് മുമ്പാണ്, ഒരു വെള്ളിയാഴ്ച ദിവസം. കാന്തപുരം പള്ളി പതിവിലും നേരത്തെ നിറഞ്ഞു. അവേലത്ത് വലിയ തങ്ങളും ചെറിയ തങ്ങളും ഏറ്റവും മുന്നില്‍ തന്നെയുണ്ട്. മുദരിസുമാരും മുതഅല്ലിമുകളും പ്രമാണിമാരുമൊക്കെയായി മുന്‍നിരയും പിന്നെ പിന്നെ നാട്ടുകാരും തിക്കിത്തിരക്കിയിരുന്നു. കുളങ്ങരാംപൊയിലിലെ കവുങ്ങിന്‍ തോട്ടം പിന്നിട്ടും കരുവാറ്റയിലെ കണ്ടം ചാടിക്കടന്നും പൂനൂര്‍ പുഴ നീന്തിയും ആളുകളെത്തി. പൂനൂരിലെ കച്ചവടക്കാര്‍ കട നേരത്തേ പൂട്ടി കാന്തപുരത്തെ അകപ്പള്ളിയില്‍ ഇടം തരപ്പെടുമോ എന്ന് നോക്കി.
ഇന്ന് ഖുതുബ ഓതുന്നത് നാട്ടുകാര്‍ക്കൊക്കെ പ്രിയപ്പെട്ട ആലങ്ങാംപൊയിലിലെ അബൂബക്കര്‍ മുസ്‌ല്യാരാണ്. ചുറു ചുറുക്കുള്ള ദര്‍സ് വിദ്യാര്‍ത്ഥി. ശാന്തമായ പ്രകൃതം. സേവന മനസ്സും സ്‌നേഹവുമുള്ള ചെറുപ്പക്കാരന്‍. തങ്ങന്മാര്‍ക്ക് അബൂബക്കറിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ്. അവര്‍ തന്നെയാണ് ഇന്ന് ഖുതുബ ഓതണമെന്ന് പറഞ്ഞതും.

അബൂബക്കര്‍ എന്ന മുതഅല്ലിം ഭവ്യതയോടെ വിശ്വാസികള്‍ക്കിടയിലുടെ നടന്ന് ചെന്നു. തങ്ങന്മാരെ പുഞ്ചിരി കൊണ്ട് വണങ്ങി മിമ്പറില്‍ കയറി. പുറത്ത് വെയിലു തിളങ്ങി. പള്ളി പറമ്പിലെ പുല്‍തലപ്പുകള്‍ വരെ കാതോര്‍ത്തു. ചീനി മരങ്ങളുടെ ചില്ലകള്‍ താഴ്ന്നു. ഖുതുബയുടെ സരള ശബ്ദം വിശ്വാസികളുടെ ഹൃദയങ്ങളില്‍ എളുപ്പം കണ്ടെത്തി. ഭക്തിയും ആത്മാര്‍ത്ഥതയും വാക്കുകളില്‍ സ്ഫുരിച്ചു. സാദാത്തുമാരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തങ്ങള്‍ വളര്‍ത്തിയ ഒരു മുതഅല്ലിമിന്റെ കഴിവിലും പ്രാപ്തിയിലും അവര്‍ ഇലാഹിനെ സ്തുതിച്ചു. സര്‍വ്വ ദേശങ്ങള്‍ക്കും നായകനാകാനിരിക്കുന്ന ഈ താരകം വരും കാലങ്ങളില്‍ ലോകര്‍ക്ക് വെളിച്ചമേകുന്ന സുകൃതമോര്‍ത്ത് അവര്‍ സന്തോഷിച്ചു. കാലം തന്നെ സാക്ഷി….., അബൂബക്കര്‍ എന്ന ആ വിദ്യാര്‍ത്ഥിയുടെ സുകൃതവഴികളെ വെട്ടിത്തെളിച്ചു മിനുക്കിയെടുത്തു എന്നത് തന്നെയാണ് അവേലത്ത് സാദാത്തീങ്ങള്‍ കേരളത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന.

നബി (സ്വ)യുടെ പ്രിയ പൗത്രന്‍ ഹുസൈന്‍ (റ) വിലേക്കാണ് അഹ്ദല്‍ സാദാത്തീങ്ങളുടെ ചരിത്രം വേരിറങ്ങുന്നത്. ഹുസൈന്‍ (റ) വിന്റെ സന്താന പരമ്പരയില്‍ മൂന്നാമത്തെ കണ്ണിയാണ് മൂസല്‍ഖാസി (റ). അദ്ദേഹത്തിന്റെ മകന്‍ ഔനിന്റെ സന്താന പരമ്പരയില്‍ ഒമ്പതാം കണ്ണിയായ അലി (റ) ആണ് ആദ്യമായി അഹ്ദല്‍ എന്ന് പേരില്‍ അറിയപ്പെടുന്നത്. തഖ്‌വ, ഇബാദത്ത്, ഇല്‍മ് എന്നിവകൊണ്ട് വിനയത്താല്‍ ചാഞ്ഞവന്‍ എന്നാണ് അഹ്ദല്‍ എന്ന പദപ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത്. സൂക്ഷ്മതയും വിനയവും ജീവ വൃതമാക്കിയ അദ്ദേഹത്തിന് എന്തുകൊണ്ടും യോജിച്ചതാണ് ഈ നാമകരണം. പിന്നീട് അദ്ദേഹത്തിന്റെ സന്താനങ്ങളെ അദ്ദേഹത്തിലേക്ക ചേര്‍ത്തി അഹ്ദല്‍ സാദാത്തീങ്ങള്‍ എന്ന് വിളിച്ച് പോന്നു.

കേരളത്തിലെ അഹ്ദല്‍ സാദാത്തീങ്ങളുടെ പൂര്‍വ്വ പിതാക്കളെ അന്വേഷിച്ചിറങ്ങിയാല്‍ യമനിലായിരിക്കും ചെന്നെത്തുക. ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം കടല്‍ മുറിച്ച് കടന്ന് അവര്‍ കേരളത്തിലെത്തി. സയ്യിദ് സൈന്‍, സയ്യിദ് അബ്ദുല്‍ ഖാദര്‍, സയ്യിദ് ഹുസൈന്‍ കോയ, സയ്യിദ് മുഹമ്മദ് പൂക്കോയ എന്നിവരാണ് അവേലത്ത് സാദാത്തീങ്ങളുടെ പിതാവ് വഴി കേരളത്തിലെ പരമ്പരയിലുള്ളത്. ഇവരില്‍ സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളാണ് പൂനൂരിനടുത്തുള്ള അവേലത്ത് താമസമാക്കിയത്. ഇരിങ്ങല്‍ കോട്ടക്കല്‍ ആയാട്ടു തറവാട്ടിലെ ചെറിയ ബീവിയെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ആ ദാമ്പത്യ വല്ലരിയില്‍ പിറന്ന മൂത്തമകന്‍ സയ്യിദ് ഹുസൈന്‍ കോയ തങ്ങളിലൂടെയും ഇളയമകന്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ അഹ്ദല്‍ തങ്ങളിലൂടെയും അവേലത്ത് സാദാത്തീങ്ങളുടെ ഖ്യാതി കേരളക്കരയാകെ പരന്നു.

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ (ന:മ)
തിരക്കിട്ട് വയനാട് ചുരം ഇറങ്ങുകയാണ് ഒരുകൂട്ടം ആളുകള്‍. എല്ലാവരുടെയും മുഖത്ത് ആകുലതയും പരിഭ്രാന്തിയും. വയനാട്ടില്‍ ഏക്കര്‍കണക്കിന് കാപ്പി തോട്ടങ്ങള്‍ സ്വന്തമായുള്ള ഗൗഡര്‍ എന്ന പ്രമാണിയെ പേപ്പട്ടി കടിച്ചിരിക്കുന്നു. പേവിഷബാധയേറ്റ ഗൗഡറെയും കൊണ്ട് അവേലത്തേക്ക് തിരിച്ചിരിക്കുകയാണ് ജനങ്ങള്‍. കുന്നും പുഴയും താണ്ടി അവര്‍ അവേലത്തെ മുറ്റത്തെത്തിയപ്പോഴേക്കും പേവിഷബാധ അതിന്റെ പാരമ്യതയിലെത്തി രൗദ്രഭാവം പൂണ്ടിരുന്നു. വിവരമറിഞ്ഞ് അവേലത്ത് വലിയ തങ്ങള്‍ ഈമാന്‍ സ്ഫുരിക്കുന്ന മുഖവുമായി കോലായിലേക്ക് ഇറങ്ങിയിരുന്നു. കൂടെയുണ്ടായിരുന്നവരോട് ഗൗഡറെ നിലത്ത് അമര്‍ത്തി കിടത്താന്‍ ആജ്ഞാപിച്ചു. തങ്ങള്‍ ഒരു ഗ്ലാസ് വെള്ളമെടുത്ത് മന്ത്രിച്ച് ഊതിയ ശേഷം ഗൗഡറുടെ വായയിലൊഴിച്ചു. വെള്ളം അകത്ത് ചെന്നതും ഗൗഡര്‍ ശക്തമായൊന്ന് പിടഞ്ഞു. ശേഷം, നിശ്ചലമായി. അല്‍പസമയത്തിന് ശേഷം ഗൗഡര്‍ കണ്ണ് തുറന്നു. പൂര്‍ണ്ണാരോഗ്യത്തോടെ എഴുന്നേറ്റ് നിന്നു. പിന്നീട് വര്‍ഷങ്ങളോളം നന്ദി സൂചകമായി കാപ്പിയുടെ വലിയ ഭണ്ഡാരങ്ങള്‍ ചുരമിറങ്ങി അവേലത്തേക്ക് എത്തിക്കൊണ്ടിരുന്നു.

ഇതായിരുന്നു അവേലത്തെ വലിയ തങ്ങള്‍ എന്നറിയപ്പെട്ടിരുന്ന സയ്യിദ് ഇമ്പിച്ചക്കോയ തങ്ങള്‍. മടവൂര്‍ ദര്‍സില്‍ കുഞ്ഞിമാഹിന്‍ കോയ മുസ്‌ല്യാരുടെ ശിഷ്യനായി വിജ്ഞാനം നുകര്‍ന്നു. പിതാവ് പൂക്കോയതങ്ങളുടെ നിര്യാണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന വലിയ തങ്ങള്‍ ശിഷ്ട ജീവിതം ഇബാദത്തിലും ചികിത്സയിലുമായി അവേലത്തെ തറവാട്ടിലേക്ക് ഒതുങ്ങി. ജാതി-മത ഭേദമന്യേ സര്‍വ്വര്‍ക്കും നേതൃത്വം നല്‍കിയ മഹാത്മാവായിരുന്നു വലിയ തങ്ങള്‍. ആശുപത്രിയായും കോടതിയായും ആ തറവാട്ടുകോലായ ആളുകള്‍ക്ക് ആശ്വാസമേകി.
നാട്ടിലെ ദീനി ചലനങ്ങള്‍ക്ക് ആത്മീയമായി നേതൃത്വം നല്‍കിയതും തങ്ങളായിരുന്നു. കാന്തപുരത്തെ ജുമാമസ്ജിദ് കള്ളത്വരീഖത്തുകാരുടെ സ്വാധീന വലയത്തിലായപ്പോള്‍ സ്വന്തം സ്ഥലം സുന്നത്ത് ജമാഅത്തിന് വേണ്ടി വഖ്ഫ് ചെയ്തു. കൊച്ചനുജന്‍ സയ്യിദ് അബ്ദുല്‍ഖാദറിന്റെ കര്‍മ്മശേഷി തൊട്ടുണര്‍ത്തി സ്‌നേഹോപദേശങ്ങള്‍ നല്‍കിയതും വലിയ തങ്ങളായിരുന്നു.

സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍
1928 സെപ്റ്റംബര്‍ 22ന് അവേലത്ത് പൂക്കോയ തങ്ങളുടെ ഇളയ മകനായി ജനിച്ചു. പിതാവിന്റെ നിര്യാണത്തിന് ശേഷം രക്ഷാകര്‍തൃത്വം ഏറ്റെടുത്ത ജ്യേഷ്ട സഹോദരന്‍ വലിയ തങ്ങളുടെ ജീവിത വിശുദ്ധി അപ്പാടെ അവേലത്ത് തങ്ങളിലും മേളിച്ചിരുന്നു.

സ്‌കൂള്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം തങ്ങള്‍ ദര്‍സി ജീവിതത്തിലേക്ക് തിരിഞ്ഞു. മര്‍ഹൂം എം കെ കുഞ്ഞിബ്‌റാഹിം മുസ്‌ലിയാരുടെ പ്രിയ ശിഷ്യനായി ആ മുസ്‌ലിയാരുട്ടി വളര്‍ന്നു. പ്രിയ്യപ്പെട്ട അനുജന്‍ വിജ്ഞാനത്തിന്റെ പറുദീസകള്‍ കീഴടക്കണമെന്ന് വലിയ തങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍, കേരളക്കരയാകെ പടര്‍ന്നു പിടിച്ച മതനവീകരണത്തിന്റെയും വ്യാജത്വരീഖത്തിന്റെയും അലയൊലികള്‍ കാന്തപുരത്തും പരിസര പ്രദേശങ്ങളിലും തലപൊക്കിത്തുടങ്ങി. ഈ അപസൂചന മനക്കണ്ണില്‍ കണ്ട അവേലത്ത് വലിയ തങ്ങള്‍ നാട്ടില്‍ സുന്നത്ത് ജമാഅത്തിന് ഭദ്രമായ ഒരടിത്തറ പാകേണ്ടത് അത്യാശ്യമാണെന്ന് ദീര്‍ഘവീക്ഷണം ചെയ്തു. അതോടെ ദര്‍സി ജീവിതം കഴിഞ്ഞ് വെല്ലൂര്‍ ബാഖിയത്തിലേക്ക് ബിരുദ പഠനത്തിന് പോകാനൊരുങ്ങിയിരുന്ന അവേലത്ത് തങ്ങള്‍ പഠനമവസാനിപ്പിച്ച് കര്‍മ്മ രംഗത്തേക്ക് വന്നു.

സുന്നത്ത് ജമാഅത്തിന്റെ എതിരാളികളുടെ മുഴുവന്‍ കുതന്ത്രങ്ങളെയും വേരോടെ പിഴുതെറിയാന്‍ ആ കര്‍മ്മയോഗിക്കായി. തങ്ങളുടെ പ്രവര്‍ത്തന ഫലമായി കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാര്‍ പൂനൂരിലും പരിസര പ്രദേശങ്ങളിലും ബിദ്അത്തിന്റെ മുനയൊടിച്ചു. വ്യാജ ത്വരീഖത്തുകാര്‍ക്കെതിരെ നിരന്തരം പോരാടിയ അവേലത്ത് തങ്ങള്‍ അവരുടെ കണ്ണിലെ കരടായി. അതേസമയം ഒരു നാടിന്റെ രക്ഷകനും അവസാന വാക്കുമായി.
നാട്ടില്‍ ഒരു മദ്രസ വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് അവേലത്ത് തങ്ങളാണ്. പിന്നീട് മദ്രസയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നാളുകളായിരുന്നു. 1952 ജനുവരി 2ന് മുള്ഹിറുല്‍ ഇസ്‌ലാം സംഘം രൂപീകൃതമായി(തങ്ങളായിരുന്നു മരണം വരെ സംഘത്തിന്റെ പ്രസിഡന്റ്). നാട്ടിലെ പണക്കാരനെയും പാവപ്പെട്ടവനെയും കണ്ട് തങ്ങള്‍ പണം സ്വരൂപിച്ചു തുടങ്ങി. പണം തികയില്ലെന്ന് വന്നപ്പോള്‍ പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിച്ചു. അങ്ങനെ ആ മഹാനുഭാവന്റെ നിരന്തര പ്രവര്‍ത്തന ഫലമായി ഒരു റബീഉല്‍ അവ്വലില്‍ മദ്രസയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ തങ്ങളുടെ നേതൃത്വത്തില്‍ അതി വിപുലമായി മദ്രസയുടെ വാര്‍ഷികങ്ങള്‍ കൊണ്ടാടി. മഹത്തുക്കളായ പണ്ഡിതന്മാര്‍ കാന്തപുരത്തുകാര്‍ക്ക് വിജ്ഞാന വിരുന്നൊരുക്കി. അഹ്മദ് കോയ ശാലിയാത്തി, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ ജ്ഞാനപ്പടുക്കളെ കാന്തപുരത്തുകാര്‍ ആവോളം ആസ്വദിച്ചു.

ഇക്കാലഘട്ടമത്രയും കാന്തപുരം പള്ളിയില്‍ ദര്‍സും സജീവമായിരുന്നു. അതിന്റെയും ജീവനാഡി തങ്ങള്‍ തന്നെയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിക്കായി നൂതനമായ പരിഷ്‌കാരങ്ങള്‍ കാന്തപുരം ദര്‍സില്‍ തങ്ങള്‍ നടപ്പിലാക്കി. അതിന്റെ ഫലമായി ദര്‍സ് അസീസിയ്യ കോളേജാക്കി പുനഃക്രമമീകരിച്ചു. മുതഅല്ലിമുകള്‍ക്ക് അവേലത്ത് തറവാട് ഒരു തണലിടമായി.

പുത്തന്‍വീട്ടുകാരെന്ന വ്യാജത്വരീഖത്തുകാര്‍ ഒരു റമസാന്‍ പതിനഞ്ചിന് നാല്‍പതോളം പേര്‍ സംഘടിച്ച് ജുമുഅയുടെ നേതൃത്വം പിടിച്ചെടുക്കാന്‍ കാന്തപുരം പള്ളിയിലെത്തി. വിവരമറിഞ്ഞ പ്രദേശവാസികള്‍ അവേലത്ത് വീട്ടില്‍ തടിച്ചു കൂടി. പിഴച്ച വാദക്കാരോടൊപ്പം നിസ്‌കരിക്കാന്‍ തയ്യാറാകാതിരുന്ന അവര്‍ക്ക് നിസ്‌കരിക്കാന്‍ ഷെഡ് കെട്ടി തങ്ങള്‍ സൗകര്യം ചെയതുകൊടുത്തു. കേസിലിരുന്ന പള്ളിയുടെ വിധി സുന്നികള്‍ക്കനുകൂലമായില്ല. എ പാര്‍ട്ടി (സുന്നി വിഭാഗം) ബി പാര്‍ട്ടി (പുത്തന്‍ വീട്ടുകാര്‍) യെ ആരാധന കര്‍മ്മങ്ങളില്‍ നിന്ന് തടയരുതെന്നായിരുന്നു കോടതി വിധി. അതോടെ പള്ളി പൂര്‍ണമായും സുന്നികള്‍ക്ക് ലഭിക്കില്ലെന്ന സ്ഥിതി വന്നു. ഉടനെ പുതിയ പള്ളിയുടെ ചര്‍ച്ചകള്‍ കാന്തപുരത്ത് തകൃതിയായി നടന്നു. പള്ളിക്ക് സ്ഥലം നല്‍കാമെന്ന് അവേലത്ത് വലിയ തങ്ങളേറ്റു. ചെറിയ തങ്ങള്‍ കാര്‍മ്മികത്വവും ഏറ്റെടുത്തു. അതോടെ ചെറിയ എതിര്‍പ്പുകളൊന്നും വകവെക്കാതെ ജനങ്ങള്‍ തങ്ങളോടൊപ്പം അണിനിരന്നു. അങ്ങനെ കാന്തപുരത്തുകാര്‍ക്ക് ഇബാദത്ത് ചെയ്യാന്‍ ഒരു പള്ളി നിര്‍മ്മിതമായി.

അഗാധമായ പ്രവാചകാനുരാഗിയായിരുന്നു അവേലത്ത് തങ്ങള്‍. കാന്തപുരത്ത് വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ച തങ്ങള്‍ അവസാനമായി പങ്കെടുത്തതും ഒരു മൗലിദ് സദസ്സിലായിരുന്നു. റബീഉല്‍ അവ്വല്‍ വന്നണയുന്നതോടെ അവേലത്ത് തറവാട്ടില്‍ പെരുന്നാള്‍ പ്രതീതി നിറയും. മുപ്പത് ദിവസവും മുത്ത്‌നബിയുടെ മൗലിദാണ്. അതില്‍ തലയെടുപ്പുള്ള പണ്ഡിതന്മാരും സാദാത്തുകളും മുതഅല്ലിമുകളും നാട്ടുകാരും പുറംനാട്ടുകാരും പങ്കെടുക്കും. കാന്തപുരം മഹല്ല് നബിദിന ഘോഷയാത്രക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന അവേലത്ത് തങ്ങള്‍ ഇന്നും ആ നാട്ടുകാര്‍ക്ക് സന്തോഷം പകരുന്ന ഓര്‍മ്മയാണ്. കാലങ്ങള്‍ക്കിപ്പുറവും ഈ സ്‌നേഹ പ്രകടനങ്ങള്‍ ആ സയ്യിദ് കുടുംബം നിലനിര്‍ത്തിപ്പോരുന്നു എന്നത് അവേലത്ത് തങ്ങളുടെ സുകൃതം.

നാട്ടിലെ പോരാട്ടങ്ങളോടൊപ്പം അവേലത്ത് തങ്ങളെന്ന മഹാമനീഷി പുറം നാടുകളിലേക്കും പടര്‍ന്നു വികസിച്ചു. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ തണലും അവേലത്ത് തങ്ങളായിരുന്നു. അനാഥനായി വളര്‍ന്ന എ പി ഉസ്താദിന്റെ പിതാവും, ജ്യേഷ്ടനും, കൂട്ടുകാരനുമായി കൂടെ നടന്നു അവേലത്ത് തങ്ങള്‍. പഠനോപകരണങ്ങളും യാത്രചിലവുകളും ഉപദേശവും നിര്‍ദേശവുമായി തങ്ങള്‍ ശൈഖുനക്ക് താങ്ങും തണലുമായി. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ശ്വാസംമുട്ടല്‍ എന്ന രോഗം ശൈഖുനയെ വല്ലാതെ വലച്ചിരുന്നു. ഇതറിഞ്ഞ അവേലത്ത് തങ്ങള്‍ സി പി എം ഗുരുക്കളെ വിളിച്ചുവരുത്തി ശൈഖുനക്ക് ചികിത്സ നടത്തി. എല്ലാ ചിലവും അവേലത്ത് തങ്ങള്‍ തന്നെ വഹിക്കുകയും ഉഴിച്ചില്‍ നടത്താന്‍ അവേലത്ത് തറവാട്ടില്‍ സൗകര്യമൊരുക്കുകയും ചെയ്തു.

പിന്നീടങ്ങോട്ട് ഈ കൂട്ടുകെട്ടിലാണ് മര്‍കസു സഖാഫത്തി സുന്നിയ്യയുടെ ഉദ്ഭവം.
സമസ്തയുടെ ആശയ സംഘര്‍ഷങ്ങള്‍ക്കുശേഷവും അവേലത്ത് തങ്ങള്‍ ഉസ്താദിന് കരുത്ത് നല്‍കി. ആ സ്‌നേഹം കേരളത്തിലാകെ പടര്‍ന്നു പിടിച്ചു. എഴുതിത്തീര്‍ക്കാനാവാത്ത ഒരായിരം പുണ്യ ചരിതങ്ങള്‍ തീര്‍ത്ത് 2002 ജൂലൈ പതിനഞ്ചിന് ആ പ്രകാശം പൊലിഞ്ഞു. ‘പ്രബോധനത്തിന് പ്രതിഫലമായി എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ ഞാനൊന്നും പകരം ചോദിക്കുന്നില്ല” മുഹമ്മദ്(സ്വ).

അശ്ഫാഖ് ഹനീഫ്‌