പാശ്ചാത്യ ഇസ്‌ലാമും ഭയത്തിന്റെ പുതിയ ഭാവങ്ങളും

പാശ്ചാത്യ ഇസ്‌ലാമും ഭയത്തിന്റെ പുതിയ ഭാവങ്ങളും

പോളണ്ടിലെ ദ നെറ്റുവര്‍ക് മാഗസിന്‍ 2016 ഫെബ്രുവരി ലക്കം പുറത്തിറക്കിയ പതിപ്പിന്റെ മുഖചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. islamic rape of europe എന്ന തലവാചകത്തോടെയുള്ള മുഖചിത്രത്തില്‍ഒരു പോളിഷ് വനിതയെ കറുത്ത കൈകള്‍ വസ്ത്രാക്ഷേപം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ചിത്രമാണു നല്‍കിയിരുന്നത്. യുറോപ്പിലേക്കുള്ള മുസ്‌ലിം കുടിയേറ്റങ്ങള്‍ തങ്ങളുടെ സംസ്‌കാരത്തെ വ്യഭിചരിക്കുകയാണെന്നും പാശ്ചാത്യ സംസ്‌കാരം മൃതിയടയുകയാണെന്നുമുള്ള തെറ്റിധാരണയാണ് പോളണ്ട് മാഗസിന്‍ മുഖചിത്രത്തില്‍ വരച്ചിട്ടത്. യൂറോപ്പ് ആത്മഹത്യയിലേക്ക്, യൂറോപ്പിന്റെ നരകം തുടങ്ങിയ തലക്കെട്ടുകളില്‍ ഒരു ലക്കം മുഴുവന്‍ ഉഴിഞ്ഞു വെച്ചത് മുസ്‌ലിം കുടിയേറ്റങ്ങള്‍ രാഷ്ട്രീയപരവും സാമ്പത്തികവുമായ പ്രതിസന്ധി എന്നതിലപ്പുറംമതകീയവും സാംസ്‌കാരികവുമായ അധിനിവേശത്തിലൂടെ പാശ്ചാത്യ സംസ്‌കാരത്തെ നിഷ്‌കാസനം ചെയ്യുന്നതിനുള്ള പൗരസ്ത്യ നിര്‍മ്മിത പദ്ധതിയാണ് എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നു മാഗസിന്‍. കല, സംസ്‌കാരം, വാസ്തുശില്‍പം, വസ്ത്രധാരണം തുടങ്ങി മനുഷ്യന്റെ സാമൂഹികമായ വിലാസപ്പെടുത്തലിന്റെനാനാ മേഖലകളിലും പൗരസ്ത്യ ഇസ്‌ലാമും പാശ്ചാത്യ ക്രൈസ്തവതയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി സംഘട്ടനത്തിലാണെന്നും(സാമുവല്‍ പി ഹണ്ടിങ്ങ്ടണിന്റെ വേല രഹമവെ ീള രശ്ശഹശ്വമശേീി അന്വര്‍ഥമാക്കും വിധം) അഭയാര്‍ഥികളായി കടന്നുവരുന്ന മുസ്‌ലിംകള്‍ സംഘടിതമായും മതബാധ്യത എന്ന നിലക്കും അനിവാര്യമായി ഈ സംഘട്ടനത്തെ സാധൂകരിക്കുകയാണെന്നും പോളിഷ് മാഗസിനിലെ ലേഖനങ്ങള്‍ പറഞ്ഞുവെച്ചിരുന്നു. സംസ്‌കാരങ്ങള്‍ മരിക്കുന്നത് കൊലപാതകത്തിലൂടെയല്ല മറിച്ച് ആത്മഹത്യയിലൂടെയാണ് എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ അര്‍ണോള്‍ഡ് ടോയന്‍ബിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് മുസ്‌ലിം അധിനിവേശം കാരണം യുറോപ്പ് കഴുത്തില്‍ കയറുമായി ആത്മഹത്യാ മുനമ്പിലാണെന്ന് ഭയപ്പെടുത്തി പാശ്ചാത്യ ജനതയുടെ വികാരത്തെ ഇളക്കിവിടാനും ദ നെറ്റുവര്‍ക് മടികാണിച്ചില്ല. മുസ്‌ലിം അഭയാര്‍ഥികളുടെ യൂറോപ്പിലേക്കുള്ള കടന്നുവരവും ദ്രുതഗതിയിലുള്ള ഇസ്‌ലാമിന്റെ വളര്‍ച്ചയും മുന്‍നിര്‍ത്തി ഉല്‍പാദിപ്പിച്ചെടുത്ത ഭയത്തെ തന്നെ ആയുധമാക്കി ഇസ്‌ലാമിനെതിരെ അക്രമകമായി നീങ്ങാന്‍ പാശ്ചാത്യ വലതുപക്ഷ ബുദ്ധിജീവികള്‍ എത്രമാത്രം ഔല്‍സുക്യം കാണിക്കുന്നു എന്നതിന് പോളിഷ് സംഭവം ഒരു ഉദാഹരണം മാത്രമാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ആഗോള കുടിയേറ്റങ്ങളുടെ മൂന്നിലൊന്ന് ശതമാനവും സ്വീകരിച്ചത് യൂറോപ്പ്യന്‍ രാജ്യങ്ങളായിരുന്നു. അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് യൂറോപ്പില്‍ നിന്ന് കയറ്റി അയച്ചവരോട് സമമായ അനുപാതത്തില്‍ വൈദേശികരായ യൂറോപ്യരുടെ അംഗസംഖ്യ ഇന്ന് എത്തിനില്ക്കുന്നു. അന്നുമുതല്‍തന്നെ അഭയാര്‍ഥികളോടുള്ള അസ്പൃശ്യത പാശ്ചാത്യര്‍ പ്രകടമാക്കിയിരുന്നു. 1750ല്‍ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പെന്‍സില്‍വാനിയയിലേക്ക് ജര്‍മന്‍ അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും അവര്‍ ഇരുണ്ട നിറമുള്ളവരാണെന്നും പരിതപ്പിക്കുന്നുണ്ട്. അഭയാര്‍ഥികളുടെ രാജ്യമെന്ന് ജോണ്‍ എഫ് കെന്നഡി വിശേഷിപ്പിച്ച അമേരിക്കയില്‍ പോലും ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ പരാധീനത എന്നതിലുപരി മതത്തിന്റെയും വര്‍ണ്ണ വിവേചനത്തിന്റെയും അപരിഷ്‌കൃത വാദത്തിന്റെയും പേരിലാണ് അഭയാര്‍ഥികളെ ഭയപ്പെട്ടിരുന്നത്. അപരിചിതരായ അഭയാര്‍ഥികള്‍ സ്വജനതയേക്കള്‍ കൂടുകയും അപരിചിതരുടെ ഭാഷയും സംസ്‌കാരവും ആദാന പ്രദാനങ്ങളും കൈമാറ്റം ചെയ്യുകവഴി സ്വരാജ്യരുടെ പ്രബലത നഷ്ടപ്പെടുകയും ചെയ്യുമെന്ന ഭയം കുടിയേറ്റങ്ങളുടെ അദ്യ കാലത്തുതന്നെ പശ്ചാത്യരെ ഭയപ്പെടുത്തിയിരുന്നു. അമിത വൈദേശികവല്ക്കരണം എന്ന പേരില്‍ പാശ്ചാത്യര്‍ ഭയപ്പെടുന്ന ഈ സാമൂഹിക ബോധം ഇന്ന് പാരമ്യതയില്‍ എത്തി നില്‍ക്കുന്നു എന്നിടത്താണ് ഭയത്തിന്റെ പുതിയ ഭാവങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.

ഇസ്‌ലാമിക വിദ്വേഷവും വൈദേശിക വിരക്തിയുംപുലര്‍ത്തുന്ന വന്‍ ഭൂരിപക്ഷം നിലനില്‍ക്കുമ്പോളും അനുനയപരമായ സമീപനമാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കെല്‍ സ്വീകരിച്ചത്. 2015 ആഗസ്റ്റ് 15ന് മധ്യ പൗരസ്ത്യ ദേശത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ആസ്ട്രിയയില്‍ വെച്ച് അഭയാര്‍ഥികള്‍ സഞ്ചരിച്ച ട്രക്കിനു നേരെ ആക്രമണം അഴിച്ചുവിട്ട് എഴുപത്തിയൊന്നോളം ആളുകളെ വധിക്കുകയും ചെയ്തിരുന്നു. നവ നാസിസ്റ്റുകള്‍ അഭയാര്‍ഥികേന്ദ്രങ്ങള്‍ക്കു നേരെ പോലും ആക്രമണം നടത്തിയപ്പോള്‍ മെര്‍ക്കല്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കുള്ള പിന്തുണ അറിയിക്കുകയും ചെയ്തു. ആഗസ്റ്റ് 31ന് മെര്‍ക്കല്‍ വിളിച്ച് ചേര്‍ത്ത സമ്മര്‍ പ്രസ്സ് കോണ്‍ഫറന്‍സില്‍ എട്ട് ലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജര്‍മനി തയാറാണെന്നും പ്രഖ്യാപിക്കുകയുണ്ടായി. മാനുഷിക മൂല്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് തന്റെ നടപടിക്ക് ന്യായമായി മെര്‍ക്കല്‍ മാധ്യമങ്ങളോടു പറഞ്ഞത്.

അപര വിദ്വേഷം (xenophobia) തലക്ക് പിടിച്ച ജര്‍മനിക്കിടയിലും അഭയാര്‍ഥികളെയും ഇസ്‌ലാമിനെയും ബൗദ്ധികമായി അംഗീകരിക്കാന്‍ മനസ്സ് കാണിക്കുന്ന ഒരു വിഭാഗമുണ്ട് എന്ന് ബെര്‍ലിന്‍ ഇന്‍സ്റ്റിറ്റൂട്ടിലെ ഗവേഷക നായികാ ഫെറൂട്ടന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇതുള്‍ക്കൊള്ളാന്‍ ഭൂരിഭാഗവും തയ്യാറാകുന്നില്ല. 2014ല്‍ ഫെറൂട്ടനും സംഘവും വിവര ശേഖരണം നടത്തിയ 8270 ജര്‍മന്‍സില്‍ നാല്‍പത് ശതമാനവും തലമറക്കുന്ന ഒരു വ്യക്തിക്ക് ജര്‍മനാകാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ്. നാല്‍പത് ശതമാനം പരസ്യമായി പള്ളികള്‍ നിര്‍മ്മിക്കുന്നതിനെയും അറുപത് ശതമാനവും പുരുഷന്മാരുടെ ചേലാകര്‍മ്മത്തെയും വെറുക്കുന്നു. അറബിഭാഷയുമായി ലയനം സംഭവിക്കുകവഴി ജര്‍മന്‍ ഭാഷയുടെ തനിമ നഷ്ടപ്പെടുമെന്നും തന്‍മൂലം ഒരു യതാര്‍ഥ ജര്‍മന്‍ അല്ലാതാവുകയും ചെയ്യുമെന്ന് നാല്‍പതു ശതമാനവും വിശ്വസിക്കുന്നു. രാഷ്ട്രീയപരമായ പ്രതിസന്ധികളേക്കാള്‍ ഇസ്‌ലാമിക ജീവിത രീതികളോടും മുസ്‌ലിംകള്‍ സ്വാംശീകരിക്കുന്ന സാംസ്‌കാരികതയോടുമുള്ള വിദ്വേഷവും പാശ്ചാത്യ സംസ്‌കാരത്തിന്റെ വാര്‍പ്പുമാതൃകകളെ തകിടം മറിച്ച് ഇസ്‌ലാമിക സംസ്‌കാരം ഔന്നത്യം നെടിയേക്കുമെന്നുള്ള ഭയവുമാണ് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഫെറൂട്ടന്റെ പഠനം തെളിയിക്കുന്നു. ഭയത്തിന്റെ ആഗോള വിപണി ചൂടുപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒന്നാം ലോക രാഷ്ട്രങ്ങളുടെ ഒന്നാം നിരയില്‍ നില്‍ക്കുന്ന അമേരിക്കയില്‍നിന്ന് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഭ്രഷ്ട് കല്പ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. പടിഞ്ഞാറന്‍ ദേശത്തെ നിഷ്പക്ഷമതികളായ സാധാരണക്കാര്‍ക്കിടയില്‍ പോലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു ആശയപദ്ധതിയും വെറുത്തു മാറ്റിനിര്‍ത്തേണ്ട ഒരുപറ്റം അനുഭാവികളുമെന്ന വിവര്‍ണ്ണ ചിത്രം സൃഷ്ടിക്കപ്പെടുന്നതിന് ഇത് വളരെയധികം കാരണമായിട്ടുണ്ടു. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളുടെ വിസ നിരോധിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നയുടനെ ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറായിരുന്ന റൂഡി ഗ്യൂലാനി, ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തില്‍, അമേരിക്ക സ്വീകരിച്ച പുതിയ നയം മുസ്‌ലിം വിരോധം മൂലമല്ലെന്നും ഇറാന്‍, ഇറാഖ്, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അമേരിക്കയുടെ സുരക്ഷയെ കരുതിയാണ് നിരോധം ഏര്‍പ്പെടുത്തിയതെന്നും വിശദീകരിക്കുകയുണ്ടായി. എന്നാല്‍, യു എസ്സിലുള്ള ഭീകരവാദ കണക്കുകള്‍ ഗ്യൂലാനിയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതോടൊപ്പം തീര്‍ത്തും മതദ്വേഷമാണ് പുതിയ പ്രഖ്യാപനത്തിന് പിന്നിലെന്ന് വിളിച്ചറിയിക്കുന്നതുമാണ്. സിറിയയും ഇറാഖും ലിബിയയും ഐ എസ് സ്വാധീന പ്രദേശങ്ങളാണെന്നതും യമനില്‍ അല്‍ ഖയ്ദയുടെ മികച്ച സ്വാധീനമുണ്ടെന്നതും തീവ്രവാദ സംഘടനയായ അല്‍ ശബാബ് സൊമാലിയയിലാണ് വേരൂന്നിയിട്ടുള്ളതെന്നതും വസ്തുതകളാണ്. എന്നാല്‍, ഇറാനും സുഡാനും സിറിയയും അന്താരാഷ്ട്ര ഭീകരവാദത്തെ ഗവര്‍ണ്മെന്റ് പിന്തുണയോടെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാണ് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉന്നയിക്കുന്ന വാദം. കൂടാതെ ഒബാമ ഭരണകൂടവും കോണ്‍ഗ്രസും, യു എസ് വിസ പ്രോഗ്രാമില്‍ അംഗമായവര്‍ മേല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്രെ. കിരീടവും ചെങ്കോലും അണിഞ്ഞയുടന്‍ തന്നെ ‘ഭീകര രാഷ്ട്രങ്ങളെ’ പടിക്കുപുറത്താക്കാന്‍ ട്രംപിനു പ്രേരകമായത് ഈ കാരണങ്ങളാണ് പോലും. യഥാര്‍ത്ഥത്തില്‍ അമേരിക്കയിലേക്ക് തീവ്രവാദികളെ എവിടെ നിന്നാണ് കയറ്റി അയക്കപ്പെടുന്നത്? ലിബേര്‍ടിയന്‍ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമിഗ്രേഷന്‍ ഗവേഷകനായ അലെക്‌സ് നൗറസ്‌തെയുടെ കണ്ടെത്തലുകള്‍ ഇവിടെ വളരെ പ്രസക്തമാണ്. മാധ്യമ റിപ്പോര്‍ട്ടുകളുംകോടതി രേഖകളും അടക്കമുള്ള ഡാറ്റകള്‍ പരിശോധിച്ചതില്‍ നിന്ന് 1975നും 2015നുമിടക്ക്, നിരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് ഒരു ഭീകരവാദ പ്രവര്‍ത്തനം പോലും അമേരിക്കന്‍ മണ്ണില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ നടപടി ഒരു സാങ്കല്‍പിക സത്വത്തെ ഭയന്നുകൊണ്ടുള്ള മുന്‍കരുതല്‍ മാത്രമാണ്. -നൗറസ്‌തെ പറയുന്നു. ഈ കാലഘട്ടത്തിനിടയില്‍ അമേരിക്കയിലേക്ക് കുടിയേറിയ 3. 25 മില്ല്യണ്‍ ജനങ്ങളില്‍ 20 പേര്‍ മാത്രമാണ് തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടത്. മൂന്ന് അമേരിക്കന്‍ പൗരന്മാര്‍ മാത്രമാണ് അഭയാര്‍ഥികളാല്‍ കൊല്ലപ്പെട്ടത്. അതൊക്കെയും 1970കളില്‍ ക്യൂബന്‍ അഭയാര്‍ഥികളായി കുടിയേറിയവരില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. വൈദേശികരുടെ ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ 252 മടങ്ങ്, ഈ കാലയളവില്‍ അമേരിക്കന്‍ പൗരന്മാര്‍ തന്നെ കൊലപാതകങ്ങളില്‍ എര്‍പ്പെട്ടിട്ടുണ്ടെന്നും നൗറസ്‌തെയുടെ കണക്കുകള്‍ പറയുന്നു. തീവ്രവാദ ആശയങ്ങള്‍ക്കുംജിഹാദിസ്റ്റ് അക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയവരിലധികവും അമേരിക്കയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണെന്നതാണ് മറ്റൊരു വസ്തുത. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് അടിയന്തിര നടപടികള്‍ക്ക് പിന്നിലെന്ന് പറയുമ്പോഴും രാജ്യത്തിനകത്തുതന്നെയുള്ള കണക്കുകള്‍ വാദങ്ങളോടു തീരെ പൊരുത്തപ്പെടുന്നതല്ല. ജോര്‍ജ്ജ് വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ ഭീകരവാദ പഠനങ്ങളനുസരിച്ച് 2014ന് ശേഷംഐ എസ് റിക്രൂട്‌മെന്റിലും തീവ്രവാദ ബന്ധത്തിലും ഏര്‍പ്പെട്ടതില്‍ 64 ശതമാനവും അമേരിക്കയില്‍ താമസിക്കുന്നവരും ആറ് ശതമാനം സ്ഥിര പൗരത്വം ഉള്ളവരുമാണ്. ഇറാഖിലെയും സിറിയയിലെയും ഐ എസ് പ്രവര്‍ത്തകരില്‍ അധികവും സൗദി അറേബ്യ, തുര്‍ക്കി, മൊറോക്കൊ, തുനീശ്യ,ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നായിട്ടും ഈ രാജ്യങ്ങള്‍ ട്രംപിന്റെ നിരോധന പട്ടികയില്‍ ഊള്‍പ്പെട്ടില്ല എന്നത് അദ്ദേഹത്തിന്റെ ബിസിനെസ്സ് സാമ്രാജ്യങ്ങള്‍ക്ക് ഈ നാടുകളില്‍ വേരുകളുള്ളതുകൊണ്ടാണെന്നുള്ള ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്. ഏതായാലും പുതിയ പഠനങ്ങളും ചര്‍ച്ചകളും തീവ്രവാദ ആരോപണങ്ങളിലെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവന്നത് ബോധ്യപ്പെട്ടതുകൊണ്ടാവണം സുപ്രീം കോടതി വിസ നിരോധനം സ്റ്റേ ചെയ്തുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. വലുപ്പ ചെറുപ്പമില്ലാതെ തന്നെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇസ്‌ലാം പേടിയില്‍ സമവായം പുലര്‍ത്തുന്നു എന്ന ദുഃഖ സത്യമാണ് ഭയത്തിന്റെ സമകാലികവായനകള്‍ വിളിച്ചോതുന്നത്. ഇസ്‌ലാം പേടിയുടെ ചരിത്രപരമായ പിന്നാമ്പുറങ്ങളില്‍ നിന്നാണ് ഇന്ന് വര്‍ധിച്ചുവരുന്ന ഭയത്തിന്റെ പുതുനാമ്പുകള്‍ക്ക് വളക്കൂറൂണ്ടാകുന്നതെന്ന വസ്തുത ചരിത്ര ഗവേഷകര്‍ക്കും ചിന്തകര്‍ക്കും അവ്യക്തമല്ല.

മധ്യപൂര്‍വ്വ കാലഘട്ടത്തില്‍ യൂറോപ്പിനെ നിര്‍വചിച്ചത് ഇസ്‌ലാമായിരുന്നു ഇന്ന് ഇസ്‌ലാമതിനെ വീണ്ടും പുനര്‍ നിര്‍വ്വചിക്കുകയാണ് എന്ന് യൂറോപ്പ്യന്‍ ചിന്തകരില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. മധ്യ കാലഘട്ടത്തിന് മുമ്പ് നൂറ്റാണ്ടുകളോളം മധ്യധരണ്യാഴിയെ ചുറ്റിയുള്ള ഭൂപ്രദേശമായിരുന്നു യൂറോപ്പ് എന്ന് അറിയപ്പെട്ടിരുന്നത്. റോമക്കാര്‍ ‘നമ്മുടെ സമുദ്രം’ എന്ന അര്‍ഥത്തില്‍ മരേ നോസ്ട്രം എന്നാണ് ഈ പ്രദേശത്തെ വിളിച്ചുപോന്നിരുന്നത്. ഇന്നത്തെ നോര്‍ത്ത് ആഫ്രിക്കയും അതിവിശാലമായ ഈ പ്രദേശത്തിന്റെ പരിധിയില്‍ പെട്ടിരുന്നു. എ ഡി അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വിശുദ്ധ അഗസ്ത്യസ്(saint augustine)ഇന്നത്തെ അള്‍ജീരിയയില്‍ ജീവിക്കുന്ന കാലം. ഇറ്റലിയും ഗ്രീക്കും പോലെതന്നെ ഒരു ക്രിസ്തീയ കേന്ദ്രമായിരുന്നു വടക്കന്‍ ആഫ്രിക്ക. ഏഴാം നൂറ്റാണ്ടില്‍ ആരംഭിച്ച് എട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇസ്‌ലാമിക പ്രബോധനം അഫ്രിക്കയിലേക്ക് കടന്നുചെല്ലുകയും വിമോചനത്തിന്റെ പുതിയ പ്രത്യയശാസ്ത്രം എന്ന നിലക്ക് ജനങ്ങള്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുകയും ചെയ്തു. സ്വാഭാവികമായി മധ്യ ധരണ്യാഴിയുടെ ഇരു ഭാഗങ്ങളിലായി രണ്ട് സംസ്‌കാരങ്ങള്‍ രൂപപ്പെട്ടുവരികയും മെഡിറ്ററേനിയന്‍ കടല്‍ ഒരു അതിര്‍ത്തിയായി കണക്കാക്കുകയും ചെയ്തു. സ്പാനിഷ് ചിന്തകന്‍ ജോസ് ഒര്‍റ്റിഗോ ഗാസ്സെറ്റിന്റെ അഭിപ്രായത്തില്‍ അതുമുതല്‍ യൂറോപ്പിന്റെ ചരിത്രം വടക്കോട്ടുള്ള ഒരു മഹാ പലായനത്തിന്റേതായിരുന്നു.

റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് ജര്‍മന്‍സാണു(ഗോത്, വാന്റല്‍, ഫ്രാങ്ക്, ലോംബാര്‍ഡ് വംശജര്‍)പാശ്ചാത്യ സംസ്‌കാരത്തിന്റെ ആശയാടിത്തറപാകിയത്. അന്ന് ചിര സമ്മതമായിരുന്ന ഗ്രീക്കോ-റോമന്‍ പൈതൃകത്തെ അധാരമാക്കിയുള്ള ഒരു ജീവിത പദ്ധതിയായിരുന്നു അവര്‍ മുന്നോട്ട് വെച്ചത്. വീണ്ടും നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണു ആധുനിക യൂറോപ്പിന്റെ ദേശീയ സംവിധാനങ്ങള്‍ നിലവില്‍ വന്നത്. പിന്നീട് ഫ്യൂഡലിസത്തിന്റെയും വ്യക്തി കേന്ദ്രീകൃത പ്രഭു ഭരണങ്ങള്‍ക്കുമൊടുവില്‍ ദേശീയവും ജനാധിപത്യപരവുമായ ഭരണ സംവിധാനങ്ങള്‍ നിലവില്‍ വന്നു. ഭൂമിശാസ്ത്രപരമായ വര്‍ഗീകരണത്തിനു പുറമെ ധൈഷണികമായും ഇസ്‌ലാം യൂറോപ്പിനെ പകുത്തു എന്നാണു പല ചിന്തകരും കൂട്ടിച്ചേര്‍ക്കുന്നത്. ബ്രിട്ടീഷ് ചരിത്രകാരനായിരുന്ന ദെനിസ് ഹേയുടെ 1957ല്‍ പ്രസിദ്ധീകരിച്ച ഋൗൃീുല: ഠവല ഋാലൃഴലിരല ീള മി കറലമ എന്ന പുസ്തകത്തില്‍ കുരിശുയുദ്ധാനന്തരം ഉയര്‍ന്നുവന്ന അഭൂതപൂര്‍വ്വമായ യൂറോപ്പിന്റെ ഐക്യത്തിനു പിന്നില്‍ ഇസ്‌ലാമെന്ന പ്രതിപക്ഷത്തോടുള്ള അനിവാര്യമായ പ്രതികാര മനോഭാവമായിരുന്നുവെന്ന് പറഞ്ഞുവെക്കുന്നുണ്ട്. ചുരുക്കത്തില്‍ പ്രാഗ് യൂറോപിനെ കീറിമുറിച്ച് പുതിയ സംസ്‌കാരത്തിനു തറക്കല്ലിട്ടത് ഇസ്‌ലാമായതുകൊണ്ടും യവന സംസ്‌കാരത്തിന്റെ പാരമ്പര്യം തിരോഭവിക്കാന്‍ കാരണം മുസ്‌ലിംകളായതുകൊണ്ടും ഇസ്‌ലാമിനെതിരെയുള്ള ഒരു പ്രതിഷേധമെന്ന നിലക്ക് കൂടിയാണു യൂറോപ്പ് അതിന്റെ സംസ്‌കാരത്തെ പടുത്തുയര്‍ത്തിയത്. അതായത് യൂറോപ്പ് എന്ന ആധുനിക ജീവിത വ്യവസ്ഥയുടെ മൂലക്കല്ലില്‍ തന്നെ ഇസ്‌ലാം പേടിയുടെ ഭീകര ചിത്രങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടെന്ന് സാരം.

ഭീകരവാദവും കുടിയേറ്റവും നോര്‍ത്ത് ആഫ്രിക്ക അടക്കമുള്ളമധ്യധരണ്യാഴിയുടെ കിഴക്ക് ഭാഗത്തെ ഇന്ന് പുനരേകീകരിക്കുകയാണ്. സാമ്പത്തിക മാന്ദ്യം പിടിപ്പെട്ട യൂറോപ്പ്യന്‍ നാടുകളിലേക്കുള്ള ആയിരക്കണക്കിന് മുസ്‌ലിം കുടിയേറ്റങ്ങള്‍ സാമൂഹിക അസമത്വവും സമാധാനമില്ലായ്മയും സൃഷ്ടിക്കുന്നതുകൊണ്ട് വരേണ്യരായ യൂറോപ്യര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിം വംശജരുടെയും കടന്നുവരവിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരിക ശുദ്ധതാവാദത്തിന്റെ പുതിയ പതിപ്പുകള്‍ പാശ്ചാത്യ ലോകത്തുനിന്ന് ചിതറിക്കേള്‍ക്കുന്നുണ്ടെങ്കിലും സാര്‍വ്വ ദേശീയതയുടെയും മാനുഷ വിഭവങ്ങള്‍ വലിയതോതില്‍ കൈമാറ്റം ചെയ്യപ്പെടുന്ന തുറന്ന ആഗോളവല്കൃത ലോകവ്യവസ്ഥയുടെയും കാലത്ത് എഡ്വേര്‍ഡ് സൈദ് നിരീക്ഷിക്കുന്നപോലെ സങ്കുചിത ദേശീയ വികാരങ്ങളുമായി പടിഞ്ഞാറിന് നിലനില്‍ക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് വാസ്തവം. ഇസ്‌ലാമിന്റെ സാര്‍വ്വത്രികവും സാര്‍വ്വകാലികവുമായ ജീവിത പദ്ധതി പടിഞ്ഞാറില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണെന്നതില്‍ സംശയമില്ല. മുസ്‌ലസ്‌ലിം നാമധാരികളാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകര സംഹാര പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ ആശയ സംഹിതക്കുള്ളിലെ തന്നെ അപ്രഖ്യാപിത നിയമങ്ങളാണെന്ന് പാശ്ചാത്യര്‍ തെറ്റിധരിക്കുന്നതിനെ കുറ്റം പറയാനുമാവില്ല. അവരുടെ ചിന്താ പദ്ധതികള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഇസ്‌ലാമിന്റെ വിവര്‍ണ്ണ മുഖങ്ങളാവണം മുസ്‌ലിംകള്‍ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടവരാണെന്നുള്ള ധാരണ സൃഷ്ടിക്കപ്പെടുന്നത്. ആഗോള സലഫിസ്ത്തിന്റെ അവിശുദ്ധ സ്വാധീനം മുസ്‌ലിംകളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സമൂഹികവുമായ വളര്‍ച്ചയെക്കൂടിയാണത് പിന്നോട്ടു വലിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടിപോകുന്ന മുസ്‌ലിംകള്‍ വിസ നിരോധന പ്രഖ്യാപനം വന്നപ്പോള്‍ വലഞ്ഞുപോയത് നാം കണ്ടതാണ്. സ്വന്തം സ്വത്വം പ്രദര്‍ശിപ്പിക്കാനാവതെ പടിഞ്ഞാറന്‍ അക്കാദമികളില്‍ അവസരങ്ങള്‍ക്ക് ശ്രമിക്കുന്ന ഒരുപാടാളുകള്‍ നമുക്കിടയില്‍ തന്നെയുണ്ട്. സലഫിസ്റ്റ് ആശയങ്ങളെ പ്രതിരോധിച്ചുകൊണ്ടുതന്നെ ഋജുവായഇസ്‌ലാമിന്റെ പരിശുദ്ധ പാഠങ്ങള്‍ പാശ്ചാത്യര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അഭ്യസ്ത വിദ്യരായ മുസ്‌ലിംകള്‍ക്ക് കഴിയണം. മാനവ സമത്വത്തിനും സമാധാനത്തിനും അനുഗുണമായ ആശയ സംഹിതകള്‍ വേഗത്തില്‍ വഴങ്ങുന്ന പാശ്ചാത്യര്‍ക്ക് മുന്നില്‍ പടിഞ്ഞാറന്‍ ലോകത്തുള്ള അവസരങ്ങള്‍ തേടിപ്പിടിച്ച് ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള അവസരങ്ങള്‍ നാം കണ്ടെത്തണം. മുസ്‌ലിം രാജ്യങ്ങളുടെ അവധാനതയോടുകൂടിയ ചുവടുവെപ്പുകള്‍ അത്യന്താപേക്ഷിതമാണ്. വിജ്ഞാനത്തിനും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും അന്താരാഷ്ട്ര തലത്തില്‍ അവയെ ഉയര്‍ത്തിക്കാട്ടാനുള്ള വിവര-സാങ്കേതിക സംവിധാനങ്ങള്‍ മുസ്‌ലിംകള്‍ ആര്‍ജ്ജിച്ചെടുക്കണം. ഇസ്‌ലാമോഫോബിയയുടെ പുതിയ മാതൃകകള്‍ പുറത്ത് വരുമ്പോള്‍ സംയമനം പാലിച്ചുകൊണ്ട് ബൗദ്ധികമായ ചെറുത്തുനില്‍പ്പുകള്‍ നടത്താനാണ് നാം ശ്രമിക്കേണ്ടത്. ഭയത്തിന്റെ മേല്‍ പടുത്തുയര്‍ത്തിയ ഇസ്‌ലാമിക പ്രതീകത്തെ തിരുത്തി പടിഞ്ഞാറിന്റെ ദുഷിച്ച സാമൂഹിക വ്യവസ്ഥകള്‍ക്ക് പരിഹാരമായ ഇസ്‌ലാമിന്റെ സമ്പന്നമായ സാംസ്‌കാരികതയെ സമാധാനപൂര്‍വ്വം വരച്ചുകാട്ടാനും നമുക്കാവണം.

സുഹൈല്‍ ഹുസൈന്‍ കോട്ടയം