ബംഗാളില്‍ ചെന്നുകണ്ടത്

ബംഗാളില്‍ ചെന്നുകണ്ടത്

‘തൗഹീദ്, ഹമാരാ റസൂല്‍ കാം നാം ക്യാഹെ?’ പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തില്‍ നിന്ന് നിസ്‌കരിക്കാനായി പള്ളിയില്‍ കയറുമ്പോള്‍ അടുത്ത് കണ്ട ബാലനോട് ഞാന്‍ ചോദിച്ചു. ചോദിക്കാന്‍ പാടില്ലാത്തതെന്തോ ചോദിച്ച പോലെ തൗഹീദുള്ള ഞങ്ങളെ തുറിച്ചുനോക്കി. നിങ്ങള്‍ ചോദിക്കുന്നയാളെ ഞങ്ങള്‍ക്ക് പരിചയമില്ലല്ലോ എന്ന ഭാവം ആ മുഖത്ത് പ്രകടമായിരുന്നു. വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത പശ്ചിമബംഗാളിലെ ഒരു കുഗ്രാമത്തില്‍ മുത്തുനബിയെ കുറിച്ചറിയാത്ത മുസ്‌ലിംകളെ നേരില്‍ കാണുകയായിരുന്നു ഞങ്ങള്‍. ഒരുകാലത്ത് പ്രതാപവാന്മാരായിരുന്നു ബംഗാള്‍ മുസ് ലിംകള്‍. ഇന്ന് നഗരത്തിന്റെ പുറംപോക്കുകളിലും കുഗ്രാമങ്ങളിലും നരകിച്ചുജീവിക്കുന്നു. എല്ലാതരം വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട് ദുരന്ത ജീവിതം തള്ളിനീക്കുന്ന അനേകമായിരം ബംഗാളി മുസ് ലിംകളില്‍ ഒരാള്‍ മാത്രമാണ് തൗഹീദുല്ല.
ബംഗാളി മുസ്‌ലിംകളെക്കുറിച്ച് നേരത്തെ വായിച്ചും കേട്ടും അറിഞ്ഞ ധാരണകള്‍ എത്രമാത്രം ശുഷ്‌കമായിരുന്നുവെന്ന് നേരില്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. റിക്ഷ വലിച്ചും ബീഡി തെറുത്തും പാടത്ത് പണിയെടുത്തും കാലിമേച്ചും ഉപജീവനം തേടുന്ന ആയിരക്കണക്കിന് ബംഗാളി മുസ്‌ലികളുടെ ജീവിതം കണ്ടാല്‍ ആരുടെയും ഉള്ളുപൊള്ളും. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള കൂരകള്‍. ചായ മക്കാനിയില്‍ പണിയെടുക്കുന്ന എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുമക്കള്‍.

സുഹൈറിന്റെ വിളി
ബംഗാളിലെ സുഹൈറുദ്ദീന്‍ നൂറാനിയുടെ ക്ഷണമനുസരിച്ച് സുഹൃത്തും മദീനത്തുന്നൂറിലെ സഹ അധ്യാപകനുമായ അലി അഹ്‌സനി എടക്കരയും ഞാനും കൂടി പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടു. കൊല്‍ക്കത്ത എയര്‍പ്പോര്‍ട്ടില്‍ വിമാനം ഇറങ്ങി അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ തൈ്വബ ഗാര്‍ഡനില്‍ എത്താനാവും. നെല്ലും ചോളവും കൃഷി ചെയ്യുന്ന വയലുകള്‍ക്കിടയില്‍ ഗ്രാമീണ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരിടത്താണ് ഗാര്‍ഡന്‍. മര്‍കസിന്റെ കീഴില്‍ 2004ലാണ് തൈ്വബ ഹെറിറ്റേജ് ഗാര്‍ഡന്‍ വരുന്നത്. ഇന്നത് അനേകം സ്ഥാപനങ്ങളായി വളര്‍ന്നിട്ടുണ്ട്. മദീനത്തുന്നൂറിലെ തന്നെ പൂര്‍വ വിദ്യാര്‍ത്ഥിയും എം എസ് ഒ(മുസ് ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍) ട്രഷററുമായ സുഹൈറുദ്ദീന്‍ നൂറാനിയാണ് മേല്‍നോട്ടം.അദ്ദേഹത്തിന്റെ കീഴില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇത്തരം പ്രവര്‍ത്തനങ്ങളുണ്ട്. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ തന്നെ തദ്ദേശീയരായ കുട്ടികളെ കേരളീയ മാതൃകയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന തൈ്വബ ഗാര്‍ഡനില്‍ ഇന്ന് നൂറ്റി അറുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. സ്ഥാപനത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മുതഅല്ലിംകളോട് ഞങ്ങള്‍ സംസാരിച്ചു. ദഅ്‌വ കോളേജിന് പുറമെ ഇംഗ്ലീഷ് മീഡിയം സ്‌കൂളും റൗള വിമന്‍സ് കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നു. സുഹൈറുദ്ദീന്‍ നൂറാനിയോടൊപ്പം കേരളത്തില്‍നിന്നുള്ള ഇബ്‌റാഹിം സഖാഫി, മുഹമ്മദലി സഖാഫി, ശരീഫ് നൂറാനി, സാബിത് നൂറാനി, ബദ്‌റു നൂറാനി, ശുക്കൂര്‍ നൂറാനി തുടങ്ങി ഒരു സംഘം ഇവിടെ കര്‍മനിരതരാണ്.

ബംഗാള്‍ മുസ്‌ലിംകള്‍ വേഷത്തിലും സ്വഭാവത്തിലും സവിശേഷമായ സംസ്‌കാരത്തനിമ കാത്തുസൂക്ഷിക്കുന്നു. ബംഗ്ല- മുസ്‌ലിം സങ്കര സംസ്‌കാരം അവരുടെതായ ശൈലിയെ എല്ലാ കാര്യങ്ങളിലും രൂപപ്പെടുത്തിയിരിക്കുന്നു. മുസ്‌ലിം സംസ്‌കൃതിയുടെ ഈ സവിശേഷ രൂപീകരണത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ബംഗാളിലേക്ക് ഇസ്‌ലാമിക വെളിച്ചവുമായി കടന്നുവന്നത് സാത്വികരായ സൂഫി പണ്ഡിതന്മാരായിരുന്നുവെന്നതാണ് ചരിത്രം. ചിശ്തി ത്വരീഖത്തിലെ അനുപമസാന്നിധ്യമായിരുന്ന നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യരില്‍ പ്രമുഖനായിരുന്ന ശൈഖ് ഖാജാ സിറാജുദ്ദീന്‍ എന്ന മഹാന്റെ പ്രവര്‍ത്തന മേഖലയായിരുന്നു ബംഗാള്‍. ഐനെ ഹിന്ദ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ ഗൗര്‍ പട്ടണത്തിലാണ് മറമാടപ്പെട്ടിരിക്കുന്നത്. പശ്ചിമബംഗാളിലെ മുസ്‌ലിം സാംസ്‌കാരികത്തനിമയുടെ വേരുകളന്വേഷിക്കുന്നവര്‍ ആരും മനോഹരമായ ഈ ദര്‍ഗയിലെത്തും. പക്ഷേ അദ്ദേഹത്തിന്റെ തന്നെ ശിഷ്യരും സൂഫി തത്വജ്ഞാനത്തിലെ അതുല്യ പ്രതിഭയുമായിരുന്ന ശൈഖ് അബ്ദുല്‍ഖംഖ് പാണ്ഡവിയുടെ ദര്‍ഗയാണ് ബംഗാളിലെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ കേന്ദ്രം. പാക്കിസ്ഥാനിലെ ലാഹോറില്‍നിന്ന് വന്ന അദ്ദേഹം ഇസ്‌ലാമിക പ്രബോധനവുമായി ബംഗാളില്‍ പലയിടത്തും തമ്പടിച്ചു. അന്നത്തെ ബംഗാള്‍ ഭരണാധികാരിയായിരുന്ന ഗിയാസുല്‍ ഹഖിന്റെ രാജസന്നിധിയില്‍ ഉന്നത സ്ഥാനമുണ്ടായിരുന്നു പാണ്ഡവിക്ക്. വര്‍ഷാവര്‍ഷം റജബ് മാസം ഇരുപത്തിമൂന്ന് മുതല്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ഉറൂസ് മുബാറക്. ഈ യാത്രക്കിടയില്‍ അദ്ദേഹത്തിന്റെ ദര്‍ഗ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു. ആ തിരുസന്നിധിയില്‍നിന്ന് ആത്മനിര്‍വൃതിയോടെ മടങ്ങുന്ന അനേകരെ ഞങ്ങള്‍ക്കവിടെ കാണാനായി. ശൈഖ് പാണ്ഡവിയുടെ മക്കളും ശിഷ്യന്മാരും ബംഗാളിന്റെ വ്യത്യസ്തഭാഗങ്ങളില്‍ ഇസ് ലാമിക പ്രബോധനത്തിലേര്‍പ്പെട്ടു.

മുഗള്‍ ഭരണകാലത്ത് മുസ് ലിം നവാബ്മാരുടെ കീഴിലായിരുന്നു ദീര്‍ഘകാലം ബംഗാള്‍. ബംഗാള്‍ മുസ്‌ലിംകള്‍ രാഷ്ട്രീയപരമായും സാമൂഹികമായും അക്കാലത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നതിന്റെ തെളിവാണ് പശ്ചിമ ബംഗാളിന്റെ പലയിടങ്ങളിലും കാണുന്ന നഗരശേഷിപ്പുകള്‍. ശേഷം ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യയില്‍ മുസ്‌ലിംകളുടെ ശക്തി ക്ഷയിച്ചു. അവസാനത്തെ നവാബായിരുന്ന സിറാജുദ്ദീന്‍ ദൗലയെ കീഴ്‌പ്പെടുത്തിയാണ് ബ്രിട്ടീഷ് ആധിപത്യം ബംഗാളില്‍ വേരുറപ്പിച്ചത്. മതസാഹോദര്യത്തോടെ കഴിഞ്ഞിരുന്ന ഹിന്ദു- മുസ്‌ലിംകള്‍ക്കിടയില്‍ വര്‍ഗീയതയുടെ വിത്ത് വിതച്ചുകൊണ്ടാണ് ബ്രിട്ടീഷ് തേര്‍വാഴ്ചക്ക് തുടക്കം കുറിച്ചത്. അതോടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം രക്തച്ചൊരിച്ചിലുകളുണ്ടായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ- പാക് വിഭജനത്തിന്റെ വിഴുപ്പും ഭാരവും പേറേണ്ടിവന്ന ജനതയായിരുന്നു ബംഗാളികള്‍. മുസ്‌ലിംകള്‍ പുറംതള്ളപ്പെട്ട സമൂഹമായി മാറുന്നത് അന്നുമുതലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അവിഭക്ത അസ്സാമും ബംഗ്ലാദേശും ഉള്‍ക്കൊള്ളുന്ന വിശാലമായ ബംഗാളില്‍ മുസ്‌ലിം സമൂഹം ഭൂരിപക്ഷ സമുദായമായിരുന്നു. ബംഗ്ലാദേശിന്റെ രൂപീകരണത്തോടെ മുസ്‌ലിം ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ഇന്ന് പശ്ചിമ ബംഗാളിന്റെ ജനസംഖ്യയുടെ കാല്‍ ശതമാനം വരുന്ന മുസ്‌ലിംകള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമായി കഴിയുന്നു. അതേസമയം മുസ് ലിം ജനസംഖ്യാ നിരക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമാണ് പശ്ചിമ ബംഗാള്‍ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ സമൂഹത്തിന്റെ പുരോഗതിക്ക് മാറിവരുന്ന സര്‍ക്കാറുകള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് ഖേദകരം. 2005ല്‍ റജീന്ദര്‍ സച്ചാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബംഗാള്‍ മുസ് ലിംകളുടെ ദയനീയാവസ്ഥ വിശദമായി തുറന്നുകാണിച്ചിട്ടുണ്ട്.

അരമണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കാണുകയായിരുന്നു അടുത്ത ലക്ഷ്യം. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅ നിസ്‌കാരത്തിനായി വഴിമധ്യേ ഒരു പള്ളിയില്‍ കയറി. ഉത്തരേന്ത്യന്‍ ശൈലിയില്‍ നിര്‍മിച്ച ആ പള്ളി ഹനഫീ മദ്ഹബ് പ്രകാരമാണെന്ന് അറിയാന്‍ കഴിഞ്ഞു. ആ ഗ്രാമത്തിലെ താരതമ്യേന ഉയര്‍ന്ന കെട്ടിടമായിരുന്നു ആ പള്ളി. ചണനൂല്‍കൊണ്ട് മെടഞ്ഞ പായയാണ് പള്ളിയുടെ അടുത്തളത്തില്‍ വിരിച്ചിരിക്കുന്നത്. ചണവും നെല്ലും വ്യാപകമായി കൃഷി ചെയ്യുന്ന ബംഗാളിലെവിടെയും ചണനൂല്‍പ്പായ കാണാമായിരുന്നു. വൃത്തിഹീനമായിരുന്ന ആ പള്ളിയുടെ പരിസരം ആ ഗ്രാമീണ ജനതയുടെ നേര്‍പതിപ്പായി തോന്നി. പള്ളിയിലെ ഇമാമിന്റെ ഖുതുബ കേട്ട് ഞങ്ങള്‍ തരിച്ചിരുന്നു. വ്യക്തതയില്ലാത്ത എന്തൊക്കെയോ ശബ്ദങ്ങള്‍. ഖുര്‍ആന്‍ പാരായണവും വളരെ മോശം. ഇതുപോലെത്തന്നെയാണ് ബംഗാളിലെ മറ്റുപള്ളികളിലെയും അവസ്ഥയെന്ന് കൂടെ വന്നിരുന്ന നൂറാനികള്‍ പറഞ്ഞു. ആ പ്രദേശത്തൊന്നും കാര്യമായ മതപാഠശാലകളോ മദ്‌റസാ സംവിധാനങ്ങളോ ഇല്ലാത്തതിന്റെ അടയാളമായിരുന്നു അത്. നമ്മുടെ നാട്ടില്‍ എം എ ഉസ്താദും തരുവണ ഉസ്താദും ഓടിനടന്ന് മദ്‌റസകള്‍ സ്ഥാപിക്കാന്‍ കാണിച്ച ആവേശത്തിന് ആവോളം സ്തുതി പറഞ്ഞുപോയ നിമിഷങ്ങള്‍.

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഞങ്ങളെത്തുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാര്‍ പൊലിപ്പിച്ച ഹിന്ദു-മുസ്‌ലിം വര്‍ഗീയതയുടെ ചരിത്ര സ്മാരകമായി ഈ അതിര്‍ത്തി ഇന്നും നിലകൊള്ളുന്നു. വിഭജനത്തിന്റെ നാളുകളില്‍ നാടും കുടുംബവും വിട്ട് പലായനം ചെയ്യേണ്ടിവന്ന അനേകം ജനങ്ങളുടെ നോവും നനവും ഊര്‍ന്നുകിടക്കുന്ന ഈ മണ്ണില്‍ നില്‍ക്കുമ്പോള്‍ അനിയന്ത്രിതമായ വൈകാരികത തള്ളിവന്നു. ഇന്ന് മുസ്‌ലിംകള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ് ബംഗ്ലാദേശ്. അഭിവൃദ്ധിപ്പെട്ട് വരുന്നതേയുള്ളൂ. അതിര്‍ത്തി സംരക്ഷിക്കുന്ന ഒരുകൂട്ടം പട്ടാളക്കാര്‍ അവിടെ കാവല്‍ നില്‍ക്കുന്നത് കാണാമായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് അല്‍പം പിറകോട്ട് മാറിയാണ് വേലികെട്ടിയിരുന്നത്. അവിടെ കണ്ട ഒരു പട്ടാളക്കാരനോട് അതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എതിരാളികള്‍ അതിര്‍ത്തി വിട്ട് ഉള്ളിലേക്ക് കടന്നാലല്ലേ വെടിയുതിര്‍ക്കാന്‍ പറ്റൂ!. ഇന്ത്യ- ബംഗ്ലാദേശ് സൗഹൃദത്തിന്റെ അടയാളമെന്നോണം മറ്റു അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ സംഘര്‍ഷങ്ങള്‍ ഉണ്ടാവാറില്ല.

മൂന്ന് ദിവസത്തെ ഹൃസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊല്‍ക്കത്ത സിറ്റി കാണാന്‍ പോയി. അനേകം നാഗരിക സ്വപ്‌നങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊല്‍ക്കത്ത എന്ന ആനന്ദ നഗരി ആധുനികമായി ഏറെ വളര്‍ന്നിട്ടുണ്ടെങ്കിലും പൗരാണികത അങ്ങിങ്ങായി തളം കെട്ടിനില്‍ക്കുന്നത് കാണാമായിരുന്നു. സിറ്റിയുടെ പല ഭാഗത്തും തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഇതിന്റെ സാക്ഷ്യങ്ങളായിരുന്നു. മുഗള്‍ ഭരണകാലത്ത് മുസ്‌ലിം സംസ്‌കൃതിയുടെ സിരാകേന്ദ്രമായിരുന്ന കൊല്‍ക്കത്തയുടെ തെരുവുകളില്‍ അഷ്ടിക്ക് വകയില്ലാതെ വലയുന്ന മുസ്‌ലിം സമൂഹത്തിന്റെ ചിത്രം എത്ര ഭയാനകമാണ്. ഉപജീവനത്തിനുവേണ്ടി ഗ്രാമങ്ങളില്‍നിന്ന് പട്ടണത്തിലേക്ക് ചേക്കേറിയ മുസ്‌ലിം പാവങ്ങള്‍ കൊല്‍ക്കത്തയുടെ തെരുവുകളില്‍ നരകിച്ചുജീവിക്കുന്നു. പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായിരുന്ന എം കെ എ സിദ്ദീഖ് മുസ്‌ലിംസ് ഇന്‍ കല്‍ക്കട്ട എന്ന പുസ്തകത്തില്‍ ആ ദയനീയത കോറിയിട്ടിട്ടുണ്ട്. പതിനഞ്ച് ശതമാനം മാത്രം മുസ്‌ലിംകള്‍ ജീവിക്കുന്ന സിറ്റിയില്‍ അറുപത് ശതമാനം റിക്ഷ വലിക്കുന്നവരും തൊണ്ണൂറുശതമാനം ബീഡി തെറുപ്പുകാരും മുസ്‌ലിംകളാണ് എന്ന സത്യം അദ്ദേഹം എഴുതിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മുസ്‌ലിംകളില്‍ എഴുപത് ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് സെന്‍സസ് കണക്കുകള്‍ വെളിപ്പെടുത്തിയത് ഈയടുത്താണ്. കൊല്‍ക്കത്ത സിറ്റിയില്‍ ഞങ്ങള്‍ കയറിയ റിക്ഷ ഉന്തുവണ്ടിയിലെ തന്‍വീറുല്ല എന്ന ചെറുപ്പക്കാരന്‍ ഞങ്ങളോട് അദ്ദേഹത്തിന്റെ ദുരന്ത പൂര്‍ണമായ ജീവിതം വിവരിച്ചുതന്നു. എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്റെ വേദനയായി അത് ഞങ്ങളുടെ ആത്മാവില്‍ കൊണ്ടു.

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കൊല്‍ക്കത്ത സിറ്റിയിലെ ആകര്‍ഷണീയമായ ഒരു ദൃശ്യം ഹൗറ പാലമാണ്. ആനന്ദനഗരി(ഇശ്യേ ീള ഷീ്യ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്‍ക്കത്തയുടെ സൗന്ദര്യം ഏറ്റവും ആസ്വാദ്യകരമാകുന്നത് ഈ പാലത്തിലെത്തുമ്പോഴാണ്. രാത്രി സമയത്ത് നിറഞ്ഞ് പ്രകാശിച്ചുനില്‍ക്കുന്ന പാലം കൊല്‍ക്കത്ത സിറ്റിയുടെ കാഴ്ചക്ക് മാറ്റുകൂട്ടുന്നു. 1943ല്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് ഈ പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. ഹൗറ സിറ്റിയെ കൊല്‍ക്കത്ത സിറ്റിയുമായി ബന്ധിപ്പിച്ചിരുന്ന പഴയ പൊന്റൂണ്‍(ജീിീേീി ആൃശറഴല) പാലത്തെ പരിഷ്‌കരിച്ചാണ് ഹൗറ പാലം പണിതത്. ഹൂഗ്ലി നദിക്ക് കുറുകെ നീണ്ട് നിവര്‍ന്ന് കിടക്കുന്ന പാലത്തിന് താങ്ങായി ഒരു തൂണ് പോലുമില്ല എന്നതാണ് വലിയ അത്ഭുതം. നദിക്കരയിലെ രണ്ട് വലിയ ബീമുകള്‍ക്കിടയില്‍ തൂക്കിയിട്ട രൂപത്തിലാണ്(ഇമിശേഹല്‌ലൃലെ ആൃശറഴൃ) പാലം സംവിധാനിച്ചിരിക്കുന്നത്. 1966ന് ശേഷം രബീന്ദ്രനാഥ ടാഗോറിന്റെ സ്മരണാര്‍ത്ഥം ഈ പാലത്തിന് രബീന്ദ്ര സേതുവെന്ന് പുനഃനാമകരണം ചെയ്തുവെങ്കിലും ഹൗറ പാലം എന്ന പേരിലാണ് ഇന്നും ഇതറിയപ്പെടുന്നത്.

ഹൂഗ്ലി നദിക്കരയില്‍തന്നെ സിറ്റിയുടെ പൗരാണിക സൗന്ദര്യത്തെ നിലനിര്‍ത്തുന്ന മനോഹരമായ മറ്റൊരു കെട്ടിടമാണ് വിക്ടോറിയ പാലസ്. യാത്രക്കിടയില്‍ ഞങ്ങള്‍ ദൂരെ നിന്ന് നോക്കിക്കണ്ടു. 1921ല്‍ വിക്ടോറിയ രാജ്ഞിയുടെ ഓര്‍മക്ക് പണികഴിപ്പിച്ച ഈ കെട്ടിടം വലിയ വെള്ള മാര്‍ബിള്‍ കല്ലുകള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മുഗള്‍-ബ്രിട്ടീഷ് വാസ്തുശില്‍പ കലയുടെ(ഇന്‍ഡോ-സാരസന്‍) അനശ്വര പ്രതീകമായി ഇന്നും അത് നിലകൊള്ളുന്നു. ഇന്ത്യന്‍ പുരാവസ്തു സംരക്ഷണ വിഭാഗത്തിനുകീഴില്‍ ചരിത്രമ്യൂസിയമാണിന്നത് പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍നിന്നും കൊല്‍ക്കത്ത സിറ്റിയില്‍ കുടിയേറിപ്പാര്‍ത്ത മിസ്ബാഹ് എന്ന ചെറുപ്പക്കാരനെ ഞങ്ങള്‍ പരിചയപ്പെട്ടു. തലശ്ശേരിക്കാരനായ അദ്ദേഹം ഇന്ന് കൊല്‍ക്കത്തയില്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നു. ഞങ്ങളുടെ അന്നത്തെ ഭക്ഷണം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഏര്‍പ്പാട് ചെയ്തിരുന്നത്. കേരളത്തില്‍നിന്ന് വരുന്ന പണ്ഡിതന്മാരെയും സന്ദര്‍ശകരെയും സല്‍കരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നയാളാണദ്ദേഹം. കേരളത്തില്‍നിന്ന് ഇങ്ങനെ വന്നു പാര്‍ക്കുന്ന അനേകം പേര്‍ കൊല്‍ക്കത്ത സിറ്റിയിലുണ്ടെന്നദ്ദേഹം പറഞ്ഞു.

ഉസ്താദ് കാന്തപുരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുകയും പശ്ചിമബംഗാളിലെ മുസ്‌ലിംകളുടെ പുരോഗതിക്ക് വേണ്ട നടപടികള്‍ തുടങ്ങിവെക്കുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ മര്‍കസ് ഓഫീസില്‍നിന്ന് തുടങ്ങി ഇന്നത് എണ്‍പതിലേറെ മദ്‌റസകളും സ്ഥാപനങ്ങളുമായി വികസിച്ചിട്ടുണ്ട്. മര്‍കസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ(RCFI) ഭാഗമായി ഇവിടെ രണ്ടായിരത്തിലേറെ ശുദ്ധ ജല കിണറുകള്‍ കുഴിച്ചിട്ടുണ്ട്.

കേരളത്തിലിന്ന് അമ്പതോളം പ്രസിദ്ധമായ ദഅ്‌വ കോളേജുകള്‍ തന്നെയുണ്ട്. ജാമിഅത്തുല്‍ഹിന്ദ് എന്ന യൂണിവേഴ്‌സിറ്റി സംവിധാനത്തിന്റെ കീഴില്‍ അവരെ ഏകോപിപ്പിക്കാന്‍ ഭാഗികമായെങ്കിലും സാധിച്ചിട്ടുണ്ട്. പക്ഷേ ദഅ്‌വ എന്ന വിഷയത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവര്‍ വളരെ വിരളം. ഇതിനൊരു പരിഹാരമെന്നോണം പ്രത്യേക വിഷയമായിത്തന്നെ ദഅ്‌വയെ പഠനപ്രവര്‍ത്തനങ്ങളോടെ സംവിധാനിക്കപ്പെടണം. എന്നാലേ നമുക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയൂ.

ഹക്കീം മുഹ്‌യിദ്ദീന്‍ സഖാഫി, തളീക്കര