ഹൃദയമുള്ളവരേ,അസം നിങ്ങളെ കാത്തിരിക്കുന്നു

ഹൃദയമുള്ളവരേ,അസം നിങ്ങളെ കാത്തിരിക്കുന്നു

ഇസ്‌ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്ക് വേണ്ടിയാണ് ഞങ്ങള്‍ അസമില്‍ പോവുന്നത്. അസമിലെ ദരാംഗ് ജില്ലയിലെ മംഗള്‍ദോയിക്കടുത്തുള്ള ധുല, ഖറൂപാട്ടി, ബല്ലാബാരി തുടങ്ങിയ ഗ്രാമങ്ങളിലേക്കാണ് ഈ പ്രാവശ്യം പോയത്. തലസ്ഥാനമായ ഗുവാഹട്ടിയില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയാണ് ഈ ഗ്രാമങ്ങള്‍. അസമിലെ പട്ടിണിപ്പാവങ്ങളുടെ സംഗമ ഭൂമിയാണ് ദരാംഗ് ജില്ല.

ജനങ്ങള്‍ കറന്‍സിക്ക് വേണ്ടി ബാങ്കുകളിലും എ.ടി.എം. കൗണ്ടറുകളിലും ചെന്ന് ക്യൂ നില്‍ക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന സമയത്തായിരുന്നു യാത്ര. പക്ഷേ ദരാംഗ് ജില്ലയില്‍ ഇങ്ങനെയൊരു പ്രശ്‌നമില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അവരുടെ കയ്യിലെത്തിയിട്ടുവേണ്ടേ!

നവംബര്‍ 12നാണ് ഞങ്ങള്‍ മംഗള്‍ദോയിയില്‍ എത്തിയത്. ഞാനും അബ്ദുല്‍ കരീം കാരാത്തോടും നേരത്തെയെത്തി. 2016 നവംബര്‍ 16, 17 തിയ്യതികളില്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിച്ച ബഹുമുഖ പദ്ധതികളുടെ സംഘാടനത്തിനും ആസൂത്രണത്തിനും വേണ്ടിയായിരുന്നു ഇത്.

സംഘര്‍ഷ ഭൂമിയായി മാറിയ അസമിലേക്ക് പോകുമ്പോള്‍ ബംഗ്ലാദേശി സ്വദേശി പ്രശ്‌നത്തിന്റെ പേരില്‍ നടക്കുന്ന കുടിയൊഴിപ്പിക്കലും, ലഹളയും എല്ലാം ഓര്‍ത്ത് പരിഭ്രാന്തിയുണ്ടാവുക സ്വാഭാവികം. 2014ല്‍ അവസാനം നടന്ന കലാപത്തില്‍ മാത്രം എഴുപതിനായിരം മുസ്‌ലിംകളാണ് വീട് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. കോക്രാജര്‍ കലാപത്തില്‍ 55 പേരെയാണ് വെടിവെച്ച് കൊന്നത്. ഈ കലാപങ്ങളെല്ലാം ചര്‍ച്ച ചെയ്തുകൊണ്ടാണ് ഞങ്ങളുടെ യാത്ര. ഇതൊരു ഉല്ലാസ യാത്രയായിരുന്നില്ല എന്നു ചുരുക്കം.

ഒരു വൈകുന്നേരമാണ് ഞങ്ങള്‍ മംഗള്‍ദോയിയില്‍ എത്തിയത്. മഞ്ഞ് കാലത്തിന്റെ ആരംഭമാണ്. സുഖകരമായ കാലാവസ്ഥ.

അങ്ങാടിയില്‍ എവിടെയും മാലിന്യങ്ങള്‍ കാണുന്നില്ല. വൈകിട്ട് 5 മണി ആയതോടെ സന്ധ്യയായി. എവിടെ നോക്കിയാലും സൈക്കിള്‍ യാത്രക്കാര്‍. ചായപ്പീടികയിലും ബേക്കറിയിലും നല്ല തിരക്കാണ്. എല്ലാവരും കഴിക്കുന്നത് മധുര പലഹാരങ്ങള്‍ മാത്രം.

ഹോട്ടലില്‍ എപ്പോഴും ചോറ് സുലഭം. പാന്‍ മസാലകള്‍ ഇത്രയധികം ഉപയോഗിക്കുന്നവര്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. പുകവലിയും മദ്യപാനവും വ്യാപകമാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് കേരളത്തിലേതിനെക്കാളും വിലയാണ്. രാത്രി ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി. ചോറും പരിപ്പ് കറിയും, ചില ഉപ്പേരികളും. എല്ലാ മേശകളിലും പച്ച മുളക് ഒരു പ്ലൈറ്റില്‍ വെച്ചിട്ടുണ്ടാകും. ഭക്ഷണം കഴിച്ചു ഞങ്ങള്‍ റോഡിലിറങ്ങി. തൊട്ടടുത്ത അമ്പലത്തില്‍ ഉത്സവം നടക്കുകയാണ്. എവിടെയും സൗഹൃദാന്തരീക്ഷമാണ്. ഇവിടെ രാഷ്ട്രീയവും മതവും തീ പിടിക്കുന്ന വികാരമായി പടര്‍ന്നിട്ടില്ല. വിശപ്പാണ് എല്ലാവരുടെയും പ്രശ്‌നം.

പിറ്റേന്ന് കാലത്ത് പ്രാതലിനായി അങ്ങാടിയിലിറങ്ങി. അങ്ങാടി നിറയെ ആളുകള്‍. ആരെങ്കിലും ജോലിക്ക് വിളിക്കുമോ എന്ന് പ്രതീക്ഷിച്ച് ഇറങ്ങിയവരാണ്. പക്ഷേ ആര് വിളിക്കാന്‍. അതിനുള്ള സൗഭാഗ്യം അപൂര്‍വ്വം ആളുകള്‍ക്ക് മാത്രം കിട്ടുന്നതാണ്. പകലന്തി വരെ പണിയെടുത്താല്‍ 200 രൂപ കിട്ടും. ഞങ്ങള്‍ ഹോട്ടലില്‍ കയറി. പ്രാതലായി കഴിക്കാന്‍ പൂരി മാത്രം. ദോശയോ, ഇഡ്‌ലിയോ, പൊറാട്ടയോ ഒന്നും ഇവിടുത്തെ ഹോട്ടലില്‍ കാണുന്നില്ല.

പിന്നീട് ഞങ്ങള്‍ ധുലയിലേക്ക് പോയി. മംഗള്‍ദോയിയില്‍ നിന്നും 6 കിലോമീറ്റിര്‍ അകലെയാണിത്. അവിടുത്തെ പോലീസ് സ്‌റ്റേഷന്റെ അടുത്താണ് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അവിടെ കുറെയാളുകള്‍ കൂടിയിട്ടുണ്ട്. അവിടെ കൂടിയ ആളുകള്‍ക്ക് ഇസ്‌ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും അവിടെ ബോര്‍ഡിന്റെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

ഞങ്ങള്‍ വിശിഷ്ടാതിഥികള്‍ക്കായി മാത്രം ഉച്ച ഭക്ഷണം പാര്‍സലായി കൊണ്ടു വന്നിരുന്നു. 50 രൂപ വിലയുള്ള ബിരിയാണി പായ്ക്ക്. ഇത്തരം മൂന്ന് പായ്ക്കറ്റെങ്കിലും കഴിച്ചാലേ നമ്മുടെ നാട്ടിലെ ബിരിയാണി പാക്കറ്റിന്റെ സംതൃപ്തി കിട്ടൂ. മദ്‌റസയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരാരും ഉച്ച ഭക്ഷണം കഴിക്കുന്നതായി കാണുന്നില്ല. അവരുടെ മുമ്പില്‍ വെച്ച് ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങളന്വേഷിച്ചു. ‘എവിടെ നിന്ന് കഴിക്കാന്‍’ എന്ന് മാത്രം പറഞ്ഞ് ഒരാള്‍ ഒഴിഞ്ഞുമാറി. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഉടനെ എല്ലാവര്‍ക്കുമായി ഭക്ഷണം കൊണ്ടുവരാന്‍ ഞങ്ങള്‍ ഏര്‍പ്പാടുണ്ടാക്കി. അന്ന് ഉച്ചക്ക് ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിച്ചു.

മംഗള്‍ദോയിയില്‍ പ്രശസ്ത സാഹിത്യകാരനും മെഡിക്കല്‍ പ്രൊക്ടീഷനറുമായ ഡോ. അമേന്ദ്ര നാരായണന്‍ ധമ്പിന്റെ ഹോസ്പിറ്റലില്‍ ഞങ്ങള്‍ ചെന്നു. അദ്ദേഹം വളരെ ഹൃദ്യമായി ഞങ്ങളെ സ്വീകരിച്ചു. ബോധവല്‍ക്കരണ ക്ലാസിലേക്കും ഓഫീസ് ശിലാ സ്ഥാപന കര്‍മ്മത്തിനുമുള്ള ഞങ്ങളുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു.

അസമിലെ പിന്നോക്ക പ്രദേശങ്ങളിലെ അമ്പരപ്പിക്കുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഡോക്ടര്‍ അമരേന്ദ്ര പറഞ്ഞുതുടങ്ങി. അസമിന്റെ സാക്ഷരതാ നിരക്ക് 73 ശതമാനമാണ്. ജനസംഖ്യയില്‍ 35 ശതമാനത്തിന്റെ സാമൂഹിക പുരോഗതി ഒരു പാര്‍ട്ടിയുടെയും അജണ്ടയില്‍ ഇല്ല. മുസ്‌ലിം പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളൊന്നും ഇത് വരെ ഈ ഭാഗങ്ങളില്‍ ലഭിച്ചിട്ടുമില്ല- ഡോക്ടര്‍ പ്രസംഗമധ്യേ പറഞ്ഞു. ഞങ്ങള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഡോക്ടര്‍ കേട്ടിരുന്നു. സര്‍വ പിന്തുണയും അറിയിച്ചു.

2016 നവംബര്‍ 15-ാം തിയ്യതി ഞങ്ങള്‍ ധുലയിലെ ബോര്‍ഡ് ഓഫീസില്‍ സംഗമിച്ചു. നിരവധി പേര്‍ അരി പായ്ക്ക് ചെയ്യുന്നതിനും സംഘാടനത്തിനുമായി അവിടെ എത്തിച്ചേര്‍ന്നു. എന്തിനും ആളുകള്‍ വരും. അവരെ തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്ന് മാത്രം.

എന്ത്‌കൊണ്ട് ഈ ജനവിഭാഗത്തിന് ഇത്ര ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടി വന്നു? ജനസംഖ്യയില്‍ 35% ഉണ്ടായിട്ടും ഒന്‍പത് ജില്ലകള്‍ മുസ്‌ലിം പ്രദേശമായിട്ടും ഒരു പുരോഗതിയും നേടാത്ത നിരക്ഷരരായി എങ്ങനെ അസാം മുസ്‌ലിംകള്‍ മാറി? ധുലയിലെ ഹയര്‍ സെക്കണ്ടറി അധ്യാപകന്‍ അബ്ദുല്‍ മജീദ് പറയുന്നത് നോക്കൂ: 8%മാണ് ഇവിടുത്തെ സാക്ഷരത. 98% പേര്‍ക്കും മതബോധമില്ല. ആരും സ്‌കൂളിലോ മദ്‌റസയിലോ പഠിച്ചിട്ടില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പല പള്ളികളിലും സംഘടിത നിസ്‌കാരം നടക്കുന്നില്ല. ഭക്ഷണവും വസ്ത്രവും വീടും കുടിവെള്ളവും ഇല്ലാത്തവരോട് വേദമോതിയിട്ട് ഫലമില്ല.

2012ലെ ബോഡോ കലാപം മൂലം 4 ലക്ഷത്തിലധികം ആളുകളാണ് അസമില്‍ നിന്നും വീട് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. നൂറിലധികം ജനങ്ങള്‍ ഈ കലാപത്തില്‍ മരിച്ചു. 2014ല്‍ കൊക്രാജര്‍ കലാപം മൂലം എഴുപതിനായിരം മുസ്‌ലിംകള്‍ ഭവന രഹിതരായി. 55 ആളുകള്‍ വെടിയേറ്റ് മരിച്ചു. കോക്രാജര്‍, ബക്ഷ, ഷിറാജ്, ഉഡാല്‍ഗുരി എന്നീ 4 ജില്ലകള്‍ ബോഡോകാര്‍ക്ക് കൊടുത്തു. ഈ ജില്ലകളില്‍ ബോഡോ ജനവിഭാഗം ജനസംഖ്യയില്‍ 30 ശതമാനമായിട്ടും ഭൂരിപക്ഷത്തെ ഒതുക്കാന്‍ അധികാരം ദുരുപയോഗം ചെയ്ത് ഇവര്‍ക്ക് ചുമതല നല്‍കി. ബോഡോ അല്ലാത്ത 70% ത്തില്‍ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും, ആദിവാസികളും, രാജ്ബന്‍ഷികളും, മുസ്‌ലിംകളും ഉള്‍പ്പെടുന്നു. ഈ പ്രദേശത്തെ 45 അസ്സംബ്ലി സീറ്റില്‍ 35 സീറ്റ് ബോഡോകള്‍ക്ക് റിസര്‍വ്വ് ചെയ്തുകൊടുത്തു. ബാക്കി വരുന്ന പത്ത് സീറ്റില്‍ രണ്ട് റിസര്‍വ്വേഷന്‍ സീറ്റ് കഴിച്ചാല്‍ എട്ട് സീറ്റ് മാത്രമേ ജനറല്‍ സീറ്റുള്ളൂ. ഈ വിവേചനത്തില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷ വിഭാഗം വോട്ടെടുപ്പില്‍ നിന്നും മാറി നിന്നു. ഇതിന്റെ പേരില്‍ ബോഡോക്കാര്‍ വെടിവെപ്പ് നടത്തി കലാപം സൃഷ്ടിച്ചു.

ബോഡോ തീവ്രവാദികള്‍ തരുണ്‍ ഗോഗോയ് ഭരണത്തില്‍ പങ്കാളിയായതിനാല്‍ ഭരണ പക്ഷത്തിന്റെ എല്ലാ പിന്തുണയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

ബോഡോ തീവ്രവാദികളുടെ ആക്രമണത്തിന് വിധേയമാകുന്ന മുസ്‌ലിംകളുടെ നേരെ നിത്യ ശാപമായി ഉയര്‍ത്തികൊണ്ടു വരുന്ന പ്രശ്‌നമാണ് ബംഗ്ലാദേശി സ്വദേശി പ്രശ്‌നം. ഈ പ്രശ്‌നം പറഞ്ഞ് അസമിലെ മുഴുവന്‍ മുസ്‌ലിംകളും ബംഗ്ലാദേശില്‍ പോകേണ്ടവരാണ് എന്ന രീതിയില്‍ സംഘപരിവാര്‍ ആഹ്വാനം മുഴങ്ങുകയാണിവിടെ. ബി.ജെ.പി. തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞത് ഏതൊരു ഹിന്ദു ബംഗ്ലാദേശില്‍ നിന്നും അസമിലേക്ക് വന്നോ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണം, മുസ്‌ലിംകള്‍ വന്നാല്‍ അവരെ പുറത്താക്കണമെന്നുമാണ്. 1970ല്‍ ബംഗ്ലാദേശ് രൂപീകരിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് വന്നു. മുസ്‌ലിംകള്‍ മാത്രം കടന്നുകയറിയവരാകുന്നതെങ്ങിനെ?

1995ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ എല്ലാവരും അംഗീകരിച്ചതാണ്. 1971 മാര്‍ച്ച് 25 ഡെഡ്‌ലൈനായി കണക്കാക്കി അതിന് ശേഷം വന്നവരെ ബംഗ്ലാദേശികളായി പരിഗണിക്കാമെന്നതാണ് കരാര്‍. ഈ കരാറിന് ശേഷവും എന്തുകൊണ്ട് ഇതിന്റെ പേരില്‍ കലാപമുണ്ടാകുന്നു എന്ന ചോദ്യത്തിന് മജീദിന്റെ മറുപടി ഇങ്ങനെ:

ബംഗ്ലാദേശി പ്രശ്‌നം എല്ലാ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് ആയുധമാണ്. പാസ്‌പോര്‍ട്ടും, ഐ.ഡി. കാര്‍ഡുകളും ഉണ്ടായിട്ടും ഇവിടുത്തെ മുസ്‌ലിംകളുടെ തലക്ക് മുകളില്‍ ബംഗ്ലാദേശി മുദ്ര തൂങ്ങി നില്‍ക്കുന്നു. ബംഗ്ലാദേശികളെ നാട്കടത്തും എന്ന് പറഞ്ഞ് 1985ല്‍ ആദ്യമായി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് അസം ഗണപരിഷത്ത്. ഈ ഭരണത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെറും 6724 മാത്രമാണ് ബംഗ്ലാദേശികളായി കണ്ടെത്തിയത്. എന്നിട്ടും മാറി വരുന്ന ഭരണാധികാരികളും ഗവര്‍ണര്‍മാരും അസമിലെ മുസ്‌ലിംകള്‍ മുഴുവന്‍ ബംഗ്ലാദേശികളാണെന്ന് പറഞ്ഞുനടക്കുന്നു.

മൗലാനാ ബദറുദ്ദീന്‍ അജ്മല്‍ സാഹിബ് മുസ്‌ലിംകളുടെ നേരെ വരുന്ന അധികാരി വര്‍ഗത്തിന്റെ വിവേചനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ഓള്‍ ഇന്ത്യ യൂണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (അകഡഉഎ) എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി മികച്ച പ്രകടനം നടത്തി. 2005ല്‍ രൂപീകൃതമായ ഈ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 14 സീറ്റില്‍ 3 സീറ്റ് ലഭിച്ചുവെന്നത് വലിയ നേട്ടം തന്നെ. അസമിലെ വംശഹത്യയും കുടിയൊഴിപ്പിക്കലുമെല്ലാം പാര്‍മെന്റില്‍ വളരെ ശക്തമായി ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡണ്ടും ദയുബന്ദ് ശൂറ മെമ്പറുമായ അജ്മല്‍ സാഹിബിന്റെ നേതൃത്വത്തില്‍ നിരവധി മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അസമില്‍ പ്രവര്‍ത്തിച്ച് വരുന്നു. സമ്പന്നനായ അദ്ദേഹം വഹാബിസം പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നു എന്നതിനാല്‍ സുന്നി വിഭാഗം കോണ്‍ഗ്രസിനെ പിന്തുണക്കുന്നു.

16-ാം തിയ്യതി കാലത്ത് 10 മണിക്ക് ഘറോപാട്ടിയയിലെത്തി. കുടിവെള്ള പദ്ധതിയുടെ ഉല്‍ഘാടനത്തിനായി അവിടെ നൂറ്കണക്കിന് ആളുകള്‍ സമ്മേളിച്ചിരുന്നു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ തങ്ങളുടെ പ്രര്‍ത്ഥനക്ക് ശേഷം കൗണ്‍സിലര്‍ ഗണേഷ് ഗൗസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കിണറുകളും, ടോയ്‌ലറ്റുകളും ആവശ്യപ്പെട്ട് നിരവധി ആളുകള്‍ നേതാക്കളുടെ ചുറ്റും കൂടി. എല്ലാവരെയും സമാധാനിപ്പിച്ച് ഞങ്ങള്‍ മദ്‌റസ ഉദ്ഘാടനത്തിനായി ധുലയിലേക്ക് തിരിച്ചു.
മുഴു പട്ടിണിയും അജ്ഞതയും മൂലം പ്രതികരണ ശേഷി നഷ്ടപ്പെട്ട് പോയ ഒരു ജന തയാണിത്. കോണ്‍ഗ്രീറ്റിട്ട ഒരു വീട് പോലും ഈആ പരിസര പ്രദേശത്ത് കാണില്ല. പലരുടെയും ദുരിതപൂര്‍ണ്ണമായ ജീവിത കഥകള്‍ കേട്ടാണ് ഞങ്ങളുടെ യാത്ര. അവരുടെ വിവരണങ്ങള്‍ കേട്ട് ഞങ്ങള്‍ കണ്ണീര്‍ വാര്‍ത്തു. ശിഥിലമായ കുടുംബ ബന്ധങ്ങള്‍ മൂലം എത്രയെത്ര മക്കളാണ് അലഞ്ഞ് നടക്കുന്നത്. ഇവിടുത്തെ ഒരു മക്കളോടും സ്വന്തം മാതാപിതാക്കളെക്കുറിച്ച് ചോദിക്കാതിരിക്കുകയാണ് നല്ലത്. ഒരു കുട്ടി വളരെ വികാരത്തോടെ പറഞ്ഞു: ബാപ്പ് അച്ഛാ ആദ്മി നഹി ഹെ.

ധുല വളരെ സുന്ദരമായ പ്രദേശമാണ്. നെല്‍പാടങ്ങള്‍ വലിയ ഭൂവുടമകളുടെ കൃഷി സ്ഥലങ്ങളാണ്. ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന മദ്‌റസ മുറ്റത്ത് പരിസര വാസികള്‍ സമ്മേളിച്ചിരുന്നു. ഈ പ്രദേശത്തുള്ളവര്‍ക്ക് വലിയ പള്ളിയോ, മദ്‌റസയോ വേണ്ട. മരചുവട്ടിലും, വെയിലത്തും, മഞ്ഞിലും നടക്കുന്ന മദ്‌റസകള്‍ക്ക് ഒരു ഷെഡെങ്കിലും വേണമെന്നേ അവര്‍ക്കുള്ളൂ.

മദ്‌റസ ഹാളില്‍ തിങ്ങിക്കൂടിയവര്‍ക്ക് ഞങ്ങള്‍ ചായയും പലഹാരവും വിതരണം ചെയ്തു. മദ്‌റസയുടെ നടത്തിപ്പിനെക്കുറിച്ചും അറിവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങള്‍ അവരോട് സംസാരിച്ചു. മദ്‌റസ പരിസരത്ത് ഈ സമയത്ത് ഇത്രയധികം ആളുകള്‍ എങ്ങിനെ സമ്മേളിച്ചുവെന്ന് ചിന്തിക്കേണ്ടതില്ല. ഒരു ലക്ഷം പേരെ സംഘടിപ്പിക്കാന്‍ ഓരോ പൊതി ചോറുണ്ടെങ്കില്‍ നിഷ്പ്രയാസം കഴിയും.

ഉച്ച ഭക്ഷണത്തിന് ശേഷം മംഗള്‍ദോയിക്കടുത്ത് പൊതു യോഗത്തിനും റിലീഫ് വിതരണത്തിനുമായി ഞങ്ങള്‍ ചെന്നു. അവിടെ വലിയൊരു ജനാവലി സമ്മേളിച്ചിരുന്നു. പ്രസംഗം കേള്‍ക്കാനല്ല. അരി വാങ്ങാന്‍ ടോക്കണെടുത്തവരാണ്. പത്ത് കിലോയുടെ ആയിരം കിറ്റുകള്‍ ഞങ്ങള്‍ കരുതിവെച്ചിരുന്നു. പക്ഷേ വിവരം കേട്ടറിഞ്ഞ് ഇരട്ടിയിലധികം ആളുകളെത്തി. അന്ന് പത്ത് കിലോ അരി ലഭിക്കാത്തവര്‍ക്കെല്ലാം പുതിയ ടോക്കണ്‍ നല്‍കി പിറ്റേന്ന് തന്നെ അരി നല്‍കാനുള്ള ഏര്‍പാട് ചെയ്തു. യോഗം കഴിഞ്ഞ് ഞങ്ങള്‍ ലോഡ്ജില്‍ തിരിച്ചെത്തി.

17-ാം തിയ്യതി രാവിലെ 8 മണിക്ക് ബോര്‍ഡിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങായിരുന്നു. കാലത്ത് പ്രാതല്‍ കഴിക്കാതെയാണ് അങ്ങോട്ട് ചെന്നത്. 8 മണിക്ക് തന്നെ ഉല്‍ഘാടനത്തിനായി ഡോ. അമരേന്ദ്ര നാരായണ്‍ ധബ് എത്തിച്ചേര്‍ന്നിരുന്നു. ഡോക്ടറുടെ ഒരു മണിക്കൂര്‍ ക്ലാസ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും സമൂഹത്തില്‍ നടക്കുന്ന നാനാതരം തിന്മകളെക്കുറിച്ചും ഉണര്‍ത്തികൊണ്ടായിരുന്നു.

പിന്നീട് ധുലയിലെ കുഴല്‍ കിണര്‍ ഉദ്ഘാടനത്തിനായി പോയി. ധുല പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. ആര്‍.കെ. ഹസാരിക്കയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ സമ്മേളിച്ചിരുന്നു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമ്മേളനം മുന്‍ എം.പി. മാധവ് ചന്ദ്ര് രാജ ബന്‍ഷി ഉദ്ഘാടനം ചെയ്തു. അരി ടോക്കണ്‍ ലഭിക്കാത്ത നൂറ് കണക്കിന് ആളുകള്‍ ഇവിടെയും സമ്മേളിച്ചിരുന്നു. അവര്‍ക്കും പുതിയ ടോക്കണ്‍ നല്‍കി അടുത്ത ദിവസം അരി എത്തിക്കാമെന്ന് ഉറപ്പ് നല്‍കി.

ഉച്ചക്ക് ശേഷം ധുല, ഖറോപാട്ടിയ തുടങ്ങിയ ഗ്രാമ പ്രദേശത്തിന്റെ ഉള്‍ഭാഗത്തേക്ക് മോട്ടോര്‍ ബൈക്കിലാണ് ഞങ്ങള്‍ പോയത്. യാത്രായോഗ്യമല്ലാത്ത റോഡുകള്‍ ഒന്നിച്ച് ബൈക്കുകളിലുള്ള ഞങ്ങളുടെ യാത്ര വളരെ കൗതുകത്തോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. ബൈക്ക് തന്നെ ഈ പ്രദേശത്ത് അപൂര്‍വ്വ കാഴ്ചയാണ്. ഇവിടുത്തെ മികച്ച വാഹനം സൈക്കിളാണ്. കുണ്ടും കുഴിയുമുള്ള റോഡിലൂടെ പതുക്കെയാണ് ഞങ്ങള്‍ നീങ്ങിയത്.

ബൈക്ക് നിര്‍ത്തിയാല്‍ എന്തെങ്കിലും പ്രതീക്ഷിച്ച് തെരുവിലെ ആളുകള്‍ ഓടി വരും. വഴിയോരങ്ങളിലെല്ലാം കൊച്ചു കുട്ടികള്‍ തളര്‍ന്ന് ചളി പുരണ്ട് അര്‍ദ്ധ പ്രാണരായി കഴിയുന്ന കാഴ്ച ആരെയും വേദനിപ്പിക്കും. കുട്ടികള്‍ക്കായി കുറേ പലഹാരങ്ങളുമായാണ് ഞങ്ങള്‍ യാത്ര ചെയ്തത്. എത്ര കുട്ടികള്‍ക്കാണ് പലഹാരം നല്‍കുക. ആരുടെ സങ്കടമാണ് കേള്‍ക്കുക. ഇത്രയധികം കുട്ടികള്‍ തെരുവിലേക്ക് വലിച്ചറിയപ്പെട്ട മറ്റൊരു പ്രദേശം വേറെ ഉണ്ടാകുമോ?

വഴിയോരങ്ങളില്‍ ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ ചില ഷെഡുകള്‍ കണ്ടു. അതാണ് പള്ളികള്‍. പള്ളിക്ക് സമീപം മൂത്രമൊഴിക്കാനോ വുളൂ ചെയ്യാനോ സൗകര്യമില്ല. ഇവിടെയാരും നിസ്‌കരിക്കുന്നതായും കണ്ടില്ല. നിസ്‌കരിക്കാന്‍ ആര്‍ക്കും അറിയില്ല. 100% നിരക്ഷരര്‍. ഇസ്‌ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ മദ്‌റസകളാണ് ഇവര്‍ക്ക് ആദ്യാക്ഷരം നല്‍കുന്നത്. ആയിരക്കണക്കിന് മദ്‌റസകളും സ്‌കൂളുകളും ഇവിടെ ഉയരേണ്ടിയിരിക്കുന്നു.

പള്ളിയിലെ ഇമാമിനോ മദ്‌റസയിലെ അധ്യാപകര്‍ക്കോ ഒരു രൂപ പോലും ശമ്പളമില്ല. ആഴ്ചയില്‍ ഒരിക്കല്‍ പള്ളിയിലെ ഇമാം തെരുവില്‍ തെണ്ടി നടന്ന് ലഭിക്കുന്ന നാലോ അഞ്ചോ കിലോഗ്രാം അരിയാണ് വേതനവും ജീവിതവുമെല്ലാം. നാട് തെണ്ടാന്‍ ലക്ഷങ്ങള്‍ ചെലവ് ചെയ്യുന്നവര്‍ ഈ വഴിക്കിറങ്ങണം. ഉസ്താദ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ അഭ്യര്‍ത്ഥനകേട്ട് ഉദാരമതികളായ നിരവധി പേര്‍ സംഭാവനകള്‍ അയക്കുന്നുണ്ട്. അസമിലെ മനുഷ്യര്‍ക്ക് ജീവിതം കൊടുക്കാനാണിത്. സന്മനസ്സുള്ളവരേ, ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഇസ്‌ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ
അക്കാദമിക് ഡയരക്ടറാണ് ലേഖകന്‍.
ഫോണ്‍: 09946889923/09447452826