‘നക്ബ’യുടെ തോരാത്ത കണ്ണീര്‍

‘നക്ബ’യുടെ തോരാത്ത കണ്ണീര്‍

ഫലസ്തീനികളുടെ പേരിലുള്ള അറ്റമില്ലാത്ത വഞ്ചനയൂടെ രാഷ്ട്രാന്തരീയ കഥയിലേക്ക് രണ്ടാഴ്ച മുമ്പ് ‘ശാഹിദ് ‘ വെളിച്ചം തൂവിയപ്പോള്‍ ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സൂക്ഷ്മതലങ്ങളെ കുറിച്ച് അറിയാനുള്ള അടങ്ങാത്ത ജിജ്ഞാസ കൊണ്ടായിരിക്കണം പുതുതലമുറയില്‍പ്പെട്ട ചിലര്‍ സംശയങ്ങളുടെ കെട്ടഴിച്ചുനിരത്തി. എന്ന് തൊട്ടാണ് ഫലസ്തീനികളുടെ കണ്ണീര്‍ ‘നക്ബ’യായി (മഹാദുരന്തമായി ) ഒഴുകാന്‍ തുടങ്ങിയതെന്നും ഇസ്രയേല്‍ മക്കളുടെ നെഞ്ചില്‍ എന്തുകൊണ്ടാണ് ഇസ്‌ലാമിനോട് ഇത്രക്കും പകയും വിദ്വേഷവുമൊക്കെ കുമിഞ്ഞുകൂടിയതെന്നുമൊക്കെയാണ് ഇവര്‍ക്ക് അറിയേണ്ടത്. യഹൂദ വര്‍ഗത്തെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചതും പീഡിപ്പിച്ചതും ക്രിസ്ത്യാനികളാണെന്നാണ് ചരിത്രം പറയുന്നതെങ്കിലും എന്ന് തൊട്ടാണ് ‘ജൂതക്രിസ്ത്യന്‍ ‘ കൂട്ടുകെട്ട് അശനിപാതം പോലെ മുസ്‌ലിം നാഗരികയുടെമേല്‍ വന്നുപതിച്ചതെന്ന ചോദ്യവും സ്വാഭാവികമായും ഉയര്‍ന്നുകേട്ടു. എത്ര ശ്രമിച്ചിട്ടും ഫലസ്തീന്‍ സമസ്യ അതിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ അടരുകള്‍ നിവര്‍ത്തി തനിക്ക് ഇന്നേവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹിന്ദി സിനിമ താരം ഷാറൂഖാന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത് വായിച്ചതോര്‍ത്തുപോയി.

വിശുദ്ധ ഖുര്‍ആന്‍ അടക്കം വേദഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട ഒരു ജനതയാണ് ബനീ ഇസ്രാഈല്‍. യേശുക്രിസ്തൂവിനെ (ഈസ നബിയെ ) കുരിശിലേറ്റിയത് യഹൂദ മതപുരോഹിതരും അന്ന് റോം ഭരിച്ച ജൂത ഭരണകൂടവും ഗൂഢാലോചന നടത്തിയാണ്. യേശുവിനെ ഒറ്റുകൊടുത്ത ജൂദാസ് ഒരു യഹൂദനാണ്. യഹൂദര്‍ ജറൂസലമില്‍നിന്ന് നിഷ്‌ക്കാസിതരാവുന്നത് 1800വര്‍ഷം മുമ്പാണത്രെ. ക്രിസ്താബ്ദം 70ലും 1325 ലും ക്രിസ്ത്യാനികളുമായി നടന്ന യുദ്ധത്തില്‍ ജറൂസലമിലെ ജൂതദേവാലയം തകര്‍ക്കപ്പെടുകയും സമുദായമൊന്നടങ്കം ആട്ടിപ്പുറത്താക്കപ്പെടുകയും ചെയ്തു എന്നൊരു ഐതിഹ്യത്തില്‍നിന്നാണ് ‘വാഗ്ദത്ത ഭൂമി’ യെ കുറിച്ചുള്ള ജൂതപരികല്‍പനകള്‍ രൂപം കൊള്ളുന്നത്. വിശുദ്ധഖുര്‍ആനില്‍ ബനീ ഇസ്രാഈല്‍ ജനത നടത്തിയ ക്രൂരതകളെ കുറിച്ചും അവരുടെ കൈയിലിരിപ്പ് വരുത്തിവെച്ച വിനാശങ്ങളെ കുറിച്ചും സവിശദം പ്രതിപാദിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആഗമകാലം തൊട്ട് രാഷ്ട്രീയമായി നേരിടേണ്ടിവന്ന ഒരു ശക്തി ആയിരുന്നില്ല യൂഹൂദസമൂഹം. ഒരു സമൂഹമെന്ന നിലയില്‍ ചിന്നിച്ചിതറി ദുര്‍ബലാവസ്ഥയില്‍ ആയിരുന്നു . അതുകൊണ്ട്തന്നെ, മുസ്‌ലിം ഭരണത്തില്‍ എല്ലാ വിധ സൗഭാഗ്യങ്ങളും അനുഭവിക്കുകയും സാമ്പത്തികമായും സാംസ്‌കാരികമായും ഔന്നത്യങ്ങള്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്തവരാണിവര്‍. പ്രവാചകന്‍(സ) മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ അവിടുത്തെ ക്രിസ്ത്യന്‍, ജൂത വിഭാഗങ്ങളുമായി ഉണ്ടാക്കിയ ലിഖിത ധാരണയെ കുറിച്ച് ചരിത്രത്തിലുണ്ട്. ദേശ പ്രതിരോധത്തിന്റെ വിഷയം വരുമ്പോള്‍ നമ്മളെല്ലാം ഒന്നാണെന്നും വിശ്വാസപരമായ ഭിന്നതകള്‍ തുല്യ പൗരത്വം എന്ന പരിഗണനക്ക് തടസ്സമേ ആവുന്നില്ലെന്നും ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ പ്രഥമ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തതാണ്. 1450വര്‍ഷത്തെ ചരിത്രത്തിനിടയില്‍ യഹൂദവര്‍ഗത്തോട് ഇസ്‌ലാം മാന്യമായും അനുതാപമായും മാത്രമേ പെരുമാറിയിരുന്നുള്ളൂ. അതുകൊണ്ട് തന്നെ, ക്രിസ്താബ്ദം ഏഴാം നുറ്റാണ്ട് തൊട്ട്, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഖിലാഫത്ത് നിഷ്‌ക്കാസനം ചെയ്യപ്പെടുന്നത് വരെ മുസ്‌ലിം ലോകത്ത് സമാധാനത്തോടും തുല്യപൗരാവകാശങ്ങളോടും കൂടിയാണ് യഹൂദര്‍ ജീവിച്ചുപോന്നത്. ഏതെങ്കിലും മുസ്‌ലിം ഭരണാധികാരിയുടെ കീഴില്‍ ഈ വിഭാഗം ഭരണകുട പീഢനത്തിന് ഇരകളായതായി ചൂണ്ടിക്കാട്ടാനാവില്ല.

ആന്തലൂസിയയില്‍ ( ഇന്നത്തെ സ്‌പെയിന്‍ ) ഉമവിയ്യ ഭരണകൂടം എല്ലാ രംഗങ്ങളിലും വെന്നിക്കൊടി പറത്തിയ സുവര്‍ണ കാലഘട്ടത്തില്‍ മുഖ്യമന്ത്രിപദം വരെ യഹൂതര്‍ അലങ്കരിച്ചിട്ടുണ്ട്. ഹിബ്രു, പേഴ്ഷ്യന്‍, റോമന്‍, ലാറ്റിന്‍ ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്യാന്‍ ഖലീഫമാര്‍ ഉപയോഗപ്പെടുത്തിയത് യഹൂദ പണ്ഡിതരുടെ ഭാഷാപരിജ്ഞാനമായിരുന്നു. 1492ല്‍ സ്‌പെയിനില്‍ മുസ്‌ലിം ഭരണം അസ്തമിച്ചപ്പോള്‍ മുസ്‌ലിംകളോടൊപ്പം നാട് കടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും യഹൂദരായിരുന്നു. സ്‌പെയിനില്‍ തങ്ങാന്‍ തീരുമാനിച്ചവരുടെ മുന്നില്‍ പരിമിതമായ പോംവഴികളേ ഉണ്ടായിരുന്നുള്ളൂ: ഒന്നുകില്‍ ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറുക; അല്ലെങ്കില്‍ മതനിന്ദാവിചാരണക്ക് (ഇന്‍ക്വിസിഷന്‍) ശേഷം കഴുമരത്തിലേറുക. അതുമല്ലെങ്കില്‍ നാട്ടില്‍നിന്ന് ഓടിരക്ഷപ്പെടുക. സ്‌പെയിനിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആശ്രയിക്കാവുന്ന ആധികാരിക പുസ്തകത്തില്‍ ആ കാലഘട്ടത്തിന്റെ വിഹ്വലതകള്‍ വിവരിക്കുന്നുണ്ട്: ‘കത്തോലിക്ക ചര്‍ച്ച് ആഗ്രഹിക്കുന്നത് പോലെ ക്രൈസ്തവ ആചാരങ്ങള്‍ അനുസരിക്കാത്തവരെ മതനിന്ദാവിചാരണ ചെയ്യുന്നതിനു കത്തോലിക്ക ഭരണാധികാരി സ്പാനിഷ് ഇന്‍ക്വിസിഷന്‍ സ്ഥാപിക്കുകയുണ്ടായി. മുന്നൂറ് വര്‍ഷത്തിനിടയില്‍ 12,000 പേരുടെ മരണത്തിന് അത് കാരണമായി. ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറിയവര്‍ രഹസ്യമായി ജൂതായിസം ആചരിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ആദ്യം ശ്രദ്ധയൂന്നിയത്. മുഖ്യ വിചാരണക്കാരനായ തോമസ് ഡി തോര്‍ക്കുമാഡയുടെ ദുസ്വാധീനത്തില്‍ മതം മാറാന്‍ തയാറാവാത്ത മുഴുവന്‍ യഹൂദന്മാരേയും നാട് കടത്താന്‍ ഇസബെല്ല രാജ്ഞിയും ഭര്‍ത്താവ് ഫെര്‍ഡിനാന്‍ഡോയും ഉത്തരവിട്ടു. 100,000ജൂതര്‍ മതംമാറി. 200,000പേര്‍ മധ്യധരണ്യാഴിയിലെ നാടുകളിലേക്ക് അഭയം തേടി.’

സ്‌പെയിനില്‍നിന്ന് പുറത്താക്കപ്പെട്ട യഹൂദര്‍ക്ക് അഭയം നല്‍കിയത് മുസ്‌ലിം ഭരണകൂടങ്ങളായിരുന്നു. അന്നത്തെ മുസ്‌ലിം ലോകം ആഫ്രിക്കയിലും ഏഷ്യയിലുമായി എത്ര പേരേയും ഉള്‍ക്കൊള്ളാന്‍ പ്രവിശാലമായിരുന്നു. ഇന്നത്തെ യൂറോപ്പില്‍ അഭയാര്‍ഥികളായി എത്തിയ ജൂതരെ അറപ്പോടെയും വെറുപ്പോടെയുമാണ് കണ്ടത്. സാമാന്യജനത്തിന്റെ ഹൃദയത്തില്‍ മതവിദ്വേഷം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക്‌വഹിച്ചത് ചര്‍ച്ചും ക്രൈസ്തവ മതപുരോഹിതരുമായിരുന്നു. ആന്റി സെമിറ്റിസിസം എന്ന പകര്‍ച്ചവ്യാധിയുടെ ഉല്‍ഭവം ഇവിടെനിന്നാണ്. യഹൂദ വംശജരോട് ക്രൂരമായും നിന്ദ്യമായും പെരുമാറുന്നത് നൂറ്റാണ്ടുകളോളം തുടര്‍ന്നു. അപ്പോഴും യഹൂദര്‍ ‘തൗറ’ തൊട്ട് ശപഥം ചെയ്തുകൊണ്ട് പറഞ്ഞു; തങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമാണെന്നും വാഗ്ദത്ത ഭൂമിയിലേക്ക് ഇന്നല്ലെങ്കില്‍ നാളെ മടങ്ങിപ്പോയി സ്വന്തം രാഷ്ട്രം സ്ഥാപിക്കുമെന്നും. ഇത്തരമൊരു വിശ്വാസം തലമുറകളിലൂടെ വളര്‍ത്തിയെടുത്തത് യഹൂദരുടെ ശല്യം എന്നെന്നേക്കുമായി ഒഴിവാക്കണമെന്ന് ആഗ്രഹിച്ച ക്രൈസ്തവ പുരോഹിതരായിരുന്നു. ക്രിസ്ത്യാനികളുമായി പാരസ്പര്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ സ്വന്തം രാജ്യം എന്ന സ്വപ്‌നം നെയ്യാന്‍ തുടങ്ങി. അതിനായി സയണിസം എന്ന ഒരു തീവ്രപ്രത്യയശാസ്ത്ര കൂട്ടായ്മ ഉണ്ടാക്കി. അതോടെയാണ് ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ പിറവിയിലേക്ക് നടന്ന ഗൂഢാാലോചനയും ഫലസ്തീന്‍ എന്ന പുരാതനമായ ഒരു രാജ്യത്തിന്റെ ‘മഹാദരുന്തവും’ ചരിത്രത്തിലേക്ക് കടന്നുവരുന്നത്.

സയണിസവും പാശ്ചാത്യ ഗൂഢാലോചനയും
സ്വന്തമായി ഒരു രാജ്യത്തെ കുറിച്ച് ചിന്തിക്കാന്‍ യഹൂദര്‍ നിര്‍ബന്ധിതരായത് അവര്‍ ഇന്ന് ഏത് വിഭാഗത്തിനു എതിരായാണോ ഭീകരമായ ക്രൂരതകള്‍ അഴിച്ചുവിടുന്നത് അവരുടെ പീഢനങ്ങളില്‍നിന്ന് രക്ഷപ്പെടാനല്ല, മറിച്ച്, ക്രൈസ്തവ യൂറോപ്പ് നൂറ്റാണ്ടുകളായി അനവരതം തുടര്‍ന്നു പോന്ന മനുഷ്യത്വഹീനമായ പെരുമാറ്റത്തില്‍നിന്ന് മുക്തി നേടാനാണ്. യൂറോപ്പിലുടനീളം പുതിയ ദേശീയതകളെ കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും അണപൊട്ടിയൊഴുകിയ 1800കളിലാണ് സ്വന്തമായൊരു രാജ്യം എന്ന ആശയത്തിനു അംഗീകാരം നേടിയെടുക്കാന്‍ യഹൂദ നേതൃത്വം പ്രചണ്ഡമായ പ്രചാരണങ്ങളിലേര്‍പ്പെട്ടതും ബ്രിട്ടീഷ് സാമ്രാജ്യം അതിനു ഒത്താശ ചെയ്തുകൊടുത്തതും. തിയോഡര്‍ ഹെര്‍സല്‍(Theoder Harzel) എന്ന പത്രപ്രവര്‍ത്തകനും കഥാകൃത്തുമാണ് സയണിസ്റ്റ് പ്രസ്ഥാനത്തിനു ബീജാവാപം നല്‍കുന്നത്. എന്താണ് സയണിസം? ഒരു നിര്‍വചനം ഇതാണ്: 19ാം നൂറ്റാണ്ടിലെ യൂറോപ്പില്‍ പ്രാദേശിക യഹൂദ സമുദായത്തിനെതിരെ നടന്ന, അടിച്ചമര്‍ത്തലിന്റെയും ഒറ്റപ്പെടുത്തലിന്റെയും നിരന്തര പീഡനത്തിനും കൂട്ടക്കൊലക്കുമെതിരായ പ്രതികരണമെന്നോണം ഒരു ജൂതരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന് ലക്ഷ്യമിടുന്ന ജൂത ദേശീയ പ്രസ്ഥാനമാണ് സയണിസം. ‘നമ്മുടെ അവകാശപ്പെട്ട ദേശീയ ആവശ്യം നിറവേറ്റപ്പെടുന്നതിനു ഭൂഗോളത്തിന്റെ ഏതെങ്കിലും ഭാഗത്ത് പരമാധികാരം നല്‍കട്ടെ. ബാക്കി കാര്യം ഞങ്ങള്‍നോക്കിക്കൊള്ളുംതിയോഡര്‍ ഹെര്‍സലിനു അന്ന് പറയാനുണ്ടായിരുന്നത് അതാണ്.
വേദഗ്രന്ഥത്തില്‍നിന്ന് മാത്രം ആവേശം കൊണ്ടായിരുന്നില്ല സ്വന്തമായൊരു രാജ്യത്തെ കുറിച്ച് സയണിസം ചിന്തിച്ചുതുടങ്ങിയത്. 18,19 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ അലയടിച്ച രാഷ്ട്രീയ ചിന്തകളും ഈ ദിശയില്‍ രാസത്വരകമായി. പക്ഷേ, സയണിസത്തെ മതപുനുരുത്ഥാനവാദമായി മാറ്റിയെടുക്കുന്നതിനും അറബ്ഇസ്‌ലാമിക ലോകത്തിന്റെ മേല്‍കെട്ടിയേല്‍പിക്കുന്നതിനുമുള്ള ആസൂത്രിതവും വഞ്ചനാപരവുമായ നീക്കങ്ങളാണ് പിന്നീട് നമുക്ക് കാണാന്‍ സാധിച്ചത്. 1897ലെ ഒന്നാം സയണിസ്റ്റ് കോണ്‍ഗ്രസിലാണ് പുതിയ രാജ്യത്തെകുറിച്ച് കൂലങ്കശമായി ചര്‍ച്ച തുടങ്ങുന്നത്. തങ്ങളുടെ സ്വപ്‌നത്തിലുള്ള സ്വന്തം രാജ്യം അമേരിക്കയിലാവട്ടെ എന്ന് ഹെര്‍സല്‍ ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവത്രെ. എന്നാല്‍, യൂറോപ്യന്‍ ശക്തികളുടെ കണ്ണ് പാഞ്ഞത് ഫലസ്തീനിലേക്കാണ്. ഉസ്മാനിയ്യ ഖിലാഫത്തിന്റെ ഭാഗമായിരുന്നു അന്ന് ഫലസ്തീന്‍. ഫലസ്തീന്‍ തങ്ങള്‍ക്ക് കൈമാറിയാല്‍ 150കോടി പൗണ്ട് പ്രതിഫലം നല്‍കാമെന്ന് സയണിസ്റ്റ് സ്ഥാപകന്‍ നിര്‍ദേശം വെച്ചപ്പോള്‍ ഖലീഫ അബ്ദുല്‍ ഹാമിദ് രണ്ടാമന്‍ അത് തള്ളി. ഫലസ്തീന്റെ മേല്‍ യഹൂദര്‍ക്ക് യാതൊരു തരത്തിലുള്ള അവകാശവുമില്ലെന്ന് തുറന്നുപറഞ്ഞ ഖലീഫ അത്തരമൊരു നിര്‍ദേശം മുസ്‌ലിം ലോകത്തിനു സ്വീകാര്യമല്ലെന്ന് അര്‍ഥശങ്കക്കിടം നല്‍കാത്തവിധം വ്യക്തമാക്കി. പക്ഷേ, സാമ്രാജ്യത്വ, മുസ്‌ലിം വിരുദ്ധ ശക്തികള്‍ അത് കൂട്ടാക്കിയില്ല. ഒന്നാം ലോകയുദ്ധത്തെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ അന്ത്യം കുറിക്കാനുള്ള അവസരമായെടുത്ത ബ്രിട്ടനും ഫ്രാന്‍സും റഷ്യയുമൊക്കെ ഫലസ്തീന്‍ പ്രദേശത്തേക്ക് ലോകത്തിന്റെ അഷ്ടദിക്കുകളിലും ചിതറിക്കിടക്കുന്ന യഹൂദരെ ആട്ടിത്തെളിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. 1917ല്‍ ബ്രിട്ടീഷ് സൈന്യം തുര്‍ക്കിയില്‍നിന്നും ഫലസ്തീന്‍ പിടിച്ചെടുത്തു. അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ആര്‍തര്‍ ബാള്‍ഫര്‍ (അൃവtuൃ ണമഹളീൗൃ) ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തി; ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനു ബ്രിട്ടന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട്. ഉസ്മാനിയ്യ ഖിലാഫത്തിനെ കുറിച്ച് രണ്ടുവാക്ക്: 1510ല്‍ സുല്‍ത്താന്‍ യാവൂസ് സലീം മംലൂക് ഭരണകൂടത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കുന്നതോടെയാണ് അറബ് ലോകത്തിന്റെമേല്‍ പൂര്‍ണമേധാവിത്തമുള്ള ഉസ്മാനിയ്യ ഖിലാഫത്ത് നിലവില്‍ വരുന്നത്. തുര്‍ക്കികള്‍, കുര്‍ദുകള്‍, ഗ്രീക്കുകള്‍, അര്‍മീനിയക്കാര്‍, ബോസ്‌നിയക്കാര്‍, സെര്‍ബിയക്കാര്‍, പേര്‍ഷ്യന്‍സ്, അറബികള്‍ തുടങ്ങി വംശീയവും ഭാഷാപരവുമായ വൈവിധ്യങ്ങളെ ഒരുമിച്ചുകൊണ്ടുപോകുന്നതില്‍ ഖലീഫ വിജയിച്ചിരുന്നു. അതിനിടയിലാണ് 1832ല്‍ ബ്രിട്ടന്റെ ഒത്താശയോടെ ഗ്രീക്കുകാര്‍ സ്വാതന്ത്ര്യം നേടുന്നത്. അതേ പാത പിന്തുടാന്‍ റഷ്യന്‍ സഹായത്തോടെ സെര്‍ബുകളും വിഫലശ്രമം നടത്തുകയുണ്ടായി. തുര്‍ക്കികളെയും അറബികളെയും ഉസ്മാനിയ്യ ഖിലാഫത്തിനു എതിരെ തിരിക്കാന്‍ കോളനിശക്തികള്‍ അതിനിടയില്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടതിന്റെ ലക്ഷണമായിരുന്നു യുവതുര്‍ക്കികളുടെ അരങ്ങേറ്റം. കമ്മിറ്റി ഓഫ് യൂണിയന്‍ ആന്റ് പ്രോഗ്രസ് എന്ന പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഖലീഫയെ നിരായുധനാക്കി ഭരണം പിടിച്ചെടുക്കുകയായിരുന്നു. അതിനു പിന്നില്‍ ബ്രിട്ടനും ഫ്രാന്‍സുമൊക്കെയാണ് കളിച്ചത്. അപ്രകാരം തന്നെ, അറബ് ലോകത്ത് ഖിലാഫത്ത് വിരുദ്ധ വികാരം വളര്‍ത്താന്‍ കെയ്‌റോവിന്റെയും ബെയ്‌റൂത്തിന്റെയും ധൈഷണിക, വൈജ്ഞാനിക മണ്ഡലങ്ങളില്‍ കടന്നല്‍ക്കൂടിന് കല്ലെറിഞ്ഞുവിട്ടു. മുസ്‌ലിംകളെ കൂട്ടമതംമാറ്റം നടത്താനുള്ള അമേരിക്കന്‍ മിഷനറിമാരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് അറബ് ദേശീയതയുടെ പേരില്‍ ജനവികാരം തിരിച്ചുവിടാനുള്ള നീക്കങ്ങളാരംഭിച്ചത്. ആ ശ്രമവും കാര്യമായ ഫലം ചെയ്യാതെ വന്നപ്പോള്‍ ഹിജാസിലെ ഓട്ടോമന്‍ ഗവര്‍ണര്‍ ഷരീഫ് ഹൂസൈനെയും മക്കളെയും വിലക്കെടുത്ത് വിഘടനവാദത്തിനു തീ കൊളുത്തുകയായിരുന്നു.

പക്ഷേ, ബാള്‍ഫര്‍ പ്രഖ്യാപനവും തുടര്‍ന്ന് ലീഗ് ഓഫ് നേഷന്റെ മാന്‍ഡേറ്റും അറബ് ലോകത്ത് വലിയൊരു അട്ടിമറി സൃഷ്ടിച്ചു. ആ കാലുഷ്യത്തില്‍നിന്നാണ് ഇന്നത്തെ ഇസ്രയേല്‍ പിറവി കൊള്ളുന്നത്. ഇന്ന് നിയമവിരുദ്ധ കുടിയേറ്റത്തെ കുറിച്ച് വന്‍ ശക്തിരാഷ്ട്രങ്ങളില്‍നിന്ന് ഉയരുന്ന പ്രതിഷേധസ്വരത്തിലടങ്ങിയ കാപട്യത്തിന്റെ കാമ്പ് തൊട്ടറിയണമെങ്കില്‍ ചരിത്രത്തിന്റെ മറ്റു സഞ്ചാരപഥങ്ങളിലൂടെ ഇനിയും നടന്നുപോകാനുണ്ട്. അടുത്ത ലക്കത്തില്‍ അതാവാം.
ശാഹിദ്
(തുടരും )