പാരമ്പര്യ നിഷേധം എങ്ങനെയാണ് ഭീകരതയിലേക്ക് വീഴുന്നത്?

പാരമ്പര്യ നിഷേധം എങ്ങനെയാണ് ഭീകരതയിലേക്ക് വീഴുന്നത്?

ഭീകരതക്കും ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കുമെതിരായ ഫത്‌വകള്‍ (ഡോ. മുഹമ്മദ് ത്വാഹിര്‍ അല്‍ ഖാദിരി) എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്നു. എം ഇ എസ് ഡയറക്ടര്‍ ഡോ. ഫസല്‍ ഗഫൂറിനെയും എം എ അബ്ദുല്‍മജീദ് സ്വലാഹിയെയും വേദിയിലിരുത്തി സജീവ മുസ്‌ലിം വിമര്‍ശകനും എഴുത്തുകാരനുമായ ശ്രീ. ഹമീദ് ചേന്നമംഗല്ലൂര്‍ ചര്‍ച്ചയാരംഭിച്ചത് ഇസ്‌ലാമിക് സ്റ്റേറ്റും കേരള വഹാബിസവും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു. ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ തകര്‍ത്ത താലിബാന്റെ പ്രബോധന ശൈലി പോലെ ഇറാഖിലെയും സിറിയയിലെയും ചരിത്ര സ്മാരകങ്ങളും പ്രവാചകരുടെയും സൂഫികളുടെയും ശവകുടീരങ്ങളും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും തകര്‍ക്കുന്ന ഐ എസിന്റെ പാരമ്പര്യത്തോടും പൈതൃകത്തോടുമുള്ള നീരസം, കേരളത്തിലെ ചില മുസ്‌ലിം വിഭാഗങ്ങളും വെച്ചുപുലര്‍ത്തുന്നുണ്ടെന്നായിരുന്നു വിമര്‍ശം.

മതത്തിന്റെ ഉടമസ്ഥന്മാര്‍ താന്താങ്ങളാണെന്ന് തെളിയിച്ച് ഇസ്‌ലാമിക സമൂഹത്തെ വഞ്ചിക്കാനും യഥാര്‍ത്ഥ ഇസ്‌ലാമിന്റെ ശോഭ കെടുത്താനുമായി സലഫിസം സത്യമാണെന്ന് കരുതി നീങ്ങിയ ലോകത്തൊട്ടാകെയുള്ള വിവിധ മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തന വൈകല്യങ്ങളാണ് ഇപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ നെറ്റിയില്‍ ഭീകര മുദ്രകള്‍ കാണാന്‍ പലരെയും പ്രേരിപ്പിച്ചത് എന്നത് ഒരപ്രിയ സത്യമാണ്.

ചിന്താ സ്വാതന്ത്ര്യവും വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രശ്‌നവത്കരിക്കപ്പെടുന്ന വര്‍ത്തമാന സാമൂഹിക പരിസരത്ത് തീവ്ര മുസ്‌ലിം വിഭാഗങ്ങളോരോന്നും അവരവരുടെ ആശയങ്ങള്‍ക്ക് മതത്തില്‍ മേല്‍വിലാസം കണ്ടെത്തുന്നതും മതത്തിന്റെ പിതൃത്വം അവകാശപ്പെടുന്നതും സ്വാഭാവികം മാത്രം. ഖുര്‍ആനിക സൂക്തങ്ങളും തിരുനബി വചനങ്ങളും തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രമാണമാക്കിമാറ്റുന്നതും ഇസ്‌ലാമിന്റെ സത്യസാക്ഷ്യ വചനവും അല്ലാഹുവിന്റെയും തിരുനബിയുടെയും പേരുകളും അവയുടെ അടയാളങ്ങളാകുന്നതും ഖലീഫ, ജിഹാദ്, ഹിസ്ബുല്ല തുടങ്ങിയ മഹദ് പദവികളും സംജ്ഞകളും വികലമാക്കപ്പെട്ടതും അങ്ങനെയാണ്.

നിരവധി വ്യതിയാന ചിന്തകളുള്ള ഇസ്‌ലാമിക സമൂഹത്തെ ആഗോള തലത്തില്‍ സുന്നി-ശിയാ ദ്വന്ദങ്ങളില്‍ മാത്രം വര്‍ഗീകരിക്കപ്പെടുന്നതിന്ന് പിന്നില്‍ വലിയൊരു ചതിയുണ്ട്. ശിയാ ഇസ്‌ലാമിനോടുള്ള ഐ എസിന്റെ പക സുന്നി ഇസ്‌ലാമിനോടുള്ള യോജിപ്പായി വിലയിരുത്തപ്പെടുമ്പോള്‍ ഐ എസിന്റെ തീവ്രചിന്തകളെ എല്ലാ തരത്തിലും വെറുക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്ന പാരമ്പര്യ ഇസ്‌ലാമിനെ കരിവാരിത്തേക്കുകയും അതിനെ തീവ്ര ഇസ്‌ലാമിന്റെ കള്ളിയില്‍ എഴുതുകയും ചെയ്യാനെളുപ്പം കിട്ടുന്നുണ്ട്. തീവ്ര സലഫീ വിഭാഗങ്ങളെ സുന്നി എന്ന് വിളിക്കുമ്പോള്‍ ട്രഡീഷണല്‍/ സൂഫി ഇസ്‌ലാമിനെ ചെയ്യാത്ത കുറ്റത്തിന്ന് ശിക്ഷിക്കുകയാണ് സത്യത്തില്‍ വഹാബികളും അവരുടെ വിശദീകരണങ്ങളെ വിഴുങ്ങുന്നവരും ചെയ്തുകൊണ്ടിരിക്കുന്നത്.

ഇസ്‌ലാമിക സമൂഹത്തിന്റെ ഉള്ളിലുള്ള തീവ്ര വ്യതിയാന ചിന്തകളെ മഹത്വവത്കരിക്കുന്ന രീതിയും സലഫികള്‍ക്കിടയിലുണ്ട്. എന്റെ സമുദായ നേതൃത്വത്തിനിടയിലെ ഭിന്നതകള്‍ സമുദായത്തിന് ഗുണപരമാണ് എന്ന തിരുനബിയുടെ വാക്ക് സ്വന്തം തീവ്ര വ്യതിയാന ചിന്തകള്‍ക്ക് മറയാക്കിപ്പിടിച്ചുകൊണ്ടാണ് ഇസ്‌ലാമിലെ സലഫീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതും തീവ്ര വ്യതിയാനചിന്തകള്‍ക്ക് സുന്നി മുദ്ര ചാര്‍ത്താനും പാരമ്പര്യ സൂഫി ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാനുള്ള ചതി തന്നെയാണ്. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിനകത്തെ വ്യതിയാന ചിന്തകളെ കൃത്യമായി പാരമ്പര്യ സൂഫി പക്ഷത്തുനിന്ന് വിലയിരുത്തേണ്ടത് അത്യന്താപേക്ഷികമാണ്. അക്കൂട്ടത്തില്‍ ഖവാരിജുകളെയാണ് ആദ്യം അറിഞ്ഞുവെക്കേണ്ടത്.

ഖവാരിജ്: പുറപ്പാട് പുസ്തകം തുറക്കുന്നു
പുറപ്പെട്ടവര്‍ എന്നാണ് ഖവാരിജ് എന്ന വാക്കിന്റെ അര്‍ത്ഥം. നാലാം ഖലീഫ മഹാനായ അലി(റ)നെതിരെ നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇവര്‍ക്ക് ഈ പേര് നേടിക്കൊടുത്തത്. വിശ്വാസപരമായ തെറ്റുദ്ധാരണകളില്‍ നിന്ന് പിറവിയെടുത്ത ഈ സംഘമാണ് ഐ എസ് തീവ്രവാദത്തിന് പ്രത്യയശാസ്ത്രാടിത്തറ നിര്‍ണയിച്ചു നല്‍കിയത്. ഇവരുടെ പൊതു സ്വഭാവം ഇങ്ങനെ ചുരുക്കി വായിക്കാം: ‘ഖവാരിജുകള്‍ നാലാം ഖലീഫക്കെതിരില്‍ വാളുമേന്തി പുറപ്പെട്ട സംഭവമായിരുന്നു ഇവരുടെ സംഘടിത നവീകരണത്തിന്റെ തുടക്കം. വിധി അല്ലാഹുവിന്ന് മാത്രം എന്ന തന്ത്ര വാചകവുമായി ആരംഭിച്ച് നബിമാരുടെ പാപസുരക്ഷിതത്വവും സ്വഹാബത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്ത് പുറപ്പെട്ട സംഘം കുറ്റം ചെയ്തവരെല്ലാം അവിശ്വാസികളാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുന്നോട്ടുപോയത്'(സംയുക്ത കൃതികള്‍ എം എ ഉസ്താദ് 2023/ 3).

മതരാഷ്ട്ര വാദം ഇപ്പോഴും പ്രമാണമാകുന്നത് ഖവാരിജികള്‍ ഉയര്‍ത്തിപ്പിടിച്ച അതേ ഖുര്‍ആനിക സൂക്തമാണെന്നതാണ് സത്യം.

അലി(റ)വും മുആവിയ(റ)വും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇരുവിഭാഗത്തിനുമിടക്ക് ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനുമായി അബൂ മൂസ അല്‍ അശ്അരി(റ), അംറുബ്‌നു ആസ്(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) എന്നീ സ്വഹാബിമാര്‍ മുന്നോട്ടു വന്നതിനെ ചോദ്യം ചെയ്തതാണ് ഇവരുടെ പ്രധാന വിപ്ലവം. ഹാകിമിയ്യത്ത് അല്ലാഹുവിന്ന് മാത്രം എന്ന് പറയുന്നവരുടെ വാദം ശരിവെക്കാനായിരുന്നു അന്ന് വിധി അല്ലാഹുവിന്ന് മാത്രം എന്ന മുദ്രാവാക്യം അവര്‍ വിളിച്ചത്. സ്വഹാബിമാര്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കുന്നത് ഖുര്‍ആനികാദ്ധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന് പറയാന്‍ തീരുമാനാധികാരം അല്ലാഹുവിന്ന് മാത്രമാണ് എന്ന സൂക്തത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു ഇവര്‍.

ഖുര്‍ആന്‍ തൊണ്ടക്കുഴി വിട്ട് താഴേക്കിറങ്ങുകയില്ലെന്ന് തിരുനബി ഇവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവര്‍ ശരിയായ രൂപത്തില്‍ ഖുര്‍ആന്‍ മനസ്സിലാക്കിയിട്ടില്ലെന്നും അതിനെ ദുര്‍വ്യാഖ്യാനിക്കുന്നു ഉദ്ദേശിച്ചതെന്നുമാകാം എന്ന് ഇബ്‌നു ഹജറ് അല്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നുണ്ട്. പാണ്ഡിത്യത്തെയും പാരമ്പര്യത്തെയും പൗരോഹിത്യമെന്നും പഴഞ്ചനെന്നും പറഞ്ഞ് തള്ളുകയും തീവ്ര ഇസ്‌ലാമിനെ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്ര ഗവേഷണത്തിന് മുതിരുകയും ചെയ്യുന്ന ഖവാരിജിന്റെയും തത്തുല്യ കക്ഷികളുടെയും വൈകല്യം വ്യക്തമാക്കുന്നതാണ് ഖവാരിജുകളുമായി നടത്തിയ സംവാദത്തില്‍ ഇബ്‌നു അബ്ബാസ്(റ) നടത്തിയ ആമുഖ സംസാരം: ഞാന്‍ മുഹാജിറുകളും അന്‍സാറുകളും അടങ്ങുന്ന റസൂലിന്റെ സഹചാരികളുടെയും അമീറുല്‍മുഅ്മിനീന്റെയും അടുത്ത് നിന്നാണ് വരുന്നത്. അവര്‍ക്കാണ് അല്ലാഹു ഖുര്‍ആന്‍ വിശദീകരിച്ചു നല്‍കിയത്. അവരാണ് ഈ വിഷയത്തില്‍ നിങ്ങളെക്കാള്‍ ശരിയായ ആശയങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍. നിങ്ങളുടെ കൂട്ടത്തില്‍ അവരാരും ഇല്ലാത്തതുകൊണ്ട് അവരുടെ ചര്യകള്‍ നിങ്ങള്‍ക്കും നിങ്ങളുടെത് അവരിലേക്കും കൈമാറാനാണ് ഞാനാഗ്രഹിക്കുന്നത്.

ഖുര്‍ആനിലും ഹദീസിലും സ്വതന്ത്ര ഗവേഷണത്തിന് ക്ഷണിക്കുന്ന ഖവാരിജുകള്‍ അതിലൂടെ മുസ്‌ലിംകളിലെ പാരമ്പര്യ വിഭാഗത്തെയും മററിതര മതസ്ഥരെയും വെട്ടിനുറുക്കാനുള്ള പ്രമാണങ്ങളാണ് വളച്ചെടുക്കുന്നത്. സ്വതന്ത്ര ഗവേഷണത്തിന് വഴിയും മാനദണ്ഡവും ഏര്‍പ്പെടുത്തിയ മദ്ഹബുകളെ ഈ വിഭാഗങ്ങള്‍ ശത്രുതയോടെ കാണാനുള്ള കാരണമിതാണ്. റസൂലില്‍നിന്ന് സാത്വികരായ ശിഷ്യഗണങ്ങളിലൂടെ പോന്നിട്ടുള്ള ഇസ്‌ലാമിക പാരമ്പര്യത്തെ റദ്ദ് ചെയ്യാന്‍ ഇവര്‍ മുതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇതര മുസ്‌ലിം വിശ്വാസികളെ കൊല്ലാന്‍ ഇവര്‍ കണ്ടെത്തുന്ന ന്യായം ബഹുദൈവാരാധനയാണ്. അങ്ങനെയാണെങ്കില്‍ ലോകത്ത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, മറ്റൊരാള്‍ക്കും ഇവരില്‍നിന്ന് വേറിട്ട വിശ്വാസവുമായി ജീവിക്കാന്‍ കഴിയില്ല.

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര് വിധി കല്‍പിക്കുന്നില്ലയോ അവര്‍ തന്നെയാണ് സത്യനിഷേധികള്‍ എന്ന മാഇദ സൂറത്തിലെ 44ാം സൂക്തത്തിന്റെ ദുര്‍വ്യാഖ്യാനത്തിലൂടെയാണ് മതഭൃഷ്ട് കല്‍പിച്ച് അവിരാമ സായുധ പോരാട്ടങ്ങള്‍ നടത്താന്‍ ഖവാരിജുകളും അവരുടെ ആശയങ്ങളോട് മാനസികമായ അടുപ്പം പുലര്‍ത്തി നമുക്കിടയില്‍ ജീവിക്കുന്ന കക്ഷികളും ന്യായം കാണുന്നത്.

തക്ഫീറിസ്റ്റുകള്‍ എന്നൊരു വിഭാഗം തന്നെ സലഫികള്‍ക്കിടയിലുണ്ട്. എന്തെങ്കിലും പറഞ്ഞ് വിയോജിക്കുന്നവരെ കാഫിറായിക്കണ്ട് ഇല്ലാതാക്കുകയാണ് പ്രധാന സദ്കര്‍മം. വിയോജിക്കുന്നവരെ നബിയുടെ ബദ്ധശത്രുവായിരുന്ന അബൂജഹ്‌ലിന്റെ അത്രതന്നെയോ അതിനെക്കാള്‍ മാരകമായതോ ആയ ആശയങ്ങളുള്ളവരായി കാണുകയും അവരെ ഇല്ലാതാക്കാനുള്ള വഴിതേടലും പ്രധാന വഴിപാടാണ് ഈ വിഭാഗത്തിന്. ഇതിനുവേണ്ടി മേല്‍ സൂക്തത്തിന്റെ ബാഹ്യാംശമാണ് ഇവരുപയോഗിക്കുന്നത്. അതുപോലെ ദാറുല്‍ ഇസ്‌ലാം, ദാറുല്‍ഹര്‍ബ്, രാഷ്ട്രം, ഭരണം എന്നിവയെ സ്വേഷ്ടപ്രകാരം ദുര്‍വ്യാഖ്യാനിക്കുകയാണ് ഇവര്‍ ചെയ്യുക. എന്നാല്‍ എന്താണ് ഈ സൂക്തത്തിന്റെ ശരിയായ വ്യാഖ്യാനം?

ഹിജ്‌റ 6ാം നൂറ്റാണ്ടില്‍ ജീവിച്ച വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഫഖ്‌റുദ്ദീന്‍ അല്‍ റാസിയുടെ തഫ്‌സീറുല്‍ കബീറില്‍ ഇക്‌രിമ(റ)ല്‍ നിന്നുദ്ധരിക്കുന്ന അര്‍ത്ഥമിങ്ങനെയാണ്: നാഥന്റെ വിധി വിലക്കുകളെ മനസ്സാല്‍ വെറുക്കുകയും പരസ്യമായി തന്നെ നിഷേധിക്കുകയും ചെയ്യുന്നവരാണ് ഈ സൂക്തത്തിന്റെ പരിധിയില്‍ പെടുന്നവര്‍. വിധി വിലക്കുകള്‍ നാഥനില്‍ നിന്നാണെന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍. അതിനെതിര് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും നാഥന്റെ നിയമാനുസൃതം വിധിക്കുന്നവരാണ്. അത് അവര്‍ നടപ്പാക്കുന്നില്ല എന്നതുകൊണ്ടുമാത്രം അവര്‍ പ്രസ്തുത സൂക്തത്തിന്റെ പരിധിയില്‍ പെടുകയില്ല.'(338/ 12, തഫ്‌സീറുല്‍ കബീര്‍, ദാറു ഇഹ്‌യാഇത്തുറാസ്, ബെയ്‌റൂത്ത്).

ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലെ പ്രമുഖരായ ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ്, ബറാഉബ്‌നു ആസിബ്, ഹുദൈഫതുല്‍ യമാനി, ഇബ്‌റാഹീമുന്നഖ്ഇ, അസ്സുദ്ദി, അള്ളഹാഖ്, അബൂസ്വാലിഹ്, ഖത്താദത്ത്, ആമിര്‍, ശഅ്ബി, അഅത്വാഅ്, താഊസ്, ഇമാം ത്വബ്‌രി(ജാമിഉല്‍ബയാന്‍), ഹുജ്ജത്തുല്‍ഇസ്‌ലാം ഇമാം ഗസാലി(മുസ്തസ്ഫ), ഇബ്‌നു അത്വിയ്യ്(അല്‍മുഹററുല്‍ വജീസ്), ഖുര്‍ത്വുബീ, ഇബ്‌നു ജുസ്സി(തസ്ഹീല്‍), അബൂ ഹയ്യാന്‍(അല്‍ബഹ്‌റുല്‍മുഹീത്വ്), ഇബ്‌നു കബീര്‍(തഫ്‌സീറുല്‍ഖുര്‍ആനില്‍ അളീം), ആലൂസി(റൂഹുല്‍മആനി), ത്വാഹിര്‍ബ്‌ന് ആശുര്‍(അത്തഹ്‌രീറു വത്തന്‍വീര്‍), ശഅ്‌റാവി തുടങ്ങിയ വലിയൊരു പണ്ഡിത നിരതന്നെ ഇക്‌രിമ(റ) പറഞ്ഞ വ്യാഖ്യാനത്തെ പിന്തുണക്കുന്നവരാണ്.

ഉദ്ധൃത സൂക്തത്തിന്റെ പിന്‍ബലത്തില്‍ ദൈവിക പരമാധികാരം പ്രധാന വിഷയമായി പരിഗണിച്ചിരുന്ന സയ്യിദ് ഖുതുബിനെയും അനുയായികളെയുമാണിവിടെ വിചാരണ ചെയ്യേണ്ടത്. തന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍(ഖുര്‍ആന്റെ തണലില്‍) എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ വിഷലിപ്തമായ ചിന്താധാരയില്‍ സ്വാധീനിക്കപ്പെട്ടവരാണ് ലോകത്ത് വ്യത്യസ്ത തീവ്രവാദ സംഘടനകള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത് എന്ന് വ്യക്തം. തന്റെ മറ്റൊരു ഗ്രന്ഥങ്ങളായ അല്‍ മആലിമു ഫീ ത്വരീഖ്(വഴിയടയാളങ്ങള്‍) അല്‍ അദാലത്തുല്‍ ഇജ്തിമാഇയ്യ തുടങ്ങിയവയും ഇതേ ആശയത്തിന്റെ പ്രചരണത്തിന് കാരണമായിട്ടുണ്ട്.

ഈജിപ്തിലെ അസീസിയ്യയില്‍ 1928ന് ഹസനുല്‍ ബന്നയാണ് ജമാഅത്തു ഇഖ്‌വാനില്‍ മുസ്‌ലിമീന്‍ എന്ന സംഘടനക്ക് രൂപം നല്‍കുന്നത്. വികലമായ മതരാഷ്ട്രവാദത്തിന്റെ ഏറ്റവും മുതിര്‍ന്ന സൈദ്ധാന്തികര്‍ക്കൊക്കെയും ജന്മവും വളര്‍ച്ചയും നല്‍കിയ ഈ പ്രസ്ഥാനത്തിന്റെ തലപ്പത്ത് 1960കളില്‍ സയ്യിദ് ഖുതുബ് എത്തുന്നുണ്ട്.

മാഇദയെ ചുറ്റിപ്പറ്റിയുണ്ടായ ഈ തെറ്റിദ്ധാരണയില്‍ വശംവദരായ നിരവധി ആഗോള ക്രിമിനലുകള്‍ നമുക്ക് മുന്നിലുണ്ട്. സയ്യിദ് ഖുതുബിന്റെ രചനകളില്‍ ആകൃഷ്ടനായി ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്ന അബൂ മുഹമ്മദുല്‍ അദ്‌നാനി, സയ്യിദ് ഖുതുബിന്റെ ജാഹിലിയ്യത്ത് സിദ്ധാന്തത്തിന്റെ പ്രചാരകനും കെയ്‌റോ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന തന്‍ളീമുല്‍ ജിഹാദ് എന്ന തീവ്രവാദ സംഘടനയുടെ നേതാവുമായ അബ്ദുസ്സലാം ഫറജ്(1954-1982), സയ്യിദ് ഖുതുബില്‍ ആകൃഷ്ടനായി 1960ല്‍ ബ്രദര്‍ഹുഡില്‍ ചേരുകയും പിന്നീട് അല്‍ ജമാഅത്തുല്‍ മുസ്‌ലിമൂന്‍ (തക്ഫീര്‍ വല്‍ ഹിജ്‌റ) എന്ന സംഘടന രൂപീകരിക്കുകയും 1978ല്‍ ഒരു ഈജിപ്ഷ്യന്‍ മന്ത്രിയുടെ വധവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെടുകയും ചെയ്ത ശുക്‌രി മുസ്തഫ(1942-78), സയ്യിദ് ഖുതുബ്, അലി ശരീഅത്തി തുടങ്ങിയവരില്‍ ആകൃഷ്ടനായി ഇറാഖില്‍ ശബാബ് മുഹമ്മദ് എന്ന സംഘടന രൂപീകരിക്കുകയും മുസ്‌ലിം ബ്രദര്‍ഹുഡില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സ്വാലിഹ് സീരിയ്യ, ഖുതുബിയ്യത്തില്‍ ആകൃഷ്ടനായി ലിബിയന്‍ ഇസ്‌ലാമിക് ഫൈറ്റിംഗ് ഗ്രൂപ്പിന്റെ ഉന്നത കമാന്‍ഡറായ അബ്ദുല്‍ഹകീം ബെഹാസുമായി കൂട്ടുകൂടിയ അലി അല്‍ സ്വല്ലാബി(1963) എന്നിങ്ങനെ പോകുന്നു അവരുടെ പേരുവിവരങ്ങള്‍. ഇതില്‍ അബ്ദുസ്സലാം ഫറജിനെ അന്‍വര്‍ സാദത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റി.

കേരളാ മുസ്‌ലിംകള്‍ക്ക് ഇസ്തിഗാസയുമായി ബന്ധപ്പെട്ട് മാഇദ സൂറത്തിലെ 55ാം അധ്യായം പരിചിതമായത് പോലെ വര്‍ത്തമാന മുസ്‌ലിം തീവ്രവാദത്തിന്റെ വക്താക്കള്‍ പ്രസ്തുത അധ്യായത്തിന്റെ തന്നെ 44ാം വചനമാണ് പരിചയപ്പെടുത്തുന്നത്. മത മൗലിക വാദികളായി മുസ്‌ലിം ലോകത്തറിയപ്പെട്ട മുഹമ്മദ് അബ്ദുവിനും ഹസനുല്‍ ബന്നക്കും റഷീദ് രിളക്കുമൊപ്പം ചേര്‍ത്തി വായിക്കപ്പെടേണ്ട ചില പരിചിത നാമങ്ങള്‍ കൂടിയുണ്ട്.

തക്ഫീറിസ്റ്റ് എന്ന ലേബലില്‍ പ്രസിദ്ധീകരിക്കപ്പെട്ട നിലവിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലമുതിര്‍ന്ന നേതാവ് അബു മുഹമ്മദ് അല്‍ അദ്‌നാനി സയ്യിദ് ഖുതുബിന്റെ ഫീ ളിലാലില്‍ ഖുര്‍ആനില്‍ മാഇദ 44ന് നല്‍കിയ വിശദീകരണത്തില്‍ സ്വാധീനിക്കപ്പെട്ടതാണെന്നും പ്രസ്തുത ഗ്രന്ഥത്തോടുള്ള മതിപ്പു കാരണം ഇരുപത് വര്‍ഷത്തോളം അത് പഠിക്കാന്‍ സമയം ചെലവഴിച്ചതും അല്ലഫ്‌ളുസ്സാനി ഫീ തര്‍ജുമത്തില്‍ അദ്‌നാനി എന്ന തുര്‍ക്കിബ്‌നുല്‍മുബാറക്ക് അല്‍ ബന്‍അലിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഹാക്കിമിയ്യത്ത് വാദത്തില്‍ സയ്യിദ് ഖുതുബിനെ ആകര്‍ഷിച്ച ഇന്നും ഐ എസ്സില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ അബുല്‍അഅ്‌ലാ മൗദൂദിയിലും(1903-1979) വശംവദരായിട്ടുണ്ടെന്നതാണ് സത്യം. ബ്രദര്‍ഹുഡിന്റെ പ്രത്യയശാസ്ത്ര നിര്‍മിതിയിലും സയ്യിദ് ഖുതുബിന്റെ ചിന്താ ലോകത്തും മൗദൂദിയുടെ ചിന്തകള്‍ക്ക് അനല്‍പ്പമായ സ്വാധീനമുള്ളതായി കാണാം.

ഫീ ളിലാലില്‍ ഖുര്‍ആനില്‍ സയ്യിദ് ഖുത്വുബ് വിഭാവനം ചെയ്യുന്ന ഹാക്കിമിയ്യത്ത്, ജാഹിലിയ്യത്ത് സങ്കല്‍പങ്ങള്‍ തന്നെയാണ് മൗദൂദിയും പഠിപ്പിച്ചിട്ടുള്ളത്. പ്രസ്തുത വാദങ്ങള്‍ കാരണം ആയിരക്കണക്കിന് അനുയായികള്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചതായി കാണാം. 1948ല്‍ ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്ട്ര വാദ സംഘടനക്ക് രൂപം നല്‍കിയ ഇദ്ദേഹം ഇന്ത്യ- പാക്ക് വിഭജനാന്തരം പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജന: സിയാവുല്‍ഹഖിന്റെ കൂടെ കൂടുകയും ‘ശരീഅത്ത്‌വത്കരണം’ നടത്തുകയും ചെയ്ത ആളാണ്. വിശ്വാസികളെ ബഹുദൈവാരാധകരാക്കി മുദ്രകുത്തി മതത്തില്‍നിന്ന് പുറത്തായിക്കാണുകയും അങ്ങനെ അവരെ ഇല്ലാതാക്കുന്നതിന് ദൈവിക ദര്‍ശനത്തിന്റെ പിന്തുണ വ്യാഖ്യാനിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍ മൗദൂദിസ്റ്റുകളും സലഫികളും ഒരേ മനസ്സാണ്. മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പശ്ചാതാപത്തിന്റെ ഒരു വാതില്‍ അവര്‍ തുറന്നുവെക്കുന്നുണ്ടെങ്കിലും അതെത്രത്തോളം വിശ്വസനീയമാണ് എന്നതാണ് എല്ലാവരെയും കുഴക്കുന്ന ചോദ്യം. കാരണം വിയോജിക്കുന്നവരെ തുടച്ചുനീക്കുന്ന ഈ ആശയങ്ങള്‍ ഇവര്‍ ഉരുത്തിരിച്ചെടുത്തത് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് എന്നതാണ് ഏറെ ഭീതിതമായ കാര്യം.

ഇന്നിപ്പോള്‍ നമുക്കൊക്കെ പല കാര്യത്തിലും വേറിട്ട അഭിപ്രായങ്ങളുണ്ടെങ്കില്‍ എന്തുകൊണ്ട് മൗദൂദിക്കും വഹാബിക്കും ഖുതുബിനും ബന്നക്കും അവരവരുടെതായ വിയോജിപ്പുകള്‍ ജനാധിപത്യത്തോടും മതേതരത്വത്തോടും ദൈവേതര വ്യവസ്ഥിതിയോടും പുലര്‍ത്തിക്കൂടാ എന്നു ചോദിച്ചുകൊണ്ട് മറ്റുള്ളവരെ പേടിക്കേണ്ട എന്ന് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇ്ത്യയിലെ മൗദൂദിസ്റ്റ്/ സലഫിസ്റ്റ് വിഭാഗങ്ങള്‍. യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആ വിയോജിപ്പുകള സ്വര്‍ഗ- നരകങ്ങളുമായും വിശ്വാസ- അവിശ്വാസങ്ങളുമായും ബന്ധിപ്പിച്ച് കാണുന്നിടത്താണ് മൗദൂദിസ്റ്റ്/ സലഫിസ്റ്റ് ഭീകരതയുടെ ബീഭത്സത മറനീക്കി പുറത്തുവരുന്നത്.

നജീബ് നൂറാനി താഴെക്കോട്‌