കേരളീയ ഉലമ മാറ്റത്തിന്റെ വഴിയടയാളങ്ങള്‍

കേരളീയ ഉലമ മാറ്റത്തിന്റെ വഴിയടയാളങ്ങള്‍

കേരളം മറ്റൊരു ഉലമാസമ്മേളനത്തിന് കൂടി സാക്ഷിയാകുന്നു. മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരത്തെ കുറിച്ചാണ് സമ്മേളനം സംസാരിക്കുന്നത്. മുസ്‌ലിം നവോത്ഥാനത്തെ അധികരിച്ച് സംസാരിക്കുമ്പോള്‍ ഉലമയുടെ പങ്കിനെ മാറ്റിനിറുത്താനാകില്ല. കാലത്തെ സൂക്ഷ്മമായി വായിച്ചറിഞ്ഞ് പണ്ഡിത ധര്‍മം നിര്‍വഹിച്ച ഉലമയുടെ നീളുന്ന പട്ടിക തന്നെ കേരള മുസ്‌ലിം ചരിത്രത്തിലുണ്ട്. മുസ്‌ലിം ഉമ്മത്തിന്റെ ഗതി നിര്‍ണയിച്ച ചരിത്ര സന്ധികളിലെല്ലാം പക്വമതികളായ പണ്ഡിത പ്രതിഭാശാലികളുടെ ഇടപെടലുകളും മാര്‍ഗദര്‍ശനങ്ങളും നല്ല രീതിയില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്.

കേരളത്തിലെ മുസ്‌ലിം നവോത്ഥാനം പാരമ്പര്യത്തിലധിഷ്ടിതമാണ്. കേരളീയ ഇസ്‌ലാം അന്നും ഇന്നും ഒരേ ആശയാദര്‍ശത്തിലൂടെയാണ് കാലത്തെ അഭിമുഖീകരിക്കുന്നത്. ഇടക്കാലത്തെവിടെയോ ചില തിരുത്തല്‍ വാദികള്‍ ഇസ്‌ലാമിനെ വികലമാക്കാനൊരുങ്ങിയപ്പോള്‍ മതത്തിന് കാവലായത് ഉലമയായിരുന്നു. ആ ചരിത്ര സന്ധിയിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന കൂട്ടായ്മ പിറവിയെടുക്കുന്നത്. പാരമ്പര്യാദര്‍ശത്തെ കാത്തുസൂക്ഷിക്കാനാണ് ആ പണ്ഡിത കൂട്ടായ്മക്ക് രൂപം കൊടുത്തത്. താഴ്‌വേരിളക്കി കളയുമാറ് കനത്ത കാറ്റും കോളുമായി മതത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഉത്പതിഷ്ണുക്കളെ പരാജയപ്പെടുത്താന്‍ ഈ പണ്ഡിത സഭക്ക് കഴിഞ്ഞുവെന്നത് ചരിത്രം.

ഉലമാ സമ്മേളനത്തിന്റെ ഭാഗമായി സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്….

മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരമെന്ന ശീര്‍ഷകത്തില്‍ ഉലമാ സമ്മേളനം നടക്കുന്നു. നവോത്ഥാനത്തെ പ്രമേയവത്കരിക്കുന്നതോടൊപ്പം പെട്ടെന്നുള്ളൊരു വിളിച്ചുകൂട്ടലാണല്ലോ ഇത്?

സമസ്ത ജനറല്‍ ബോഡി കൂടണമെന്ന് നേരത്തെ തന്നെ മുശാവറ തീരുമാനിച്ചിട്ടുണ്ട്. ഏതുവിധമാകണമെന്നതില്‍ തീരുമാനമായിരുന്നില്ല. കോട്ടക്കല്‍ കോഴിച്ചെനയില്‍ സംഘടിപ്പിച്ചത് പോലെ വിപുലമായ ജനറല്‍ ബോഡി കൂടാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതനുസരിച്ചാണ് ഇരുപത്തയ്യായിരം പ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കി വിളിച്ചുകൂട്ടാന്‍ സമസ്ത തയാറായത്. സമകാലിക വിഷയങ്ങളില്‍ ഉലമാക്കളുടെ പങ്ക് എന്ത് എന്ന് ഈ സമ്മേളനം വ്യക്തമാക്കും.

സമകാലിക വിഷയങ്ങളില്‍ ഒന്ന് ഏകസിവില്‍കോഡായിരിക്കും?

ഏകസിവില്‍കോഡും അതിനെ ചുറ്റിപ്പറ്റിവരുന്ന വിവാഹം, വിവാഹ മോചനം, മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങി ഒരുപാട് വിഷയങ്ങളുണ്ട്. ഈ വിഷയങ്ങളിലെല്ലാം ഇസ്‌ലാമിന്റെ നിലപാട് എന്ത്? ഇസ്‌ലാമിന്റെ വീക്ഷണവും കേട്ടുവരുന്ന വിമര്‍ശവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? തുടങ്ങിയ കാര്യങ്ങളെല്ലാം ചര്‍ച്ചയാവുന്ന സെഷനുകളുണ്ട്. അതോടൊപ്പം പുത്തനാശയക്കാരുടെ നവോത്ഥാന സങ്കല്‍പങ്ങളുടെ ശൂന്യത വെളിച്ചത്ത് കൊണ്ടുവരണം.

സത്യത്തില്‍ നവോത്ഥാനമല്ല അവരിവിടെ സാധിച്ചെടുത്തത്. ഇസ്‌ലാമിനെക്കുറിച്ച് ഒരുതരം പേടി അവര്‍ മറ്റുള്ളവര്‍ക്കിടയിലുണ്ടാക്കി. അഥവാ ഇസ്‌ലാം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് ഇരകളെറിഞ്ഞ് കൊടുത്തതിവരാണ്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാതെ അഭിപ്രായം പറയാമെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തിച്ചതും. സ്വതാല്‍പര്യത്തിന് മതനിയമങ്ങളെ മാറ്റിയെഴുതാന്‍ തുനിഞ്ഞതും അവര്‍ തന്നെ.

മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരമെന്ന പ്രമേയം മുസ്‌ലിം നവോത്ഥാനത്തെ ചുരുക്കിക്കെട്ടിയോ?

കേരളീയ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ചാണ് പുത്തനാശയക്കാര്‍ സംസാരിക്കുന്നത്. അത് വ്യാജമാണെന്ന് ബോധ്യപ്പെടുത്തലാണ് നവോത്ഥാനത്തിന്റെ കേരളീയ പരിസരം കൊണ്ടുദ്ദേശിച്ചത്. ഇസ്‌ലാമിന്റെ പ്രാരംഭ കാലം തൊട്ടുതന്നെ ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ട്. അന്ന് മുതലേ മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം കൊടുത്തത് ഉലമയാണ്. മതത്തിലേക്ക് അവര്‍ അവരുടെ വകയൊന്നും കൂട്ടിയില്ല. മാലിക് ബ്‌നു ദീനാറും സംഘവും പകര്‍ന്ന ദീപശിഖ അണയാതെ ഇന്നുവരെ കൊണ്ടുവന്നു. അവരാണ് യഥാര്‍ത്ഥ നവോത്ഥാന നായകര്‍. ഇസ്‌ലാമിക ചരിത്രത്തില്‍ ശ്രദ്ധേയ നാമങ്ങളായി കേരളത്തിലെ പല സ്ഥലങ്ങളും നിലവിലുണ്ട്. പൊന്നാനി, കൊടുങ്ങല്ലൂര്‍, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ. ഈ നാടുകളെല്ലാം ചരിത്രത്തിലിടം പിടിച്ചത് ഇസ്‌ലാമിന്റെ ആഗമനം കൊണ്ടും നവോത്ഥാനമുന്നേറ്റം കൊണ്ടുമാണ്.

ശൂന്യതയില്‍നിന്നായിരുന്നുവല്ലോ ഇസ്‌ലാം കേരളത്തില്‍ വ്യാപരിച്ചത്. അവര്‍ കൊണ്ടുവന്ന ഇസ്‌ലാമികാചാരങ്ങള്‍, കര്‍മങ്ങള്‍ എന്നിവ ഇവിടുത്തെ ജനങ്ങള്‍ ആശ്ലേഷിച്ചത് പാരമ്പര്യ മുസ്‌ലിംകളുടെ ജീവിത വിശുദ്ധി നോക്കിയായിരുന്നു.

നവോത്ഥാന നായകര്‍ മുജദ്ദിദുകളാണ്. അവരിലൂടെ ഇസ്‌ലാമിന് പുനരുജ്ജീവനം ലഭിക്കുകയാണ്. ഓരോ നൂറ്റാണ്ടിലും മുജദ്ദിദുകളെകൊണ്ട് ഇസ്‌ലാമിനെ പുനരുജ്ജീവിപ്പിക്കുമെന്നല്ലേ വിശ്രുത വചനം. കേരളമണ്ണില്‍ ഇസ്‌ലാമിന് വളക്കൂറുണ്ടാക്കിയത് കഴിഞ്ഞുപോയ ഉലമയാണ്. അവര്‍ തന്നെയാണ് കേരളീയ മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന വക്താക്കള്‍.

ഇമാം ഗസ്സാലി(റ)ന്റെ വിശ്രുത ഗ്രന്ഥം ഇഹ്‌യാ ഉലൂമുദ്ദീന് ഇത്ഹാഫ് എന്ന വിശദീകരണമെഴുതിയ സയ്യിദ് മുര്‍തള അല്‍ സബീദി ഹിജ്‌റ ആയിരത്തിനുശേഷം ജീവിച്ച ഇന്ത്യന്‍ വംശജനായ പണ്ഡിതനാണ്. അദ്ദേഹം പത്ത് നൂറ്റാണ്ടുകളിലെ മുജദ്ദിദുകളെ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മുഴുവന്‍ മുജദ്ദിദുകളും സുന്നി വിശ്വാസ ധാരയിലുള്ളവരാണ്. ഒരു മുജദ്ദിദ് പോലും മതപരിഷ്‌കരണ വാദികളില്‍നിന്ന് വന്നിട്ടില്ല.

നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പാരമ്പര്യമവകാശപ്പെടുന്ന കേരളത്തിന് തൊള്ളായിരത്തി ഇരുപത്തി ഒന്നിന് മുമ്പൊന്നും ഒരു പണ്ഡിത സഭയെക്കുറിച്ചാലോചിക്കേണ്ടിവന്നിട്ടില്ലല്ലോ

കേരള മുസ്‌ലിംകള്‍ക്ക് അന്നും ഇന്നും പ്രകാശം ചൊരിയുന്നത് ഉലമയാണ്. ഉലമയെ ചുറ്റിപ്പറ്റിക്കൊണ്ട് തങ്ങളുടെ ആത്മീയവും ഭൗതികവുമായ ജീവിതം കെട്ടിപ്പടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ യത്‌നിച്ചു. തൊള്ളായിരത്തി ഇരുപത്തൊന്നിന് മുമ്പുവരെ സമസ്തയെപോലെ പ്രതിനിധാനം ചെയ്യുന്ന ഉലമാ സംഘടനയുണ്ടായിരുന്നില്ലെന്നത് സത്യമാണ്. അങ്ങനെ ഒരു സംഘടനയുടെ ആവശ്യം അന്നൊന്നുമുണ്ടായിരുന്നില്ല. കേരളീയ മുസ്‌ലിംകള്‍ ഉലമായുടെ കൂടെ അടിയുറച്ച് നിന്നിരുന്നു.

തൊള്ളായിരത്തി ഇരുപതുകള്‍ക്ക് മുമ്പ് കേരള മുസ്‌ലിംകളെല്ലാം ഒറ്റക്കെട്ടായിരുന്നു. നൂറ്റാണ്ടുകളോളം വ്യതിചലിക്കാതെ കടന്നുപോന്നു. വിശ്വാസപരമായും കര്‍മപരമായും ഒരേ മദ്ഹബ് പിന്തുടരുന്നവരായിരുന്നു ഇവിടെയുള്ള മുസ്‌ലിംകള്‍. 1921കള്‍ക്കു ശേഷമാണ് കേരള മുസ്‌ലിംകളുടെ ഐക്യവും സമാധാനവും നഷ്ടപ്പെട്ടത്. അനൈക്യത്തിന്റെ വിഷവിത്ത് പാകി ഐക്യസംഘം വന്നു. വഹാബികള്‍/ സലഫികള്‍ രൂപം കൊടുത്തതാണ് ഐക്യ സംഘം. കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയും ഐക്യസംഘത്തിന്റെ തുടര്‍ച്ചയാണ്. കെ എം മൗലവിയെ പോലെ പരിഷ്‌കരണ വാദികളാണ് ഈ സംഘടനക്ക് നേതൃത്വം കൊടുത്തത്. കേരളീയ മുസ്‌ലിം സമുദായത്തിലുണ്ടായിരുന്ന ഘടനക്കും ഒഴുക്കിനും വിഘ്‌നമായിട്ട് വര്‍ത്തിക്കാനേ വഹാബികളുടെ ഈ സംഘടനകള്‍ക്കായുള്ളൂ. പൊതുജനങ്ങളിലൊരു ഭാഗം ഇവരെ തെറ്റുദ്ധരിച്ചു. ആലിമീങ്ങളുടെ കൂട്ടായ്മയെന്നാണല്ലോ അവര്‍ സംഘടനക്ക് നല്‍കിയ പേര്. ഈയവസരത്തിലാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സമസ്തയെന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് ക്ഷണിച്ചത്.

അപ്പോള്‍ സമസ്ത രൂപീകരണത്തിലെ ലക്ഷ്യം?

പൂര്‍വ്വകാലം മുതല്‍ ദീന്‍ നിലനിര്‍ത്തി പോന്നതില്‍ നമുക്ക് മഹത്തായ പാരമ്പര്യമുണ്ട്. മറ്റു നാടുകളെ അപേക്ഷിച്ച് നല്ല ചര്യ, ആചാരം എന്നിവ നിലനിറുത്തിപ്പോരാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. തലയെടുപ്പുള്ള പണ്ഡിതര്‍ നമുക്കുണ്ടായി എന്നതാണ് ഇതിന് നിമിത്തമായത്. പുത്തനാശയക്കാരുടെ രംഗപ്രവേശത്തോടെ ഈ സാംസ്‌കാരിക തനിമക്ക് ഭംഗം വന്നു. പാരമ്പര്യത്തിലടിയുറച്ച് സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് സമസ്ത രൂപീകരിച്ചത്. അത്‌കൊണ്ട് തന്നെ മറ്റുനാടുകളില്‍ വഹാബിസം വേരോടിയത് പോലെ കേരളത്തില്‍ വേരോടിയിട്ടില്ല.

സമസ്ത രൂപീകരണത്തിന് മുമ്പ് കേരളീയ മതപണ്ഡിതരുടെ പ്രവര്‍ത്തന രീതി

സമസ്ത രൂപീകരണത്തിന് മുമ്പ് കേരളീയ മതപണ്ഡിതരുടെ പ്രവര്‍ത്തന രീതി എങ്ങനെയായിരുന്നുവെന്നതിന് ഒരുദാഹരണം പറയാം. ഹിജ്‌റ 1130കളിലാണ് കൊണ്ടോട്ടിയില്‍ ഒരു ത്വരീഖത്ത് പ്രത്യക്ഷപ്പെട്ടത്. തികച്ചും ഇസ്‌ലാമികാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ ത്വരീഖത്ത്. ഈ വ്യാജ ത്വരീഖത്തിനെ വിമര്‍ശിക്കുന്ന വിഷയത്തില്‍ അന്നത്തെ ഉലമാക്കള്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. മമ്പുറം തങ്ങളുടെ മാതൃ സഹോദരന്‍(അമ്മാവന്‍) സയ്യിദ് ജിഫ്‌രി തങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍നിരയില്‍ നിന്നു. പണ്ഡിതന്മാര്‍ ഈ ത്വരീഖത്ത് പിഴച്ചതാണെന്ന് ഫത്‌വ നല്‍കി. വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് ജിഫ്‌രി തങ്ങള്‍ കന്‍സുല്‍ ബറാഹീന്‍ എന്ന ഗ്രന്ഥത്തിലൂടെ ഓര്‍മപ്പെടുത്തി. വിശ്വാസികളുടെ വിശ്വാസ- ധര്‍മ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകളുമുണ്ടാകുമ്പോള്‍ അവരെല്ലാവരും ഒരേ സ്വരത്തിലിടപെട്ടു.

ലോക ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണല്ലോ കോളനിവാഴ്ച. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ആ കറുത്ത അദ്ധ്യായത്തിന്റെ തുടക്കം കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ കാല്‍വെപ്പോടുകൂടിയായിരുന്നു. ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ലോകം പ്രാര്‍ത്ഥിച്ചുപോകുന്ന ആ അധിനിവേശാനുഭവത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ മലബാറിലെ ജനങ്ങളെ ആവേശഭരിതമാക്കിയത് ഇവിടുത്തെ ഉലമയായിരുന്നു. സമസ്ത രൂപീകരണത്തിന് മുമ്പുള്ള കേരളീയ മതപണ്ഡിതരുടെ കര്‍മമണ്ഡലത്തിന്റെ സ്വഭാവം ഏതുവിധമായിരുന്നുവെന്ന് ഉപര്യുക്ത ഇടപെടലുകളില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

വഹാബിസത്തിന്റെ കേരള ജംഇയ്യത്തുല്‍ ഉലമ നിലനില്‍ക്കെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എങ്ങനെ അതിജയിച്ചു?

വഹാബികളുടെത് കേരള ജംഇയ്യത്തുല്‍ ഉലമ. നമ്മുടെത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഈ പേരിടുന്നിടത്തേ തുടങ്ങി വഹാബിസത്തിന്റെ അടിപ്പതര്‍ച്ച. വഹാബി സംഘടന നിലവില്‍വന്നത് തൊള്ളായിരത്തി ഇരുപത്തിമൂന്നിലാണെന്ന് തോന്നുന്നു. പക്ഷേ അവര്‍ക്ക് വലിയ തോതില്‍ കേരളത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. വഹാബികള്‍ ആദ്യം ഉലമയെ വശീകരിക്കാനാണ് ശ്രമിച്ചത്. ശേഷം ഓരോ പ്രദേശങ്ങളിലെയും പ്രമാണിമാരെയും.
ഉത്പതിഷ്ണുക്കള്‍ ഗ്രാമങ്ങളിലെത്തുന്നതിനുമുമ്പ് സമസ്ത നേതാക്കള്‍ ജനമധ്യേ കാര്യം വിശദീകരിച്ചു. സമസ്തയെന്ന സംഘടനയുടെ അനിവാര്യത ബോധിപ്പിച്ചു. ഒരു പുതിയ സംഘടനയെന്ന അദൃശ്ച്യത്തോടെ പലരും സമസ്തയെ നോക്കിക്കണ്ടു. അപരിചിതത്വമാണിതിന് പ്രേരണയായത്. സുന്നികളുടെ മുന്നേറ്റത്തെ തടയിടാന്‍ വഹാബികള്‍ ജനങ്ങള്‍ക്കിടയില്‍ പല ആശയക്കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുനോക്കി. പോലീസിനെയും ഭരണാധികാരികളെയും വശീകരിച്ച് നോക്കി.

ഉസ്താദിന്റെ കാര്യത്തിലേക്കുവരാം. സമസ്തയെ ആദ്യമായി കേള്‍ക്കുന്നത്?

1954ലാണ് ജനിക്കുന്നത്. ഓത്തുപള്ളിയിലാണ് പഠനം തുടങ്ങുന്നത്. മദ്‌റസ നിലവിലുണ്ടായിരുന്നില്ല. 1961-62 കാലത്ത് ഞങ്ങളുടെ നാട്ടില്‍ സമസ്തക്കുകീഴില്‍ മദ്‌റസ രൂപീകൃതമായി. എന്റെ പ്രായപരിധിയനുസരിച്ച് മൂന്നാം ക്ലാസിലാണ് എന്നെ ചേര്‍ത്തിയത്. 3ാം ക്ലാസ് മുതല്‍ പിന്നീടങ്ങോട്ട് മദ്‌റസയില്‍ തന്നെ പഠിച്ചു. കൃത്യമായി പറഞ്ഞാല്‍, 3ാം ക്ലാസ് മുതല്‍ സമസ്തയുടെ സംവിധാനങ്ങളോട് ഒത്തുപോരുന്നു. പക്ഷെ, അന്ന് സമസ്തയെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.

ഓത്തുപള്ളിയില്‍ മൊല്ലാക്കയാണ് അധ്യാപനം നടത്തുന്നത്. കുട്ടികളുടെ ബാഹുല്യത്തിനനുസരിച്ച് മൊല്ലാക്കമാരുടെ എണ്ണവും കൂടും. ഓത്തുപള്ളിയില്‍ ഖുര്‍ആനിനോടൊപ്പം പഠിപ്പിക്കലോട് കൂടെ ദീനിയ്യാത്ത്, അമലിയ്യാത്ത്, അഖ്‌ലാഖ് എന്നീ പുസ്തകങ്ങളുമുണ്ടായിരുന്നു. മൊല്ലാക്ക ഖുര്‍ആന്‍ പലകയില്‍ എഴുതിത്തരും. യാസീന്‍ വരെ പലകയിലെഴുതിയാണ് പഠിച്ചത്. പലകയിലെഴുതിയത് മായിക്കാന്‍ വെളുത്ത ചെവിടി മണ്ണ് ശേഖരിച്ച് കയ്യില്‍ കരുതണം. യാസീന്‍ കഴിഞ്ഞിട്ടാണ് മുസ്ഹഫെടുക്കുക. മുസ്ഹഫിന്റെ ബഹുമതി സംരക്ഷിക്കാനായിരുന്നു ഈ രീതി.
മദ്‌റസ ശാസ്ത്രീയ സംവിധാനത്തോടുകൂടിയാണ് കടന്നുവന്നത്. ഓത്തുപള്ളിയിലില്ലാത്ത പല പഠന ശാഖകളും മദ്‌റസയില്‍നിന്നും പഠിക്കാനായി. തജ്‌വീദ്, താരീഖ് തുടങ്ങിയവ മദ്‌റസയില്‍നിന്നാണ് പഠിച്ചത്.

ശാസ്ത്രീയ പഠന സംവിധാനങ്ങളുമായാണ് സമസ്തയുടെ മദ്‌റസാ സംരംഭം നിലവില്‍ വരുന്നത്. കേരളത്തിലെ മദ്‌റസാ സംവിധാനത്തെ പലരും പുകഴ്ത്തിയിട്ടുണ്ട്.

സമസ്തയുടെ ഉലമ തന്നെയാണ് ഇതിന് വേണ്ടി പ്രയത്‌നിച്ചത്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരെ പ്രത്യേകം സ്മരിക്കണം. പാഠപുസ്തകങ്ങളും സിലബസ്സും തയാറാക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. ദര്‍സീ രംഗത്ത് കാലോചിത മാറ്റങ്ങള്‍ കൊണ്ടുവന്ന, ഇന്നത്തെ ഉലമയുടെ പരമ്പര ചെന്നെത്തുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു പറവണ്ണ ഉസ്താദിന്റെ ഗുരു. ചാലിലകത്തിന്റെ വ്യക്തിഗുണങ്ങള്‍ പറവണ്ണയിലും നിഴലിച്ചു.

വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കെ എം മൗലവി ചാലിലകത്തിന്റെ ശിഷ്യനും മരുമകനുമായിരുന്നു. ഗുരുവഴിയില്‍ നിന്ന് വ്യതിചലിച്ചാണ് പിന്നീട് കെ എം മൗലവി ജീവിച്ചത്.

ചാലിലകത്ത് വഹാബി നവോത്ഥാന നായകനാണെന്ന് മുമ്പൊരു വാദമുണ്ടായിരുന്നല്ലോ?

ശുദ്ധ കളവാണത്. കെ എം മൗലവിയെ ഉപയോഗിച്ചാണീ വാദം ഉന്നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചാലിലകത്തും വഹാബിസവും തമ്മില്‍ ഒരു ബന്ധവുമില്ല. കുഞ്ഞഹമ്മദ് ഹാജി 1919ലാണ് വഫാത്താകുന്നത്. വഹാബി പ്രസ്ഥാനം 1923ന് ശേഷമാണ് കേരളത്തില്‍ വരുന്നത്. വഹാബിസം കേരളത്തില്‍വരുമ്പോള്‍ കുഞ്ഞഹമ്മദ് ഹാജി ഇവിടെയില്ല. വിടപറഞ്ഞിട്ടുണ്ട്.

1921ലെ ലഹളയില്‍ പങ്കെടുത്ത് കൊടുങ്ങല്ലൂരിലേക്ക് നാടുവിട്ട കെ എം മൗലവിയിലൂടെയാണ് മലബാറില്‍ വഹാബിസം കയറിക്കൂടിയത്. സൗദി അറേബ്യയില്‍നിന്ന് വന്നിരുന്ന പുസ്തകങ്ങള്‍ വായിച്ചാണ് അദ്ദേഹം അതില്‍ ആകൃഷ്ടനായത്. പുത്തനാശയവുമായി തിരൂരങ്ങാടിയിലേക്ക് കെ എം മൗലവി വരുമ്പോഴേക്കും ഭാര്യാപിതാവ് കുഞ്ഞഹമ്മദ് ഹാജി വഫാതായിരുന്നു.

സമസ്ത നേതാക്കളില്‍ ആരെയാണ് ഉസ്താദ് ആദ്യമായി കാണുന്നത്?

സ്വദഖത്തുള്ള മുസ്‌ലിയാരെയാണ് ആദ്യമായി കാണുന്നത്. 1964ല്‍ പൊന്മളയില്‍ വെച്ച് നടന്ന ഒരു സമ്മേളനത്തില്‍(ഏറനാട് താലൂക്ക് ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലാണെന്ന് തോന്നുന്നു) വെച്ചായിരുന്നു കൂടിക്കാഴ്ച. അന്ന് സ്വദഖത്തുല്ല മുസ്‌ലിയാര്‍ സമസ്ത പ്രസിഡന്റാണ്.

സുന്നി പള്ളി പിടിച്ചടക്കലിന്റെ ഒരു പരമ്പര തന്നെ മുമ്പുണ്ടായിട്ടുണ്ടല്ലോ?

വഞ്ചനയിലൂടെയാണവര്‍ സുന്നി മഹല്ലുകള്‍ പിടിച്ചടക്കിയത്. സുന്നി വേഷം ധരിച്ച് മഹല്ല് നിവാസികളെ ബ്രൈന്‍ വാഷ് ചെയ്തായിരുന്നു ഈ പിടിച്ചടക്കല്‍. എടവണ്ണ സുന്നികള്‍ക്ക് നഷ്ടമായത് വഹാബികളുടെ വഞ്ചനയിലൂടെയായിരുന്നു. എടവണ്ണയില്‍ അലവി മൗലവി സുന്നിയെ പോലെ നീളന്‍ കുപ്പായവും തലേകെട്ടും ഓയല്‍മുണ്ടും ധരിച്ച്, സുന്നി വേഷധാരിയായി പ്രദേശ വാസികളെയെല്ലാം പുത്തനാശയക്കാരാക്കി മാറ്റി.

മുമ്പ് പറഞ്ഞത് പോലെ ആദരവിനെ അനിസ്‌ലാമികമാക്കുകയാണവര്‍ ആദ്യം ചെയ്തത്. ആലിമീങ്ങളെ ബഹുമാനിക്കുന്ന ചര്യയെ ആള്‍ദൈവ പൂജയായി ചിത്രീകരീച്ചു. മൗലിദിലും,കുത്ബിയത്തിലും,റാത്തിബിലും മുത്ത് നബിയെയും മഹത്വുക്കളെയും ആദരിക്കലും വന്ദിക്കലുമാണ് ഉള്ളത്. ആദരിക്കലും വന്ദിക്കലും ഈ കര്‍മ്മങ്ങളിലുള്ളതിനാല്‍ അത് വ്യക്തിപൂജയാണ്. വ്യക്തി പൂജ ശിര്‍ക്കാണ്. അപ്പോള്‍ മൗലിദും ഖുതുബിയ്യത്തും റാത്തീബും ശിര്‍ക്കാണെന്ന് പറഞ്ഞ് സാധാരണക്കാരെ സുന്നീ ആദര്‍ശത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇതേ വിധം വഹാബികള്‍ കഴിയാവുന്ന മഹല്ലുകളിലെല്ലാം പയറ്റി നോക്കി.

പുളിക്കലില്‍ അബൂസ്വലാഹ് മൗലവിയുടെ പ്രവര്‍ത്തനം മൂലമാണ് വഹാബിസം പടര്‍ന്നത്. എടവണ്ണ മൗലവിയെ കുറിച്ച് പറഞ്ഞത് പോലെയാണ് അദ്ദേഹത്തിന്റെ വിശേഷവും.

സുന്നികള്‍ക്ക് നഷ്ടമായ പള്ളികള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞുവോ
കഴിഞ്ഞിട്ടുണ്ട്. എടപ്പാളിനടുത്ത പ്രദേശമായ കോലാളമ്പ് പള്ളിയും മദ്രസയും മൗദൂദികളുടെ കയ്യിലായിരുന്നു. കൊണ്ടോട്ടിക്കാരനായ മൊയ്തീന്‍ മൗലവി എന്ന ജമാഅത്തുക്കാരന്‍ 1952 മുതല്‍ കോലാളമ്പില്‍ സേവനം ചെയ്യുകയായിരുന്നു. പ്രമാണിമാരെയും സാധുജനങ്ങളെയും വശീകരിച്ച് ആ മഹല്ല് മുഴുക്കെ ജമാഅത്താക്കി മാറ്റി. മദ്രസയും മൗദൂദികള്‍ക്ക് ലഭിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇത് തിരിച്ചറിയാനായത്. ഉലമ അവിടെ ഇടപെട്ടു. ഇന്ന് ആ മഹല്ല് സുന്നികളുടെ കീഴിലാണ്.

സംവാദ രംഗത്ത് ജനകീയമായി മാറിയ കൊട്ടപ്പുറം സംവാദത്തിന്റെ തദ്ഫലമെന്നോളം ഒരു മഹല്ല് സുന്നി ആദര്‍ശത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്. ചില പള്ളികള്‍ അവരുടേതായി രജിസ്റ്റര്‍ ചെയ്തതിനാല്‍ നമുക്ക് തിരിച്ച് ലഭിച്ചിട്ടില്ല. കോഴിക്കോട് പാളയം ബസ്റ്റാന്റിന് സമീപം നില്‍ക്കുന്ന മുഹ്‌യിദ്ദീന്‍ പള്ളി പുത്തനാശയക്കാരുടെ കയ്യിലാണ്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ നാമധേയത്തിലാണ് ആ പള്ളി നിര്‍മ്മിച്ചത്. ഈ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ലിവാഅ് പള്ളിയും വടക്ക് ഭാഗത്തുള്ള പട്ടാള പള്ളിയും അവര്‍ പിടിച്ചടക്കി. അന്നത്തെ സമുദായ രാഷ്ട്രീയക്കാരുടെ ഒത്താശയോട് കൂടെയാണ് വഹാബികള്‍ ഇതെല്ലാം ചെയ്തത്. ഇ.കെ ഹസന്‍ മുസ്‌ലിയാരും സുല്‍ത്വാനുല്‍ ഉലമയും അക്കാലത്ത് വളരെ ചെറുപ്പക്കാരായിരുന്നെങ്കിലും ഈ പള്ളികളുടെ മോചനത്തിന് വേണ്ടി കുറെ നടന്നിട്ടുണ്ട്. രാഷ്ട്രീയ പ്രമാണിമാരെ സമീപിച്ചാല്‍ അവര്‍ പറയും:”നിങ്ങള്‍ കുറച്ച് ക്ഷമിക്കുക. എല്ലാം ഞങ്ങള്‍ ശരിയാക്കിത്തരും”. അവര്‍ എല്ലാം മതപരിഷ്‌കരണവാദികള്‍ക്ക് ശരിയാക്കി കൊടുത്തു.

നാട്ടിലെ പ്രമാണിമാരെ വഹാബികള്‍ വശീകരിച്ചിരുന്നുവല്ലേ.

പ്രമാണിമാരെ പറഞ്ഞ് വശീകരിക്കുകയെന്നത് വഹാബികളുടെ ഒരു രീതിയായിരുന്നു. പക്ഷേ അവര്‍ക്കതില്‍ കൂടുതലായി വിജയിക്കാന്‍ കഴിഞ്ഞില്ല. ഏത് പ്രമാണിയും ആലിമീങ്ങളെ ബഹുമാനിച്ചിരുന്നു. പുത്തനാശയക്കാരുടെ ആശയ വ്യതിയാനങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവരില്‍ പലരും സ്വീകരിച്ചു. അതേസമയം, ചില പ്രമാണിമാര്‍ പുത്തനാശയക്കാരോടൊപ്പം ഉറച്ചുനിന്നു. മതപരമായ സാമാന്യ വിവരമില്ലാത്തവരാണ് വഹാബി വലയത്തില്‍ പെട്ടത്. പക്ഷേ ഇവരെ പേടിച്ച് സുന്നത്ത് ജമാഅത്ത് വെട്ടിത്തുറന്ന് പറയുന്നതില്‍ ഉലമയും ഭയന്നില്ല. ഖൗഫ് (അല്ലാഹുവില്‍ കൂടുതല്‍ ഭക്തി) കൂടുതലുള്ളവരായിരുന്നു പണ്ഡിതര്‍. അവര്‍ മറ്റാരെയും പേടിച്ചില്ല. പ്രലോഭനങ്ങളില്‍ വശംവദരായില്ല. ഇസ്സത്തോടെ എല്ലാം തുറന്നുപറഞ്ഞു. പുത്തനാശയക്കാരായ വഹാബികള്‍ക്ക് പുറമെ ജമാഅത്ത്, തബ്‌ലീഗ് വിഭാഗങ്ങള്‍ കടന്നുവന്നപ്പോഴും സമസ്ത അവരുടെ വ്യതിയാനങ്ങള്‍ തുറന്നുകാട്ടി.

മുജാഹിദിന് ശേഷമാണല്ലോ ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത് എന്നിവ പ്രത്യക്ഷപ്പെടുന്നത്. ഇവരെ ചെറുത്ത് തോല്‍പ്പിക്കാന്‍ സമസ്ത പണ്ഡിതരുടെ പ്രസംഗങ്ങള്‍ക്കും ഖണ്ഡനങ്ങള്‍ക്കും സാധിച്ചിരുന്നോ?

എന്താണ് സംശയം. അതുകൊണ്ടാണ് അവര്‍ക്കിന്നും സമൂഹതത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്താന്‍ കഴിയാത്തത്. കാര്യമായ സ്ഥാപനങ്ങളോ സംവിധാനങ്ങളോ അവര്‍ക്കില്ല. പൊതു സമൂഹത്തില്‍ ചില വേഷപ്പകര്‍ച്ചകള്‍ കാരണം ചില ഇലയനക്കങ്ങള്‍ ഉണ്ടാക്കിയതൊഴിച്ചാല്‍ ഒരു മൗലവി എവിടെയെങ്കിലുമുണ്ടെങ്കില്‍ അവിടെ ഒതുങ്ങുന്നതേയുള്ളൂ അവരുടെ പ്രവര്‍ത്തനം. ഇങ്ങനെയുള്ള ഒറ്റപ്പെട്ട മൗലവിമാരെ കേന്ദ്രീകരിച്ച് അന്നത്തെ ഉലമ ഉജ്ജ്വല പ്രസംഗങ്ങള്‍ നടത്തി. അതോടെ അവിടെയൊക്കെ നല്ല മാറ്റങ്ങള്‍ ഉണ്ടായി.

അവരുടെ നെറുകയില്‍ അടികൊണ്ട പോലെ ശക്തമായ പ്രസംഗം നടത്തിയവരില്‍ പ്രധാനിയാണ് റശീദുദ്ദീന്‍ മൂസാന്‍ക്കുട്ടി മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ പേരിലുള്ള നഗറാണ് തിരൂരങ്ങാടിയിലെ റശീദ് നഗര്‍. മൂസാന്‍ക്കുട്ടി മുസ്‌ലിയാര്‍ പ്രസംഗിച്ചിരുന്ന ആ സ്ഥലത്ത് അന്ന് ഒരു സ്ഥിരം സ്റ്റേജുണ്ടായിരുന്നു. അതിന് വേറെയും ഒരു കാരണമുണ്ടായിരുന്നു. അന്ന് കെ എം മൗലവിയെപ്പോലുള്ളവര്‍ മുസ്‌ലിം ലീഗിന്റെയും വഹാബിയുടെയും ആളുകളായിരുന്നു. ഇക്കാരണം കൊണ്ട് മുസ്‌ലിം ലീഗ് തന്നെയായിരുന്നു അവിത്തെ വഹാബികള്‍. അവിടെ വഹാബിയും ലീഗും രണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ സുന്നികള്‍ മുഴുവന്‍ ലീഗിനോടുള്ള എതിരു കാരണം കോണ്‍ഗ്രസുകാരായിരുന്നു. അവിടെ ലീഗ്, കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ വഹാബി, സുന്നി എന്ന് പറയുന്നത് പോലെയായിരുന്നു. ആദര്‍ശമായിരുന്നു രാഷ്ട്രീയമായി ഇങ്ങനെ ചേരിതിരിയാന്‍ കാരണം. ഞാന്‍ ചെറുമുക്കില്‍ ഓതുന്ന കാലത്ത് ഒരു പണ്ഡിതനും പൗര പ്രധാനിയുമായിരുന്നു തിരൂരങ്ങാടി കോയകുട്ടി മുസ്‌ലിയാര്‍. അദ്ദേഹം ഖദര്‍ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. കുട്ടികളായ ഞങ്ങളോട് അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു:’നമ്മള്‍ ഇതൊക്കെ ധരിക്കുന്നത് കോണ്‍ഗ്രസിനോടുള്ള മഹബ്ബത്ത് കൊണ്ടല്ല, ലീഗിനോടുള്ള വെറുപ്പ് കൊണ്ടാണ്’. ലീഗിനോടുള്ള വെറുപ്പിന് കാരണം വഹാബിസമായിരുന്നു.
ജമാഅത്ത്, തബ്‌ലീഗ് പ്രസ്ഥാനങ്ങള്‍ ആദ്യം ഉത്തരേന്ത്യയിലാണ് പിറവിയെടുത്തത്. മൗദൂദിയുടെയും ഇല്യാസിന്റെയും ആദര്‍ശം തിരിച്ചറിയണമെങ്കില്‍ അവരുടെ കൃതികളുടെ ഉത്തരേന്ത്യന്‍ പതിപ്പുകള്‍ നോക്കണം. അവ ഉറുദു ഭാഷയിലായിരിക്കും. ഉറുദു ഭാഷയില്‍ പ്രാവീണ്യമുള്ള വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരെപ്പോലെയുള്ള മഹാ പണ്ഡിതരാണ് ഇവരുടെ ഗ്രന്ഥങ്ങള്‍ വായിച്ച് അവരുടെ ആദര്‍ശത്തെ ഇവിടെ ഖണ്ഡിച്ചത്. പ്രത്യേക ക്ലാസുകള്‍ വിളിച്ച് കൂട്ടി അവരുടെ ആദര്‍ശങ്ങള്‍ പൊളിച്ചെഴുതി. അന്ന് സമസ്തയിലുണ്ടായിരുന്ന പണ്ഡിതരില്‍ ഉത്തരേന്ത്യന്‍ ആലിമീങ്ങളുമായി ബന്ധമുള്ളവരുണ്ടായിരുന്നു. ദയൂബന്ദ്, ബാഖിയാത് എന്നീ ഉപരി പഠന സ്ഥാപനങ്ങളിലെ പഠനമാണ് ഇവര്‍ക്ക് ഈ ബന്ധം രൂഢമാക്കാന്‍ പ്രേരണയേകിയത്.

പുത്തനാശയക്കാരെ പരാജയപ്പെടുത്തുന്ന കാര്യത്തില്‍ ഉസ്താദിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പണ്ഡിതന്‍?

ഇ.കെ ഹസ്സന്‍ മുസ്‌ലിയാരാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വ്യക്തിത്വം. വിവാദ വിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും വാസനയും താല്‍പര്യവുമുണ്ടാക്കിയത് അദ്ദേഹമാണ്. കേള്‍ക്കുന്നവര്‍ക്ക് ഖൗഫ്(ഭയം)ഉണ്ടാക്കും വിധം വഹാബി മൗദൂദികള്‍ മാറ്റി നിറുത്തപ്പെടേണ്ടവരാണെന്ന് ബോധിപ്പിക്കുന്ന രീതിയിലുമായിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങള്‍.

ഇ.കെ ഹസ്സന്‍ മുസ്‌ലിയാര്‍ പുത്തനാശയക്കാരുമായി നടത്തിയ ഖണ്ഡനങ്ങളില്‍ ഉസ്താദിനെ ആകര്‍ഷിച്ച ഏതെങ്കിലുമൊരു മുഹൂര്‍ത്തം?

പല മുഹൂര്‍ത്തങ്ങളുമുണ്ട്. ‘ഖുതുബ സന്ദര്‍ഭോചിതമാകണം, അത് കൊണ്ടാണ് കമ്പോള നിലവാരമൊക്കെ ഞങ്ങള്‍ വായിക്കുന്നത്’ എന്ന് ഒരു മൗലവി പറഞ്ഞപ്പോള്‍ ഹസ്സന്‍ മുസ്‌ലിയാര്‍ ചോദിച്ചു: ‘സാന്ദര്‍ഭോചിതം എന്ന് പറഞ്ഞാല്‍ എന്താണ്?. ശ്രോതാക്കളില്‍ പല ആവശ്യക്കാരുമുണ്ടാകും. ഒരാള്‍ ഹജ്ജിന് പോകേണ്ടവനായിരിക്കും. അപ്പോള്‍ അയാള്‍ക്ക് സന്ദര്‍ഭോചിതമായത് ഹജ്ജിനെ പറ്റി പറയുന്നതാണ്. അപ്പോള്‍ ഓരോരുത്തരുടെയും സന്ദര്‍ഭത്തിനനുസരിച്ചാണ് ഖുതുബ എങ്കില്‍, നൂറ് പേരുണ്ടെങ്കില്‍ ഈരണ്ടു ഖുതുബ വീതം ഇരുനൂറ് ഖുതുബ വേണ്ടിവരുമല്ലോ. അതല്ല, ചിലരുടെ മാത്രം സന്ദര്‍ഭം കണക്കിലെടുക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ ഖുതുബ ശ്രദ്ധിക്കുന്നത് നിരര്‍ത്ഥകമാകില്ലേ?’. ഈ ചോദ്യത്തിനു മുമ്പില്‍ അയാള്‍(ചേകന്നൂര്‍)മുട്ടുകുത്തി.

ചേകന്നൂരുമായി മറ്റൊരുഘട്ടത്തില്‍ ഹസ്സന്‍ മുസ്‌ലിയാര്‍ ഖണ്ഡനത്തിനൊരുങ്ങി. കോട്ടക്കല്‍ സ്വാഗതമാട് വെച്ചായിരുന്നു അത്. അന്ന് അദ്ദേഹം മുജാഹിദായിരുന്നു. ഇസ്തിഗാസക്ക് തെളിവായി ഹസ്സന്‍ മുസ്‌ലിയാര്‍ ആയത്തോതി: ”മന്‍ ആന്‍സ്വാരീ ഇലല്ലാഹ്”. ആരും ഇല്ലാത്ത വഴിയിലൂടെ നടന്ന് പോകുമ്പോള്‍ മന്‍ ആന്‍സ്വാരീ ഇലല്ലാ എന്നു വിളിച്ചു പറഞ്ഞു എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. തനിച്ച ഗൈബത്തിന്റെ സ്വബീലിലാണ്(മറഞ്ഞ വഴിക്ക്) ആ വിളി. അപ്പോള്‍ മരിച്ചവര്‍ പെടുമോ ഹസ്സന്‍ മുസ്‌ലിയാരെ എന്ന് ചേകന്നൂര്‍ ചോദിച്ചു. അതെ മരിച്ചവര്‍ പെടുമെന്ന് ഹസ്സന്‍ മുസ്‌ലിയാര്‍ മറുപടി പറഞ്ഞു. മന്‍ എന്നു പറഞ്ഞത് ആമ്മാണ്(പൊതു പ്രയോഗമാണ്). അതില്‍ ജീവിക്കുന്നവരും മരിച്ചവരും ആണും പെണ്ണുമെല്ലാം പെടും. അപ്പോള്‍ അയാള്‍ ചോദിച്ചു:”മുസ്‌ലിയാരെ വലില്ലാഹി അലന്നാസി ഹിജ്ജുല്‍ ബൈതി മനിസ്ത്വതാഅ ഇലൈഹി സബീലാ എന്ന ആയത്തില്‍ ഒരു മന്‍ ഉണ്ടല്ലോ. ആ മന്നില്‍ മരിച്ചവരും പെടുമോ”. അപ്പോള്‍ ഹസ്സന്‍ മുസ്‌ലിയാര്‍ മലര്‍ത്തിയടിച്ചു: ”അതെ, ആ മന്നില്‍ മരിച്ചവരും പെടും. അത് കൊണ്ടാണ് ഹജ്ജ് ചെയ്യാതെ മരിച്ച് പോയാല്‍ അയാളുടെ അനന്തര സ്വത്തില്‍ നിന്ന് ഹജ്ജ് ചെയ്തിട്ടേ ഓഹരി ചെയ്യാന്‍ പറ്റൂ എന്ന് പറയാന്‍ കാരണം”. അതോടെ അയാള്‍ മുട്ടി.
ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളിലും ഇ.കെ ഉസ്താദിന്റെ ഖണ്ഡനങ്ങള്‍ വഹാബികളെ ഇളിഭ്യരാക്കി. ഖുതുബ പരിഭാഷയുടെ വിഷയത്തില്‍ കോടതി കയറേണ്ടി വന്നപ്പോള്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും ഉന്നയിച്ച ചോദ്യങ്ങളും ശ്രദ്ധേയമായിരുന്നു.

സമസ്തക്കന്നും ഇന്നും ഭീഷണി വഹാബികളും കള്ളത്വരീഖത്തുകാരുമാണെന്ന് വിചാരിക്കുന്നു. അറബി പാഠ പുസ്തകത്തില്‍ ബിദഈ സന്ദേശം കൂട്ടിച്ചേര്‍ത്തതിനെതിരെ സമസ്ത നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. ഇന്നും അവര്‍ സര്‍ക്കാര്‍ ചെലവില്‍ വഹാബിസം പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ.

കേരളത്തില്‍ വഹാബിസം പടര്‍ന്നത് ചതിയിലൂടെയും വഞ്ചനയിലൂടെയുമായിരുന്നു. വഞ്ചനയുടെ ആദ്യ രൂപമായിരുന്നു ഐക്യ സംഘവും, കേരള ജംഇയ്യത്തുല്‍ ഉലമയും. ഐക്യം തകര്‍ത്താണ് ഐക്യസംഘം രൂപം കൊണ്ടത്. കേരള മുസ്‌ലിംകളുടെ ഉലമയുടെ പേരിലാണ് അവര്‍ മറ്റൊരു സംഘടനയും രൂപീകരിച്ചത്. ശേഷമുള്ള കാലങ്ങളിലും വഞ്ചനയുടെയും ചതിയുടെയും മുഖം അവര്‍ കാണിച്ചു. വിശ്വാസികള്‍ക്കിടയില്‍ ഉലമക്കുണ്ടായിരുന്ന ഇക്‌റാമിനെയും, തഅ്‌ളീമിനെയും(ആദരവ്) ആരാധനയാക്കി ചിത്രീകരിച്ചു. പല ആചാരാനുഷ്ടാനങ്ങളെയും ബഹുദൈവാരാധനയാക്കി. എന്നാല്‍ ബഹുദൈവാരാധനയെന്ന് അധിക്ഷേപിച്ച ഇതേ കൃതികള്‍ ഇവര്‍തന്നെ അച്ചടിച്ചുവിറ്റ് പണമുണ്ടാക്കി. അതോടൊപ്പം അതില്‍ കാതലായ തെറ്റുകള്‍ വരുത്തി. എന്നിട്ട് റാതീബില്‍ തെറ്റുണ്ടേ എന്ന് പറഞ്ഞ് കാര്യമറിയാത്തവരെ വഞ്ചിച്ചു. പാഠപുസ്തകത്തിന്റെ പിന്നാമ്പുറവും മറിച്ചല്ല. അറബി പാഠ പുസ്തകത്തില്‍ വഹാബിസം ചേര്‍ക്കുന്നതിന് മുമ്പും പുത്തനാശയക്കാരായ മുന്‍ഷിമാര്‍ കുട്ടികള്‍ക്ക് മത പരിഷ്‌കരണ വാദം പഠിപ്പിച്ചിരുന്നു. ദുര്‍വ്യാഖ്യാനങ്ങളിലൂടെയായിരുന്നു ഈ അധ്യാപനം. പാഠ ഭാഗവുമായി യാതൊരു ബന്ധവുമില്ലാതെ തന്നെ അവര്‍ സുന്നീ ആദര്‍ശത്തെ എതിര്‍ത്തു. ഉദാഹരണത്തിന്, മുളയെ കുറിച്ചൊരു പരാമര്‍ശം മനഃപൂര്‍വം ക്ലാസിലേക്ക് കയറ്റിക്കൊണ്ടുവന്നിട്ട് മുന്‍ഷി പറയും:”മുള കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഇത് കൊണ്ട് ഫര്‍ണീച്ചര്‍ ഉണ്ടാക്കാം. എന്നാല്‍ ചിലര്‍ ഈ മുള ചെത്തിക്കൂര്‍പ്പിച്ച് പിഞ്ഞാണം എഴുതാന്‍ ഉപയോഗിക്കും. അത് ശിര്‍ക്കാണ്, തകര്‍ക്കണം”.
കേരള സര്‍ക്കാര്‍ പാഠ പുസ്തകത്തിലാണ് ബോധപൂര്‍വ്വം വഹാബി നേതാക്കളെ കുറിച്ച് പാഠ ഭാഗം ഉണ്ടാക്കിയത്. കേരള മുസ്‌ലിം പൈതൃകത്തെ മറച്ചുവെച്ചായിരുന്നു ആ കൂട്ടിച്ചേര്‍ക്കല്‍. അതിനെതിരെ പോര്‍മുഖം സൃഷ്ടിക്കാന്‍ നമുക്കായിട്ടുണ്ട്. ഈയടുത്താണ് അവര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബി പാഠപുസ്തകത്തില്‍ തീവ്രവാദം കൂട്ടിച്ചേര്‍ത്തത്. എസ് എസ് എഫ് മാര്‍ച്ച് നടത്തുന്നതിന്ന് മുമ്പേ പുസ്തകം പിന്‍വലിച്ചത് പ്രസ്ഥാനത്തെ ഭയന്നുകൊണ്ടായിരുന്നു.

പൂര്‍വ്വികരായ പണ്ഡിതരുമായുള്ള ഉസ്താദിന്റെ വ്യക്തി ബന്ധങ്ങള്‍?

പഴയകാല ഉസ്താദുമാരുമായി കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. ദര്‍സില്‍ പഠിക്കുമ്പോള്‍ തന്നെ പല പണ്ഡിതരുമായും വ്യക്തിബന്ധം സ്ഥാപിച്ചു. എന്റെ മൂത്താപ്പ സ്വദഖതുല്ല മുസ്‌ലിയാരുമായി നല്ല വ്യക്തി ബന്ധത്തിലായിരുന്നു. ആ കാലത്ത് മൂത്താപ്പയോടൊപ്പം പലവട്ടം സ്വദഖതുല്ല മുസ്‌ലിയാരെ കാണാന്‍ പോയിട്ടുണ്ട്. സ്വദഖതുല്ല ഉസ്താദിനെ തന്നെയാണ് സമസ്ത നേതാക്കളില്‍ ഞാന്‍ ആദ്യമായി കാണുന്നത്. കിതാബ് ഓതാന്‍ പോകുന്നതിന് മുമ്പ് എന്നെ മന്ത്രിക്കാന്‍ മൂത്താപ്പ സ്വദഖതുല്ല മുസ്‌ലിയാരുടെ അടുത്ത് കൊണ്ട് പോയിരുന്നു. അന്ന് ഉസ്താദ് സമസ്തയുടെ പ്രസിഡന്റാണ്. എന്റെ വീട്ടില്‍ നിന്ന് സ്വദഖതുല്ല മുസ്‌ലിയാരുടെ വീട്ടിലേക്ക് ഒരു കിലോമീറ്റര്‍ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ(കോഡൂരായിരുന്നു സ്വദഖതുല്ല ഉസ്താദിന്റെ വീട്. പിന്നീട് വണ്ടൂരിലേക്ക് താമസം മാറി).

ഒ.കെ ഉസ്താദുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ഉപ്പയാണ് എന്നെ ആദ്യമായി ഒ.കെ ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയത്. കോട്ടൂരുസ്താദിന്റെ അടുത്തേക്ക് ഓതാനാക്കിയതും, സമസ്ത കേന്ദ്ര മുശാവറയില്‍ മെമ്പറാകാന്‍ പ്രേരിപ്പിച്ചതും ഉസ്താദ് തന്നെ. 1990ലാണ് ഞാന്‍ കേന്ദ്ര മുശാവറയില്‍ അംഗമാവുന്നത്. അന്ന് പ്രായം മുപ്പത്തിയാറ്. കാന്തപുരം ഉസ്താദിനോടാണ് ഒ.കെ ഉസ്താദ് എന്നെ സമസ്തയില്‍ അംഗമാക്കിയെടുക്കാന്‍ പറഞ്ഞത്.

കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, നിറമരതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരോടെല്ലാം മുതഅല്ലിമാകുമ്പോള്‍ തന്നെ ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ഓതുന്ന കാലത്ത് തന്നെയാണ് ശംസുല്‍ ഉലമയുമായി ബന്ധം സ്ഥാപിച്ചത്. എന്റെ ഉസ്താദ്(കോട്ടൂര്‍ ഉസ്താദ്) ശംസുല്‍ ഉലമയുമായി നല്ല സ്‌നേഹത്തിലായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് ശംസുല്‍ ഉലമയുമായി എനിക്ക് കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞത്. ഉപരിപഠനത്തിന് എന്നെ പട്ടിക്കാട്ടേക്ക് പറഞ്ഞയക്കാനാണ് കോട്ടൂര്‍ ഉസ്താദ് ഇഷ്ടപ്പെട്ടത്. പക്ഷെ ആ വര്‍ഷം ഇ.കെ ഉസ്താദ് അവിടെനിന്ന് ഒഴിയുകയോ/ഒഴിവാക്കപ്പെടുകയോ ചെയ്തു.

സ്വദഖതുല്ല ഉസ്താദുമായുള്ള ഓര്‍മകള്‍?

ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ് ഉസ്താദിനെ കൂടുതലായി സമീപിച്ചിരുന്നത്. ചികിത്സാരംഗത്ത് നൈപുണ്യമുണ്ടായിരുന്നു ഉസ്താദിന്. പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ചികിത്സ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. അവിടന്ന് നിര്‍ദ്ദേശിക്കുന്ന മരുന്നുകളിലധികവും ത്വിബ്ബുന്നബവിയിലുള്ളതായിരുന്നു.

സ്വദഖത്തുല്ല ഉസ്താദ് ചികിത്സക്ക് വേണ്ടി ഇരുന്നിരുന്നോ?

ചികിത്സക്ക് വേണ്ടി മാത്രം ഇരുന്നിരുന്നില്ല. വീട്ടിലുണ്ടാകുമ്പോള്‍ സന്ദര്‍ശകര്‍ കാണാന്‍ വരും. അക്കൂട്ടത്തില്‍ ചികിത്സ ആവശ്യത്തിന് വരുന്നവരുമുണ്ടാകും. അത്‌കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫത്‌വകളില്‍ ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാണാന്‍ കഴിയും. ത്വിബ്ബിന്റെ വിഷയത്തില്‍ മാത്രം വന്ന ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി ക്രോഡീകരിച്ച ഒരു പുസ്തകം അദ്ദേഹത്തിനുണ്ട്. ചങ്ങമ്പള്ളി മമ്മുക്കുരിക്കളെ അടുത്ത് രണ്ട് വര്‍ഷം ത്വിബ്ബ് മാത്രം പഠിക്കാന്‍ പോയിരുന്നുവെന്ന് ഉസ്താദ് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.

സ്വദഖതുല്ല ഉസ്താദ് സമസ്ത വിട്ട് സംസ്ഥാന എന്ന സംഘടനയുണ്ടാക്കിയതിന്ന് ശേഷം ബന്ധപ്പെട്ടിരുന്നോ?

അദ്ദേഹം സംസ്ഥാനയില്‍ ആയപ്പോഴും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹം സമസ്തയിലുള്ള കാലത്ത് ഞാന്‍ ചെറുപ്പമായിരുന്നു. നേരത്തെ പറഞ്ഞ ബന്ധങ്ങളിലധികവും അദ്ദേഹം സംസ്ഥാനയിലുള്ളപ്പോഴാണ്. സ്വദഖതുല്ല ഉസ്താദും ഒ.കെ ഉസ്താദും ലളിതമായി സംസാരിക്കുന്നവരായിരുന്നു.അത് കൊണ്ട്തന്നെ അവരുമായി ബന്ധം സ്ഥാപിക്കുന്നതിന് യാതൊരു തടസ്സവും അനുഭവപ്പെട്ടില്ല.

ശാലിയാത്തിയെ കുറിച്ച്?

ശാലിയാത്തിയെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ജനനത്തിനുമുമ്പേ ശാലിയാത്തി വഫാതായിരുന്നു. ഒരു കാലഘട്ടത്തിന്റെ ഇമാം നവവിയായിരുന്നുവദ്ദേഹം. താജുല്‍ ഉലമ കാലഘട്ടത്തിന്റെ ഇമാം നവവി എന്നാണ് ശാലിയാത്തിയെ കുറിച്ച് വിശേഷിപ്പിച്ചത്. അത്രമാത്രം പാണ്ഡിത്യത്തിനുടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുതുബു ഖാന സന്ദര്‍ശിച്ചാല്‍ ഈ കാര്യം വ്യക്തമാവും. അവിടെയുള്ള ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണും പേനയുമെത്താത്ത ഗ്രന്ഥങ്ങളില്ല.

ഇതര രാജ്യങ്ങളെ അപേക്ഷിച്ച് മലബാറിലും കേരളത്തിലെ ഇതര പ്രദേശങ്ങളിലും ദീനീ വിജ്ഞാനം ഊര്‍ജിതപ്പെടാന്‍ കാരണമെന്താണ്?

പാരമ്പര്യത്തിലധിഷ്ഠിത മുസ്‌ലിം നവോത്ഥാനം സാധ്യമാക്കാനാണ് കേരളത്തിലെ ഉലമ ശ്രമിച്ചത്. മത-വൈജ്ഞാനിക സാമൂഹിക രംഗങ്ങളിലെല്ലാം പണ്ഡിത നവോത്ഥാനത്തിന്റെ ശീതളഛായ ദര്‍ശിക്കാനാകുന്നു. ഈ രംഗങ്ങളിലെല്ലാം അസൂയാവാഹമായ മുന്നേറ്റം കൈവരിക്കുന്നതില്‍ മതപണ്ഡിതര്‍ നടത്തുന്ന ഇസ്‌ലാമിക സ്ഥാപനങ്ങളുടെ സ്വാധീനം വലുതാണ്.

സര്‍ക്കാരിന് പോലും നടത്താന്‍ കഴിയാത്ത സംവിധാനമാണ് നമ്മുടെ ഉലമ മത ധാര്‍മിക സ്ഥാപനങ്ങളിലുടെ നടത്തിെക്കാണ്ടിരിക്കുന്നത്. പല വിദേശ പ്രതിനിധികളും നമ്മുടെ സ്ഥാപന നടത്തിപ്പിനെ ആശീര്‍വദിച്ചിട്ടുണ്ട്. നിലാരാലംബര്‍ക്കും അശരണര്‍ക്കും തണലേകുകയാണ് ഈ സ്ഥാപനങ്ങള്‍. അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ചികിത്സയുമാണ് ഈ സ്ഥാപനങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ മാത്രമായി ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യ നുകരുന്നുണ്ട്.

പള്ളി ദര്‍സ് സംരംഭവുമായി മഖ്ദൂമുമാര്‍ വന്നപ്പോള്‍ അവരെ തേടി സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും വിദ്യാര്‍ഥികള്‍ വന്നിരുന്നു. അവര്‍െക്കല്ലാം വേണ്ട സൗകര്യങ്ങള്‍ മലബാരികള്‍ ചെയ്ത് കൊടുത്തു. മഖ്ദൂമുമാര്‍ക്ക് ജനങ്ങള്‍ ഒത്താശകള്‍ ചെയ്തത് കൊണ്ടാണല്ലോ അവര്‍ മഖ്ദൂമുമാരായി മാറിയത്(മഖ്ദൂം= സേവനം കിട്ടിയവര്‍ എന്നര്‍ത്ഥം). ആ പിന്തുടര്‍ച്ചയാണ് പിന്നീട് പള്ളി ദര്‍സുകളായും സുന്നി സ്ഥാപനങ്ങളായും സജീവമായത്.

മക്കയില്‍ ഇസ്‌ലാം ഉദയം കൊണ്ട കാലത്തുതന്നെ കേരളത്തിലേക്ക് ഇസ്‌ലാമിന്റെ വെളിച്ചം എത്തിയിട്ടുണ്ട്. മാലിക് ബ്‌നു ദീനാറും സംഘവും മലബാറിന് പകര്‍ന്ന ഇസ്‌ലാം തന്നെയാണ് ഇന്നും ഇവിടെയുള്ളത്. കൂട്ടിച്ചേര്‍ക്കലിനോ വെട്ടിച്ചുരുക്കലിനോ വിധേയമായിട്ടില്ല. മതത്തെ ഛിദ്രമാക്കാന്‍ പലരും രംഗപ്രവേശം നടത്തിയെങ്കിലും സത്യവെളിച്ചം ഇന്നും ഇവിടെ നിലനില്‍ക്കുന്നു. അതിന്റെ സംരക്ഷകര്‍ മതത്തിന്റെ ജീവ നാഢികളായ പണ്ഡിതരാണ്. അവര്‍ നടത്തിയ നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം കേരളത്തില്‍ പച്ചപിടിച്ചത്.

കൂടിക്കാഴ്ച / പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍
കെ.എം.എ റഊഫ് ബദവി