നവോത്ഥാനത്തിന്റെ ബാലന്‍സ് ഷീറ്റ്

നവോത്ഥാനത്തിന്റെ ബാലന്‍സ് ഷീറ്റ്

എംഗല്‍സ് ഇസ്‌ലാമിനെ കുറിച്ച് സുപ്രധാനമായ രണ്ടു നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.1. ഇസ്‌ലാം പൗരസ്ത്യര്‍ക്ക് പറ്റിയ മതമാണ്. വിശേഷിച്ചും അറബികള്‍ക്ക്. അതായത്, ഒരുവശത്ത് വ്യാപാരത്തിലും തൊഴിലിലുമേര്‍പ്പെട്ട നഗരവാസികള്‍ക്കും മറുവശത്ത് അലഞ്ഞുതിരിയുന്ന ബദവികള്‍ക്കും.

2. ഇടക്കിടെ ആവര്‍ത്തിക്കുന്ന ഒരു സംഘട്ടനത്തിന്റെ ബീജം ഇസ്‌ലാമില്‍ അന്തര്‍ലീനമായിട്ടുണ്ട്.
എന്‍ഗല്‍സിന്റെ ഈ സിദ്ധാന്തങ്ങള്‍ ചരിത്രാനുഭവം എത്രത്തോളം ശരിവെക്കുന്നുണ്ട് എന്ന് പരിശോധിക്കാന്‍ ഇവിടെ തുനിയുന്നില്ല. എന്നിരുന്നാലും, ഇസ്‌ലാം ഉള്‍വഹിക്കുന്ന പുതുക്കിപ്പണിയലിന്റെ അല്ലെങ്കില്‍ നവോത്ഥാനത്തിന്റെ സാധ്യതകളെകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് കേരളീയ പരിസരത്തില്‍ സവിശേഷ സാംഗത്യമുണ്ട്. ഒരു ശുദ്ധീകരണ പ്രക്രിയ അല്ലെങ്കില്‍ പുതുക്കിപ്പണിയല്‍ അനിവാര്യമാക്കുന്ന സാഹചര്യങ്ങള്‍ ആഗോളതലത്തില്‍ മാത്രമല്ല, പ്രാദേശിക തലങ്ങളില്‍ പോലും ഇസ്‌ലാമിക സമൂഹങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് എല്ലാവരും സമ്മതിച്ചേക്കാം. തിരസ്‌കാരത്തിന്റെയും അന്യവത്കരണത്തിന്റെയും കെടുതികള്‍ക്ക് മുന്നില്‍ മുസ്‌ലിം സമൂഹം ഹതാശയരായി നില്‍ക്കുന്ന ദയാര്‍ഹമായ കാഴ്ച ഏതെങ്കിലും വന്‍കരയിലോ രാജ്യത്തോ ഒതുങ്ങുന്നില്ല. പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുമ്പോള്‍ ‘ഉമ്മത്തിനു’ നേര്‍മാര്‍ഗം കാണിച്ചുകൊടുക്കാനും അതിജീവനം സാധ്യമാക്കാനും ‘മുജദ്ദിദുമാര്‍’ രംഗപ്രവേശം ചെയ്യുമെന്ന വിശ്വാസം ബലപ്പെട്ടത് തന്നെ ഇസ്‌ലാമിന്റെ ആന്തരിക ബലതന്ത്രം വ്യതിചലനങ്ങളെയും പിഴച്ച സിദ്ധാന്തങ്ങളെയും എക്കാലവും നോക്കിനില്‍ക്കില്ല എന്ന സങ്കപത്തിന്റെ അടിബലത്തിലാവാം. ആഗോളതലത്തില്‍ ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും ജൂതായിസവും തമ്മില്‍ നടക്കുന്ന പോരും അതു കെട്ടഴിച്ചുവിടുന്ന രാഷ്ട്രീയവും സാമൂഹികവും സ്വത്വപരവുമായ പ്രശ്‌നങ്ങളും ഇസ്‌ലാമിക സമൂഹത്തോട് അവസരത്തിനൊത്ത് ഉയരാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇസ്‌ലാം നിന്ദ എല്ലാ സീമകളും ലംഘിക്കുമ്പോള്‍ മതത്തിന്റെ ജൈവചൈതന്യം ബോധ്യപ്പെടുത്തുന്നതിനു ചില ചെത്തിമിനുക്കലുകളും ഈയം പൂശലുകളും ആവശ്യമായി വരുന്നുണ്ട്. കാലഘട്ടത്തെ അഭിസംബോധന ചെയ്യുന്നതിന്, മതത്തിന്റെ മൗലിക സത്തയിലേക്ക് തിരിഞ്ഞുനോക്കുന്ന ചരിത്രപരമായ ദൗത്യത്തെയാണ് നവോത്ഥാനം കൊണ്ട് വിവക്ഷിക്കുന്നതെങ്കില്‍ പരമ്പരാഗതവാദികളായും യാഥാസ്ഥിതികരായും എല്ലാ കാലഘട്ടവും അടയാളപ്പെടുത്തിയ സുന്നി ചിന്താധാര ഈ വഴിക്ക് എവിടെ വരെ സഞ്ചരിച്ചു എന്ന അന്വേഷണം കൗതുകകരമായിരിക്കും. അതോടൊപ്പം തന്നെ, കേരളീയ മുസ്‌ലിം സമൂഹത്തില്‍ നവോത്ഥാനത്തിന്റെ ധ്വജവാഹകരായി ഇതുവരെ പ്രകീര്‍ത്തിക്കപ്പെട്ട സലഫി വിചാരധാര എവിടെ എത്തിനില്‍ക്കുന്നുവെന്ന അന്വേഷണവും ഇതോടൊപ്പം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

നവോത്ഥാനത്തിന്റെ കേരളാനുഭവം
യൂറോപ്പില്‍ ‘നവോത്ഥാന’ത്തിന് തുടക്കമിട്ടത് 16ാം നൂറ്റാണ്ടിനു ശേഷമാണ്. ഇസ്‌ലാമിന്റെ ക്ലാസിക് കാലഘട്ടമായി വാഴ്ത്തപ്പെടാറുള്ള എ.ഡി. എട്ട് പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ ആ നാഗരികത നേടിയെടുത്ത ബൗദ്ധികപരവും സാമ്പത്തികവും സാംസ്‌കാരികവുമായ ഈടുവെപ്പുകള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതോടെ വെളിച്ചത്തുവരുന്ന ജ്ഞാനോദയം നിഖില മേഖലകളിലും വന്‍ കുതിപ്പ് സാധ്യമാക്കുന്നതായിരുന്നു. യൂറോപ്പില്‍ അരങ്ങേറിയ വ്യാവസായികവും ശാസ്ത്ര സാങ്കേതികവുമായ മുന്നേറ്റം കണ്ട് കണ്ണ് തള്ളിയ മുസ്‌ലിം പണ്ഡിതരില്‍ ചിലര്‍ ആ വഴിയേ പോവാനായിട്ട് മതമൂല്യങ്ങളെ തിരുത്താന്‍ ശ്രമിച്ച പാഴ്‌വേലയെയാണ് ഇസ്‌ലാമിലെ നവോത്ഥാന സംരംഭമായി ഇതുവരെ അടയാളപ്പെടുത്തപ്പെടുത്തിയതും വാഴ്ത്തിക്കാണിച്ചതും. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദുറിദ തുടങ്ങിയവര്‍ പടിഞ്ഞാറിന്റെ മുന്നില്‍ മുട്ട് വിറച്ച്‌നിന്ന് ആവാഹിച്ചെടുത്ത ‘അപകര്‍ഷതാബോധത്തില്‍നിന്ന് ‘ ജീവന്‍ വെച്ച ‘പരിഷ്‌കരണാശയങ്ങള്‍’ കേരളത്തിലേക്ക് അരിച്ചുകയറുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്. 1920കളില്‍ നാമ്പിട്ട ‘പരിഷ്‌കരണ, പുരോഗമന’ ആശയങ്ങളുടെ ചെമ്പ് അടുത്തകാലത്ത് പൂര്‍ണമായും തുറന്നുകാട്ടപ്പെടുകയുണ്ടായി. അതോടെ, നവോത്ഥാനം കൊണ്ട് പൊതുസമൂഹം വിവക്ഷിച്ചതെല്ലാം മായക്കാഴ്ചകളായിരുന്നുവെന്നും ബുദ്ധിപരമായോ സ്വത്വപരമായോ ഈ വിഭാഗത്തിനു ഏറെയൊന്നും മുന്നോട്ട് പോകാനായിട്ടില്ലെന്നും സമര്‍ഥിക്കപ്പെട്ടു. വക്കം മൗലവിയും മക്തി തങ്ങളും കെ.എം മൗലവിയുമൊക്കെ നേതൃത്വം കൊടുത്ത് സാക്ഷാത്കരിച്ച ‘പുരോഗമന വിപ്ലവത്തിന്റെ മേല്‍’ കെട്ടിപ്പടുത്ത ചിന്താധാരക്ക് ഒരു നൂറ്റാണ്ട്‌പോലും വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിച്ചില്ല എന്ന് സമീപകാലത്ത് സലഫി പ്രസ്ഥാനങ്ങളിലുണ്ടായ ശൈഥില്യവും പിളര്‍പ്പും തജ്ജന്യമായ കോലാഹലങ്ങളും തെളിയിച്ചു. ഒരുവേള ‘പുരോഗമനാശയങ്ങളുടെ ‘ കുത്തക ചാര്‍ത്തിക്കൊടുത്ത പ്രസ്ഥാനങ്ങള്‍ ഇന്ന് ആഗോളതലത്തില്‍ വിനാശത്തിന്റെ വഴിയില്‍ എത്തിപ്പെട്ടതിന്റെ പൊട്ടിത്തെറികള്‍ കാതടപ്പിക്കുമ്പോഴും മുസ്‌ലിം സമൂഹത്തില്‍ മയ്യിത്തുകള്‍ കുന്നുകുട്ടുമ്പോഴും, അത് ചൂണ്ടിക്കാട്ടുന്നത് വലിയ അപരാധമായി നിലവിളിക്കുന്ന വിവരദോഷികള്‍ നമുക്കിടയിലുമുണ്ട് എന്ന സത്യം മറക്കരുത്.

കേരളത്തില്‍ നവോത്ഥാനത്തിന്റെ കൊടിക്കൂറ പറപ്പിച്ചവര്‍ തങ്ങളാണെന്ന് പെരുമ്പറ മുഴക്കിയവര്‍ക്ക് എന്തുപറ്റി എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്: നവോത്ഥാനത്തിന്റെ പേരില്‍ അവര്‍ ഇവിടെ വിളമ്പിയ പുതിയ വിചാരങ്ങള്‍ ഇന്നാട്ടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞതോ ഇസ്‌ലാമിന്റെ ജൈവികസത്തയെ ഉള്‍വഹിക്കുന്നതോ ആയിരുന്നില്ല. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ, പുതിയ അറിവുകളും സങ്കേതങ്ങളും ഫലപ്രദമായി വിനിയോഗിച്ച്, അതത് കാലത്തെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍, ആശയസംഹിതകള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മാനസികമായി നിങ്ങള്‍ സന്നദ്ധമാണോ എന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം കിട്ടുന്നുണ്ടോ? എംഗല്‍സ് സൂചിപ്പിച്ച ‘സംഘട്ടനത്തിന്റെ ബീജം’ നമ്മുടെ ചിന്താമണ്ഡലങ്ങളെ പ്രഫുല്ലമാക്കുന്നുണ്ടോ? വെള്ളക്കാരന്‍ ആയുധങ്ങളുമായി കയറി, ഇന്നാട്ടിന്റെ മക്കളെ അടിമകളാക്കിവെച്ച്, അവന്റെ ധനമാനാദികളെ കൊള്ളയടിച്ച് അനീതിയുടെ ബ്രിട്ടീഷ്‌വാഴ്ച തുടര്‍ന്നപ്പോള്‍ അവരെ ധൈഷണികമായും കായികമായും നേരിട്ട പാരമ്പര്യം ഏതെങ്കിലും നവോത്ഥാന ആശയങ്ങളുടെ ബലത്തിലാണോ? ഇന്ത്യനവസ്ഥയില്‍ കോളനിവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ബുദ്ധിപരമായി അതിനു നേതൃത്വം കൊടുത്തത് ‘യാഥാസ്ഥിതിക’ നേതൃത്വമാണെന്ന് കാണാം. സൈനുദ്ദീന്‍ മഖ്ദൂമാരും വെളിയങ്കോട് ഉമര്‍ ഖാളിയും മമ്പുറം തങ്ങന്മാരും ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമെല്ലാം സുന്നിധാരയുടെ അഗ്രഗാമികളാണ്. ഏറനാടന്‍വള്ളുവനാടന്‍ മാപ്പിളമാരുടെ സ്വത്വബോധത്തെ ദീനീവീര്യം കൊണ്ട് തൊട്ടുണര്‍ത്തുകയും ഇന്നാട്ടിന്റെ ഉണ്‍മയെ വിമോചന പ്രത്യയശാസ്ത്രമായി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്ത ഈ ധാര നമ്മുടേതെല്ലാമാണ് എന്ന് സമുദായം ഇന്ന് അഭിമാനം കൊള്ളുമ്പോള്‍ ജയിക്കുന്നത് കലര്‍പ്പില്ലാത്ത സുന്നിസമാണ്. അതേസമയം, ഈ രാജ്യം ദാറുല്‍ ഹര്‍ബാണെന്ന് ഫത്‌വ എഴുതി അഫ്ഗാനിലേക്ക് ഹിജ്‌റ പോവുകയും ബലാല്‍ക്കോട്ട് യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് മരിച്ചുവീഴുകയും ചെയ്ത വഹാബി ചിന്താഗതിയുടെ പരിണതി വിസ്മൃതിയിലലിഞ്ഞു തീര്‍ന്ന ദുരന്തവും നമ്മുടെ മുന്നിലുണ്ട്. വെളിച്ചത്തിന്റെ പുതുവര്‍ത്തമാനം വിജ്ഞാനവ്യാപനത്തിലൂടെ ഒരു സമൂഹത്തിന്റെ ചിന്താമണ്ഡലത്തെ വിപുലപ്പെടുത്തുകയും സാംസ്‌കാരിക ഔന്നത്യങ്ങള്‍ പിടിച്ചെടുക്കാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്ന പ്രക്രിയക്ക് ആരാണോ നേതൃത്വം കൊടുക്കുന്നത് അവര്‍ നവോത്ഥാന സാരഥികളാണ്. ബഗ്ദാദിന്റെ ഓരങ്ങളില്‍ നഷ്ടപ്പെട്ട ‘ബെയ്ത്തുല്‍ ഹിക്മ’ തിരിച്ചുപിടിക്കാനുള്ള ഇച്ഛാശക്തിയും പ്രയത്‌നങ്ങളും പുതിയ വസന്തത്തിന്റെ ആഗമത്തെയാണ് വിളിച്ചറിയിക്കുന്നത് . കൊര്‍ദോവയിലെ അടച്ചുപൂട്ടപ്പെട്ട മനോഹരമായ പള്ളിക്കു പകരം ആയിരക്കണക്കിനു ‘കുര്‍ത്തുബ മസ്ജിദുകള്‍’ കേരളത്തിലുടനീളം പടുത്തുയര്‍ത്തപ്പെടുന്ന കാഴ്ച ഉത്ഥാനത്തിന്‍േറതാണ്. എണ്ണമറ്റ വിദ്യാപീഠങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, പ്രസിദ്ധീകരണങ്ങള്‍, അത്യാധുനിക സാങ്കേതിക ഉപാധികളോടെയുള്ള പ്രബോധന സംവിധാനങ്ങള്‍, മതമൈത്രിയും സാമുദായിക പാരസ്പര്യവും വിളംബരം ചെയ്യുന്ന സംവാദ, ചര്‍ച്ചാ വേദികള്‍… ഇതെല്ലാം വിളിച്ചുപറയുന്ന മാറ്റം ഒരുവേള അചിന്ത്യമായിരുന്നില്ലേ? കഴിഞ്ഞ അമ്പത് വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിംകളെ പക്വതയാര്‍ന്ന ഒരു ന്യൂനപക്ഷമാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ടെന്നും വൈകാരിക വിഷയങ്ങളെ കൈവിട്ട് വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും ഉല്‍ക്കര്‍ഷം ലക്ഷ്യമിട്ടാണ് ന്യു ജനറേഷന്റെ’ കുതിപ്പെന്നും ‘കണ്ടുപിടിച്ച’ മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ സുറൂര്‍ , ഈ മാറ്റത്തെ കുറിച്ച് എന്താണ് ആരും ഒന്നും ഉരിയാടാത്തതെന്ന് ചോദിച്ചാണ് ‘മുസ്‌ലിം വസന്ത’ത്തെ കുറിച്ച് ഏതാനും വര്‍ഷം മുമ്പ് ഗ്രന്ഥരചന നടത്തിയത് (‘കിറശമ’ െങൗഹെശാ ടുൃശിഴ : ണവ്യ ശ െചീയീറ്യ ഠമഹസശിഴ അയീൗ)േ. യഥാര്‍ഥത്തില്‍ ഹസന്‍ സുറൂറിനു കേരളത്തിലെ മുസ്‌ലിംകള്‍ കൈവരിച്ച നേട്ടം നേരില്‍ കാണാന്‍ സൗഭാഗ്യം ലഭിച്ചിരുന്നുവെങ്കില്‍ ഒരധ്യായം നമ്മുടെ നാട്ടിനു വേണ്ടി നീക്കിവെക്കുമായിരുന്നു. കാരണം, കേരളത്തിലെ ‘യാഥാസ്ഥിതികര്‍’ കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ സാക്ഷാത്കരിച്ച ശാക്തീകരണം സമാനതകള്‍ ഇല്ലാത്തതാണ്. പക്ഷേ, അത് അംഗീകരിക്കാന്‍ പൊതുബോധ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന മുഖ്യധാര മാധ്യമങ്ങളൊന്നും സത്യസന്ധത കാട്ടുന്നില്ലെന്ന് മാത്രം. മുസ്‌ലിം വിരുദ്ധര്‍ അല്ലെങ്കില്‍ അവര്‍ക്ക് ഹല്ലേലൂയ പാടുന്ന മീഡിയ എറിഞ്ഞുകൊടുക്കുന്ന വൈകാരിക വിഷയങ്ങള്‍ക്കായി കടിപിടി കൂടി സമയവും ഊര്‍ജവും പാഴാക്കുന്ന രീതിവിട്ട്, പ്രതിസന്ധികളെ അല്‍പം സൂക്ഷ്മതയോടെ സമീപിക്കുന്നതില്‍ വിജയം നേടിയത് സുന്നികള്‍ തന്നെയാണ്.വൈകാരിക വിക്ഷോഭങ്ങള്‍ അനര്‍ഥങ്ങളേ ക്ഷണിച്ചുവരുത്തു എന്ന അനുഭവപാഠം കരുതലോടെ പ്രശ്‌നങ്ങളെ സമീപിക്കാനും ശത്രുക്കളെ വിവേക പൂര്‍വം നേരിടാനും പഠിപ്പിച്ചിരിക്കുന്നു. 1985ല്‍ ഷാബാനുബീഗം കേസിന്റെ വിധി കേട്ട മാത്രയില്‍ ഞെട്ടിയുണര്‍ന്ന് ‘ഇസ്‌ലാം അപകടത്തില്‍’ എന്ന മുറവിളിയുമായി പരക്കം പായുകയും ശരീഅത്ത് വിവാദം കോലാഹലമാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നതില്‍ വന്‍ വിജയം കൊയ്ത സമുദായനേതൃത്വം, ഹിന്ദുത്വശക്തികള്‍ക്ക് കരുത്ത് പകരുന്നതില്‍ എത്ര കണ്ട് വിജയിച്ചുവെന്ന് തെളിഞ്ഞത് , കോണ്‍ഗ്രസിനെ അധികാര ഭ്രഷ്ടരാക്കി 1996ല്‍ അടല്‍ബിഹാരി വാജ്‌പേയ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടപ്പോഴാണെന്ന് ഹസന്‍സുറൂര്‍ കളിയാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അന്ന് സംഭവിച്ചതെന്താണ്? ശരീഅത്ത് വിവാദം പാരമ്യതയിലെത്തിയ ഒരു ഘട്ടത്തില്‍ പ്രഗല്‍ഭ നിയമജ്ഞന്‍ വി.ആര്‍. കൃഷ്ണയ്യര്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അയച്ച കത്തില്‍ ഒരു താക്കീത് നല്‍കി:’ഉറങ്ങിക്കിടക്കുന്ന ഹിന്ദു സത്വങ്ങളെ പ്രകോപിപ്പിക്കരുത്.’സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതാദ്യമായിരിക്കാം ഇമ്മട്ടില്‍ ഹിന്ദുമുസ്‌ലിം സ്വത്വങ്ങള്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധം ആശയസംഘര്‍ഷമായി വളര്‍ന്നത്. അതുവരെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന തീവ്ര വലതുപക്ഷം കരുത്താര്‍ജിക്കുന്നതും ഹിന്ദുത്വശക്തിയായി വിരാടരൂപം പ്രാപിക്കുന്നതും ഈ കാലഘട്ടത്തിലാണല്ലൊ.

ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികളെ വര്‍ഗീയമായി നേരിടാമെന്ന് കരുതുന്ന അപക്വമതികളില്‍നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താനുള്ള വലിയ ബാധ്യത കാലം പണ്ഡിയന്മാരുടെ ചുമലില്‍ കെട്ടിവെക്കുന്നുണ്ട്. മഹാകവി ജലാലുദ്ദീന്‍ റൂമി നമുക്ക് ആശ്വാസം പകരുന്നതിങ്ങനെ: എല്ലാ നാശത്തിനു ശേഷവും ഒരു പ്രതീക്ഷ ഉണ്ട്. ആന്തലൂസിയയുടെയും ബഗ്ദാദിന്റെയും തകര്‍ച്ചക്കു ശേഷം നൈരാശ്യത്തിലേക്ക് ആണ്ടുപോയ മുസ്‌ലിം ലോകത്തിനു മുന്നില്‍ ഭിന്ന ധ്രുവങ്ങളിലായി രണ്ടു ചിന്താധാരകള്‍ ഉയര്‍ന്നുവന്നപ്പോള്‍, മാനവികതയിലൂന്നിയ സൂഫി മാര്‍ഗം കാണിച്ചുതന്നത് ജലാലുദ്ദീന്‍ റൂമിയാണ്. മതശുദ്ധീകരണത്തിന്റെ മുദ്രാവാക്യമുയര്‍ത്തി ‘ശൈഖുല്‍ ഇസ്‌ലാം’ ഇബ്‌നു തൈമിയ, ‘വ്യതിചലനങ്ങള്‍ക്കെതി’രെ യുദ്ധം പ്രഖ്യാപിച്ചു. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പിറവി തുടങ്ങുന്നത് അവിടെയാണ്. അതേസമയം, ആത്മീയമായ ഔന്നത്യത്തിലേക്ക് വഴിതുറക്കുന്ന ഉല്‍ക്കടമായ ദൈവികബോധത്തിലേക്കുള്ള അനുതാപത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും വഴിത്താരകള്‍ കാണിച്ചുകൊടുക്കാനാണ് ജലാലുദ്ദീന്‍ റൂമി എന്ന സൂഫി ചക്രവര്‍ത്തി ശ്രമിച്ചത്. ഇന്നും അഷ്ടദിക്കുകള്‍ക്കും റൂമിയുടെ ഗാനതല്ലജങ്ങള്‍ ശാന്തിമന്ത്രവും ആത്മീയതയുടെ വഴിവിളക്കുകളുമാണ്. രാഷ്ട്രീയ ഇസ്‌ലാം വകഭേദങ്ങളിലൂടെ മുസ്‌ലിം ലോകത്തെ ഛിന്നഭിന്നമാക്കുന്നു. മതത്തിന്റെ ആത്മസത്തയെ വെല്ലുവിളിക്കുന്ന, ശത്രുക്കളുടെ മുന്നില്‍ തല അറുത്ത് കൊടുക്കുന്ന അപകടകാരിയായ പ്രത്യയശാസ്ത്രമായി മാറിയപ്പോള്‍, സമാധാനം കളിച്ചുനടന്ന കൊച്ചുകേരളത്തിലും ഐ.എസിന്‍െ ഖിലാഫത്തിലേക്ക് മാര്‍ഗം കൂട്ടാന്‍ കുറച്ചുപേരെങ്കിലുമുണ്ടായി. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.എസ് റിക്രുട്ടിംഗ് സെന്റര്‍ കേരളമാണ്. അതും മലബാര്‍. സലഫികള്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ്. ആഗോള ഭീകര ശംഖലയുടെ ഒരു കണ്ണിയായി നമ്മുടെ നാട്ടിനെ അവര്‍ മാറ്റിയെടുത്തു. നമുക്കിടയിലെ ബുദ്ധിജീവികളും ധിഷണാപടുക്കളും ഇത്രയും നാള്‍ പാടിപ്പുകഴ്ത്തിയ നവോത്ഥാന പാരമ്പര്യത്തിന് വന്നുപെട്ട പരിണാമം എത്ര ദയാര്‍ഹം!

സ്വത്വം കാക്കാന്‍ എവിടെ വരെ?
കേരളത്തിന്റെ മുസ്‌ലിം നവോഥാനപരിസരത്തെ ആഗോളപശ്ചാത്തലത്തില്‍നിന്ന് വേര്‍പ്പെടുത്തി ഒരിക്കലും അപഗ്രഥിക്കാന്‍ സാധിക്കില്ല. ഓരോ കേരളീയ മുസ്‌ലിമും ആഗോള വിശ്വാസി സമൂഹത്തിന്റെ ഭാഗമാണ്. എന്നാല്‍, കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യയില്‍ നവോഥാനത്തിന്റെ സകല അടരുകളും സ്വായത്തമാക്കി സക്രിയമായ ഒരു സമൂഹമായി എങ്ങനെ മുന്നേറാം എന്നുള്ള ഒരു പര്യവേഷണത്തിനു ഇറങ്ങിപ്പുറപ്പെടാന്‍ നാം വൈജ്ഞാനികമായും ധിഷണാപരമായും സജ്ജമാണോ എന്നചോദ്യം ഉയരുന്നുണ്ട്. മുത്തലാഖും ബഹുഭാര്യത്വവും മാത്രമല്ല, ശരീഅത്ത് തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടാന്‍ പോവുകയാണ്. ഏതൊക്കെ അംശമാണ് മതത്തിന്റെ അനിവാര്യഘടകം എന്ന് തങ്ങളാണ് തീരുമാനിക്കുക എന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു. ഒന്നിലധികം ഭാര്യമാരെ ആഗ്രഹിക്കുന്നവര്‍ കോടതിയുടെ അനുമതി വാങ്ങണമെന്ന് നിഷ്‌ക്കര്‍ശിക്കുന്ന വിധി കാത്തിരിക്കേണ്ടിവന്നേക്കാം. ത്വലാഖിന് നിയമ വ്യവസ്ഥകള്‍ കോടതികള്‍ മുന്നോട്ടു വെച്ചേക്കാം. മോഡിയുഗം മുന്നോട്ട് വെക്കുന്ന സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ന്യായാസനത്തെ കൊണ്ട് ചിന്തിപ്പിച്ചിട്ടുണ്ടാവുക. ഈ വെല്ലുവിളികളെ സുന്നി പണ്ഡിത നേതൃത്വം ഏത് തരത്തില്‍ തരണം ചെയ്യുമെന്ന ചോദ്യം ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. കാരണം അത്തരം ചര്‍ച്ചകള്‍ അനിവാര്യമാക്കുന്ന മുന്‍ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരുകയാണ്. ‘ഇജ്തിഹാദിന്റെ ‘അടച്ചിട്ട വാതില്‍ ചവിട്ടുപൊളിക്കാനാണ് നമ്മുടെ ‘അഭ്യുദയ കാംക്ഷികള്‍’ ഉപദേശിക്കുന്നത്. അതിനവര്‍ ഉദ്ധരിക്കുന്നതാവട്ടെ സിയാവുദ്ദീന്‍ സര്‍ദാറിനെ പോലുള്ള ബുദ്ധിജീവികളെയും. കാലത്തിനൊത്ത് മതമൂല്യങ്ങളെ വ്യാഖ്യാനിക്കണമെന്ന ഉത്ക്കടമായ ആഗ്രഹം സര്‍ദാറിനെ പടിഞ്ഞാറിനും ‘ന്യൂജനറേഷനും’ പ്രിയങ്കരനാക്കുന്നുണ്ട്. പടിഞ്ഞാറിരുന്ന് ഇസ്‌ലാമിനെ വായിക്കുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ ഉദാരത, പലപ്പോഴും ശരീഅത്തിന്റെ ആണിക്കല്ല് ഇളക്കിയിടുമെന്ന ഭീതി ഇവര്‍ക്കില്ല. ഇസ്‌ലാമിന്റെ ആധുനിക വായന ഒരുപാട് മുന്നോട്ട് പോകുമ്പോള്‍ കാട്കയറി ഇസ്‌ലാമിനെ തന്നെ ഇല്ലാതാക്കുമെന്ന് മുമ്പ് പലരും താക്കീത് നല്‍കിയതാണ്. നിയമജ്ഞനായ ലോര്‍ഡ് ക്രോമര്‍ പിതിലി (ഘീൃറ ഇൃീീാലൃ ജശവേശഹ്യ)യുടെ ഒരു നിരീക്ഷണം ഇതാണ്: കഹെമാ ൃലളീൃാലറ ശ െകഹെമാ ിീ ഹീിഴലൃ നവീകരിച്ച ഇസ്‌ലാം പിന്നെ ഇസ്‌ലാമല്ല. ‘തഖ്‌ലീദിനെ കുറിച്ചും ഇജ്തിഹാദിനെ കുറിച്ചും വരുംദിവസങ്ങളില്‍ പെരുത്തും കേള്‍ക്കാനിരിക്കുന്നേയുള്ളൂ. എല്ലാ കുഴപ്പത്തിനും പിന്നില്‍ വിവരംകെട്ട മതപണ്ഡിതന്മാരാണെന്ന ഏകപക്ഷീയവും വസ്തുതക്ക് നിരക്കാത്തതുമായ വിതണ്ഡവാദങ്ങള്‍ ഇപ്പോള്‍ തന്നെ മുഴങ്ങിക്കേള്‍ക്കാനുണ്ട്. ‘ബാബരി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രാഷ്ട്രീയവും മതപരവുമായ ധ്രുവീകരണം ശക്തിപ്പെട്ട , മുസ്‌ലിംകളുടെ അതിജീവിനവും നിലനില്‍പുമെല്ലാം വെല്ലുവിളി നേരിടുന്ന ഒരു ഘട്ടത്തില്‍ പോലും ഐക്യപ്പെടാത്ത ഇന്ത്യയിലെ മുസ്‌ലിം നേതാക്കളും സംഘടനകളും എഴുപത്തഞ്ച് വയസ്സുള്ള അബലയും അശരണയും ദരിദ്രയും വിവാഹമോചിതയുമായ ഒരു സ്ത്രീക്കെതിരെ രംഗത്തുവന്നത് ക്രൂരമായ ഒരു അശ്ലീലക്കാഴ്ചയായിരുന്നു’ എന്ന് തട്ടിവിടാന്‍ മാത്രം വിഷയത്തെ വക്രീകരിക്കാന്‍ കെല്‍പുള്ള ചിലരാണ് ശരീഅത്തിന്റെ സമകാലിക വായനക്കു വേണ്ടിമുറവിളി കൂട്ടുന്നത്. ഇന്ത്യക്കായി ഒരു പ്രത്യേക ഇസ്‌ലാമിനെ എന്തുകൊണ്ട് വളര്‍ത്തിയെടുത്തുകൂടാ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. സൂഫിവര്യന്മാര്‍ ഇവിടെ പടുത്തുയര്‍ത്തിയ സൗഭ്രാത്രത്തിന്റെ സാമ്രാജ്യം മികവാര്‍ന്ന ഒരു ഇന്ത്യന്‍ ഇസ്‌ലാമാണ്. അതിനെതിരെയാണ് മതത്തെ അക്ഷരങ്ങളില്‍ തളച്ചിടുന്നവര്‍ പോരാടുന്നത്.

ഇസ്‌ലാമോഫോബിയ എല്ലാ അതിരുകളും ലംഘിച്ച് പരന്നൊഴുകുകയും ഇസ്‌ലാമിക ലോകത്തോട് പരസ്യമായി യുദ്ധം പ്രഖ്യാപിക്കുന്ന ഒരു ഭരണാധികാരി അമേരിക്കയുടെ അമരത്ത് ജനാധിപത്യമാര്‍ഗത്തിലൂടെ അവരോധിക്കപ്പെടുകയും ചെയ്ത ഒരു ദശാസന്ധിയില്‍ , ഇസ്‌ലാമിന്റെ തുറന്ന വായനക്കുള്ള അന്തരീക്ഷം എങ്ങനെ ഒരുക്കാം എന്ന കാതലായ ചര്‍ച്ചക്കു കേരളത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയ സാമൂഹികപശ്ചാത്തലത്തില്‍ വലിയ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിലെ ഐ.എസിന്റെ ആസ്ഥാനം കേരളമാണെന്ന ഔദ്യോഗിക ഭാഷ്യത്തിന്റെ പശ്ചാത്തലത്തില്‍. കാലികമായ സമസ്യകളില്‍ സക്രിയമായി ഇടപെടാനും മതത്തിന്റെ മൗലിക സത്തയില്‍ അടിയുറച്ച് നിന്നുകൊണ്ട് വര്‍ത്തമാനകാലത്തിന്റെ സന്ദേഹങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും പണ്ഡിതര്‍ക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് സന്ദര്‍ഭം ഉത്തരം തേടുന്നത്.

കാസിം ഇരിക്കൂര്‍