ഈ നേര്‍ചിത്രങ്ങള്‍ ആരുടെതാണ്?

ഈ നേര്‍ചിത്രങ്ങള്‍ ആരുടെതാണ്?

‘എവിടെയെല്ലാം ഇസ്‌ലാം അധികാരത്തിന്റെയും വിനിമയത്തിന്റെയും കൈമാറ്റത്തിന്റെയും അവിഭാജ്യ മിശ്രണമായി അതിന്റെ സാന്നിധ്യമറിയിച്ചിരുന്നോ അവിടെയെല്ലാം തെഴുക്കുകയും വ്യാപിക്കുകയും ചെയ്തു’ (കെ എന്‍ ചൗധരി Asia before Europe).

‘മലബാറിലെ രാജാക്കന്‍മാര്‍ മുസ്‌ലിംകളെ ബഹുമാനിച്ചു. കാരണം ഇവിടെ പട്ടണങ്ങള്‍ വളര്‍ന്നുവന്നത് മുസ്‌ലിംകളിലൂടെയായിരുന്നു'(ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീന്‍).

നാഗരികതയുടെ ഉദ്ഭവ വികാസങ്ങളില്‍ മതം ഒരു ചാലക ശക്തിയായി മാറുന്നത് ഇസ്‌ലാമിന്റെ വ്യാപനത്തോടെയാണ്. വാണിജ്യ വര്‍ഗത്തിന്റെ പ്രയാണത്തോടൊപ്പമാണ് ഇസ്‌ലാം മതത്തിന് പ്രചാരം ലഭിച്ചത്, അവര്‍ വ്യാപാരാര്‍ത്ഥം ഏതെല്ലാം സ്ഥലങ്ങളില്‍ പോയിരുന്നുവോ അവിടെയെല്ലാം മതത്തിന്റെ സന്ദേശങ്ങള്‍ എത്തിച്ചു’വെന്ന് കേരള മുസ്‌ലിം ചരിത്രമെഴുതിയ പി എ സെയ്ദ് മുഹമ്മദ് പറയുന്നു. മതം ഒരനുഷ്ഠാനമായി അവതരിപ്പിക്കപ്പെടുകയായിരുന്നില്ല, സംസ്‌കാരമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ക്രമാനുഗതമായ പരിണാമത്തെ ചരിത്രപരമായി വിശകലനം ചെയ്താല്‍ ഈ പ്രസ്താവനയുടെ സാംഗത്യം ബോധ്യപ്പെടും. അറബ് സംസ്‌കാരത്തില്‍ അന്തര്‍ലീനമായുള്ള കച്ചവട മനസ് ആശയ പ്രകാശനത്തിന്റെ സര്‍വാംഗീകൃത മാധ്യമമായി മാറിയതെങ്ങനെയെന്ന ചോദ്യത്തിനുത്തരം കേരള ചരിത്രത്തിലുണ്ട്.

ഇന്ത്യയിലേക്ക് ഇസ്‌ലാം എത്തിയത് ആരിലൂടെയാണെന്ന കാര്യത്തില്‍ ചരിത്ര പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. സ്വഹാബ ി പ്രമുഖനായ മാലിക്ബ്‌നു ദീനാറിലൂടെയാണ് കേരളത്തില്‍ ഇസ്‌ലാമെത്തിയത് എന്ന പ്രബലമായ വാദമുണ്ട്. മക്കത്തേക്ക് പോയ ചേരമാന്‍ പെരുമാളുടെ പ്രേരണയാലാണ് മാലിക് ബ്‌നു ദീനാര്‍ കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് വരികയാണെങ്കില്‍ അദ്ദേഹത്തിനു മുമ്പേ ഇവിടെ മുസ്‌ലിംകളുണ്ടായിരുന്നു എന്നനുമാനിക്കേണ്ടിയിരിക്കുന്നു. ചരിത്രകാരനായ ഡോ.ഹുസൈന്‍ രണ്ടത്താണിയുടെ വാക്കുകള്‍:

‘പെരുമാള്‍ മക്കത്തേക്ക് പോകുമ്പോള്‍ കോഴിക്കോട് ഖാളിയാരെ നിയമിക്കാനുള്ള അവകാശം മാനവവിക്രമന് നല്‍കിയതായി കേരളോല്‍പത്തിയില്‍ പറയുന്നത് അംഗീകരിക്കാമെങ്കില്‍ ഖാസിയാരും പളളിയുമൊക്കെ ഇവിടെ നേരത്തെ ഉണ്ടായിരിക്കണം. കാരണം മുസ്‌ലീം സെറ്റില്‍മെന്റ് തുടങ്ങുമ്പോള്‍ പളളി അവിഭാജ്യമാണ്. അതിന് മാലിക് ദീനാര്‍ വരുന്നത് വരെ കാത്തിരിക്കാന്‍ കഴിയില്ല. ആ നിലയ്ക്ക് മുസ്‌ലിം ആഗമത്തിന്റെ ചരിത്രത്തിനായി പുത്തന്‍ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തേണ്ടതാണ്'(മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും).

മാലിക് ബ്‌നു ദീനാറിന്റെ ജന്‍മനാടായ ബസ്വറയില്‍ പ്രവാചകരുടെ കാലത്ത് ഇസ്‌ലായെത്തിയിട്ടില്ലെന്ന വാദവും ഹുസൈന്‍ രണ്ടത്താണി മുന്നോട്ടു വെക്കുന്നു. ചേരമാന്‍ പെരുമാള്‍ പ്രവാചകരെ കണ്ടുവെന്ന മലബാറുകാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ധാരണ ശരിയായിരിക്കാന്‍ വഴിയില്ലെന്ന് ശൈഖ് സൈനുദീന്‍ മഖ്ദൂമും പറയുന്നു(തുഹ്ഫത്തുല്‍ മുജാഹിദീന്‍). തിരുനബിയുടെ കാലത്ത് ഇവിടെ ഇസ്‌ലാമെത്തിയെങ്കില്‍ അത് അറബ് കച്ചവടക്കാരിലൂടെയാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. ലണ്ടന്‍ സര്‍വകലാശാലയിലെ അധ്യാപികയായിരുന്ന ഡോ.എല്‍ ആര്‍ എസ് ലക്ഷ്മി പറയുന്നതിതാണ്: ‘മലബാറിന്റെ ഇസ്‌ലാമികവല്‍കരണം അറബികളിലൂടെയാണ് സംഭവിച്ചത്. അവര്‍ എത്തിയതാകട്ടെ നാവികരും കച്ചവടക്കാരും കപ്പിത്താന്‍മാരും ഷാബന്ദര്‍മാരും ആയിട്ടായിരുന്നു. ഭര്‍ത്താക്കന്‍മാരോടൊപ്പം സഞ്ചരിക്കുകയെന്ന പതിവ് അറബി സ്ത്രീകള്‍ക്കില്ലായിരുന്നതിനാല്‍, അവരുടെ പുരുഷന്‍മാര്‍ സാധാരണയായി തദ്ദേശീയ വനിതകളെ വിവാഹം ചെയ്തു’ (മലബാര്‍ മുസ്‌ലിംകള്‍, ഒരു വ്യത്യസ്ത കാഴ്ചപ്പാട്). വാണിജ്യാവശ്യത്തിനായി വന്ന അറബികള്‍ക്ക് ഇവിടെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. മതപ്രബോധനം അവരുടെ മുഖ്യ അജണ്ട ആയിരുന്നില്ല. എങ്കില്‍ പോലും ഇസ്‌ലാമിന്റെ സൗന്ദര്യവും വിശുദ്ധിയും ജീവിതത്തിലും വ്യാപാരത്തിലും അവര്‍ പ്രകടിപ്പിച്ചത് ഇസ്‌ലാമിന് അനുകൂലമായ അടിത്തറയൊരുക്കി എന്നു കരുതാന്‍ ന്യായമുണ്ട്.

കേരളത്തിലെ ഇസ്‌ലാമിന്റെ തുടക്കം ആരില്‍ നിന്നായാലും ഒരു കാര്യം വ്യക്തമാണ്: കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മാലിക് ബ്‌നു ദീനാറും സംഘവുമാണ്. എന്തുകൊണ്ട്?

പ്രാചീന കേരളത്തിലെ ജാതീയതയുമായി ബന്ധപ്പെട്ട വിചിത്രമായ, അതേസമയം മനുഷ്യത്വ വിരുദ്ധമായ ആചാരങ്ങളെ കുറിച്ച് ഏതാണ്ടെല്ലാ ചരിത്രകാരന്‍മാരും ഇവിടെ വന്നു പോയ സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്.

വേലായുധന്‍ പണിക്കശ്ശേരിയെ ഉദ്ധരിക്കട്ടെ:
‘താഴ്ന്നവരെന്ന് കരുതുന്ന ജാതിക്കാരെ തൊടുകയോ അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിധി വിട്ട് അടുക്കുകയോ ചെയ്താല്‍ ഉയര്‍ന്ന ജാതിക്കാര്‍ കുളിക്കാതെ ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ്. അയിത്തമാകാന്‍ തൊടുക പോലും വേണ്ട. ഓരോ ജാതിക്കാര്‍ക്കും എത്ര ദൂരം അടുത്ത് വരാമെന്ന് വ്യക്തമായ കണക്കുകളുണ്ടായിരുന്നു… നായാടിക്ക് 74 അടി, പറയന് 64 അടി, പുലയന് 54 അടി, ഈഴവന് 30 അടി, കമ്മാളര്‍ക്ക് 24 അടി ദൂരമാണത്രെ അയിത്തമാകാതിരിക്കാന്‍ അകന്നു നില്‍ക്കേണ്ടത്… 100 അടി ചതുരമുള്ള ഒരു കുളത്തില്‍ സവര്‍ണന്‍ കുളിക്കുമ്പോള്‍ മറുകരയില്‍ കൂടി അവര്‍ണന്‍ കടന്നു പോയാല്‍ സവര്‍ണന്‍ അയിത്തമാകും’ (കേരള ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്). ഹിന്ദു സമുദായത്തില്‍ അക്കാലത്ത് നിലനിന്ന വിചിത്ര വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് സൈനുദ്ദീന്‍ മഖ്ദും ഉപന്യസിച്ചിട്ടുണ്ട്. മലബാറിലെ (ഇന്നത്തെ കേരളം) ജനങ്ങള്‍ ഭ്രാന്തന്‍മാരാണോ എന്ന് സ്വാമി വിവേകാനന്ദന്‍ രോഷപ്പെടുവോളം കഠിനമായ ജാതീയ വിഷജ്വരം ബാധിച്ച ഒരു സാമൂഹിക മണ്ഡലത്തിലാണ് മാലിക് ബ്‌നു ദീനാര്‍ മനുഷ്യപക്ഷ വിചാരങ്ങളുമായി നവോത്ഥാനത്തിന്റെ വിത്തെറിയുന്നത്. കേരളത്തിലെ കീഴാള ജനതക്ക് ആ വിമോചന ശബ്ദം കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. പദവിയും പത്രാസുമില്ലെങ്കിലും മനുഷ്യരായി പരിഗണിക്കപ്പെടണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? ഇസ്‌ലസ്‌ലാം സമഭാവനയുടെ സര്‍വ സൗകുമാര്യങ്ങളോടെയും അവര്‍ക്ക് മുന്നിലവതരിച്ചപ്പോള്‍ മറുത്തൊന്നാലോചിക്കാതെ ആ ദര്‍ശനങ്ങള്‍ പിന്‍പറ്റി.

പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു മാലിക് ബ്‌നു ദീനാറും സഹചരും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴികളില്‍ കുറിച്ചിടാന്‍ മാത്രം വിപ്ലവകരമായ സാമൂഹിക മുന്നേറ്റത്തിന് ശില പാകിയെങ്കിലും ചരിത്ര രചനയിലെ പക്ഷപാതിത്വത്തിന്റെ പരിണിതിയായി അവഗണനയുടെ മേച്ചില്‍ പുറങ്ങളിലേക്ക് തള്ളപ്പെട്ടു ആ സാര്‍ഥവാഹക സംഘം. എന്തിനധികം, മുസ്‌ലിം നവോത്ഥാനത്തിന്റെ നടത്തിപ്പുകാരായി പില്‍ക്കാലത്തുവന്ന മുസ്‌ലിം മത പരിഷ്‌കരണവാദികള്‍ പ്രദര്‍ശിപ്പിച്ച നവോത്ഥാന നായകരുടെ പട്ടികയില്‍ പോലും മാലിക് ബ്‌നു ദീനാറിനും സംഘത്തിനും ഇടമുണ്ടായിരുന്നില്ല. പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ മുന്‍കയ്യില്‍ നവോത്ഥാന ചരിത്രം പുനര്‍വായിക്കുമ്പോള്‍ ചിലര്‍ക്ക് വിമ്മിഷ്ടമുണ്ടാകുന്നത് വെറുതെയല്ല.

മാലിക് ബ്‌നു ദീനാറിന്റെ സംഘം പത്തിടങ്ങളില്‍ പള്ളി പണിതതായാണ് ചരിത്രം. ഹിജ്‌റ വര്‍ഷം 21 (ക്രിസ്തുവര്‍ഷം 629) ല്‍ നിര്‍മിക്കപ്പെട്ട കൊടുങ്ങല്ലൂരിലെ പള്ളിയാണ് ഇതില്‍ ആദ്യത്തേത്. ഇന്ത്യയിലെ തന്നെ ആദ്യ മുസ്‌ലിം പള്ളിയായി പരിചയപ്പെടുത്തപ്പെട്ടതും ഈ പളളിയാണ്. സംഘത്തിലുണ്ടായിരുന്ന മാലിക് ബ്‌നു ഹബീബായിരുന്നു കൊടുങ്ങല്ലൂര്‍ പള്ളിയിലെ പ്രഥമ ഖാളി. മറ്റു പള്ളികള്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത ദേശങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അവര്‍ നടത്തിയ നവോത്ഥാന പരിശ്രമങ്ങളുടെ വ്യാപ്തിയും സ്ഥല വൈപുല്യവും ബോധ്യപ്പെടും. കൊല്ലം (കൊയിലാണ്ടി), ഏഴിമല (മാടായി), ശ്രീകണ്ഠപുരം, ധര്‍മടം, പന്തലായിനി (കൊയിലാണ്ടി), ചാലിയം, മംഗലാപുരം, കാസര്‍കോഡ്, ബര്‍കൂര്‍ (മംഗലാപുരത്തിനും ഗോവക്കും മധ്യേയാണ് ഈ സ്ഥലമെന്ന് ഡോ.ശംസുദ്ദീന്‍ ഖാദിരിയുടെ ‘പ്രാചീന മലബാര്‍’ എന്ന കൃതിയില്‍ കാണുന്നു) എന്നിവിടങ്ങളിലാണ് ആദ്യകാല മുസ്‌ലിം പള്ളികള്‍ നിര്‍മിക്കപ്പെട്ടത്. സാമൂഹിക ദുരാചാരങ്ങളുടെ ഇരുളാഴങ്ങളില്‍ നിന്ന് വിമോചനത്തിന്റെ തെളിവെളിച്ചത്തിലേക്ക് ജനതക്ക് വഴി കാട്ടാന്‍ തീരദേശങ്ങളിലുയര്‍ന്ന ഈ പള്ളികള്‍ക്ക് സാധിച്ചുവെങ്കിലും പ്രബോധകര്‍ക്കും പ്രബോധിതര്‍ക്കുമിടയില്‍ വിനിമയ ഭാഷ വലിയൊരു പ്രശ്‌നമായിരുന്നുവെന്ന് ചില ചരിത്രകാരന്‍മാരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പരിമിതി മറികടക്കുന്നത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൊന്നാനിക്കാലത്താണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടമാരംഭിക്കുന്നതും ഇവിടെ നിന്നാണ്.

യമനിലാണ് മഖ്ദൂം കുടുംബത്തിന്റെ വേരുകള്‍. അലിയ്യുബ്‌നു അഹ്മദുല്‍ മഅ്ബരിയുടെ മകനായി കൊച്ചിയില്‍ ജനിച്ച (ഹി. 873, ക്രി.1467) സൈനുദീന്‍ മഖ്ദൂം ഒന്നാമന്‍ പിതൃസഹോദരനൊപ്പം പൊന്നാനിയില്‍ താമസിക്കാനെത്തുന്നത് ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. അത്യുജ്വലമായ പാണ്ഡിത്യം കൊണ്ട് മലബാറിലെ ഒരുള്‍നാടന്‍ ഗ്രാമത്തെ ലോക ഇസ്‌ലാമിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു മഖ്ദൂം ഒന്നാമന്‍. വിശ്വ പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹൈതമി രണ്ടു മാസം പൊന്നാനിയില്‍ താമസിച്ച് അധ്യാപനം നടത്തിയതായി രേഖകളിലുണ്ട്. ക്രിസ്തുവര്‍ഷം 1510 (ഹിജ്‌റ 925) ലാണ് മഖ്ദൂം ഒന്നാമന്റെ മുന്‍കയ്യില്‍ പൊന്നാനിയിലെ വലിയ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. അതുവരെയും പൊന്നാനിക്ക് കേരളീയ മുസ്‌ലിം ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. ഫറോക്ക് കോളജിലെ മുന്‍ ചരിത്ര വിഭാഗം മേധാവിയും ചരിത്രകാരനുമായ പ്രൊഫ.കെ വി അബ്ദുറഹ്മാന്റെ വാക്കുകള്‍:

‘പശ്ചിമതീരത്തിലെ ആദ്യകാല മുസ്‌ലിം അധിവാസ കേന്ദ്രങ്ങളില്‍ പൊന്നാനി ഉള്‍പ്പെട്ടിരുന്നതായി കാണുന്നില്ല. ക്രി. പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍പ് പൊന്നാനി ഒരു മുസ്‌ലിം കേന്ദ്രമെന്ന നിലയ്ക്ക് അറിയപ്പെട്ടിട്ടുമില്ല. പതിനാലാം നൂറ്റാണ്ടില്‍ മലയാളക്കര സന്ദര്‍ശിച്ച പ്രശസ്ത ആഫ്രിക്കന്‍ സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണ ഗ്രന്ഥത്തില്‍ പൊന്നാനിയെപ്പറ്റി ഒരു സൂചനയുമില്ല. 15ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പൊന്നാനിയില്‍ അധിവാസമുറപ്പിച്ച മഖ്ദൂം കുടുംബമാണ് പൊന്നാനിയെ ഒരു ഇസ്‌ലാമിക വിജ്ഞാന കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. അങ്ങനെ പൊന്നാനി ‘ചെറിയ മക്ക’ എന്ന പേരില്‍ വിഖ്യാതമാവുകയും ചെയ്തു'(മലബാര്‍: പൈതൃകവും പ്രതാപവും).

ഒരു മുസ്‌ലിം പണ്ഡിതന്‍ ഒരു ദേശത്തിന്റെ കീര്‍ത്തി അറബിക്കടലിനപ്പുറത്തേക്ക് വ്യാപിപ്പിച്ചതിന്റെ വാങ്മയ ചിത്രമാണ് പൊന്നാനിയുടേത്. വലിയ ജുമുഅത്ത് പള്ളി പതിയെ വിശ്വവിദ്യാലയമായി മാറുന്നതാണ് നാം കാണുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുള്ള വിജ്ഞാന കുതുകികള്‍ പൊന്നാനിയിലേക്കൊഴുകി, അവര്‍ക്ക് മുന്നില്‍ അറിവിന്റെ മഹാസാഗരം തിരതല്ലി. 1887ല്‍ നാനൂറോളം (400) പേരാണ് പുറംനാടുകളില്‍ നിന്ന് ഇവിടെ പഠിക്കാനെത്തിയത്. ആര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. പകര്‍ന്നു നല്‍കും തോറും തിളക്കമേറുന്ന വിജ്ഞാന വിഭവങ്ങളാല്‍ മഖ്ദൂം ശിഷ്യന്‍മാരെ വിരുന്നൂട്ടി. സ്വന്തം വിശപ്പ് മറന്നും നാട്ടുകാര്‍ മുതഅല്ലിമുകള്‍ക്ക് അന്നം നല്‍കി. അരവയറിന് ഗതിയില്ലാത്തവരും കിട്ടിയതിലൊരു പങ്ക് മോല്യാരുട്ടികള്‍ക്കായി മാറ്റി വെച്ചു.

ശ്രദ്ധിച്ചാലറിയാം, മഹിതമായൊരു സംസ്‌കാരത്തിന്റെ നിശബ്ദമായ കൈമാറ്റം ഇവിടെയെല്ലാം നടക്കുന്നുണ്ട്. അകതാരിലാഴത്തിലുറച്ച ആദര്‍ശത്തിന്റെ സംരക്ഷണത്തിന് ആവശ്യമെങ്കില്‍ പ്രാണന്‍ പകുത്തു നല്‍കാമെന്ന ഒരു സമുദായത്തിന്റെ ഉച്ചസ്ഥായിയിലുള്ള പ്രഖ്യാപനം ബഹളങ്ങളില്ലാതെ മുഴങ്ങിക്കേള്‍ക്കാം പൊന്നാനിയുടെ ചരിത്രത്തില്‍. അന്യനാട്ടില്‍ നിന്നെത്തിയ മുതഅല്ലിമുകള്‍ക്ക് അന്നം പകുത്തു നല്‍കുക മാത്രമല്ല, കടല്‍ കടന്നെത്തിയ അധിനിവേശച്ചെകുത്താനെ തുരത്താന്‍ പ്രാണന്‍ പകുക്കാനും പാകപ്പെട്ട മണ്ണായി പൊന്നാനി മാറിയെന്നത് ചരിത്രത്തിന്റെ ശേഷഭാഗം.

മഖ്ദൂം കാലത്തിന് സമാന്തരമായി രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒന്ന്, ഇന്ത്യയിലേക്കുള്ള യൂറോപ്പിന്റെ അധിനിവേശം. രണ്ട്, കേരളത്തിലെ മുസ്‌ലിം സമൂഹം പുതിയൊരു വിനിമയ ഭാഷ രൂപപ്പെടുത്തുന്നു അറബി മലയാളം. ഒന്ന് രാഷ്ട്രീയമെങ്കില്‍, മറ്റേത് സാംസ്‌കാരികമാണ്. മുസ്‌ലിം സമുദായം നവോത്ഥാനത്തിന്റെ കണ്ണാടി നോക്കിയ കാലമെന്ന് മഖ്ദൂം കാലത്തെ വിശേഷിപ്പിക്കാം. പൊന്നാനിയില്‍ വിജ്ഞാനം നുകരാന്‍ എത്തിയവര്‍ പഠനം പൂര്‍ത്തിയാക്കി വിളക്കത്തിരുന്നു. നവോത്ഥാനത്തിന്റെ ആ വിളക്ക് കെട്ടുപോകാതെ അവര്‍ കാത്തു വെച്ചു. അവരിലൂടെ അനേകദേശങ്ങള്‍ ആ വെളിച്ചമേറ്റുവാങ്ങി. പൊന്നാനിയില്‍ തന്നെ തേടിയെത്തിയവര്‍ക്ക് മാത്രമല്ല, തന്നെ കാണാനിടയില്ലാത്ത മതവിജ്ഞാന കുതുകികള്‍ക്കായി അദ്ദേഹം വിശിഷ്ട ഗ്രന്ഥങ്ങള്‍ രചിച്ചു. മുര്‍ശിദുത്തുല്ലാബ്, അദ്കിയാ, തുഹ്ഫത്തുല്‍ അഹിബ്ബാ, ശംസുല്‍ ഹുദാ എന്നിവ അവയില്‍ ചിലതു മാത്രം.

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടം സമ്പന്നമാകുന്നത് എണ്ണം പറഞ്ഞ ഈ ഗ്രന്ഥങ്ങളെ കൊണ്ടു കൂടിയാണ്. ഒരു പണ്ഡിതന്റെ ധര്‍മമെന്തെന്ന ചോദ്യത്തിന് മഖ്ദൂം ചരിത്രത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. നന്‍മയുടെ പ്രസരണവും തിന്‍മയുടെ പ്രതിരോധവും പണ്ഡിത ദൗത്യങ്ങളില്‍ പ്രധാനമാണ്. തന്റെ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ തിന്‍മയെ തിരിച്ചറിയാന്‍ മഖ്ദൂമിന് കഴിഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്ന വിശിഷ്ട രചനയാണ് തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്വുല്‍ബാന്‍. പറങ്കികള്‍ക്കെതിരെ പടക്കിറങ്ങാന്‍ മാപ്പിളമാരെ പ്രചോദിതരാക്കുന്ന സമരകാവ്യമാണ് തഹ്‌രീള്. പണ്ഡിതന്‍മാര്‍ രാഷ്ട്രീയത്തിലിടപെടാമോ എന്നതിശയപ്പെടുന്നവര്‍ക്കുള്ള ഉത്തരം കൂടിയാണ് പ്രസ്തുത കൃതി.
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ മകന്‍ ശൈഖ് മുഹമ്മദ് അല്‍ ഗസ്സാലിയുടെ മകനാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്ന് വിശ്രുതനായത്. രണ്ട് വിഖ്യാതരചനകളിലൂടെ മഖ്ദൂം ഇന്നും വിജ്ഞാന കുതുകികളെയും ചരിത്രാന്വേഷകരെയും വിസ്മയിപ്പിക്കുന്നു. ശാഫിഈ മദ്ഹബിനെ അടിസ്ഥാനമാക്കിയുള്ള കര്‍മശാസ്ത്ര ഗ്രന്ഥമാണ് അതിലൊന്ന്. ഫത്ഹുല്‍ മുഈന്‍ ബി ശറഹില്‍ ഖുര്‍റത്തില്‍ ഐന്‍ എന്ന ഈ കൃതി കേരളത്തില്‍ മാത്രമല്ല, വിവിധ രാഷ്ട്രങ്ങളിലെ മതപാഠശാലകളില്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. ഇസ്‌ലാമിന്റെ ലോക വീക്ഷണം വളരെ സംക്ഷിപ്തമായി പങ്കുവെക്കുന്ന ഒരു വിശിഷ്ട കൃതിയാണ് ഫത്ഹുല്‍ മുഈന്‍. മഖ്ദൂം രണ്ടാമന്റെ കീര്‍ത്തി പുറംലോകത്തെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു രചന തുഹ്ഫത്തുല്‍ മുജാഹിദീന്‍ ആയിരുന്നു. ഫത്ഹുല്‍ മുഈന്റെ ഉള്ളടക്കം മതപരമായിരുന്നുവെങ്കില്‍ തുഹ്ഫയുടെ ഉള്ളടക്കം രാഷ്ട്രീയമായിരുന്നു. ഈ കൃതിയുടെ പ്രാധാന്യത്തെ ഡോ. എം ജി എസ് നാരായണന്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്: യൂറോപ്യന്‍ സാമാജ്യ ശ്രമത്തിനെതിരായി ഭാരതത്തില്‍ ഉണ്ടായ പ്രതിരോധ പ്രസ്ഥാനത്തിന്റെ ആദ്യത്തെ പ്രകടനപത്രിക എന്ന സ്ഥാനം കൂടിയുണ്ട് ശൈഖ് സൈനുദീന്‍ മഖ്ദൂം എഴുതിയ ഈ ചരിത്രകൃതിക്ക്.’ ഒരു കാലഘട്ടത്തിന്റെ സത്യസന്ധമായ ചരിത്രവിവരണം എന്നതിനൊപ്പം വിശ്വാസികള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ജിഹാദിനിറങ്ങേണ്ട ആവശ്യകതയും ഊന്നിപ്പറയുന്നു തുഹ്ഫത്തുല്‍ മുജാഹിദീന്‍. പണ്ഡിതന്‍മാര്‍ പള്ളികളില്‍ ദര്‍സ് നടത്തി കഴിഞ്ഞുകൂടേണ്ടവരല്ലെന്നും സ്വന്തം കാലത്തോടും സാഹചര്യങ്ങളോടും സക്രിയമായി പ്രതികരിക്കേണ്ടവരാണെന്നും അടിവരയിടുന്നു ഈ പുസ്തകം. കര്‍ത്തവ്യം കൈകാട്ടി വിളിക്കുമ്പോള്‍ ഒഴിഞ്ഞു മാറാന്‍ ശൈഖിന് കഴിയില്ലായിരുന്നുവെന്ന് എംജിഎസ് പറയുന്നത് വെറുതെയല്ല.

തഹ്‌രീള്, തുഹ്ഫ എന്നീ രചനകള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു അധിനിവേശ വിരുദ്ധ കൃതിയാണ് ഫത്ഹുല്‍ മുബീന്‍. കോഴിക്കോട്ടുകാരനായ ഖാളി മുഹമ്മദാണ് രചയിതാവ്. ഈ മൂന്ന് കൃതികളെയും മുന്നില്‍ വെച്ച് തീര്‍പ്പു പറയാവുന്ന കാര്യമുണ്ട്: പൊതുസമൂഹത്തില്‍ പറങ്കികളുടെ ഉള്ളിലിരുപ്പ് ആദ്യം തിരിച്ചറിഞ്ഞത് മുസ്‌ലിം പണ്ഡിതരായിരുന്നു. ഭരണത്തിലിരിക്കുന്നത് ഒരു ഹിന്ദു രാജാവായിട്ടും രാജ്യത്തിനു വേണ്ടി സമരരംഗത്തിറങ്ങാന്‍ മുസ്‌ലിംകളെ പ്രചോദിതരാക്കുന്നതില്‍ നിന്ന് അതവരെ പിന്തിരിപ്പിച്ചില്ല.

അറബി മലയാളം രംഗപ്രവേശം ചെയ്യുന്നത് ഈ കാലയളവിലാണ്. മലബാര്‍ മുസ്‌ലിംകള്‍ക്ക് പരിചിതമായിരുന്ന അറബിത്തമിഴ് മാതൃകയിലാണ് അറബി മലയാളം ലിപി രൂപപ്പെടുത്തിയത്. പുതു വിശ്വാസികളുമായുള്ള സംവേദനം എളുപ്പമാക്കിയത് അറബി മലയാളമാണ്. ‘കേരളീയ സമൂഹവുമായി കൂടുതല്‍ ഇടപെടുന്നതിനും പുതു വിശ്വാസികളില്‍ മതപ്രബോധനം ത്വരിതപ്പെടുത്തുന്നതിനും അറബി മലയാളം സഹായകമായി…. മലയാള ഭാഷ അന്ന് രൂപപ്പെട്ടിരുന്നുമില്ല… കേരളീയ ഇസ്‌ലാമിന്റെ സാഹിത്യ ശാഖയായി അറബി മലയാളം വികസിച്ചു വരികയും ഗദ്യ പദ്യ വിഭാഗങ്ങളിലായി നിരവധി അറബി മലയാള സാഹിത്യ കൃതികള്‍ രചിക്കപ്പെടുകയും ചെയ്തു. പൊന്നാനിയിലെ മഖ്ദൂമുമാര്‍ തന്നെയാണ് അറബി മലയാളത്തിന്റെ ജനയിതാക്കള്‍. മാപ്പിള ഭാഷ എന്നും ഇതറിയപ്പെട്ടു'(ഹുസൈന്‍ രണ്ടത്താണി, മലബാറിലെ മുസ്‌ലിങ്ങളും ഇടതുപക്ഷവും). എഴുത്തച്ഛന്റെ രാമായണത്തിനു മുമ്പേ അറബി മലയാളത്തിലെ മാസ്റ്റര്‍ പീസ് മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെട്ടിരുന്നു എന്നോര്‍ക്കണം. ചുരുക്കമിതാണ്: എഴുത്തിലൂടെ, ഭാഷാ രൂപീകരണത്തിലൂടെ, വൈജ്ഞാനിക വിനിമയങ്ങളിലൂടെ, രഷ്ട്രീയ ഇടപെടലുകളിലൂടെ കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് ഊടും പാവും നല്‍കിയ ധിഷണാശാലികളായിരുന്നു മഖ്ദൂമുമാര്‍. അവരുടെ തന്നെ തുടര്‍ച്ചയെന്നോണം കോഴിക്കോട്ടെ ഖാളിമാരുടെയും പണ്ഡിതന്‍മാരുടെയും സംഭാവനകളെ വിലയിരുത്തണം. 1920കള്‍ക്കു മുമ്പ് കേരളത്തില്‍ മുസ്‌ലിം സമുദായത്തിനകത്ത് പ്രളയമായിരുന്നുവെന്ന് കെട്ടുകഥ എഴുതിയവരാണ് മുസ്‌ലിം മതപരിഷ്‌കരണ വാദികള്‍.

കേരളത്തിലെ സലഫി നേതാവായ ഹുസൈന്‍ മടവൂര്‍ പറയുന്നത് കാണുക: ‘പുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട് ഭൗതിക വിദ്യാഭ്യാസം പോലും വിലക്കപ്പെട്ടിരുന്ന മുസ്‌ലിം സമുദായത്തില്‍ അങ്ങിങ്ങായി ചില നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും ഒരു സംഘടിതമായ നവോത്ഥാന മുന്നേറ്റം സാധ്യമാകുന്നത് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വക്കം മൗലവി, മദ്ധ്യ കേരളത്തില്‍ മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെയൊക്കെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കെ എം മൌലവി, ഇ കെ മൌലവി, വടക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയ നവോത്ഥാന നായകര്‍ ഐക്യസംഘത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വ്യാപിപ്പിക്കുകയുമായിരുന്നു’  ഉലമാക്കള്‍ പടുത്ത പാരമ്പര്യത്തോട് നിഷേധാത്മകമായ മനസ്സുവെച്ച് പുലര്‍ത്തുന്നവര്‍ക്ക് ഇവ്വിധത്തില്‍ ഉലമ നയിച്ച നവോത്ഥാന ചരിത്രത്തെ ഭര്‍ത്സിക്കാനാവൂ.

മഖ്ദൂമാനന്തര കാലത്ത് കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിന് നേതൃത്വം നല്‍കിയത് വിവിധ നാടുകളില്‍ നിന്നെത്തിയ സയ്യിദന്‍മാരും പണ്ഡിതന്‍മാരുമാണ്. അമ്പതോളം സയ്യിദ് കുടുംബങ്ങള്‍ കേരളത്തിലെത്തിയതായി പഠനങ്ങളില്‍ കാണുന്നു. മുസ്‌ലിം സാധാരണക്കാരെ വഴിപിഴപ്പിക്കുന്ന വികല വാദങ്ങളുമായെത്തിയവരോടുള്ള തുറന്ന ആശയ സംവാദം ആരംഭിക്കുന്നത് ഈ കാലത്താണ്. കൊണ്ടോട്ടി- പൊന്നാനി കൈ തര്‍ക്കമെന്ന പേരില്‍ പില്‍ക്കാലത്തറിയപ്പെട്ട സംഭവത്തിന് തുടക്കം കുറിച്ചത് ശൈഖ് ജിഫ്രി രചിച്ച കന്‍സുല്‍ ബറാഹീന്‍ എന്ന കൃതിയാണ്. കൊണ്ടോട്ടിയിലെ വ്യാജ ത്വരീഖത്തിനെതിരെയായിരുന്നു പ്രസ്തുത രചന. അതൊരു സംവാദമായും തര്‍ക്കമായും മലബാറിന്റെ മതമണ്ഡലത്തില്‍ ഏറെക്കാലം നിറഞ്ഞു നിന്നു. സമുദായത്തിന്റെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ അനേകം പുതിയ പള്ളികള്‍ നിര്‍മിക്കപ്പെടുകയും മതമീമാംസ പഠിപ്പിക്കുന്നതിന് അവിടങ്ങളിലെല്ലാം ദര്‍സുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഈ കാലത്ത്. അതേസമയം, ബ്രിട്ടീഷ് വാഴ്ചക്കെതിരായ സമര കാലമെന്ന നിലക്ക് രാഷ്ട്രീയ പ്രധാന്യം കൂടിയുണ്ട് ഈ കാലഘട്ടത്തിന്. കൃഷി മാപ്പിളമാരുടെ പ്രധാന ജീവിതവൃത്തിയായി മാറുന്നതും ഈയവസരത്തിലാണ്. തീരദേശ ബന്ധിത തൊഴിലുകളിലായിരുന്നു മഖ്ദൂം കാല മുസ്‌ലിംകളില്‍ മിക്കവരും വ്യാപരിച്ചിരുന്നതെങ്കില്‍ കാര്‍ഷിക മേഖലയില്‍ മുസ്‌ലിം ജനവിഭാഗം മേല്‍വിലാസം കണ്ടെത്തുന്നത് പിന്നീടാണ്; കുടിയാന്‍മാരായും കര്‍ഷകരായും.

മുസ്‌ലിംകള്‍ക്കിടയില്‍ അക്കാലം വരെയും നിലനിന്ന ഐക്യഭാവം ചരിത്രത്തില്‍ പ്രകടമാണ്. സയ്യിദുമാരെയും പണ്ഡിതന്‍മാരെയും അംഗീകരിച്ച്, അവരില്‍ നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു മാത്രം സ്വന്തം ജീവിതം ക്രമപ്പെടുത്തിയ സമുദായാംഗങ്ങള്‍. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിലേക്ക് അവര്‍ ഉത്സുകരാകുന്നത് പോലും മതനേതൃത്വത്തിന്റെ പ്രേരണയിലാണ്.
‘ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ശിക്ഷയനുഭവിച്ച പണ്ഡിതന്‍മാരുടെയും സയ്യിദന്‍മാരുടെയും നിര നീണ്ടതാണ്. ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, മാടമ്പാട്ട് അവറാന്‍ കുട്ടി മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പരീക്കുട്ടി മുസ്‌ലിയാര്‍, വലിയ പീടികക്കല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ഒറ്റകത്ത് കുഞ്ഞിക്കോയ തങ്ങള്‍, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, മലപ്പുറം കുഞ്ഞി തങ്ങള്‍…’ (മാപ്പിളമലബാര്‍ ഹുസൈന്‍ രണ്ടത്താണി/ഐ പി ബി). മമ്പുറം സയ്യിദ് അലവി തങ്ങള്‍, മമ്പുറം സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍, ഉമറുല്‍ ഖാളി തുടങ്ങി മത നേതൃത്വത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു സമര രംഗത്ത്. അവരുടെ കീഴില്‍ ഐക്യത്തോടെ നിലയുറപ്പിച്ച ഒരു സമുദായത്തെ ഭിന്ന ചേരിയിലാക്കി, ബ്രിട്ടീഷുകാര്‍ക്കെതിരെ ആളിക്കത്തിയ മാപ്പിള രോഷത്തെ മറ്റു പലതിലേക്കും വഴി തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് 1922ല്‍ കൊടുങ്ങല്ലൂരില്‍ ഐക്യസംഘം രൂപീകരിക്കുന്നത്.

പ്രദേശത്തെ മുസ്‌ലിം പ്രമാണി കുടുംബങ്ങളിലെ വഴക്കുകള്‍ തീര്‍ക്കാനെന്ന വ്യാജേനയാണ് സംഘം രൂപീകരിച്ചതെങ്കിലും അതിന്റെ തലപ്പത്തുണ്ടായിരുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ലക്ഷ്യങ്ങള്‍ മറ്റു പലതുമായിരുന്നു എന്ന് ബോധ്യപ്പെടും. ഐക്യസംഘത്തിന് നിലമൊരുക്കുന്നതിനു വേണ്ടിയാണ് ശൈഖ് മാഹിന്‍ ഹമദാനി 1912ല്‍ കൊടുങ്ങല്ലൂരിലെത്തുന്നത്. പ്രമുഖ ലീഗ് നേതാവും കടുത്ത വഹാബി പക്ഷപാതിയുമായിരുന്ന കെ എം സീതിയുടെ പിതാവായിരുന്നു (നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ്) ശൈഖ് ഹമദാനിയെ കൊടുങ്ങല്ലൂരിലേക്ക് ക്ഷണിച്ചത്. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കാത്തതാണ് മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന അഭിപ്രായക്കാരനായിരുന്നു ശൈഖ് ഹമദാനി. ഇവ്വിഷയകമായി ശ്രീമൂലം തിരുനാളിന്റെ അസംബ്ലിയില്‍ അദ്ദേഹം സംസാരിച്ചതായും രേഖകളില്‍ കാണുന്നു. ഐക്യസംഘം നേതാക്കളായിരുന്ന കെ എം മൗലവി, വക്കം മൗലവി, ഇ കെ മൗലവി തുടങ്ങിയവര്‍ക്കെല്ലാം ഇതേ കാഴ്ചപ്പാടായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാപ്പിള മനസ് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനാവൂ എന്ന ചിന്ത ആദ്യമുണ്ടാകുന്നത് ബ്രിട്ടീഷ് കേന്ദ്രങ്ങളിലാണ് എന്നോര്‍ക്കണം. സനാഉല്ല മക്തി തങ്ങളെ ചൂണ്ടയില്‍ കുരുക്കി അങ്ങനെയൊരു നീക്കം ബ്രിട്ടീഷുകാര്‍ നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ സലഫി അനുകൂല ചരിത്രകാരന്‍മാരും സലഫി പ്രസിദ്ധീകരണങ്ങളും കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ തുടക്കം 1922ലാണെന്ന് സമര്‍ത്ഥിക്കാന്‍ പെടാപ്പാട് പെടാറുണ്ട്.

മൂന്ന് കാരണങ്ങളാല്‍ ചരിത്രപരമായി തന്നെ നിരാക്ഷേപം നിരാകരിക്കപ്പെടേണ്ട വാദമാണിത്. ഒന്ന്: ഐക്യസംഘം ഒരു ബ്രിട്ടീഷനുകൂല ഏര്‍പ്പാടായിരുന്നു. ബ്രിട്ടീഷ് താല്പര്യം സംരക്ഷിക്കുകയായിരുന്നു അവരുടെ അജണ്ട. രണ്ട്: ബ്രിട്ടീഷുകാര്‍ക്കെതിരില്‍ വിനിയോഗിക്കപ്പെടേണ്ട സമുദായത്തിന്റെ പരിശ്രമങ്ങളെ മറ്റു പലതിലേക്കും തിരിച്ചുവിട്ടത് ഐക്യസംഘമായിരുന്നു / അതിന്റെ പില്‍ക്കാല രൂപങ്ങളായിരുന്നു.

3. കേരളത്തിലെ ആദ്യ മുസ്‌ലിം പള്ളി നിര്‍മിക്കപ്പെട്ടത് എ ഡി 629ലാണ്. മുസ്‌ലിം ആഗമനത്തിന്റെ കൃത്യമായ വര്‍ഷം ലഭ്യമല്ലെന്നിരിക്കെ 629 ല്‍ നിന്ന് മുസ്‌ലിം ചരിത്രമാരംഭിച്ചാലും 1922നിടയില്‍ 1293 വര്‍ഷങ്ങളുടെ കാലദൂരമുണ്ട്. ഈ കാലയളവിലാണ് കേരള മുസ്‌ലിംകളിലെ വൈജ്ഞാനിക, സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ മുന്നേറ്റങ്ങള്‍ക്കെല്ലാം തുടക്കം കുറിക്കുന്നത്. അക്കാലത്തെ പാരമ്പര്യ (സുന്നി )പണ്ഡിതര്‍ തുടങ്ങി വെച്ചതിന്റെ തുടര്‍ച്ച മാത്രമാണ് ഇന്നും കേരളത്തിലുള്ളത്.
എന്തുകൊണ്ട് മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷം അന്നുമിന്നും വഹാബിസത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നു എന്നന്വേഷിച്ചാല്‍ മതിയാകും ഇവര്‍ മുന്നോട്ടു വെക്കുന്ന നവോത്ഥാനത്തിന്റെ ആഴം മനസിലാക്കാന്‍. മുസ്‌ലിം ജനസാമാന്യം പിന്തുടര്‍ന്നു വന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും ഉള്ളിലുറച്ച വിശ്വാസങ്ങള്‍ക്കും കടകവിരുദ്ധമായ ആശയങ്ങളാണ് വഹാബിസത്തിന്റെ അന്തഃസത്ത. ഇസ്‌ലാം അപൂര്‍ണമാണ് എന്ന അബദ്ധ ധാരണയില്‍ നിന്നാണ് അത് പരിഷ്‌കരിക്കപ്പെടണമെന്ന വിചാരം ഉദ്ഭൂതമാകുന്നത്. പ്രവാചകര്‍ കൈമാറി തന്ന ഇസ്‌ലാം അപൂര്‍ണമാണ് എന്ന ചിന്ത പോലും പാടില്ലാത്തതാണെന്ന് വിശ്വസിക്കുന്നവരില്‍ വഹാബിസത്തിന് സ്വാധീനശക്തിയാകാന്‍ കഴിയാത്തതില്‍ അതിശയത്തിന് വകയില്ല.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സലഫിസത്തിന് ചിലര്‍ നവോത്ഥാന സര്‍ട്ടിഫിക്കറ്റ് നല്‍കാറുള്ളത്. ബ്രിട്ടീഷുകാരോട് സര്‍വാത്മനാ വിയോജിക്കുന്നതിന്റെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മാര്‍ഗങ്ങളില്‍ നിന്ന് പാരമ്പര്യ സമൂഹം ഒരു കാലത്ത് വഴിമാറി നടന്നിരുന്നു. ഒരു സാംസ്‌കാരത്തെ ജനമാനസങ്ങളില്‍ ഊട്ടിയുറപ്പിക്കാനുള്ള മികച്ച മാര്‍ഗം മാതൃഭാഷയുടെ വ്യാപനമാണെന്ന് സമൂഹശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ ആ മോഹങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതില്ലെന്ന രാഷ്ട്രീയ പ്രസക്തമായ ഒരു തീരുമാനത്തിന്റെ പേരില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വന്നു എന്നതൊഴിച്ചാല്‍ പാരമ്പര്യ സമൂഹത്തോട് കിടപിടിക്കുന്ന ഏതെങ്കിലും മുന്നേറ്റം സാധ്യമാക്കാന്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കായിട്ടില്ല.

ചരിത്രം മാത്രമല്ല, കേരള മുസ്‌ലിം വര്‍ത്തമാനവും ഇതിന് സാക്ഷ്യം പറയും.
പാരമ്പര്യവിശ്വാസത്തെ തള്ളിക്കളഞ്ഞതും മതം ഹറാമാക്കിയതിനെ ഹലാലാക്കിയും (പലിശ അതിലൊന്നു മാത്രം) വഹാബിസം യഥാര്‍ത്ഥ മുഖം പ്രകടമാക്കി തുടങ്ങിയപ്പോഴാണ് കോഴിക്കോട്ട് പുതിയങ്ങാടിയില്‍ നിന്ന് വരക്കല്‍ സയ്യിദ് മുഹമ്മദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങളെന്ന മഹാമനീഷി സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ വിളിച്ചു വരുത്തി സംഘടിതമായ പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. വരക്കല്‍ തങ്ങള്‍ കേരളം ആദരിക്കുന്ന സയ്യിദാണ്, ബഹുഭാഷാപണ്ഡിതനാണ്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മഹാപണ്ഡിതനും വാഗ്മിയുമാണ്. അവര്‍ ഇരുവര്‍ക്കുമിടയിലെ ചര്‍ച്ചയുടെ ഫലശ്രുതിയെന്നോണം 1925ല്‍ കുറ്റിച്ചിറ ജുമാമസ്ജിദില്‍ ഒത്തുചേര്‍ന്ന് കെപി മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടായി കേരള ജംഇയത്തുല്‍ ഉലമ രൂപീകരിച്ചു. തൊട്ടടുത്ത വര്‍ഷം 1926 ല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വിപുലമായ പണ്ഡിത സംഗമം നടന്നു. കോഴിക്കോട് ഖാളി സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ച ആ യോഗത്തിലാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡണ്ടും പി വി മുഹമ്മദ് മുസ്‌ലിയാര്‍ സെക്രട്ടറിയുമായി സമസ്ത കേരള ജംഇയത്തുല്‍ ഉലമ നിലവില്‍ വരുന്നത്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുമുള്‍പ്പടെ മഹാ പണ്ഡിതരാണ് സഹ ഭാരവാഹികളായത്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ അടുത്ത ഘട്ടം ഇവിടെ ആരംഭിക്കുകയാണ്. തുടര്‍ന്നങ്ങോട്ട് മുസ്‌ലിം വിഷയങ്ങളില്‍ മാത്രമല്ല, പൊതുകാര്യ പ്രസക്തമായ വിഷയങ്ങളില്‍ പോലും ഉറച്ച നിലപാടുകളുമായി സമസ്തയുടെ സാന്നിധ്യം കാണാം. പുത്തന്‍ വാദികളോടും വ്യാജ ത്വരീഖത്തുകളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച സമസ്തയുടെ സമ്മേളനങ്ങളില്‍ ഇന്ത്യാചൈന യുദ്ധവും വിവിധ കാലങ്ങളിലെ ഭരണകൂടത്തിന്റെ നിലപാടുകളും പ്രമേയവിഷയങ്ങളായി. 1951 മാര്‍ച്ചില്‍ സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തിലെ ഒരു പ്രമേയം ശ്രദ്ധിക്കുക: ‘സ്‌കൂള്‍ വാര്‍ഷികയോഗങ്ങളിലും മറ്റും നടക്കുന്ന അനിസ്‌ലാമിക നാടകാഭിനയം, പ്രഹസനം, ഡാന്‍സ് മുതലായവയില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഒഴിച്ചു നിര്‍ത്താനും സ്‌കൗട്ട് മുതലായവയില്‍ മുസ്‌ലിംവിദ്യാര്‍ത്ഥികള്‍ക്ക് മത നിര്‍ബന്ധമായ ഡ്രസ്സുകള്‍ ഉപയോഗിക്കുവാനും തല്‍ ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുന്നു.’ സമസ്തയുടെ മുമ്പില്‍ വന്ന വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് പറഞ്ഞു. മറ്റുള്ളവര്‍ എന്തു കരുതും, ആരുടെയെങ്കിലും മുഖം കറുക്കുമോ എന്നത് സമസ്തയിലെ ആലിമുകള്‍ക്ക് വിഷയമായിരുന്നില്ല. പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞും ചെയ്യേണ്ടത് ചെയ്യണ്ടതു പോലെ ചെയ്തുമാണ് സമസ്ത മുസ്‌ലസ്‌ലിം സമുദായത്തെ വഴി നടത്തിയത്. പളളികള്‍,

ദര്‍സുകള്‍, മദ്‌റസകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, റിസര്‍ച്ച് സെന്ററുകള്‍, എണ്ണിയാലൊടുങ്ങാത്ത സാമൂഹിക- സാംസ്‌കാരിക- കല- സാഹിത്യ സംരംഭങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍… ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സമുദായം ആലിമുകളുടെ കൈ പിടിച്ച് നടന്നു കയറിയ തൊണ്ണൂറ് വര്‍ഷങ്ങളുടെ (1926-2016) വിപ്ലവ ദൂരങ്ങള്‍ ചരിത്ര വിദ്യാര്‍ത്ഥികളെ വിസ്മയിപ്പിക്കാതിരിക്കില്ല. ആരുടെയെങ്കിലും കയ്യടി നേടാനും പരിഷ്‌കരണവാദികളെന്ന് മേനി നടിക്കാനും വേണ്ടി ഒരു ഘട്ടത്തിലും വിശ്വാസത്തിലോ നിലപാടിലോ വെള്ളം ചേര്‍ക്കാതെയാണ് ഈ ദൂരങ്ങളത്രയും താണ്ടിയത് എന്നറിയുമ്പോഴാണ് ആ നവോത്ഥാനത്തിന്റെ വൈഢൂര്യപ്രഭയില്‍ ചരിത്രത്തിന്റെ കണ്ണഞ്ചിപ്പോകുന്നത്.

മുഹമ്മദലി കിനാലൂര്‍