ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് എക്‌സാമിനേഷന്‍ മേയ് 13ന്

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് എക്‌സാമിനേഷന്‍ മേയ് 13ന്

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ധന്‍ബാദിലുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സില്‍ എം.എസ്‌സി, എം.എസ്‌സി ടെക്, എം.ടെക്, പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ മേയ് 13ന് നടത്തും. രാവിലെ ഒമ്പതു മുതല്‍ 12 വരെയാണു പ്രവേശന പരീക്ഷ. എം.എസ്‌സി., എം.എസ്‌സി. ടെക് കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 11നകവും എം.ടെക്. കോഴ്‌സിന് മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 20 വരെയും പി.എച്ച്.ഡിക്ക് മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 20 വരെയും അപേക്ഷിക്കാം.

2000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി വര്‍ഗക്കാര്‍ക്ക് 1,000 രൂപ.

കോഴ്‌സും യോഗ്യതയും: എം.എസ്‌സി. ടെക് (അപ്ലൈഡ് ജിയോളജി) മൂന്നു വര്‍ഷത്തെ കോഴ്‌സിനു ജിയോളജിയില്‍ മെയിന്‍ വിഷയവും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഉപവിഷയവുമായും പഠിച്ചു ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
എം.എസ്‌സി. ടെക് (അപ്ലൈഡ് ജിയോഫിസിക്‌സ്) മൂന്നു വര്‍ഷത്തെ കോഴ്‌സിനു ഫിസിക്‌സ് മെയിന്‍ വിഷയമായും മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ജിയോളജി, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഉപവിഷയമായും പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.

എം.എസ്‌സി. (അപ്ലൈഡ് ഫിസിക്‌സ്) രണ്ടു വര്‍ഷത്തെ കോഴ്‌സിനു ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ മുഖ്യവിഷയമായി പഠിച്ച് ബി.എസ്‌സി. നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.എസ്‌സി. (കെമിസ്ട്രി) രണ്ടു വര്‍ഷത്തെ കോഴ്‌സിനു കെമിസ്ട്രി മുഖ്യ വിഷയമായി പഠിച്ചു ബി.എസ്‌സി. നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.എസ്‌സി. (മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്) മാത്തമാറ്റിക്‌സ് മുഖ്യ വിഷയമായി പഠിച്ചു ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അഞ്ചു വിഷയങ്ങള്‍ക്കും കൂടി 256 സീറ്റുകളാണുള്ളത്. അപേക്ഷകര്‍ 1993 ഒക്ടോബര്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 36,000 രൂപയാണു ഒരു സെമസ്റ്ററിനു ട്യൂഷന്‍ ഫീസ്. പ്രവേശന പരീക്ഷയുടെ സിലബസ് വെബ്‌സൈറ്റിലുണ്ട്.
പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍: ഭുവനേശ്വര്‍, ചെന്നൈ, ധാന്‍ബാദ്, ഗോഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, കോല്‍ക്കത്ത, ലക്‌നോ, ന്യൂഡല്‍ഹി, പൂന, വാരാണസി. വിലാസം: ഡപ്യൂട്ടി രജിസ്ട്രാര്‍ (എക്‌സാം ആന്‍ഡ് അക്കാഡമിക്), ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്, ധന്‍ബാദ്, ജാര്‍ക്കണ്ഡ് 826004. വെബ്‌സൈറ്റ്: ംംം.ശാെറവമിയമറ.മര.ശി.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സസ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, എന്‍ജിനിയറിങ് ഫിസിക്‌സ്, മെക്കാനിക്കല്‍, മിനറല്‍, മൈനിങ്, പെട്രോളിയം, എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിംഗ് ബി.ടെക് പ്രോഗ്രാമുകളിലേക്കും കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക്എംടെക് ഇരട്ട ബിരുദ പ്രോഗ്രാമിലേക്കും അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിംഗ് എന്നിവയില്‍ അഞ്ചു വര്‍ഷ എംടെക് പ്രോഗ്രാമുകളിലേക്കും ജെ.ഇ.ഇ. (ജോയിന്റ് എന്‍ജിനിയറിങ് എക്‌സാമിനേഷന്‍) വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്

ജിപ്‌മെര്‍ എം.ബി.ബി.എസ്. പരീക്ഷ ജൂണ്‍ നാലിന്
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്‌മെര്‍) നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്കു മൂന്നു മുതല്‍ 5.30 വരെയും രണ്ടു ഷിഫ്റ്റുകളിലായി നടത്തും. രണ്ടര മണിക്കൂറാണു പരീക്ഷാ സമയം. പൂര്‍ണമായും ഓണ്‍ലൈനായാണു പ്രവേശന പരീക്ഷ. മാര്‍ച്ച് 27 മുതല്‍ മേയ് മൂന്നു വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് മേയ് 22 മുതല്‍ ജൂണ്‍ ആറു വരെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ജൂലൈ അഞ്ചിനു ക്ലാസ് ആരംഭിക്കും. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം 1956ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജിപ്‌മെറിലെ എം.ബി.ബി.എസ്. പ്രവേശനം ഈ പ്രവേശന പരീക്ഷ വഴിയാണ്.

ജിപ്‌മെറിന്റെ പോണ്ടിച്ചേരിയിലെ മെയിന്‍ കാന്പസിലെ 150 എം.ബി.ബി.എസ്. സീറ്റുകളിലേക്കും കാരയ്ക്കല്‍ കാമ്പസിലെ 50 സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലങ്കില്‍ ബയോടെക്‌നോളജി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1,200 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 1,000 രൂപ. 2001 ജനുവരി ഒന്നിനോ അതിനു മമ്പോ ജനിച്ചവരാകണം അപേക്ഷകര്‍.

പ്രായം 2017 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

പ്രവേശന പരീക്ഷയ്ക്കു തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഫിസിക്‌സ് 60, കെമിസ്ട്രി 60, ബയോളജി 60, ലോജിക് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റീസണിങ് 10, ഇംഗ്ലീഷ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍ 10 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. നെഗറ്റീവ് മാര്‍ക്ക് ഇല്ല. മോക് ടെസ്റ്റിനുള്ള സൗകര്യം വെബ്‌സൈറ്റിലുണ്ട്. നാലു വര്‍ഷത്തെ കോഴ്‌സിന് പ്രതിവര്‍ഷം 1,400 രൂപ മാത്രമാണു ഫീസ്. അഡ്മിഷന്‍ ഫീസ് 4,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.jipmer.edu.in

ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ബി.ബി.എ., എം.ബി.എ.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഐ.ഐ.ടി.ടി.എം.). ഗ്വാളിയര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ബി.ബി.എ., എം.ബി.എ. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.ബി.എ.: ഐ.ഐ.ടി.ടി.എം. 2016ലാണ് ബി.ബി.എ. (ട്രൂറിസം ആന്‍ഡ് ട്രാവല്‍) കോഴ്‌സ് ആരംഭിച്ചത്. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 22 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്.

നാലു സെന്ററുകളിലും കൂടി 240 സീറ്റുകളാണുള്ളത്. ഇതില്‍ പകുതി പൊതു വിഭാഗത്തിനും ബാക്കി സംവരണ വിഭാഗങ്ങള്‍ക്കും നീക്കി വച്ചിരിക്കുന്നു. ആറു സെമസ്റ്ററുകളിലായി നടത്തുന്ന കോഴ്‌സിന് ആകെ 2,54,500 രൂപയാണ് ഫീസ്.

ഐ. ജി. എന്‍. ടി. യു. – ഐ. ഐ. ടി. ടി. എം. അഡ്മിഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണിത്. ജനറല്‍ അവയര്‍നെസ് 50 മാര്‍ക്ക്, വെര്‍ബല്‍ എബിലിറ്റി 25 മാര്‍ക്ക്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി 25 മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. മേയ് 19നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 500 രൂപ.

എം.ബി.എ.: രണ്ടു വര്‍ഷത്തെ മുഴുവന്‍ സമയ കോഴ്‌സാണ് എം.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്). ആകെ 600 സീറ്റുകളാണുള്ളത്. 2017 ജൂലൈ ഒന്നിന് 25 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മേയ് 19നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 500 രൂപ. ആകെ 3,09,500 രൂപയാണ് ട്യൂഷന്‍ ഫീസ്. ഫോണ്‍: 09425407607, 09039051004, 07205146285. വെബ്‌സൈറ്റ്:www.igntu.ac.in

വൈല്‍ഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി. കോഴ്‌സ് ചെയ്യാം
കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ ഡെറാഡൂണിലെ സ്വയംഭരണ സ്ഥാപനമാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വൈല്‍ഡ് ലൈഫ് സയന്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന എം.എസ്‌സി. കോഴ്‌സ് ജൂണ്‍ 29ന് ആരംഭിക്കും. ആകെ 20 സീറ്റുകളുള്ളതില്‍ 15 എണ്ണം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു.

5,32,800 രൂപയാണു കോഴ്‌സ് ഫീസ്. സമര്‍ഥരായ എട്ടു പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. സയന്‍സ്, മെഡിക്കല്‍ സയന്‍സ്, എന്‍ജിനിയറിംഗ്, വെറ്ററിനറി സയന്‍സ്, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഫാര്‍മസി, സോഷ്യല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 25 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്.

ദേശീയ തലത്തില്‍ നടത്തുന്ന നാഷണല്‍ എലിജിബിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിലാണ് പ്രവേശനം. ഹൈദരാബാദ്, ബംഗളൂരു, ഭോപ്പാല്‍, മുംബൈ, ഡല്‍ഹി, ലക്‌നോ, ഡെറാഡൂണ്‍, കോല്‍ക്കത്ത, ഗുവാഹത്തി, ജമ്മു എന്നിവിടങ്ങളില്‍ മേയ് ഏഴിനാണ് നെറ്റ്. 100 മാര്‍ക്കിന്റെ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് നെറ്റ്. 70 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളും 30 മാര്‍ക്കിന്റെ ഉപന്യാസ രീതിയില്‍ ഉത്തരം എഴുതേണ്ട ചോദ്യങ്ങളുമാണ് ഉണ്ടാകുക. തെരഞ്ഞെടുക്കപ്പെടുന്നവരെ ഡെറാഡൂണില്‍ പേഴ്‌സണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനു വിളിക്കും. ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. ഫീസ് 1000 രൂപ. ഫോണ്‍: +911352646284. വെബ്‌സൈറ്റ്:www.wii.gov.in

ഫോറസ്ട്രിയില്‍ ബി.എസ്‌സി.
അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍ഇആര്‍ഐഎസ്ടി) നടത്തുന്ന ഫോറസ്ട്രിയില്‍ ബി.എസ്‌സി. കോഴ്‌സിന് അപേക്ഷിക്കാം. എന്‍.ഇ.ആര്‍.ഐ.എസ്.ടി. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ വഴിയാണ് അഡ്മിഷന്‍. ഏപ്രില്‍ 23നാണ് പ്രവേശന പരീക്ഷ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മാത്രമാണു പരീക്ഷാ കേന്ദ്രങ്ങള്‍. അപേക്ഷാ ഫീസ് 750 രൂപ. സംവരണ വിഭാഗങ്ങള്‍ക്ക് 400 രൂപ. മാര്‍ച്ച 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 09707309326. വെബ്‌സൈറ്റ്:www.neeonline.com