അതാണ് പ്രൊഫ്‌സമ്മിറ്റ് ചോദിക്കുന്നത്

അതാണ് പ്രൊഫ്‌സമ്മിറ്റ് ചോദിക്കുന്നത്

ഒരു മെഡിക്കല്‍ കോളേജ്. ഏതെന്ന് വ്യക്തമാക്കുകയേ ഇല്ല. അത്യാസന്ന നിലയില്‍ രോഗിയെത്തുന്നു. ഐ സി യു ട്രീറ്റ്‌മെന്റിന് ശേഷം സര്‍ജറിക്കായി വാര്‍ഡിലേക്ക് മാറ്റുന്നു. സ്‌ട്രെച്ചര്‍ ഉന്തിയുദ്യോഗസ്ഥന്‍ കുടുംബക്കാരോട് പറയുകയാണ്; എന്തിന് ഇവിടെ കിടത്തി നാശമാക്കണം, വേഗം മംഗലാപുരത്തേക്ക് വിട്ടോ. കുടുംബക്കാരില്‍ അമ്പരപ്പ് കലര്‍ന്ന ആശ്വാസം. എന്നാ പിന്നെ…?

ഒരെന്നാ പിന്നെയുമില്ല, ഒരു മിനുട്ട് മുമ്പ് വിട്ടാല്‍ അത്രയും നല്ലത്. ഞാന്‍ ആമ്പുലന്‍സ് ഏര്‍പ്പാട് ചെയ്തു തരാം. വൈകാതെ ആ രോഗിയെയും കൊണ്ട് ആമ്പുലന്‍സ് വടക്കോട്ടേക്ക് പായുന്നു. കണ്ടില്ലേ, ഒരാതുരാലയത്തിലെ ഒരു കീഴ്‌ജോലിക്കാരന്റെ ആത്മാര്‍ത്ഥത.

ഒരു കാര്യം കേള്‍ക്കണോ നിങ്ങള്‍ക്ക്, ഇയാള്‍ ആമ്പുലന്‍സ് മാഫിയയുടെ സമര്‍ത്ഥനായ ഏജന്റാണ്. ഒരു ട്രിപ്പ് ഒപ്പിച്ചു കൊടുത്താല്‍ ആയിരം രൂപ കമ്മീഷന്‍ കിട്ടും. ഒരു പക്ഷെ, അത്യാസന്ന നിലയിലായ രോഗി കാഞ്ഞങ്ങാട്ട് എത്തുമ്പോഴേക്ക് കാഞ്ഞുപോയെന്ന് വരും. എന്നാലെന്താ, ആയിരം കീശയിലായില്ലേ?

ആശുപത്രിയിലെ ഉന്തുകട്ടില്‍ ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കില്‍ മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്ത് കണ്ണും കരളും കുടലും കിഡ്‌നിയും പറിച്ച് വിറ്റ് ലക്ഷങ്ങള്‍ കൊയ്യുന്ന ഡോക്ടര്‍മാരെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കേട്ടു കൊണ്ടിരിക്കുകയല്ലേ. രോഗപീഡയാല്‍ വേദനിക്കുന്നവന്റെ ആധിയകറ്റേണ്ടവര്‍, അവനെ തന്നെ പിഴുത് വില്‍ക്കുന്ന ദുരവസ്ഥ രൂപപ്പെട്ടു എന്ന് പറഞ്ഞാല്‍ നാം പാലിക്കേണ്ട എത്തിക്‌സുകള്‍ എരിഞ്ഞടങ്ങി എന്നാണര്‍ത്ഥം. അല്ലെങ്കില്‍ അരോഗ്യ ദൃഢഗാത്രനായി നമ്മില്‍ വാഴേണ്ട എത്തിക്‌സ് കഠിനമായ രോഗാണുബാധയേറ്റ് കൃത്രിമ ശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് വേണം കരുതാന്‍. എത്തിക്‌സിന് ഏറ്റ ഈ അണുബാധ ഏതെന്ന് കണ്ടുപിടിക്കല്‍ . അതാണ് പ്രൊഫ്‌സമ്മിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

നിലനില്‍ക്കുന്ന വ്യവസ്ഥകളെ സമൂഹം കാലാകാലങ്ങളില്‍ പലനിലക്ക് ഡയഗ്നോസ് ചെയ്ത് പോരാറുണ്ട്. മറ്റെല്ലാ മേഖലകളിലും അരുതായ്മകള്‍ അരങ്ങുതകര്‍ക്കാറുണ്ടെങ്കിലും ആതുര മേഖലയിലെ രോഗാതുരതയെ കൂട്ടമായി വേട്ടയാടാന്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. സാമൂഹിക ജീര്‍ണതകള്‍ക്കു നേരെ തുറന്ന് പിടിച്ച കണ്ണാടികളാണല്ലോ സര്‍ഗാത്മക രചനകള്‍. ആ അര്‍ത്ഥത്തില്‍ മെഡിക്കല്‍ മേഖലയുടെ ഉള്ള് തറിച്ച് പുറം ലോകത്തിന് പ്രദര്‍ശിപ്പിച്ച രചനയാണ്. ആര്‍തര്‍ ഹെയ്‌ലിയുടെ ടൃേീിഴ ങലറശരശില ഒരു വരണ്ട വിഷയത്തിന്റെ ഈര്‍പ്പ രാഹിത്യം ഫിക്ഷന്റെ സൗന്ദര്യത്തിന് പരിക്കു പറ്റിച്ചിട്ടുണ്ടെങ്കിലും ആതുരലോകത്തിന്റെ കിരാത കച്ചവടങ്ങള്‍ ഹെയ്‌ലി തുറന്ന് കാണിക്കുന്നുണ്ട്. മലയാള ഭാവുകത്തില്‍ ആതുര ലോകത്തിന്റെ കണ്ണിച്ചോരയില്ലായ്മയെ വരച്ചുവെച്ച കൃതിയാണ് കെ. രാധാകൃഷ്ണന്റെ ശമന താളം

ഓര്‍ക്കേണ്ട കാര്യം, ആധുനിക പ്രൊഫഷണല്‍ മേഖലയുടെ കരളിനും ഹൃദയത്തിനും ഏറ്റ രണ്ട് മഹാ അര്‍ബുദങ്ങള്‍- ഒന്ന് അവയുടെ പിറപ്പ് ആര്‍ത്തിപ്പണ്ടാരങ്ങളായ പടിഞ്ഞാറ് നിന്നാണെന്നതാണ്. ഉള്ളതൊന്നും പോരാതെ ആരാന്റേത് പിടിച്ചു പറിക്കുന്ന വെള്ളക്കാരന്റെ ദുഷ്ടഭൂതം ആധുനിക ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും പിന്നാലെ പിടിവിടാതെയുണ്ട് എന്നതാണ്. മറ്റൊന്ന്, അനുഭവത്തിന്റെ പാഠങ്ങള്‍ ചികഞ്ഞ് ശാസ്ത്രത്തിന് നാം പുതിയ നിര്‍വചനം കണ്ടെത്തേണ്ട ദുഖഃസ്ഥിതി സമ്മാനിക്കുന്ന ഭയാവസ്ഥയാണ്. ശാസ്ത്രം എന്നാല്‍ അപകടകരമായ പരിഹാരം എന്ന പുതിയ നിര്‍വ്വചനത്തിലേക്ക് നീങ്ങിയിരിക്കേണ്ടി വന്നിരിക്കുന്നു. ഒരു ഭാഗത്ത് ശാസ്‌ത്രോല്‍പ്പന്നങ്ങള്‍ ജീവിതത്തിന്റെ വിഷമതകളെ ഇല്ലാതാക്കുന്ന പരിഹാര മാര്‍ഗങ്ങളായും, ജീവിതത്തിന് എളുപ്പവും വേഗതയും സമ്മാനിക്കുന്ന പ്രോപെര്‍ട്ടികളായും വര്‍ത്തിക്കുമ്പോള്‍ മറുവശത്ത് അവയെല്ലാം ഒരു നിലക്കല്ലെങ്കില്‍ മറ്റുനിലക്ക് നമ്മെയും നമ്മുടെ പ്രകൃതിയെയും ഇഞ്ചിഞ്ചായി കൊന്നു തീര്‍ക്കുന്ന ആയുധങ്ങളാണെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയുന്നു. ആധുനിക ചികിത്സാ രീതി തന്നെ നോക്കൂ. വേദന കുറക്കുകയും രോഗം മാറ്റുകയും ചെയ്യുന്ന ഇംഗ്ലീഷ് മരുന്നുകള്‍ നമ്മുടെ ഉള്ള് തുരന്ന് തിന്നുന്ന വിഷകീടങ്ങളാണെന്ന് വൈകിയെങ്കിലും നാം തിരിച്ചറിഞ്ഞു. രോഗനിര്‍ണയത്തിനുപകരിക്കുന്ന ആധുനിക ഡിവൈസുകളധികവും നമ്മെ അകമേ പോറലേല്‍പ്പിക്കുന്ന രോഗ വ്യാളികളാണെന്നും നാം കണ്ടുപിടിച്ചു.

പ്രൊഫഷണല്‍ എത്തിക്‌സിനെ പറ്റി സംസാരിക്കുമ്പോള്‍ ഏറ്റവും സുരക്ഷിതവും താരതമ്യേന പാര്‍ശ്വ ഫലങ്ങളില്ലാത്തതുമായ ആര്‍ട്ടര്‍നേറ്റീവ് മെഡിസിനും പരിസ്ഥിതി സൗഹൃദ ടെക്‌നോളജിയും വികസിപ്പിക്കുക മാത്രമേ ഇതിന് പരിഹാരമുള്ളൂ.

പറഞ്ഞു വന്നത്, ജനിതകമായി തന്നെ അംഗഭംഗമുള്ള മോഡേന്‍ സയന്‍സിനെ എതിക്‌സിനോട് വിട ചൊല്ലിയ പടിഞ്ഞാറുകാര്‍ ലാഭമൂറ്റലിന്റെ ചൂളവേദിയായി കണ്ടപ്പോഴുണ്ടായ ഭീതിതമായ അവസ്ഥ. ഇതാണ് ഇന്ന് നാടാകെ അരങ്ങു വാഴുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മൂല്യവും ലാഭവും കൊമ്പുകോര്‍ക്കുന്ന യുദ്ധമുഖം.  ഒപ്പം നിര്‍മാണാത്മകമായ മേഖലയില്‍ എത്രയോ ശൂന്യമായി കിടക്കുമ്പോള്‍ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഫലോദയങ്ങളെ വിനാകരങ്ങളായ യുദ്ധായുധ നിര്‍മ്മാണ മേഖലയിലേക്ക് ആവശ്യത്തിലേറെ പ്രാധാന്യം നല്‍കി തിരിച്ച് വിടുക എന്ന ദുരന്തവും നമുക്ക് സ്വീകരിക്കേണ്ടതായി / അനുഭവിക്കേണ്ടതായി വരുന്നുണ്ട്.

ചന്തയില്‍ ചെന്ന് അടുക്കള ആവശ്യത്തിനായി വാങ്ങിക്കൂട്ടുന്ന സാമാനങ്ങളില്‍ ഓരോന്നിനെ കുറിച്ചും സൂക്ഷ്മമായി നിരീക്ഷിച്ച് നോക്ക്. ചായപ്പൊടിയും, പഞ്ചസാരയും പാലും കടുകും ഇറച്ചിയും മീനും പഴങ്ങളും പച്ചക്കറികളും എല്ലാ തന്നെ വിഷമയവും രോഗദായകവുമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ രംഗം വെട്ടിപ്പിന്റെയും അഴിമതിയുടെയും കിടമത്സരത്തിന്റെതുമായിത്തീര്‍ത്തിരിക്കുന്നു. ഭരണയന്ത്രം തിരിക്കുന്നവരും രാഷ്ട്രീയ വാഴ്ച നടത്തുന്നവരും അഭിവന്ദ്യ തസ്‌കരവീരന്‍മാരായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദുഃഖങ്ങളെയും ദുരിതങ്ങളെയും മസാല പുരട്ടി ചൂടോടെ വറുത്തു വില്‍ക്കുന്ന നമ്പര്‍ വണ്‍ കച്ചോടക്കാരായി മാധ്യമ ലോകം മാറിയിരിക്കുന്നു. ഇല്ല, ഇനി നോക്കി നിന്നിട്ട് കാര്യമേ ഇല്ല . നാം തിരുത്തിന്റെ സംഗീതമായി പെയ്തിറങ്ങുക.

ജീവിതത്തെ കുറിച്ച് ധാര്‍മിക ഗന്ധമുള്ള ജ്ഞാന വ്യവസ്ഥ നാടാകെ പ്രസരിപ്പിക്കുക മാത്രമേ വഴിയുള്ളൂ. കനിഞ്ഞു കിട്ടിയ ഈ ജീവിതം ആസ്വദിച്ച് തീര്‍ക്കാന്‍ ഉള്ളതല്ലെന്നും അതിമഹത്തായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള ഒന്നാം പാഠം നാം സമൂഹത്തിന് സമ്മാനിക്കേണ്ടതുണ്ട്. മനുഷ്യനെ ഒരു സമഷ്ടിയായി പരിഗണിക്കുമ്പോള്‍ ഒരു മഹാ സംഭവമായി തോന്നാമെങ്കിലും ഓരോരുത്തരെ ഒറ്റക്കെടുക്കുമ്പോള്‍ ദൗര്‍ബല്യങ്ങളുടെ പ്രതീകങ്ങളാണെന്ന് തിരിച്ചറിയാനാകുമെന്ന മഹാപാഠം നാം സംവേദനം ചെയ്യേണ്ടതുണ്ട്. അഥവാ അകത്തേക്ക് പോയ ശ്വാസം പുറത്തേക്ക് വരാത്ത അവസ്ഥ വന്നാല്‍ കഴിഞ്ഞു മനുഷ്യന്റെ എല്ലാം. ഇത്തിരിപ്പോന്ന ഒരു കൊച്ചു ജീവിതം- അത് അതില്‍ തന്നെ പൂര്‍ണ്ണമല്ലെന്നും അത് മറ്റൊരു ലോകത്തേക്കുള്ള മുന്നൊരുക്കം മാത്രമാണെന്നും , നമ്മുടെ ചലന നിശ്ചലനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരു ശക്തിയുണ്ടെന്നുമുള്ള തിരിച്ചറിവിലേക്ക് പ്രപഞ്ചത്തെ തിരിച്ചുവിടുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം

ഞാന്‍ എനിക്കു മാത്രമായി തീര്‍ത്ത ഇടുങ്ങിയ തുരുത്തുകളെ തട്ടിനിരപ്പാക്കുകയും എല്ലാം തട്ടി നിരത്തി അലിയിച്ചൊന്നാക്കി നമ്മള്‍ എന്നതിലേക്ക് വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനവും, മേത്തരം ആദായ പദവികളും കിട്ടുന്ന ഉദ്യോഗസ്ഥന്‍മാര്‍ വേലക്കാരും രോഗികളും ഭിക്ഷക്കാരും വിധവകളുമൊക്കെയടങ്ങുന്ന സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും സ്വന്തം ജീവിതത്തെ സ്വാര്‍ത്ഥയുടെ പഞ്ചാര ലായനിയില്‍ കുതിര്‍ത്താല്‍ പോരെന്നും, സഹജീവികളിലേക്ക് കൂടി നമ്മുടെ സ്‌നേഹ വായ്പുകള്‍ നീട്ടണമെന്നുമുള്ള പാഠമാണ് നാം പുതുതലമുറക്ക് പകര്‍ന്ന് കൊടുക്കേണ്ടത്. ഒന്നുകൂടി താഴ്ത്തിപ്പറഞ്ഞാല്‍ പ്രൊഫഷണലുകള്‍ ധൈഷണികരെന്ന പോലെ വൈകാരിക തലങ്ങളുമുള്ള മനുഷ്യരാണെന്നും യന്ത്രസമാനമായ റോബോട്ടിക് ജീവിതം നയിച്ച് ജീവിതം മസിലുപിടി ആക്കി ഒടുക്കരുതെന്നും നാം സമൂഹത്തെ ബോധിപ്പിക്കേണ്ടിയിരിക്കുന്നു. ഹൈ ടെക് ജീവിതത്തിന്റെ ആര്‍ദ്രരാഹിത്യം കാരണം, പിറന്ന കുഞ്ഞ് വികൃതരൂപമായിപ്പോവുകയും, ആദിവാസികളുടെ പച്ച ജീവിതം കണ്ട് ആ ദമ്പതികള്‍ക്ക് ബോധോദയം വരികയും ചെയ്ത ‘ആദിവാസികം’ എന്ന രാമനുണ്ണി കഥ, നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. രതിക്ക് വേണ്ടി സുന്ദരികളായ ഐ ടി പ്രൊഫഷണലുകളെ പ്രൊമോഷന്‍ പ്രലോഭനങ്ങള്‍ നല്‍കി മിസ് യൂസ് ചെയ്യുന്ന ആധുനിക കാടത്തരത്തെ ടി പി രാമകൃഷ്ണന്റെ ‘കെണി’ വെച്ച് പിടിക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ലോകത്തെ അന്തര്‍ നാടകങ്ങളെ പറ്റി മലയാറ്റൂരിന്റെ ‘യന്ത്രം’ വരച്ചിടുന്ന വികൃത ചിത്രങ്ങള്‍ നമ്മള്‍ നമ്മുടെ മുഖങ്ങളായി തന്നെ കണ്ടെത്തണം.

ബാഷ്പീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മാനവിക മൂല്യങ്ങളെ ധാര്‍മിക ബോധത്തിന്റെ മേലാപ്പ് വിരിച്ച് എങ്ങനെ പിടിച്ച് നിര്‍ത്താം എന്നതിനെ കുറിച്ച് നാമൊന്നായി തലപുകച്ചാലോചിക്കേണ്ടിയിരിക്കുന്നു. ചുറ്റുപാടുകളില്‍ പുണ്യാവാളത്വത്തിന്റെ പൂമരങ്ങള്‍ എമ്പാടും, തൊട്ടു കാണിക്കുന്നുണ്ട് ഇസ്‌ലാം, അതെത്ര ചെറുതാണെങ്കിലും ഒന്നിനെയും നിസ്സാരമാക്കരുത്, എന്ന അടിക്കുറിപ്പും ഇടക്കിടെ നമുക്ക് കിട്ടുന്നുണ്ട്. രോഗി സന്ദര്‍ശനം, ആഹാര ദാനം, പാനീയ ദാനം, മരം നടീല്‍, വഴിയിലെ കല്ല് മുള്ള് എല്ലാദികള്‍ നീക്കല്‍, സുഹൃത്തിന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കല്‍, പട്ടിക്ക് വെള്ളം കൊടുക്കല്‍ എന്ന് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സഹജീവി പരിസര സേവനത്തിന്റെ ഇനങ്ങളും വിധങ്ങളും മതം വിവരിച്ചു തരുന്നത് നമുക്ക് പ്രാവര്‍ത്തികമാക്കാനാണെന്ന് നാം നമ്മളെ തന്നെ പഠിപ്പിച്ചെടുക്കണം. ഏര്‍പ്പെട്ടിരിക്കുന്ന മേഖലയില്‍ പ്രാഗത്ഭ്യമുണ്ടായിരിക്കുക, ചൂഷണ രഹിതമായി അത് നിര്‍വ്വഹിക്കാനാകുക, സേവന വിനിമയത്തോടൊപ്പം ധാര്‍മ്മിക ഗന്ധം പ്രസരിപ്പിക്കുക, എന്നും മാനവികതക്ക് വേണ്ടി നിലകൊള്ളുക, എല്ലാത്തിലുപരി ഇന്നീ കാണുന്ന ഉദായസ്തമയ വൃത്തിനപ്പുറമുള്ള അനന്തര ലോകത്തേക്ക് യാത്ര ചെയ്യേണ്ടവരാണെന്ന് വിശ്വാസം ജ്വലിപ്പിച്ചെടുക്കുക. ഇതെല്ലാമായാല്‍ നമുക്ക് ചുറ്റുപാടുകളെ ഊറ്റികുടിക്കുന്ന പരാദങ്ങളാവുന്നതിന് പകരം, മനുഷ്യരാശിയുടെ അതിരു കാക്കുന്ന വന്‍ മതിലുകളാവാന്‍ കഴിയും, കഴിയുമാറാവട്ടെ.

(എസ് എസ് എഫ് വിജിലന്‍ഷ്യയില്‍ അവതരിപ്പിച്ച
പ്രമേയ പ്രഭാഷണത്തിന്റെ ലേഖനാവിഷ്‌കാരം)
ഫൈസല്‍ അഹ്‌സനി ഉളിയില്‍