തൊണ്ടവറ്റാനിരിക്കുന്നു മഹല്ലുകള്‍ക്ക് എന്ത് ചെയ്യാനാവും?

തൊണ്ടവറ്റാനിരിക്കുന്നു മഹല്ലുകള്‍ക്ക് എന്ത് ചെയ്യാനാവും?

വേനലിനെ വെല്ലുന്ന കൊടും ചൂടാണ് കേരളത്തില്‍. വരും നാളുകള്‍ വെല്ലുവിളിയുടെതായിരിക്കുമെന്നതില്‍ നമുക്ക് സന്ദേഹമേതുമില്ല. ഈ ഘട്ടത്തില്‍ നിലവിലെ ജലോപയോഗം കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ വെള്ളം കിട്ടാതെ മരിക്കുന്ന മനുഷ്യരെ കാണാന്‍ നമുക്കെവിടെയും പോകേണ്ടിവരില്ല.

നിത്യജീവിതത്തില്‍ വൃത്തിക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് മുസ്‌ലിംകള്‍. അതുകാരണം ശുദ്ധീകരണത്തിന് കണക്കിലേറെ വെള്ളം നാം ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ജലം യഥേഷ്ടം ലഭിച്ചിരുന്നതിനാല്‍ അതിന്റെ ധാരാളിത്തം നമ്മളിതുവരെയും കാണിച്ചിട്ടുണ്ട്. രാജസ്ഥാന്‍ പോലെയുള്ള ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ ജലക്ഷാമം അനുഭവിക്കുന്നവരാണ്. കുറഞ്ഞ വെള്ളം കൊണ്ട് ശുദ്ധിയാക്കാന്‍ അവരൊക്കെയും ശീലിച്ചിട്ടുണ്ട്. അശ്രദ്ധയോടെ ജലം പാഴാക്കിക്കളയാന്‍ നമുക്കൊരു പേടിയുമില്ലതാനും. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി, കരുതിവെക്കണം എന്ന അവികാരമാണ് നമുക്ക്. അതൊക്കെ മാറ്റിവെച്ച് ചില വീണ്ടു വിചാരങ്ങള്‍ക്ക് നമ്മള്‍ തയ്യാറായില്ലെങ്കില്‍ നാടിന്റെ തൊണ്ട വറ്റും.

ഒരു വിശ്വാസിക്ക് ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് അഞ്ച് തവണ അംഗസ്‌നാനം (വുളൂഅ്) ചെയ്യേണ്ടതുണ്ട്. ഒപ്പം കുളിയും പല്ലുതേപ്പും അലക്കലും പാത്രം കഴുകലും ഭക്ഷണം പാകം ചെയ്യലുമൊക്കെയാകു മ്പോള്‍ ഒരാള്‍ക്ക് തന്നെ 300- 500 (ഏകദേശ കണക്ക്) ലിറ്റര്‍ വരെ വെള്ളം വേണ്ടി വരും. ഇത് ആപേക്ഷികമാണ്. ഓരോ വ്യക്തിയും വ്യത്യസ്ത അളവിലാണ് വെള്ളം ഉപയോഗിക്കുന്നത്. ഒന്ന് ശ്രദ്ധിച്ച്, കരുതലോടെ ഉപയോഗിക്കുകയാണെങ്കില്‍ ഇനിയുമെത്രെയോ നാളുപയോഗിക്കാനുള്ള വെള്ളം നമുക്ക് കാത്തുവെക്കാന്‍ കഴിയും.

വിശ്വാസിയുടെ ജീവിതം എപ്പോഴും പള്ളിയുമായി ബന്ധപ്പെട്ടതാണല്ലോ. നിസ്‌കാരവും മറ്റ് ആരാധനകളുമായി പള്ളിയുമായി ബന്ധപ്പെടുന്നവരാണ് മഹാഭൂരിപക്ഷവും. നമ്മുടെ പള്ളി ഭരണകര്‍ത്താക്കള്‍ക്കും വിശ്വാസികള്‍ക്കും ഒത്തിരി ശ്രദ്ധയുണ്ടായാല്‍ ചിലത് ചെയ്യാനാവും.
ആയിരക്കണക്കിന് പള്ളികളുണ്ട് കേരളത്തില്‍. ഇവിടെയൊക്കെയുമായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ദിവസവും ആവശ്യവുമാണ്.

വേനല്‍ ശക്തമാവുന്നതോടു കൂടി പലപള്ളികളിലും വുളൂഅ് ചെയ്യാന്‍ തന്നെ വെള്ളം കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ടു മാത്രമല്ല, ജലം എന്ന മഹത്തായ ദൈവാനുഗ്രഹത്തെ ബഹുമാനിച്ചുകൊണ്ട് കൂടി നമുക്ക് ചില നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്താം. അത്തരത്തില്‍ ചില നിര്‍ദേശങ്ങളാണ് താഴെ:

 • ടാപ്പുകളില്‍നിന്ന് മാറി ഹൗളുകളില്‍ നിന്ന് വുളൂഅ് എടുക്കുന്നത് പ്രോത്സാഹിപ്പിക്കുക.
  *  വളരെ അത്യാവശ്യമായത്ര എണ്ണം മാത്രം ഹൗളുകള്‍ സ്ഥാപിക്കുക.
  * ഹൗളുകളുടെ ആഴം ആവശ്യത്തിനു മതി. വെള്ളം കെട്ടി നിന്ന് പാഴാകുന്നത് ഇത് മൂലം ഇല്ലാതാക്കാം.
  * ഹനഫീ മദ്ഹബുകാര്‍ക്കും ഹൗള് അലര്‍ജിക്കാര്‍ക്കും മാത്രമായി അത്യാവശ്യ ടാപ്പ് സംവിധാനം നിലനിര്‍ത്തുക.
  * ടാപ്പിലൂടെ വരുന്ന വെള്ളത്തിന്റെ ശക്തി വളരെ കുറക്കുക.
  * ഹൗളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗശൂന്യമായാല്‍ വെറുതെ ഒഴുക്കിക്കളയാതെ നിലം വൃത്തിയാക്കാനും ചെടി/ പച്ചക്കറി നനക്കാനും ഉപയോഗിക്കുക.
  * കാല് കഴുകാന്‍ പ്രത്യേക ടാങ്ക്, ടാപ്പ്, ഷവര്‍ സംവിധാനം സജ്ജമാക്കാതിരിക്കുക. നിലവിലുള്ളതിലേക്ക് വെള്ളം ലഭ്യമാക്കാതിരിക്കുക.
  * ടാപ്പുകളില്‍ നിന്ന് വുളൂഅ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ജല നഷ്ടം പരിഹരിക്കാനായി ടാപ്പുകള്‍ക്ക് അടിയില്‍ ജലം ശേഖരിക്കാന്‍ സംവിധാനം കാണുക.
  * ഹൗളുകളില്‍ വളരെ ചെറിയ കപ്പുകള്‍, കോപ്പകള്‍ സജ്ജീകരിക്കുക.
  * വുളൂഅ് ചെയ്യാന്‍ കിണ്ടികള്‍ സജ്ജീകരിക്കുക. കിണ്ടി ഉപയോഗിച്ചുള്ള വുളൂഅ്, കാല് കഴുകല്‍ പ്രോത്സാഹിപ്പിക്കുക.
  * ടാങ്ക് നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന സാഹചര്യം ഒഴിവാക്കുക.
  * കുറഞ്ഞ വെള്ളം കൊണ്ട് വുളൂഅ് ചെയ്യാനും കുളിക്കാനും ശുചീകരണങ്ങള്‍ നടത്താനും ജനങ്ങളെ പഠിപ്പിക്കുക, പഠിച്ചതുപോലെ ചെയ്യാനും ശീലിപ്പിക്കുക.
  * മഹല്ല് ഖതീബ്, ഇമാമുമാര്‍, പണ്ഡിതന്‍മാര്‍ ഇകക്കാര്യത്തില്‍ അപകട സാഹചര്യം മുന്‍കൂട്ടിക്കണ്ട് മുന്നോട്ട് വരിക.
  * ജല സംരക്ഷണം ഓരോ വ്യക്തിയുടെയും നിര്‍ബന്ധബാധ്യതയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക.
 • അധിക പള്ളികളിലും ഹൗളുകള്‍ സംവിധാനിച്ചിട്ടുണ്ട്. ഹൗളുകളില്‍ നിന്ന് വുളൂഅ് ചെയ്യുന്നതിലൂടെ 3060 ലിറ്റര്‍ ജലം ലാഭിക്കാന്‍ കഴിയും. ടാപ്പ് ഉപയോഗിച്ച് 24 മിനിറ്റ് വുളൂഅ് ചെയ്യുമ്പോള്‍ അവയവങ്ങള്‍ കഴുകാത്ത ഇടവേളകളില്‍ വെള്ളം വെറുതെ ഒലിച്ചു പോവുകയാണ്. ടാപ്പിന്റെ വേഗതയനുസരിച്ച് ജലനഷ്ടം കൂടുന്നു. ശരാശരി 3060 ലിറ്റര്‍ വെള്ളം ഇത് മൂലം വെറുതെ നഷ്ടപ്പെടുന്നുണ്ട്. ഒന്നുകില്‍ ടാപ്പിലെ വുളൂഅ് ഒഴിവാക്കണം അല്ലെങ്കില്‍ കൈകാണിക്കുമ്പോള്‍ മാത്രം വെള്ളം വരുന്ന സെന്‍സര്‍ വാട്ടര്‍ ടാപ്പുകള്‍ സ്ഥാപിക്കണം. ഇതിന് കുറച്ച് ചിലവ് കൂടും. എന്നാലും അമൂല്യമായ വെള്ളം പാഴാകില്ലല്ലോ.
  ഹൗള് അലര്‍ജിയുള്ളവര്‍ക്കും ചെറിയ ഹൗളില്‍ വുളൂഅ് ചെയ്യാന്‍ പറ്റാത്ത ഹനഫീ മദ്ഹബുകാര്‍ക്കും ടാപ്പ് കൂടിയേ തീരൂ. അതിനുള്ള അത്യാവശ്യ സംവിധാനങ്ങള്‍ മഹല്ല് കമ്മിറ്റി ഒരുക്കേണ്ടതുണ്ട്. ഇങ്ങനെ നഷ്ടടപ്പെട്ടേക്കാവുന്ന ജലം പള്ളിക്ക് ചുറ്റും പച്ചക്കറി കൃഷിയൊരുക്കിയും തെങ്ങ്, വാഴ തുടങ്ങിയവ വെച്ചുപിടിപ്പിച്ചും നനവിന് ഉപയോഗിക്കുക.
  ചില പള്ളികളിലെ ഹൗളുകള്‍ക്ക് അടി വ്യക്തമാകാത്തയത്രയും ആഴമുണ്ട്. ഇത് കാരണമായി ഓരോ ആഴ്ചയും 2000- 4000 ലിറ്റര്‍ വരെ വെള്ളം വെറുതെ കളയേണ്ടി വരുന്നു. ആഴ്ചയില്‍ വെള്ളം മാറ്റുന്നിടത്താണിത്. അല്ലാത്തയിടങ്ങളില്‍ ഇത്രയധികം വെള്ളം കെട്ടിക്കിടന്ന് ചര്‍മ്മരോഗങ്ങള്‍ക്കും മറ്റും കാരണമാവുകയും ചെയ്യുന്നു. ആഴം കുറക്കാന്‍ കല്ലുകള്‍ പാകി എല്ലാവര്‍ക്കും അത്യാവശ്യം വുളൂഅ് ചെയ്യാന്‍ പറ്റുന്ന രൂപത്തില്‍ നമുക്ക് ക്രമീകരിക്കാം.
  അത്യാവശ്യ ഹൗളുകള്‍ മാത്രം ക്രമീകരിച്ചാല്‍ മതി. പല പള്ളികളിലും ആര്‍ഭാട ഹൗളുകള്‍ കാണാം. പണധൂര്‍ത്തും ജലധൂര്‍ത്തുമാണ് ഇതിന്റെ ഫലം.
 • അധിക പള്ളികളിലും കാല് കഴുകാന്‍ പ്രത്യേക ഒരിടമുണ്ടാകും. അവിടെ നിന്ന് കാലുരച്ച് കഴുകിയതിന് ശേഷമാണ് പലരും വുളൂഅ് ചെയ്യുക. അവസാനം വീണ്ടും കാല്‍ കഴുകല്‍ ഉണ്ടാകുമല്ലോ. ഇതും നഷ്ടമാണ്. അവസാനിപ്പിക്കേണ്ടതുണ്ട്.
  കാല് കഴുകാന്‍ പ്രത്യേക ഷവറുകള്‍ ചില പള്ളികളില്‍ കാണാറുണ്ട്. വളരെ ശക്തിയായി വെള്ളം വരുന്നു. ഇത് മൂലം വന്‍ നഷ്ടം സംഭവിക്കുന്നു. ചെറിയ കപ്പ് ഉപയോഗിക്കുമ്പോള്‍ 100- 200 മില്ലിലിറ്റര്‍ വേണ്ടി വരുന്നിടത്ത് ഷവര്‍ ഉപയോഗിക്കുമ്പോള്‍ 12 ലിറ്റര്‍ വെള്ളമാണ് ധൂര്‍ത്തടിക്കപ്പെടുന്നത്. ഇത് നിര്‍ത്തലാക്കിയാല്‍ എത്രമാത്രം വെള്ളം നമുക്ക് കാത്ത് സൂക്ഷിക്കാം..!
  വയനാട് പന്തിപ്പൊയില്‍ സുന്നി ജുമാമസ്ജിദില്‍ നല്ലൊരു സംവിധാനം കണ്ടു. അവിടെ ടാപ്പില്‍ നിന്ന് വുളൂഅ് എടുക്കുന്നവര്‍ക്ക് എടുക്കാം. എന്നാല്‍ കാല്‍ കഴുകുന്ന വെള്ളമേ നഷ്ടപ്പെടുന്നുള്ളൂ. അവയവങ്ങള്‍ കഴുകിപ്പോവുന്ന വെള്ളവും ഇടയില്‍ ടാപ്പ് തുറന്ന് കിടക്കുന്നത് കാരണം നഷ്ടപ്പെടേണ്ടിയിരുന്ന വെള്ളവും ഇവിടെ തന്ത്രപരമായി ശേഖരിക്കുന്നു. ഇവിടുത്തെ ടാപ്പുകള്‍ക്കടിയില്‍ വെള്ളം ശേഖരിക്കാന്‍ ഹൗള് തയാറാക്കിയിരിക്കുന്നു. ഹൗളിന് മുകളില്‍ ടാപ്പുകള്‍ സംവിധാനിച്ചു എന്നും പറയാം. ടാപ്പിലൂടെ വുളൂഅ് ചെയ്യുമ്പോള്‍ ഹൗള് നിറയുന്നു. ഹൗളില്‍ നിന്ന് വുളൂഅ് ചെയ്യേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാന്‍ അവസരമൊരുങ്ങുകയും ചെയ്യുന്നു. ഈ സംവിധാനം കാരണമായി എത്ര വെള്ളമാണ് അവര്‍ സംരക്ഷിക്കുന്നത്.! ടാപ്പ് വേണ്ടവര്‍ക്ക് ടാപ്പും ഹൗള് വേണ്ടവര്‍ക്ക് ഹൗളുമാവുകയും ചെയ്തു. ജലം നഷ്ടമാകുന്നുമില്ല. ഈയൊരു സംവിധാനം എല്ലാ പള്ളികളിലും വന്നാല്‍ കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ഓരോ ദിവസവും സംരക്ഷിക്കാന്‍ കഴിയും.
 • ടാപ്പുകള്‍ ഉണ്ടാക്കുന്ന ജല നഷ്ടം ഇല്ലാതാക്കാന്‍ നല്ലൊരു പോം വഴിയാണ് കിണ്ടി. ടാപ്പൊക്കെ വ്യാപകമാകുന്നതിന് മുമ്പ് എല്ലായിടത്തും കിണ്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോഴും കിണ്ടികള്‍ മാത്രമുപയോഗിച്ച് വുളൂഅ് ചെയ്യുന്ന മുതിര്‍ന്ന ആളുകളേറെയുണ്ട്. വളരെ കുറഞ്ഞ വെള്ളം കൊണ്ട് വുളൂഅ് ചെയ്യാന്‍ കിണ്ടികള്‍ കൊണ്ടണ്ടു സാധിക്കുന്നു. ഇരുന്ന് വുളൂഅ് ചെയ്യുക, വെള്ളമെടുക്കുന്ന പാത്രം ഇടത് വശത്ത് ആവുക, ബാക്കി വരുന്ന വെള്ളത്തില്‍ നിന്നും കുടിക്കുക തുടങ്ങിയ സുന്നത്തുകള്‍ കിണ്ടിയില്‍നിന്ന് വുളൂഅ് ചെയ്യുമ്പോള്‍ കിട്ടുന്നു. ജലമേറെ നഷ്ടപ്പെടുത്തുന്ന വലിയ കപ്പുകള്‍ക്കും ടാപ്പുകള്‍ക്കും പകരം കാലുകഴുകാനും മൂത്രപ്പുരയിലും മറ്റും കിണ്ടികള്‍ വരട്ടെ.
 • ടാങ്ക് നിറഞ്ഞ് ജലം പാഴാകുന്നത് പൊതുവെയുള്ള ഒരു പ്രവണതയാണ്. ഇത് തടയാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. 4 മിനിറ്റും 50 സെക്കന്‍ഡും കൊണ്ട് ടാങ്ക് നിറയുമെങ്കില്‍ 10 സെക്കന്‍ഡ് മുമ്പെങ്കിലും മോട്ടോര്‍ ഓഫ് ചെയ്യാന്‍ നാം ശീലിക്കണം. അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന വെള്ളം ഹൗളിലേക്കോ മറ്റോ തിരിച്ചുവിടണം. വെറുതെ ഒഴുകിപ്പോവാന്‍ അനുവദിക്കരുത്.
 • നിറഞ്ഞൊഴുകി വരുന്ന പുഴയില്‍ നിന്ന് വുളൂഅ് ചെയ്യുകയാണെങ്കില്‍പോലും അമിതവ്യയം ചെയ്യരുതെന്നാണ് പ്രവാച ക തിരുമേനിയുടെ ആഗ്രഹം. ആ ആഗ്രഹം സാധിപ്പിക്കേണ്ടതാരാണ്?
 • ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ചത് ചില പ്രായോഗിക മാര്‍ഗങ്ങളാണ്. ഇവ ശ്രദ്ധിക്കാനും തങ്ങളുടെ അധീനതയിലുള്ള പള്ളികളിലും സ്ഥാപനങ്ങളിലും കൊണ്ടുവരാനും മഹല്ല് ഭാരവാഹികള്‍ മുന്നോട്ട് വരണം. ജലസംരക്ഷണത്തെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണം പള്ളികളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നപ്രവാചക തിരുമേനിയുടെ താല്‍പര്യങ്ങള്‍ എന്താണെന്ന് ജനങ്ങല്‍ പറഞ്ഞുകൊടുക്കാനുള്ള ബാധ്യത ഇമാമുമാര്‍ക്കുണ്ട്. ജലം വളരെക്കുറിച്ച് ഉപയോഗിച്ച് എങ്ങനെ ശുദ്ധീകരണം നടത്താമെന്ന് പണ്ഡിതന്‍മാര്‍ ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കണം. ജനങ്ങള്‍ ഈ പാഠങ്ങള്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്താല്‍ വലിയൊരു സാമൂഹ്യ മാറ്റമാണ് സാധിക്കുക.
 • മസ്ജിദുകളില്‍ നിന്ന് ഈ ജലസംരക്ഷണ മനോഭാവം വീടുകളിലേക്ക് കൈമാറണം. സമൂഹത്തിലേക്ക് പകരണം. ജലം നമുക്കും നാളേക്കും ഉള്ളതാണ്. ഓരോ തുള്ളിയും എണ്ണപ്പെട്ടിരിക്കുന്നു. കരുതലോടെ കാത്തുവെക്കാം. $

സികെ ഉവൈസ് കുന്നളം