അപമാനിതയായി ഞാന്‍ വൈറ്റ് ഹൗസ് വിടുന്നു?

അപമാനിതയായി ഞാന്‍ വൈറ്റ് ഹൗസ് വിടുന്നു?

2011 ല്‍ അമേരിക്കന്‍ വൈറ്റ് ഹൗസിലേക്ക് ഞാന്‍ നിയമിതയായി. ദേശീയ സുരക്ഷാ സമിതിയിലും പ്രവര്‍ത്തിക്കാന്‍ എനിക്കു അവസരം കിട്ടി. എനിക്ക് അവിടെയുണ്ടായിരുന്ന ദൗത്യം, എന്റെ രാജ്യമായ അമേരിക്ക എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അത് തനിമയോടെ അവതരിപ്പിക്കലും സംരക്ഷിക്കലുമായിരുന്നു .ഞാനൊരു ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീയാണ് . വെസ്റ്റ് വിങ്ങിലെ ( വൈറ്റ് ഹൗസിന്റെ ഭാഗമായ ഒരു ഓഫീസ്) ഹിജാബ് ധരിക്കുന്ന ഏക സ്ത്രീ ഞാനായിരുന്നു . ഒബാമ ഭരണകാലത്ത് എനിക്കുണ്ടായത് സ്വീകാര്യതയും സ്വാഗതവുമായിരുന്നു .

ഏതൊരു അമേരിക്കന്‍ മുസ്‌ലിമിനെയും പോലെ , 2016 ഉത്കണ്ഠയോടെ ഞാന്‍ നിരീക്ഷിച്ചു. കാരണം ഡൊണാള്‍ഡ് ട്രംപ് ഞങ്ങളുടെ സമുദായത്തെ ഭര്‍ത്സിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് . അതിനാല്‍ ദേശീയ സുരക്ഷാ സമിതിയില്‍ (എന്‍ എസ് സി )തുടരണം എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍ .കാരണം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പറ്റി ട്രംപിനും കൂട്ടര്‍ക്കും പുതിയ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാം എന്നായിരുന്നു എന്റെ ചിന്ത . ട്രംപ് വന്ന ശേഷം ഞാന്‍ എട്ടു ദിവസങ്ങള്‍ നിലനിന്നു.

സിറിയന്‍ അഭയാര്‍ത്ഥികളടക്കം ഏഴു മുസ്‌ലിം രാഷ്ടങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് നിരോധനം ഏര്‍പ്പെടുത്തി. എന്നെയും എന്റെ സമുദായത്തെയും സഹ പൗരന്മാര്‍ എന്നതിനു പകരം ഒരു ഭീഷണിയായി കാണുന്ന ഒരു ഭരണകൂടത്തിന് കീഴില്‍ കൂടുതല്‍ കാലം ജോലി ചെയ്യാന്‍ ആവില്ല എന്നു ഞാന്‍ മനസ്സിലാക്കി .

ഞാന്‍ ജോലി ഉപേക്ഷിച്ച വൈകുന്നേരം. സഹ ജോലിക്കാരോട് വിട പറഞ്ഞു. ചിലര്‍ ഓഫീസില്‍ നിന്നു പുറത്തു പോയിരുന്നു. ട്രംപിന്റെ മുതിര്‍ന്ന എന്‍ എസ് സി കമ്മ്യൂണിക്കേഷന്‍ ഉപദേഷ്ടാവ് മിഖായേല്‍ ആന്റണിനോട് ഞാന്‍ പിരിയുന്നതായി അറിയിച്ചു. എന്റെ ഓഫീസില്‍ തന്നെയായിരുന്നു അദ്ദേഹവും. സര്‍ക്കാര്‍ ജോലി ശാശ്വതമായി ഉപേക്ഷിക്കുകയാണോ എന്ന അദ്ദേഹത്തിന്റെ അതിശയം അദ്ദേഹം മൗനത്തിലൂടെ പ്രകടിപ്പിച്ചു. എന്തിന് എന്ന് അദ്ദേഹം ചോദിച്ചില്ലെങ്കിലും ഞാന്‍ പറഞ്ഞു: ”ഒരു അമേരിക്കക്കാരിയായും മുസ്‌ലിമായും ഞാന്‍ എന്തിനു വേണ്ടി നിലകൊണ്ടുവോ അതിനെ ഭര്‍ത്സിക്കുന്ന ഒരു ഭരണകൂടത്തിനു കീഴില്‍ , ഈ രാജ്യത്തെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള കെട്ടിടത്തിലേക്ക് എന്നും നടന്നു വരുന്നത് അപമാനമായി തോന്നുന്നതിനാല്‍ ഞാന്‍ ഈ ജോലി നിര്‍ത്തുന്നു ” . ജനാധിപത്യത്തിന്റെ അടിത്തറക്കു തുരങ്കം വെക്കുകയാണ് ട്രംപിന്റെ പുതിയ ഭരണകൂടം എന്ന് ഞാനയാളോട് തുറന്നു പറഞ്ഞു . ഈ സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ക്കുള്ള ഉത്തരവാദിത്വം താങ്കളും കോണ്‍ഗ്രസ്സും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഞാന്‍ ആന്റണിനോട് പറഞ്ഞു .

അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത്. അദ്ദേഹം (മിഖായേല്‍ ആന്റണ്‍ ) മറ്റൊരു പേരില്‍ ഒരു ലേഖനമെഴുതി; അതില്‍ അമേരിക്കയുടെ സ്വേച്ഛ ഭരണത്തെ പുകഴ്ത്തുകയും ആധുനിക പടിഞ്ഞാറിന് പൊരുത്തപ്പെടാനാവാത്ത ഒന്നാണ് ഇസ്‌ലാമെന്നു എഴുതുകയും ചെയ്തത്രെ. ഞാന്‍ ജീവിച്ച ജീവിതം അയാള്‍ എഴുതിയത് തെറ്റാണെന്നു സാക്ഷ്യം വഹിക്കുന്നു .
എന്റെ മാതാപിതാക്കള്‍ 1978 ല്‍ ബംഗ്ലാദേശില്‍ നിന്ന് യു എസ് എ യിലേക്ക് കുടിയേറി . അവര്‍ യു എസ് എയില്‍ പിറന്ന തങ്ങളുടെ മക്കള്‍ക്കു അവസരങ്ങള്‍ക്കായി യത്‌നിച്ചു . എന്റെ ഉമ്മ ഒരു കാഷ്യറായി ജോലി ചെയ്തു. പിന്നീട് രോഗീപരിചരണ രംഗത്തേക്കു മാറി. പിതാവ് ബാങ്ക് ഓഫ് അമേരിക്കയില്‍ രാത്രി വൈകും വരെ ജോലി ചെയ്തു. അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി പ്രൊമോഷന്‍ നേടുകയും ചെയ്തു. പീ എച് ഡിക്കായി ശ്രമിക്കവേ 1995ല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു.

ഞാന്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങുന്നത് പന്ത്രണ്ടാം വയസ്സിലാണ്. എന്റെ കുടുംബത്തില്‍ നിന്നു ലഭിച്ച പ്രോത്സാനത്തിലുപരി ഹിജാബ് എന്റെ സ്വയം തെരഞ്ഞെടുപ്പായിരുന്നു . അത് വിശ്വാസത്തിന്റെ ഭാഗമായും തിരിച്ചറിയല്‍ അടയാളമായും വീണ്ടെടുപ്പിന്റെ ഉപകരണമായും ഞാന്‍ കണ്ടു. 9/11 നു ശേഷം കാര്യങ്ങള്‍ മാറിത്തുടങ്ങി. വികൃതിക്കുട്ടികള്‍ എനിക്കെതിരെ തിരിഞ്ഞു. കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി. ശാപവാക്കുകള്‍ ഞാന്‍ കേട്ടു. തുപ്പല്‍ ഏറ്റു. ഇതെല്ലം എന്നില്‍ നടുക്കവും ഭീതിയും ദുഖവും ഉളവാക്കി . തീവ്രവാദി എന്നു എന്നെ ആളുകള്‍ വിളിച്ചു. ‘നിന്റെ സ്വന്തം രാജ്യത്തേക്കു പൊയ്‌ക്കോ ‘ എന്നു അധിക്ഷേപിച്ചു.

എന്റെ പിതാവ് എന്നെ ഒരു ബംഗാളി ആപ്തവാക്യം പഠിപ്പിച്ചിരുന്നു: ‘ രാള്‍ നിങ്ങളെ ചവിട്ടി തള്ളിയിട്ടാല്‍ എണീറ്റ് നിങ്ങളുടെ കൈനീട്ടി അവനെ സഹോദരാ എന്നു വിളിക്കുക’ . സമാധാനം, ക്ഷമ, സ്ഥിരോത്സാഹം, ബഹുമാനം, മാപ്പ്, അന്തസ്സ് ഇവയായിരുന്നു ജീവിതത്തില്‍ ഞാന്‍ സൂക്ഷിച്ച മൂല്യങ്ങള്‍.

സര്‍ക്കാരില്‍ ജോലി ചെയ്യണമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല . എന്നാലും, ജോര്‍ജ് വാഷിംഗ്ടണ്‍ യുണിവേസിറ്റിയില്‍ നിന്നു ബിരുദമെടുത്ത ശേഷം ഞാന്‍ പ്രസിഡന്റ് ഒബാമയുടെ പ്രേരണയാല്‍ 2011 ല്‍ വൈറ്റ് ഹൗസില്‍ ചേര്‍ന്നു. മുമ്പ് എന്റെ ഇന്റേണ്‍ഷിപ്പിനായി വൈറ്റ് ഹൗസില്‍ വര്‍ക്ക് ചെയ്തിരുന്നു. പ്രസിഡന്റിന്റെ കറസ്‌പോണ്ടന്റ്‌സ് ഓഫീസിലിരുന്ന് കത്തുകള്‍ വായിക്കുകയും ഫോണ്‍കോളുകള്‍ എടുക്കുകയും ചെയ്തിരുന്നു. അത് എനിക്ക് വിചിത്രമായി അനുഭവപ്പെട്ടു. തല മറച്ചതിനു പരിഹാസം ഏറ്റുവാങ്ങിയ ഒരു അമേരിക്കന്‍ മുസ്‌ലിമായ ഞാന്‍ അമേരിക്കന്‍ പ്രസിഡന്റിനായി ജോലി ചെയ്യുന്നു !

2012ല്‍ വെസ്റ്റ് വിങ്ങിലെ ( വൈറ്റ് ഹൗസിലെ എക്‌സിക്യൂട്ടീവ് ഓഫീസ് ബില്‍ഡിങ്ങാണിത് ) പൊതുകാര്യ ഓഫീസില്‍ ഞാന്‍ ചേര്‍ന്നു.അവിടെ , അമേരിക്കന്‍ മുസ്‌ലിംകളുടെ പ്രതിനിധിയായി വ്യത്യസ്ത സമുദായങ്ങളുടെ കൂടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഞാന്‍ ഇടപെട്ടു.ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് , 2014 ല്‍ എനിക്ക് ദേശീയ സുരക്ഷാ സമിതിയില്‍ ഒരു തസ്തിക നല്‍കി. രണ്ടര വര്‍ഷത്തോളം ഞാനവിടെ ജോലി ചെയ്തു. ഉദ്യോഗമുറിയിലിരുന്ന് അമേരിക്കന്‍ മുസ്‌ലിംകളുടെ വിഷയത്തില്‍ പ്രസിഡന്റ് ഒബാമയെ ഉപദേശിച്ചു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ക്യൂബയോടും ലാവോസിനോടും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഞാന്‍ ശ്രമിച്ചു.

2015ല്‍ കൂടുതല്‍ കര്‍ക്കശമായ ലോകം തലപൊക്കാന്‍ തുടങ്ങി. ഫെബ്രുവരിയില്‍ , ഒരു ഇസ്‌ലാമോഫോബ് ചാപ്പല്‍ ഹില്‍ഹോമില്‍ മൂന്നു അമേരിക്കന്‍ മുസ്‌ലിംകളെ വധിച്ചു. സര്‍ക്കാരും മാധ്യമങ്ങളും ഈ ആക്രമണത്തെ നേരിട്ടത് ഒരു തരം ഉദാസീനതയോടെ യായിരുന്നു. കൊല്ലപ്പെട്ടവരുടെ പൂര്‍വ ചരിത്രം അറിഞ്ഞിട്ട് അനുശോചിച്ചാല്‍ മതി എന്ന നിലപാട്. അത് വളരെ വൈകാരികമായിപ്പോയി. എന്നാല്‍ ഈ കൊലയെ അപലപിച്ചു വൈകിയെങ്കിലും പ്രസ്താവന വന്നു. അപ്പോള്‍ റോഡ്‌സ് എന്നെ സമാധാനിപ്പിച്ചു; എന്നെപ്പോലെ ഒരാളെ വൈറ്റ് ഹൗസിനു ലഭിച്ചത് അനുഗ്രഹമാണെന്നും നിരവധി മുസ്‌ലിംകള്‍ അമേരിക്കന്‍ ഭരണരംഗത്ത് ജോലി ചെയ്തു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ മാസം അവസാനം സുവിശേഷകനായ ഫ്രാന്‍ക്ലിന്‍ ഗ്രഹാം പ്രഖ്യാപിച്ചത് ഗവണ്‍മെന്റില്‍ മുസ്‌ലിംകള്‍ നുഴഞ്ഞു കയറിയിരിക്കുന്നു എന്നായിരുന്നു. ഇതേ പറ്റി ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു പുഞ്ചിരിയോടെ പറഞ്ഞു : ‘വെസ്റ്റ് വിങ്ങിന്റെ ഇടനാഴികളില്‍ അവര്‍ (മുസ്‌ലിംകള്‍ ) ഇരിപ്പുറപ്പിച്ചു അമേരിക്കന്‍ പ്രസിഡന്റിനു നിരന്തരം ഉപദേശങ്ങള്‍ കൈമാറുന്നത് അയാള്‍ (ഫ്രാങ്ക്‌ളിന്‍ ഗ്രഹാം ) അറിഞ്ഞിരുന്നെങ്കില്‍ … ‘

ഗ്രഹാമിന്റെ വിദ്വേഷ പ്രകോപനങ്ങള്‍ പുതിയതായിരുന്നില്ല . ഒബാമ ഭരണത്തില്‍ വലതുപക്ഷ വെബ്‌സൈറ്റുകള്‍ ഗൂഢാലോചനകളും കളവുകളും പടച്ചു വിട്ട് സര്‍ക്കാര്‍ ജോലിക്കാരായ മുസ്‌ലിംകളെ ഭര്‍ത്സിച്ചിരുന്നു. ‘തീവ്രവാദികള്‍ , ശരീഅത്ത് കുശുകുശുക്കുന്നവര്‍, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആളുകള്‍’ അവര്‍ ഞങ്ങളെ വിളിച്ചു. ഈ ഗൂഡാലോചകരില്‍ ചിലര്‍ പിന്നീട് വൈറ്റ് ഹൗസില്‍ എത്തിപ്പെട്ടു.

തെരെഞ്ഞെടുപ്പ് പ്രചാരണ സമയം .
ട്രംപിന്റെ വാചകക്കസര്‍ത്തുകള്‍ അമേരിക്കന്‍ സമൂഹത്തിനുമേല്‍ ദുഃസ്വാധീനം ചെലുത്തുമെന്ന് ഞാന്‍ കണ്ടു . ഒരു മുസ്‌ലിം നിരോധനത്തിന് അദ്ദേഹം ഉത്തരവിട്ടപ്പോള്‍ മുസ്‌ലിം വിരുദ്ധ കുറ്റങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി. അത് ഇന്നും തുടരുന്നു. പള്ളികള്‍ക്കു തീയിടുന്നു. വ്യക്തികള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഒരു സ്വയം പ്രഖ്യാപിത ട്രംപ് അനുകൂലി ആറു മുസ്‌ലിംകളെ പള്ളിയില്‍ വെച്ചു കൊന്നത് കാനഡയില്‍ ആയിരുന്നു.

2015 ഉം 2016 ഉം ആശങ്കയുടെതായിരുന്നു . ട്രംപിന്റെ പ്രചാരണങ്ങള്‍ രാജ്യത്ത് ഭയം, ഇസ്‌ലാമോഫോബിയ, സെമിറ്റിക് വിരുദ്ധത , അന്യസമൂഹ വിദ്വേഷം എന്നിവ വളര്‍ത്തി. തെരഞ്ഞെടുപ്പിനു മുമ്പ് ഒബാമ പ്രസംഗിച്ച വാക്കുകള്‍ ഞാന്‍ ഓര്‍ത്തു. അദ്ദേഹം പറഞ്ഞു : ‘ നാം ഒരൊറ്റ അമേരിക്കന്‍ കുടുംബമാണ്. കുടുംബത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് ഒറ്റപ്പെടല്‍ അനുഭവപ്പെട്ടാല്‍ അത് അമേരിക്കയുടെ മുല്യങ്ങളോടുള്ള വെല്ലുവിളിയായിരിക്കും . ‘അദ്ദേഹം പറഞ്ഞത് പിന്‍ഗാമി മറന്നു കളഞ്ഞു.

2016ലെ കാലാവസ്ഥ 9/11 നോട് സമാനമായിരുന്നുവെങ്കിലും കൂടുതല്‍ മോശമായിരുന്നു .കാരണം, ഇത്തവണ അമേരിക്കന്‍ ഭരണത്തലവന്മാര്‍ തന്നെ വെറുപ്പും വിദ്വേഷവും പടര്‍ത്താന്‍ മുന്നിട്ടിറങ്ങി. ഞാന്‍ മുമ്പ് സൗജന്യ സേവനം നടത്തിയ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. അവിടത്തെ അഞ്ചാം ക്ലാസ്സിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പോലും ( ട്രംപ് വിജയിക്കുന്ന പക്ഷം) പിടിച്ചിറക്കല്‍ ഭീഷണി നേരിട്ടു. ഒരു വെള്ളക്കാരന്‍ ഞാന്‍ നടക്കുമ്പോള്‍ എന്നെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു. .മറ്റൊരിക്കല്‍ പാര്‍ക്കില്‍വെച്ചു ഒരാളെന്നെ നോക്കി ശപിച്ചു: ‘ നിനക്ക് നാശം. ഇസ്‌ലാം നശിക്കട്ടെ . ട്രംപ് നിങ്ങളെ തിരിച്ചോടിക്കും’ . അങ്ങനെ തെരഞ്ഞെടുപ്പിന്റെ രാത്രിയില്‍ ഞാന്‍ നടുക്കത്തിലായി.
തിരഞ്ഞെടുപ്പിന്റെ ശേഷമുള്ള പ്രഭാതം .ഒബാമയുടെ റോസ് ഗാര്‍ഡനില്‍ നിന്ന് ദേശീയ ഐക്യത്തിനും സുഗമമായ ഭരണപരിവര്‍ത്തനത്തിനും ആഹ്വാനം ചെയ്തു. ഞങ്ങള്‍ എന്തിനു വേണ്ടി നില കൊണ്ടുവോ അതിനു വിലങ്ങായി ട്രംപ് നിലകൊണ്ടു.

ട്രംപ് പ്രസിഡന്റാവാന്‍ പോകുന്നു.ഇനി എന്റെ ജോലിയില്‍ തുടരണമോ എന്ന് ഞാന്‍ ആലോചിച്ചു. രാഷ്ട്രീയ തെരഞ്ഞെടുപ്പിലൂടെ അല്ലായിരുന്നു എന്റെ നിയമനം എന്നതിനാല്‍ ദേശീയ സുരക്ഷാ സേനയില്‍ തുടരാന്‍ എനിക്ക് അധികാരമുണ്ടായിരുന്നു . ചിലര്‍ക്ക് എന്റെ സുരക്ഷയില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷെ, ട്രംപിന്റെ എന്‍ എസ് സിക്കു ഒരു ഹിജാബ് ധരിക്കുന്ന മുസ്‌ലിം വനിതയുടെ സേവനം കിട്ടട്ടെ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

ജനുവരി 23 . ഈസനോവര്‍ എക്‌സിക്യൂട്ടീവ് നിലയത്തിലേക്കു ഞാന്‍ നടന്നു. അവിടെ പുതിയ സ്റ്റാഫുകള്‍ എത്തിയിട്ടുണ്ടായിരുന്നു. ഒരു നിരുന്മേഷത്തോടെ അവരെന്നെ നോക്കി. ഞാന്‍ ജോലി ചെയ്ത ആ വൈറ്റ് ഹൗസ് ഏകവര്‍ണാത്മകമായും പുരുഷകോട്ടയായും എനിക്ക് കാണാന്‍ സാധിച്ചു.

ട്രംപ് വൈറ്റ് ഹൗസിലെ എന്റെ ദിനങ്ങള്‍ നടുക്കുന്നതായിരുന്നു. കാര്യങ്ങള്‍ താറുമാറായി. റൊണാള്‍ഡ് റീഗന്റെ (മുന്‍ യു എസ് പ്രസിഡണ്ട് ) കാലം മുതലേ വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്ന ഒരു സ്റ്റാഫ് പറഞ്ഞു : ‘ ഈ സ്ഥലം (വൈറ്റ് ഹൗസ് ) ആകെ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ഇതുപോലെ മുമ്പൊരിക്കലും തകരാറിലായിട്ടില്ല’. ഇതൊരു ലക്ഷണമൊത്ത റിപ്പബ്ലിക്കന്‍ നേതൃത്വം അല്ല. ആകെ കുഴഞ്ഞുമറിഞ്ഞ ഒരു ഭരണം. നിയമ സാധുതയില്ലാത്ത സര്‍ക്കാര്‍ ഉത്തരവുകള്‍, മാധ്യമങ്ങളെ വ്യാജമെന്നു മുദ്ര കുത്തല്‍ , തട്ടിവിട്ട ഒരുപാടു നുണകള്‍ , എല്ലാത്തിനും പുറമെ , പ്രസിഡന്റിന്റെ ദേശ സുരക്ഷാ അധികാരത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ചിലരുടെ പ്രഖ്യാപനവും.

നിഷ്പക്ഷ ദേശസുരക്ഷ , വൈറ്റ് ഹൗസിലെ നിയമ വിദഗ്ധരുടെ നിക്ഷ്പക്ഷത എന്നിവ പ്രസിഡന്റ് ഉറപ്പു വരുത്തേണ്ടതായിരുന്നു. പക്ഷെ , അതുണ്ടായില്ല. തീരുമാനമെടുക്കാനുള്ള അധികാരം വൈറ്റ് ഹൗസിലെ ഏതാനും ചിലരില്‍ കേന്ദ്രീകരിക്കപ്പെട്ടു. ഉദ്യോഗസ്ഥനു സ്വന്തം അധികാരങ്ങളില്‍ പോലും അധികാരം ഇല്ലാത്ത അവസ്ഥ. ഇത് വൈറ്റ് ഹൗസില്‍ ഇച്ഛാഭംഗവും വിശ്വാസനഷ്ടവും സൃഷ്ടിച്ചു. ഭരണപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്രത്യക്ഷമായി. ദേശീയ സുരക്ഷാ പദവികളില്‍ വിള്ളല്‍ വീണു.

ഞാന്‍ കുറച്ചു ദിനങ്ങള്‍ കൂടി അവിടെ നിന്നു, വിട പറയുന്നതിന്റെ മുമ്പ്. അങ്ങനെ ജനുവരി 30 ആയി. ഏഴു മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള വിലക്ക് പ്രഖ്യാപിച്ചു. പക്ഷേ , ഇത് അമേരിക്കയുടെ സുരക്ഷ ഉറപ്പു വരുത്തുകയല്ല വഷളാക്കുകയാണ് ചെയ്തത്. എയര്‍പോര്‍ട്ടുകളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വിവേചനം ഇപ്പോള്‍ നിയമപ്രാബല്യം നേടി.

വൈറ്റ് ഹൗസിലെ ചില ‘വെളുപ്പന്‍മാര്‍ ‘ വാദിച്ചത് ഇസ്‌ലാമും പടിഞ്ഞാറും പരസ്പരം ഏറ്റുമുട്ടുന്നു എന്നാണ്. ഐ എസും ഇങ്ങനെ വാദിച്ചിരുന്നു. ഐ എസ് ആവട്ടെ , നശിപ്പിക്കുന്നതില്‍ ഏറിയ ഇരകളും മുസ്‌ലിംകളാണ് താനും. തീവ്ര ഭീകരവാദത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മുസ്‌ലിംകളെ ഉന്നം വെച്ചുള്ളതായിരുന്നു. ‘തീവ്ര ഇസ്‌ലാമിക ഭീകരത ‘ എന്ന പ്രയോഗം ഐ എസിന്റെ വളര്‍ച്ചക്കും വെളുത്ത വര്‍ഗക്കാരുടെ അധീശത്വ ഭീകരതക്കും വാതിലുകള്‍ തുറന്നിട്ടു.

അമേരിക്കയുടെ ബഹുസ്വരത അംഗീകരിക്കാന്‍ മടിക്കുന്നവര്‍ക്കു എങ്ങനെയാണ് ദേശീയ സുരക്ഷ ഉറപ്പു വരുത്താനാവുക? എല്ലാ മതത്തിലും വംശത്തിലും വര്‍ഗത്തിലും ലിംഗത്തിലും പ്രായത്തിലും ഉള്ളവര്‍ തെരുവിലേക്കും എയര്‍പോര്‍ട്ടിലേക്കും ഇറങ്ങിയത് കഴിഞ്ഞ ആഴ്ചകളിലായിരുന്നു. തങ്ങളുടെ സഹ പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായിരുന്നു ഇത്. ഈ പ്രതിഷേധങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് ബഹുസ്വരത, സമത്വം, നീതി എന്നിവയോടുള്ള സന്നദ്ധത വിളിച്ചോതുന്നവയായി .

അമേരിക്കയുടെ ചരിത്രം ഇടര്‍ച്ചകളില്ലാത്ത ഒന്നല്ല. പക്ഷെ ആ ഇടര്‍ച്ചകള്‍ തെളിയിച്ച ഒരു കാര്യമുണ്ട്; രാജ്യം ക്ഷേമോന്മുഖമായത് പോരാട്ടം, കാരുണ്യം, എല്ലാം ഉള്‍ക്കൊള്ളാനുള്ള രാജ്യത്തിന്റെ കഴിവ് എന്നിവയിലൂടെയാണ് എന്നാണാ കാര്യം. അതുകൊണ്ടാണ് എന്റെ മാതാപിതാക്കള്‍ ഈ രാജ്യത്തു വന്നത്. അതുകൊണ്ടു തന്നെയാണ്, എന്റെ ആ പഴയ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവിയെ പ്രതി വേപഥു പൂണ്ടപ്പോള്‍ , നിങ്ങളില്ലെങ്കില്‍ ഈ രാജ്യം മഹത്തരമാകില്ലെന്നു ഞാന്‍ അവരോടു പറഞ്ഞതും.

റുമാന അഹ് മദ്
വിവ. ജാഫര്‍ സാദിഖ് മോങ്ങം