ഇസ്രയേല്‍: ജാരസൃഷ്ടിയും ഫലസ്തീനികളുടെ ദുര്‍വിധിയും

ഇസ്രയേല്‍: ജാരസൃഷ്ടിയും ഫലസ്തീനികളുടെ ദുര്‍വിധിയും

1914ല്‍ ഒന്നാം ലോകയുദ്ധം ആരംഭിച്ചത് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലാണെങ്കിലും അതിന്റെ ദുരന്തഫലം മുഴുവനും തലയിലേറ്റേണ്ടിവന്നത് മുസ്‌ലിം ലോകത്തിനാണ്; പ്രത്യേകിച്ചും ഉസ്മാനിയ്യ (ഓട്ടോമന്‍ ) ഖിലാഫത്തിന്. യുദ്ധം മൂന്ന് വന്‍കരകളിലേക്ക് വ്യാപിക്കുന്നതിനിടയില്‍, 1916ല്‍ കുപ്രസിദ്ധമായ സൈക്‌സ് പീകോ കരാറിന് അതിരഹസ്യമായി രൂപം കൊടുത്തു. ക്രൈസ്തവ യൂറോപ്പ് വഞ്ചനയില്‍ മുക്കിയെടുത്ത ഈ കരാറിനെ കുറിച്ച് ശാഹിദ് മുമ്പ് ഇതേകോളത്തില്‍ വിശദമായെഴുതിയതാണ്. ബ്രിട്ടീഷ് നയതന്ത്രഞ്ജനും സൈനിക ഉദ്യോഗസ്ഥനുമായ മാര്‍ക് സൈക്‌സും ബെയ്‌റൂത്തിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ഫ്രാങ്കോ ജോര്‍ജ് പികോയും ഒപ്പുവെച്ച കരാറ് അനുസരിച്ച് അന്നത്തെ അറബ് ലോകത്തെ മൂന്നായി ഭാഗിച്ച് ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 1916 മേയ് 19നാണ് ഈ കരാര്‍ ഒപ്പുവെച്ചതെങ്കിലും 1918 നവംബര്‍ 11ന് ഒന്നാം ലോകയുദ്ധം അവസാനിച്ചതോടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗങ്ങള്‍ ഇവര്‍ കൈക്കലാക്കുകയായിരുന്നു. കരാറ് അനുസരിച്ച്, ജോര്‍ദാന്‍, ദക്ഷിണ ഇറാഖ്, കുവൈത്ത്, ഹൈഫ, ഫലസ്തീനിലെ ആക്‌റ്, മധ്യധരണ്യാഴിക്കും ജോര്‍ദാന്‍ നദിക്കും ഇടയിലെ തീരദേശ ഇടനാഴി എന്നിവ ബ്രിട്ടന്റെ അധീനതയിലേക്ക് വന്നു. ഫ്രാന്‍സിനു തുര്‍ക്കിയുടെ തെക്ക് കിഴക്കന്‍ പ്രദേശവും മുസൂല്‍ അടക്കമുള്ള ഉത്തര ഇറാഖും സിറിയയും ലബനാനും ലഭിച്ചു. ഇസ്തംബൂള്‍, അര്‍മീനിയ, തുര്‍ക്കി കടലിടുക്ക് എന്നിവ റഷ്യയുടെ അധീനതയിലുമായി. അതേസമയം, ഫലസ്തീന്റെ ഭാവി എന്തായിരിക്കുമെന്ന് പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞ് സയണിസ്റ്റ് പദ്ധതി നടപ്പാക്കാന്‍ ആ ഭൂവിഭാഗത്തെ നൂറ്റാണ്ടുകള്‍ നീളുന്ന പ്രക്ഷുബ്ധതയിലേക്ക് ഉഴിഞ്ഞിടുകയായിരുന്നു. ഈ ഘട്ടത്തില്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ആര്‍തര്‍ ബാള്‍ഫര്‍ 1917നവംബര്‍ രണ്ടിനു സയണിസ്റ്റ് നേതാവ് ബാറോണ്‍ റോത്ത്‌ചൈള്‍ഡിന്  എഴുതിയ കത്താണ് പിന്നീട് ബാള്‍ഫര്‍ പ്രഖ്യാപനമായി അറിയപ്പെടുന്നത്.

‘ജൂത ജനതക്ക് ഫലസ്തീനില്‍ ദേശീയഭവനം നിര്‍മിക്കുന്നതിനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂലിക്കുന്നു. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനു എല്ലാശ്രമങ്ങളും നടത്തുകയും ചെയ്യും. എന്നാല്‍ ഫലസ്തീനില്‍ നിലവിലുള്ള ജൂതഇതര സമുദായങ്ങളുടെ മതപരവും പൗരത്വപരവുമായ അവകാശങ്ങള്‍ക്ക് ഹാനികരമാവാത്ത വിധത്തിലും മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന യഹൂദവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കും രാഷ്ട്രീയപദവിക്കും എതിരാവാത്ത വിധത്തിലുമായിരിക്കുമത്.’

യുദ്ധം കഴിയാന്‍ കാത്തുനില്‍ക്കാതെ, 1917 ഡിസംബര്‍ 11നു ബ്രിട്ടീഷ് സൈന്യം ജറൂസലമിലേക്ക് പ്രവേശിക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. മസ്ജിദുല്‍ അഖ്‌സയുടെയും മറ്റു പുണ്യ കേന്ദ്രങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനു തങ്ങള്‍ സൈനികമായി പിന്മാറുകയാണെന്ന് ഉസ്മാനിയ്യ ഭരണകൂടം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും ബ്രിട്ടീഷ് ജനറല്‍ എഡ്മണ്ട് അല്ലെന്‍ബെ  പ്രഖ്യാപിച്ചു. അല്ലെന്‍ബെ ജറൂസലമില്‍ പ്രവേശിച്ച ഉടന്‍ പ്രഖ്യാപിച്ചത് എന്താണെന്നല്ലേ: കുരിശുയുദ്ധം വിജയപ്രദമായി പരിസമാപ്തി കണ്ടിരിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡാവിഡ് ലോയ്ഡ് ജോര്‍ജ് ആഹ്ലാദിരേകത്താല്‍ വിളിച്ചുപറഞ്ഞു; ബ്രിട്ടീഷ്ജനതക്ക് എന്റെ വക ക്രിസ്മസ് ഉപഹാരമാണിത്. ബ്രിട്ടീഷ് വാര്‍ത്താവിതരണ വകുപ്പ് ഫലസ്തീന്‍ അധിനിവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് അക്കാലത്ത് ‘ക്രൂസേഡ്’ (കുരിശുയുദ്ധം ) പരിവേഷം നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു.

ലീഗ് ഓഫ് നാഷന്‍സ്- ബ്രോക്കര്‍മാര്‍
അന്താരാഷ്ട്ര ഗൂഢാലോചനകള്‍ നടപ്പാക്കുന്നതിനു പടിഞ്ഞാറന്‍ ശക്തികള്‍ എക്കാലത്തും പ്രയോഗിക്കാറുള്ള അടവുകളിലൊന്ന് അന്യായമായ ചെയ്തികള്‍ നിയമവിധേയമാക്കാന്‍ ഏജന്‍സികളെ അല്ലെങ്കില്‍ സ്ഥാപനങ്ങളെ ഏല്‍പിക്കുക എന്നതാണ്. ഒന്നാം ലോകയുദ്ധം അവസാനിച്ചതോടെ നിലവില്‍ വന്ന ലീഗ് ഓഫ് നേഷന്‍സ് എന്ന രാഷ്ട്രാന്തരീയ കൂട്ടായ്മയിലൂടെയാണ് ഫലസ്തീനികളുടെ ഭൂമി കോളനിശക്തികള്‍ തട്ടിയെടുക്കുന്നത്. ഓരോ അറബ്‌രാജ്യവും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ് ആര്‍ജിക്കുന്നത് വരെ ബ്രിട്ടന്റെയോ ഫ്രാന്‍സിന്റെയോ അധീനതിയിലായിരിക്കുമെന്ന ‘മാന്‍ഡേറ്റ്’ ലീഗ് ഓഫ് നേഷന്‍സ് വഴി നടപ്പാക്കി. പുതുതായി നിലവില്‍ വരുന്ന രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന ജോലിയും ലീഗിനായിരുന്നു. എന്നാല്‍, ഓരോ രാജ്യത്തെയും ജനങ്ങളുടെ അഭിലാഷമോ വംശീയവും മതപരവുമായ വികാരമോ മാനിക്കാതെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോളനിശക്തികള്‍ ക്രൈസ്തവ, ജൂത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നുതാനും. ലബനാനിലെ മറോനൈറ്റ് ക്രിസ്ത്യാനികളുടെയും സിറിയയിലെ കത്തോലിക്കരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തില്‍ പ്രത്യേക വ്യവസ്ഥകള്‍ എഴുതിയുണ്ടാക്കി. അതേസമയം, ഒരുവേള ഉസ്മാനിയ്യ ഖിലാഫത്തിന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ തമ്മില്‍ അകല്‍ച്ചയും ശത്രുതയും നിലനിര്‍ത്തുന്ന തരത്തില്‍ വംശീയവും അതിര്‍ത്തിപരവുമായ തര്‍ക്കങ്ങള്‍ ബാക്കിയാക്കാന്‍ ബ്രിട്ടീഷ്ഫ്രഞ്ച് ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു. അതേസമയം, ഓട്ടോമന്‍ തുര്‍ക്കിക്കെതിരെ അറബികളുടെ കലാപമാണ് അരങ്ങേറുന്നതെന്ന പ്രതീതി സൃഷ്ടിക്കാന്‍ മക്ക ഗവര്‍ണര്‍ ശരീഫ് ഹുസൈന്റെ നേതൃത്വത്തില്‍ ഹിജാസ് കേന്ദ്രീകരിച്ച് ബ്രിട്ടീഷ് സൈന്യത്തിന്റെ കാര്‍മികത്വത്തില്‍ ചില നാടകങ്ങള്‍ ആസൂത്രണം ചെയ്തു. യുദ്ധാനന്തരം അറബികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന പ്രലോഭനമാണ് മുഖ്യമായും ആയുധമാക്കിയത്. അറബികളെ ‘നാഗരികതയുടെ പാവനമായ ട്രസ്റ്റായി  ആദരിക്കുമെന്നും സ്വതന്ത്രരാജ്യമായി അംഗീകരിക്കുമെന്നും വരെ ഉറപ്പ് നല്‍കി. ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യവും പൂര്‍ണാവകാശവും വാഗ്ദാനം ചെയ്യാന്‍ മറന്നില്ല. ആയുധവും പണവും നല്‍കിയായിരുന്നു ശരീഫ് ഹുസൈനെയും മക്കളെയും തങ്ങളുടെ പക്ഷത്ത് പിടിച്ചുനിറുത്തിയത്. യുദ്ധം അവസാനിച്ചതോടെ ശരീഫ് ഹുസൈന്റെ പുത്രന്‍ ഫൈസലിനെ ഇറാഖിലെയും സിറിയയിലെയും ഗവര്‍ണര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അബ്ദുല്ല രാജകുമാരനെ ജോര്‍ദാന്റെ ചുമതല ഏല്‍പിച്ചു. ഇവരെ മുന്നില്‍നിറുത്തി ബ്രിട്ടനും ഫ്രാന്‍സും എണ്ണ പര്യവേക്ഷണത്തിനും വിഭവചൂഷണത്തിനും തുടക്കമിടുകയായിരുന്നു. ഫൈസല്‍ രാജകുമാരനെ പിന്നീട് ബ്രിട്ടീഷ് സൈന്യം തന്നെ അട്ടിമറിക്കുന്നതും നാം കണ്ടു. 1917ഓടെയാണ് ഇസ്രയേല്‍ എന്ന ജാരരാഷ്ട്രത്തിന്റെ പിറവിയിലേക്കുള്ള ഔദ്യോഗിക നീക്കങ്ങള്‍ പുരോഗമിക്കുന്നതെങ്കിലും 1882തൊട്ട് ഫലസ്തീനിലേക്ക് സയണിസ്റ്റ് യഹൂദരുടെ കുടിയേറ്റത്തിന് തുടക്കമിട്ടിരുന്നു. 1922 ജൂലൈയിലാണ് ലീഗ് ഓഫ് നേഷന്‍സ് ഫലസ്തീന്റെ മേല്‍ ബ്രിട്ടീഷ് മാന്‍ഡേറ്റ് അനുവദിച്ചുകൊടുക്കുന്നത്. ഫലസ്തീനികളുടെ സമ്മതം വാങ്ങാതെയും അഭിലാഷം മാനിക്കാതെയും ആയിരുന്നു ആ നടപടി. അതോടെ, ഫലസ്തീനികളുടെ ദുരന്തപൂര്‍ണമായ ഭാവിയിലേക്ക് വഞ്ചനയുടെയും ഇരുളിന്റെയും വാതില്‍ തുറന്നിടുകയായിരുന്നു. ഫലസ്തീന്‍ ഗ്രന്ഥകാരന്‍ വലീദ് ഖാലിദി ‘Before their Diaspora ‘ എന്ന പുസ്തകത്തില്‍ ലീഗ് ഓഫ് നേഷന്‍സിന്റെ മാന്‍ഡേറ്റിനെ (അനുമതി പത്രം, ശാസന) ഫലസ്തീനികള്‍ ക്ക് മീതെയുള്ള ആംഗ്ലോസയണിസ്റ്റ് സംയുക്ത മേല്‍ക്കോയ്മയായും അതിന്റെ വ്യവസ്ഥകള്‍ സയണിസ്റ്റ് പദ്ധതികള്‍ പ്രയോഗവത്കരിക്കാനുള്ള ഉപാധിയായുമാണ് കണ്ടത്. ഫലസ്തീനികളായിരുന്നു ഭൂരിപക്ഷം വരുന്ന ജനത. ഭൂമിയുടെ ഭുരിഭാഗവും അവരുടെ ഉടമസ്ഥതയിലുമായിരുന്നു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുന്നതില്‍ ഊന്നിയുള്ളതായിരുന്നു. അത് അട്ടിമറിക്കാനാണ് ബ്രിട്ടീഷുകാരും സയണിസ്റ്റുകളും ശ്രമിച്ചത്. ഫലസ്തീനികളാവട്ടെ അത് പ്രതിരോധിക്കാനും നിലനിര്‍ത്താനും പോരാട്ടത്തിനിറങ്ങി.

ഇടിമിന്നലുകളുടെ തെരുവ് നൃത്തം
മഹാദുരന്തത്തെയാണ് അറബിയില്‍ ‘നക്ബ’ എന്ന് വിശേഷിപ്പിക്കുന്നത്. 1948ല്‍ ഇസ്രയേല്‍ സ്ഥാപിതമായ വര്‍ഷം 700,000 ഫലസ്തീനികള്‍ പിറന്ന മണ്ണില്‍നിന്ന് പിഴുതെറിയപ്പെട്ടു. ഫലസ്‌നീകളെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ വലിയൊരു ആഘാതം ഇനി അവര്‍ ഏറ്റുവാങ്ങാനില്ല. ഓരോ ജൂതനും ഫലസ്തീന്‍ മണ്ണിലേക്ക് കുടിയേറുമ്പോഴും നൂറുകണക്കിനു ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെടുകയായിരുന്നു. ഫലസ്തീന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായതോടെ യൂറോപ്പില്‍നിന്നുള്ള യഹൂദകുടിയേറ്റത്തിന്റെ വേഗം കൂടി. ബ്രിട്ടീഷ് സെന്‍സസ് അനുസരിച്ച് 1922ല്‍ ഫലസ്തീനില്‍ 83, 790 ജൂതരാണ് ഉണ്ടായിരുന്നത് . 1931ല്‍ അത് 175,138 ആയി ഉയര്‍ന്നു. 45ആയപ്പോഴേക്കും 553,600ആയി. 25വര്‍ഷം കൊണ്ട് ജൂത ജനസംഖ്യ 11ശതമാനത്തില്‍നിന്ന് 31ശതമാനമായി ഉയര്‍ന്നു. അതോടെ അറബികളും ജൂതരും തമ്മിലുള്ള സംഘര്‍ഷം പാരമ്യതയിലെത്തി. സ്വന്തം രാജ്യം സ്ഥാപിക്കാനുള്ള പദ്ധതികളുമായി രഹസ്യമായും പരസ്യമായും സയണിസ്റ്റുകള്‍ അജണ്ടകള്‍ തയാറാക്കി മുന്നോട്ടുപോയി. തങ്ങള്‍ക്ക് ഫലസ്തീനെ നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞ് ബ്രിട്ടീഷ് ഭരണകൂടം 1940കളില്‍ തന്നെ സയണിസ്റ്റുകളുടെ ഇസ്രയേലി സ്വപ്‌നങ്ങള്‍ പൂവണിയാന്‍ പശ്ചാത്തലമൊരുക്കിക്കൊടുത്തു. രണ്ടാം ലോക യുദ്ധാനന്തരം ഐക്യരാഷ്ട്രസഭ(യു.എന്‍ ) നിലവില്‍ വന്നതോടെ, വിഷയം ആ അന്താരാഷ്ട്രസമിതിക്ക് വിട്ടുകൊടുത്തു. താമസംവിനാ യു.എന്‍ വിഭജന പദ്ധതി ആവിഷ്‌കരിച്ചു. രണ്ടു ഫലസ്തീനുകള്‍ സൃഷ്ടിക്കാനായിരുന്നു തീരുമാനം; ഒന്ന് ജൂതന്മാര്‍ക്കും മറ്റൊന്ന് അറബികള്‍ക്കും. ജൂതസമൂഹം അത്യാഹ്ലാദത്തോടെ പദ്ധതി സ്വീകരിച്ചപ്പോള്‍ അറബികള്‍ ശക്തമായി അതിനെ എതിര്‍ത്തു. നൂറ്റാണ്ടുകളായി തങ്ങളുടെ കൈവശമുള്ള ഫലസ്തീന്റെ മണ്ണില്‍ മറ്റൊരു സമൂഹത്തിനു അവരുടേതായ രാജ്യം പണിയാന്‍ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് അവര്‍ ശഠിച്ചു. അതിനിടയില്‍, 1948മേയ് 14ന് , ഫലസ്തീന്റെ മേലുള്ള തങ്ങളുടെ മാന്‍ഡേറ്റ് അവസാനിച്ചതായി ബ്രിട്ടന്‍ പ്രഖ്യാപിച്ചു. അതോടെ, തങ്ങളുടെ സ്വപ്‌നരാജ്യമായ ഇസ്രയേല്‍ സ്ഥാപിതമായതായി സയണിസ്റ്റുകള്‍ വിളംബരം ചെയ്തു. അയല്‍പക്കത്തെ അറബ്‌നാടുകള്‍ ആ നീക്കത്തെ പൂര്‍ണമായി തള്ളിപ്പറയുകയും അവസാനശ്രമമെന്ന നിലയില്‍ യുദ്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇസ്രയേലിന്റെ ഭൂവിസ്തൃതി കൂട്ടാനേ യുദ്ധം പ്രയോജനപ്പെട്ടുള്ളൂ. യു.എന്‍ വിഭാവന ചെയ്തതിനേക്കാള്‍ കൂടുതല്‍ ഭൂമി അതോടെ ഇസ്രയേലിന്റെ കൈയിലെത്തി. അതായത്, അറബികള്‍ക്ക് നല്‍കിയ ഫലസ്തീന്റെ അമ്പത് ശതമാനവും ജൂതര്‍ അധീനപ്പെടുത്തി. 1948ലെ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമുഖം അനാവൃതമായത് ഫലസ്തീനികളെ അവരുടെ ജന്മഗേഹങ്ങളില്‍നിന്ന് ആട്ടിപ്പുറത്താക്കുന്ന നിഷ്ഠൂരതക്ക് തുടക്കമിട്ടപ്പോഴാണ്. ഇസ്രയേലായി രൂപാന്തരപ്പെട്ട ഫലസ്തീനില്‍ 1947ല്‍ പത്ത് ലക്ഷം അറബികള്‍ ഉണ്ടായിരുന്നു. 1949ല്‍ യുദ്ധത്തിന് അന്ത്യമായപ്പോള്‍ അവരുടെ അംഗസംഖ്യ ഒന്നരലക്ഷമായി ചുരുങ്ങി. ഏഴ്ഏഴര ലക്ഷം അറബികളെ അപ്പോഴേക്കും ആട്ടിയോടിച്ചിരുന്നു. ചരിത്രത്തിലുടനീളം അഭയാര്‍ഥി പ്രവാഹം ഉണ്ടായിട്ടുണ്ടെങ്കിലും ഫലസ്തീന്‍ അഭയാര്‍ഥികളുടെ ‘നക്ബ’യുടെ ചരിത്രം ഇത്രകണ്ട് വേദനാജനകവും ഭീതിതവുമാകുന്നത് പല കാരണങ്ങളാലാണ്. ഇസ്രയേലികള്‍ പുറത്തെടുത്ത കൊടിയ ആക്രമണങ്ങള്‍ക്ക് മുന്നില്‍ അറബികള്‍ക്ക് ഒരു നിലക്കും പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതായിരുന്നു. എല്ലാം വിട്ടേച്ച് ജീവനും കൊണ്ട് ഓടിമറിയുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. കുട്ടക്കൊലയായിരുന്നു സയണിസത്തിന്റെ കൈയിലെ ഏറ്റവും ശക്തമായ ആയുധം. 1948 ഏപ്രില്‍ ഒമ്പതിനു 120 ഇസ്രയേലി ഭടന്മാര്‍ ജറൂസലമിന് സമീപത്തെ ദെയ്ര്‍യാസിറിലേക്ക് കടന്നപ്പോള്‍ എന്തുസംഭവിച്ചു എന്നത് എക്കാലത്തും ഉദാഹരണമായി എടുത്തുകാട്ടാറുണ്ട്. 6000ഗ്രാമീണരെയാണ് സയണിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്തത്. ചിലര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഗ്രാമം വിട്ടുപോകാന്‍ മടിച്ചുനിന്നവരുടെ നേരെ ബോംബെറിയുകയായിരുന്നു. എതിര്‍ത്തുനിന്നവരെ കീഴ്‌പ്പെടുത്തി ജറൂസലം നഗരമധ്യത്തിലൂടെ നടത്തിച്ച് കൂട്ടക്കൊല ചെയ്തു. ദെയര്‍യാസിറിന്റെ വിധി വന്നുപെടാതിരിക്കാന്‍ ഇസ്രയേലി സൈനികരുടെ പാദപതനം കേള്‍ക്കുന്ന നിമിഷം ഗ്രാമം വിട്ടോടുന്ന അവസ്ഥ പതിവായപ്പോള്‍ ജൂതര്‍ക്ക് കൈയേറ്റം എളുപ്പമായി. ഫലസ്തീനികളെ അവരുടെ ജന്മഗേഹങ്ങളില്‍നിന്ന് പിടിച്ചു പുറത്താക്കി ആ പ്രദേശം തങ്ങളുടെ ആധിപത്യത്തിനു കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു ഇസ്രയേലി പട്ടാളം സ്വീകരിച്ച രീതി. 1948 ജൂലൈയില്‍ ലിദ്ദ, റംല ഗ്രാമങ്ങളിലേക്ക് സയണിസ്റ്റ് പട്ടാളം അതിക്രമിച്ചുകടന്നപ്പോള്‍ യിഷാക് ഷമീര്‍ എഴുതിനല്‍കിയ ഉത്തരവ് ഈ പ്രദേശത്തുനിന്ന് ഫലസ്തീനികളെ തുരത്താനായിരുന്നു. യഥാക്രമം 50, 000, 70,000 മനുഷ്യരെയാണ് ഈവിധം ആട്ടിപ്പുറത്താക്കിയത്. 500പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നുമാണ് ഫലസ്തീനികളെ പൂര്‍ണമായി പിഴുതെറിഞ്ഞത്.

ഫലസ്തീനികള്‍ അന്ന് തൊട്ട് അനുഭവിക്കുന്ന യാതനകളും വേദനകളും ഇന്ന് ചരിത്രത്തിലെ കണ്ണീര്‍പുരണ്ട അധ്യായങ്ങളാണ്. ഇടിമിന്നലുകളുടെ തെരുവ്‌നൃത്തം പോലെ ഭീതിദവും ശബ്ദായമാനവുമാണ് ഒരു ജനതയുടെ നിലവിളിയും മറ്റൊരു ജനതയുടെ ആക്രോശങ്ങളും. ജൂതകുടിയേറ്റം ഇന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നഗ്‌നമായ കരാര്‍ ലംഘനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും 1948ല്‍ തുടങ്ങിയ കൈരാതങ്ങളുടെ തുടര്‍ച്ച മാത്രം. ഫലസ്തീന്‍ സമസ്യപോലെ ആധുനിക ലോകത്ത് നീതിയും നിയമവും മാന്യതയും മനുഷ്യത്വവും കാപാലികതയുടെ മുന്നില്‍ അടിയറവ് പറഞ്ഞ മറ്റൊരു സംഭവം എടുത്തുകാട്ടാനില്ല എന്നതില്‍ ലോകം യോജിക്കുന്നു.

ശാഹിദ്
‘നക്ബ’യുടെ തോരാത്ത കണ്ണീര്‍- 2