ഐ എസ് ഇസ്‌ലാമിലും സിറിയയിലും ഇടപെടുന്ന വിധം

ഐ എസ് ഇസ്‌ലാമിലും സിറിയയിലും ഇടപെടുന്ന വിധം

സിറിയ പ്രക്ഷുബ്ധമാണ്. ഒരു ഭാഗത്ത് സാമ്രാജ്യത്വ വളര്‍ത്തു പുത്രന്മാരുടെ അധികാര ദുര്‍മോഹങ്ങള്‍. മറുഭാഗത്ത് ഭരണകൂട നരനായാട്ടുകളുടെ ചോരക്കളങ്ങള്‍.

വളര്‍ത്തു പുത്രന്മാരില്‍ ലോകതലത്തില്‍തന്നെ ഭീഷണമായ സഖ്യമായി മാറിയ ഐ എസിന്റെ ലക്ഷ്യവും പ്രജനനവും ഇന്നും അവ്യക്തമായി തുടരുന്നു. ഒരു പതിറ്റാണ്ടിന്റെ പഴക്കമാണ് അവരുടെ ജനനത്തിനും വളര്‍ച്ചക്കും കണക്കാക്കപ്പെട്ടിട്ടുള്ളതെങ്കിലും രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ അത്തരമൊരു സംഘടനയുടെ രൂപീകരണത്തിനുള്ള അണിയറനീക്കങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 2004ല്‍ ഈ സംഘം അല്‍ഖാഇദയില്‍ ചേര്‍ന്നെങ്കിലും കാര്യമായ ചലനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് 2006ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ആശയം സാക്ഷാത്കരിക്കപ്പെട്ടതോടെ അവരുടെ ചലനങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങുകയായിരുന്നു. കുടത്തില്‍നിന്നും തുറന്നുവിടപ്പെടുന്ന ഭൂതം പോലെ ഐ എസ് ഇന്ന് അറേബ്യക്കും യൂറോപ്പിനും ഒരുപോലെ നാശം വിതക്കുന്ന ഭീകരതയുടെ അന്തകവിത്തായി മാറിയിരിക്കുന്നു.

നിരപരാധികളായ ഇറാഖി പൗരന്മാരുടെ ജീവന്‍ അമ്മാനമാടിയ കുപ്രസിദ്ധ തടവറയായ ബാഗ്ദാദിലെ അബൂഗുറൈബ് പോലെ സിറിയയിലെ സയ്ദനായ തടവറയും മാറിയിരിക്കുന്നുവെന്നതാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകൂട്ടലുകള്‍. അന്ന് ഇറാഖിന്റെ അന്തകരായിരുന്നത് അമേരിക്കയായിരുന്നെങ്കില്‍ ഇന്ന് സിറിയക്കാരുടെത് സ്വന്തം ഭരണകൂടമാണെന്ന വ്യത്യാസം മാത്രം. 2011ല്‍ അഭ്യന്തര കലാപം തുടങ്ങിയതുമുതല്‍ അറവുശാലയെന്ന് വിളിപ്പേരുള്ള ഈ കുപ്രസിദ്ധ തടവറയില്‍ ബശ്ശാര്‍ സര്‍ക്കാറിനെ എതിര്‍ത്ത 13000 പൗരന്മാരെ കശാപ്പിനിരയാക്കിയിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ നല്‍കാതിരിക്കുക, പരസ്പര സംസാരങ്ങള്‍ നിഷേധിക്കുക, മലം കലര്‍ത്തിയ ഭക്ഷണം വിളമ്പുക, തടവുകാര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കുക തുടങ്ങി ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ലോക മനഃസാക്ഷിയെ നടുക്കുന്നതാണ് കാര്യങ്ങള്‍.

മരണത്തെയും മാനഭംഗത്തെയും ഭയന്ന് പിറന്ന നാട്ടില്‍നിന്നും പ്രാണന്‍ പൊതിഞ്ഞെടുത്ത് പലായനം ചെയ്യേണ്ടിവരുന്ന ഓരോ സ്വപ്‌ന ജീവിതങ്ങളും വിതുമ്പുന്നത് പ്രിയപ്പെട്ട നാടേ, ഞങ്ങളൊരിക്കല്‍ തിരിച്ചുവരുമെന്നാണ്.

ഇവ്വിഷയകമായി പ്രമുഖ പണ്ഡിതനായ മുഹമ്മദ് അല്‍ യാഖൂബിയുമായി ടി ആര്‍ ടി വേള്‍ഡ് പ്രതിനിധിയായ മുഹമ്മദ് ത്വാഹ നടത്തിയ സംഭാഷണത്തിന്റെ സംഗ്രഹീത രൂപമാണ് ചുവടെ. അസദ് ഭരണകൂടത്തിന്റെയും ഐ എസ്സിന്റെയും ഉള്‍ക്കളികളാല്‍ രാജ്യം വിടേണ്ടിവന്ന അദ്ദേഹം സിറിയക്കാരെ സഹായിക്കുന്നതിലും ആത്മീയതയെ പുനരുജ്ജീവിപ്പിക്കുന്നതിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു. ഐ എസിന്റെ വാദങ്ങള്‍ ഇസ്‌ലാമികമല്ലെന്ന് ചൂണ്ടിക്കാട്ടി 2015ല്‍ Refuting ISIS: A Rebuttal of its Religious and Ideological Foundations എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം രചിക്കുകയുണ്ടായി. സായുധ സംഘങ്ങള്‍ അവകാശപ്പെടുന്ന ഖിലാഫത്ത് സ്ഥാപനം നിയമാനുസൃതമല്ലെന്നും അവര്‍ക്കെതിരെയുള്ള പോരാട്ടം മുസ്‌ലിംകളുടെ ബാധ്യതയാണെന്നും സമര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം അവസാനിപ്പിക്കുന്നത്. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി നടത്താറുള്ള ലോക സ്വാധീനമുള്ള അഞ്ഞൂറ് വ്യക്തികളുടെ വാര്‍ഷിക കണക്കെടുപ്പില്‍ പലതവണ യഅ്ഖൂബി ഇടം നേടിയിട്ടുണ്ട്.

2011ല്‍ പ്രതിഷേധ പ്രകടനങ്ങളുടെ ആദ്യഘട്ടത്തില്‍ എന്തായിരുന്നു അങ്ങയുടെ നിലപാട്?

തുടക്കത്തില്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അസദ് ഭരണകൂടം തകര്‍ന്നടിയുന്നായിരുന്നു വിശ്വാസം. അതുണ്ടായില്ല, അധികാര മുഷ്‌ക്കും പട്ടാള സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള നിഷ്ഠൂരമായ ആക്രമണങ്ങളഴിച്ചു വിട്ടു. അതിന്ന് സാക്ഷിയാകാനായിരുന്നു ഞങ്ങളുടെ വിധി. സമാധാന കാംക്ഷികളായ പ്രകടനക്കാരുടെ ക്ഷമാ ശേഷിയെ പാടെ വെല്ലുവിളിക്കുന്നതായിരുന്നു അത്തരം അക്രമണങ്ങള്‍. സ്വശരീരം മുറിവേല്‍ക്കുമ്പോള്‍ ഗ്രാമങ്ങള്‍ ഇരയാവുമ്പോള്‍ കൂട്ടക്കൊലകള്‍ നൈരന്തര്യങ്ങളാകുമ്പോള്‍ ആരും പ്രതികരിക്കുമല്ലോ. അവരും ആയുധമേന്തി. പിന്നീട് സിറിയയാകെ മാറി.

അസദിനോടുള്ള അക്കാലത്തെ പ്രതികരണം എങ്ങനെയായിരുന്നു?

തലച്ചോറുള്ള ആരും അസദിനെ എതിര്‍ക്കുമായിരുന്നു. സ്വന്തം ജനതയെയാണല്ലോ അയാള്‍ കുരുതിക്കിരയാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം അപഹരിക്കപ്പെട്ടപ്പോഴും അസദ് കുടുംബവും കാക്കക്കണ്ണിട്ടത് സ്വന്തം ജനതയുടെ സമ്പത്തിലായിരുന്നു. അവര്‍ ജനങ്ങളെ ദരിദ്രരും നിര്‍ധനരുമാക്കി. എമ്പതുകളിലും തൊണ്ണൂറുകളിലും തീര്‍ത്തും നിസ്സഹായരായതിനാല്‍ സ്വാതന്ത്ര്യത്തിലേക്കോ ഭരണ പരിവര്‍ത്തനത്തിലേക്കോ നടന്നടുക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.ലോകമൊട്ടാകെ ജനങ്ങള്‍ വിജയിക്കുമ്പോള്‍ സിറിയ മാത്രം ഒറ്റപ്പെട്ട് നില്‍ക്കുന്നു.

ആറു വര്‍ഷങ്ങള്‍ക്കു ശേഷം പിന്നോട്ട് തിരിയുമ്പോള്‍ സിറിയയിലുണ്ടായ സംഭവ വികാസങ്ങളെ പറ്റി എന്തു തോന്നുന്നു?

സ്വാതന്ത്ര്യത്തിനായുള്ള ധീരപോരാട്ടം സിറിയന്‍ ജനത അവിരാമം തുടര്‍ന്നുകൊണ്ടേയിരിക്കും. പക്ഷേ, പരിരക്ഷകരുടെ വേഷത്തില്‍ നാനാ ഭാഗങ്ങളില്‍നിന്നും സിറിയയിലേക്ക് ചേക്കേറിയവര്‍, പ്രശ്‌ന ബാധിതരെ സഹായിക്കുന്നതിന് പകരം സ്വന്തം അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മനസ്സില്‍ ആദ്യമേ കൂട്ടിക്കിഴിച്ചിട്ട അത്തരം അജണ്ടകള്‍ക്കായി സിറിയയെ ഉപയോഗപ്പെടുത്തലാണ് ആത്യന്തികമായ അവരുടെ ലക്ഷ്യം.

എന്തൊക്കെയായിരിക്കാം അജണ്ടകള്‍?

ഒരുപക്ഷേ പാശ്ചാത്യ സമൂഹങ്ങളുടെ ഉന്മൂലനമായിരിക്കാം അല്ലെങ്കില്‍ ഖിലാഫത് സംസ്ഥാപനമായിരിക്കാം. എന്ത് തന്നെയായാലും അസദ് ഭരണകൂടത്തിനെതിരെയുള്ള സമാധാന സമരങ്ങളില്‍ അജഗജാന്തര ഭംഗമുണ്ടാക്കുന്നതില്‍ അത്തരം നിക്ഷിപ്ത താല്‍പര്യങ്ങളുടെ പങ്ക് തള്ളിക്കളയാനാവില്ല.

അപ്പോള്‍ പൗര സംഘട്ടനം എന്നതിലുപരി മത സംഘട്ടനമായാണോ അങ്ങ് ഇതിനെ വീക്ഷിക്കുന്നത്?

സ്വാതന്ത്ര്യത്തിനു വേണ്ടി കേഴുന്നവരാണ് സിറിയയിലെ ഓരോ പൗരനും. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു പൗര സംഘട്ടനം തന്നെ. പൗര സംഘട്ടനത്തെ മതസംഘട്ടനത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കോപ്പുകൂട്ടുന്ന തല്‍പരകക്ഷികള്‍ ഇല്ലെന്ന് പറയാതെയും വയ്യ. പൗരപോരാട്ടം ഒരിക്കലും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനു വേണ്ടിയല്ല. സിറിയ ആദ്യമേ ഒരു ഇസ്‌ലാമിക രാജ്യമാണല്ലോ. സിറിയയിലെ എണ്‍പത് ശതമാനം നിയമ നിര്‍മിതികളും ശരീഅയോട് പൊരുത്തപ്പെടുന്നതാണ്. ജനങ്ങളുടെ ആവശ്യാനുസരണം വേണ്ട ഭേദഗതിയും വരുത്താം. എന്നിരിക്കേ പല കോണുകളില്‍ നിന്നായി ശരീഅ നടപ്പിലാക്കാനാണെന്ന വിശദീകരണത്തോടെ സിറിയയില്‍ താവളമടിച്ചവരില്‍ എന്ത് ന്യായമാണ് കാണാന്‍ കഴിയുന്നത്? കെട്ടിടത്തിന്റെ ഉച്ചിയില്‍ നിന്ന് ജനങ്ങളെ താഴേക്ക് തള്ളിയിടുക എന്നാണോ ശരീഅ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്? ഇങ്ങനെയായിരുന്നോ കഴിഞ്ഞ കാലങ്ങളില്‍ ശരീഅ നടപ്പിലാക്കിയിരുന്നത്? ശരീഅയിലുടനീളം അലിവും ആര്‍ദ്രതയുമാണ്. ഇസ്‌ലാമിന്റെ പേരില്‍ എവിടെയെങ്കിലും അനീതി നടമാടപ്പെട്ടാല്‍ അത് അല്ലാഹുവിന്റെ നിയമങ്ങള്‍ക്കെതിരാണ്.

ഒരു ഇസ്‌ലാമിക പണ്ഡിതനെന്ന നിലയില്‍ ലോകത്തുതന്നെ ഭീഷണമായ ജിഹാദിസ്റ്റ് സഖ്യമായി മാറിയ ഐ എസ്സ് പ്രത്യയ ശാസ്ത്രത്തെ പറ്റിയും അതിന്റെ പ്രജനനത്തെ പറ്റിയുമുള്ള വിശദീകരണം?

ഒരു നിലക്കും യോജിക്കാന്‍ കഴിയാത്ത കര്‍ക്കശ പ്രത്യയശാസ്ത്രമാണ് അവരുടെത്. മുസ്‌ലിം അവാന്തര വിഭാഗങ്ങളില്‍നിന്നുതന്നെയാണ് അതിന്റെ വളര്‍ച്ച. ഖുര്‍ആനിക സൂക്തങ്ങളുടെയും പ്രവാചകാധ്യാപനങ്ങളുടെയും പിന്‍ബലം പൊക്കിപ്പിടിച്ചുള്ള നില്‍പ്പ് കണ്ടാല്‍ അവര്‍ ഇസ്‌ലാമിക അന്തസത്ത മുറുകെ പിടിക്കുന്നതായി തോന്നും. പക്ഷേ അബദ്ധധാരണയില്‍നിന്ന് ഉടലെടുക്കുന്നതാണത്. വിശുദ്ധ വാക്യങ്ങളുടെ പ്രത്യക്ഷാര്‍ത്ഥത്തില്‍ ഒതുങ്ങിക്കൂടി തീവ്രമായ പ്രത്യയ ശാസ്ത്രത്തെ നിര്‍മിച്ചെടുക്കുക എന്നതാണ് അവരുടെ രീതിശാസ്ത്രം. മൂലഗ്രന്ഥത്തിന്റെ വാക്യാര്‍ത്ഥങ്ങള്‍ മാത്രം പരിഗണിച്ച് ആത്മാവിനെ അവഗണിക്കുമ്പോള്‍ ഉണ്ടാകുന്ന പിശകുകളാണത്.

ഉദാഹരണമായി താങ്കള്‍ക്കൊരു മൂലഗ്രന്ഥമുണ്ടെന്നിരിക്കട്ടെ. അത് വ്യത്യസ്ത നൂറ്റാണ്ടുകളില്‍ രാജ്യങ്ങളില്‍ ആരാലും പ്രയോഗിക്കപ്പെടാമല്ലോ! അതുപോലെയാണ് ഇസ്‌ലാമിക ശരീഅയും. എവിടെയും പ്രയോഗക്ഷമമാണ്. കര്‍മശാസ്ത്രപരവും വ്യാവഹാരികവുമായ അതിന്റെ നിയമങ്ങള്‍ സാഹചര്യാനുസൃതം മാറ്റ വിധേയമാണ്. അഞ്ചുനേരത്തെ നമസ്‌കാര നിര്‍വഹണം പോലെയോ റമളാനിലെ നോമ്പനുഷ്ഠാനം പോലെയോ അല്ലത്. അവയൊരിക്കലും മാറ്റ വിധേയമല്ലല്ലോ. ശരീഅയുടെ സാംഗത്യവും പ്രയോഗവും വിശുദ്ധ ഗ്രന്ഥത്തിന്റെ വാക്യത്തിന്റെ ആഴത്തിലുള്ള ഗ്രഹണശക്തിക്ക് വിധേയപ്പെട്ടുനില്‍ക്കുന്നു. ശരീഅ ഒരു ശാസ്ത്ര വിജ്ഞാനമാണെന്നത് പോലെ ഒരു നിയമ ശാസ്ത്രവുമാണ്. ഇമാം അബൂ ഹനീഫ, ഇമാം ശാഫിഈ, ഇമാം മാലിക്, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ തുടങ്ങിയ മദ്ഹബ് സ്ഥാപകരും മറ്റ് പ്രമുഖരും അവരുടെ നിയമശാസ്ത്രത്തിന്റെ രീതി ശാസ്ത്രത്തില്‍ അടിയുറച്ചവരാണ്. ഇതിനെയാണ് നമ്മള്‍ നിയമശാസ്ത്രം(ഉസൂലുല്‍ഫിഖ്ഹ്) എന്ന് വിളിക്കുന്നത്. പക്ഷേ ഐ എസ്സോ അതിന്റെ പ്രാഗ്രൂപങ്ങളോ ഋജുവായ ഈ ശാസ്ത്രത്തെ പരിഗണിക്കുന്നേയില്ല. അറബിയുടെ ഗ്രഹണശക്തിയെയും ഗ്രന്ഥ പശ്ചാതലത്തെയും(ഇീിലേഃ േീള ലേഃ)േ ആലങ്കാരിക പ്രയോഗങ്ങ(ങലമേുവീ)േ ളെയും അവര്‍ തിരിച്ചറിയുന്നില്ല. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വ്യാവഹാരികമായ ഒരു നിയമസംഹിത അവതീര്‍ണമായിട്ടുണ്ട്. പക്ഷേ അതിലെ ചില ഭാഗങ്ങള്‍ നിശ്ചിത സംഭവങ്ങളെ ആസ്പദപ്പെടുത്തിയായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഒരു സാധാരണ മുസ്‌ലിമായി നിലകൊണ്ട് ഏതെങ്കിലും ഖുര്‍ആനിക സൂക്തങ്ങള്‍ എടുത്ത് അപ്രകാരമാണ് അതിന്റെ സ്ഥിതി, ഇപ്രകാരമാണ് ഇതിന്റെ സ്ഥിതി എന്നൊക്കെ പറഞ്ഞ് തന്റെ താന്തോന്നിത്തരങ്ങളെ ന്യായീകരിക്കുന്ന രൂപത്തില്‍ അതിനെ കൈകാര്യം ചെയ്യുമ്പോള്‍ സ്വയമൊരു നിയമനിര്‍മാതാക്കളായിത്തീരുകയാണ് ഐ എസ് ചെയ്യുന്നത്. ഐ എസിന്റെ കാതലായ പ്രശ്‌നങ്ങളിലൊന്ന് ഇതാണ്. സ്വമേധയാ പണ്ഡിതരും വിധികര്‍ത്താക്കളും മുഫ്തികളുമായി പ്രഖ്യാപിക്കുന്ന പ്രവണതയാണ് അവരിലുള്ളത്.

വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ താങ്കളും കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. മതപരിത്യാഗിയെന്നാണ് അവര്‍ നിങ്ങളെ വിളിക്കുന്നത്?

ഇക്കാര്യത്തെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമേ എനിക്കില്ല. മനുഷ്യരുടെ കാലദൈര്‍ഘ്യത്തെ തീരുമാനിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അത് അല്ലാഹുവില്‍ എന്നോ സുനിശ്ചിതമാണ്. ഇത്തരം ഭീഷണികളൊന്നും നമ്മുടെ ദൗത്യത്തെ സ്വാധീനിക്കാന്‍ പോന്നതല്ല. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. അങ്ങനെയായിരിക്കണം നമ്മുടെ ജീവിതം. ഐ എസ്സാകട്ടെ മറ്റു തീവ്രവാദ സംഘടനകളാവട്ടെ, അവരെല്ലാം ഒരേ പ്രൊഡക്ടിന്റെ വ്യത്യസ്ത ബ്രാന്റുകളാണ്. അവരുടെ ഭീഷണികള്‍ നമുക്ക് മുന്നിലെ വിഘ്‌നങ്ങളാകാന്‍ പാടില്ല. കുറഞ്ഞ കാലത്തെ ആയുസ്സേ അവര്‍ക്കെല്ലാം ഉണ്ടാകൂ. കാലഹരണപ്പെടാന്‍ വേണ്ടി മാത്രം ഉദയം കൊണ്ടവരാണവര്‍. അവരുടെ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്ന യാതൊന്നും ഇസ്‌ലാമിലില്ല. മൂല ഗ്രന്ഥങ്ങളെ വളച്ചൊടിച്ചും മതവിധികളെ മലിനപ്പെടുത്തിയുമാണ് അവരുടെ പ്രത്യയശാസ്ത്രം രൂപപ്പെട്ടത്. ലോകവ്യാപകമായി മുസ്‌ലിംകള്‍ക്കെതിരെ നടമാടപ്പെടുന്ന വിദ്വേഷത്തിന്റെ പഴുതില്‍ തീ തുപ്പാനാണ് ഐ എസ്സിനെ പോലുള്ളവരുടെ ശ്രമം. മുസ്‌ലിംകള്‍ സമര്‍ത്ഥമായി ഈ കുതന്ത്രങ്ങളെ തിരിച്ചറിയണം. ഒരാളെയും കൊന്ന് ജീവിതം നിഷേധിച്ച് നിയമം കയ്യിലെടുക്കാനുള്ള യാതൊരവകാശവും ഇസ്‌ലാം പൗരന് നല്‍കുന്നില്ല. പ്രവാചകനായിരിക്കണം നമ്മുടെ മാതൃക. ജനങ്ങളുടെ ജീവനും സ്വത്തിനും മാഹാത്മ്യത്തിനും പ്രവാചകന്‍ എത്രത്തോളം സംരക്ഷണമേര്‍പ്പെടുത്തി എന്നതായിരിക്കണം നമ്മുടെ പാഠ്യവിഷയം.

കാലമിതുവരെ നേരിടാത്ത വെല്ലുവിളിയാണ് ഐ എസിന്റെ ആഗമനത്തോടെ ഇസ്‌ലാം ഇപ്പോള്‍ നേരിടുന്നതെന്ന് അങ്ങയുടെ പുസ്തകം പറയുന്നു. ഐ എസിനെതിരെയുള്ള പോരാട്ടം മുസല്‍മാന്റെ ആന്തരിക സമരമുറകളിലൊന്നാണെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ?

തീര്‍ച്ചയായും. കാരണം, ഞങ്ങള്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനകത്തുനിന്ന് തന്നെ അതിനെ തകര്‍ക്കാനുള്ള കോപ്പുകള്‍ സജ്ജമാക്കുകയാണ് അവര്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു, പ്രവാചകന്‍ അരുളുന്നു എന്ന മേമ്പൊടി ചേര്‍ത്ത് ഖുര്‍ആനിനെയും ഹദീസിനെയും വളച്ചൊടിച്ചുകൊണ്ടാണ് അവരുടെ രംഗപ്രവേശം. മുസ്‌ലിംകളുടെ വ്യക്തിത്വത്തെയും ഇസ്‌ലാമിന്റെ നിലനില്‍പിനെയുമാണവര്‍ ഭീഷണിപ്പെടുത്തുന്നത്. മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തി അതുമായി കളിക്കളത്തിലിറങ്ങി സ്വലക്ഷ്യങ്ങള്‍ നേടലാണവരുടെ ആത്യന്തിക ലക്ഷ്യം.

അങ്ങനെയാണെങ്കില്‍ തീവ്രവാദത്തോട് മല്ലിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി ഏതായിരിക്കും?

മര്‍മപ്രധാനമായ രണ്ട് കാര്യങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഒന്ന്: പതിമൂന്ന് നൂറ്റാണ്ടുകളോളം പ്രത്യക്ഷപ്പെട്ട ഇസ്‌ലാമല്ല ഏഴ് പതിറ്റാണ്ടുകളായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രധാനമായും രണ്ട് കാര്യങ്ങളായിരുന്നു മുസ്‌ലിം സ്വഭാവത്തെ ചിട്ടപ്പെടുത്തിയിരുന്നത്. എന്തിനും ഏതിനും പ്രവാചകനെ മാതൃകയാക്കുക എന്നതായിരുന്നു അതിലൊന്ന്. പ്രവാചകനായിരുന്നു മുസ്‌ലിം ജീവിതത്തിന്റെ ഇന്ധനം. പ്രവാചകന്റെ യുദ്ധവീര്യങ്ങളെയല്ല, വ്യക്തി ജീവിതത്തെയായിരുന്നു അവര്‍ പഠിച്ചിരുന്നത്. പണ്ഡിതര്‍ മാത്രമായിരുന്നു യുദ്ധത്തെ പറ്റി ഗഹനമായി പഠിച്ചിരുന്നത്. അതുതന്നെ നിത്യജീവിതത്തില്‍ പ്രയോഗിക്കാനായിരുന്നില്ല. അന്തര്‍ദേശീയ നിയമങ്ങളെ കുറിച്ച് പരിചിന്തനം ചെയ്യാനായിരുന്നു. പ്രവാചകന്റെ അനാഥ പരിപാലനം, കുട്ടികളുമായുള്ള ഇടപെടല്‍, വീട്ടിനകത്തും പുറത്തുമുള്ള ജീവിതം, വീട്ടുജോലികളില്‍ ഭാര്യയെ സഹായിക്കല്‍, സാധാരണക്കാരെ പോലെ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങല്‍, അപരാധികളോട് വിട്ടുവീഴ്ച ചെയ്യല്‍ എന്നിത്യാദികളായിരുന്നു നിത്യജീവിതത്തില്‍ പകര്‍ത്താനുള്ള അവരുടെ പാഠ്യവിഷയങ്ങള്‍.

ആത്മീയതയാണ് മറ്റൊരു കാതല്‍. ഏഴ് പതിറ്റാണ്ടുകളായി ആത്മീയതയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വഭാവവും നമുക്കില്ല. എല്ലാ തരത്തിലുമുള്ള ഹൃദയരോഗങ്ങള്‍ക്കുള്ള ഉദാത്തമായ ചികിത്സയാണ് ആത്മീയത. മുസ്‌ലിം സ്വത്വ നിര്‍മിതിയുടെ വളര്‍ച്ചയെ അത് വലയം ചെയ്യുന്നു. പ്രതീക്ഷകളെ നട്ടുവളര്‍ത്തി മോഹഭംഗങ്ങളെ കരിച്ചുകളയുന്നു. പല കാരണങ്ങളാല്‍ വിദ്വേഷികളായവരെ ലോകത്ത് കാണാന്‍ കഴിയും. അത്തരക്കാരുടെ ഹൃദയത്തില്‍ സമാധാനപരമായ ഒരു മാര്‍ഗരേഖ തുറന്നുകൊടുത്ത് ജീവിതത്തെ പ്രണയിക്കാനുള്ള ഒരു ചെടി കുഴിച്ചിടാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ഭീകരവാദികളായി രംഗപ്രവേശം ചെയ്ത ഐ എസിനെ പോലുള്ളവര്‍ പ്രണയിക്കുന്നത് മരണത്തെയാണ് ഇസ്‌ലാമിക തത്വശാസ്ത്രത്തോട് തീര്‍ത്തും എതിരിട്ടുനില്‍ക്കുന്നതാണിത്.

പ്രവാചകനായിരിക്കണം നമ്മുടെ കേന്ദ്രം. ലോകത്തിനാകമാനം കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല എന്നാണ് അല്ലാഹു നബിയെ ഓര്‍മപ്പെടുത്തിയത്. ഈയ്യിടെ കൊല്ലപ്പെട്ട ഐ എസ് വക്താവ് മുഹമ്മദ് അല്‍ അദ്‌നാനി ഈ വചനത്തെ വളച്ചൊടിച്ചത് ഞങ്ങള്‍ നിങ്ങളിലേക്ക് നിയോഗിതരായത് കാരുണ്യമായിട്ടല്ലാതെയല്ല, പക്ഷേ വാളുകൊണ്ട് മാത്രം എന്ന് പറഞ്ഞായിരുന്നു. ഖുര്‍ആനിലെവിടെയും ഇത്തരത്തിലുള്ള യാതൊരുവിധ ഉദ്ധരണിയുമില്ല. പക്ഷേ അയാള്‍ ഇതിന് ദുരര്‍ത്ഥം നല്‍കിയതെങ്ങനെയെന്ന് നോക്കൂ.

വളരെ കുറച്ച് പേരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആത്മീയതയില്‍നിന്നും മുസ്‌ലിംകളിന്നും ബഹുദൂരം പിന്നിലാണ്. ക്യാന്‍സര്‍ പോലെ പടര്‍ന്നുപിടിച്ച മാരകമായ രോഗാണുക്കളെയഖിലവും നിര്‍വീര്യമാക്കാനുള്ള ഫലപ്രദമായ ഔഷധമാണ് ആത്മീയത. ചാകാനും കൊല്ലാനും കച്ചകെട്ടിയ ഭീകരവാദികളെ പുരോഗമനാത്മകമായ വഴിയില്‍ തളച്ചിടാനുള്ള പര്യാപ്തമായ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ആത്മീയതയിലധിഷ്ഠിതമായൊരു സുന്ദരാന്തരീക്ഷത്തെ തിരിച്ചുകൊണ്ടു വരലാണ് അതില്‍ സുപ്രധാനം.

സിറിയയിലേക്ക് തന്നെ തിരിച്ചുവരാം. ഒരുനാള്‍ സിറിയയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ടോ?

ശുഭകരമായ ഭാവിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നവരാണ് സിറിയക്കാര്‍. സിറിയ ഒരു അനുഗ്രഹീത ഭൂമിയാണ്. പക്ഷേ ഇപ്പോള്‍ പ്രശ്‌നങ്ങളാല്‍ പ്രക്ഷുബ്ധമാണ്. സാമ്രാജ്യത്വത്തിന്റെ ചുഴിയിലകപ്പെട്ട അവര്‍ക്ക് നേരെ കാരുണ്യം ചൊരിയാനാണ് നാം പരിശ്രമിക്കേണ്ടത്. ബുള്ളറ്റുകളോ ബോംബുകളോ അല്ല ഇപ്പോഴത്തെ ആവശ്യം. ജീവന്‍ നിലനിര്‍ത്താനുള്ള അന്നവും വെള്ളവുമാണ്. അതിനാല്‍ നമുക്കവരുടെ സാന്ത്വനങ്ങളായിത്തീരാം. അതിലൂടെ സിറിയയില്‍ പുഞ്ചിരിയുടെയും പ്രതീക്ഷയുടെയും സര്‍വോപരി ജീവന്റെയും ദീപങ്ങള്‍ കൊളുത്താം. മര്‍ദകര്‍ക്ക് യാതൊരു ഭാവിയുമില്ല. അത് കാലം തെളിയിക്കും. അടിച്ചമര്‍ത്തല്‍ പ്രക്രിയയുമായി എത്രകാലം അവര്‍ക്ക് മുന്നേറനാവും?

ഇന്നല്ലെങ്കില്‍ നാളെ സ്വന്തം മാതൃരാജ്യത്തേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ സിറിയക്കാരനും. സിറിയ പുനര്‍ജനിക്കുമെന്നാണ് എന്റെയും കണക്കുകൂട്ടല്‍. ജനങ്ങള്‍ സിറിയയിലേക്ക് തിരികെ വന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിച്ചാസ്വദിക്കും. പണ്ടത്തേത് പോലെ തോളോട് തോള്‍ ചേര്‍ക്കും. ഐക്യ സിറിയയെ കാണാന്‍ ആഗ്രഹിക്കാത്ത ഒരുപാട് അധികാര ശക്തികള്‍ ചുറ്റും പതുങ്ങിനില്‍പ്പുണ്ട്. അവരുടെ പ്രതീക്ഷകളെയെല്ലാം തച്ചുടച്ച് കുതന്ത്രങ്ങളെയെല്ലാം കുടഞ്ഞെറിഞ്ഞ് കലാപമുക്ത സിറിയ പുനര്‍ജനിക്കും.

മുഹമ്മദ് അല്‍യഅ്ഖൂബി/ മുഹമ്മദ് താഹ
വിവ. ബാസിത് കോട്ടപ്പുറം