‘ആള്‍ട് റൈറ്റ്’ കണ്‍മുന്നിലെ ഫാഷിസ്റ്റുകള്‍

‘ആള്‍ട് റൈറ്റ്’ കണ്‍മുന്നിലെ ഫാഷിസ്റ്റുകള്‍

എന്താണ് ഫാഷിസമെന്ന് നിര്‍വചിക്കാന്‍ പ്രയാസമാണ്. അത് അനുഭവച്ചറിയുകയാണ് എളുപ്പമെന്ന് ബുദ്ധിയുള്ളവര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. ലോകമെമ്പാടും പുതുതായി കണ്ടുതുടങ്ങിയ രാഷ്ട്രീയരൂപങ്ങളെ, നേതാക്കളുടെ സ്വഭാവസവിശേഷതകളെ, പ്രയോഗിക്കുന്ന ആയുധങ്ങളെ, പ്രചരിപ്പിക്കുന്ന ‘സത്യങ്ങളെ’ സൂക്ഷ്മമായി പഠിച്ച് അവലോകനം ചെയ്തുനോക്കൂ. ചിലരുടെ മുഖത്ത് എന്നോ മണ്‍മറഞ്ഞ പല ചരിത്ര കഥാപാത്രങ്ങളുടെയും മുഖച്ഛായ ദര്‍ശിക്കാന്‍ സാധിച്ചേക്കും. ചിലരുടെ നാവില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന വിഷലിപ്തമായ വാചകങ്ങള്‍ കാത്കൂര്‍പ്പിച്ച് കേട്ട് നോക്ക്; എപ്പോഴോ നമ്മള്‍ വായനക്കിടയില്‍ കേട്ട് ഞെട്ടിയ പഴയ മൊഴികള്‍ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ടാവാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ അനുയായികളെ പഠിപ്പിച്ചത് കേട്ടില്ലേ? ”ജനഹൃദയങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന ആരും അങ്ങോട്ടുള്ള വാതില്‍ കണ്ടെത്തണം. വസ്തുതകളല്ല, ഉറച്ച ആജ്ഞകളാണ് എന്നും അവ കീഴടക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ ബലപ്രയോഗവുമാവാം. പരിഭവിക്കില്ല, സന്തോഷത്തോടെ കീഴങ്ങിത്തരും ഈ വിധേയര്‍. ഏത് പ്രസ്ഥാനവും ജനങ്ങളെ കീഴടക്കണമെങ്കില്‍ അത് സ്വന്തം ലക്ഷ്യങ്ങള്‍ക്കായി പൊരുതിയാല്‍ മാത്രം മതിയാവില്ല. ആ ലക്ഷ്യത്തെ എതിര്‍ക്കുന്നവരെ തകര്‍ക്കുകയും വേണം. ഇഷ്ടമല്ലെങ്കില്‍ കൊല്ലുക എന്ന് തന്നെ”. അപ്പോള്‍ കൊല നാസികള്‍ക്ക്, ഫാഷിസ്റ്റുകള്‍ക്ക് ശത്രുസംഹാര മാര്‍ഗമാണ്. ഫാഷിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ ഹിന്ദുത്വത്തിനും പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള സാധാരണ ഉപാധി അത് തന്നെ. അതുകൊണ്ടാണ് കേരളത്തില്‍ വേരുറപ്പിക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിനു മുന്നില്‍ കടമ്പ വലിച്ചിടുന്ന സംസ്ഥാന മുഖ്യന്‍ പിണറായി വിജയന്റെ തലയെടുത്ത് കൊണ്ടുവരുന്നതിനു ഉജ്ജൈയിനിലെ ആര്‍.എസ്.എസ് പ്രചാര പ്രമുഖന്‍ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് സംഘ്പരിവാര്‍ പ്രാദേശിക ഗ്രൂപ്പായ ‘ജനാധികാര്‍ സമിതി’ , കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊല്ലുന്നതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രചാരക് ഡോ. കുന്ദന്‍ ചന്ദ്രാവത് ആക്രോശിച്ചത് ഇങ്ങനെ: ”ഹിന്ദുവിന്റെ രക്തത്തില്‍ ശിവജിയുടെ അഭിമാനവും വികാരവും ഇല്ലെന്നാണോ കുറ്റബോധമുള്ള ആ വഞ്ചകന്‍ ചിന്തിക്കുന്നത്? ഈ വേദിയില്‍ വെച്ച് ഡോ. കുന്ദന്‍ ചന്ദ്രാവത് പ്രഖ്യാപിക്കുന്നു, എനിക്ക് ധാരാളം സ്വത്തുവകകളുണ്ട്. അതുകൊണ്ട് അങ്ങനെ പ്രഖ്യാപിക്കാന്‍ ധൈര്യവുമുണ്ട്, വിജയന്റെ തലവെട്ടിക്കൊണ്ടുവാ, ഞാന്‍ എന്റെ വീടും സ്വത്തും നല്‍കാം. ഇങ്ങനെയുള്ള വഞ്ചകര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല. ഈ വഞ്ചകര്‍ക്ക് ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അവകാശമില്ല…നിങ്ങള്‍ ഗോദ്ര മറന്നോ? നിങ്ങള്‍ അവിടെ 56പേരെ കൊന്നു. ഞങ്ങള്‍ 2000പേരെ ഖബര്‍സ്ഥാനിലേക്ക് അയച്ചു. ഞങ്ങള്‍, അതെ, ഈ ഹിന്ദുസമുദായം അവരുടെ മയ്യിത്തുകള്‍ കഷ്ണം കഷ്ണമാക്കി കുഴിയിലേക്ക് താഴ്ത്തി. നിങ്ങള്‍ 300 പ്രചാരക്മാരെയും ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും കൊന്നു. അതിനു പകരമായി 300,000 തലയോട്ടികള്‍ കൊണ്ട് ഭാരത് മാതായെ ഞങ്ങള്‍ ഹാരമണിയിക്കും. ഇടതുപക്ഷക്കാരാ കരുതിയിരുന്നോ”.

ഒരു ആര്‍.എസ്.എസ് പ്രചാരകന്‍ ദില്ലി സിംഹാസനത്തില്‍ അവരോധിതനായ ഒരു കാലസന്ധിയില്‍ പ്രചാരക് മുഖ്യന്റെ വാക്കുകള്‍ കേട്ട് ആരും ഞെട്ടിയില്ല. കാരണം, ഇമ്മട്ടിലുള്ള കൊലവിളി നമ്മുടെ രാജ്യം പലവുരു കേട്ടതാണ്. ആ കൊലവിളികള്‍ പ്രാവര്‍ത്തികമാക്കുന്നത് കണ്ടവരും അനുഭവിച്ചവരുമാണ് ജീവിരിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും. ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി പാരിതോഷികം തരാന്‍ ഞാനിതാ സന്നദ്ധനാണ് എന്ന് പറയാന്‍ ഒരു പ്രാദേശികനേതാവിന് എവിടെനിന്നു കിട്ടി ധൈര്യം എന്ന് ആരും ചിന്തിച്ചില്ല. കുന്ദന്‍ ചന്ദ്രാവതിന്റെ സ്ഥാനത്ത് ഒരു അബൂബക്കര്‍ അല്ലെങ്കില്‍ ഫസലുറഹ്മാന്‍ ആര്‍.എസ്.എസ് സര്‍സംഘ്ചാലകിന്റെ തലയെടുക്കുന്നവര്‍ക്ക്, ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചുവെന്ന് സങ്കല്‍പിച്ചുനോക്കൂ! എന്തായിരിക്കും ഇവിടുത്തെ കോലാഹലം? എന്തായിരിക്കും നിയമപാലകരില്‍നിന്നുള്ള പ്രതികരണം? ശരവേഗത്തില്‍ അവനെതിരെ കരിനിയമമായ യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ചിട്ടുണ്ടാവില്ലേ? അവന്‍ പിറന്ന വീടിന്റെ ആണിക്കല്ല് മാന്തി പ്രത്യേക അന്വേഷണ സംഘം രാജ്യദ്രോഹത്തിന്റെ പൈതൃകക്കണ്ണി പരതി എടുത്തിട്ടുണ്ടാവില്ലേ? അവന്‍ ജനിച്ച സമുദായത്തിന്റെ ഡി.എന്‍.എ പരിശോധിച്ച് ദേശവിരോധത്തിന്റെ വിനാശ ക്രോമോസോമുകളെ തരം തിരിച്ച് കാണിക്കുന്നുണ്ടാവില്ലേ? അവന്‍ പ്രവര്‍ത്തിച്ച സംഘടനയുടെ ഊരും വേരും തോണ്ടിയെടുത്ത് രാജ്യവഞ്ചനയുടെ ചോരയാണ് ധമനികളിലൂടെ ഒഴുകുന്നതെന്ന് കണ്ടുപിടിച്ചിട്ടുണ്ടാവില്ലേ? കൊലവിളി നടത്തിയത് ആര്‍ എസ്.എസുകാരനായത് കൊണ്ട് ഒരന്വേഷണവും ആവശ്യമില്ലെന്ന് വ്യവസ്ഥിതി വിധി എഴുതി. മാലോകരുടെ കണ്ണില്‍ പൊടിയിടാന്‍ സംഘടനയിലെ എല്ലാ പദവികളില്‍നിന്നും ഒഴിവാക്കിയതായി മൂന്നാംപക്കം ഒരു വാര്‍ത്ത. പോലിസ് കേസെടുത്തെന്ന് അഞ്ചാം നാള്‍ ഒരു തിരുത്ത്. തീര്‍ന്നു; കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ തലകൊയ്യാന്‍ പ്രേരിപ്പിച്ചവന്റെ ശിക്ഷ.

”ആള്‍ട്ട് റൈറ്റ് ‘അഥവ നവഫാഷിസ്റ്റുകള്‍
സത്യാനന്തര കാലത്ത് ഇമ്മട്ടിലുള്ള പ്രതിലോമചിന്തകളും അത് ഉല്‍പാദിപ്പിക്കുന്ന പ്രസ്ഥാനങ്ങളും പുതുമയാര്‍ന്ന പേരുകളിലാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്. മുമ്പ് പിന്തിരിപ്പന്‍ ആശയങ്ങളുമായി നടക്കുന്നവരെ ‘അല്‍ട്രാറൈറ്റ്’ അഥവ തീവ്രവലതുപക്ഷം എന്നാണ് വിളിച്ചിരുന്നത്. പുതുകാലത്ത് അത് ‘ആള്‍ട്ട് റൈറ്റ്’ (മഹേഞശഴവേഅഹലേൃിമശേ്‌ല ഞശഴവ)േ ആയി മാറി. പരമ്പരാഗതമൂല്യ വ്യവസ്ഥക്കും രാഷ്ട്രീയ നയനിലപാടുകള്‍ക്കും എതിരെ ശബ്ദിക്കുന്നവരെല്ലാം ട്രംപ് യുഗത്തില്‍ ഇപ്പേരിലാണ് അറിയപ്പെടുന്നത്. നവഫാഷിസമാണ് യഥാര്‍ഥത്തില്‍ ഇവരുടെ പ്രത്യയശാസ്ത്ര മൂശ. ബ്രെക്‌സിറ്റ് തൊട്ട് ട്രംപ് വരെയുള്ള രാഷ്ട്രാന്തരീയ ചലനങ്ങള്‍ നാം ഭയപ്പെടേണ്ട പുതിയൊരു ലോകത്തിന്റെ സൃഷ്ടിപ്പാണ് ത്വരിതപ്പെടുത്തുന്നത്. ഇസ്‌ലാമിക വിരുദ്ധതയാണ് പുതിയ രാഷ്ട്രീയത്തിന്റെ അന്തര്‍ധാര. ആക്രമണോല്‍സുകതയിലാണ് അതിന്റെ മാനുഷികനിരാസം കുടികൊള്ളുന്നത്. നമ്മുടെ രാജ്യത്ത് നേതാക്കളുടെ തലയെടുക്കാന്‍ ആഹ്വാനം ഉയരുന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് ആരും ധരിച്ചുവശാകരുത്. ആര്‍.എസ്.എസ് പ്രചാരകിന് എതിരെ പൊലിസ് കേസെടുത്തില്ലേ എന്ന് ചോദിച്ച് വിഷയത്തിന്റെ ഗൗരവം കുറക്കുന്നതിലടങ്ങിയ അപകടം കാണാതിരുന്നുകൂടാ. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ തലയെടുത്ത് വാ എന്ന് പറയാന്‍ ധൈര്യം പകരുന്ന സാഹചര്യം ഫാഷിസത്തിന്റെതല്ലാതെ മറ്റെന്തിന്‍േറതാണ്? ഹിറ്റ്‌ലറു പറഞ്ഞത് അതാണ്; ഇഷ്ടമില്ലെങ്കില്‍ കൊല്ലുക തന്നെ വേണമെന്ന്. കൊല ഒരു അംഗീകൃത രാഷ്ട്രീയശൈലിയായി മാറുന്ന അവസ്ഥ സൃഷ്ടിക്കുന്ന ഭീകരതയെ കരുതിയിരിക്കേണ്ടതുണ്ട്. ഒറ്റപ്പെട്ട കൊലയില്‍നിന്ന് ഹോളോകോസ്റ്റിന്റെ വംശവിച്‌ഛേദനത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. ലോകമെമ്പാടും തീവ്രവലതുപക്ഷം പിടിമുറുക്കിക്കൊണ്ടിരിക്കയാണ്. അവര്‍ നേരിടുന്ന താല്‍ക്കാലിക തിരിച്ചടികള്‍ കണ്ട് സമാധാനിച്ചിരിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ തീവ്രവലതു പക്ഷത്തിന്റെ അധികാരാരോഹണ സ്വപ്‌നം തല്‍ക്കാലം തകര്‍ത്തെങ്കിലും 46 ശതമാനം വോട്ടാണ് അവര്‍ നേടിയെടുത്തതെന്ന് യാഥാര്‍ഥ്യം നമ്മെ അലോസരപ്പെടുത്തേണ്ടതുണ്ട്. 2017ല്‍ നടക്കാനിരിക്കുന്ന യൂറോപ്പിലെ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ആള്‍ട്ട്‌റൈറ്റ് വിജയം കൊയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മാസം പോളിങ്ങിലേക്ക് നീങ്ങുന്ന ഡച്ച് രാഷ്ട്രീയത്തില്‍ കടുത്ത ദേശീയവാദിയായ ഗീര്‍ത്ത് വില്‍ഡേഴ്‌സ് വിജയം കൊയ്യുമെന്ന് തന്നെയാണ് എല്ലാവരും ഉറപ്പിച്ചിരിക്കുന്നത്. കടുത്ത ഇസ്‌ലാം വിരോധിയായ അദ്ദേഹം മുസ്‌ലിംകള്‍ക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. മൊറോക്കോയില്‍നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും രാജ്യത്തുനിന്ന് പുറത്താക്കണമെന്നും ഖുര്‍ആന്‍ നിരോധിക്കണമെന്നും വാദിക്കുന്നുണ്ട് ഈ മനുഷ്യന്‍. മേയില്‍ നടക്കാനിരിക്കുന്ന ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ അട്ടിമറിവിജയം ഉണ്ടാവുമെന്ന് തന്നെയാണ് എല്ലാവരും ഭയപ്പെടുന്നത്. തീവ്രചിന്താഗതിയുടെ പ്രതിരൂപമായ അമേരിന്‍ ലീ പെന്‍ അധികാരത്തിലെത്തിയാല്‍ അദ്ഭുതപ്പെടാനില്ല. പലതവണ തീവ്രവാദ ആക്രമണത്തിനു നിന്നുകൊടുക്കേണ്ടിവന്നത് രാഷ്ട്രീയമായി ചൂഷണം ചെയ്തപ്പോള്‍ ജനം വല്ലാതെ വലതുപക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണ്.

ഡോണാള്‍ഡ് ട്രംപിന്റെ ആഗമത്തോടെ ‘അന്യരെ’ കണ്ടുപിടിച്ച് മുദ്രചാര്‍ത്താനുള്ള ത്വര കൂടിക്കൂടി വന്നിരിക്കയാണ്, ലോകത്താകമാനം. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും എതിരെ നുരഞ്ഞുപൊങ്ങുന്ന വികാരത്തിനു സാമ്പത്തികവും സാമൂഹികവും മതപരവുമായ കുറെ മാനങ്ങളുണ്ട്. മുതലാളിത്തമാണ് ഫാഷിസത്തെ താലോലിച്ചുവളര്‍ത്തുന്ന മുഖ്യഘടകം. സ്വേച്ഛാധിപത്യം അതിന്റെ സന്തതസഹചാരിയാണ്. ബള്‍ഗേറിയന്‍ കമ്യുണിസ്റ്റ് തത്ത്വചിന്തകന്‍ ജോര്‍ജി ദിമിത്രോവ് ഫാഷിസത്തെ നിര്‍വചിക്കുന്നത് അറു പിന്തിരിപ്പനും വിഭാഗീയവും മൂലധന നിക്ഷേപത്തിന്റെ സാമ്രാജ്യത്വ അന്തര്‍ധാരകള്‍ ഉള്‍ക്കൊള്ളുന്നതുമായ തുറന്ന ഭീകര സ്വേച്ഛാധിപത്യം എന്നുപറഞ്ഞുകൊണ്ടാണ്. ഈ നിര്‍വചനം മുന്നില്‍വെച്ച് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഒന്ന് മാര്‍ക്കിടാന്‍ ശ്രമിച്ചുനോക്ക്. എഴുപത് വര്‍ഷം മുമ്പ് ലോകംകണ്ട ‘ഹോളോകാസ്റ്റിലേക്ക്’ വലിയ ദൂരമൊന്നും ബാക്കിയില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനി വൈകേണ്ട. 1930കളില്‍ ഫാഷിസത്തെയും നാസിസത്തെയും മാടിവിളിച്ച രാഷ്ട്രീയസാമ്പത്തിക അവസ്ഥക്ക് സമാനമായതാണ് വര്‍ത്തമാനകാലത്തിന്‍േറത്. 1918കാലയളവില്‍, 15വര്‍ഷം കൊണ്ടാണ് അതുവരെ ഒന്നുമല്ലാതിരുന്ന നാസികളുടെ കൈകളിലേക്ക് അധികാരമെത്തുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വിചാരഗതി, ഒന്നരപതിറ്റാണ്ട് കൊണ്ട് രാജ്യവിമോചനത്തിലേക്കും സ്വപ്‌നനിര്‍ഭരമായ ഭാവിയിലേക്കും കവാടങ്ങള്‍ തുറക്കുന്ന രാഷ്ട്രീയ ആശയമായി വളര്‍ന്ന ഞെട്ടിപ്പിക്കുന്ന കഥ ആആഇ4ല്‍ ഠവല ചമ്വശ:െ അ ംമൃിശിഴ ളൃീാ ഒശേെീൃ്യ പുനര്‍പ്രസാരണം ചെയ്യുന്നുണ്ട്. ജീവിക്കുന്ന ലോകത്തിനു നല്ല പാഠമാണ് അത് കൈമാറുന്നത്. ഇതുവരെ വലതുപക്ഷം എന്ന വിശേഷണത്തില്‍ നെഗറ്റീവ് അംശം അടങ്ങിയിരുന്നു. ഇന്ന് താന്‍ ആള്‍ട്ട്‌റ്റൈ് ആണെന്ന് അഭിമാനപൂര്‍വം പറയാന്‍ വന്‍തോക്കുകളായ നേതാക്കള്‍ക്ക് പോലും മടിയില്ലാതായി വന്നിരിക്കുന്നു.

വിദ്വേഷത്തിന്റെ വ്യാപനം
മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയ രാഷ്ട്രീയം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ വിദ്വേഷത്തിന്റെ രാഷ്്വട്രീയം രംഗം കൈയടക്കുന്നു എന്നതാണ് നമ്മുടെ കാലഘട്ടത്തെ ആസുരമാക്കുന്നത്. മനുഷ്യരെ പരസ്പരം അകറ്റുകയും ശത്രുക്കളായി അണിനിരത്തി തങ്ങളുടെ അധികാരമോഹം ശമിപ്പിക്കാനുള്ള ഉപാധികള്‍ മെനഞ്ഞെടുക്കുകയും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ഭൂമുഖത്ത് ആകമാനം കാണാന്‍ സാധിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന ഇവിടുത്തെ ഹിന്ദുത്വശക്തികള്‍, ‘ഇന്ത്യക്കാര്‍ രാജ്യം വിടുക’ എന്ന് അട്ടഹസിച്ച് നിറയൊഴിക്കുന്ന വെള്ളക്കാരായ അമേരിക്കക്കാരുടെ മുന്നില്‍ നമ്രശിരസ്‌കരായി ഇരിക്കേണ്ടിവരുന്ന വിരോധാഭാസം പ്രകൃതിയുടെ നിയമങ്ങളിലൊന്നാണ്. കൊല ആഹ്വാനം ചെയ്യുന്നവര്‍ മനസ്സിലാക്കാതെ പോകുന്ന ഒരുകാര്യം കൊല ഒരു രാഷ്ട്രീയ ആയുധമായി മാറുമ്പോള്‍ ഒരുവേള തങ്ങളും കൊലക്ക് ഇരയാവേണ്ടിവരും എന്ന് തന്നെയാണ്. ഉത്തര്‍ പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പോലും രാഷ്ട്രീയമല്ല പറഞ്ഞത്, വിദ്വേഷത്തില്‍ അധിഷ്ഠിതമായ വ’ര്‍ഗീയതയാണ്. മുസ്‌ലിംകള്‍ക്ക് ഖബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്ക് ചുടലക്കളം വേണം. റമളാന് വൈദ്യുതി മുടങ്ങുന്നില്ലെങ്കില്‍ ദീവാപലിക്കും കറന്റ് ഉണ്ടാവണം; പവര്‍കട്ട് പാടില്ല. എല്ലാ സര്‍ക്കാരും മുസ്‌ലിംകള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കി പ്രീണിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് ചോദ്യം ചെയ്യാന്‍ തങ്ങളേ ഉള്ളൂ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണിത്. ആര്‍.എസ്.എസിന് കഴിഞ്ഞ 90വര്‍ഷവും പറയാനുണ്ടായിരുന്നത് മുസ്‌ലിം പ്രീണനത്തിന്റെ കഥയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ സ്ഥാനത്തിരിക്കുന്ന ഒരാളുടെ നാവില്‍നിന്ന് പച്ചക്കള്ളം നിര്‍ഗളിക്കുമ്പോള്‍ അത് നിരുപദ്രപകരമായ ഒരു പ്രസ്താവമായി കാണാനാവില്ല. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞത് ആര്‍.എസ്.എസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വര്‍ഗീയ പ്രൊപ്പഗാണ്ടയില്‍ കുറഞ്ഞ ഒന്നുമല്ല ഇത് എന്ന  (It is nothing but communal propaganda , which is a culture intrinsic to the RSS).

ലോകവ്യവസ്ഥ ദ്രുതഗതിയില്‍ പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കയാണ്. ലോകം വലത്തേ അറ്റത്തേക്കാണ് നടന്നുനീങ്ങുന്നത്. ഉണര്‍ന്നിരിക്കുന്നവന്റെ അലസതയും അലംഭാവവുമാണ് അപകടമേഖലയിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുന്നത്. വിദ്വേഷം വിതക്കുന്നവരെ, വിനാശം കൊയ്യുന്നവരെ നിലക്കു നിര്‍ത്താനും നിയമവാഴ്ച എന്ന പുരാതന ജനാധിപത്യ സ്ഥാപനത്തെ നിലനിര്‍ത്താനും മനുഷ്യപ്രസ്ഥാനം മുന്നോട്ടുവരുന്നില്ലെങ്കില്‍ ലോകത്തിന്റെ ഭാവി ഇരുളുറഞ്ഞതാവുമെന്ന് മുന്നറിയിപ്പ് നല്‍കാതിക്കാന്‍ വയ്യ.

ശാഹിദ്‌